മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റ്: വിമത ശബ്ദങ്ങളെ അടിച്ചമർത്തി രാജ്യം പിടിച്ചെടുക്കുന്നു

അവകാശനിഷേധങ്ങൾക്കും കടന്നാക്രമണങ്ങൾക്കുമെതിരെ സംഘടിക്കുകയും പൊതുജനവികാരമുണർത്തുകയും ചെയ്യുന്ന മർദിതജനവിഭാഗങ്ങളുടെ ഉയിർത്തെഴുന്നേൽപ്പും അതിന് ലഭിക്കുന്ന ബൗദ്ധികപിന്തുണയും തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാവിമോഹങ്ങൾക്ക് തിരിച്ചടിയായും ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റമായും ശക്തി പ്രാപിക്കുന്നത് തന്നെയാണ് ഇപ്പോഴത്തെ അറസ്റ്റുകള്‍ക്ക് പിന്നിലെ പ്രധാനഹേതു. എ.എം നദ്‌വി എഴുതുന്നു.

ഇന്ത്യയുടെ വിവിധ നഗരങ്ങളിൽ നിന്ന് പൗരാവകാശ പ്രവർത്തകരും മാധ്യമ പ്രവർത്തകരും ദലിത് ബുദ്ധിജീവികളുമടങ്ങുന്ന പ്രമുഖരെ അറസ്റ്റു ചെയ്ത് ഗുരുതരമായ ആരോപണങ്ങളും കള്ളക്കേസുകളും ചുമത്തി ജയിലിലടച്ച നടപടിക്കെതിരെ ഭാഗികമെങ്കിലും വ്യാപകമായ പ്രതിഷേധമുയരുകയുണ്ടായി. മനുഷ്യാവകാശ പ്രവര്‍ത്തന രംഗത്ത് സജീവമായ പലരെയും അന്യായമായും അനാവശ്യമായും അറസ്റ്റു ചെയ്തും അവരുടെ താമസസ്ഥലങ്ങൾ റെയ്ഡ് ചെയ്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൂണെ പോലീസ്, ഭരണകൂട അതിക്രമങ്ങളുടെ ഉപകരണമായി മാറിയിരിക്കുകയാണ്. പിന്നീട് അഞ്ചു അറസ്റ്റുകളും റദ്ദു ചെയ്ത സുപ്രീകോടതിയുടെ നടപടി പ്രതിഷേധ ശബ്ദങ്ങളെ ശരിവെക്കുകയാണ് ചെയ്യുന്നത്.

ബ്രാഹ്മണ പെഷ്‌വാ സൈന്യത്തിനെതിരെ ദലിതര്‍ നേടിയ സൈനിക വിജയത്തിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് നടന്ന ദലിത് സ്വാഭിമാന പരിപാടികൾക്കെതിരെ സംഘ്പരിവാർ ഭീകരർ നടത്തിയ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് ദലിത് ജനവിഭാഗങ്ങളും അവരെ പിന്തുണക്കുന്നവരും നടത്തിയ പ്രതികരണങ്ങളാണ് ഹിന്ദുത്വ ഭരണവർഗത്തെ ചൊടിപ്പിച്ചിട്ടുള്ളത്. ദലിത്/ആദിവാസി/മുസ്‌ലിം വിഭാഗങ്ങളില്‍ ഉണ്ടായിവരുന്ന പുത്തനുണർവുകളെ ഭയാശങ്കകളോടെ കാണുകയും ഭീകരതയായി ചിത്രീകരിക്കുകയും ചെയ്യുന്ന ബ്രാഹ്മണീയന്യായങ്ങൾ തന്നെയാണ് ഇവിടെയും പ്രകടമാവുന്നത്.

