ഗുരു : വാക്കും വഴിയും
ശ്രീനാരായണഗുരുവിന്റെ കാവ്യരചനകള്‍ സാമൂഹികവും ഭൗതികവുമായ ലോകങ്ങളെ സ്പര്‍ശിക്കുന്നതിനേക്കാള്‍ മനുഷ്യന്റെ ആന്തരികലോകങ്ങളെ തൊടാനാണ് താല്‍പര്യം കാണിച്ചത്. പ്രബോധനങ്ങളും കീര്‍ത്തനങ്ങളും സ്തുതികളുമെല്ലാം ചേരുന്ന ലോകത്തുനിന്നും ജീവിതത്തിന്റെ അര്‍ഥങ്ങള്‍ കണ്ടെത്താനാണ് അദ്ദേഹം ഉത്സാഹിച്ചതെന്നു പറയാം. ഇക്കഴിഞ്ഞ ഗുരുസമാധി ദിനത്തിൽ ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണം ചെയ്ത ഡോ. ഒ.കെ. സന്തോഷിന്റെ പ്രഭാഷണത്തിന്റെ ലിഖിതരൂപം.
കേരളീയ നവോത്ഥാന മുന്നേറ്റങ്ങളെ ആഴത്തില്‍ സ്വാധീനിച്ച വാക്കിന്റെ ഉടമയാണു ശ്രീനാരായണഗുരു. സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്കു സര്‍ഗാത്മകമായ ആവിഷ്‌കാരങ്ങളുമായുള്ള ഇഴയടുപ്പങ്ങളെ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലുമാണു കേരളീയ സമൂഹം തിരിച്ചറിഞ്ഞത് എന്നതു വസ്തുതയാണ്. ഇന്നു വിവക്ഷിക്കുന്ന തരത്തിലുള്ള ഭൂമിശാസ്ത്രപരമായ ഏകീകരണം അന്നില്ലായിരുന്നുവെങ്കിലും മലയാള ഭാഷയുടെ വികാസത്തിലൂടെ പുതിയ സാഹിത്യവ്യവഹാരങ്ങള്‍ സജീവമായ കാലം കൂടിയായിരുന്നു അത്. നോവല്‍, ചെറുകഥ, ആത്മകഥ, സഞ്ചാരസാഹിത്യം തുടങ്ങിയ ഗദ്യസാഹിത്യത്തിന്റെ രൂപപ്പെടലും വികാസവും സംഭവിക്കുന്നതോടൊപ്പം കവിതയുടെ വഴികള്‍ വ്യത്യസ്തമാവുന്നതും ഈ കാലത്തുതന്നെയാണെന്നതു ശ്രദ്ധേയമായ വസ്തുതയാണ്. മണിപ്രവാളം, സന്ദേശകാവ്യം തുടങ്ങിയ വരേണ്യഭാവനകളില്‍ നിന്നു മാറി, കാല്‍പനികതയും റിയലിസവും നമ്മുടെ വായനകളില്‍ പുതുമകള്‍ സൃഷ്ടിച്ചു. വിലാപകാവ്യങ്ങളും കീര്‍ത്തനകാവ്യങ്ങളും അനുബന്ധമായി രൂപപ്പെട്ടതും മറ്റൊരു ഭാവുകത്വത്തിന്റെ തുടക്കങ്ങളായി കാണാവുന്നതാണ്. ഉപരിജാതി ഭാവനകളും ഭക്തിയുടെ ഉന്മാദങ്ങളും വിഭിന്നങ്ങളായ വെല്ലുവിളികളെ നേരിട്ടതും സമാന്തരമായി സംഭവിച്ചു. കാവ്യശീലങ്ങള്‍ക്കു പിന്നില്‍ കാലങ്ങളായി നിശ്ശബ്ദത പുലര്‍ത്തിയ സാമൂഹിക വിഭാഗങ്ങളും വ്യക്തികളും ചരിത്രത്തിലേക്കു കടന്നുവന്നതും ഈ വ്യത്യസ്തതകളെ വികസ്വരമാക്കി.
