ഈ.ഡബ്ല്യൂ.എസ്: സവർണർക്ക് സംവരണം ചെയ്യുന്ന ദാരിദ്ര്യ നിർമാർജന പദ്ധതി: ബാപ്സയുടെ പ്രസ്താവന
എസ്.സി/എസ്.റ്റി/ഓബീസീ സംവരണങ്ങളുടേതു പോലെയുള്ള യാതൊരു ചരിത്രപരതയും ഈ.ഡബ്ല്യൂ.എസ് സംവരണത്തിന് അവകാശപ്പെടാനില്ല. എല്ലാ ജീവിത മേഖലയിലും ആഴത്തിൽ വേരൂന്നിയ വ്യവസ്ഥാപിത വിവേചനവും പുറന്തള്ളലുമാണ് എസ്.സി/എസ്.റ്റി/ഓബീസീ സംവരണങ്ങളുടെ അടിസ്ഥാനം. സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത, സാംസ്‌കാരിക മേഖലകളിൽ നിന്ന് വ്യവസ്ഥാപിതമായ വിവേചനം നേരിട്ട വിഭാഗങ്ങൾക്ക് സ്വയം പ്രാതിനിധ്യം നൽകാനും, സ്വാഭിമാനത്തോടെ ജീവിക്കാനുള്ള അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ പ്രദാനം ചെയ്യാനുമുള്ള പ്രക്രിയയാണ് ആ സംവരണങ്ങളെന്ന് അതേ കുറിച്ചുള്ള ഭരണഘടനാ അസംബ്ലി ചർച്ചകൾ പരിശോധിച്ചാൽ മനസ്സിലാകും. ബാപ്സയുടെ. പ്രസ്താവന.
103ആം ഭരണഘടനാ ഭേദഗതിയെ സാധുവാക്കിക്കൊണ്ട് ഈ.ഡബ്ല്യൂ.എസ് ക്വാട്ട ശരിവെച്ച സുപ്രീംകോടതിയുടെ നടപടി ബഹുജൻ വിഭാഗങ്ങൾക്കു മാത്രമല്ല വിനയാവുന്നത്; രാജ്യത്തെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതിയുടെ അർഥങ്ങളെ തന്നെ മൗലികമായി ആട്ടിമറിക്കുന്നതാണ് ആ വിധി.
എന്താണ് ഈ.ഡബ്ല്യൂ.എസ്
‘സാമ്പത്തികപരമായി അവശരായ വിഭാഗങ്ങൾ’ (economically weaker sections) എന്നതാണ് ഈ.ഡബ്ല്യൂ.എസ് കൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ, സാമ്പത്തികമായി അവശരായ സവർണർക്കു മാത്രം 10 ശതമാനം ആനുപാതികമായ സംവരണം നൽകുക എന്നതാണ് അതിന്റെ യഥാർഥ ഉദ്ദേശ്യം. ഈ.ഡബ്ല്യൂ.എസ് പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കാനുള്ള ഏക മാനദണ്ഡമായി ചേർത്തിരിക്കുന്നത് ‘സവർണർ’ ആയിരിക്കുക എന്നതു മാത്രമാണ്. സവർണർ സാമ്പത്തികമായി അവശരായിരിക്കാൻ പാടില്ല, അങ്ങനെയാണെങ്കിൽ തന്നെ അവർ സാമ്പത്തികമായി പിന്നാക്കമാണ്, ആ പിന്നാക്കാവസ്ഥ മാറ്റേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ് എന്നു തുടങ്ങിയ സ്റ്റേറ്റ് സ്പോൺസർ ചെയ്ത പ്രസ്താവന തന്നെയാണ് യഥാർഥത്തിൽ ഈ.ഡബ്ല്യൂ.എസ്. ഈ.ഡബ്ല്യൂ.എസ് ക്വാട്ടക്ക് പട്ടിണി കുറക്കാൻ കഴിയുമോ? പറയപ്പെട്ട വിഭാഗങ്ങൾ വിദ്യാഭ്യാസപരമായോ, തൊഴിൽപരമായോ, രാഷ്ട്രീയപരമായോ പ്രതിനിധ്യക്കുറവ് അനുഭവിക്കുന്നവരാണോ? ഈ.ഡബ്ല്യൂ.എസ് യഥാർഥത്തിൽ വേണ്ടതു തന്നെയോ? എന്നു തുടങ്ങിയ ചോദ്യങ്ങളെ കുറിച്ചുള്ള പഠനങ്ങളോ വിലയിരുത്തങ്ങളോ ഒന്നും തന്നെയില്ല. ഈ.ഡബ്ല്യൂ.സിന് അർഹരാവാനുള്ള 8 ലക്ഷം വരുമാന പരിധിയിൽ ഏതാണ്ട് 90 ശതമാനത്തോളം സവർണരെയും ഉൾക്കൊള്ളിക്കുമെങ്കിലും, അതിന്റെ ഗുണഭോക്താക്കൾ സവർണർ മാത്രമായി തുടരുന്നു. അപ്രകാരം, ശ്രേണീബദ്ധമായ ഹിന്ദു സാമൂഹിക ക്രമത്തെ നിലനിർത്താനുള്ള വ്യക്തമായ ശ്രമം മാത്രമാണിത്.
