നജ്മൽ ബാബുവും സെക്കുലർ ഘർവാപ്പസിയും
നജ്‌മൽ ബാബുവിന്റെ അന്ത്യാഭിലാഷം നടപ്പിലാക്കാൻ വീട്ടുകാരുമായി സംസാരിച്ചുവെന്നവകാശപ്പെടുന്ന കെ.ജി.എസ്, കെ. വേണു, കെ. സച്ചിദാനന്ദൻ, സുനിൽ പി. ഇളയിടം, പി.എൻ ഗോപീകൃഷ്ണൻ തുടങ്ങിയ സുഹൃത്തുക്കൾക്ക് നജ്മൽ ബാബുവിനോടുള്ള അവരുടെ കടമ, വീട്ടുകാർ നിരസിക്കുന്നതോടെ തീരുന്നില്ല. പാർട്ടി, സർക്കാർ, മീഡിയ, മാധ്യമങ്ങൾ എന്നിവയിൽ തങ്ങൾക്കുള്ള സ്വാധീനം ഉപയോഗിച്ചുകൊണ്ട് അവർ തങ്ങളുടെ സുഹൃത്തിനായി അവസാന നിമിഷം വരെ നിലയുറപ്പിക്കേണ്ടതായിരുന്നു.അതിനു ശേഷമുള്ള ആശയ പോരാട്ടത്തിൽ പങ്കാളികളാകേണ്ടിയിരുന്നു. എന്നാൽ തങ്ങൾ നിസ്സഹായരാണെന്നു പറയാൻ മാത്രമേ അവർക്ക് സാധിച്ചുള്ളു. മൗനം സമ്മതം എന്നതായിരുന്നു അവരുടെ നിശബ്ദത ശരിക്കും പറയുന്നത്. പ്രശാന്ത് സുബ്രഹ്മണ്യൻ എഴുതുന്നു.
നജ്‌മൽ എൻ ബാബുവിന്റെ മരണം നടന്നു അടുത്ത ദിവസം മരണത്തെ കുറിച്ചു മാതൃഭൂമി പത്രത്തിൽ വന്ന വാർത്തയിൽ അദ്ദേഹം ഇസ്‌ലാം മതം സ്വീകരിച്ച ചരിത്രപ്രാധാന്യമുള്ള സംഭവം എങ്ങും പരാമർശിച്ചിരുന്നില്ല. നജ്മൽ എന്ന പേര് എവിടെയും പറയുന്നുണ്ടായിരുന്നില്ല. പകരം ടി.എൻ ജോയ് എന്നാണു ആവർത്തിച്ചു പറഞ്ഞിരുന്നത്.
ഇതേ മാതൃകയാണ് മിക്ക മതേതര/ഹിന്ദുത്വ മാധ്യമങ്ങളും ചാനലുകളും തുടർന്നത്. മരണത്തിനു മുൻപ് ടി.എൻ ജോയ് എന്നതിനൊപ്പം ബ്രാക്കറ്റിൽ നജ്മൽ ബാബു എന്ന പേരിനെ പരിഗണിച്ചിരുന്ന മറ്റുചില സാമുദായിക മാധ്യമങ്ങളും പൂർണ്ണമായും അത് വെട്ടിക്കളഞ്ഞു.
പക്ഷേ, മരണത്തോടെ നജ്മൽ ബാബു എന്ന മുസ്‌ലിമിൽ നിന്നും ടി എൻ ജോയിയെ തിരിച്ചുപിടിക്കാൻ ശ്രമിച്ചത് മാധ്യമങ്ങൾ മാത്രമായിരുന്നില്ല. അദ്ദേഹത്തിന്റെ വീട്ടുകാരും കൂട്ടുകാരും ഉൾപ്പെടുന്ന കേരളത്തിലെ ഇടതു മതേതര സമൂഹമായിരുന്നു. സെക്കുലർ മുൻകയ്യിലുള്ള ഘർവാപസിക്ക് സമാനമായിരുന്നു അത്.
കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വനിരയിലുണ്ടായിരുന്ന ടി എൻ ജോയ് വർഷങ്ങൾക്ക് മുൻപ് ചേരമാന്‍ ജുമാമസ്ജിദിന് എഴുതിയ കത്തിന് രാഷ്ട്രീയ പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് പറയുന്നവരുണ്ട്. അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തുന്നവർ പോലും ആ കത്തിനെ കുറിച്ച് പറയുന്നത്, ഇന്ത്യയിലെ ചരിത്രപ്രാധാന്യമുള്ള ഒരു പള്ളിയിൽ തനിക്ക് അന്ത്യവിശ്രമം കൊള്ളണമെന്ന ആഗ്രഹമാണ് അല്ലെങ്കിൽ കേവലമൊരു ജീവിത കൗതുകമാണ് അദ്ദേഹത്തെക്കൊണ്ട് അത്തരത്തിലൊരു കത്തെഴുതിച്ചത് എന്നാണ്. ടി എൻ ജോയ് ചേരമാൻ ജുമാ മസ്ജിദിന് കത്തെഴുതുന്നതും ഇസ്‌ലാം മതം സ്വീകരിച്ച് നജ്മൽ എൻ ബാബു എന്ന മുസ്‌ലിം ആകുന്നതും രണ്ടും രണ്ടായി കാണാനായിരുന്നു അവർക്ക് താൽപര്യം. നജ്‌മൽ ബാബുവിന്റെ മരണത്തെ തുടർന്ന് ഇത്തരത്തിൽ ഒരു വാദമുന്നയിച്ച അദ്ദേഹത്തിന്റെ സുഹൃത്ത് ഗഫൂറിനോട് ആ കത്ത് ഒരിക്കൽക്കൂടി വായിച്ചു നോക്കാൻ ഞാൻ ആവശ്യപ്പെട്ടു. എന്നാൽ, അദ്ദേഹം അതിന് തയ്യാറായില്ല.
നജ്മൽ ബാബു ടി എൻ ജോയ് ആയിരുന്ന കാലത്ത്, ചേരമാൻ മസ്ജിദിന് എഴുതിയ കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്, “ബാബരി പള്ളി തകര്‍ക്കലിനും ഗുജറാത്ത് വംശഹത്യക്കും ശേഷം എന്‍റെ സുഹൃത്തുക്കളുടെ സമുദായം മാത്രം സഹിക്കുന്ന വിവേചനങ്ങളില്‍ ഞാന്‍ അസ്വസ്ഥനാണ്. ഇതിനെതിരായ മുസ്‌ലിം സഹോദരങ്ങളുടെ പ്രതിഷേധത്തില്‍ ഞാന്‍ അവരോടൊപ്പമാണ്. മുസ്‌ലിം സമുദായത്തിലെ അനേകരോടൊപ്പം എന്‍റെ ഭൗതികശരീരവും മറവുചെയ്യപ്പെടണമെന്ന എന്‍റെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ പിന്നില്‍ ആരവങ്ങളൊന്നുമില്ലാത്ത ഒരു ദുര്‍ബലന്‍റെ പിടച്ചലില്‍ മൗലവി എന്നോടൊപ്പമുണ്ടാകുമെന്ന് ഇപ്പോള്‍ എനിക്ക് ഏതാണ്ടുറാപ്പാണ്.”
ടി എൻ ജോയ് ഇസ്‌ലാം മതം സ്വീകരിക്കും മുൻപേ എഴുതിയ കത്തിൽ, തന്നെ ചേരമാൻ പള്ളിയിൽ ഖബറടക്കണം എന്നത് വെറുമൊരു ആഗ്രഹത്തിന്റെയും കൗതുകത്തിന്റെയും പുറത്ത് എഴുതിയതല്ല എന്ന് വ്യക്തം. അദ്ദേഹം ഇസ്‍ലാം സ്വീകരിച്ച അതെ രാഷ്ട്രീയ കാരണങ്ങൾ തന്നെ വർഷങ്ങൾക്കു മുൻപ് എഴുതിയ കത്തിൽ കാണുന്നു. എന്നിട്ടും കത്തിലെ രാഷ്ട്രീയം അദ്ദേഹത്തിന്റെ ഇടതു മതേതര സുഹൃത്തുക്കൾ പാടെ നിഷേധിക്കുന്നു.
