അബ്രാഹ്മണവൽകരിക്കപ്പെടേണ്ട സർവകലാശാലകൾ, അപനിർമിക്കപ്പെടേണ്ട ജ്ഞാന ശാസ്ത്ര ഹിംസകൾ

ബ്രാഹ്മണവൽക്കരിക്കപ്പെട്ട ഇൻഡ്യൻ സർവകലാശാല അന്തരീക്ഷങ്ങളിൽ ഉയർന്ന് വരുന്ന പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങൾ ബ്രാഹ്മണ ജ്ഞാന സിദ്ധാന്ത കേന്ദ്രങ്ങളെക്കൂടി ചോദ്യം ചെയ്യുന്നുണ്ട്. വ്യത്യസ്തങ്ങളായ ജ്ഞാനോൽപാദന കേന്ദ്രങ്ങളെ മറച്ചു പിടിക്കുന്നതിലൂടെ സവർണത ചെയ്യുന്ന ജ്ഞാനശാസ്ത്ര ഹിംസയെ നാം തിരിച്ചറിയേണ്ടതുണ്ട്. ഐഐടി മദ്രാസിലെ പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ നോയൽ മറിയം ജോർജ് എഴുതുന്നു.

ഒന്ന്) പുതിയ വിദ്യാഭ്യാസ നയത്തിനെതിരെയും ഭീമമായ ഫീസ് വർധനവിലൂടെയുള്ള വിദ്യാഭ്യാസത്തിന്റെ  കച്ചവടവൽക്കരണത്തിനെതിരെയും ജവഹർലാൽ നെഹ്റു  യൂണിവേഴ്സിറ്റിയിൽ വലിയ തോതിലുള്ള വിദ്യാർത്ഥി മുന്നേറ്റങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സാമൂഹിക നീതിക്കു വേണ്ടിയുള്ള പ്രസ്ഥാനങ്ങളിൽ ഭാഗമായവർ നിരീക്ഷിക്കുന്നത് ഈ പുതിയ നയങ്ങൾ യൂണിവേഴ്സിറ്റി ഇടങ്ങളിൽ നിന്നും പാർശ്വവൽകൃത വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ കൂട്ട തിരോധാനം നടപ്പിലാക്കാനുള്ള സവർണ ബ്രാഹ്മണിക്കൽ സംഘടിത ശ്രമമാണെന്നാണ്. യൂണിവേഴ്സിറ്റി ഇടങ്ങളിൽ നിന്നും അദൃശ്യരാക്കുന്നതിനു മുൻപുതന്നെ നജീബുമാരെ പൊതു ഇടങ്ങളിൽ നിന്നും അദൃശ്യരാക്കുന്നുവെന്നതും ഇതിനോട് ചേർത്തു വായിക്കേണ്ടതുണ്ട്.

രണ്ട്) സമാനമായി ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ സ്ഥാപനവൽകൃത കൊലപാതകത്തിലൂടെ രോഹിത് വെമുലയെ അപ്രത്യക്ഷമാക്കിയ സവർണ ശ്രമങ്ങൾക്കെതിരെ രാജ്യത്താകമാനം വലിയ തോതിൽ നടന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളെ നാമിന്നും ഓർക്കുന്നുണ്ട്.

