ഇസ്‌ലാം, ജെ.എൻ.യു, ഇടതുപക്ഷം: ചില നിരീക്ഷണങ്ങൾ

വളരെ സ്വഭാവികമായി ഒരു സാമൂഹിക സംവര്‍ഗമെന്ന നിലയില്‍ വര്‍ഗീയതയെ കാണുന്നതിനെയും, അതുകൊണ്ടു തന്നെ സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്ന മുസ്‌ലിം സംഘടനകളെ ‘വര്‍ഗീയത’ എന്ന പദം ഉപയോഗിച്ച് ഇല്ലാതാക്കാന്‍ കഴിയുന്നതിനെയും പ്രശ്‌നവല്‍കരിക്കേണ്ടതുണ്ട്. ‘അപ്, അപ് സെകുലറിസം, ഡൗണ്‍ ഡൗണ്‍ കമ്യൂണലിസം’ എന്നത് ജെ.എന്‍.യുവിലെ വളരെ പ്രശസ്തമായ ഒരു മുദ്രാവാക്യമാണ്. പക്ഷേ, അതിലെ സംവര്‍ഗങ്ങളുടെ പ്രശ്‌നകലുഷിതമായ ചരിത്രത്തെ കുറിച്ചും, ഒരു ദ്വന്ദ്വമെന്ന നിലയില്‍ അത് എങ്ങനെയാണ് ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയശബ്ദങ്ങളെ ഇല്ലാതാക്കിയത് എന്നതിനെ കുറിച്ചും ആ മുദ്രാവാക്യം വിളിക്കുന്ന പലര്‍ക്കും വലിയ ധാരണയൊന്നുമില്ല. നോയൽ മറിയം ജോർജ് എഴുതുന്നു.

‘എസ്.ഐ.ഒ ആര്‍.എസ്.എസ്സിനെ പോലെയാണ്. അതൊരു വര്‍ഗീയ സംഘടനയാണ്.’ ജെ.എന്‍.യു വിദ്യാര്‍ഥിയായിരുന്ന നജീബ് കാമ്പസില്‍ നിന്നും അപ്രത്യക്ഷനായതുമായി ബന്ധപ്പെട്ട് സി.ബി.ഐ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധപ്രകടനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ, ഐസയില്‍ (AISA) എന്റെ കൂടെ പ്രവര്‍ത്തിക്കുന്ന ഒരു സഖാവ് പറഞ്ഞ വാക്കുകളാണിത്. നമുക്കെല്ലാവര്‍ക്കും അറിയാവുന്നത് പോലെ ജെ.എന്‍.യുവിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു നജീബ്. പൊതുവെ ശാന്തനും ഉള്‍വലിഞ്ഞ പ്രകൃതക്കാരനുമായിരുന്ന നജീബ്, ആര്‍.എസ്.എസ് അനുകൂല വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തകരുമായി കശപിശ ഉണ്ടാവുകയും, തുടര്‍ന്ന് കാമ്പസില്‍ നിന്ന് കാണാതാവുകയുമാണ് ഉണ്ടായത്. ഈ പ്രശ്‌നത്തെ ഒരു ഇടത് വലത് ബൈനറി ഉപയോഗിച്ചുള്ള ആഖ്യാനത്തിലൂടെ മനസിലാക്കുകയും, നജീബിനെ കാണാതായതിന് പിന്നിലെ മുസ്‌ലിം സ്വത്വസംബന്ധിയായ കാരണങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്തു. നജീബിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കേവലം ഇടതു-വലത് ദ്വന്ദ്വത്തിലേക്ക് ചുരുങ്ങുകയും ചെയ്തു.

പലപ്പോഴും മുസ്‌ലിം വിദ്യാര്‍ഥി സംഘടനകള്‍, പ്രത്യേകിച്ച് ജെ.എന്‍.യുവില്‍ നജീബിന്റെ മുസ്‌ലിം സ്വത്വത്തെ കുറിച്ച് സംസാരിച്ചാല്‍ അത് നജീബിന്റെ അപ്രത്യക്ഷമാകലിന് പിന്നിലെ രാഷ്ട്രീയത്തെ വര്‍ഗീയവല്‍കരിക്കലാണെന്ന് മുദ്രകുത്തുന്ന ഒരു വ്യവഹാരം ഇവിടെ നിലനില്‍ക്കുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ജെ.എന്‍.യുവിലെ ഒരു വിദ്യാര്‍ഥി മാത്രമാണ് നജീബ്. പക്ഷേ ഐസയില്‍ പ്രവര്‍ത്തിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം അതൊരു ശരിയായ നിലപാടായി തോന്നിയില്ല. എന്നാല്‍ ആ സമയത്ത് ‘വര്‍ഗീയത’ എന്ന വ്യവഹാരത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ച് എനിക്ക് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. പലപ്പോഴും മതം സമം ‘വര്‍ഗീയത’ എന്ന് കേവലാര്‍ഥത്തില്‍ നാം പറയുമ്പോള്‍, ചില മുസ്‌ലിം വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ സാമൂഹ്യമായ നിലനില്‍പ്പിനെ ബാധിക്കുന്ന ഒന്നായി പ്രസ്തുത അര്‍ഥകല്‍പന മാറുന്ന പ്രശ്‌നത്തെ കുറിച്ച് നാം ആലോചിക്കേണ്ടതുണ്ട്.