ജിഗ്നേഷ് മേവാനി

ജിഗ്നേഷ് മേവാനി

അവശജനവിഭാഗങ്ങൾക്ക് അവരുടെ അവകാശങ്ങളെപ്പറ്റി അവബോധമുണ്ടാവുന്നതും അവരുടേതായ സംഘബോധവും നേതൃശേഷിയും പ്രയോഗിക്കുന്നതും മർദിതരുടെ സഖ്യസാധ്യതയുമൊക്കെ ഭരണവർഗത്തിന് എക്കാലത്തും പേടിസ്വപ്നങ്ങളാണ്. വിയോജിപ്പിന്‍റെ സ്വരം ദലിത്/ആദിവാസി അധഃസ്ഥിതരിൽ നിന്നാണെങ്കിൽ മാവോയിസവും, മുസ്‌ലിംകളിൽ നിന്നാണെങ്കിൽ ഭീകരവാദവുമാരോപിച്ച് അടിച്ചമർത്തുകയെന്ന സൂത്രവാക്യമാണ് സവർണ സങ്കുചിത രാഷ്ട്രീയമേലാളന്മാരും മാധ്യമങ്ങളും സ്വീകരിച്ചു വരുന്നത്. മർദിത ജനകീയ സഖ്യത്തെ ഭിന്നിപ്പിക്കാനുള്ള കുതന്ത്രങ്ങളും ഇതിനൊപ്പം പ്രയോഗിക്കാറുണ്ട്. മുസ്‌ലിം/ദലിത് സമൂഹങ്ങളിൽ ഉയർന്നു വരുന്ന ബൗദ്ധികശക്തിയെയും അതിന് ലഭിക്കുന്ന സാമൂഹിക പിൻബലത്തെയും ദുർബലമാക്കാനും ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനും ഒറ്റപ്പെടുത്താനുമുള്ള തരംതാണ അടവുകളാണിപ്പോൾ സവർണ ഭരണകൂട ഭീകരതയായി നിറഞ്ഞാടുന്നത്. ദലിത് രാഷ്ട്രീയത്തിന്‍റെ മണ്ണായ  മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് പുതിയ ഗൂഢാലോചനകളുടെ അരങ്ങേറ്റം.

വിയോജിപ്പിന്‍റെ സ്വരം ദലിത്/ആദിവാസി അധഃസ്ഥിതരിൽ നിന്നാണെങ്കിൽ മാവോയിസവും, മുസ്‌ലിംകളിൽ നിന്നാണെങ്കിൽ ഭീകരവാദവുമാരോപിച്ച് അടിച്ചമർത്തുകയെന്ന സൂത്രവാക്യമാണ് സവർണ സങ്കുചിത രാഷ്ട്രീയമേലാളന്മാരും മാധ്യമങ്ങളും സ്വീകരിച്ചു വരുന്നത്.

ദലിത് മുന്നേറ്റങ്ങളോട് ആഭിമുഖ്യമുള്ളവരും ഐക്യപ്പെടുന്നവരുമായ ബുദ്ധിജീവികളെയും എഴുത്തുകാരെയും ഭയപ്പെടുത്തി നിലക്കുനിർത്താനുള്ള വ്യാമോഹമാണ് നിലവിലെ അറസ്റ്റുകളും റെയ്ഡുകളും സൂചിപ്പിക്കുന്നത്. ഭീകരവാദമുദ്ര ചാര്‍ത്തിയും വ്യാജകേസുകൾ അടിച്ചേല്‍പ്പിച്ചും ജയിലിലടച്ചും വേട്ടയാടപ്പെട്ടുക്കൊണ്ടിരിക്കുന്ന പി.ഡി.പി, പോപ്പുലർ ഫ്രണ്ട്, സിമി തുടങ്ങിയ സംഘടനകളും മഅ്ദനി അടക്കമുള്ള മുസ്‌ലിം നേതാക്കളും ദലിത്/ആദിവാസി/പിന്നാക്ക പ്രശ്നങ്ങളിൽ സവർണ വിരുദ്ധ നിലപാട് സ്വീകരിച്ചവരാണ്. അവർക്ക് വേണ്ടി ശബ്ദിക്കാൻ ആർജവം പ്രകടിപ്പിച്ചവർക്കെതിരെയും സമാനമായ ഭീഷണികളുണ്ടായ ചരിത്രമുണ്ട്.