നജ്മലിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ ഇസ്‌ലാം / മുസ്‌ലിം എന്ന സ്വത്വത്തെ പൂർണ്ണമായും നിഷേധിക്കുന്ന തരത്തിലുള്ള മതേതര ഹിന്ദു പ്രചാരണങ്ങളുണ്ടായി. സോഷ്യൽ മീഡിയയിൽ നടന്ന ഒരു ചർച്ചയിൽ കവി സച്ചിദാനന്ദന്റെ വാക്കുകളിൽ നിന്നും ഇതു വ്യക്തമാണ് : “ജോയിയെ ഒരു മതത്തിന്‍റെയും ആളാക്കാതിരിക്കുക. ജോയി എന്ന വ്യക്തിയുടെ എല്ലാ തിരഞ്ഞെടുപ്പുകളെയും മാനിക്കുന്നതിന്‍റെ ഭാഗമായാണ് അവസാനത്തെ ആഗ്രഹത്തെയും ഞങ്ങൾ മാനിക്കുന്നത്. ആ തിരഞ്ഞെടുപ്പിന് പിന്നിലുണ്ടായിരുന്നത് ഒരു മതം മേന്മയേറിയതാണെന്ന വിശ്വാസമല്ല…” മാത്രമല്ല, കമ്യൂണിസ്റ്റുകള്‍ക്ക് ഒരു ശ്മശാനം നിർഭാഗ്യവശാൽ ഇല്ലാതെ പോയെന്നും സച്ചിദാനന്ദൻ വിലപിക്കുന്നു. അല്ലെങ്കിൽ സച്ചിദാനന്ദൻ അദ്ദേഹത്തെ ഒരു കമ്യൂണിസ്റ്റ് ശ്മശാനത്തിൽ ആക്കിയേനെ! ഇത്രയും നിഷ്കളങ്കത മറ്റെവിടെയും കാണാനില്ല.
സച്ചിദാനന്ദന് സമാനമായി തന്നെയാണ് കമ്യൂണിസ്റ്റായ ടി. ആര്‍ രമേശ് പ്രതികരിക്കുന്നത്, ”ഈമാൻ കാര്യവും ഇസ്‌ലാം കാര്യവും അനുസരിച്ച് ജീവിക്കുന്ന ഒരാളെയാണല്ലോ മുസ്‌ലിം എന്ന് വിളിക്കുന്നത്. സക്കാത്ത്, നോമ്പ്, നിസ്ക്കാരം തുടങ്ങിയവ അനുഷ്ഠിക്കുക, ഖുര്‍ആന്‍ ദൈവീക ഗ്രന്ഥമായും മുഹമ്മദിനെ ദൈവത്തിന്‍റെ പ്രവാചകനായും അംഗീകരിക്കുക, അന്ത്യനാളിൽ വിശ്വസിക്കുക, ദൈവത്തിന്‍റെ മലക്കുകളിൽ വിശ്വസിക്കുക തുടങ്ങി സ്വർഗം നരകം എന്നിവയിലും വിശ്വസിക്കുന്ന ഒരാളാണല്ലോ ഇസ്‌ലാം മത വിശ്വാസി. ഇതൊന്നും അനുഷ്ഠിക്കുകയോ, ഇതിലൊന്നും വിശ്വസിക്കുകയോ ചെയ്ത ആളല്ല നജ്മൽ ബാബു…..” എന്നാണ്. ഇത്തരത്തില്‍ “ടി.എന്‍ ജോയ് ഇപ്പോഴും ടി.എന്‍ ജോയ് തന്നെയാണെന്നും അദ്ദേഹത്തിന് മുസ്‌ലിമാകാന്‍, വിശ്വാസിയാകാന്‍ കഴിയില്ല” എന്നും റെഡ് ഫ്ലാഗ് നേതാവായ പി.സി ഉണ്ണിച്ചെക്കന്‍ പറഞ്ഞതായി ഒരു കുറിപ്പും കണ്ടു.
