സുഡാനും വെള്ള വംശീയ അതിർത്തികളും

കീഴാള രാഷ്ട്രീയത്തിന് അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വ്യാപിച്ച് നില്‍ക്കുന്ന ‘രാഷ്ട്രത്തിന്‍റെ’ കൂടുതല്‍ വിപുലമായ ഒരു ചട്ടക്കൂട് ആവശ്യമാണ്. അതിര്‍ത്തി, രാഷ്ട്രീയം, സമ്പദ് വ്യവസ്ഥ, നിയമക്രമം എന്നിവയില്‍ നിന്നും വിവിധ തരത്തില്‍ പുറത്താക്കപ്പെടുന്ന അഭയാര്‍ഥി കര്‍തൃത്വമാണ് കീഴാള കര്‍തൃത്വം. കീഴാള രാഷ്ട്രീയത്തിന് സുഡാൻ പ്രധാനപ്പെട്ടതാകുന്നത് എങ്ങനെയെന്ന് നോയൽ മറിയം ജോർജ് എഴുതുന്നു.

കുടിയേറ്റം, അഭയാര്‍ഥി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് മലയാളി ബോധത്തെ തുറന്നുവെച്ച വേറിട്ട ഒരു സിനിമയായിരുന്നു സുഡാനി ഫ്രം നൈജീരിയ. ആഫ്രിക്ക എന്ന നാമം കേവലം ഉഗാണ്ടയുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും, മറിച്ച് 53 രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വന്‍കരയാണ് ആഫ്രിക്കയെന്നും സുഡാനും നൈജീരിയയും വ്യത്യസ്ത രാജ്യങ്ങളാണെന്നും, അതിലുപരി, നമുക്കുള്ളതു പോലെത്തന്നെ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും അവര്‍ക്കേറ്റം പ്രിയപ്പെട്ട മുത്തശ്ശിമാരും അമ്മമാരും സഹോദരിമാരും ഭാര്യാസന്താനങ്ങളും കാമുകിമാരും ഉണ്ടെന്നും, അവര്‍ പീഡോഫൈൽസോ റേപ്പിസ്റ്റുകളോ അല്ലെന്നും; മറിച്ച്, നമുക്കു സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത ദുരിതസാഹചര്യങ്ങളില്‍ നിന്നും കുടുംബം പുലര്‍ത്താനായി ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഇവിടെ ജോലി ചെയ്യാന്‍ വന്നവരാണെന്നുമുള്ള അറിവ് കൊളോണിയല്‍ ഹാങോവറില്‍ ജീവിക്കുന്ന മലയാളി ബോധത്തെ ബോധ്യപ്പെടുത്തുക എന്നത് തീര്‍ത്തും ശ്രമകരമായ ഒരു ഉദ്യമം തന്നെയാണ്! ഒരു അഭയാര്‍ഥി പ്രാഥമിക രാഷ്ട്രീയ വിഷയമായി വരിക എന്ന സിനിമയുടെ മര്‍മ്മം തന്നെ വാര്‍പ്പുമാതൃകകളെ അട്ടിമറിക്കുന്നതായിരുന്നു. ന്യൂനപക്ഷ മലയാളി മുസ്‌ലിം പരിപ്രേക്ഷ്യത്തില്‍ നിന്നും സിനിമ ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട് – എന്തുകാര്യത്തിനാണ് അതിര്‍ത്തികള്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളത്? അതിര്‍ത്തികള്‍ കൊണ്ട് ആരൊക്കെയാണ് നേട്ടമുണ്ടാക്കുന്നത്, ആരൊക്കെയാണ് നശിച്ചുപോകുന്നത്?