​ഭീമ കൊറേ​ഗാവ് അതിക്രമത്തിൽ പ്രതിഷേധിച്ച് ജനുവരി മൂന്നിന് നടന്ന ദലിത് ബന്ദിനെ തുടർന്ന് അഞ്ഞൂറിലേറെ ദലിതരെയാണ് മഹാരാഷ്ട്രയില്‍ അറസ്റ്റ് ചെയ്തു പിഴ ചുമത്തി ജയിലിലടച്ചത്. അതേ അവസരത്തില്‍ തന്നെ മുംബെെ ന​ഗരത്തിലെ ചേരികളിൽ നിന്ന് വ്യാപകമായി ദലിതര്‍ അറസ്റ്റു ചെയ്യപ്പെടുകയുണ്ടായി. ഇതിനിടെയാണ് ഏപ്രില്‍ മാസം നടന്ന അതിക്രമങ്ങൾക്ക് ദൃക്സാക്ഷിയായ പൂജാ സാകത് എന്ന പത്തൊമ്പതു വയസ്സ് പ്രായമുള്ള ദലിത് പെൺകുട്ടി കൊല്ലപ്പെടുന്നത്. ഒരു കിണറ്റിൽ നിന്നായിരുന്നു പൂജയുടെ മൃതദേഹം കണ്ടെത്തിയത്. ഭീമ കൊറേ​ഗാവിൽ നടന്ന എൾ​ഗാർ പരിഷത്തിന് പിന്നിൽ പ്രവര്‍ത്തിച്ചത് മാവോയിസ്റ്റുകളാണെന്ന് ആരോപിച്ച് ദലിത് മനുഷ്യവകാശ പ്രവർത്തകൻ സുധീർ ധാവ്‌ലയെയും ഷോമ സെൻ, റോണ വിൽസൺ പോലുള്ള സാമൂഹ്യ പ്രവർത്തകരെയും ജൂണ്‍ മാസത്തില്‍ അറസ്റ്റു ചെയ്തിരുന്നു. പരിഷത്തിൽ പങ്കെടുക്കാനിരുന്ന ജി​ഗ്നേഷ് മെവാനിയോട് പരിപാടിയില്‍ നിന്ന് പിന്തിരിയണമെന്നും ഇല്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും ഹിന്ദുത്വ തീവ്രവാദികള്‍ ഭീഷണി ഉയര്‍ത്തി. ഹിന്ദുത്വ ഭീഷണി വകവെക്കാതെ പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത ജി​​ഗ്നേഷ് മേവാനി, ഉമർ ഖാലിദ് എന്നിവരുടെ പേരിൽ അക്രമത്തിന് ആഹ്വാനം നല്‍കി എന്ന കള്ളക്കേസ് ചുമത്തിക്കൊണ്ടാണ് ഹിന്ദുത്വ ഭീകരര്‍ പ്രതികാരം ചെയ്തത്. പരിപാടിയില്‍ രോഹിത് വെമുലയുടെ അമ്മ രാധിക വെമുല ജാതി വ്യവസ്ഥയുടെ പ്രതീകമായി അടുക്കിവെച്ച മൺകുടങ്ങൾ തല്ലിത്തകർത്തത് സവര്‍ണരുടെ ആധിപത്യബോധത്തിനേറ്റ ശക്തമായ പ്രഹരം തന്നെയായിരുന്നു.

രോഹിത് വെമുലയുടെ അമ്മ രാധിക വെമുല ജാതി വ്യവസ്ഥയുടെ പ്രതീകമായി അടുക്കിവെച്ച മൺകുടങ്ങൾ തല്ലിത്തകർത്തത് സവര്‍ണരുടെ ആധിപത്യബോധത്തിനേറ്റ ശക്തമായ പ്രഹരം തന്നെയായിരുന്നു.

