ഹിംസയുടെ രാഷ്ട്രീയവും വർത്തമാനവും

കേരളത്തില്‍ നിലനില്‍ക്കുന്ന ഹിംസയുടെ ഒരു രൂപമാണ് അക്രമരാഷ്ട്രീയം. അഭിമന്യുവിനെ പോലുള്ളവരുടെ കൊലപാതകത്തിലും അക്രമരാഷ്ട്രീയത്തിനു വലിയ പങ്കുണ്ട്. പക്ഷേ ഈ സംഭവത്തിന് ശേഷം ഉണ്ടായ വ്യവഹാരങ്ങള്‍ മുഴുവനും പലതരം സംഘടനകളെ നിരോധിക്കണമെന്ന മുറവിളികളിലും മതഭീകരതയുമായി അതിനു ബന്ധമുണ്ടെന്ന തരത്തിലുള്ള വ്യാപകമായ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതിലുമാണു കേന്ദ്രീകരിക്കപ്പെട്ടത്. അക്രമരാഷ്ട്രീയത്തെ മതവുമായി ബന്ധിപ്പിക്കുന്നതിലൂടെ, വിപുലമായ രാഷ്ട്രീയനേട്ടം കൊയ്യുന്നതു ഹിന്ദുത്വ ശക്തികളാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള മതപ്രകാശനങ്ങള്‍ ഭാവിയില്‍ പോലും ഉണ്ടാവരുതെന്ന തങ്ങളുടെ അജണ്ട നടപ്പിലാക്കാനുള്ള അവസരമായാണ് ഹിന്ദുത്വ ശക്തികള്‍ ഇതിനെ കാണുന്നത്. അത്തരം മതപ്രകാശനങ്ങളെ പൊതുസമൂഹത്തിനു മുന്നില്‍ ഭീകരവാദമായി ഉയര്‍ത്തി കാണിക്കുന്ന ഒരു രാഷ്ട്രീയം ഇവിടെ ശക്തമായിരിക്കുന്നു. ടി.ടി ശ്രീകുമാർ തിരൂരിൽ വെച്ച് നടത്തിയ പ്രഭാഷണം.

ഇന്ത്യ അടക്കം ലോകത്തിന്‍റെ പലഭാഗത്തും ഹിംസാത്മക രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കേണ്ട അവസ്ഥ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. അഹിംസയുടെയും സമാധാനത്തിന്‍റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച് വന്‍ശക്തികളോടു പോരാടിയ വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ അഹിംസയുമായി ബന്ധപ്പെട്ട് എടുത്തുപറയപ്പെടാറുള്ള പേരാണു ഗാന്ധിജിയുടേത്. എന്നാല്‍ ഗാന്ധിജിയുടെ അഹിംസാരാഷ്ട്രീയത്തിനകത്തു പോലും ഒളിഞ്ഞിരുന്ന ഹിംസയെ തിരിച്ചറിഞ്ഞ, പ്രയോഗതലത്തില്‍ ഗാന്ധിയേക്കാള്‍ വലിയ അഹിംസാവാദിയുമായ ഒരാളായിരുന്നു അംബേഡ്കര്‍. കാരണം, തങ്ങള്‍ക്കു പ്രത്യേക മണ്ഡലങ്ങള്‍ അനുവദിക്കണമെന്ന ദലിത് സമൂഹത്തിന്‍റെ രാഷ്ട്രീയാവശ്യത്തിനു തടയിടുക എന്ന ലക്ഷ്യത്തോടെ പൂണെ പാക്ട് മുന്നോട്ടുവെക്കപ്പെട്ട സാഹചര്യത്തില്‍, ബ്രിട്ടീഷുകാര്‍ക്കെതിരെയല്ല, മറിച്ച് അവകാശങ്ങള്‍ ചോദിച്ച ഇവിടത്തെ ദലിത് സമൂഹത്തിനെതിരെയാണു ഗാന്ധിജി നിരാഹാര സമരം നയിച്ചത്. താന്‍ പ്രതിനിധീകരിക്കുന്ന ദലിത് സമൂഹത്തിന്‍റെ അവകാശപ്പോരാട്ടങ്ങള്‍ക്കെതിരെയാണു ഗാന്ധിജി നിരാഹാര സമരം നയിക്കുന്നതെന്ന വ്യക്തമായ ബോധ്യമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ ജീവനു വിലയുണ്ടെന്നു പ്രഖ്യാപിച്ച് വിട്ടുവീഴ്ചക്കു തയ്യാറായ വ്യക്തിയാണ് അംബേഡ്കര്‍. ഇതാണു യഥാര്‍ഥ അഹിംസാവാദിയുടെ നിലപാട്. വിശാല മനസ്കര്‍ക്കു മാത്രമേ ഏതു സന്ദര്‍ഭത്തിലും ഹിംസയുടെ എല്ലാവിധ രൂപങ്ങളെയും പ്രതിരോധിക്കാനും അഹിംസയ്ക്കു വേണ്ടി വിട്ടുവീഴ്ച ചെയ്യാനും കഴിയുകയുളളൂ.

