മത്സ്യത്തൊഴിലാളികളുടെ ഇടപെടലുകളും പ്രളയ ദുരിതാശ്വാസവും
കേരളം കണ്ട മഹാപ്രളയത്തിന് മുന്നില്‍ പകച്ചു നില്ക്കാതെയും അധികാരികളുടെ ഉത്തരവിന് കാത്തുനില്ക്കാതെയും ആയിരക്കണക്കിന് ജീവനുകളെ സുരക്ഷിതസ്ഥാനത്തെത്തിക്കാന്‍ സ്വജീവന്‍ പണയം വെച്ച് മുന്നിട്ടിറങ്ങി നിസ്വാര്‍ത്ഥ സേവനം നടത്തിയ മത്സ്യത്തൊഴിലാളികളെ കുറിച്ച് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് പ്രസിഡന്റ് ടി. പീറ്റര്‍ എഴുതിയ കുറിപ്പ്.
കടലിൽ തിരമാലകള്‍ക്കെതിരെ പൊരുതുന്നവരാണ് മത്സ്യത്തൊഴിലാളികൾ. അവർക്കു മുന്നിൽ പ്രളയം ഒരു പ്രശ്നമേയല്ലെന്ന യാഥാര്‍ഥ്യമാണ് വള്ളങ്ങളുമായി രക്ഷാപ്രവർത്തനത്തിനിറങ്ങണമെന്ന് നിർദേശം നൽകാൻ കാരണം. ആ വിശ്വാസത്തിന് കോട്ടം തട്ടിയില്ല. അവരുടെ ആത്മവിശ്വാസവും ആത്മധൈര്യവും മൂലമാണ് ആയിരക്കണക്കിനാളുകളെ മരണത്തിൽനിന്ന് രക്ഷപ്പെടുത്താൻ കഴിഞ്ഞത്. സഹായത്തിന് ജി.പി.എസ് സംവിധാനങ്ങളുമുണ്ടായിരുന്നു. ആര്‍ത്തലക്കുന്ന കടലിനെ അതിജീവിക്കാൻ കഴിയുന്നവർക്ക് മറ്റൊന്നിനോടും ഭയമുണ്ടാകില്ല.
പ്രളയബാധിത പ്രദേശങ്ങളില്‍ ആയിരങ്ങള്‍ കുടുങ്ങി കിടക്കുന്നുവെന്ന വാര്‍ത്ത അറിഞ്ഞതോടെയാണ് രക്ഷാപ്രവർത്തനത്തിന് സ്വന്തം വള്ളങ്ങളുമായി ഇറങ്ങാൻ ആഹ്വാനം നൽകിയത്. മറ്റൊന്നുമാലോചിക്കാതെ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ കൊല്ലം ജില്ല പ്രസിഡന്റ് എസ്. സ്റ്റീഫന്റെ നേതൃത്വത്തിലുള്ള സംഘം പുറപ്പെട്ടു. ഇവർ പുലർച്ചെ തന്നെ ചെങ്ങന്നൂരിലെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നാലെ ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികളും പുറപ്പെട്ടു. കടലിൽ മത്സ്യബന്ധനത്തിന് പോകുമ്പോള്‍ ഉപയോഗിക്കുന്ന ലൈറ്റും ജി.പി.എസും കയറുമൊക്കെ അവര്‍ കൈവശം കരുതിയിരുന്നു. രാത്രികാല രക്ഷാപ്രവർത്തനത്തിന് അത് ഏറെ ഉപകരിച്ചു.
ജീവന് പണയംവെച്ച് സ്വന്തം വള്ളങ്ങളുമായി രണ്ടുദിവസം വസ്ത്രം പോലും മാറ്റാതെ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ അനുമോദിക്കാൻ സർക്കാർ അവസരമൊരുക്കുമെന്നാണ് പ്രതീക്ഷ.