പ്രക്ഷോഭകരെ നയിക്കുന്ന അലാ സാലെഹ്

ആത്മവിശ്വാസത്തോടെ മുദ്രാവാക്യങ്ങള്‍ മുഴക്കി, പ്രതിഷേധ പ്രകടനങ്ങളെ മുന്നില്‍ നിന്നു നയിക്കുന്ന അലാ സാലെഹ് എന്ന ധീര പെണ്‍കൊടിയുടെ ദൃശ്യങ്ങള്‍ വൈറലായതോടെ സുഡാന്‍ എന്ന രാഷ്ട്രം ഏപ്രില്‍ മാസത്തിലെ വാര്‍ത്തകളില്‍ നിറഞ്ഞു. കറുത്തവളും അതിലുപരി മുസ്‌ലിമുമായ ഒരു സ്ത്രീക്ക് ശരിക്കും ‘പ്രതിഷേധിക്കാനും’ ‘ആത്മവിശ്വാസമുള്ളവള്‍’ ആകാനും കഴിയുമോ എന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ ‘അതിശയപ്പെട്ടു’. പക്ഷേ ആഴ്ചകള്‍ കഴിഞ്ഞതോടെ, തുടര്‍ന്നുണ്ടായ പട്ടാള അട്ടിമറി ജനകീയവിപ്ലവത്തെ രക്തപങ്കിലമാക്കി മാറ്റി. നിരായുധരായ പ്രതിഷേധക്കാരെ പട്ടാള ഭരണകൂടം നിഷ്കരുണം കൊന്നുതള്ളി. ക്രമേണ മാധ്യമ റിപ്പോര്‍ട്ടുകള്‍ കുറഞ്ഞുവന്നു. അതിനെ കുറിച്ച് സംസാരിച്ചവരെല്ലാം തന്നെ, 100 നിരയാധുരായ പ്രതിഷേധക്കാര്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത് ആഫ്രിക്കയില്‍ ‘സാധാരണ’ സംഭവമാണെന്ന തരത്തിലാണ് സംസാരിച്ചത്. സാമ്പ്രദായിക മാധ്യമങ്ങളിലൂടെയുള്ള റിപ്പോര്‍ട്ടുകള്‍ ഇല്ലെന്നു തന്നെ പറയാം, വാര്‍ത്തകളില്‍ ഏറിയ പങ്കും ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പ്രചരിക്കപ്പെട്ടത്. കൂട്ടക്കുരുതിയെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിനും മൗനം പാലിച്ചതിനും കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം, വെളുത്തവര്‍ഗക്കാരുടെ ഉടമസ്ഥതയിലുള്ളതും രാജ്യഭരണം കയ്യാളുന്നവരുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നവരുമായ അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങള്‍ക്ക്, ജനങ്ങള്‍ കൊല്ലപ്പെട്ടുക്കൊണ്ടിരിക്കുന്ന വാര്‍ത്ത അന്താരാഷ്ട്രസമൂഹത്തെ ‘അറിയിക്കാന്‍’ താല്‍പര്യമില്ല എന്നതാണ്. തങ്ങളുടെ ഭൗമരാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി മേഖലയിലെ നിലവിലുള്ള സ്ഥിതി അങ്ങനെ തന്നെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന അയല്‍രാജ്യങ്ങള്‍ (ഈജിപ്ത്, യു.എ.ഇ, സുഊദി അറേബ്യ) പ്രസ്തുത കൂട്ടക്കുരുതിക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നുമുണ്ട്. ആഫ്രിക്കയില്‍ നിന്നും യൂറോപ്പിലേക്കുള്ള നിരാശ്രയരായ ജനതയുടെ കുടിയേറ്റം തടയാനുള്ള ശ്രമമെന്ന നിലയില്‍, പട്ടാള ഭരണകൂടത്തിന് സാമ്പത്തിക സഹായം നല്‍കുന്നവരില്‍ യൂറോപ്പും ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് രണ്ടാമത്തെ കാരണം.

ജനങ്ങളെ രക്ഷിക്കാന്‍ എന്ന പേരില്‍ നടന്ന, 2013ല്‍ മുഅമ്മര്‍ ഗദ്ദാഫിയെ സ്ഥാനഭ്രഷ്ടനാക്കിയ ലിബിയയിലെ നേരിട്ടുള്ള യൂറോപ്യന്‍ അമേരിക്കന്‍ ഇടപെടല്‍, ആ രാജ്യത്തിന്‍റെ തകര്‍ച്ചക്കും യൂറോപ്പിലേക്കു വന്‍തോതിലുള്ള അഭയാര്‍ഥി പ്രവാഹത്തിനും കാരണമായി.