എന്തുകൊണ്ടാണ് അംബേഡ്കര്‍ ബുദ്ധമതം സ്വീകരിച്ചത്? മറ്റുള്ളവരിലും തന്‍റെ നന്മ കാണാന്‍ ശ്രമിക്കുന്നു എന്നതാണു് ബുദ്ധന്‍റെ അഹിംസയെ ഗാന്ധിയുടെ അഹിംസയില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. അപരനിലും നന്മ കാണാന്‍ ശ്രമിക്കുക എന്നതാണ് ഏറ്റവും പ്രസക്തമായ അഹിംസ. ഇതായിരുന്നു അംബേഡ്കറുടെ സന്ദേശം. ഹിംസയെ അഹിംസ കൊണ്ടു പ്രതിരോധിച്ചു വിജയിച്ചതിന്‍റെ മറ്റൊരു ഉദാഹരണമാണു നെല്‍സണ്‍ മണ്ഡേലയുടെ ജീവിതം. ദക്ഷിണാഫ്രിക്കയിലെ കറുത്തവര്‍ഗക്കാര്‍ക്കെതിരെ ഭരണകൂട ഒത്താശയോടെ നിലനിന്നിരുന്ന വര്‍ണവിവേചനത്തിനെതിരെ അഹിംസയുടെ സമരമാര്‍ഗമാണു നെല്‍സണ്‍ മണ്ടേല സ്വീകരിച്ചത്. ആ സമരമാര്‍ഗം അദ്ദേഹത്തെ 27 വര്‍ഷത്തെ ജയില്‍വാസത്തിലേക്കു നയിച്ചു. 27 വര്‍ഷം വെളുത്ത വംശീയവാദികളുടെ തടവറയില്‍ കഴിഞ്ഞിട്ടും പീഡനങ്ങള്‍ സഹിക്കേണ്ടി വന്നിട്ടും അദ്ദേഹം അഹിംസാവാദത്തില്‍ നിന്നു പിന്‍മാറുകയോ അദ്ദേഹത്തിന്‍റെ ഇച്ഛാശക്തിക്കു കോട്ടം സംഭവിക്കുകയോ ചെയ്തില്ല.

ഇന്ത്യന്‍ സാഹചര്യത്തില്‍ അഹിംസയുമായി ബന്ധപ്പെട്ട് എടുത്തുപറയപ്പെടാറുള്ള പേരാണു ഗാന്ധിജിയുടേത്. എന്നാല്‍ ഗാന്ധിജിയുടെ അഹിംസാരാഷ്ട്രീയത്തിനകത്തു പോലും ഒളിഞ്ഞിരുന്ന ഹിംസയെ തിരിച്ചറിഞ്ഞ, പ്രയോഗതലത്തില്‍ ഗാന്ധിയേക്കാള്‍ വലിയ അഹിംസാവാദിയുമായ ഒരാളായിരുന്നു അംബേഡ്കര്‍.

ബി ആർ അംബേദ്‌കർ

ബി ആർ അംബേദ്‌കർ

അമേരിക്കയില്‍ വെളുത്ത വംശീയവാദികളുടെ വര്‍ണവിവേചന നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന മനുഷ്യാവകാശ പ്രസ്ഥാനങ്ങളില്‍ ഭൂരിപക്ഷവും അഹിംസയില്‍ അധിഷ്ഠിതമായ സമരമാര്‍ഗമായിരുന്നു സ്വീകരിച്ചത്. ഏതു സമയത്തും പൊട്ടിത്തെറിക്കാവുന്ന വൈവിധ്യമാര്‍ന്ന വംശീയ സമൂഹങ്ങള്‍ എന്നു വെള്ളക്കാരാല്‍ വിശേഷിപ്പിക്കപ്പെട്ടിരുന്ന കറുത്തവര്‍ഗക്കാരോട് സമാധാനത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും ഭാഷയില്‍ സംസാരിക്കാന്‍, കറുത്തവര്‍ഗക്കാരുടെ പ്രസ്ഥാനങ്ങള്‍ക്കു സാധിച്ചു. ഇത് വെളുത്ത വംശീയവാദികളുടെ ഹിംസാത്മക നിലപാടുകളോട് അതേ രീതിയില്‍ പ്രതികരിക്കുന്നതില്‍ നിന്നു് കറുത്തവര്‍ഗക്കാരെ പിന്തിരിപ്പിക്കുന്നതിനു വലിയ അളവില്‍ സഹായിച്ചു. ലോകത്തെ ഏതു പ്രധാനപ്പെട്ട മനുഷ്യാവകാശ പ്രസ്ഥാനങ്ങളെ പരിശോധിച്ചാലും സമൂഹത്തിനും ലോകത്തിനും സ്ഥായിയായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ളത് അഹിംസയിലൂടെയാണെന്നു മനസിലാക്കാന്‍ സാധിക്കും.