എസ്.സി/എസ്.റ്റി/ഓബീസീ സംവരണങ്ങളുടേതു പോലെയുള്ള യാതൊരു ചരിത്രപരതയും ഈ.ഡബ്ല്യൂ.എസ് സംവരണത്തിന് അവകാശപ്പെടാനില്ല. എല്ലാ ജീവിത മേഖലയിലും ആഴത്തിൽ വേരൂന്നിയ വ്യവസ്ഥാപിത വിവേചനവും പുറന്തള്ളലുമാണ് എസ്.സി/എസ്.റ്റി/ഓബീസീ സംവരണങ്ങളുടെ അടിസ്ഥാനം. സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത, സാംസ്‌കാരിക മേഖലകളിൽ നിന്ന് വ്യവസ്ഥാപിതമായ വിവേചനം നേരിട്ട വിഭാഗങ്ങൾക്ക് സ്വയം പ്രാതിനിധ്യം നൽകാനും, സ്വാഭിമാനത്തോടെ ജീവിക്കാനുള്ള അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ പ്രദാനം ചെയ്യാനുമുള്ള പ്രക്രിയയാണ് ആ സംവരണങ്ങളെന്ന് അതേ കുറിച്ചുള്ള ഭരണഘടനാ അസംബ്ലി ചർച്ചകൾ പരിശോധിച്ചാൽ മനസ്സിലാകും. മേൽജാതിക്കാർ ബഹുജൻ വിഭാഗങ്ങൾക്കു മേൽ അടിച്ചേൽപ്പിച്ച ചരിത്രപരമായ അനീതിയെ തിരുത്തുക എന്നതാണ് സംവരണത്തിന്റെ ലക്ഷ്യം. ശ്രേണീബദ്ധവും അസമത്വം നിറഞ്ഞതുമായ സാമൂഹിക ക്രമത്തിൽ ഏറ്റവും അടിസ്ഥാനപരമായ (ആനുപാതികമായതല്ല) പ്രതിനിധ്യം നൽകിക്കൊണ്ടാണ് ഇതു സാധ്യമാക്കുന്നത്. എന്നാൽ, പുതുതായി രൂപംകൊടുത്ത ഈ.ഡബ്ല്യൂ.എസ് എന്ന കാറ്റഗറിയിൽ നിന്ന് എസ്.സി.എസ്.റ്റി, ഓബീസീ വിഭാഗങ്ങളെ പുറന്തള്ളുന്നത് വഴി സാമൂഹിക നീതിയുടെ ആത്മാവും സമത്വത്തിന്റെ മൂല്യവ്യവസ്ഥകളുമാണ് അട്ടിമറിക്കപ്പെടുന്നത്.