ഇതിന്റെ തുടർച്ചയായിട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ ഹെെദരാബാദ്, മുംബെെ, ഡൽഹി, റാഞ്ചി തുടങ്ങിയ സ്ഥലങ്ങളിൽ ദലിത് ആക്ടിവിസ്റ്റുകളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും വീടുകളില്‍ റെയ്ഡും അറസ്റ്റും നടന്നത്. കൊറേഗാവിൽ നടന്ന തീവ്രഹിന്ദുത്വ അതിക്രമങ്ങളുടെ തുടർച്ച തന്നെയാണിതും. ദലിത് ബുദ്ധിജീവി ആനന്ദ് തെൽതുംദെ അടക്കമുള്ള മനുഷ്യാവകാശ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടന്നു. മോദിയെ കൊല്ലാൻ പദ്ധതിയിട്ട അർബൻ നക്സലെെറ്റുകളായി മുദ്രകുത്തിയാണ് തെലു​ങ്കു കവി വരവരറാവു, മുതിർന്ന മാധ്യമപ്രവർത്തകൻ ​ഗൗതം നവലാഖ, അഭിഭാഷക സുധ ഭരദ്വാജ്, വെർനൺ ഗൊൺസാൽവസ് എന്നിവരെ അറസ്റ്റു ചെയ്തത്. മനുഷ്യാവകാശ പ്രവർത്തകൻ അരുൺ ഫെറേറ, റാഞ്ചിയിലെ ജെസ്യൂട്ട് പാതിരി സ്റ്റാൻ സ്വാമി, മനുഷ്യാവകാശ പ്രവർത്തകരും ദലിത് ആക്ടിവിസ്റ്റുകളുമായ ഹൈദരാബാദ് ഇഫ്‌ലു പ്രൊഫസർ സത്യനാരായണ, ക്രാന്തി തുടങ്ങിയവരുടെ വീടുകളിലും റെയ്ഡ് നടന്നു.

റോണാ വിൽ‌സൺ

റോണാ വിൽ‌സൺ

അവകാശനിഷേധങ്ങൾക്കും കടന്നാക്രമണങ്ങൾക്കുമെതിരെ സംഘടിക്കുകയും പൊതുജനവികാരമുണർത്തുകയും ചെയ്യുന്ന മർദിതജനവിഭാഗങ്ങളുടെ ഉയിർത്തെഴുന്നേൽപ്പും അതിന് ലഭിക്കുന്ന ബൗദ്ധികപിന്തുണയും തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാവിമോഹങ്ങൾക്ക് തിരിച്ചടിയായും ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റമായും ശക്തി പ്രാപിക്കുന്നത് തന്നെയാണ് ഇപ്പോഴത്തെ അറസ്റ്റുകള്‍ക്ക് പിന്നിലെ പ്രധാനഹേതു. രാജ്യത്തിന്റെ സന്തുലിതവും സമാധാനപൂർണവുമായ അന്തരീക്ഷം തകർത്ത് രാജ്യം പിടിച്ചെടുക്കാനുള്ള സംഘപരിവാർ ചാണക്യ രാഷ്ട്രീയത്തെ ചെറുത്തു തോൽപിക്കാനുള്ള മഹാദൗത്യത്തിൽ ലക്ഷ്യം തെറ്റാതെ മുന്നേറുക മാത്രമാണ് അവശജനതകളുടെ മുന്നിലെ വിമോചനവഴി. ജനാധിപത്യത്തിന്റെ കുറുക്കുവഴികളുപയോഗിച്ചും

പ്രൊഫ. കെ. സത്യനാരായണ

പ്രൊഫ. കെ. സത്യനാരായണ

സ്വേഛാധിപത്യ അധികാര പ്രയോഗത്തിലൂടെയും രാജ്യം പിടിച്ചെടുക്കാനുള്ള നീക്കങ്ങൾക്കെതിരെ ഐക്യപ്പെടാവുന്നവരുടെ സത്യസന്ധമായ മുന്നണിയുണ്ടാവുക തന്നെയാണ് ആദ്യപടി. അതിന് വിഘാതമുണ്ടാക്കാൻ ഭരണകൂട കുതന്ത്രങ്ങൾക്ക് കഴിയാത്തവിധം പ്രതിഷേധങ്ങൾക്ക് ആശയപരമായ ഏകീകരണവും രാഷ്ട്രീയമായകരുത്തുമുണ്ടാവട്ടെ എന്നാശിക്കാം.

മൈനോറിറ്റി റൈറ്റ്സ് വാച്ച് ജന.സെക്രട്ടറിയാണ് ലേഖകന്‍.

Top