വളരെ സ്വഭാവികമായി ഒരു സാമൂഹിക സംവര്‍ഗമെന്ന നിലയില്‍ വര്‍ഗീയതയെ കാണുന്നതിനെയും, അതുകൊണ്ടു തന്നെ സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്ന മുസ്‌ലിം സംഘടനകളെ വര്‍ഗീയത എന്ന പദം ഉപയോഗിച്ച് നമുക്ക് ഇല്ലാതാക്കാന്‍ കഴിയുന്നതിനെയും പ്രശ്‌നവല്‍കരിക്കേണ്ടതുണ്ട്. ‘അപ്, അപ് സെകുലറിസം, ഡൗണ്‍ ഡൗണ്‍ കമ്യൂണലിസം’ എന്നത് ജെ.എന്‍.യുവിലെ വളരെ പ്രശസ്തമായ ഒരു മുദ്രാവാക്യമാണ്. പക്ഷേ, അതിലെ സംവര്‍ഗങ്ങളുടെ പ്രശ്‌നകലുഷിതമായ ചരിത്രത്തെ കുറിച്ചും, ഒരു ദ്വന്ദ്വമെന്ന നിലയില്‍ അത് എങ്ങനെയാണ് ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയശബ്ദങ്ങളെ ഇല്ലാതാക്കിയത് എന്നതിനെ കുറിച്ചും ആ മുദ്രാവാക്യം വിളിക്കുന്ന പലര്‍ക്കും വലിയ ധാരണയൊന്നുമില്ല. ഈ സംവര്‍ഗങ്ങള്‍, വിശിഷ്യാ സെകുലറിസം, കമ്യൂണലിസം എന്നീ സംവര്‍ഗങ്ങള്‍, അധികാരത്തിന്റെ പ്രശ്‌നങ്ങള്‍ മറച്ചുപിടിക്കാനും ന്യൂനപക്ഷ ശബ്ദങ്ങള്‍ ഇല്ലാതാക്കാനുമാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളതെന്ന് തോന്നുന്നു. അതുകൊണ്ടു തന്നെ വര്‍ഗീയത എന്ന സംവര്‍ഗം ഇന്നത്തെ സാഹചര്യത്തില്‍ ഉപയോഗിക്കുന്നത് വളരെയധികം പ്രശ്‌നകരമാണ്. രാഷ്ട്രീയപരമായ അതിന്റെ ഉപയോഗം പലപ്പോഴും ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് രാഷ്ട്രീയ സംഘാടനത്തിനുള്ള ഉപാധികള്‍ ഇല്ലാതാക്കുന്നതിലാണ് കലാശിക്കുക.

‘അപ്, അപ് സെകുലറിസം, ഡൗണ്‍ ഡൗണ്‍ കമ്യൂണലിസം’ എന്നത് ജെ.എന്‍.യുവിലെ വളരെ പ്രശസ്തമായ ഒരു മുദ്രാവാക്യമാണ്. പക്ഷേ, അതിലെ സംവര്‍ഗങ്ങളുടെ പ്രശ്‌നകലുഷിതമായ ചരിത്രത്തെ കുറിച്ചും, ഒരു ദ്വന്ദ്വമെന്ന നിലയില്‍ അത് എങ്ങനെയാണ് ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയശബ്ദങ്ങളെ ഇല്ലാതാക്കിയത് എന്നതിനെ കുറിച്ചും ആ മുദ്രാവാക്യം വിളിക്കുന്ന പലര്‍ക്കും വലിയ ധാരണയൊന്നുമില്ല.