സംവരണത്തിന്റെ അടിസ്ഥാനപരമായ ലക്ഷ്യം എല്ലാ വിഭാഗങ്ങൾക്കും (ജാതി) വിദ്യാഭ്യാസ, തൊഴിൽ, രാഷ്ട്രീയ മേഖലകളിൽ മതിയായ പ്രതിനിധ്യം നൽകുക എന്നതാണ്. എന്നാൽ, സാമൂഹിക നീതിയുടെ പ്രമേയങ്ങളെ അപ്പാടെ അവഗണിച്ചു കൊണ്ട്, ഈ.ഡബ്ല്യൂ.എസ് സംവരണത്തിന്റെ ഒരേയൊരു മാനദണ്ഡമായി സാമ്പത്തികത്തെ അംഗീകരിക്കുന്ന കാര്യത്തിൽ എല്ലാ അഞ്ചു ജഡ്ജിമാരും ഏകോപിക്കുകയാണ് ഉണ്ടായത്. ഒരുവശത്ത്, രാജ്യം ഭരിക്കുന്ന ബിജെപി, അതിന്റെ പ്രശ്നകരമായ ‘ന്യൂ എഡ്യൂക്കേഷൻ പോളിസി’ ഉപയോഗിച്ചുകൊണ്ട് ഇൻഡ്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ, മറുവശത്ത് സാമ്പത്തിക അനീതിയെ സുഖപ്പെടുത്തുന്നതിന്റെ പേരിൽ മതിപ്പ് ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു അവർ. യഥാർഥത്തിൽ സാമ്പത്തിക പിന്നാക്കാവസ്ഥക്ക് (economic deprivation) അടുത്തിടെ വന്ന സുപ്രീംകോടതി വിധിയിൽ കൊടുത്തിരിക്കുന്ന നിർവചനം പോലും പ്രശ്നകരവും, കാപട്യത്തിൽ പൊതിഞ്ഞതുമാണ്. ഒരുവശത്ത്, 8 ലക്ഷത്തിൽ കുറഞ്ഞ കുടുംബ വാർഷിക വരുമാനമുള്ള ആളുകൾ ദരിദ്രരാണെന്നും അവർ ഈ.ഡബ്ല്യൂ.എസ് സംവരണത്തിന് അർഹരാണെന്നും അതു പറയുമ്പോൾ, മറ്റൊരു വശത്ത്- നമ്മൾ സ്കോളർഷിപ്പുകളെ കുറിച്ചു സംസാരിക്കുമ്പോൾ, ഒരു ലക്ഷം, ഒന്നര ലക്ഷം, രണ്ടര ലക്ഷം ഒക്കെയാണ് ദാരിദ്ര്യത്തിന്റെ പരിധി. ഇത്തരം സ്കീമുകൾ ലഭിക്കുന്ന കാര്യത്തിൽ, നിങ്ങൾ ബഹുജൻ വിഭാഗത്തിൽ പെട്ട ദാരിദ്രരാണെങ്കിൽ, നിങ്ങളുടെ ദാരിദ്രത്തിനുള്ള മാനദണ്ഡങ്ങൾ മേൽജാതിക്കാർക്കുള്ള മാനദണ്ഡങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും.
ആനുപാതികമായ ഈ.ഡബ്ല്യൂ.എസ് സംവരണത്തിന്റെ ശതമാനം തീരുമാനിക്കാൻ കഴിയുന്ന വണ്ണം എല്ലാ വിഭാഗങ്ങളെ കുറിച്ചുമുള്ള വ്യക്തവും യഥാർഥവുമായ ഡാറ്റയുടെ ദൗർലഭ്യമാണ് ഒരു പ്രധാന വിഷയം. വ്യക്തമായ ശാസ്ത്രീയ വിവരങ്ങളെയും അനുഭവ യാഥാർഥ്യങ്ങളെയും പരിഗണിക്കാതെ, സാമ്പത്തിക നീതിയെ കുറിച്ചുള്ള വ്യവഹാരങ്ങളെ അമൂർത്തമാക്കി നിർത്തുകയാണ് ബിജെപിയും സുപ്രീംകോടതിയും ചെയ്തിട്ടുള്ളത്. സമൂഹത്തിലെ മർദക വിഭാഗങ്ങൾക്ക് സംവരണം വേണ്ടതുണ്ടോ എന്ന ചോദ്യത്തെ യഥാവിധി അഡ്രസ് ചെയ്യാനുതാകുന്ന ശാസ്ത്രീയമായ തെളിവുകളെ വെളിച്ചത്തു കൊണ്ടുവരുന്ന പ്രധാന മുന്നേറ്റമാണ് സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് എന്നാണ് നമ്മൾ വിശ്വസിക്കുന്നത്. അസമത്വം നിറഞ്ഞ, പ്രാകൃതമായ ബ്രാഹ്മണിക സാമൂഹിക ക്രമത്തെ ഉയർത്തിപ്പിടിക്കുന്ന, ഭരണഘടനാ വിരുദ്ധമായ സുപ്രീംകോടതി വിധിയെ അപലപിക്കുന്നതോടൊപ്പം, ജാതി സെൻസസ് നടപ്പാക്കണമെന്ന ആവശ്യം ബാപ്സ വീണ്ടും ഇതിനാൽ ഊന്നിപ്പറയുന്നു.
