പരമാധികാരവും മനുഷ്യാവകാശവും: വെനിസ്വലക്കാർക്കു രക്ഷകരെ ആവശ്യമുണ്ടോ?

മാറിയ ലോകത്ത് ലാറ്റിനഅമേരിക്കയെക്കുറിച്ച് മലയാളികൾ നിര്‍മിച്ചെടുത്ത മുഖ്യധാര /പൊതു ഭാവനകളെ പുതിയകാലത്തെ മാധ്യമ ശക്തികൾ മാറ്റിമറിച്ചിട്ടിട്ടുണ്ട്. എന്നാല്‍ വിദൂരസ്ഥലങ്ങളെക്കുറിച്ച് പഴയകാല കമ്മ്യൂണിസ്റ്റുകള്‍ ചര്‍ച്ചചെയ്യുന്നത് പോലെയല്ല ലാറ്റിനമേരിക്കൻ പ്രതിരോധത്തെ മനസ്സിലാക്കേണ്ടത്. നോയൽ മറിയം ജോർജ് എഴുതുന്നു

ഒരിക്കലും യാത്രചെയ്യാത്ത ഒരു സ്ഥലത്തെക്കുറിച്ചു നാം എങ്ങനെയാണ് അറിയുന്നത്? അറിയുക എന്നതു പലപ്പോഴും ഒരു പ്രശ്നമാണ്. ഉച്ഛ സാങ്കേതിക വിദ്യയുടെ ഈ ആഗോളവത്കൃത ലോകത്തില്‍ ‘അറിയുക ‘ എന്ന കാര്യം സമയത്തെയും സ്ഥലത്തെയും ചുരുക്കി ലോകത്തെ ഒന്നിലേക്കു മാത്രമായി രൂപം മാറ്റുകയാണു ചെയ്യുന്നത്. വെനിസ്വലയുടെ അരക്ഷിതാവസ്ഥ എന്താണ് എന്ന ചർച്ച സമാനമായ ഒരു പ്രതിസന്ധിയാണു സാധ്യമാക്കുന്നത്. ലിബറല്‍ മീഡിയ പുറത്തുവിടുന്ന ചിത്രങ്ങളിലൂടെ മാത്രമാണു നാം വെനിസ്വലയെ പരിചയപ്പെടുന്നത്. അതുകൊണ്ടു തന്നെ ശരിയായ ചോദ്യം വാസ്തവത്തില്‍ വെനിസ്വലയിൽ എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ചല്ല. മറിച്ചു പ്രസ്തുത പ്രദേശം എങ്ങനെ അടയാളപ്പെടുന്നുവെന്നും ആഖ്യാനം ചെയ്യപ്പെടുന്നുവെന്നുമുള്ള പ്രശ്നത്തെക്കുറിച്ചാണ്.

ടെലിവിഷനും ഇന്റര്‍നെറ്റും കടന്നുവരുന്നതിനു മുന്‍പ്, ലാറ്റിന്‍ അമേരിക്കയെ കേരളത്തിലെ പൊതുസമൂഹം പരിചയപ്പെടുന്നതു പത്രവാര്‍ത്തകളിലൂടെയാണ്. ഹോർ ഹെ ബോര്ഗസ്, ഇസബെൽ അലന്ഡെ, ഗബ്രിയേൽ ഗാർസ്യേ മാര്‍ക്വേസ് തുടങ്ങിയവരുടെ സര്‍റിയലിസ്റ്റ് സാഹിത്യ പ്രസ്ഥാനങ്ങള്‍ നടത്തിയ അടയാളപ്പെടുത്തലുകളെ ആശ്രയിച്ചു കേരളത്തില്‍ വളര്‍ന്നുവന്ന വരേണ്യ സാഹിത്യ ഭാവനകളുടെ ഭാഗമായിരുന്നു ലാറ്റിനമേരിക്ക. പിന്നീടു ലാറ്റിന്‍ അമേരിക്ക യുഎസിന്റെ സാമ്രാജ്യത്വനയത്തെ പരോക്ഷമായി വിമര്‍ശിക്കുന്നതിന്റെ പേരിൽ കേരളത്തിൽ ശ്രദ്ധിക്കപ്പെട്ടു. ‘യുഎസിന്റെ പിന്നാമ്പുറം’ എന്ന പേരില്‍ അറിയപ്പെട്ടപ്പോൾ തന്നെ മാജിക്കൽ റിയലിസത്തിന്റെ ഭൂമികയാണെന്ന തോന്നലും ലാറ്റിനമേരിക്ക മലയാളികളിൽ ഉണ്ടാക്കി.