മൂന്ന്) അലിഗഢിലും ജാമിയ മില്ലിയ്യയിലുമെല്ലാം രാജ്യദ്രോഹം, നിരീക്ഷണം, സസ്പെൻഷൻ തുടങ്ങിയവയെല്ലാം നിരന്തരം നടക്കുന്നു. ഒരു പ്രത്യേക മൂവ്മെന്റിലേക്കൊതുക്കാനാവാത്ത വിധം ദൈനംദിന സമരങ്ങൾ ഉയര്‍ന്ന് വരുന്നു. ഈ സർവകലാശാലകളിൽ ന്യുനപക്ഷ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളെ ക്രിമിനലൈസ് ചെയ്യുന്നത് പുറന്തളളലിന്റെ പുതിയ മാർഗവും ന്യൂനപക്ഷ വിദ്യാർഥികളെ അദൃശ്യമാക്കാനുള്ള വ്യത്യസ്തമായ പദ്ധതിയുമാണ്. ഈ മൂന്നു കാമ്പസ് ഇടങ്ങളിൽ നടക്കുന്ന സമരങ്ങളും യൂണിവേഴ്സിറ്റി ഇടങ്ങളിലെ ബ്രാഹ്മണ്യത്തിന്റെ മൂന്നു വിത്യസ്ത പദ്ധതികളെയാണ് അടയാളപ്പെടുത്തുന്നത്. പുറന്തളളൽ, ക്രിമിനൽവൽക്കരണം, നിർബന്ധിത തിരോധാനം, സ്ഥാപനവൽകൃത കൊല  തുടയങ്ങിയവ ഇവിടെ അരങ്ങേറുന്നു .

അലിഗഢിലും ജാമിയ മില്ലിയ്യയിലുമെല്ലാം രാജ്യദ്രോഹം, നിരീക്ഷണം, സസ്പെൻഷൻ തുടങ്ങിയവയെല്ലാം നിരന്തരം നടക്കുന്നു. ഒരു പ്രത്യേക മൂവ്മെന്റിലേക്കൊതുക്കാനാവാത്ത വിധം ദൈനംദിന സമരങ്ങൾ ഉയര്‍ന്ന് വരുന്നു. ഈ സർവകലാശാലകളിൽ ന്യുനപക്ഷ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളെ ക്രിമിനലൈസ് ചെയ്യുന്നത് പുറന്തളളലിന്റെ പുതിയ മാർഗവും ന്യൂനപക്ഷ വിദ്യാർഥികളെ അദൃശ്യമാക്കാനുള്ള വ്യത്യസ്തമായ പദ്ധതിയുമാണ്. ഈ മൂന്നു കാമ്പസ് ഇടങ്ങളിൽ നടക്കുന്ന സമരങ്ങളും യൂണിവേഴ്സിറ്റി ഇടങ്ങളിലെ ബ്രാഹ്മണ്യത്തിന്റെ മൂന്നു വിത്യസ്ത പദ്ധതികളെയാണ് അടയാളപ്പെടുത്തുന്നത്. പുറന്തളളൽ, ക്രിമിനൽവൽക്കരണം, നിർബന്ധിത തിരോധാനം, സ്ഥാപനവൽകൃത കൊല  തുടയങ്ങിയവ ഇവിടെ അരങ്ങേറുന്നു .

നാല്) അതേസമയം ബനാറസ് ഹിന്ദു സർവകലാശാലയിലെ സംസ്‌കൃതവിഭാഗത്തിലെ മുസ്ലിം പ്രൊഫസറുടെ   നിയമനത്തിനെതിരെ അയാൾ ആര്യനല്ലെന്നും ആര്യന്മാർക്ക് മാത്രമേ സംസ്കൃതം പഠിക്കാനും പഠിപ്പിക്കാനും അധികാരമുള്ളുവെന്നുമുള്ള വാദം ഉയർത്തിക്കൊണ്ട് സമരങ്ങൾ നടത്തുന്നതും വിദ്യാർത്ഥികൾ തന്നെയാണ്. അതും വിദ്യാർഥി സമരങ്ങളുടെ പുതിയ ഘട്ടത്തെ സൂചിപ്പിക്കുന്നു .