മറ്റൊരു പ്രശ്നകരമായ വശം ഈ.ഡബ്ല്യൂ.എസ് ക്വാട്ടക്ക് അർഹമാവാൻ വെച്ചിരിക്കുന്ന എട്ടു ലക്ഷത്തിന്റെ പരിധിയാണ്. ഓബീസീ വിഭാഗത്തിലെ ക്രീമിലെയറിന്റെ പരിധിയും ഇതിനു തുല്യമാണ്. ഓബീസീ സംവരണം ലഭിക്കാനുള്ള ഉപാധികൾ ബഹുമുഖങ്ങളാണ്. അതായത്, സാമൂഹികവും, സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥകൾ. ഈ.ഡബ്ല്യൂ.എസിനും ഓബീസീക്കും ഒരേ സാമ്പത്തിക പരിധിക വെക്കുക എന്നാൽ, ഓബീസീ/ജാതി വിഭാഗങ്ങളുമായി ബന്ധപ്പെട്ട സാമൂഹിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെ നിരാകരിക്കുക എന്നതാണ്. ഓബീസീ സംവരണം ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്, എസ്.സി/എസ്.റ്റി സംവരണത്തെ കുറിച്ചാകട്ടെ, ഭരണഘടനയുടെ ശിൽപ്പികൾ ഭരണഘടനാ അസംബ്ലിയിൽ വളരെയധികം ചർച്ച ചെയ്തിട്ടുണ്ട്. ലോക്സഭയിലും രാജ്യസഭയിലും സമർപ്പിച്ച് 48 മണിക്കൂറിനകം ഈ.ഡബ്ല്യൂ.എസ് പാസാക്കിയെടുത്തത് അതിന്റെ വിശ്വസനീയതയെ കുറിച്ച നിരവധി ചോദ്യങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഈ.ഡബ്ല്യൂ.എസ് കൊണ്ടുവരുന്നതിലൂടെ ഇപ്പോഴത്തെ ഭരണകൂടം ലക്ഷ്യംവെക്കുന്നത് എന്താണ്, ചരിത്രപരതയെയും പ്രതിനിധ്യത്തെയും അടിസ്ഥാനപ്പെടുത്തിയുള്ള സംവരണത്തിന്റെ ആശയത്തെ കളങ്കപ്പെടുത്തുന്ന പ്രവണത, ആദിയായ ചോദ്യങ്ങൾ പ്രസക്തമാണ്.
എസ്.സി/എസ്.റ്റി/ഓബീസീ വിഭാഗങ്ങളെ കുറിച്ചുള്ള വ്യവഹാരങ്ങളിൽ വിധി പറയുന്ന സുപ്രീംകോടതിയിലും വിവിധ ബെഞ്ചുകളിലും എസ്.സി/എസ്.റ്റി/ഓബീസീ വിഭാഗങ്ങളിൽ നിന്നുള്ള ജഡ്ജിമാരുടെ പ്രതിനിധ്യ (കുറവിനെ)ത്തെ കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതാണ് ജൻഹിത് അഭിയാൻ vs യൂണിയൻ ഓഫ് ഇൻഡ്യ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി. എസ്.സി/എസ്.റ്റി വിഭാഗങ്ങളിൽ നിന്നുള്ള ജഡ്ജിമാരുടെ പ്രതിനിധ്യത്തെ കുറിച്ച് പാർലമെന്റിൽ ചോദ്യമുന്നയിച്ചപ്പോൾ, സുപ്രീംകോടതി നിയമനങ്ങൾ ജാതി/വർഗ സംവരണങ്ങളെ അടിസ്ഥാനപ്പെടുത്തി ഉള്ളതല്ലെന്നും, അതുകൊണ്ടുതന്നെ എസ്.സി/എസ്.റ്റി/ഓബീസീ വിഭാഗങ്ങളിൽ നിന്നുള്ള ജഡ്ജിമാരുടെ കണക്കുകൾ സൂക്ഷിക്കാറില്ലെന്നും പറഞ്ഞ് വിവരങ്ങൾ നൽകാൻ വിസമ്മതിക്കുകയാണ് ബ്രാഹ്മണിക സ്റ്റേറ്റ് ചെയ്തത്. പരമോന്നത കോടതിയിലേക്ക് ജഡ്ജിമാരെ നാമനിർദ്ദേശം ചെയ്യുന്നത് സുപ്രീംകോടതി, ഹൈകോടതി കൊളീജിയങ്ങൾ ആയതു കൊണ്ടുതന്നെ, എസ്.സി/എസ്.റ്റി/ഓബീസീ വിഭാഗങ്ങൾക്ക് പരമോന്നത കോടതിയിൽ മതിയായ പ്രതിനിധ്യം ലഭ്യമാകാത്തതിൽ സ്റ്റേറ്റിനോപ്പം ഇത്തരം കൊളീജിയങ്ങൾക്കും പങ്കുണ്ട്.
