പൗരൻ / അഭയാർഥി എന്ന ബൈനറിക്കപ്പുറം: പുതിയൊരു പ്രവാസ രാഷ്ട്രീയത്തിലേക്ക്  

പൗരത്വം ‌വസ്തുനിഷ്ഠമായി നിര്‍വചിക്കപ്പെട്ട മാറ്റമില്ലാത്ത ഒരു ഉണ്മയല്ല, മറിച്ച് ദേശീയ കര്‍തൃത്വം ഉല്‍പാദിപ്പിക്കുന്ന ഒരു പ്രക്രിയയാണ്. മനുഷ്യന്‍ (പൗരന്‍) ആയി മാറുകയും അതോടൊപ്പം തന്നെ മൃഗം (അഭയാര്‍ഥി) ആക്കപ്പെടുകയും ചെയ്യുന്ന പ്രക്രിയയാണ് അത്. കുടിയേറ്റ കർതൃത്വത്തിന്റെ രാഷ്ട്രീയ കർത്തവ്യത്തെ കുറിച്ച് നോയൽ മറിയം ജോർജ് എഴുതുന്നു.

ഒരു ഭീമന്‍ ക്ഷേത്രം (അറവുശാല) ഉണ്ട്, അവിടെ പശുക്കള്‍ പവിത്രമായും കൊല്ലാന്‍ പാടില്ലാത്തതായും കരുതപ്പെടുന്നു. പക്ഷേ, വിശുദ്ധ പശുവിന്‍റെ പവിത്രത നിലനില്‍ക്കെത്തന്നെ, മതാനുഷ്ഠാനപരമായ മൃഗബലി സാധാരണ പോലെ തുടരണമെന്നുണ്ടെങ്കില്‍, ‘അപര’ മൃഗങ്ങളെ കശാപ്പ് ചെയ്യേണ്ടി വരും. അതുമൂലം സാധുക്കളായ നാടന്‍ പശുക്കളെ ബലിയര്‍പ്പിക്കേണ്ടി വരില്ല. ഇന്ത്യ എന്ന ദേശരാഷ്ട്രം ഇത്തരമൊരു ഭീമാകാര ക്ഷേത്രമായി (അറവുശാലയായി) മാറിക്കൊണ്ടിരിക്കുകയാണ്. ഇവിടെ മനുഷ്യന്‍ / മൃഗം എന്ന ബൈനറിയെ പശുസംരക്ഷകൻ / പശുഭോജകന്‍ എന്ന തരത്തില്‍ പ്രതീകാത്മകമായി സ്ഥാപിക്കുന്ന പ്രക്രിയയുടെ പേരാണ് പൗരത്വം.