കഴിഞ്ഞ ആയിരം വര്‍ഷത്തെ ലോകചരിത്രം പരിശോധിച്ചാല്‍ ഹിംസയുടെ രാഷ്ട്രീയം പ്രതിരോധിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ചെയ്ത പ്രത്യയശാസ്ത്രമാണ് ഇസ്‌ലാം എന്നു കാണാന്‍ കഴിയും. കാരണം, ചരിത്രത്തിന്‍റെ പല ഘട്ടങ്ങളിലും തുല്ല്യതയില്ലാത്ത ഹിംസകള്‍ക്ക് ഇസ്‌ലാം ഇരയായിട്ടുണ്ട്. കഴിഞ്ഞ അഞ്ചു നൂറ്റാണ്ടിനിടയില്‍ നടന്ന ഏറ്റവും വലിയ ഹിംസയാണ് യൂറോപ്യന്‍ അധിനിവേശത്തിന്‍റെ ഭാഗമായുള്ള കോളനിവല്‍ക്കരണങ്ങള്‍. അമേരിക്കയും ഇന്ത്യയും തേടിക്കൊണ്ടുള്ള കൊളംബസിന്‍റെ യാത്രകളാണ് അധിനിവേശ കോളനിവല്‍ക്കരണങ്ങളുടെ തുടക്കം എന്നു പറയാം. കൊളംബസ് ഈ യാത്രകള്‍ക്കു വേണ്ട സാമ്പത്തിക സഹായത്തിനായി സമീപിക്കുന്നത് സ്പെയിനിലെ ഇസബെല്ല രാജ്ഞിയേയും ഫെര്‍ഡിനാന്‍റ് രാജാവിനെയുമാണ്. അവര്‍ കൊളംബസിനു വേണ്ട പണം നല്‍കി. സ്പെയിനിലെ അവസാന മുസ്‌ലിം ഭരണവംശമായിരുന്ന മൂറുകളെ ആക്രമിച്ചു കീഴടക്കി കൊള്ളയടിച്ചതായിരുന്നു ആ പണം. മനുഷ്യത്വരഹിതവും നീചവുമായ ആക്രമണമാണ് മൂറുകള്‍ക്കെതിരെ സ്പെയിന്‍ സൈന്യം അഴിച്ചുവിട്ടത്. വായനശാലകള്‍ അഗ്നിക്കിരയാക്കുകയും സാധാരണ ജനങ്ങളെ വരെ കൊള്ളയടിക്കുകയും ചെയ്തു. മുസ്‌ലിംകള്‍ക്കെതിരെ നടന്ന ഏറ്റവും വലിയ ഹിംസകളില്‍ നിന്നു നേടിയ സമ്പത്തുകൊണ്ടായിരുന്നു കൊളംബസ് തന്‍റെ യാത്ര ആരംഭിച്ചത്.

സഞ്ജയ് സുബ്രഹ്മണ്യം ‘ദ കരിയര്‍ ആന്‍റ് ലെജെന്‍റ് ഓഫ് വാസ്കോഡഗാമ’ എന്ന പുസ്തകത്തില്‍ ഈ ഹിംസയുടെ യഥാര്‍ഥ രൂപങ്ങള്‍ വിവരിക്കുന്നുണ്ട്. ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും യൂറോപ്യന്‍ അധിനിവേശകര്‍ അവരുടെ ഹിംസകള്‍ തുടര്‍ന്നു. ഒരു ചെറിയ മുസ്‌ലിം രാജ്യത്തെ ആക്രമിച്ചു കീഴടക്കി അവിടെ നിന്നു കൊള്ളയടിച്ച പണം കൊണ്ടായിരുന്നു അതിന്‍റെ തുടക്കം തന്നെ. ചെല്ലുന്നിടത്തെല്ലാം കൊളോണിയലിസം ഹിംസയുടെ രാഷ്ട്രീയമാണു നല്‍കിയിട്ടുള്ളത്. അതിനെതിരെ പലതരത്തിലുള്ള പ്രതിരോധങ്ങളും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് കേരളത്തില്‍ത്തന്നെ 1921ല്‍ ഉണ്ടായ കലാപം. ഏറ്റവും നികൃഷ്ടമായ രീതിയില്‍ ഒരു സാമ്രാജ്യത്വശക്തി ലോക ജനതയെ മൊത്തം അടക്കി ഭരിക്കാന്‍ ശ്രമിക്കുമ്പോള്‍, ലോക ജനതയെ മൊത്തം തങ്ങളുടെ കാല്‍ ചുവട്ടിലിട്ടു ചവിട്ടിയരക്കുമ്പോള്‍, ഹിംസയുടെ ഭാഷ തന്നെ നിരന്തരം സംസാരിക്കുമ്പോള്‍, അതിനെ പ്രതിരോധിക്കുകയാണ് 1921ല്‍ ഉണ്ടായത്. ആ പ്രതിരോധത്തെ ഹിംസയെന്നു വിളിക്കാന്‍ കഴിയില്ല.