ഈ സാഹിത്യഭാവനകള്‍ക്കു സംസ്‌കൃതവുമായുള്ള ചാര്‍ച്ചകളെ പൂര്‍ണമായി വിച്ഛേദിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പുതിയൊരു ഭാഷയിലൂടെ സംവദിക്കാനുള്ള ശ്രമം കാണാവുന്നതാണ്. രാജരാജവര്‍മയുടെ ‘മലയവിലാസം’, വി.സി ബാലകൃഷ്ണപ്പണിക്കരുടെ ‘ഒരു വിലാപം’ തുടങ്ങി, കുമാരനാശാന്റെ ‘വീണപൂവ്’ വരെയുള്ള രചനകള്‍ സാന്ദര്‍ഭികമായി ഓര്‍ക്കാവുന്നതാണ്. തുടര്‍ന്ന് വ്യക്തമായ ജാതിവിമര്‍ശനത്തെ കവിതയോടു ചേര്‍ത്തുവെക്കുന്ന ധാരാളം രചനകള്‍ ഉണ്ടായി. പണ്ഡിറ്റ് കെ.പി കറുപ്പന്റെ ‘ജാതിക്കുമ്മി’, മൂലൂര്‍ പത്മനാഭപ്പണിക്കരുടെ ‘കവിരാമായണം’, ആശാന്റെ ‘ദുരവസ്ഥ’ തുടങ്ങിയ എഴുത്തുകളും സഹോദരന്‍ അയ്യപ്പന്റെ ഒട്ടേറെ കവിതകളും സാമൂഹിക വിമര്‍ശനത്തെ സര്‍ഗാത്മക രചനകളോടു ബന്ധിപ്പിച്ച കൃതികളാണ്. പൊയ്കയില്‍ അപ്പച്ചന്റെ പാട്ടുകളും കവിതകളും ഇതിനോടു ചേര്‍ത്തു നിര്‍ത്താവുന്ന ഇടപെടലുകളാണ്. ശ്രീനാരായണഗുരുവിന്റെ കാവ്യരചനകള്‍ സാമൂഹികവും ഭൗതികവുമായ ലോകങ്ങളെ സ്പര്‍ശിക്കുന്നതിനേക്കാള്‍ മനുഷ്യന്റെ ആന്തരികലോകങ്ങളെ തൊടാനാണു താല്‍പര്യം കാണിച്ചത്. പ്രബോധനങ്ങളും കീര്‍ത്തനങ്ങളും സ്തുതികളുമെല്ലാം ചേരുന്ന ലോകത്തു നിന്നു് ജീവിതത്തിന്റെ അര്‍ഥങ്ങള്‍ കണ്ടെത്താനാണ് അദ്ദേഹം ഉത്സാഹിച്ചതെന്നു പറയാം.
സ്‌തോത്ര കൃതികള്‍, പ്രബോധന കൃതികള്‍, ദാര്‍ശനിക കൃതികള്‍, തര്‍ജമകള്‍ തുടങ്ങിയ വിഭജനങ്ങള്‍ നാരായണഗുരുവിന്റെ കാവ്യങ്ങള്‍ക്കു ചേരും. വിനായകന്‍, ശിവന്‍, മണ്ണന്തലദേവി, സുബ്രഹ്മണ്യന്‍, ഭദ്രകാളി തുടങ്ങിയവരെ സ്തുതിക്കുന്ന രചനകളും ‘ജാതിനിര്‍ണ്ണയം’, ‘ജാതിമീമാംസ’, ‘ജാതിലക്ഷണം’, ‘ജീവകാരുണ്യപഞ്ചകം’ എന്നീ പ്രബോധന കൃതികളും ഗുരുവിന്റേതായുണ്ട്. ഈശോവാസ്യോപനിഷദ്, തിരുക്കുറള്‍ എന്നിവയുടെ ലഘു തര്‍ജമകളും ഗുരുവിന്റെ സാഹിത്യ ഇടപെടലുകളില്‍ പ്രധാനപ്പെട്ടതായി പരിഗണിക്കാം. ദാര്‍ശനിക കൃതികളില്‍ ‘ആത്മോപദേശ ശതകം’, ‘അദ്വൈത ദീപിക’, ‘ദൈവദശകം’, ‘ദര്‍ശനമാല’, ‘ബ്രഹ്മവിദ്യാപഞ്ചകം’ തുടങ്ങിയവ പ്രധാനപ്പെട്ടതായി വിലയിരുത്തപ്പെടുന്നു. ലോകസത്യത്തെയും സാമൂഹിക വിമര്‍ശനങ്ങളെയും ഒരുപോലെ ഉള്‍ക്കൊള്ളാനുള്ള ശ്രമങ്ങള്‍ ഇവയില്‍ സമൃദ്ധമായി കാണാം. എങ്കിലും സംസ്‌കൃതഭാഷയുടെ പ്രയോഗപരമായ ആധിക്യവും ക്ലിഷ്ടതയും ഗുരുവിന്റെ രചനകളെ ജനകീയമാക്കുന്നതില്‍ നിന്നു തടഞ്ഞ ഘടകങ്ങളാണ്. ജാതിവിമര്‍ശനം ഉള്‍ക്കൊള്ളുന്ന കാവ്യവഴികള്‍ നമ്മുടെ സാമൂഹികചരിത്രത്തിന്റെ കൂടി ഭാഗമായതിനാല്‍ ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ സ്വാധീനമുറപ്പിച്ചിട്ടുണ്ട്. ആത്മോപദേശശതകവും ദൈവദശകവും നമ്മുടെ ആത്മീയവും നൈതികവുമായ വ്യവസ്ഥകളുടെ അവിഭാജ്യ പാഠമാണെന്നത് ഒരു യാഥാര്‍ഥ്യമാണ്.
‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയോരാകാരമൊരു ഭേദവുമില്ലതില്‍
ഒരു ജാതിയില്‍നിന്നല്ലോ പിറന്നീടുന്നു സന്തതി
നരസംഘമിതോര്‍ക്കുമ്പോളോരു ജാതിയിലുള്ളതാം
നരജാതിയില്‍നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന് താനുമെന്നുള്ളതന്തരം നരജാതിയില്‍
പറച്ചിയില്‍നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറ സൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍
ഇല്ല ജാതിയിലോന്നുണ്ടോ വല്ലതു ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ?
അതിശക്തമായ സാമൂഹികവിമര്‍ശനത്തെ തന്റെ കവിതകളിലൂടെ നാരായണഗുരു ഉയര്‍ത്തിയതിനു പിന്നില്‍ അക്കാലത്തെ വ്യവസ്ഥയോടുള്ള കലഹവും പൊരുത്തക്കേടുകളും കാണാം. കേരളീയ ജീവിതം ആധുനികതയ്ക്കും പാരമ്പര്യത്തിനുമിടയില്‍ ചാഞ്ചാടിക്കൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് ഈ രചനയെന്നതും സവിശേഷമായി ശ്രദ്ധിക്കേണ്ടതുണ്ട്. 1855ലെ അടിമത്തനിരോധന നിയമം, അവര്‍ണ സമുദായങ്ങളില്‍ നിന്നുള്ള മതപരിവര്‍ത്തന ശ്രമങ്ങള്‍, വൈകുണ്ഠ സ്വാമി സ്ഥാപിച്ച സമത്വസമാജം, വ്യത്യസ്തകാലങ്ങളില്‍ നടന്ന ചാന്നാര്‍ കലാപങ്ങള്‍ തുടങ്ങിയ സാമൂഹിക-ചരിത്ര വ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോഴേ, ഈ വരികളുടെ അര്‍ഥവും വിധ്വംസകതയും ശരിയായ നിലയില്‍ മനസ്സിലാക്കാന്‍ കഴിയൂ. ആധുനികതയുടെ ജ്ഞാനവിനിമയങ്ങള്‍ ഇന്ത്യയിലെ സാമൂഹികവ്യവസ്ഥക്കെതിരെയുള്ള വിമര്‍ശനോപാധിയായി സ്വീകരിക്കപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭമിതാണ്. തട്ടുകളായി തിരിക്കപ്പെട്ട ജാതിവ്യവസ്ഥയില്‍ ജീവിക്കാനും സ്വയം ആവിഷ്‌കരിക്കാനും കഴിയാത്തവിധത്തില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട നിയമങ്ങളുടെ വിമര്‍ശനമായിരുന്നു അത്. ജനനത്തിന്റെ പേരില്‍ നിര്‍ണയിക്കപ്പെടുന്ന സാമൂഹികപദവിക്കു പിന്നിലെ യുക്തിരാഹിത്യത്തെ മറകൂടാതെ വെളിപ്പെടുത്തുകയാണ് ഈ കവിതയിലെ ഓരോ വരികളും. ഇതിന്റെ തന്നെ മറ്റൊരു തുറന്ന പ്രഖ്യാപനവും പ്രായോഗിക നീക്കവുമായിരുന്നു അരുവിപ്പുറം പ്രതിഷ്ഠയ്ക്കു ശേഷം എഴുതിയ വരികള്‍:
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ
സര്‍വരും സോദരത്വേന
വാഴുന്ന മാതൃകാ സ്ഥാനമാണിത്.