അഭയാര്‍ഥികള്‍ക്കു പക്ഷേ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രവേശനം വ്യാപകമായി നിഷേധിക്കപ്പെട്ടു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരുപാടു പേര്‍ ബോട്ടുകള്‍ മുങ്ങിയും പട്ടിണി മൂലവും മരണപ്പെട്ടു. കറുത്തവരോടും തവിട്ടുനിറക്കാരോടും മുസ്‌ലിംകളോടുമുള്ള താല്‍പര്യക്കുറവിനെയും, ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ തന്നെ കൊന്നുതള്ളിയ ‘വെളുത്ത അതിര്‍ത്തി’യുടെ ക്രൂരതകളെയും അതു വെളിച്ചത്തു കൊണ്ടുവന്നു.

കുടിയേറ്റ ശ്രമങ്ങള്‍ക്കിടെ ദാരുണമായി കൊല്ലപ്പെടാതെ രക്ഷപ്പെട്ടവര്‍ പക്ഷേ ലൈംഗികവൃത്തിക്കും അടിമവേലക്കും വേണ്ടി ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളുടെ കൈകളില്‍ അകപ്പെട്ടു. ലിബിയക്കാര്‍ ലിബിയ വിട്ടു പുറത്തുവരാതിരിക്കുക അല്ലെങ്കില്‍ മെഡിറ്ററേനിയന്‍ സമുദ്രത്തിലോ ചെങ്കടലിലോ ചത്തൊടുങ്ങുക എന്ന യൂറോപ്പ്യന്‍ താല്‍പര്യ സംരക്ഷണത്തിന്‍റെ ഭാഗമായാണ് ഇതെല്ലാം നടന്നത്. അഭയാര്‍ഥികളെ അകത്തു പ്രവേശിക്കാന്‍ അനുവദിക്കുക എന്നതായിരിക്കും ബദല്‍മാര്‍ഗം. അതിന്, 1951ലെ റഫ്യൂജി കണ്‍വെന്‍ഷന്‍ പ്രകാരം, അഭയം തേടുന്നവരെ തിരിച്ചുപോകാന്‍ നിര്‍ബന്ധം ചെലുത്താതിരിക്കല്‍ (non-refoulement) തത്വത്തിന്‍റെ അടിസ്ഥാനത്തില്‍ കറുത്തവര്‍ഗക്കാരെയും തവിട്ടുനിറക്കാരെയും മുസ്‌ലിംകളെയും പൗരന്‍മാര്‍ എന്ന നിലയില്‍ തുല്യമായി പരിഗണിക്കേണ്ടി വരും. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ വെളുത്തവര്‍ഗക്കാരായ അഭയാര്‍ഥികളുടെ കുത്തൊഴുക്കിനെ തുടര്‍ന്നാണ് യൂറോപ്പില്‍ അഭയാര്‍ഥി നിയമങ്ങള്‍ രൂപംകൊണ്ടത്. അതുപോലെ ലോകമഹായുദ്ധ സമയത്തെ ഉന്മാദ ദേശീയതയുടെ ഫലമായാണ് ‘രാഷ്ട്രത്തിനുള്ളിലെ ശത്രുക്കള്‍’ എന്ന് കരുതപ്പെട്ടവരുടെ പൗരത്വം എടുത്തുകളയുന്ന നടപടികള്‍ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഉണ്ടായത്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട അതിര്‍ത്തി സംബന്ധ ചര്‍ച്ചകളില്‍ ഇന്ന് മുഖ്യശ്രദ്ധാകേന്ദ്രമായ യുകെ, യുദ്ധങ്ങള്‍ കോമണ്‍വെല്‍ത്ത് ഉണ്ടാക്കിയ ശേഷം തങ്ങളുടെ സാമ്രാജ്യം പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു, കോളനിയാനന്തര കാലത്തെ കറുത്തവര്‍ഗക്കാരും തവിട്ടുനിറക്കാരും പുനര്‍നിര്‍മാണ പ്രക്രിയയുമായി ബന്ധപ്പെട്ട് വിദഗ്ദ – അവിദഗ്ദ മേഖലകളില്‍ തൊഴില്‍ ചെയ്യുമെന്ന് ഉറപ്പുവരുത്താനായിരുന്നു അത്. എന്നാല്‍, ബ്രിട്ടന്‍റെ പുനര്‍നിര്‍മാണത്തിനായി ‘വിളിക്കപ്പെട്ട’ ആ ജനതയെ  യൂറോപ്യന്‍ രാജ്യങ്ങളുടെ വംശീയമായ ഭരണകൂട അടിച്ചമര്‍ത്തല്‍ നടപടികളാണ് കാത്തിരുന്നത്. പോലീസ് അതിക്രമത്തിനും കറുത്ത വര്‍ഗക്കാരെ മാത്രം ലക്ഷ്യം വെച്ചു കൊണ്ട് പാസാക്കപ്പെട്ട പൈശാചിക നിയമങ്ങള്‍ക്കും അവര്‍ ഇരയായി. ഇത്തരം നടപടികളിലൂടെയാണ് യൂറോപ്പ് തങ്ങളുടെ വെളുത്ത വര്‍ഗ മേധാവിത്വം നിലനിര്‍ത്തിയത്, അഭയാര്‍ഥി പ്രവാഹത്തിന് അതിനൊരു ഇളക്കം തട്ടിക്കാന്‍ സാധിക്കുമായിരുന്നു.