ഈയിടെ ശശി തരൂര്‍ ഇടപെട്ടു നടത്തിയ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്ന ഒരു കാര്യമുണ്ട്. ബംഗാളിലെ ക്ഷാമത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് വിന്‍സ്റ്റന്‍റ് ചര്‍ച്ചിലിന്‍റെ മേശപ്പുറത്ത് എത്തിയപ്പോള്‍ ‘അവിടെ അത്രയൊക്കെ ക്ഷാമമുണ്ടായിട്ടും ആ ഗാന്ധിയെന്താ ചാവാത്തത്?’ എന്നാണ് ചര്‍ച്ചില്‍ ചോദിച്ചതെന്നു ശശി തരൂര്‍ ചില രേഖകളുടെ അടിസ്ഥാനത്തില്‍ പറഞ്ഞിരുന്നു. ലോകം മുഴുവന്‍ വാഴ്ത്തുന്ന ഭരണാധികാരിയും നയതന്ത്രജ്ഞനുമായ വിന്‍സന്‍റ് ചര്‍ച്ചിലിന്‍റെ ആ പ്രസ്താവനയില്‍ അത്ഭുതപ്പെടാനൊന്നുമില്ല. യൂറോപ്പ്യന്‍ ആധിപത്യത്തിന്‍റെ ഭാഷയിലും പ്രയോഗത്തിലും നിലനിന്നിരുന്ന ഏറ്റവും നിന്ദ്യമായ ഒരു ചരിത്രത്തെയാണ് ഇത് അനാവരണം ചെയ്യുന്നത്.

നെൽസൺ മണ്ടേല

നെൽസൺ മണ്ടേല

രണ്ടാം ലോകമഹായുദ്ധത്തോടു കൂടി അവസാനിക്കേണ്ടിയിരുന്ന ഈ ഹിംസയുടെ രാഷ്ട്രീയം പക്ഷേ തുടരുകയാണുണ്ടായത്. 1950 മുതല്‍ സോവിയറ്റ് യൂണിയന്‍ തകരുന്നത് വരെ നിലനിന്ന അമേരിക്കയും റഷ്യയും തമ്മിലുള്ള സംഘര്‍ഷാത്മക രാഷ്ട്രീയത്തെ സൂചിപ്പിക്കുന്നതിനു ഉപയോഗിക്കുന്ന പദമാണ് ശീതയുദ്ധം. അതായത് അമേരിക്കയും റഷ്യയും തമ്മില്‍ നേര്‍ക്കുനേര്‍ ഒരു യുദ്ധം നടന്നിട്ടില്ല. ഈ ശീതയുദ്ധകാലത്താണ് അഫ്ഗാനിസ്ഥാനില്‍ റഷ്യന്‍ ഇടപെടലും ചിലി, പനാമ, മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ പ്രദേശങ്ങളില്‍ അമേരിക്കന്‍ ഇടപെടലും ഉണ്ടായത്. രണ്ടു വന്‍ശക്തികള്‍ തമ്മിലുള്ള കിടമത്സരത്തിന്‍റെ ഭാഗമായി ലോകത്തെ ചെറുരാഷ്ട്രങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന യാതനകളെയും പ്രശ്നങ്ങളെയുമാണ് ശീതയുദ്ധം എന്ന് വിളിച്ച് നിസ്സാരവത്കരിക്കുന്നത്. ശീതയുദ്ധത്തില്‍ അമേരിക്കക്കും സോവിയറ്റ് യൂണിയനും ഒന്നും സംഭവിച്ചില്ല, മറിച്ച് ആഫ്രിക്കയിലെയും ഏഷ്യയിലെയും മധ്യേഷ്യയിലെയും ലാറ്റിനമേരിക്കയിലെയും സാമാന്യ ജനങ്ങളാണ് അതിന്‍റെ എല്ലാവിധ ദുരിതങ്ങളും അനുഭവിച്ചത്. ആ ഹിംസാത്മക കാലത്തെയാണ് ശീതയുദ്ധം എന്ന് വിളിക്കുന്നത്.