നജീബിന്റെ കാര്യം തന്നെ എടുത്താല്‍, അവന്റെ പൗരത്വവും നിലനില്‍പ്പും ഇല്ലാതാക്കിയിരിക്കുന്നു. നജീബിന്റെ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് സംഘടിക്കാന്‍ കഴിയില്ല. കാരണം അത് വര്‍ഗീയമാവും. ഇടതുപക്ഷം പോലും ഇത്തരമൊരു തെറ്റിദ്ധാരണ വെച്ചുപുലര്‍ത്തുന്നുണ്ട്. തീര്‍ച്ചയായും ഒരു കമ്യൂണിസറ്റ് ഉട്ടോപ്യയില്‍, ആളുകള്‍ അവരുടെ സാമുദായിക സ്വത്വത്തിന് അപ്പുറത്ത്, ശുദ്ധ ഭൗതിക ജീവികളായി തന്നെയാണ് സംഘടിക്കേണ്ടതെന്ന് നമുക്ക് പറയാം. പക്ഷേ ഒരു ലിബറല്‍ ഡെമോക്രസി എന്നു പറയുന്നത് കമ്യൂണിസ്റ്റ് ഉട്ടോപ്യകളില്‍ നിന്നും വളരെയധികം വിദൂരമാണ്. അതുകൊണ്ടു തന്നെ, ഒരു കമ്യൂണിസ്റ്റ് ഉട്ടോപ്യയുടെ മാതൃകകള്‍ ഉപയോഗിച്ച്, വിശിഷ്യാ പിന്നാക്ക ജനവിഭാഗങ്ങളും, മുസ്‌ലിംകള്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളും തങ്ങളുടെ സ്വത്വം ഉപയോഗിക്കുന്നതിനെ വര്‍ഗീയവാദം എന്ന് വിളിക്കുന്നത് പലപ്പോഴും അധികാരത്തിലുള്ളവരെ സഹായിക്കാനാണ് ഉപകരിക്കുക. മാത്രമല്ല, ഇങ്ങനെയുള്ള ഇടപാടുകള്‍ അടിസ്ഥാനപരമായി ലിബറല്‍ ജനാധിപത്യത്തിന്റെ നിലനില്‍പിനെ മാത്രമാണ് സഹായിക്കുന്നത്.

ലിബറല്‍ ജനാധിപത്യത്തിന് എപ്പോഴും ഒരു ശത്രുവിനെ വേണം. അതിനതിന്റെ മുഖ്യധാര ബോധത്തെ നിലനിര്‍ത്താനും മുന്നോട്ടു കൊണ്ടുപോകാനും അയുക്തിനിറഞ്ഞ ഒരു അപരനെ ആവശ്യമുണ്ട്. ഈ അപരവല്‍കരണത്തിനും അതിലൂടെ ഒരു വിഭാഗത്തെ അപമാനിക്കുന്നതിനുമാണ് ഇന്നത്തെ സാഹചര്യത്തില്‍ വര്‍ഗീയത എന്ന സംവര്‍ഗം ഉപയോഗിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അതിനാല്‍തന്നെ വര്‍ഗീയത, വര്‍ഗീയവാദി, ഭീകരവാദി, മതഭ്രാന്തന്‍ തുടങ്ങിയ വിളിപ്പേരുകള്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലെ അധീശ മലയാളി ഇടതു ലിബറല്‍ വ്യവഹാരങ്ങളുടെ ഭാഗമായി ധാരാളം ഉപയോഗിക്കപ്പെടുകയും, അങ്ങനെയുള്ള ലേബലുകള്‍ ഉപയോഗിക്കപ്പെടുന്നതിനാല്‍ തന്നെ, മറ്റൊരു തരത്തിലുള്ള ന്യൂനപക്ഷ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതിരിക്കാനും കഴിയുന്നു. അതുകൊണ്ടു തന്നെ, ഈ ഭാഷ ഒഴിവാക്കുന്നത് പുതിയ രാഷ്ട്രീയത്തിന് അത്യന്തികാപേക്ഷികമാണ്.