ഇന്ന്, ലിബിയയുടെ അതേ അവസ്ഥയിലാണ് സുഡാന്‍ എത്തിനില്‍ക്കുന്നത്. ഏകാധിപതി ഒമര്‍ അല്‍ ബഷീറിനെ സ്ഥാനഭ്രഷ്ടനാക്കിയ ജനകീയ പ്രക്ഷോഭത്തിനു ശേഷം അതിഭീകരമായ സൈനിക അട്ടിമറിക്കാണ് സുഡാന്‍ സാക്ഷ്യം വഹിച്ചത്. കീഴാള രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്ന ആളുകള്‍ എന്ന നിലയില്‍, കൊളോണിയല്‍ നോട്ടപ്പാടിന്റെ (colonial gaze) തുടര്‍ച്ചയായിട്ടാണ് ഇപ്പോഴത്തെ സുഡാനീസ് പ്രതിസന്ധിയെ നോക്കിക്കാണേണ്ടത്. പ്രസ്തുത കൊളോണിയല്‍ നോട്ടം യൂറോപ്പില്‍ മാത്രമല്ല നിലനില്‍ക്കുന്നത്, മറിച്ച് ദേശരാഷ്ട്രത്തിന്‍റെ അടിത്തറ തന്നെ ആ നോട്ടമാണ്. ആംഗ്ലോ – ഈജിപ്ഷ്യന്‍ ഭരണത്തിനു കീഴിലായിരുന്നു സുഡാന്‍, 1955ല്‍ സ്വാതന്ത്ര്യം നേടിയ സുഡാന്‍ പക്ഷേ രാഷ്ട്രീയ രംഗത്തും സാമ്പത്തിക രംഗത്തും എന്തിനേറെ പറയുന്നു, നിയമവ്യവസ്ഥയില്‍ പോലും സൈന്യത്തിന് വ്യക്തമായ ആധിപത്യമുള്ള ഒരു രാഷ്ട്രമായി മാറുകയാണ് ഉണ്ടായത്. സ്വാതന്ത്ര്യാനന്തരം, കൃത്രിമമായി വരക്കപ്പെട്ട രാഷ്ട്രത്തിന്‍റെ അതിര്‍ത്തികള്‍ സൈനിക ശക്തി ഉപയോഗിച്ച് സംരക്ഷിച്ചു നിലനിര്‍ത്തേണ്ടി വന്നു. കാരണം മേല്‍ക്കോയ്മ അവകാശപ്പെടുന്ന വംശീയ അറബ് മുസ്‌ലിം ഭൂരിപക്ഷത്തെ കൂടാതെ അധികാരത്തിനു വേണ്ടിയുള്ള പോരാട്ട രംഗത്ത് മറ്റു വ്യത്യസ്ത സംഘങ്ങളും ഉണ്ടായിരുന്നു. ആദിമ (origin) ജനത എന്ന ആശയത്തിനു പുറത്താണ് ദേശരാഷ്ട്രങ്ങള്‍ വളരുന്നത്. സുഡാന്‍റെ വംശീയ – ദേശീയ വ്യവഹാരം നിര്‍മിച്ചത് ഭൂരിപക്ഷം എന്ന നിലയില്‍ അറബ് വംശജരാണ്, പ്രധാനമായി അറബികളും മുസ്‌ലിംകളും.