കേരളീയ നവോത്ഥാനത്തിന്റെ അടിസ്ഥാനപരമായ ശബ്ദം ഇതായിരുന്നു. വിശാലമായ അര്‍ഥത്തില്‍, എല്ലാ സാമൂഹിക പ്രസ്ഥാനങ്ങളും പല മട്ടില്‍, വ്യതിയാനങ്ങളോടെ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചതും ഇതിന്റെ പാഠഭേദങ്ങളായിരുന്നു. പൊയ്കയില്‍ അപ്പച്ചന്‍, അടിമസമൂഹമെന്നും അയ്യന്‍കാളി, സാധുജനമെന്നും വി.ടി ഭട്ടതിരിപ്പാട്, മനുഷ്യനെന്നും അഭിസംബോധന ചെയ്തത് വിഭജനങ്ങള്‍ ഇല്ലാത്ത, അസമത്വങ്ങളില്ലാത്ത സാമുദായിക മണ്ഡലത്തെയായിരുന്നു.
സാഹിത്യത്തിന്റെയും കാവ്യഭാവുകത്വത്തിന്റെയും കാലാതീതമായ സൗന്ദര്യം ഭാഷയുടെ സൂക്ഷ്മവും ഉചിതവുമായ പ്രയോഗത്തിലാണെന്നു പറയാറുണ്ട്. അര്‍ഥത്തിന്റെ വിവിധങ്ങളായ ധര്‍മങ്ങള്‍ നമ്മളിലേക്കു പ്രവഹിക്കുന്നത് വാക്കുകളുടെ വശ്യത കൊണ്ടാണെന്നും പറയാം. ആഴവും പരപ്പും നിറഞ്ഞ വാക്കുകളിലൂടെ വിസ്മയിപ്പിക്കുന്ന വന്‍കരകളിലേക്കു കൊണ്ടുപോകുന്ന രചനകള്‍ നാരായണഗുരുവിന്റെതായുണ്ട്. ദൈവദശകത്തിലെ വാങ്മയ ചിത്രങ്ങള്‍ ആധുനികതയുമായി മുഖാമുഖം നില്‍ക്കുന്ന ഒരു കവിയായി ഗുരുവിനെ നമുക്കു മുന്നില്‍ നിര്‍ത്തുന്നു.
ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളെ
നാവികന്‍ നീ ഭാവാബ്ധിക്കൊ-
രാവിവന്‍തോണി നിന്‍പദം.
ജീവിതത്തെ യാത്രയായി കാണുന്ന രൂപകം സാഹിത്യത്തിന്റെ ഭാഗമാണ്. വിചിത്രമായ ഭാവനയുടെ മാത്രം രൂപകമല്ല ഇവിടെ ഗുരു ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിലെ വരേണ്യ സമുദായങ്ങള്‍ കടല്‍ കടന്നുള്ള യാത്രകളും ആധുനികതയുടെ ഉപാദാനങ്ങളായ ആവി യന്ത്രങ്ങളും അയിത്തത്തിനു കാരണമാകുമെന്നു ഭയപ്പെട്ട കാലത്താണ് ഗുരു ഈ കവിതയെഴുതുന്നത് എന്നതു ശ്രദ്ധേയമായ കാര്യമാണ്. തന്റെ ശിഷ്യന്‍മാരെയും സുഹൃത്തുക്കളെയും ദീര്‍ഘസഞ്ചാരങ്ങള്‍ക്കു പ്രേരിപ്പിക്കുകയും അതിരുകള്‍ ഇല്ലാത്ത അറിവുകളും കാവ്യരചനാവഴക്കങ്ങളും സ്വായത്തമാക്കണമെന്ന് ഉപദേശിക്കുകയുമാണു ഗുരു ചെയ്തത്. കുമാരനാശാന്റെ കൊല്‍ക്കത്ത ജീവിതവും സഹോദരന്‍ അയ്യപ്പന്റെ മദിരാശി ജീവിതവും ഈ പ്രേരണയുള്‍ക്കൊണ്ടായിരുന്നു എന്നത് ഏവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. നാരായണഗുരു തന്നെ 1917ല്‍ ശ്രീലങ്കയിലേക്കു പോകുന്നത് സാഹസികമായാണെന്നു ചരിത്രത്തില്‍ വായിക്കാം. ഭൗതികലോകത്തോടു വൈരിയായുള്ള കാഴ്ചപ്പാട് ഗുരുവിനു് ഒരിക്കലും ഉണ്ടായിരുന്നില്ല. 1904ല്‍ കൊല്ലത്തുവെച്ചു നടന്ന എസ്.എന്‍.ഡി.പിയുടെ വാര്‍ഷിക യോഗത്തില്‍ ആദ്യമായി വ്യവസായ പ്രദര്‍ശനം നടത്തുന്നതു് സാമൂഹിക ചലനാത്മകതയെക്കുറിച്ചുള്ള വിശാലമായ ഉള്‍ക്കാഴ്ചയുടെ ഭാഗമായിരുന്നു എന്നു നാം അറിയേണ്ടതുണ്ട്. ദൈവത്തെ നാവികനായി സങ്കല്‍പ്പിക്കുന്ന ഭാവനയുടെ ആന്തരികബലം ഇത്തരം ചരിത്രപരതയില്‍ ആണ് അന്വേഷിക്കേണ്ടത്.