പക്ഷേ മാറിയ ലോകത്തു ലാറ്റിനമേരിക്കയെക്കുറിച്ചു മലയാളികൾ നിര്‍മിച്ചെടുത്ത മുഖ്യധാര/പൊതു ഭാവനകളെ പുതിയകാലത്തെ മാധ്യമ ശക്തികൾ മാറ്റിമറിച്ചിട്ടുണ്ടെന്നു തന്നെ പറയാം. എന്നാല്‍ വിദൂരസ്ഥലങ്ങളെക്കുറിച്ചു പഴയ കാല കമ്യൂണിസ്റ്റുകള്‍ ചര്‍ച്ച ചെയ്യുന്നതു പോലെയല്ല ലാറ്റിനമേരിക്കൻ പ്രതിരോധത്തെ മനസ്സിലാക്കേണ്ടത്.

അതുകൊണ്ടു തന്നെ ലാറ്റിനമേരിക്കയെക്കുറിച്ചുള്ള പ്രബല ആഖ്യാനങ്ങൾ സമീപകാലത്തു രണ്ടു ഘടകങ്ങളെ ആശ്രയിച്ചാണുള്ളത്. ഒന്ന് ഹിംസയും മറ്റൊന്ന് ലൈംഗികതയുമാണ്. ഒരു വശത്ത് ഏകാധിപതികളുടെ ഭരണകൂട ഭീകരത, മര്‍ദ്ദക ഭരണവ്യവസ്ഥ, കുറ്റകൃത്യവാസന, ലഹരി കള്ളക്കടത്ത് തുടങ്ങിയ ഹിംസകൾ. മറുവശത്ത് ആഗോള സൗന്ദര്യ പ്രദര്‍ശന മത്സരങ്ങളിലെ സ്ഥിര സാന്നിധ്യങ്ങളായ ജെനിഫർ ലോപസ്, ഷകീറ, സൽമ ഹയക് എന്നിവരുടെ പ്രതിനിധാനം, ഡെസ്പാസിറ്റോ പോലെയുള്ള ആഗോള പാര്‍ട്ടി ആഘോഷങ്ങളുടെ ഗാനാവിഷ്‌കാരങ്ങൾ തുടങ്ങിയവ ലാറ്റിൻ ലൈംഗികതയുടെ ഭാഗമായി അവതരിപ്പിക്കുന്നു. ഇവയൊക്കെ നിർമിച്ചു വിപണനം ചെയ്യുന്നതു വെളുത്ത വംശീയത നിറഞ്ഞുനില്‍ക്കുന്ന യുഎസ് മീഡിയ കോര്‍പറേഷനാണെന്നതാണു വസ്തുത.

ഇങ്ങനെയുള്ള നിർമിതികൾ ലാറ്റിന്‍ അമേരിക്കന്‍ സമൂഹത്തിന്റെ അഭിമാനത്തെ അപഹസിക്കുന്നു. അങ്ങനെ അവരുടെ കര്‍തൃത്വബോധത്തെ നിരാകരിക്കുന്നതിനു വഴിയൊരുക്കുകയും ചെയ്യുന്നു. കൂടാതെ ഈ മാധ്യമ നിർമിത വ്യവഹാരങ്ങളിലൂടെ മനുഷ്യാവകാശങ്ങള്‍, ജനാധിപത്യവത്കരണം, ഭരണക്രമ അട്ടിമറി, രാഷ്ട്രീയ ലംഘനം, സൈനിക രൂപീകരണം, ഭരണകൂട ഉത്തരവുകള്‍ തുടങ്ങിയ ലാറ്റിനമേരിക്കൻ ചര്‍ച്ചകളിലൊക്കെ വെളുത്തവന്റെ പരിശുദ്ധിയും മേധാവിത്വവും അതിലളിതമായി സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. ഇതെല്ലാം സംഭവിക്കുന്നതു ‘റിയല്‍’ എന്നു നാം പറയുന്ന ലോകത്താണെന്നു ഓര്‍ക്കണം.