ആന്തരിക വൈരുദ്ധ്യങ്ങളായിരുന്നു സോവിയറ്റു യൂണിയന്‍ തകരാനുള്ള പ്രധാന കാരണം. 19 മാസം ഇന്ത്യയില്‍ നിലനിന്നിരുന്ന അടിയന്തരാവസ്ഥയെക്കുറിച്ച് നാം ഇന്നും ഞെട്ടലോടെ ഓര്‍ക്കാറുണ്ട്. എന്നാല്‍ 70 വര്‍ഷം നീണ്ടുനിന്ന അടിയന്തരാവസ്ഥയാണ് സോവിയറ്റ് റഷ്യയില്‍ പ്രഖ്യാപിക്കപ്പെട്ടത്. ശബ്ദിക്കാനോ പ്രതികരിക്കാനോ സാധിക്കാത്ത, സിവില്‍ സമൂഹത്തിനും മനുഷ്യാവകാശങ്ങള്‍ക്കും പ്രസക്തിയില്ലാത്ത നിരന്തരമായ അടിയന്തരാവസ്ഥക്കാണ് സോവിയറ്റ് യൂണിയന്‍ സാക്ഷിയായത്. ഇതിന്‍റെയൊക്കെ അനിവാര്യ ഫലമെന്നോണം ഉണ്ടായ ജനകീയ പ്രക്ഷോഭത്തില്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നു.

കമ്യൂണിസ്റ്റ് ചേരി തകര്‍ന്ന് ജനാധിപത്യം വന്നതോടു കൂടി അമേരിക്കക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഒരു ശത്രുവില്ലാത്ത അവസ്ഥ സംജാതമായി. അധിനിവേശം നടത്താനും ആയുധ കച്ചവടം വ്യാപിപ്പിക്കാനും തങ്ങളുടെ ഹിംസകളെ ന്യായീകരിക്കാനും എല്ലാകാലത്തും അവര്‍ക്ക് ഒരു ശത്രു അനിവാര്യമായിരുന്നു. അത്തരമൊരു ശത്രുവിന്‍റെ അഭാവം സൃഷ്ടിച്ച ശൂന്യതയെ മറികടക്കാന്‍ അമേരിക്ക ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച പദപ്രയോഗങ്ങളാണ് ഇസ്‌ലാമിക ഭീകരത, മുസ്‌ലിം ഭീകരവാദം തുടങ്ങിയവ.

കമ്യൂണിസ്റ്റ് ചേരി തകര്‍ന്ന് ജനാധിപത്യം വന്നതോടു കൂടി അമേരിക്കക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഒരു ശത്രുവില്ലാത്ത അവസ്ഥ സംജാതമായി. അധിനിവേശം നടത്താനും ആയുധ കച്ചവടം വ്യാപിപ്പിക്കാനും തങ്ങളുടെ ഹിംസകളെ ന്യായീകരിക്കാനും എല്ലാകാലത്തും അവര്‍ക്ക് ഒരു ശത്രു അനിവാര്യമായിരുന്നു. അത്തരമൊരു ശത്രുവിന്‍റെ അഭാവം സൃഷ്ടിച്ച ശൂന്യതയെ മറികടക്കാന്‍ അമേരിക്ക ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച പദപ്രയോഗങ്ങളാണ് ഇസ്‌ലാമിക ഭീകരത, മുസ്‌ലിം ഭീകരവാദം തുടങ്ങിയവ. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ നിലനില്‍പിന് അത്തരമൊരു ശത്രുവിനെ സൃഷ്ടിക്കല്‍ അനിവാര്യവുമായിരുന്നു. ഇവിടെയാണ് ഹിംസക്കെതിരെയുള്ള ഇസ്‌ലാമിന്‍റെ അധ്യാപനങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതു പ്രസക്തമാവുന്നത്.

പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള സംഘട്ടനമായിരുന്നു അത്രയും നാള്‍ ഉണ്ടായിരുന്നത്. അതായത് സോവിയറ്റു യൂണിയന്‍ പ്രതിനിധീകരിച്ചിരുന്ന കമ്യൂണിസത്തെ ശത്രുപക്ഷത്തു നിര്‍ത്തിയാണ് തങ്ങളുടെ അധിനിവേശങ്ങള്‍ക്ക് അമേരിക്ക ന്യായീകരണം ചമച്ചിരുന്നത്. കമ്യൂണിസം തകര്‍ന്നതോടു കൂടി ആ ന്യായീകരണത്തിനു പ്രസക്തിയില്ലാതായി. തുടര്‍ന്നാണ് ഇനി സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനമാണ് നടക്കുക എന്ന സിദ്ധാന്തം ലോകത്ത് അവതരിപ്പിക്കപ്പെടുന്നത്. സാമുല്‍ പി. ഹണ്ടിങ്ട ണിന്‍റെ ‘ക്ലാഷ് ഓഫ് സിവിലൈസേഷന്‍’ എന്ന കൃതി പ്രസ്തുത സിദ്ധാന്തത്തിനു പുസ്തക രൂപം നല്‍കി. ക്ലാഷില്ലാതെ, സാമ്രാജ്യത്വത്തിനു കാശുണ്ടാക്കാനാകില്ലെന്നതാണു യാഥാര്‍ഥ്യം. ഹിംസയാണു സാമ്രാജ്യത്വത്തിന്‍റെ അടിസ്ഥാന സ്വഭാവം.