ഈയൊരു വിരോധത്തില്‍ നിന്നാണ്, പൊതുജനമനസ്സില്‍ ദാര്‍ഫര്‍ പീഡനങ്ങള്‍ എന്ന പേരില്‍ ഓര്‍മിക്കപ്പെടുന്ന രണ്ടു ആഭ്യന്തര യുദ്ധങ്ങള്‍ക്കു ശേഷം, ദക്ഷിണ സുഡാന്‍ രൂപീകൃതമാവുന്നത്. യുദ്ധം സുഡാനീസ് സമ്പദ്‌വ്യസ്ഥയെ തകര്‍ത്തു കളഞ്ഞു, എണ്ണപ്പാടങ്ങളില്‍ വലിയൊരു ഭാഗം ദക്ഷിണസുഡാന് അടിയറവെക്കേണ്ടി വന്നത് സാമ്പത്തിക മേഖലയിലെ സ്തംഭനാവസ്ഥയെ കൂടുതല്‍ വഷളാക്കി. രണ്ട് ആഭ്യന്തര യുദ്ധങ്ങള്‍ ഏല്‍പ്പിച്ച ആഘാതങ്ങള്‍ നിലനില്‍ക്കെ തന്നെ, കൊളോണിയല്‍ ഭരണകൂടം പിന്തുണച്ചിരുന്ന പ്രാദേശിക വരേണ്യവര്‍ഗത്തിന്‍റെ ഏകാധിപത്യത്തിന്‍റെ തുടര്‍ച്ചയാണ് സുഡാനില്‍ അരങ്ങേറിയത്. ജനങ്ങള്‍ക്ക് അവശ്യ സേവനങ്ങള്‍ നല്‍കാതെ, കടുത്ത നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ട് ജനങ്ങള്‍ക്കു മേല്‍ അമിതമായ ഭരണകൂടാധികാരം അടിച്ചേല്‍പ്പിക്കുകയാണ് അവര്‍ ചെയ്തത്. ഇത് ന്യൂനപക്ഷങ്ങളുടെ ഇടയിലും, അറബ് മുസ്‌ലിംകള്‍ക്കിടയില്‍ പോലും ഭരണകൂടവിരുദ്ധ വികാരമുയരാന്‍ ഇടയാക്കി. നാണയപ്പെരുപ്പത്തിന്‍റെ ഫലമായി ഭക്ഷണ സാധനങ്ങള്‍ അടക്കമുള്ള അവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതാണ് പ്രക്ഷോഭങ്ങള്‍ പൊട്ടിപുറപ്പെടാന്‍ കാരണമായത്.

സുഡാനീസ് ജനതയുടെ അവസ്ഥ ഒരു പരിധിവരെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുമായും പാര്‍ശ്വവത്കൃത സമൂഹങ്ങളുമായി സാമ്യമുള്ളതാണ്; ദേശരാഷ്ട്രത്തിന്‍റെ സങ്കേതമാകേണ്ടിയിരുന്ന ഒരു ഭൂപ്രദേശം, വിഭജനവും വംശീയ – ദേശീയവാദികളായ ഹിന്ദുക്കളുടെ ഉയര്‍ച്ചയും കാരണം ഒരു ദുഃസ്വപ്നമായി മാറുന്ന കൊളനിയാനന്തര അനുഭവതലത്തില്‍ നിന്നും നോക്കുമ്പോള്‍ സാമ്യത അനുഭവേദ്യമാകും. ഇന്ത്യയിലെ പാര്‍ശ്വവത്കൃത സമൂഹങ്ങളും നടപ്പുരീതികളോടു കലഹിക്കുന്നവരും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രത്യാഘാതങ്ങള്‍ സുഡാന്‍ ജനതയുടെ രാഷ്ട്രീയ അനുഭവങ്ങള്‍ക്കു സമാനമാണ്. മേല്‍ജാതി ഹിന്ദുക്കള്‍ നിയന്ത്രിക്കുന്ന സാമ്പ്രദായിക ഇന്ത്യന്‍ വാർത്താ ചാനലുകള്‍ പാര്‍ശ്വവത്കൃത ജനത നേരിടുന്ന അതിക്രമങ്ങളോട് മൗനം പാലിക്കുകയോ, അക്രമങ്ങളെ സ്വാഭാവികവത്കരിക്കുകയോ ആണ് ചെയ്യാറ്; ആഫ്രിക്കയിലെ ‘ഗോത്രങ്ങള്‍’ തമ്മിലുള്ള സംഘര്‍ഷം എന്നാണ് റിപ്പോര്‍ട്ടുകള്‍ നമ്മോടു പറയുക, യഥാര്‍ത്ഥത്തില്‍ സൈന്യമാണ് രക്തച്ചൊരിച്ചിലിനും കൂട്ടക്കുരുതിക്കും തുടക്കം കുറിച്ചത്.