ലാറ്റിന്‍ അമേരിക്കയെ യുഎസ് ആഖ്യാനങ്ങൾ മുഖ്യമായും അടയാളപ്പെടുത്തുന്നതു ‘മൃഗ’മായിട്ടാണ്. കുടിയേറ്റത്തെക്കുറിച്ചുള്ള അമേരിക്കൻ ചര്‍ച്ചകളില്‍, ലാറ്റിന്‍ അമേരിക്കക്കാര്‍ പ്രാണി, കൂറ, കാട്ടുമൃഗം, ഇത്തിള്‍കണ്ണി എന്നീ പേരുകളിലൊക്കെയാണു പരിചയപ്പെടുത്തപ്പെട്ടത്. അതിനേക്കാളുപരി, ലാറ്റിന്‍ അമേരിക്കക്കാര്‍ ശീതയുദ്ധകാലത്തു കമ്യൂണിസത്തിന്റെ ഏകാധിപത്യപരമായ ഭരണവ്യവസ്ഥക്കു വിധേയരായി കര്‍തൃത്വം ഇല്ലാത്തവരായി ചിത്രീകരിക്കപ്പെട്ടിരുന്നു.

യുഎസ് ആഖ്യാന പ്രകാരം നിക്കോളസ് മദുറോ എല്ലാ അനീതിക്കും പേരുകേട്ടവനാണ്. ‘മര്‍ദ്ദകനായ ഏകാധിപതിയായിരുന്ന’ ഹ്യൂഗോ ചാവേസിന്റെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിന്റെ ‘കറപുരണ്ട’ സോഷ്യലിസ്റ്റ് നേതാവാണു മദൂറോ. എല്ലാ അര്‍ഥത്തിലും എല്ലാവരേക്കാളും മോശക്കാരനായി മദുറോയെയും ഷാവേസിനെയും അവർ ചിത്രീകരിച്ചു. ലിബറല്‍ മൂല്യങ്ങളുടെയും ആവിഷ്‌കാര സ്വാതന്ത്രത്തിന്റെയും കടുത്ത ശത്രുവായി ഇരുവരും അറിയപ്പെട്ടു. വെനിസ്വലക്കാര്‍ പട്ടിണികിടന്നു ചീഞ്ഞുനാറിയ ബ്രഡും മാംസവും കഴിക്കുന്നവരായി പൊതുജനമധ്യേ ചിത്രീകരിക്കപ്പെട്ടു. തെരുവുകളില്‍ അരക്ഷിതാവസ്ഥയും രാജ്യത്തു നാണ്യപെരുപ്പവും കൂടിയപ്പോഴും അന്നാട്ടുകാർ മനുഷ്യനെ കൊന്നു ഭക്ഷിക്കുന്നവരാണെന്ന ചിത്രീകരണം വരെ ഉണ്ടായി.

ഏതായാലും വെനിസ്വലയിലെ സ്ഥിതികള്‍ ഏറെ മോശമാണെന്നു നിസ്സംശയം തന്നെ പറയാം. രാഷ്ട്രീയ കെടുകാര്യസ്ഥതയും നാണ്യപെരുപ്പവും കൂട്ടപലായനവും മെഡിക്കല്‍ സൗകര്യങ്ങളുടെ അഭാവവും അവിടെയുണ്ട്. എന്നാല്‍, രാജ്യത്തിനകത്തു നടക്കുന്ന ആഭ്യന്തര പ്രതിസന്ധിയെക്കറിച്ചു മാത്രം ഇന്നു സംസാരിക്കുന്നത് ഏറെ ചരിത്രവിരുദ്ധമായാണു തോന്നുന്നത്. കൂടാതെ അത്തരം ആഖ്യാനങ്ങൾ ആ പ്രദേശത്തെ കൊടുംവിപത്തിലേക്കു നയിച്ച സാമ്രാജ്യത്വ താല്‍പര്യങ്ങളെ അവഗണിക്കുന്നതായി കാണാം.