സംസ്കാരങ്ങള്‍ തമ്മില്‍ സഹവര്‍ത്തിത്വവും സമന്വയങ്ങളുമാണു സാധ്യമാകേണ്ടത്. ഭരണകൂടങ്ങള്‍ തമ്മിലാണ് ചരിത്രത്തില്‍ സംഘട്ടനങ്ങള്‍ ഉണ്ടായിട്ടുള്ളത്. സംസ്കാരങ്ങള്‍ തമ്മില്‍ കൊടുക്കല്‍ വാങ്ങലുകളാണു നടന്നിട്ടുള്ളത്. ഇസ്‌ലാമിക സംസ്കാരമാണ് അമേരിക്കക്ക് ഏറ്റവും വലിയ വെല്ലുവിളിയാവാന്‍ പോകുന്നതെന്ന് ഹണ്ടിങ്ടണ്‍ തന്‍റെ പുസ്തകത്തില്‍ പറയുന്നുണ്ട്. അങ്ങനെ ശൂന്യതയില്‍ നിന്ന് ഇസ്‌ലാമിക തീവ്രവാദമെന്ന ശത്രു സൃഷ്ടിക്കപ്പെടുന്നു. അതിനു മുന്‍പ് ഇത്ര വ്യാപകമായി ആ വാക്കു കേട്ടിട്ടുണ്ടോ? ഈ പശ്ചാത്തലത്തിലാണ് ഭീകരവാദം എന്ന പദവുമായി ഇസ്‌ലാമിനെ ചേര്‍ത്തു പറയുന്നതിനു പിന്നിലെ അമേരിക്കന്‍ അധിനിവേശ തന്ത്രത്തെയും പ്രചാരവേലകളെയും മനസ്സിലാക്കേണ്ടത്. ഇങ്ങനെയാണ് ഇസ്‌ലാമിന് ഭീകരവാദവുമായി അതുവരെയില്ലാത്ത ബന്ധം ഉടലെടുക്കുന്നത്.

അടുത്തിടെയാണ് ഇസ്രായേല്‍ സമ്പൂര്‍ണ ജൂതരാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടത്. വര്‍ഷങ്ങളായി കുട്ടികളും സ്ത്രീകളുമടങ്ങുന്ന ഫലസ്ത്വീനികളെ കൂട്ടക്കൊല ചെയ്യുകയും പീഡിപ്പിക്കുകയുമാണ് ഇസ്രായേലി അധിനിവേശ ഭരണകൂടം ചെയ്യുന്നത്. സമാധാനപരമായി നടത്തുന്ന അധിനിവേശ വിരുദ്ധ പ്രതിഷേധ പരിപാടികളുടെ നേര്‍ക്ക് നിസങ്കോചം വെടിയുതിര്‍ക്കുന്ന ഇസ്രായേലി അധിനിവേശ സൈന്യത്തിനെതിരെ ഫലസ്ത്വീനികള്‍ കല്ലുകളെറിയാറുണ്ട്. അതിന്‍റെ പേരില്‍ കൊച്ചു കുട്ടികളെ വരെ അറസ്റ്റ് ചെയ്യുകയും ദിവസങ്ങളോളം തടവില്‍ പാര്‍പ്പിക്കുകയും ചെയ്യുന്നത് ഇസ്രായേല്‍ ഭരണകൂടത്തിന്‍റെ പ്രഖ്യാപിത നയങ്ങളില്‍പെട്ട കാര്യമാണ്. എന്നാല്‍ അതിനെതിരെ ആഗോള പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരാറില്ല. അതേസമയം ഫലസ്ത്വീനികളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏതെങ്കിലുമൊരു ഇസ്രായേല്‍ സൈനികന് പരിക്കേല്‍ക്കുകയോ മറ്റോ ചെയ്താല്‍ ഫലസ്ത്വീന്‍ ഭീകരവാദത്തെയും തീവ്രവാദത്തെയും കുറിച്ചുള്ള തലകെട്ടുകളും ചര്‍ച്ചകളും കൊണ്ട് പത്രമാധ്യമങ്ങള്‍ സജീവമാകുന്നത് കാണാം.