മുസ്‌ലിം സമൂഹത്തിനും ചേരമാന്‍ മസ്ജിദിനും മുസ്‌ലിം സംഘടനകള്‍ക്കും ഒരുതരത്തിലുമുള്ള എതിര്‍പ്പുകളും ഇല്ലാതെ നജ്മല്‍ ബാബു ഖബറിടത്തിന് സ്വീകാര്യനായിരിക്കെ അദ്ദേഹം ആ ഖബറിടത്തിന് അയോഗ്യനാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത് . മതനിഷ്o അനുസരിച്ച് ജീവിക്കാത്ത ആളെ പള്ളിയില്‍ ഖബറടക്കുക എന്നത് പ്രായോഗികമല്ലെന്ന്‍ സ്ഥാപിക്കാനാണ് ഇടതുപക്ഷവും മതേതര സുഹൃത്തുക്കളും ശ്രമിച്ചത്.
എന്നാല്‍ ഇവരുടെ പൊള്ളയായ വാദങ്ങളെയെല്ലാം അപ്രസക്തമാക്കിക്കൊണ്ടാണ് മുസ്‌ലിം സമൂഹവും അവരുടെ ആരാധനാലയങ്ങളും നജ്മലിനുവേണ്ടി മരണാനന്തര കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്. നജ്മല്‍ അന്ത്യവിശ്രമം ആഗ്രഹിച്ച ചേരമാന്‍ മസ്ജിദിലും സെക്രട്ടേറിയറ്റിന് മുന്നിലും കേരളത്തിലെ മറ്റു പള്ളികളിലും ഡൽഹിയിൽ പാർലമെന്റ് ജുമാ മസ്ജിദിൽ വരെ നജ്മലിനുവേണ്ടി മയ്യിത്ത് നിസ്ക്കാരം നടന്നു.
കേരളത്തിന് പുറത്ത്, ജെ.എന്‍യു, ജാമിയ മില്ലിയ, ഡല്‍ഹി യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി തുടങ്ങി ഇന്ത്യയിലെ വിവിധ സര്‍വ്വകലാശാലകളിലും നജ്മലിനെ അനുസ്മരിച്ചു. കാമ്പസുകളിൽ പ്രതിഷേധ മയ്യിത്ത് നിസ്ക്കാരം വരെ നടന്നു. എന്നാൽ, നജ്മല്‍ ബാബുവിന്‍റെ മതനിഷ്ട സംബന്ധിച്ച് മുസ്‌ലിം വിശ്വാസിസമൂഹത്തിന് ഇല്ലാത്ത നിര്‍ബന്ധമായിരുന്നു ഇടതുപക്ഷത്തിനു ചുറ്റും കറങ്ങുന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് ! അവർക്കായിരുന്നു നജ്മൽ ഒരു നല്ല വിശ്വാസിയല്ല എന്നു തെളിയിക്കാൻ ഏറെ കഷ്ടപ്പെടേണ്ടിയിരുന്നത്.