മാറ്റത്തിനു വിധേയമല്ലാത്ത ഒരു ആശയമായി (static concept) പൗരത്വത്തെ മനസിലാക്കാന്‍ കഴിയില്ല, മറിച്ച് പൗരനില്‍ നിന്നുള്ള ഛായാരൂപവുമായി (spectrum) ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഒന്നായാണ് അതിനെ മനസിലാക്കേണ്ടത്: സവര്‍ണ ഹിന്ദു പരുഷന്‍ എന്നത് നിഷ്കളങ്കകളായ നാടന്‍ പെണ്‍പശുക്കളെ സംരക്ഷിക്കേണ്ടവനാണ്; രാഷ്ട്രരഹിതനായ അഭയാര്‍ഥി എന്നത് പ്രസ്തുത പെണ്‍പശുവിനെ വിഴുങ്ങുന്ന ഭീകര പുരുഷാധിപത്യ മൃഗമായ അവര്‍ണ മുസ്‌ലിമുമാണ്. രാഷ്ട്രത്തിനു മേല്‍ പരമാധികാരം അവകാശപ്പെടുന്നതിനു വേണ്ടി ഒരു വിശുദ്ധ ഭൂപ്രദേശത്തിനു മേല്‍ ഉത്ഭവ മിത്ത് അവകാശപ്പെടുന്ന സവര്‍ണ കര്‍തൃത്വങ്ങളുടെ ദേശീയ കര്‍തൃത്വത്തെയാണ് പശു പ്രതിനിധീകരിക്കുന്നത്. പശുവിനെ വിഴുങ്ങുകയും കീഴടക്കുകയും ചെയ്ത ഒരു ദുഷ്ട ജീവിയെ / ‘അപര’നെയാണ് മ‍ൃഗം പ്രതിനിധീകരിക്കുന്നത്. പൗരത്വം എന്നത് ആയിത്തീരലാണ്, അതൊരു ഉണ്മയല്ല. പൗരത്വം ‌വസ്തുനിഷ്ഠമായി നിര്‍വചിക്കപ്പെട്ട മാറ്റമില്ലാത്ത ഒരു ഉണ്മയല്ല, മറിച്ച് ദേശീയ കര്‍തൃത്വം ഉല്‍പാദിപ്പിക്കുന്ന ഒരു പ്രക്രിയയാണ്. മനുഷ്യന്‍ (പൗരന്‍) ആയി മാറുകയും അതോടൊപ്പം തന്നെ മൃഗം (അഭയാര്‍ഥി) ആക്കപ്പെടുകയും ചെയ്യുന്ന പ്രക്രിയയാണ് അത്.

മനുഷ്യന്‍ / മൃഗം; പൗരന്‍ / അഭയാര്‍ഥി എന്നീ ബൈനറികളുടെ തടസ്സം മറികടക്കണമെന്നുണ്ടെങ്കില്‍, 21ാം നൂറ്റാണ്ടിലെ പ്രാഥമിക കര്‍തൃത്വത്തെ ‘കുടിയേറ്റക്കാര’നായി പുനരാവിഷ്കരിക്കേണ്ടി വരും. പൗരന്‍ / അഭയാര്‍ഥി; മനുഷ്യന്‍ / മൃഗം എന്നീ ബൈനറികള്‍ക്കിടയിലാണ് കുടിയേറ്റക്കാരന്‍ നിലകൊള്ളുന്നത്. രാഷ്ട്രത്താല്‍ അന്ത്യമില്ലാത്ത പാലായനത്തിനു നിര്‍ബന്ധിക്കപ്പെടുന്നവനാണ് കുടിയേറ്റക്കാരന്‍. രാഷ്ട്രം അവന്‍റെ / അവളുടെ ചലനത്തെ എല്ലാ തരത്തിലും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. അതേസമയം തന്നെ എല്ലായിടങ്ങളില്‍ നിന്നും പുറന്തള്ളുകയും ചെയ്യുന്നു. നാലു വ്യത്യസ്ത ഇടങ്ങളില്‍ നിന്നും കുടിയേറ്റക്കാര്‍ പൂര്‍ണ്ണമായും പുറത്താക്കപ്പെട്ടവരായി തത്വചിന്തകനായ തോമസ് നൈല്‍ നിര്‍വചിക്കുന്നുണ്ട്: കുറ്റവാളി എന്ന നിലയ്ക്ക് നിയമ പരിരക്ഷയില്‍ നിന്ന്; പ്രകൃതർ / ഭീകരവാദികള്‍ എന്ന നിലയ്ക്ക് രാഷ്ട്രീയ മണ്ഡലത്തില്‍ നിന്ന്; നാടോടി എന്ന നിലയ്ക്ക് അതിര്‍ത്തിക്കുള്ളില്‍ നിന്ന്; ദരിദ്ര വര്‍ഗമെന്ന നിലയ്ക്ക് സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന്. കുറ്റവാളികള്‍, പ്രകൃതർ / ഭീകരവാദികള്‍, ദരിദ്ര വര്‍ഗം, നാടോടികള്‍ കുടിയേറ്റ കര്‍തൃത്വങ്ങള്‍ എന്ന നിലയ്ക്ക് ഇവരൊന്നും അഭയാര്‍ഥികളെ പോലെ പൂര്‍ണ്ണമായി പുറന്തള്ളപ്പെട്ടവരോ, പൗരന്‍മാരെ പോലെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളപ്പെട്ടവരോ അല്ല. അവര്‍ ആന്തരികമായി ബഹിഷ്കരിക്കപ്പെട്ടവരാണ് (inclusively excluded). നേരേമറിച്ച്, പൗരന്‍ എന്നത് ബാഹ്യാർഥത്തിൽ ഉൾക്കൊള്ളിച്ച (exclusively included) കര്‍തൃത്വമാണ്. രാഷ്ട്രത്തിനകത്ത് പൗരന് ദൃഢവും സ്ഥിരതയുള്ളതുമായ രാഷ്ട്രീയ അസ്ഥിത്വമുണ്ട്.