ലിബറല്‍ ജനാധിപത്യത്തിന് ഒരു Collective Psyche നിര്‍മിക്കേണ്ടതുണ്ട്. കാരണം ലിബറല്‍ ജനാധിപത്യം എപ്പോഴും നിലനില്‍ക്കുന്നത് ഒരു ശത്രുവിനെ നിര്‍മിച്ചു കൊണ്ടും, അതിലൂടെയുള്ള ഭയത്തെ നിലനിര്‍ത്തികൊണ്ടുമാണ്. ലിബറല്‍ രാഷ്ട്രീയവും അങ്ങനെയാണ് നിലനില്‍ക്കുന്നത്. പക്ഷേ നമ്മുടെ സാഹചര്യത്തില്‍, ലിബറല്‍ രാഷ്ട്രീയവും അതിന്റെ ഇടതു വകഭേദങ്ങളും ഇന്നത്തെ ലിബറല്‍ ജനാധിപത്യം നടത്തിക്കൊണ്ടിരിക്കുന്ന അപരവല്‍കരണത്തിന്റെ യുക്തിയെ സ്വാംശീകരിക്കുകയും, അതിലൂടെ ഇടതുവ്യവഹാരങ്ങളുടെ പേരിലുള്ള അതിക്രമങ്ങളെ മറച്ചുവെക്കുകയും ചെയ്യുന്നുണ്ട്. മാധ്യമങ്ങളായാലും ഭരണകൂടങ്ങളായാലും ഇതേ യുക്തിയാണ് ന്യൂനപക്ഷ സമുദായങ്ങളെ സംബന്ധിച്ചുള്ള വ്യവഹാരങ്ങളില്‍ പിന്തുടരുന്നത്. അതിനാല്‍ തന്നെ ന്യൂനപക്ഷ വിഭാഗങ്ങളെ കുറിച്ച് പുതിയ ആഖ്യാനങ്ങള്‍ പല രീതിയില്‍ നിര്‍മിക്കാനും, തോന്നിയ പോലെ വസ്തുതകളും സ്ഥിതിവിവരകണക്കുകളും ഉപയോഗിക്കാനും, ന്യൂനപക്ഷ സമുദായങ്ങളെ സംബന്ധിച്ച് ചില അത്യപൂര്‍വ്വ സംഭവങ്ങള്‍ നിര്‍മിക്കാനും, അങ്ങനെ ഭീകരവാദികളെ കുറിച്ചും മതഭ്രാന്തന്‍മാരെ കുറിച്ചും വര്‍ഗീയവാദികളെ കുറിച്ചുമുള്ള വ്യവഹാരങ്ങള്‍ നിര്‍മിക്കാനും കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിലൂടെ, രാഷ്ട്രീയ പ്രതിനിധാനത്തിന്റെയും രാഷ്ട്രീയ ശബ്ദത്തിന്റെയും തലങ്ങളിലുള്ള പ്രധാന പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുന്നു. മുസ്‌ലിം ഭീകരവാദത്തെ കുറിച്ചും മുസ്‌ലിം അതിക്രമങ്ങളെ കുറിച്ചും വര്‍ഗീയവാദത്തെ കുറിച്ചുമുള്ള ഭീതി നിലനിര്‍ത്തികൊണ്ട് മുസ്‌ലിംകളുടെ രാഷ്ട്രീയ ശബ്ദങ്ങളെയും അവരുടെ ഭൗതികവും മനഃശാസ്ത്രപരവുമായ സാമൂഹിക അവസ്ഥകളെയും അഭിസംബോധന ചെയ്യാതിരിക്കുന്ന ഒരു സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്.

മുസ്‌ലിം ഭീകരവാദത്തെ കുറിച്ചും മുസ്‌ലിം അതിക്രമങ്ങളെ കുറിച്ചും വര്‍ഗീയവാദത്തെ കുറിച്ചുമുള്ള ഭീതി നിലനിര്‍ത്തികൊണ്ട് മുസ്‌ലിംകളുടെ രാഷ്ട്രീയ ശബ്ദങ്ങളെയും അവരുടെ ഭൗതികവും മനഃശാസ്ത്രപരവുമായ സാമൂഹിക അവസ്ഥകളെയും അഭിസംബോധന ചെയ്യാതിരിക്കുന്ന ഒരു സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്.