ഇസ്‌ലാം മതം സ്വീകരിച്ച കാലത്ത് പ്രബോധനം മാസികയില്‍ വന്ന അഭിമുഖത്തില്‍ തന്‍റെ മതവിശ്വാസത്തെ കുറിച്ച് നജ്മല്‍ ഇങ്ങനെ പറയുന്നു, “കാരുണ്യവാനായ ദൈവത്തിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. പരലോക വിശ്വാസിയായ ഞാന്‍ പ്രശാന്തത അനുഭവിക്കുകയാണ്. അല്ലാഹു ഹൃദയത്തിലേക്കാണ് നോക്കുക. അതിനാല്‍ നിലപാടുകളില്‍ ഒത്തുതീര്‍പ്പില്ലാതിരിക്കാന്‍ ശ്രമിക്കുന്ന എനിക്ക് അവന്‍റെ കാരുണ്യം ലഭിക്കും.” ഈ നജ്മലിന്റെ ജീവിതാഭിലാഷത്തെ നിഷേധിച്ചു കൊണ്ടാണ് തികച്ചും യുക്തിരഹിതമായും മിനിമം സത്യസന്ധത പോലും പാലിക്കാതെയും അദ്ദേഹം ഖബറിടത്തിന് അയോഗ്യനായിരുന്നു എന്ന് വരുത്തിതീർക്കാൻ ഇടതുപക്ഷ ഹിന്ദുത്വർ ശ്രമിക്കുന്നത്.
ഇസ്‌ലാം മതം സ്വീകരിച്ച കാലത്ത് പ്രബോധനം മാസികയില്‍ വന്ന അഭിമുഖത്തില്‍ തന്‍റെ മതവിശ്വാസത്തെ കുറിച്ച് നജ്മല്‍ ഇങ്ങനെ പറയുന്നു, “കാരുണ്യവാനായ ദൈവത്തിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. പരലോക വിശ്വാസിയായ ഞാന്‍ പ്രശാന്തത അനുഭവിക്കുകയാണ്. അല്ലാഹു ഹൃദയത്തിലേക്കാണ് നോക്കുക. അതിനാല്‍ നിലപാടുകളില്‍ ഒത്തുതീര്‍പ്പില്ലാതിരിക്കാന്‍ ശ്രമിക്കുന്ന എനിക്ക് അവന്‍റെ കാരുണ്യം ലഭിക്കും.” ഈ നജ്മലിന്റെ ജീവിതാഭിലാഷ ത്തെ നിഷേധിച്ചു കൊണ്ടാണ് തികച്ചും യുക്തിരഹിതമായും മിനിമം സത്യസന്ധത പോലും പാലിക്കാതെയും അദ്ദേഹം ഖബറിടത്തിന് അയോഗ്യനായിരുന്നു എന്ന് വരുത്തിതീർക്കാൻ ഇടതുപക്ഷ ഹിന്ദുത്വർ ശ്രമിക്കുന്നത്.
നജ്മല്‍ ബാബുവിന്‍റെ മയ്യിത്തിനോട് അനീതി പ്രവര്‍ത്തിച്ചവരില്‍ യുക്തിവാദികളും കമ്മ്യൂണിസ്റ്റുകളുമായ അദ്ദേഹത്തിന്‍റെ വീട്ടുകാര്‍ക്ക് മാത്രമല്ല പങ്കുള്ളത്. നജ്മലുമായി അടുത്ത ബന്ധമുണ്ടായിരുന്ന സിപിഎം, സിപിഐ ഉള്‍പ്പെടുന്ന ഇടതുപക്ഷത്തിനും യുക്തിവാദികള്‍ക്കും മതേതരവാദികള്‍ എന്നവകാശപ്പെടുന്നവര്‍ക്കും തുല്യപങ്കുണ്ട്. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളായ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും പങ്ക് ചെറുതല്ല. മുസ്‌ലിം സമുദായത്തിലെ വിശ്വാസികളോടൊപ്പം തന്റെ ഭൗതികശരീരവും മറവുചെയ്യപ്പെടണമെന്ന നജ്മലിന്‍റെ ബോധ്യത്തോട് നീതി പുലർത്താൻ അവർക്ക് കഴിഞ്ഞില്ല.