ലിബറല്‍ ജനാധിപത്യ രാഷ്ട്രങ്ങളിലെ പൗരത്വം എന്നത് വംശ – ദേശ രാഷ്ട്രത്തിലെ ബാഹ്യമായി ഉൾക്കൊള്ളിച്ച പൗരന്‍റെ അധികാരത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന പ്രക്രിയയാണ്. രാഷ്ട്രത്തിനകത്തു തന്നെയുള്ള ആന്തരികമായി ബഹിഷ്കരിക്കപ്പെട്ട കുടിയേറ്റക്കാരെ ഒരുമിച്ചുകൂട്ടി കൃത്രിമമായി ഒരു ഭൂരിപക്ഷത്തെ സൃഷ്ടിച്ചു കൊണ്ടാണ് അതു സാധ്യമാക്കുന്നത്. പൗരന് – സവര്‍ണ ഹിന്ദു പുരുഷന് രാഷ്ട്രത്തിന്‍റെ പരമാധികാരം പ്രത്യേകമായി കയ്യാളാന്‍ ഈ നിര്‍മിത ഭൂരിപക്ഷം സഹായിക്കുന്നു.

കുടിയേറ്റ കര്‍തൃത്വങ്ങള്‍ പരമാധികാര രാഷ്ട്രത്താല്‍ നിയന്ത്രിക്കപ്പെടുകയും ക്രിമിനല്‍വൽക്കരിക്കപ്പെടുകയും ചെയ്യുന്നു. അതേസമയം തന്നെ അവര്‍ണ മുസ്‌ലിം മൃഗങ്ങളുടെ ഉൽപാദനത്തിനു വേണ്ടി അവര്‍ കൂടുതല്‍ കൂടുതല്‍ വംശീയവൽക്കരണത്തിന് ഇരയാവുകയും ചെയ്യുന്നു. ഇത് ബൈനറിയുടെ നിലനില്‍പ്പ് സാധ്യമാക്കും.

പരമാധികാരവും ‘മെരുങ്ങാത്തവരും’