ഭൗതികലോകത്തോടു വൈരിയായുള്ള കാഴ്ചപ്പാട് ഗുരുവിനു് ഒരിക്കലും ഉണ്ടായിരുന്നില്ല. 1904ല്‍ കൊല്ലത്തുവെച്ചു നടന്ന എസ്.എന്‍.ഡി.പിയുടെ വാര്‍ഷിക യോഗത്തില്‍ ആദ്യമായി വ്യവസായ പ്രദര്‍ശനം നടത്തുന്നതു് സാമൂഹിക ചലനാത്മകതയെക്കുറിച്ചുള്ള വിശാലമായ ഉള്‍ക്കാഴ്ചയുടെ ഭാഗമായിരുന്നു എന്നു നാം അറിയേണ്ടതുണ്ട്. ദൈവത്തെ നാവികനായി സങ്കല്‍പ്പിക്കുന്ന ഭാവനയുടെ ആന്തരികബലം ഇത്തരം ചരിത്രപരതയില്‍ ആണ് അന്വേഷിക്കേണ്ടത്.
ആഴിയും തിരയും കാറ്റും
ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം
എന്ന അര്‍ഥനയിലും ഈ വിശാലത കാണാനാവും. ആത്മീയമായ വ്യാഖ്യാനങ്ങള്‍ക്കു മാത്രം വഴങ്ങാത്ത ഭാവനാശക്തി, ദൈവദശകം പോലുള്ള രചനകളെ ആധുനികതയുമായി ചേര്‍ത്തുവെക്കുന്നു. ദൈവത്തെ, അപരിമേയവും അജ്ഞാതവുമാക്കുന്ന പാരമ്പര്യത്തിന്റെ വിമര്‍ശനം ഈ രചനകളില്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും പറയാവുന്നതാണ്.
സംസ്‌കൃതം, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളാണ് ഗുരു തന്റെ ആവിഷ്‌കാരങ്ങള്‍ക്കായി ഉപയോഗിച്ചത്. ‘നയിനാര്‍ പതികം’ എന്ന കവിതയില്‍ ദ്രാവിഡമൊഴിയുടെ ശക്തി സൗന്ദര്യങ്ങളെ സമര്‍ഥമായി ഉപയോഗിക്കുന്നതു കാണാം.
വാനായ് മലൈയായ് വാടിയിനും
വാണാള്‍ വീണായഴിയുമുനെന്‍
ഊനായുയിരായുടയോനായ്
ഒന്റായ് മൂന്റായ് വാരായോ.