അഞ്ച്) ഇത്തരത്തിൽ സർവ്വകലാശാല ഇടങ്ങളിൽ പൊട്ടിപ്പുറപ്പെടുന്ന എല്ലാ സംഘർഷങ്ങൾക്കിടയിലും ഐ.ഐ.ടികൾ നിശബ്ദമായിരുന്നു. യാതൊരു വിധ സമരങ്ങളും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ഏതെങ്കിലും തരത്തിൽ പ്രതിഷേധങ്ങൾ പ്രകടിപ്പിക്കാൻ ശ്രമിക്കുമ്പോഴെല്ലാം സാധ്യമായ എല്ലാ എതിർശബ്ദങ്ങളെയും അടിച്ചമർത്തുക കൂടിയാണ് ഐ ഐ ടികൾ ചെയ്യുന്നത്. ഐ ഐ ടി കളിൽ നിലനിൽക്കുന്ന വൈരുദ്ധ്യങ്ങൾ വളരെ വലുതാണ്, മറ്റു സർവ്വകലാശാലകളെയപേക്ഷിച്ച് വലിയ തുക ഫീസായി ഈടാക്കുകയും സ്ഥിരമായി സംവരണ സീറ്റുകൾ നശിപ്പിക്കുകയും ഐ ഐ ടി കളിൽ അഡ്മിഷനു മെറിറ്റ് ഇല്ലായെന്ന കാരണത്താൽ റിസർച്ച് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയും ഐ ഐ ടി മദ്രാസിന്റെ വിഷയത്തിലുള്ള പോലെ അയ്യർ-അയ്യങ്കാർ തുടങ്ങിയ ഉയർന്ന ജാതിയിൽപ്പെട്ടവർ മാത്രം അധ്യാപനവൃത്തിയിൽ അധികാരം ചെലുത്തുകയും കുത്തകവൽക്കരിക്കുകയും ചെയ്യപ്പെട്ടിരിക്കുന്നു.

ഫാത്തിമ ലത്തീഫ്: സ്വപ്‌നങ്ങൾ ദു:സ്വപ്നങ്ങളാവുമ്പോൾ.

ഇങ്ങനെയക്കെയാണെങ്കിലും ഫാത്തിമയെപ്പോലെയുള്ള ഒരു വിദ്യാർഥിനി സ്വന്തം ജാതി-മത-ലിംഗ പരമായ എല്ലാ തടസ്സങ്ങളെയും മറികടന്നു കൊണ്ട് ഐ ഐ ടി മദ്രാസ് പോലുള്ളയിടങ്ങളിലെത്തിച്ചേരുന്നത് എന്തിനെയാണ് കാണിക്കുന്നത്, റുഖിയ ഹുസൈൻ എഴുതിയ ‘സുൽത്താനയുടെ സ്വപ്നം” ഫാത്തിമയുടെ പേടിസ്വപ്നമാവുന്നതെന്തു കൊണ്ട്?

നമുക്കാരുടെയും പ്രവർത്തനങ്ങളുടെ യഥാർത്ഥ കാരണങ്ങൾ അറിയാനാവില്ല. വിശേഷിച്ചും സ്വന്തം അനുഭവങ്ങളെക്കുറിച്ച് പറയാൻ ഫാത്തിമയില്ലാത്ത സാഹചര്യത്തിൽ അവരെക്കുറിച്ച് സംസാരിക്കുന്നത് ന്യായമായ കാര്യവുമല്ല. പൊതുവായ അനുഭവങ്ങൾ വിമർശനങ്ങളായും സിദ്ധാന്തമായും സ്വീകരിക്കാനാവുമെന്നാണ് കരുതുന്നത്. അതെങ്ങനെയാണ് സ്ഥാപിക്കപ്പെട്ടത് എന്നതിനെക്കുറിച്ച് നമ്മള്‍ സംസാരിക്കേണ്ടിയിരിക്കുന്നു.