മതേതര രാഷ്ട്രത്തിലെ ഭരണഘടനയില്‍ ഇന്ത്യന്‍ പൗരന്‍ നിര്‍വചിക്കപ്പെടുന്നത് രാഷ്ട്രത്തിന്‍റെ അതിര്‍ത്തിക്കുള്ളില്‍ ഉള്‍പ്പെടുന്ന ‘എല്ലാ’ കര്‍തൃത്വങ്ങളും എന്നാണ്. എന്നാല്‍, ഒരു ജാതി സഞ്ചയം എന്നതിലുപരി ഒരു ‘മത’ വിഭാഗമായി ഹിന്ദു ഭൂരിപക്ഷത്തെ നിര്‍മിച്ച കോളോണിയല്‍ ഭരണകൂടത്തിന്‍റെ നിയമ ക്രമീകരണങ്ങളില്‍ നിന്നും കടംകൊള്ളുന്ന മതേതര രാഷ്ട്രത്തിന്, ഹിന്ദു ഭൂരിപക്ഷം എത്രത്തോളം പരമാധികാരം അവകാശപ്പെട്ടുവോ അതിനനുസരിച്ച് എല്ലായ്പ്പോഴും മതേതരത്വത്തെ പുനർനിര്‍വചിക്കേണ്ടി വന്നു. ഹിംസക്കു മേലുള്ള കുത്തകാവകാശമായാണ് പരമ്പരാഗതമായി പരമാധികാരം നിര്‍വചിക്കപ്പെട്ടത്. എന്നാല്‍ ജനാധിപത്യ ദേശ – രാഷ്ട്രങ്ങളുടെ ആധുനിക സാഹചര്യത്തില്‍ ഒഴിവാക്കലിന്റെ അവസ്‌ഥ (state of exception) നടപ്പാക്കാനുള്ള അധികാരമായി പരമാധികാരത്തെ പുനഃനിര്‍വചിക്കേണ്ടതുണ്ട്. ഒഴിവാക്കലിന്റെ അവസ്‌ഥ ഒരു രാഷ്ട്രീയ പ്രതിഭാസമാണ്. അതില്‍ പൗരന്‍മാരെ അഥവാ കുടിയേറ്റ കര്‍തൃത്വങ്ങളെ മൃഗങ്ങള്‍ (bare life) ആയി പരിമിതപ്പെടുത്താനായി പരമാധികാരി നിയമത്തിന് അതീതനായി ഉയര്‍ന്നുവരും. അവര്‍ണ കര്‍തൃത്വങ്ങളെ (ദലിതരും മുസ്‌ലിംകളും) മൃഗതുല്യമാക്കി പരിവര്‍ത്തിപ്പിക്കുന്ന ഒരു പ്രകിയയാണ് ഒഴിവാക്കലിന്റെ അവസ്‌ഥ. മനുഷ്യര്‍ എന്ന നിലയില്‍ പൗരന്‍മാര്‍ പരമാധികാരിക്കു മുന്നില്‍ ദുഷ്ടമൃഗങ്ങളായി പെട്ടെന്ന് മാറുകയും അവരെ ശിക്ഷാഭീതിയില്ലാതെ വധിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യുമ്പോഴാണ് മൃഗപരതയില്‍ നിന്നും രാഷ്ട്രീയപരതയിലേക്ക് ഒരു പൊട്ടിത്തെറിയുണ്ടാകുന്നത്. പിന്നീട് രാഷ്ട്രീയപരതയില്‍ നിന്നും ജന്തുപരതയിലേക്ക് പൊട്ടിത്തെറിയുണ്ടാവുകയും, അതിനാല്‍ പശു സംരക്ഷണം അഥവാ പശുക്കളുടെ ‘അവകാശങ്ങള്‍’ സംരക്ഷിക്കുക എന്നത് മറ്റേതൊരു പൗരനും ഉള്ളതു പോലെ പശുക്കളുടെ രാഷ്ട്രീയ അസ്ഥിത്വം എന്ന ഒരു ആശയത്തിലേക്ക് രൂപാന്തരം പ്രാപിക്കും. പശുക്കളെ കൊല്ലാനുള്ള ഏതൊരു ശ്രമവും ഒരാളെ കുറ്റക്കാരനാക്കി മാറ്റും. അവര്‍ണ കര്‍തൃത്വങ്ങളെ കേവലം പശുതുല്യമാക്കി ന്യൂനീകരിക്കാനായി സവര്‍ണ ഹിന്ദുക്കള്‍ മുന്നോട്ടുവെച്ച വ്യാജ രാഷ്ട്രീയമാണ് പശുസംരക്ഷണം.