പാശ്ചാത്യ ശക്തികളുടെ രാഷ്ട്രീയ അക്രമങ്ങള്‍ നിരന്തരം നേരിട്ട ചരിത്രമാണു ലാറ്റിന്‍ അമേരിക്കയുടേത്. പ്രത്യേകിച്ചു യുഎസിന്റെ സ്വാധീനം അതിവിപുലമാണ്. 1823ലെ മണ്‍റോ നയത്തിലൂടെ യുഎസിനു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെ തങ്ങളുടെ വരുതിയിലാക്കാന്‍ സാധിച്ചിരുന്നു. റെഡ് ഫിയര്‍ അഥവാ ചുവപ്പുഭീതി എന്ന പേരില്‍ യുഎസ് അവിടെ ഭരണ അട്ടിമറി നടത്താന്‍ തീവ്രമായി ശ്രമിച്ചിരുന്നു. അതില്‍ തന്നെ അമേരിക്കയിലെ പഴവര്‍ഗങ്ങളുടെ സ്വകാര്യ കോര്‍പറേഷനുകളുമായി ധാരണയിലെത്തി രാജ്യത്തിന്റെ ഭരണവും സമ്പദ്ഘടനയും നിയന്ത്രിക്കാനുള്ള യുഎസിന്റെ ശ്രമം ബനാന റിപ്പബ്ലിക് എന്ന സൈനിക അട്ടിമറിയുടെ പേരിലാണ് അറിയപ്പെടുന്നത്.

രാഷ്ട്രീയ കെടുകാര്യസ്ഥതയും നാണ്യപെരുപ്പവും കൂട്ടപലായനവും മെഡിക്കല്‍ സൗകര്യങ്ങളുടെ അഭാവവും അവിടെയുണ്ട്. എന്നാല്‍, രാജ്യത്തിനകത്തു നടക്കുന്ന ആഭ്യന്തര പ്രതിസന്ധിയെക്കറിച്ചു മാത്രം ഇന്നു സംസാരിക്കുന്നത് ഏറെ ചരിത്രവിരുദ്ധമായാണു തോന്നുന്നത്. കൂടാതെ അത്തരം ആഖ്യാനങ്ങൾ ആ പ്രദേശത്തെ കൊടുംവിപത്തിലേക്കു നയിച്ച സാമ്രാജ്യത്വ താല്‍പര്യങ്ങളെ അവഗണിക്കുന്നതായി കാണാം.

ഐ.എം.എഫും വേള്‍ഡ് ബാങ്കും സ്ഥാപിക്കുന്നതിലൂടെ ഉണ്ടായിവന്ന നിയോ ലിബറല്‍ നയങ്ങള്‍ക്കു വിരുദ്ധമായിരുന്നു ലാറ്റിനമേരിക്കൻ രാഷ്ട്രീയ വിപ്ലവങ്ങൾ. ജനക്ഷേമം, ദേശീയവത്കരണം തുടങ്ങിയ പദ്ധതികളെ പ്രോല്‍സാഹിപ്പിക്കുന്ന ബൊളിവേറിയന്‍ വിപ്ലവം വെനിസ്വലയില്‍ 1990കളില്‍ ആരംഭിച്ചിരുന്നു. ഹ്യൂഗോ ചാവേസിന്റെ നേതൃത്വത്തിലായിരുന്നു പ്രസ്തുത വിപ്ലവം നടന്നത്. പ്രസ്തുത മുന്നേറ്റം ലാറ്റിന്‍ അമേരിക്കയില്‍ വലിയൊരു വേലിയേറ്റം സൃഷ്ടിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനെതിരെ ഹ്യൂഗോ ചാവേസ് നടത്തിയ വിമര്‍ശനവും അദ്ദേഹത്തിന്റെ ക്യൂബന്‍ വിപ്ലവ ബന്ധങ്ങളും ഏറെ സംശയത്തോടെയാണു കാണപ്പെട്ടത്.

ഏകാധിപത്യ ഭരണക്രമമാണു ചാവേസിന്റേത് എന്ന മുഖ്യധാര വീക്ഷണം ഉണ്ടായിരുന്നെങ്കിലും, വാസ്തവത്തില്‍ വെനിസ്വലയുടേതു സമൃദ്ധിയാര്‍ന്ന പങ്കാളിത്ത ജനാധിപത്യമായിരുന്നു. പൊതുജനപ്രതിനിധികളെ പുനഃക്രമീകരിക്കാനുള്ള പദ്ധതിയായിരുന്ന റൈറ്റ് റ്റു റീകാള്‍ പദ്ധതിയടക്കം ഭരണഘടനയുടെ ഭാഗമായി നടപ്പിലാക്കിയതു ഹ്യൂഗോ ചാവേസായിരുന്നു. എന്നാല്‍ 1999ലെ ഹിതപരിശോധനയില്‍, അട്ടിമറിയുടെ ബലത്തില്‍ ഹ്യൂഗോ ചാവേസ് പുറത്തുപോവാന്‍ നിര്‍ബന്ധിതനായെങ്കിലും പിന്നീടു വലിയ ഭൂരിപക്ഷത്തോടെ തിരിച്ചുവന്നതായി കാണാം. 2013ലാണു ഹ്യൂഗോ ചാവേസ് മരണപ്പെടുന്നത്.