വെളുത്ത വര്‍ഗാധിപത്യ നോട്ടപ്പാടിന്‍റെ (white gaze) തനിപകര്‍പ്പാണ് ഇന്ത്യന്‍ മേല്‍ജാതി മനോഭാവം. വംശീയ മേല്‍ക്കോയ്മ അവകാശപ്പെടുന്നതിനു വേണ്ടി, വേദകാല ആര്യന്‍ നാഗരികതയുടെ പിന്തുടര്‍ച്ചക്കാര്‍ എന്ന നിലയില്‍ വെളുത്തവര്‍ഗത്തിലാണ് ഇന്ത്യയിലെ മേല്‍ജാതികള്‍ തങ്ങളുടെ വേരുകള്‍ തിരയുക. ബോധനശാസ്ത്രപരമായി, അടിമ വ്യാപാരവുമായി കൂട്ടിച്ചേര്‍ത്തു മാത്രമാണ് (മേല്‍ജാതി ദേശീയവാദികളായ ബുദ്ധിജീവികളാല്‍ എഴുതപ്പെട്ട) ഇന്ത്യന്‍ പാഠപുസ്തകങ്ങള്‍ ആഫ്രിക്കയെ കുറിച്ച് സംസാരിച്ചിട്ടുള്ളത്. സ്വഹിലി പട്ടണങ്ങളായ സന്‍സിബാറിനും മൊംബാസക്കും, കേരളത്തിലെ തുറമുഖങ്ങളായ കോഴിക്കോടും വിഴിഞ്ഞവുമായി ഉണ്ടായിരുന്ന കച്ചവട – സാംസ്കാരിക കൊടുക്കല്‍ വാങ്ങലുകളുടെ ചരിത്രം തുടച്ചുമാറ്റപ്പെട്ടു.

ആഫ്രിക്ക പോലുള്ള ഒരു ‘ബാര്‍ബറിക്’ ആയ പ്രദേശത്തു നിന്നുള്ള ആളുകളുടെയും സംസ്കാരത്തിന്‍റെയും ഭക്ഷണവൈവിധ്യങ്ങളുടെയും ആശയങ്ങളുടെയും മതസംവാദങ്ങളുടെയും ആചാരങ്ങളുടെയും വിവാഹങ്ങളുടെയും കടന്നുവരവിന്‍റെ ചരിത്രത്തെ കുറിച്ച് സംസാരിക്കുന്നതിനേക്കാള്‍ വെള്ളക്കാരാല്‍ കോളനിവത്കരിക്കപ്പെട്ടതിനെ കുറിച്ചായിരിക്കും ഇന്ത്യക്കാര്‍ കൂടുതല്‍ സംസാരിക്കുക.

ഗാന്ധിജി നടത്തിയ വംശീയ പരാമർശങ്ങളുടെ പേരില്‍, ഘാന സര്‍വകലാശാലയിലെ ഗാന്ധി പ്രതിമ വിദ്യാര്‍ഥികള്‍ നീക്കം ചെയ്തപ്പോള്‍, ഹൈന്ദവ ഇന്ത്യയുടെ വൃണിതമായ വംശീയ അഹന്തയായിരുന്നു ഇന്ത്യന്‍ രോഷത്തിലൂടെ പുറത്തേക്ക് ഒഴുകിയത്. രാമരാജ്യത്തിന്‍റെ മഹാത്മാവായ ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്യാന്‍ നിങ്ങള്‍(അപരിഷ്കൃതര്‍)ക്ക് എങ്ങനെ ധൈര്യം വന്നുവെന്നാണ് അക്കൂട്ടര്‍ ചോദിച്ചത്.