കൊല്ലാനുള്ള അധികാരമാണ് പരമാധികാരം, പക്ഷേ ദൈനംദിന രാഷ്ട്രീയത്തില്‍ ‘മെരുക്കാന്‍ കഴിയാത്തവരെ മെരുക്കാനുള്ള’ അധികാരം കൂടിയാണത്. പൗരത്വം എന്നത് മെരുക്കലിന്‍റെ ഒരു രീതിയാണ്; മെരുങ്ങാത്തവരെന്ന് രാഷ്ട്രം നിര്‍വചിക്കുന്ന കര്‍തൃത്വങ്ങളെ അനുസരണത്തിനു കീഴില്‍ കൊണ്ടുവരുന്നതാണ് പൗരത്വം.

ദേശരാഷ്ട്രത്തിന്‍റെ കോളനിയാനന്തര സാഹചര്യം ചിലരെ ആദിമ ജനതയെന്നും, മറ്റു ചിലരെ വിദേശികളെന്നും, അധിനിവേശകര്‍ എന്നും അന്യരെന്നും അടയാളപ്പെടുത്തുന്നു. മിത്തുകളിലൂടെ ഭൂരിപക്ഷം തങ്ങളാണ് ആദിമ ജനതയെന്ന് അവകാശപ്പെടുന്നു, കേവലം ഏഴു ദശാബ്ദക്കാലം മാത്രം പ്രായമുള്ള ചരിത്രപരമായി നിര്‍മിക്കപ്പെട്ട ഉണ്മ എന്നതിനു പകരം സഹസ്രാബ്ദങ്ങളോളം ഹിന്ദു ചക്രവര്‍ത്തിമാരുടെ കീഴില്‍ നിലനിന്നിരുന്ന ഒരു നാഗരിക രാഷ്ട്രമാണ് ഇന്ത്യയെന്ന ഹിന്ദുവാദം അതുപോലെയാണ്.

ഒരു ആധുനിക നിയന്ത്രണ രീതി എന്ന നിലയില്‍ ദേശരാഷ്ട്രം വംശ – ദേശ രേഖകളുടെ കൂടെ ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും സൃഷ്ടിച്ചിട്ടുണ്ട്. ദേശീയ കര്‍തൃത്വത്തിന്‍റെ നിര്‍മിതി എന്നത് നിയന്ത്രിക്കാനും മെരുക്കാനുമുള്ള ഒരു മാര്‍ഗമാണ്. കേവല ഭൂരിപക്ഷത്തെ പ്രാഥമിക ദേശീയ പൗരന്‍മാരായി സ്ഥാപിക്കുന്നതിലൂടെ, അതില്‍ നിന്നും അധിനിവേശകര്‍, വിദേശികള്‍, കുറ്റവാളികള്‍, ഭീകരവാദികള്‍ തുടങ്ങിയ ബൈനറികൾ, മൃഗത്തെ കുറിക്കുന്ന വ്യത്യസ്ത ‘അപര’ങ്ങളെ സൃഷ്ടിച്ചെടുക്കുന്നു. ഈ അപര മൃഗത്തെ വധിക്കാനുള്ള അധികാരത്തിന്‍റെ പ്രയോഗമാണ് പരമാധികാരം. ‘അപരരെ’ – കുടിയേറ്റ കര്‍തൃത്വങ്ങളെ ആന്തരിക ബഹിഷ്‌കരണത്തിനു വിധേയമാക്കുന്നതിലൂടെയാണ് ലിബറല്‍ ദേശരാഷ്ട്രം സ്വയം സ്ഥാപിക്കുന്നത്, അതിനാല്‍ ഉദാര ഭൂരിപക്ഷത്തിനു പ്രത്യേക പരമാധികാരം നിലനിര്‍ത്താന്‍ സാധിക്കുന്നു. അത് മൃഗതുല്യരെ പൂര്‍ണമായും പുറന്തള്ളുക എന്ന അജണ്ടയെ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യും. ആയതിനാല്‍, പൗരത്വം എന്ന് ഒരു ആന്തരിക ബഹിഷ്കരണ പ്രക്രിയയാണ്, അത് ഒരേസമയം അപരരെ പൂര്‍ണമായും ബഹിഷ്കരിക്കുന്നതിന്‍റെ ചെലവില്‍ മറ്റു ചിലരുടെ ഉൾക്കൊള്ളലും പൂര്‍ത്തീകരിക്കുന്നു. ഇന്ത്യയില്‍ ‘പൗരന്‍മാര്‍’ എന്ന നിലയില്‍ അവര്‍ണ മുസ്‌ലിം കര്‍തൃത്വങ്ങളെ പൂര്‍ണമായും പുറന്തള്ളിയിട്ടില്ല, ആന്തരിക ബഹിഷ്കരണം പരിപൂര്‍ണ പുറന്തള്ളലിന്‍റെ വലിയ പദ്ധതിക്ക് സഹായകമാവും എന്ന വ്യാമോഹം ഉളവാക്കുന്നതുകൊണ്ടു മാത്രമാണ് രാഷ്ട്രം അവരെ നാമമാത്രമായി ഉള്‍ക്കൊള്ളുന്നത്. ദരിദ്രവര്‍ഗം അല്ലെങ്കില്‍ കുറ്റവാളികള്‍ എന്നിവരെ പോലെയുള്ള ആന്തരികമായി ബഹിഷ്കരിക്കപ്പെട്ടവരായാണ് അവര്‍ണ മുസ്‌ലിം കര്‍തൃത്വങ്ങള്‍ രാഷ്ട്രത്തിനകത്ത് നിലനില്‍ക്കുന്നത്. അവര്‍ ഏത് സമയത്ത് വേണമെങ്കിലും നാടോടികള്‍, ഭീകരവാദികള്‍, അഭയാര്‍ഥികള്‍ അല്ലെങ്കില്‍ പ്രാകൃതർ, അനധികൃത കുടിയേറ്റക്കാര്‍ എന്നിവരെ പോലെ പരിപൂര്‍ണമായും ‘പുറന്തള്ളപ്പെടാം’. 