യഥാർത്ഥത്തിൽ അതീവ സമര്‍ഥരും പ്രതിഭാശാലികളുമായ വിദ്യാർത്ഥികള്‍ക്കർഹതപ്പെട്ട തീൻമേശയിൽ നിന്നും അനർഹമായി ഭക്ഷിക്കുന്നവരായാണ് സംവരണ സീറ്റുകളിൽ യോഗ്യത നേടിയ ന്യൂനപക്ഷ-ദലിത്‌ വിദ്യാർത്ഥികളെ സവർണത അടയാളപ്പെടുത്തുന്നത്. തൊട്ടുകൂടായ്മ അപ്രത്യക്ഷമായിട്ടുണ്ടെങ്കിലും ഒരു വ്യക്തി എല്ലാ വ്യവഹാരങ്ങളിലും അവളുടെ, അല്ലെങ്കിൽ അവന്റെ സമുദായത്തിലേക്ക് ചുരുക്കപ്പെടുന്നു. എന്നാൽ അതേസമയം മെറിറ്റിന്റെ വിഷയത്തിൽ ഓരോ വിദ്യാർത്ഥിയും തന്റെ മാത്രം മൂല്യത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടുന്നു. അപമാനം എന്നത് ഒരു സമുദായത്തിന്റെയാകമാനം ആവുകയും മെറിറ്റ് എന്നത് ഒരു വ്യക്തിയുടെ മാത്രം ശ്രേഷ്ഠതയാവുകയും ചെയ്യുന്നത് ചരിത്രപരമായ ബഹിഷ്കരണത്തെ ഒട്ടും തന്നെ പരിഗണിക്കാതെയാണ്.

ഈ രണ്ട് വിരുദ്ധ ആശയങ്ങളുടെ നിലനിൽപ്പ് വിദ്യാര്‍ഥികള്‍ക്കിടയിലെ  കൂട്ടായ്മ മനോഭാവത്തെ അസാധ്യമാക്കുന്നു. ജാതീയമായ വേര്‍തിരിവുകളോടൊപ്പം തന്നെ സ്ത്രീ, മുസ്ലിം എന്നീ രണ്ടു സ്വത്വങ്ങൾ ഏറെ സങ്കീർണമാണ്. മുസ്‌ലിം പുരുഷനും സമുദായത്തിനും മതത്തിനും എതിരായി നിലകൊള്ളുന്ന സ്വയം നിര്‍ണയാവകാശമുള്ള വ്യക്തിത്വമായി സ്വന്തത്തെ നിരന്തരമായി സ്ഥാപിക്കാൻ നിർബന്ധിതരാവുന്ന മുസ്ലിം സ്ത്രീ ബ്രാഹ്മണിക്കൽ പാഠ്യവ്യവസ്ഥയിൽ അരക്ഷിതാവസ്ഥയിലേക്കും അപകർഷതാബോധം നിറഞ്ഞ മാനസികാവസ്ഥയിലേക്കും എടുത്തെറിയപ്പെടുന്നു. ജാതിയില്‍  മാത്രമല്ല, മതത്തിൽ കൂടി പ്രവർത്തന ക്ഷമമാകുന്ന ഈ വിഭജനങ്ങളെ സംബന്ധിക്കുന്ന അതിസങ്കീർണമായ ചോദ്യങ്ങളെ ഗൗരവമായി ഏറ്റെടുക്കാൻ ഇന്ത്യൻ അക്കാഡമിയ ഇതേവരെ ശ്രമം നടത്തിയിട്ടില്ല.

അധികാരത്തിന്റെ ജ്ഞാനസിദ്ധാന്തകേന്ദ്രമായി ബ്രാഹ്മണിസത്തെ വ്യാഖ്യാനിക്കുമ്പോൾ.