വന്‍ശക്തികള്‍ നടത്തുന്ന വലിയ ഹിംസകളും അതിന്‍റെ പ്രതികരണമായുണ്ടാകുന്ന ചെറിയ ഒറ്റപ്പെട്ട സംഭവങ്ങളും വേര്‍തിരിച്ചു തന്നെ മനസ്സിലാക്കപ്പെടേണ്ടതുണ്ട്. വന്‍ശക്തികള്‍ നടത്തുന്ന ഹിംസക്കെതിരെ എന്തെങ്കിലും തരത്തിലുള്ള പ്രതിഹിംസ ഉണ്ടായാല്‍ ആ പ്രതിഹിംസയെ പര്‍വതീകരിച്ചു കാണിക്കുന്ന ഒരു സാഹചര്യം ഇന്ന് ലോകത്താകമാനം നിലനില്‍ക്കുന്നുണ്ട് എന്ന യാഥാര്‍ഥ്യം അടിച്ചമര്‍ത്തലിന് ഇരയാവുന്ന എല്ലാ വിഭാഗങ്ങളും മനസ്സിലാക്കണം. കാരണം പാര്‍ശ്വവല്‍കൃതരെ ചുമരിലേക്ക് തള്ളി നിര്‍ത്തുകയാണ് ആധിപത്യവര്‍ഗത്തിന്‍റെ രീതി. പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ ചെറുതായൊന്ന് തിരിച്ച് തള്ളിയാല്‍, പ്രതിരോധിച്ചാല്‍, അത് വലിയ ഹിംസയായി മുദ്രകുത്തപ്പെടുകയും ചെയ്യും.

ഇന്ത്യയില്‍ രണ്ടു തരത്തിലുള്ള ഹിംസകള്‍ നടക്കുന്നുണ്ട്. ഒന്ന്, ഹിന്ദുത്വ ശക്തികള്‍ നേരിട്ട് നടത്തുന്ന ആള്‍ക്കൂട്ട കൊലകളിലൂടെ നടപ്പിലാക്കുന്നതാണ്. മാംസം കൈവശം സൂക്ഷിച്ചതിന്‍റെയും ഭക്ഷിച്ചതിന്‍റെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടുന്ന ദാരുണമായ അവസ്ഥ. രണ്ട്, ഹിന്ദുത്വത്തിന്‍റെ തന്നെ മൃദുശക്തി ഉപയോഗപ്പെടുത്തിയുള്ള ഹിംസ. മൃദുഹിന്ദുത്വവും തീവ്രഹിന്ദുത്വവും ഒരുമിച്ച് ആക്രമണം അഴിച്ചുവിടുന്ന സ്ഥിതിവിശേഷമാണ് ഇന്നിവിടെ നിലനില്‍ക്കുന്നത്.

ഇവിടെയാണ് അഹിംസയുടെ സന്ദേശം ഉയര്‍ത്തി പിടിക്കേണ്ടത്. അപരന്‍റെ രക്തത്തിനായി ദാഹിക്കുന്ന ഒരു സംസ്കാരം ജനാധിപത്യ രാഷ്ട്രീയത്തിന്‍റെ മുഖംമൂടിയണിഞ്ഞ് ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെയുള്ള പ്രതിരോധം എങ്ങനെയാവണമെന്നുള്ളതിനെ കുറിച്ച് വളരെ വിശദമായ, ആഴത്തിലുള്ള ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. കാരണം, പീ‍ഡിപ്പിക്കപ്പെടുകയും ഹിംസ അനുഭവിക്കുകയും ചെയ്യുന്ന വിഭാഗങ്ങള്‍ക്ക് വേണ്ടി ആ വിഭാഗങ്ങളുടെ ഉള്ളില്‍ നിന്നു കൊണ്ടോ, ആ വിഭാഗങ്ങളുടെ സ്വത്വം ഉയര്‍ത്തിപിടിച്ചു കൊണ്ടോ അവര്‍ നേരിടുന്ന ഹിംസക്കെതിരെ ശബ്ദിക്കാന്‍ പോലും അവകാശമില്ലായെന്ന് പറയുന്ന ഒരു പ്രതിലോമ രാഷ്ട്രീയം ഇന്ന് ഇന്ത്യയിലെങ്ങും വ്യാപകമായികൊണ്ടിരിക്കുകയാണ്. ഇതും യഥാര്‍ഥത്തില്‍ ഹിംസയുടെ ഒരു രൂപമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

അപരന്‍റെ രക്തത്തിനായി ദാഹിക്കുന്ന ഒരു സംസ്കാരം ജനാധിപത്യ രാഷ്ട്രീയത്തിന്‍റെ മുഖംമൂടിയണിഞ്ഞ് ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെയുള്ള പ്രതിരോധം എങ്ങനെയാവണമെന്നുള്ളതിനെ കുറിച്ച് വളരെ വിശദമായ, ആഴത്തിലുള്ള ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്.