പിന്നീട് അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്‍റായിരുന്ന നികോളാസ് മദുറോ അധികാരത്തിലേറി. എന്നാല്‍ എണ്ണവിലയിലെ കുത്തനെയുള്ള ഇടിവു മൂലം രാജ്യം ശക്തമായ നാണ്യപെരുപ്പവും സാമ്പത്തിക ഞെരുക്കവും അനുഭവിച്ചുതുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉത്തരവുകള്‍ സാമ്പത്തികരംഗം പ്രതിസന്ധിയിലാക്കുകയും രാജ്യത്തിന്‍റെ രാഷ്ട്രീയ ഭാവി അരക്ഷിതാവസ്ഥയിലാക്കുകയും ചെയ്തു. പ്രസ്തുത സാഹചര്യത്തില്‍, പാശ്ചാത്യ മാധ്യമശക്തികള്‍ നിരന്തരം സംസാരിച്ചിരുന്നതു വെനിസ്വലയെക്കുറിച്ചായിരുന്നു.

എങ്ങനെ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രത്തിന്റെ സാമ്പത്തിക ഘടന തകര്‍ന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമായി വെനിസ്വലയെ ചൂണ്ടികാണിക്കാനും പ്രതിപക്ഷ നേതാവ് ജുവോന്‍ ഗാഡിയോയുടെ നേതൃത്വത്തില്‍ ഭരണമാറ്റം നടക്കണമെന്നും ഇതോടെ പാശ്ചാത്യ ശക്തികൾ ആഹ്വാനം ചെയ്തു. മദുറോ വിജയിച്ച യുഎന്‍ നിരീക്ഷണത്തില്‍ നടന്ന തെരഞ്ഞെടുപ്പ് ജുവോന്‍ ബഹിഷ്‌കരിച്ചിരുന്നു.

അതുകൊണ്ടു യഥാര്‍ഥ ചോദ്യം പാശ്ചാത്യ ഇടപെടലിലൂടെ മാത്രം പരിഹരിക്കപ്പെടുന്ന മാനുഷിക പ്രതിസന്ധിയുടെതും മനുഷ്യാവകാശത്തിന്റെതുമല്ല. മറിച്ച്, ദേശസാല്‍കൃത എണ്ണ വ്യവസായമുള്ള വെനിസ്വലയുടെ സ്വാശ്രയത്തത്തെക്കുറിച്ചുള്ള ചോദ്യമാണ് ഇനി ബാക്കിയാവുന്നത്. മൂന്നാം ലോക രാജ്യങ്ങള്‍ക്കുള്ള പരമാധികാരത്തിന്റെ ചോദ്യമാണ് ഇനി ബാക്കിയുള്ളത്. ജനാധിപത്യത്തെക്കുറിച്ചുള്ളതും വംശീയവും സാമ്രാജ്യത്വപരവുമായ പാശ്ചാത്യന്‍ സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്താണു വെനിസ്വലയുടെ പരമാധികാരം. സോഷ്യലിസം കാരണം വെനിസ്വല അരക്ഷിതാവസ്ഥയിലാണെന്ന പാശ്ചാത്യ കോര്‍പറേറ്റ്/മാധ്യമ നിര്‍മിതികളെ സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങള്‍ക്ക് അതിജീവിക്കാന്‍ സാധിക്കുമോ എന്ന ചോദ്യമാണ് ഇനി ബാക്കിയുള്ളത്.