ആന്തരികമായി ബഹിഷ്കരിക്കാനും അവസാനം പരിപൂര്‍ണമായി പുറന്തള്ളാനുമുള്ള അധികാരത്തിന്‍റെ പ്രയോഗമാണ് ദേശരാഷ്ട്രത്തിന്‍റെ പരമാധികാരം. വംശീയ – ദേശീയതയാണ് ദേശരാഷ്ട്രത്തിന്‍റെ മര്‍മ്മത്തില്‍ കുടികൊള്ളുന്നത്. നിയമങ്ങളില്‍ സ്വയം സ്ഥാപിതമായിട്ടുള്ള ഈ പരമാധികാരം തന്നെയാണ് യുഎപിഎ, ടാഡ, പോട്ട, അഫ്സ്പ തുടങ്ങിയ ഭീകരനിയമങ്ങളില്‍ ഒഴിവാക്കലിന്റെ അവസ്ഥയെ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. ഈ ഭീകര നിയമങ്ങള്‍ പ്രകാരം പൗരന്‍ ആദ്യമേ കുറ്റവാളിയാണ്, അതായത് കുറ്റം തെളിയിക്കുന്നത് വരേക്കും പൗരന്‍ നിരപരാധിയല്ല, മറിച്ച് കുറ്റവാളിയാണെന്ന് സാരം. രാഷ്ട്രീയവും നിയമപരവുമായ അവകാശങ്ങളുള്ള കുറ്റവാളിയെ എല്ലാം പിച്ചിചീന്തപ്പെട്ട് മൃഗത്തിന്‍റെ ഗണത്തിലേക്ക് ന്യൂനീകരിക്കപ്പെട്ട അഭയാര്‍ഥിയായി പരിവര്‍ത്തിപ്പിക്കുന്നതും ഈ പരമാധികാരം തന്നെയാണ്. ഇൻഡ്യയുടെ അതിര്‍ത്തിക്കുള്ളില്‍ ഉടനീളമുള്ള മുസ്‌ലിംകള്‍ മൃഗതുല്യരായി മാറിക്കൊണ്ടിരിക്കുകയാണ്. ഇൻഡ്യ ഹിന്ദുവായി പുനഃസ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വേളയില്‍ പൗരത്വരഹിതരായ, രാഷ്ട്രരഹിതരായ മൃഗങ്ങളെ ശിക്ഷാഭയമില്ലാതെ കൊല്ലാന്‍ കഴിയും. 2019ലെ പൗരത്വ ഭേദഗതി ബില്‍ ഹിന്ദു പരമാധികാരം പ്രയോഗിക്കുന്നതിനായി പുറന്തള്ളലിലൂടെ മുസ്‌ലിംകളെ വംശീയവൽക്കരിക്കുന്നതിനു വേണ്ടി പൗരത്വത്തെ പുനർനിര്‍വചിക്കുന്നുണ്ട്. അതേസമയം തന്നെ അത് ‘ന്യൂനപക്ഷങ്ങള്‍’ ആയി നിര്‍മിക്കപ്പെട്ടിരുന്ന അയല്‍ രാജ്യങ്ങളിലെ ചില പ്രത്യേക അപരരെ (ബുദ്ധ, ജൈന, സിഖ്, പാര്‍സി, ക്രിസ്ത്യന്‍ മതക്കാര്‍) മുസ്‌ലിം അപരനെതിരെയുള്ള ഒരു കൃത്രിമ ഭൂരിപക്ഷത്തെ സൃഷ്ടിക്കാന്‍ വേണ്ടി സഹകരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ‘ഉദാരനായ’ ഹിന്ദു പരമാധികാരി മുസ്‌ലിംകളുടെ പൂര്‍ണമായ പുറന്തള്ളല്‍ ഉറപ്പുവരുത്തുന്നതിനു വേണ്ടി ചില അപരരുടെ താല്‍ക്കാലികമായ ബാഹ്യാർഥത്തിലുള്ള ഉൾക്കൊള്ളലിന് തയ്യാറാവുന്നു. ബുദ്ധമതക്കാരെയും ജൈനന്‍മാരെയും സിഖുകാരെയും പാര്‍സികളെയും ക്രിസ്ത്യാനികളെയും ഉള്‍ക്കൊള്ളുന്ന ഒരു മതേതര ലോകമാണ് അത് നിര്‍മിക്കുന്നത്. യഥാര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നതിനേക്കാള്‍ അവരെ തങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനു വേണ്ടി സഹകരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. 