സമീപകാല ചരിത്രത്തില്‍ അമേരിക്കന്‍ സാമ്രാജ്യമാണ് ‘ഇസ്‌ലാമിക ഭീകരവാദം’ അഥവാ ‘റാഡിക്കല്‍ ഇസ്‌ലാം’ എന്ന വ്യവഹാരത്തിലൂടെ ഇത് ആദ്യമായി പ്രയോഗവല്‍കരിച്ചത്. പുറംരാജ്യങ്ങളിലെ സാമ്രാജ്യത്വ ദൗത്യങ്ങള്‍ക്ക് വേണ്ടിയാണ് അത് തുടങ്ങിവെച്ചത്. സ്വന്തം പൗരന്‍മാരുടെ സ്വകാര്യവും അല്ലാത്തതുമായ വിവരങ്ങള്‍ വ്യാപകമായി ശേഖരിക്കുന്നതിലും അവരുടെ മേല്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുന്നതിലുമാണ് അത് കലാശിച്ചത്. കറുത്ത വര്‍ഗക്കാര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളാണ് അതിന്റെ പ്രധാന ഇരകള്‍. മഹത്തായ വെളുത്ത വംശത്തിന്റെ അന്ത്യത്തെ കുറിച്ചും, ‘റാഡിക്കല്‍ ഇസ്‌ലാമിസ്റ്റുകള്‍’, ‘കറുത്തവര്‍ഗക്കാരായ ഗ്യാങ്സ്റ്ററുകള്‍’, ‘മെക്‌സിക്കല്‍ ബലാത്സംഗകര്‍’ തുടങ്ങിയവരില്‍ നിന്നും നേരിടുന്ന ഭീഷണിയെ കുറിച്ചും വെളുത്തവര്‍ഗ ദേശീയവാദികള്‍ സംസാരിക്കുന്നതായി കാണുന്നു. വെളുത്തവംശാധിപത്യ ദേശീയത അസംബന്ധമാണെന്ന് സാധാരണക്കാരായ ഒരുപാട് അമേരിക്കക്കാര്‍ കരുതുന്നുണ്ടെങ്കിലും, പ്രസ്തുത ദേശീയതയുടെ നിരന്തരമായ പ്രക്ഷേപണം ഒരു തരം ഭയം ഉല്‍പാദിപ്പിക്കുന്നുണ്ട്. ഈ ഭയത്തിലൂടെ ‘ഭീകരവിരുദ്ധ യുദ്ധം’, ‘ലഹരി വിരുദ്ധ യുദ്ധം’ തുടങ്ങി സമീപകാലത്ത് തുടക്കമിട്ട ‘അഭയാര്‍ഥി വിരുദ്ധ യുദ്ധം’ തുടങ്ങിയവയിലൂടെ അധികാരത്തിന്റെ ‘അസാധാരണ’ ഉപയോഗവും, പ്രസ്തുത ‘ഭീഷണി’കളെ സംബന്ധിച്ചുള്ള ‘ശാസ്ത്രീയവും’, ‘സ്റ്റാറ്റിസ്റ്റിക്കലും’, ‘അക്കാദമികവുമായ’ പഠന വേദിയൊരുക്കലും സാധ്യമാവുന്നു.

സെപ്റ്റംബര്‍ 11ന് ശേഷം പൊട്ടിപ്പുറപ്പെട്ട ഇസ്‌ലാം വിരുദ്ധ ഭ്രാന്തില്‍ നിന്നും ഇന്ത്യന്‍ സ്റ്റേറ്റും ഒരുപാട് നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്. പ്രസ്തുത ഫോബിയയുടെ യുക്തിരാഹിത്യത്തെ ചോദ്യം ചെയ്യുന്നതിന് പകരം അതിനെ ലെജിറ്റമൈസ് മാത്രം ചെയ്തിട്ടുള്ള നിരന്തരമായ സംവാദങ്ങളിലൂടെ പ്രസ്തുത ‘ഭീഷണികളെ’ മനസിലാക്കാന്‍ ശ്രമിച്ച, വളര്‍ന്നുകൊണ്ടിരിക്കുന്ന ആഗോള അക്കാദമിക്-മിലിറ്ററി, മാധ്യമ സമുച്ചയത്തിനാണ് ഇതിന് നന്ദി പറയേണ്ടത്. കാമ്പസുകളില്‍ ‘ഇസ്‌ലാമിക് ടെററിസം’ എന്ന കോഴ്‌സ് തുടങ്ങുന്നതില്‍ നാം അത്ഭുതപ്പെടേണ്ട കാര്യമില്ല. അതിന്റെ വിവേകശൂന്യത വളരെയധികം അപകടം പിടിച്ചതാണ്. ഭീകരവാദവും ഇസ്‌ലാമും നിരന്തരം ഒരുമിച്ച് ഉപയോഗിക്കപ്പെട്ടത് ഒരുപാടു പേരുടെ മനസ്സില്‍ ഒരു cognitive fusion ഉണ്ടാവുന്നതിന് കാരണമായിട്ടുണ്ട്. ‘ജൂത ഭീകരവാദം’, ‘ക്രിസ്ത്യന്‍ ഭീകരവാദം’ അല്ലെങ്കില്‍ ‘ഹിന്ദു ഭീകരവാദം’ എന്നിവയെ കുറിച്ച് സംസാരിക്കുന്നത് പോലുള്ള അസംബന്ധം തന്നെയാണ് ‘ഇസ്‌ലാമിക് ഭീകരവാദ’ത്തെ കുറിച്ച് സംസാരിക്കുന്നതും എന്ന് ചൂണ്ടികാട്ടി ലേഖനങ്ങള്‍ എഴുതേണ്ടി വന്നു. ഏറെക്കുറെ വെളുത്തവംശീയ ദേശീയവാദികളെ പോലെ തന്നെ, ഇസ്‌ലാമിനെയും ഭീകരവാദത്തെയും വളരെ കാര്യക്ഷമമായി ഉപയോഗിച്ച കോര്‍പറേറ്റ് മാധ്യമങ്ങളില്‍ നിന്നും ഏറെ നേട്ടമുണ്ടാക്കിയത് ഹിന്ദു ദേശീയവാദികളാണ്.