“ജോയേട്ടന്‍റെ ശരീരം വീട്ടുകാരുടെ സമ്മതമില്ലാതെ പള്ളിയിൽ അടക്കില്ലയെന്നു നിലപാടെടുത്ത മഹല്ല് കമ്മറ്റിയും ഞങ്ങൾ ആർക്കും ശരീരം വിട്ടു തരില്ലയെന്നു പ്രഖ്യാപിച്ച തൈവാലത്ത് കുടുംബത്തിന്‍റെയും ഇടയിൽ നിന്ന് ജോയേട്ടന്‍റെ സുഹൃത്തുക്കൾക്കും സഖാക്കൾക്കും എന്താണ് ചെയ്യാൻ കഴിയുമായിരുന്നത് ? ” നജ്‌മലിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളും സിപിഎം പ്രവർത്തകനുമായ മനോജ് വി എന്നോട് ചോദിച്ചു.
ചേരമാൻ ജുമാ മസ്ജിദ് ഈ വിഷയത്തിൽ ഏറ്റവും ജനാധിപത്യപരമായാണ് നിലയുറപ്പിച്ചത്. കമ്മിറ്റി പ്രസിഡന്റ് ഡോക്ടർ സെയ്ദ് അത് വ്യക്തമാക്കിയതുമാണ്. നജ്‌മലിന്റെ മയ്യിത്തുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കപ്പെടുന്ന ഏതു നിമിഷത്തിലും ഖബറടക്കാൻ ചേരമാൻ മസ്ജിദ് സജ്ജമായിരുന്നു. അദ്ദേഹത്തിന്റെ വീട്ടുകാർ കമ്യൂണിസ്റ്റുകളും യുക്തിവാദികളും പുരോഗമനവാദികളുമാണ് എന്ന് കേൾക്കുന്നു. അവരിൽ നിന്നും നമ്മൾ കൂടുതൽ ജനാധിപത്യ മര്യാദ പ്രതീക്ഷിക്കുന്നുണ്ട്. അതിനേക്കാളുപരി പരേതൻ അവരിൽ നിന്നും നീതിയും ആദരവും അർഹിക്കുന്നുണ്ട്. പക്ഷെ അതുണ്ടായില്ല. നജ്‌മലിനോളം കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല അവർ. മർദ്ദിതരുടെ നിലവിളി കാതോർക്കുന്ന അതുകേട്ട് ഹൃദയം ഉലയുന്ന ഉറക്കം നഷ്ടപ്പെടുന്ന കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല അവർ. നമ്മുടെ നാട്ടിലെ ഏറ്റവും യാഥാസ്ഥിക കുടുംബത്തിൽ പോലും ഒരാളുടെ അന്ത്യാഭിലാഷം സാധിച്ചു കൊടുക്കാനുള്ള യുക്തിപൂർവ്വമായ സമീപനം കാണിക്കാറുണ്ട്. ഭരണകൂടം ഒരാളെ തൂക്കികൊല്ലാൻ പോകും മുൻപ് പോലും അയാളുടെ അവസാനത്തെ ആഗ്രഹത്തെ മാനിക്കാറുണ്ട്. എന്നാൽ ഈ നീതി നജ്മലിനോട് ചെയ്യാൻ അദ്ദേഹത്തിന്റെ പുരോഗമനകാരികളായ സുഹൃത്തുക്കൾ തയ്യാറായില്ല.
മയ്യിത്തുമായി ബന്ധപ്പെട്ട തർക്കം വന്നപ്പോൾ നജ്മലിന് അനുകൂലമായി നീങ്ങാൻ രാഷ്ട്രീയ നേതൃത്വങ്ങളോ സർക്കാർ സംവിധാനങ്ങളോ മുൻകയ്യെടുത്തില്ല. ബന്ധുക്കൾ ബലം പ്രയോഗിച്ചു നജ്‌മലിന്റെ മയ്യിത്ത് വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. വീട്ടുകാരെ ഇതിന് സഹായിച്ചത് ഇടതുപക്ഷ പ്രതിനിധികളായ എം.എൽ.എ സുനിൽകുമാർ, മുനിസിപ്പൽ ചെയർമാൻ ജൈത്രൻ, മുൻ ചെയർമാൻ വിപിൻചന്ദ്രൻ എന്നിവരാണ്. പോലീസിന്റെയും ഇടതു സർക്കാരിന്റെയും പൂർണ്ണ പിന്തുണയും ബന്ധുക്കൾക്ക് ലഭിച്ചു. വീട്ടുവളപ്പിൽ ഹിന്ദുമതാചാരപ്രകാരം നജ്‌മലിന്റെ മയ്യിത്ത് ദഹിപ്പിക്കുകയും അഞ്ചാം ദിവസം ശ ശരീരാവശിഷ്ടങ്ങൾ കടലിൽ നിമഞ്ജനം ചെയ്തു സഞ്ചയനം നടത്തിയതായും നജ്‌മലിന്റെ അടുത്ത സുഹൃത്തിലൊരാൾ പറയുന്നു.