സവര്‍ണ പൗരന്‍റെ യഥാര്‍ഥ അധികാരം ചോദ്യംചെയ്യപ്പെടാത്ത വിധം ‘അപരരെ’ ആന്തരികമായി ബഹിഷ്ക്കരിക്കുന്നതിലൂടെയാണ് സവര്‍ണ പുരുഷന്‍ രാഷ്ട്രത്തിനകത്ത് മതേതര്വം സ്ഥാപിക്കുന്നത്. രാഷ്ട്രത്തിന്‍റെ മതേതരത്വം തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നിര്‍വചിച്ചു കൊണ്ടാണ് സവര്‍ണ ഹിന്ദു തന്‍റെ ‘ഹിന്ദുത്വം’ മറച്ചുവെക്കുന്നത്. ‘മതേതര’ പൗരന്‍മാരാവാന്‍ ‘ഹിന്ദു ആയിത്തീരുക’ എന്ന മതേതരത്വ രൂപീകരണ നിയാമക ചട്ടക്കൂടിനെ (normative framework) ചോദ്യം ചെയ്യലാണ് കുടിയേറ്റ കര്‍തൃത്വത്തിന്‍റെ യഥാര്‍ഥ രാഷ്ട്രീയ കര്‍ത്തവ്യം.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുടിയേറ്റ കർതൃത്വം ജാതി വിരുദ്ധവും ദേശീയാനന്തരവും മതേതരാനന്തരവുമാണ്. അത് ‘മതേതര’ സവര്‍ണ പുരുഷ പൗരന്‍റെ അധീശലോകത്തെ തുറന്നുകാട്ടുകയും വലിച്ചുകീറുകയും ചെയ്യുന്നു. ദേശീയ കര്‍തൃത്വത്തിന് വിരുദ്ധമായി കുടിയേറ്റ കര്‍തൃത്വം ഹിന്ദുവോ മതേതരമോ അല്ല, അതിര്‍ത്തി സംബന്ധിയോ ദേശീയമോ അല്ല. ഒരു കേന്ദ്രീകൃത രാഷ്ട്രത്തില്‍ ആധിപത്യപരമായ ‘ഏകശിലാത്മകത’ ലക്ഷ്യം വെക്കുന്നുമില്ല. ‘വ്യത്യസ്തതകളെ’ അംഗീകരിക്കുന്ന ഐക്യപ്പെടലിന്‍റെ രാഷ്ട്രീയമാണത്, വ്യതിരിക്തവും വ്യത്യസ്തവുമായ രാഷ്ട്രീയ കര്‍തൃത്വങ്ങളുടെ ഒരു കൂട്ടം. പുറന്തള്ളപ്പെട്ടവരുടെ രാഷ്ട്രീയ പ്രകടനം സാധ്യമാക്കുന്നതിനു വേണ്ടി അത് ഒരേസമയം മാതൃകകളെ നിര്‍മിക്കുകയും അപനിര്‍മിക്കുകയും ചെയ്യുന്നു. കുടിയേറ്റ കര്‍തൃത്വം അനിശ്ചിതവും സ്വയം പ്രതിഫലിപ്പിക്കുന്നതുമാണ്. അതിനാല്‍ തന്നെ വിമോചന രാഷ്ട്രീയത്തിന്‍റെ യഥാര്‍ഥത്തിലുള്ള ഏക ആവിഷ്കാരവുമാണ്. സ്വന്തം പൗരന്‍മാരെ മാത്രം പ്രാധാന്യമുള്ള രാഷ്ട്രീയ കര്‍തൃത്വങ്ങളായും, ‘അപരര്‍’ കൊല്ലപ്പെടേണ്ടവരായും നിര്‍വചിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രത്തിന് വിമോചന രാഷ്ട്രീയം നിര്‍മിക്കാന്‍ ഒരിക്കലും സാധ്യമല്ല.

(ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ  എംഫിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിനിയാണ് ലേഖിക)

  • Sweet, S. S. (1984) ‘Imagined Communities: Reflections on the Origin and Spread of Nationalism’, Telos. doi: 10.3817/0684060227.
  • Nikolopoulou, K., Agamben, G. and Heller-Roazen, D. (2007) ‘Homo Sacer: Sovereign Power and Bare Life’, SubStance. doi: 10.2307/3685567.
  • Nail, T. (2016) Theory of the Border, Theory of the Border. doi: 10.1093/acprof:oso/9780190618643.001.0001.
  • McLeod, L. J. (2012) ‘Toward a Political Philosophy of Race’, Social Theory and Practice. doi: 10.5840/soctheorpract201036439.
  • Mbembe, A. (2008) ‘Necropolitics’, in Foucault in an Age of Terror: Essays on Biopolitics and the Defence of Society. doi: 10.1057/9780230584334.
  • Kopf, D. I. and Chatterjee, P. (2006) ‘The Nation and Its Fragments: Colonial and Postcolonial Histories.’, The American Historical Review. doi: 10.2307/2168288.
  • Foucault, M. (2005) ‘The Subject and Power’, Critical Inquiry. doi: 10.1086/448181.
  • Derrida, J. (1978) ‘Structure, Sign, and Play in the Discourse of the Human Sciences’, Writing and Difference. doi: 10.1017/CBO9781107415324.004.
  • Deleuze, G. and Guattari, F. (1995) ‘A Thousand Plateaus’, SubStance. doi: 10.2307/3684887.
Top