മുസ്‌ലിംകളില്‍ നിന്നുള്ള അപകട-ആക്രമണ ഭീഷണി എന്ന ആശയം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങള്‍ക്കും സ്വീകാര്യമായി കൊണ്ടിരിക്കുകയാണ്. പ്രസ്തുത ആശയം എതിര്‍പ്പൊന്നും കൂടാതെ ‘ദേശീയ സുരക്ഷ’ എന്നതിന് എതിര്‍വശത്തായി വെക്കപ്പെട്ടു. നമുക്കെപ്പോഴും ‘അപരരെ’ ഭയമാണ്. കേരളത്തിലെ മുഖ്യധാരയുടെ കാര്യമെടുത്താല്‍, ആ അപരര്‍ ക്രിസ്ത്യാനികളോ കമ്യൂണിസ്റ്റുകളോ അല്ല, മറിച്ച് എല്ലായ്‌പ്പോഴും മുസ്‌ലിംകളാണ്. സൂക്ഷ്മമായ ഫാസിസ്റ്റ് രീതികളിലൂടെയുടെയും അവരുടെ തന്നെ അടിച്ചമര്‍ത്തലിന് ഏറ്റവും കൂടുതല്‍ വിധേയരാവുന്നതിലൂടെയും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുത്വ യുക്തി അനിയന്ത്രിതമായി പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുകയാണെങ്കിലും, അതിനെതിരെ വിമര്‍ശനമുന്നയിക്കാതെ, ‘ഫാസിസ്റ്റുകള്‍’, ‘മതഭ്രാന്തന്‍മാര്‍’, ‘വര്‍ഗീയവാദികള്‍’, ‘മൗലികവാദികള്‍’, ‘തീവ്രവാദികള്‍’ തുടങ്ങിയ വാക്കുകള്‍ മുസ്‌ലിം സാന്നിധ്യമുള്ള രാഷ്ട്രീയ ശക്തികള്‍ക്കെതിരെ അശ്രദ്ധമായി ഉപയോഗിക്കുന്നത് തുടരുകയാണ്.

എന്നെ സംബന്ധിച്ചിടത്തോളം ഈ യാഥാര്‍ഥ്യത്തിലേക്ക് കണ്ണു തുറപ്പിക്കുന്ന അത്യധികം വേദനാജനകമായ ഒന്നായിരുന്നു മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവം. ഗണ്യമായ അളവില്‍ മുസ്‌ലിം സാന്നിധ്യമുള്ള, അതേസമയം എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവരെയും ഉള്‍ക്കൊള്ളുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയിലെ ചില അംഗങ്ങള്‍ ചെയ്ത കിരാതമായ പ്രവര്‍ത്തിയെ വെസ്റ്റേഷ്യയിലെയും നോര്‍ത്ത് ആഫ്രിക്കയിലെയും സൗത്തേഷ്യയിലെ മറ്റു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെയും തത്വശാസ്ത്ര-രാഷ്ട്രീയ പ്രവണതകളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള പണ്ഡിതോചിത ലേഖനങ്ങളുടെയും ചാനല്‍ ചര്‍ച്ചകളുടെയും സാമൂഹ്യ മാധ്യമ സംവാദങ്ങളുടെയും ഒരു കുത്തൊഴുക്ക് തന്നെയുണ്ടായി. അക്രമത്തിന്റെ പ്രധാന ഹേതു സലഫി ജിഹാദിസവും മൗദൂദിസവും ഖുതുബിസവും വഹാബിസവുമാണെന്ന ആരോപണവും, സൗദി ഫണ്ടിങ്ങിനെയും സിമി ഭീകരവാദത്തെയും, രസകരമെന്ന് പറയട്ടെ, ഐ.എസിനെ വരെ ബന്ധിപ്പിച്ചു കൊണ്ടുള്ള സിദ്ധാന്തങ്ങളും ഉയര്‍ന്നുവന്നു. അടച്ചിട്ട മുറിയില്‍ കറങ്ങുന്ന കസേരയില്‍ ഇരുന്നുകൊണ്ട് മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ എഴുതിവിടുന്ന വാറോലകള്‍ക്കപ്പുറം ചിന്തിക്കുക എന്നത് എളുപ്പമല്ല. കേരള രാഷ്ട്രീയത്തിന്റെ പ്രത്യേകതകളെയും മുസ്‌ലിംകളുടെ രാഷ്ട്രീയ അരക്ഷിതാവസ്ഥയെയും പരിഗണിക്കാതെ, വളരെ അപകടകരമായ രീതിയില്‍ വൈകാരികമായി, നിലനില്‍ക്കുന്ന വാര്‍പ്പുമാതൃകകളെ ശക്തിപ്പെടുത്തുകയാണ് അത്തരം മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ ചെയ്തത്. ഇന്ത്യാ മഹാരാജ്യത്തെ മുസ്‌ലിംകളുടെ രാഷ്ട്രീയവു ഭൗതികവുമായ നിലനില്‍പ്പിനെ സംബന്ധിച്ച ആത്മാര്‍ത്ഥമായ ആശങ്കകള്‍ എന്തുകൊണ്ടാണ് എല്ലായ്‌പ്പോഴും ആഗോള ഗൂഢാലോചനയായി കണക്കാക്കപ്പെടുന്നത്?