ബന്ധുക്കൾ ബലം പ്രയോഗിച്ചു നജ്‌മലിന്റെ മയ്യിത്ത് വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. വീട്ടുകാരെ ഇതിന് സഹായിച്ചത് ഇടതുപക്ഷ പ്രതിനിധികളായ എം.എൽ.എ സുനിൽകുമാർ, മുനിസിപ്പൽ ചെയർമാൻ ജൈത്രൻ, മുൻ ചെയർമാൻ വിപിൻചന്ദ്രൻ എന്നിവരാണ്. പോലീസിന്റെയും ഇടതു സർക്കാരിന്റെയും പൂർണ്ണ പിന്തുണയും ബന്ധുക്കൾക്ക് ലഭിച്ചു. വീട്ടുവളപ്പിൽ ഹിന്ദുമതാചാരപ്രകാരം നജ്‌മലിന്റെ മയ്യിത്ത് ദഹിപ്പിക്കുകയും അഞ്ചാം ദിവസം ശ ശരീരാവശിഷ്ടങ്ങൾ കടലിൽ നിമഞ്ജനം ചെയ്തു സഞ്ചയനം നടത്തിയതായും നജ്‌മലിന്റെ അടുത്ത സുഹൃത്തിലൊരാൾ പറയുന്നു.
വീട്ടുകാരുടെ ധിക്കാരത്തോടൊപ്പം നിന്ന കൊടുങ്ങല്ലൂരിലെ ഇടതു ജനപ്രതിനിധികളെ സ്വാധീനിക്കാൻ നജ്‌മലുമായി അടുത്ത ബന്ധമുള്ള എം എ ബേബി, തോമസ് ഐസക്ക് ഉൾപ്പെടെയുള്ള സ്വാധീനവും അധികാരവുമുള്ള സുഹൃത്തുക്കൾക്ക് സാധിക്കുമായിരുന്നു. അതുവഴി ഈ തർക്കത്തിൽ വീട്ടുകാർക്കൊപ്പം നിന്ന സർക്കാർ സംവിധാനങ്ങളെയും സ്വാധീനിക്കാൻ കഴിയുമായിരുന്നു. എന്നാൽ അത്തരത്തിൽ ഫലപ്രദമായ ഒരു നീക്കവും നടന്നില്ല. ഒരു തർക്കവിഷയം ചർച്ച ചെയ്തു പരിഹരിക്കാതെ, ആ പ്രശ്‌നത്തിന്റെ പരിഹാരത്തിനായി നിയമപരമായി തന്നെ ഒരു വിഭാഗമാളുകൾ ശ്രമിക്കുമ്പോൾ അത്തരത്തിൽ പരിഹരിക്കാതെ, പരേതന്റെ ആഗ്രഹത്തിന് വിരുദ്ധമായി വീട്ടുകാർക്കൊപ്പം ബലപ്രയോഗത്തിലൂടെ മയ്യിത്ത് ദഹിപ്പിക്കുന്ന ഹിംസക്ക് ഇവരൊക്കെ മൗനാനുവാദം നൽകി.