അസംഖ്യവും അതിവിസ്തൃതവുമായ പ്രപഞ്ചത്തിലെ സൂക്ഷമവസ്തുക്കളോടും അതിന്റെ രഹസ്യഭാവങ്ങളോടും ദൈവികസാന്നിധ്യത്തെ സമീകരിക്കാനുള്ള ഗുരുവിന്റെ ശ്രമം മികച്ച കാവ്യാനുഭവം കൂടിയാകുന്നത് വിസ്മയത്തോടു കൂടി നമ്മള്‍ ഇവിടെ കാണുന്നു. തത്വജ്ഞാനത്തെ ചുറ്റുപാടുകളുമായി ലളിതമായി ഇണക്കാനുള്ള ഗുരുവിന്റെ വൈദഗ്ധ്യമാണ് ഇവിടെ ശ്രദ്ധേയം. ഭാഷയെ മാന്ത്രികവും നിഗൂഢവുമാക്കുന്നതിനു പകരം തുറസ്സുള്ളതും ചലനാത്മകവുമായ വിനിമയ മാധ്യമമാക്കുകയാണു ഗുരു ഇവിടെ ചെയ്യുന്നത്. വിസ്മയമല്ല; നിരുപാധികമായ അടുപ്പമാണ് അതിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
തത്വജ്ഞാനത്തെ ചുറ്റുപാടുകളുമായി ലളിതമായി ഇണക്കാനുള്ള ഗുരുവിന്റെ വൈദഗ്ധ്യമാണ് ഇവിടെ ശ്രദ്ധേയം. ഭാഷയെ മാന്ത്രികവും നിഗൂഢവുമാക്കുന്നതിനു പകരം തുറസ്സുള്ളതും ചലനാത്മകവുമായ വിനിമയ മാധ്യമമാക്കുകയാണു ഗുരു ഇവിടെ ചെയ്യുന്നത്. വിസ്മയമല്ല; നിരുപാധികമായ അടുപ്പമാണ് അതിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
ആത്മോപദേശശതകത്തെ ഒഴിവാക്കിയുള്ള ഗുരുവിന്റെ കാവ്യജീവിതത്തെക്കുറിച്ചുള്ള വിശകലനം അപൂര്‍ണവും അയുക്തിപരവുമാണ്. ദാര്‍ശനികതയെയും അതിന്റെ പാരാവാരമായ വ്യാഖ്യാനങ്ങളെയും കാലാതീതവും സൗന്ദര്യാത്മകവുമായി പുനഃസൃഷ്ടിക്കുകയാണ് ആത്മോപദേശശതകത്തിലൂടെ ഗുരു ചെയ്തത്.
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായോരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.
ഒരുവനു നല്ലതുമനന്യല്ലലും ചേര്‍-
പ്പൊരു തൊഴിലാത്മവിരോധിയോര്‍ത്തിടെണം
പരനു പരം പരിതാപമേകിടുന്നോ-
രെരിനരകാബ്ധിയില്‍ വീണെരിഞ്ഞിടുന്നു.
സമകാലികതയോടുള്ള സംവാദങ്ങളില്‍, പ്രത്യേകിച്ചും ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രസക്തമായ വാക്കുകളാണിവയെന്നു പ്രത്യേകം പറയേണ്ടതില്ല. ബഹുസ്വരത, വൈവിധ്യം,
സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ സങ്കല്‍പ്പനങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന സന്ദര്‍ഭത്തില്‍ ഈ വാക്കുകള്‍ക്കുള്ള സംവേദനക്ഷമത നിര്‍വചനാതീതമാണ്. ഗുരുവിന്റെ ആദര്‍ശങ്ങളെ ഉള്‍ക്കൊള്ളാത്തവരും അദ്ദേഹത്തെ തങ്ങളുടെതാക്കി മാറ്റാന്‍ മത്സരിക്കുന്ന കാലത്ത്, അപരന്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആക്രമണത്തിന്റെ ഉപാധിയായി മനസിലാക്കപ്പെടുന്ന വര്‍ത്തമാനത്തോടുള്ള വിമര്‍ശനവും വിവേകവും ഇതിലുണ്ട്. ജാതിനിര്‍ണയം എന്ന ചെറുകൃതിയില്‍ ഗുരു പറയുന്നത് ഇപ്രകാരമാണ്: ‘ഹാ! തത്ത്വം വേത്തി കോ പി നഃ’. ഇതിനര്‍ഥം തത്ത്വവും ആദര്‍ശവുമൊന്നും ആര്‍ക്കും വേണ്ടല്ലോ എന്നാണ്. നമ്മുടെ കാലത്തെ അടയാളപ്പെടുത്താനുള്ള ഏറ്റവും മികച്ച മാതൃക ഈ ഗുരുവചനമാണ്. അതിന്റെ മുഴക്കങ്ങള്‍ അലോസരമുണ്ടാക്കുന്ന ചരിത്രസന്ദര്‍ഭത്തില്‍ മാത്രമേ ഗുരുവിന്റെ കാവ്യജീവിതത്തിനു് അര്‍ഥവും പൂര്‍ണതയും ഉണ്ടാകൂ. അതിലേക്കുള്ള ചുവടുകളാവണം അദ്ദേഹത്തിന്റെ രചനകളിലൂടെയുള്ള സഞ്ചാരങ്ങള്‍.