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഹിന്ദു ദേശീയ രാഷ്ട്രത്തില്‍ ഒരു മുസ്‌ലിമായി ജീവിക്കുകയെന്നതും രാഷ്ട്രീയ അസ്തിത്വ പ്രകാശനം നടത്തുകയെന്നതും ആത്മഹത്യാപരം തന്നെയാണ്. കേരളത്തിന്റെ മുസ്‌ലിംകള്‍ക്ക് ഭരണകൂടം നിര്‍വചിക്കുന്ന വിധത്തില്‍ അവരുടെ ദേശീയതയും മതേതരത്വവും ഭീകരവാദ വിരുദ്ധതയും എല്ലായ്‌പ്പോഴും തെളിയിച്ചു കൊണ്ടിരിക്കേണ്ടതുണ്ട്.

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഹിന്ദു ദേശീയ രാഷ്ട്രത്തില്‍ ഒരു മുസ്‌ലിമായി ജീവിക്കുകയെന്നതും രാഷ്ട്രീയ അസ്തിത്വ പ്രകാശനം നടത്തുകയെന്നതും ആത്മഹത്യാപരം തന്നെയാണ്. കേരളത്തിന്റെ മുസ്‌ലിംകള്‍ക്ക് ഭരണകൂടം നിര്‍വചിക്കുന്ന വിധത്തില്‍ അവരുടെ ദേശീയതയും മതേതരത്വവും ഭീകരവാദ വിരുദ്ധതയും എല്ലായ്‌പ്പോഴും തെളിയിച്ചു കൊണ്ടിരിക്കേണ്ടതുണ്ട്. മാധ്യമ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നതിന് വിരുദ്ധമായി, ‘മുസ്‌ലിംകളുടേത്’ മാത്രമല്ലാത്ത കേരളത്തിലെ ‘മുസ്‌ലിം സംഘടകള്‍’ എന്ന് പറയപ്പെടുന്നവ പൊതുവെ ദുര്‍ബലമായവയാണ്. എല്ലായ്‌പ്പോഴും പുറന്തള്ളപ്പെടുകയും തുടച്ചുനീക്കപ്പെടുന്നതിന്റെയും അദൃശ്യവല്‍കരിക്കപ്പെടുന്നതിന്റെയും വേദനയാണ് ആ ദൗര്‍ബല്യം. സ്വന്തം പാര്‍ട്ടിയുടെ സാമുദായികാടിത്തറ പരിശോധിക്കാതെ ജാതി, സാമുദായിക രാഷ്ട്രീയത്തിനെ എതിര്‍ത്തു കൊണ്ട് ‘വര്‍ഗ’ രാഷ്ട്രീയത്തിന് ആഹ്വാനം ചെയ്യുന്ന സി.പി.ഐ.എമ്മിനെ പോലെയുള്ള സംഘടനകളുടെ പ്രവര്‍ത്തിയും, മുസ്‌ലിംകളെയും ദലിതരെയും വീണ്ടും വീണ്ടും തോല്‍പ്പിച്ചു കളഞ്ഞ, രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ‘സെക്കുലറിസ’ത്തെ അവസരത്തിനൊത്ത് ഉപയോഗപ്പെടുത്തിയ കോണ്‍ഗ്രസ്സിന്റെ ദേശീയതക്ക് വേണ്ടിയുള്ള ആഹ്വാനവും ഗംഭീരം തന്നെയാണ്. യാതൊരുവിധ self reflexivityയും കൂടാതെ, ജനാധിപത്യ ഇടങ്ങളില്‍ നിന്നും മുസ്‌ലിം സാന്നിധ്യത്തെ ഇല്ലാതാക്കുക എന്നതാണ് നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ‘സെക്കുലറിസം’, ‘കമ്യൂണലിസം’ എന്നീ ദ്വന്ദങ്ങള്‍ അര്‍ത്ഥമാക്കുന്നത്. ഒരു ‘ഹിന്ദു രാഷ്ട്രത്തില്‍’, അതിലെ മുസ്‌ലിംകളുടെയും ദലിതരുടെയും അന്യായ അറസ്റ്റും, കോടതിബാഹ്യ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും, തടങ്കലും, വിചാരണ കൂടാതെയുള്ള വധശിക്ഷയും ഒക്കെയാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