നജ്‌മലിന്റെ അന്ത്യാഭിലാഷം നടപ്പിലാക്കാൻ വീട്ടുകാരുമായി സംസാരിച്ചു എന്ന് പറയുന്ന കെ.ജി.എസ്, കെ വേണു, കെ സച്ചിദാനന്ദൻ, സുനിൽ പി ഇളയിടം, പി എൻ ഗോപീകൃഷ്ണൻ തുടങ്ങിയ കേരളത്തിലൊട്ടാകെയുള്ള ഇടതുസുഹൃത്തുക്കൾക്ക് ടി എൻ ജോയിയോടുള്ള അവരുടെ കടമ, വീട്ടുകാർ നിരസിക്കുന്നതോടെ തീരുന്നില്ല. പാർട്ടി, സർക്കാർ, മീഡിയ, മാധ്യമങ്ങൾ എന്നിവയിൽ എല്ലാം തങ്ങൾക്കുള്ള സ്വാധീനം ഉപയോഗിച്ചുകൊണ്ട് തന്നെ അവർ തങ്ങളുടെ സുഹൃത്തിനായി അവസാന നിമിഷം വരെ നിലയുറപ്പിക്കേണ്ടതായിരുന്നു. എന്നാൽ തങ്ങൾ നിസ്സഹായരാണ് എന്ന് പ്രകടിപ്പിക്കാൻ മാത്രമേ അവർക്ക് സാധിച്ചുള്ളു. അതും കഴിഞ്ഞ് മൗനംസമ്മതം എന്നതായിരുന്നു ഈ പറഞ്ഞവരുടെ നിശബ്ദത കാണിക്കുന്നത്.
നജ്മലുമായി ഏറ്റവും അടുത്ത ബന്ധമുള്ളവരും അടുത്തറിയുന്നവരും അദ്ദേഹം പിന്തുണച്ച വ്യവസ്ഥാപിത ഇടതുപക്ഷവും ആയിരുന്നില്ല അദ്ദേഹത്തിന്റെ രാഷ്ട്രീയ തീരുമാനായ ചേരമാൻ മസ്ജിദിലെ ഖബറിടത്തിനുവേണ്ടി നിലയുറപ്പിച്ചത്. പകരം നജ്മലിനെ ആദ്യമായി കാണുന്നവരും അടുത്തറിയാത്തവരും സുഹൃത്തുക്കൾ അല്ലാത്തവരും ഉൾപ്പെടുന്ന കുറച്ചു മനുഷ്യരായിരുന്നു അദ്ദേഹത്തിനുവേണ്ടി ശബ്ദിച്ചത്. ദുർബലരായ എവിടെയും സ്വാധീനമില്ലാത്ത ആ മനുഷ്യരാണ് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷത്തിനായി അവസാന നിമിഷംവരെ രാഷ്ട്രീയ അധികാര സംവിധാനങ്ങളോട് കലഹിച്ചത്. എന്നാൽ, നജ്‌മലിന്റെ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിച്ച ആ സാധു മനുഷ്യർ പക്ഷെ നജ്മലിന് ഒപ്പം തോറ്റുപോയി. ജുനൈദും പെഹ് ലു ഖാനും നിത്യവും തല്ലിക്കൊല്ലപ്പെടുന്ന ഇന്ത്യയിൽ നജ്‌മലിന്റെ മയ്യിത്ത് റാഞ്ചിക്കൊണ്ടു പോകുന്നത് നിസംഗതയോടെ സമൂഹം നോക്കിനിന്നത് നജ്മൽ ബാബു മുസ്‌ലിം ആയതുകൊണ്ടു മാത്രമാണ്. ഈ ബോധ്യം ഒന്നുകൂടി ഉറപ്പിക്കാൻ നജ്മൽ ബാബുവിന്റെ മരണാനന്തര ജീവിതത്തിന് സാധിച്ചിരിക്കുന്നു.
ഏഷ്യൻ സ്പീക്സ്.കോമിന്റെ എഡിറ്ററാണ് ലേഖകൻ. കൊടുങ്ങല്ലൂർ സ്വദേശി.