പത്തു വര്‍ഷം മുന്‍പ് വെനിസ്വലയിൽ ഭരണകൂട അട്ടിമറി നടന്നിരുന്നെങ്കില്‍ ആരും അറിയാന്‍ സാധ്യതയുണ്ടായിരുന്നില്ല. ലാറ്റിനമേരിക്കയില്‍ നടന്ന മറ്റൊരു ഭരണ മാറ്റമായിട്ടു മാത്രമേ ലോകത്തിനു തോന്നുകയുള്ളൂ. പശ്ചാത്യ ആഖ്യാനങ്ങൾക്കപ്പുറം വ്യത്യസ്തമായ ആഗോളരാഷ്ട്രീയമുള്ള റഷ്യ, ഇറാന്‍, ഇന്ത്യ, ചൈന എന്നിവരോടൊപ്പം വെനിസ്വലയെ എണ്ണുന്നതിലും കുറെ പ്രശ്നങ്ങളുണ്ട്. അന്താരാഷ്ട്ര വീക്ഷണത്തിൽ ഏറെ സജീവമായ ഒരു പ്രദേശത്തെ അറിയണമെങ്കില്‍ വിഭിന്നമായ ആഖ്യാനങ്ങളെ മനസ്സിലാക്കല്‍ അനിവാര്യമാണ്.

പത്തു വര്‍ഷം മുന്‍പ് വെനിസ്വലയിൽ ഭരണകൂട അട്ടിമറി നടന്നിരുന്നെങ്കില്‍ ആരും അറിയാന്‍ സാധ്യതയുണ്ടായിരുന്നില്ല. ലാറ്റിനമേരിക്കയില്‍ നടന്ന മറ്റൊരു ഭരണ മാറ്റമായിട്ടു മാത്രമേ ലോകത്തിനു തോന്നുകയുള്ളൂ. പശ്ചാത്യ ആഖ്യാനങ്ങൾക്കപ്പുറം വ്യത്യസ്തമായ ആഗോളരാഷ്ട്രീയമുള്ള റഷ്യ, ഇറാന്‍, ഇന്ത്യ, ചൈന എന്നിവരോടൊപ്പം വെനിസ്വലയെ എണ്ണുന്നതിലും കുറെ പ്രശ്നങ്ങളുണ്ട്. അന്താരാഷ്ട്ര വീക്ഷണത്തിൽ ഏറെ സജീവമായ ഒരു പ്രദേശത്തെ അറിയണമെങ്കില്‍ വിഭിന്നമായ ആഖ്യാനങ്ങളെ മനസ്സിലാക്കല്‍ അനിവാര്യമാണ്. ഏതായാലും വെനിസ്വലയിലെ ഈ പ്രതിസന്ധി ഒരു ചരിത്രപരമായ നിർധാരണം അര്‍ഹിക്കുന്നുണ്ട്.

ജനാധിപത്യമെന്ന പേരിൽ പറയപ്പെടുന്ന പടിഞ്ഞാറിന്റെ അനുകമ്പയല്ല വെനിസ്വല തേടുന്നത്. കര്‍തൃത്വമുള്ള സമൂഹമായി വെനിസ്വലയിലെ ജനങ്ങളെ വീക്ഷിക്കണമെന്നു ചുരുക്കം. മനുഷ്യാവകാശങ്ങളുടെ പേരില്‍ നടക്കുന്ന പ്രബല ആഖ്യാനങ്ങളെ പുനര്‍വിചിന്തനം നടത്താനും വെനിസ്വലയിലെ ജനങ്ങൾ അനുഭവിക്കുന്ന ഹിംസയെ അടയാളപ്പെടുത്താനും ശ്രദ്ധിക്കേണ്ടതുണ്ട്. അത് എങ്ങനെയാണു സാമ്രാജ്യത്വ ചട്ടക്കൂടില്‍ നിര്‍ണയിക്കപ്പെടുന്നുവെന്ന് അന്വേഷിക്കാൻ വെനിസ്വല നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. കാരണം ഈ ചര്‍ച്ചകള്‍ പരമാധികാരത്തെക്കുറിച്ചാണ്. മനുഷ്യന്‍ എന്താണെന്നും അവകാശങ്ങള്‍ എന്താണെന്നും അവകാശങ്ങള്‍ എങ്ങനെ പരിരക്ഷിക്കണമെന്നതിനെക്കുറിച്ചുള്ള പര്യാലോചനയാണു പരമാധികാരത്തിന്റെ പ്രശ്നം. വെനിസ്വല ഉന്നയിക്കുന്ന പ്രധാനപ്പെട്ട ചോദ്യമാണത് .

 

മൊഴിമാറ്റം: സ്വാലിഹ് അമ്മിണിക്കടവ്

Top