ഉൾകൊള്ളലിനു വേണ്ടി നിരന്തരമായി പോരാട്ടം നടത്തുമ്പോഴും,  ഉള്‍ക്കൊള്ളലെന്നത് നമ്മളിൽ ചിലരെയെങ്കിലും അപ്രത്യക്ഷമാക്കാനും കൊലപ്പെടുത്താനുമുള്ള സവർണ വിപരീതയുക്തിയാണോയെന്നത് അതീവ സങ്കീർണമായ ചോദ്യമാണ്. സവര്‍ണതയും ദേശരാഷ്ട്രങ്ങൾക്കിടയിലെ അതിന്റ പരിവർത്തനവും വളരെ ആഴത്തിൽ തന്നെ മനസ്സിലാക്കേണ്ടതുണ്ട്. കൊളോണിയൽ ആധുനികതക്ക് മുന്നേ ജ്ഞാനോല്പാദന ഭാഷ സംസ്‌കൃതം മാത്രമായിരുന്നില്ല, മറിച്ച് വ്യത്യസ്ത ഭാഷകളിലായി വ്യത്യസ്തയിടങ്ങളിൽ കീഴാള ജ്ഞാനോല്പാദനവും സാധ്യമായിരുന്നു. ജ്ഞാനോല്‍പാദനമെന്നത് വ്യക്തിപരമായ പ്രവർത്തനമല്ല, മറിച്ച് ഒരു വ്യക്തി ജീവിക്കുന്ന സാമുദായിക ഇടങ്ങളെ കേന്ദ്രീകരിച്ച് നടക്കുന്ന കൂട്ടായ പ്രവർത്തനമായിരുന്നു. പ്രാദേശികമായി നിലകൊണ്ടിരുന്ന സാമുദായിക ജ്ഞാനോല്‍പാദനങ്ങൾക്കെല്ലാം മുകളിൽ സവർണമേൽക്കൈ എക്കാലത്തും നിലനിന്നിരുന്നു. ഈ ആധുനിക ദേശരാഷ്ട്രക്കാലത്ത് സവർണ ജ്ഞാനോല്പാദനം അപരവൽകൃത വിദ്യാർത്ഥികളുടെ തനത് ജ്ഞാന പാരമ്പര്യങ്ങളെ റദ്ദ് ചെയ്യുകയും തങ്ങളുടെ മെറിറ്റ് സവർണ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നിരന്തരമായി തെളിയിക്കേണ്ട നിർബന്ധ ബാധ്യത ഈ വിദ്യാർത്ഥികളിൽ വെച്ച് കെട്ടിക്കൊടുക്കുകയും ചെയ്യുന്നു. ഇതിനെയാണ് എപിസ്‌റ്റമിക് വയലൻസ് അഥവാ ജ്ഞാനശാസ്ത്ര ഹിംസ എന്ന് വിളിക്കുന്നത്.

ആത്മഹത്യ വെറും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നം മാത്രമല്ലെന്ന് നാം മനസ്സിലാക്കേണ്ടത് ഇതേ എപിസ്‌റ്റമിക് വയലിൻസിന്റെ ചട്ടക്കൂടിൽ നിന്ന് കൊണ്ടാണ്. ഇനിയഥവാ അത് മനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നം തന്നെയാണെന്നിരിക്കിലും, അത് വെറും വ്യക്തിപരമായ മാന:ശാസ്ത്രമായി നിര്‍ണയിക്കാവുന്നതല്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രതിഭാശാലിയായ മന:ശാസ്ത്രജ്ഞരിലൊരാളായ ഫ്രാൻസ് ഫാനോൻ നിരീക്ഷിക്കുന്നു :”വെളുത്ത മനുഷ്യനാണ് കറുത്ത മനുഷ്യനെ രൂപപ്പെടുത്തുന്നത്. എന്നിരുന്നാലും നെഗ്രിറ്റ്യുടിനെ രൂപപ്പെടുത്തുന്നത് കറുത്ത മനുഷ്യനാണ്.” അദ്ദേഹത്തിന്റെ ‘വെളുത്ത തൊലിയും കറുത്ത മുഖംമൂടിയും’ എന്ന പുസ്തകത്തിൽ, അൾജീരിയയിലെ കൊളോണിയൽ ഭരണവ്യവസ്ഥക്ക് കീഴിലെ കറുത്ത മനുഷ്യരുടെ മനസികാവസ്ഥകളും സ്വന്തത്തിന്റെ തന്നെ വിഭജനങ്ങളിൽ നിന്നുമുള്ള പീഡകളും വിവരിക്കുന്നു. മനസ്സ് എന്നത് കൂട്ടായ്മ ആണെന്നും അത് രൂപപ്പെടുന്നത് കൂട്ടായ അനുഭവങ്ങളിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അമേരിക്കയിലെ കറുത്ത വർഗക്കാർ ഇപ്പോഴും അടിമത്തത്തിന്റെ പോസ്റ്റ്‌ ട്രോമ അനുഭവിക്കുന്നവരാണെന്നും അതിന്റെ ഭാഗമായുള്ള വിഷാദരോഗങ്ങളും ബൈപോളാർ ഡിസോര്‍‍ഡറും വലിയ തോതിൽ അവരെ ബാധിക്കുന്നുണ്ടെന്നും പുതിയ പഠനങ്ങൾ തെളിയിക്കുന്നു. അധിനിവിശ്ട കശ്മീർ-ഫലസ്തീൻ ജനതയും അപ്പാർത്തീഡ് കാലത്തെ ദക്ഷിണാഫ്രിക്കൻ ജനതയും ഇത്തരം സമാനാവസ്ഥകളിലൂടെ കടന്നു പോകുന്നവരാണ്. ബലാത്സംഗം, വെടിവെപ്പ്, ആൾക്കൂട്ടക്കൊലപാതകം തുടങ്ങിയ ദൃശ്യതയുള്ളവ മാത്രമാണ് ഹിംസ എന്ന് മനസ്സിലാക്കപ്പെട്ട ഒരിടത്ത് എങ്ങനെയാണ് മേൽപ്പറഞ്ഞ മനശാസ്ത്ര ഹിംസകളെ സ്ഥാപിക്കേണ്ടത്?