ഈ.ഡബ്ല്യൂ.എസ് വിഷയത്തിൽ വാദം കേൾക്കുന്ന ബെഞ്ചിൽ എസ്.സി/എസ്.റ്റി/ഓബീസീ വിഭാഗങ്ങളിൽ നിന്നുള്ള ജഡ്ജിമാരെ നിയമിക്കാത്തതിനാൽ തന്നെ, ആ വിഷയത്തിൽ അത്തരം വിഭാഗങ്ങളിൽ നിന്നുള്ളവരുടെ അഭിപ്രായങ്ങൾക്ക് മതിയായ പ്രതിനിധ്യം ലഭിക്കാതെ പോയി. ഉദാഹരണത്തിന്, ഈ ബെഞ്ച് നേരിട്ട പ്രധാന ചോദ്യങ്ങളിൽ ഒന്ന്, “പത്തു ശതമാനം ഈ.ഡബ്ല്യൂ.എസ് സംവരണത്തിൽ നിന്ന് എസ്.സി/എസ്.റ്റി/ഓബീസീ വിഭാഗങ്ങൾ പുറത്താക്കപ്പെട്ടതിനെ” കുറിച്ചുള്ളതായിരുന്നു. യു.യു ലളിതിന്റെ നേതൃത്വത്തിലുള്ള അഞ്ചാംഗ ബെഞ്ചാണ് വാദംകേട്ടത്. ജസ്റ്റിസ് ദിനേശ് മഹേഷ്‌വാരി, ബാല എം. ത്രിവേദി, പർദിവാല എന്നിവർ എസ്.സി/എസ്.റ്റി/ഓബീസീ വിഭാഗങ്ങൾ പുറത്താകുന്നതിനെ അനുകൂലിച്ചപ്പോൾ, ജസ്റ്റിസ് ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരാണ് അതിനെതിരെ വോട്ട് ചെയ്തത്. അതിപ്രധാനമായ സമത്വത്തെ കുറിച്ചുള്ള ഒരു വിഷയത്തിൽ വിധി പറയുന്നതിൽ നിന്ന് എസ്.സി/എസ്.റ്റി/ഓബീസീ വിഭാഗങ്ങളിൽ നിന്നുള്ള ജഡ്ജിമാരെയും, സംവരണ വിഷയം കൈകാര്യം ചെയ്യുന്നതിൽ പരിചയസമ്പത്തുള്ള ഒരു ജഡ്ജിയെയും വ്യവസ്ഥാപിതമായി അവഗണിക്കുകയാണ് സുപ്രീംകോടതി ചെയ്തത്.
ഈ.ഡബ്ല്യൂ.എസ് സംവരണ വിഷയത്തിലുള്ള സുപ്രീംകോടതി വിധിയെ ബാപ്സ നിരുപാധികം അപലപിക്കുകയും അടിയന്തിരമായ റിവ്യൂ പെറ്റീഷൻ സമർപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. നമ്മുടെ ജാതിവിരുദ്ധ ചിന്തകരും, നേതാക്കളും ആക്റ്റിവിസ്റ്റുകളും ഉദ്ഘോഷിച്ച സാമൂഹിക നീതിയുടെ ആശയത്തെ ഞങ്ങൾ മുറുകെപ്പിടിക്കുന്നു. സംവരണ നയത്തിന്റെ ചരിത്രപരവും സാമൂഹിക നീതിയിലൂന്നിയതുമായ പശ്ചാത്തലങ്ങളെ സാമ്പത്തികവത്കരിക്കുന്ന പ്രവണതയെ ചെറുക്കൻ എല്ലാ അംബേഡ്കറൈറ്റുകളെയും സാമൂഹിക നീതിയുടെ വക്താക്കളായ മറ്റു വിഭാങ്ങളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.