അക്രമരാഷ്ട്രീയത്തെ നിസ്സാരമായി മതവുമായി ബന്ധിപ്പിക്കുന്നതിലൂടെ വിപുലമായ രാഷ്ട്രീയനേട്ടം കൊയ്യുന്നത് ഹിന്ദുത്വ ശക്തികളാണെന്ന് നാം തിരിച്ചറിയണം. കാരണം ന്യൂനപക്ഷ വിഭാഗങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള മതപ്രകാശനങ്ങള്‍ ഭാവിയില്‍ പോലും ഉണ്ടാവരുതെന്ന തങ്ങളുടെ അജണ്ട നടപ്പിലാക്കാനുള്ള അവസരമായാണ് ഹിന്ദുത്വ ശക്തികള്‍ ഇതിനെ കാണുന്നത്. കേരളത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഹിംസയുടെ ഒരു രൂപമാണ് അക്രമരാഷ്ട്രീയം. കാമ്പസുകളിലും ഇതു നിലനില്‍ക്കുന്നുണ്ട്. അതെങ്ങനെയാണ് ഉരുവം കൊള്ളുന്നതെന്ന് വിദ്യാര്‍ഥി ജീവിതത്തിലും അധ്യാപക ജീവിതത്തിലും ഞാന്‍ നേരിട്ടു തന്നെ മനസ്സിലാക്കിയിട്ടുണ്ട്. അഭിമന്യുവിനെ പോലുള്ളവരുടെ കൊലപാതകത്തില്‍ അക്രമരാഷ്ട്രീയത്തിനു വലിയ പങ്കുണ്ട്. പക്ഷേ അതിന്‍റെ അടിസ്ഥാനത്തില്‍ ഉണ്ടായ വ്യവഹാരങ്ങള്‍ മുഴുവനും പലതരം സംഘടനകളെ നിരോധിക്കണമെന്ന മുറവിളികളിലും മതഭീകരതയുമായി അതിനു ബന്ധമുണ്ടെന്ന തരത്തിലുള്ള വ്യാപകമായ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതിലുമാണു കേന്ദ്രീകരിക്കപ്പെട്ടത്. ഹിംസയും കൊലപാതകവും കാമ്പസിനകത്തും പുറത്തും ആരു നടത്തിയാലും അപലപിക്കപ്പെടേണ്ടതും തടയപ്പെടേണ്ടതുമാണ്. എന്നാല്‍ അതിന്‍റെ പേരില്‍ മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങളും മതത്തിന്‍റെ ഏറ്റവും ചെറിയ പ്രകാശനങ്ങള്‍ പോലും കാപട്യമാണെന്നു വിശേഷിപ്പിക്കുന്ന തരത്തിലുള്ള ഒരന്തരീക്ഷം ഇവിടെ സൃഷ്ടിക്കപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പാടില്ലാത്തതാണ്. അത്തരം പ്രകാശനങ്ങളെ പൊതുസമൂഹത്തിനു മുന്നില്‍ ഭീകരവാദമായി ഉയര്‍ത്തി കാണിക്കുന്ന ഒരു രാഷ്ട്രീയം ഇവിടെ ശക്തമായിരിക്കുന്നു. ഇത്തരം ഹിംസകളോടുള്ള പ്രതികരണം വളരെയധികം രാഷ്ട്രീയസൂക്ഷ്മത ആവശ്യപ്പെടുന്നുണ്ട്.

പക്ഷേ മുസ്‌ലിമായതിന്‍റെയും ദലിതനായതിന്‍റെയും പേരില്‍ നമ്മുടെ സഹോദരങ്ങള്‍ പീഡിപ്പിക്കപ്പെടുകയും ആള്‍ക്കൂട്ടങ്ങളാല്‍ കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ നിശ്ശബ്ദരായി ഇരിക്കാന്‍ ജനാധിപത്യ ബോധ്യമുള്ള ആര്‍ക്കും സാധിക്കില്ല. ഹിന്ദുത്വ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഒന്നിച്ചു നില്‍ക്കുന്നതിനു പകരം ആളുകള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പലരും ഏര്‍പ്പെടുന്നുണ്ടെന്നുള്ളത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ കാര്യമാണ്. ന്യൂനപക്ഷവിഭാഗങ്ങളുടെ പ്രതിഹിംസകള്‍ അവരെ കൂടുതല്‍ അടിച്ചമര്‍ത്താന്‍ ആധിപത്യവര്‍ഗം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ഹിംസയെ ഹിംസ കൊണ്ടു നേരിടാതെ ജനാധിപത്യ രീതികളിലൂടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനാണു ശ്രമിക്കേണ്ടത്.

 

‘ഹിംസയുടെ രാഷ്ട്രീയത്തോട് ഇസ്‌ലാം പ്രതികരിക്കുന്നു’ എന്ന തലകെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് 2018 ജൂലൈ 20 വെള്ളിയാഴ്ച തിരൂരിൽ സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ പ്രഭാഷണം.

കേട്ടെഴുതിയത്: ബിലാൽ ഇബ്‌നു ജമാൽ

പ്രഭാഷണം ഇവിടെ കേൾക്കാം: https://bit.ly/2CGncz3

Top