ഇത്തരം സാഹചര്യങ്ങളിൽ നീതിക്ക് വേണ്ടിയുള്ള ചോദ്യങ്ങൾ അവകാശങ്ങളുടെ ഒരു ലിബറൽ ഭാഷയിൽ മാത്രമായിരിക്കരുത്. കുറ്റാരോപിതരായ ആളുകളെ പിടികൂടാനുള്ള ശ്രമങ്ങൾ ഭരണ സംവിധാനം നടത്തിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും നമുക്ക് നിശബ്ദരാവാനാവില്ല. മറിച്ച് ഈ സന്നിഗ്ധ സമയങ്ങൾ നമ്മുടെതന്നെ ജ്ഞാന ശാസ്ത്രത്തെ സംബന്ധിച്ചു പുനർവിചിന്തനം നടത്താനും പുതിയ മാതൃകകൾ സ്വീകരിക്കാനും നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ട്. നമ്മളോരോരുത്തരും ഇത്തരം ഇടങ്ങളിൽ ആവശ്യപ്പെട്ടു കൊണ്ടേയിരിക്കേണ്ടത് ഒരു സ്ത്രീ ആയല്ല, മറിച്ച് ഒരു സ്ത്രീസമൂഹമായാണ്. സംവരണത്തിന്റെ ഗുണഭോക്താവായ ഒരു ദലിതനായല്ല, ഒരു ദലിത്‌-ബഹുജൻ സമൂഹമായാണ്. ഒരു ലിബറൽ മുസ്‌ലിമോ ഒരു ക്രിസ്ത്യൻ വ്യക്തിയോ ആയല്ല, ഒരു മുസ്‌ലിം-ക്രിസ്ത്യൻ സമുദായമായിക്കൊണ്ടാണ്. ഒരുപടി കൂടി മുന്നേറി, സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്ന ഒരു സമുദായത്തിന്റെ ചിന്തയായും ആവശ്യമായും നമ്മുടെ ശ്രമങ്ങൾ നടത്താതെ, വ്യവസ്ഥയിൽ ഉൾക്കൊള്ളലിനു മാത്രമായുള്ള വ്യക്തിപരമായ ശ്രമങ്ങൾ പാഴ് വേലയായിരിക്കും എന്നു തോന്നുന്നു. യൂണിവേഴ്സിറ്റികളുടെ അബ്രാഹ്മണവൽക്കരണവും അതേ സംവിധാനത്തിന്റെ ജ്ഞാനശാസ്ത്ര ഹിംസയുടെ നിർണയവും നാം പുറന്തള്ളപ്പെട്ട എല്ലാ മേഖലകളെയും അതിജയിക്കാനുള്ള ദൈനംദിന മെറ്റീരിയലിസ്റ് കലഹങ്ങളെ പോലെത്തന്നെ ഒരു ജ്ഞാനശാസ്ത്ര പദ്ധതിയാണ്.

മൊഴിമാറ്റം: സഫ. പി.

Top