ബന്ധുക്കളെ കാണാനില്ലെന്ന സന്ദേശങ്ങൾ ഗൂഗ്ൾ ലൊക്കേഷന്‍ അടക്കം ലഭിച്ചത് ജി.പി.എസ് ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനത്തിന് വളരെയധികം സഹായകരമായിരുന്നു. മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അറിവും അനുഭവസമ്പത്തും ഇവിടെയും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞു. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ മത്സ്യത്തൊഴിലാളികളുടെ ത്യാഗമനോഭാവത്തെ പ്രത്യേകം അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു. ജീവന് പണയംവെച്ച് സ്വന്തം വള്ളങ്ങളുമായി രണ്ടുദിവസം വസ്ത്രം പോലും മാറ്റാതെ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ അനുമോദിക്കാൻ സർക്കാർ അവസരമൊരുക്കുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരം വേളിയിൽനിന്ന് ഒമ്പത് വള്ളങ്ങളുമായി 32 പേരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയത്. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ആന്റോ ഏലിയാസിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ നടന്നത്. ആറന്മുള പഞ്ചായത്തിലായിരുന്നു സംഘം കേന്ദ്രീകരിച്ചത്. 680 ലിറ്റർ മണ്ണെണ്ണയും 300 ലിറ്റർ പെട്രോളും അവര്‍ കൈവശം കരുതിയിരുന്നു. എം.എൽ.എയുടെയും പഞ്ചായത്ത് അംഗങ്ങളുടെയും നിർദേശാനുസരണമായിരുന്നു പ്രവർത്തനം. വൈദ്യുതി പോസ്റ്റിനും രണ്ടടി ഉയരത്തില്‍ അന്നേരം വെള്ളം പൊങ്ങിയിരുന്നു. അവിടെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച് എട്ടു മണിക്കൂർ മാത്രമായ യുവതിയെയും കുഞ്ഞിനെയും സുരക്ഷിതമായി ദുരിതാശ്വാസ കേന്ദ്രത്തിൽ എത്തിക്കാൻ അവര്‍ക്ക് കഴിഞ്ഞു. ആ ആശുപത്രിയിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. ഒരു രോഗിയെ ഒാക്സിജൻ സിലിണ്ടറോടു കൂടിയാണ് സുരക്ഷിതസ്ഥാനത്തെത്തിച്ചത്. 12 പേർ താമസിച്ചിരുന്ന ഒരു വീടിന്റെ അകത്തുകടക്കാന്‍ ഗ്രില്‍ തകര്‍ക്കേണ്ടി വന്നു. മറ്റൊരു വീടിന്റെ ഒാട് പൊളിച്ചുമാറ്റി അകത്ത് കയറിയാണ് അവിടെയുണ്ടായിരുന്നവരെ ക്യാമ്പിലെത്തിച്ചത്.
ദുരന്തമേഖലകളിലേക്ക് എപ്പോൾ വിളിച്ചാലും ഓടിയെത്താന്‍ മത്സ്യത്തൊഴിലാളികൾ തയ്യാറാണ്. സംസ്ഥാനത്തെ 222 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും ഒന്നിച്ചുണ്ടാകും. അവർക്ക് പ്രതിഫലം വേണ്ട, അവരെ നിങ്ങൾ മനുഷ്യരായി അംഗീകരിച്ചാൽ മാത്രം മതി.
ഇതിനിടയിൽ, പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയ ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടി കാനഡ, ആസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് സഹായ അഭ്യർഥനകൾ വരാന്‍ തുടങ്ങി. ജി.പി.എസ് ഉണ്ടായിരുന്നത് ഈ സാഹചര്യത്തില്‍ ഏറെ സഹായകരമായി. കൂടാതെ പമ്പയുടെ തീരത്തുനിന്ന് അറുപതോളം പേരെ ആന്റോയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്താന്‍ സാധിച്ചു. അർത്തുങ്കൽ, ചെല്ലാനം എന്നിവിടങ്ങളിൽ നിന്നുള്ളവർ തെർമോകോൾ വള്ളങ്ങളുമായാണ് ആലുവയില്‍ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. മറ്റൊരു സംഘം കുട്ടനാട്ടിലേക്കും പോയി.
വേളിയിൽനിന്നുള്ള മത്സ്യത്തൊഴിലാളി നേതാക്കളായ ആന്റോ ഏലിയാസ്, വിൻസെൻറ് ആൻറണി (കീച്ചൻ), രാജൻ ജോസഫ്, ജോൺ കെനൽ, ജാക്ക് മണ്ടേല, സാജു ലീൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആറന്മുള പഞ്ചായത്തിൽ നടന്ന രക്ഷാപ്രവർത്തനത്തെ ആറന്മുള പഞ്ചായത്ത് സെക്രട്ടറി എസ്. വിജയ് അനുമോദിക്കുകയും ബഹുമാനസൂചകമായി അംഗീകാരപത്രം നൽകുകയും ചെയ്തു. ദുരന്തമേഖലകളിലേക്ക് എപ്പോൾ വിളിച്ചാലും ഓടിയെത്താന്‍ മത്സ്യത്തൊഴിലാളികൾ തയ്യാറാണ്. സംസ്ഥാനത്തെ 222 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളും ഒന്നിച്ചുണ്ടാകും. അവർക്ക് പ്രതിഫലം വേണ്ട, അവരെ നിങ്ങൾ മനുഷ്യരായി അംഗീകരിച്ചാൽ മാത്രം മതി.
കടപ്പാട്, മാധ്യമം ദിനപത്രം