‘വര്‍ഗീയ’ ശക്തികളാലും വര്‍ധിച്ചു വരുന്ന ‘മത മൗലികവാദ’ത്താലും (മുസ്‌ലിംകള്‍ ഇക്കാര്യത്തിലും വളരെ ന്യൂനപക്ഷമാണ്) തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്ന ലിബറല്‍ ഉട്ടോപിയ എന്ന പ്രച്ഛന്നവേഷമണിയാനാണ് കേരളത്തിന്റെ ഭാവമെങ്കില്‍, നീതിയെ കുറിച്ച് സംസാരിച്ചവരെയെല്ലാം ‘മതഭ്രാന്തന്‍മാര്‍’ എന്ന് വിളിച്ചും, എതിര്‍ശബ്ദങ്ങളെ അദൃശ്യമാക്കിയും എങ്ങനെയാണ് നമ്മുടെ ടെക്സ്റ്റ്ബുക്കുകള്‍ കൊന്നുകളഞ്ഞത് എന്നതിനെ കുറിച്ച് നാം പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു.

ഇതുവരെ എഴുതപ്പെടാത്ത, മാറ്റത്തിന് വേണ്ടി വിരുദ്ധശക്തികളുടെ സംഘട്ടനം സംഭവിക്കുമെന്ന് മാര്‍ക്‌സ് പറഞ്ഞ, പുറന്തള്ളലിന്റെ ‘യഥാര്‍ഥ’ ചരിത്രത്തെ കുറിച്ച് ഇനി നമുക്ക് സംസാരിക്കാം. പൗരത്വം തന്നെ എല്ലായ്‌പ്പോഴും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കപ്പെടുന്ന ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ ഉദാര ജനാധിപത്യ ഇടത്തിലെ രാഷ്ട്രീയ ആവിഷകാര സ്വാതന്ത്ര്യം റദ്ദു ചെയ്യുന്നതാണ് വര്‍ഗ രാഷ്ട്രീയത്തിന്റെ നിര്‍വചനം എന്നതിനോട് മാര്‍ക്‌സ് യോജിക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ഇവിടെയുള്ള ഒരുപാട് ‘മുസ്‌ലിം’ ആധിപത്യ പാര്‍ട്ടികളുടെ പ്രത്യയശാസ്ത്രങ്ങളോടോ അല്ലെങ്കില്‍ നിലവിലെ പ്രവര്‍ത്തന രീതിയോടെ മാര്‍ക്‌സ് യോജിക്കില്ലെന്ന കാര്യം തീര്‍ച്ചയാണ്, പക്ഷേ കേവലം അതിജീവനത്തിനും നിലനില്‍ക്കാനും വേണ്ടി മാത്രം ശ്രമിക്കുന്ന ഒരു രാഷ്ട്രീയ ബോധ്യത്തിന്റെ സവിശേഷരൂപങ്ങളായി അദ്ദേഹം അവയെ കാണുമായിരുന്നു. തന്റെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയില്‍ psycho-social-നെ കൂടി ഉള്‍പ്പെടുത്താന്‍ ഒരുപക്ഷേ അദ്ദേഹം തന്റെ സിദ്ധാന്തം ഒന്നുകൂടി വികസിപ്പിക്കുമായിരുന്നു. അല്ലെങ്കിലും ഇന്ന് ആര്‍ക്കാണ് മാര്‍ക്‌സിനെ വേണ്ടത്. നമ്മള്‍ മലയാളികള്‍ക്ക് അദ്ദേഹത്തിന്റെ ഭാഷയും സോഷ്യലിസവും മടുത്തിരിക്കുന്നു എന്നതാണ് വാസ്തവം, അഥവാ ‘മൂലധന’ത്തിനെ കുറിച്ചുള്ള വിമര്‍ശനം മാര്‍ക്‌സില്‍ മാത്രം ഒതുങ്ങുന്നതല്ല.

 

(ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ  ഇന്റർനാഷണൽ സ്റ്റഡീസിൽ എം.എ
വിദ്യാർഥിനിയാണ് നോയൽ മറിയം ജോർജ്.സ്വദേശം എറണാകുളം)
Top