ജർമ്മനിയിലെ അഭയാർത്ഥി വിരുദ്ധ പ്രക്ഷോഭം

കീഴാള രാഷ്ട്രീയത്തിന് അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വ്യാപിച്ച് നില്‍ക്കുന്ന ‘രാഷ്ട്രത്തിന്‍റെ’ കൂടുതല്‍ വിപുലമായ ഒരു ചട്ടക്കൂട് ആവശ്യമാണ്. അതിര്‍ത്തി, രാഷ്ട്രീയം, സമ്പദ് വ്യവസ്ഥ, നിയമക്രമം എന്നിവയില്‍ നിന്നും വിവിധ തരത്തില്‍ പുറത്താക്കപ്പെടുന്ന അഭയാര്‍ഥി കര്‍തൃത്വമാണ് കീഴാള കര്‍തൃത്വം. പാര്‍ശ്വവത്കൃത സമൂഹത്തിന്‍റെ പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോള്‍, അത് ‘ഹ്യൂമനിസ്റ്റും’ ‘ഇന്‍റര്‍നാഷണലിസ്റ്റും’ ആയിരിക്കണം. പൗരത്വ ഭേദഗതി ബില്ലിലൂടെ ദേശീയ പൗരത്വ പട്ടികയും പൗരത്വവുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ മാറ്റങ്ങളും രാജ്യ വ്യാപകമായി കൊണ്ടുവരാനുള്ള സാധ്യത ശക്തമായിരിക്കെ, ഹിന്ദു ഇന്ത്യയില്‍ രാഷ്ട്രരഹിതരായി തീരുക എന്ന വലിയ അപടകമാണ് ഇവിടുത്തെ കോടിക്കണക്കിന് വരുന്ന പാര്‍ശ്വവത്കൃത സമൂഹങ്ങളും ന്യൂനപക്ഷങ്ങളും (പ്രധാനമായും മുസ് ലിംകള്‍) നേരിടുന്നത്. വെളുത്തവര്‍ഗക്കാരുടെ അതിര്‍ത്തികള്‍ ഭേദിക്കാന്‍ ശ്രമിക്കുന്ന ആഗോള ഐക്യദാര്‍ഢ്യ കൂട്ടായ്മകളില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. കൊല്ലുന്ന വെളുത്ത മതിലുകളെ തകര്‍ത്തു കളയുന്ന ശ്രമങ്ങള്‍, സമാനമായ രീതിയില്‍ ജാതിയില്‍ അധിഷ്ടിതമായ വംശീയ ഭരണകൂട നിര്‍മിതിക്കു ശ്രമിക്കുന്ന നമ്മുടെ രാജ്യത്തെ ഹിന്ദു അതിര്‍ത്തികള്‍ തകര്‍ത്തുകളയുന്നതിനു സഹായകരമായി വര്‍ത്തിക്കും. വെളുത്തവര്‍ഗക്കാരുടെ സൃഷ്ടിയായ ഹിന്ദു, കൊളോണിയല്‍ നിയമക്രമീകരണങ്ങളിലൂടെ വെളുത്ത വര്‍ഗാധിപത്യത്തെ ഹിന്ദു മേധാവിത്വമായി പകര്‍ത്താനും ആവര്‍ത്തിക്കാനുമാണ് എല്ലായ്പ്പോഴും ശ്രമിക്കുന്നത്. ജാതിവാദികളായ ഇന്ത്യന്‍ ഹിന്ദുക്കള്‍ക്ക് സുഡാനി ഫ്രം നൈജീരിയ പോലൊരു സിനിമ നിര്‍മിക്കാന്‍ കഴിയുമായിരുന്നില്ല, പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കു മാത്രമേ ‘അപര’ പാര്‍ശ്വവത്കൃത കര്‍തൃത്വങ്ങളുടെ വൈകാരികാനുഭവ പരിസരങ്ങളുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുകയുള്ളു. ഇതു കൊണ്ടാണ് സു‍ഡാന്‍ പ്രധാനപ്പെട്ടതാകുന്നത്, വെളുത്ത വംശീയ അതിര്‍ത്തികളെ പിളര്‍ത്തിമാറ്റാന്‍ പരിശ്രമിക്കുന്ന സുഡാന്‍ ജനതയുടെ ജീവിതസമരം നമ്മുടേതു കൂടിയാണ്.

(മൊഴിമാറ്റം: ഇർഷാദ്)

Top