രോഹിത് വെമുല: നിലനിൽപ്പിനപ്പുറത്തെ രാഷ്ട്രീയവും ‘വെളിവാടയും’

ദലിത് ബഹുജൻ ദൃശ്യപരതയെ ഇല്ലായ്മ ചെയ്യുന്നതിലൂടെ മർദ്ദിത ജനവിഭാഗങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികളെ അവരുടെ കൂടി ക്യാമ്പസിൽ അപരവത്ക്കരിക്കുകയാണു യൂനിവേഴ്സിറ്റി അധികൃതർ ചെയ്യുന്നത്. അതേസമയം ഹിന്ദു ചിഹ്നങ്ങളോടും നിർമിതികളോടും മൃദു സമീപനം തുടരുന്ന അധികാരികൾ ഒരുപക്ഷേ വിഭാവനം ചെയ്യുന്നതു ദലിത്-ബഹുജൻ വിദ്യാർഥികളില്ലാത്ത പരിശുദ്ധ ഹിന്ദു സർവ്വകലാശാലയെ ആയിരിക്കും.

രോഹിത് വെമുലയുടെ ഇൻസ്റ്റിറ്റ്യൂഷനൽ കൊലപാതകത്തിന്റെയും തുടർന്നുള്ള നീതി നിഷേധത്തിന്റെയും മൂന്നാം വാർഷികമാണിത്. എങ്ങനെയാണ് ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങൾ ദലിത്-ബഹുജൻ സാന്നിധ്യത്തോടും ദൃശ്യതയോടും അസഹിഷ്ണുതയോടെ പെരുമാറുന്നതെന്നും ഈ സവർണ മനോഭാവം ഏതുവിധേനയാണു ദലിത്-ബഹുജൻ വിദ്യാർഥികളെ അന്യവത്കരിക്കുന്നതെന്നും രോഹിത് ശഹാദത്ത് ദിനത്തിന്റെയും വെളിവാടയുടെ നീക്കം ചെയ്യലിന്‍റെയും പശ്ചാത്തലത്തിൽ അന്വേഷിക്കേണ്ടതുണ്ട്. സാമൂഹ്യ ഭ്രഷ്ടിന്റെ ഓർമ പുതുക്കലിന്റെ ഭാഗമായി അംബേ‍ഡ്കർ സ്റ്റുഡന്‍റ്സ് അസോസിയേഷൻ ജനുവരി നാലിനു `Rise of velivada’ എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. വെളിവാടയിലെ കീറിത്തുടങ്ങിയ ഫ്ലക്സുകൾക്കു പകരം പുതിയ ഫ്ളക്സുകൾ പുനഃസ്ഥാപിച്ചു കൊണ്ടാണു പരിപാടി അവസാനിച്ചത്. നിലവിലെ നിരീക്ഷണ ക്യാമറക്കു പുറമേ യൂനിവേഴ്സിറ്റി സെക്യൂരിറ്റി ജീവനക്കാരും പരിപാടിയുടെ ചിത്രങ്ങളും വീഡിയോയും പകർത്തിയിരുന്നു. ഒരുവിധത്തിലുള്ള ഇടപെടലും ഈ അവസരത്തിൽ സെക്യൂരിറ്റി ജീവനക്കാർ നടത്തിയിട്ടില്ല.

പരിപാടി കഴിഞ്ഞ് അവധി ദിവസമായ ജനുവരി അഞ്ചിനു വ്യാജ ആരോപണങ്ങളോടെ ഒരു നോട്ടീസ് യൂനിവേഴ്സിറ്റി എ.എസ്.എ നേതാക്കളായ മുന്ന സന്നാകി, ദൊന്ത പ്രശാന്ത്, ശ്രീജ വാസ്തവി എന്നിവർക്കെതിരായി പുറപ്പെടുവിച്ചു. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ അവധി ദിനത്തിൽ സെക്യൂരിറ്റി ജീവനക്കാരുടെ കൈവശം നോട്ടീസ് കൊടുത്തയച്ചതിൽ പ്രതിഷേധിച്ച് അതു കൈപ്പറ്റാതിരുന്ന വിദ്യാർഥികളുടെ ഹോസ്റ്റൽ മുറികൾക്കു മുന്നിൽ നോട്ടീസ് പതിച്ചു വിദ്യാർഥികൾക്ക് ആ നോട്ടീസിനോടു പ്രതികരിക്കാൻ പോലും ഇടനൽകാതെ അവധിദിനമായ ഞായറാഴ്ച (ജനുവരി 6) രാത്രിയോടെ യൂണിവേഴ്സിറ്റി അധികൃതർ വെളിവാട പൊളിച്ചുനീക്കി. പിറ്റേന്നു രാവിലെ വിവരമറിഞ്ഞെത്തിയ വിദ്യാർഥികളെ വെളിവാട പരിസരത്തു കാത്തുനിന്നതു സെക്യൂരിറ്റി ജീവിനക്കാരും ഹൈദരാബാദ് പൊലീസുമാണ്. വെളിവാടക്ക് എന്തു സംഭവിച്ചു എന്നു ഞങ്ങൾക്കറിയില്ല എന്ന നിലപാടാണു യൂനിവേഴ്സിറ്റി അധികൃതർ ആദ്യ ഘട്ടത്തിൽ കൈക്കൊണ്ടത്.

ദലിത്-ബഹുജൻ മുന്നേറ്റങ്ങളുടെ നേരെയുള്ള ഹൈദരബാദ് സർവ്വകലാശാലയുടെ ബ്രാഹ്മണിക്ക് അസഹിഷ്ണുതയാണു വെളിവാട പൊളിച്ചുനീക്കുന്നതിലൂടെ മറനീക്കി പുറത്തു വന്നത്. അതേസമയം ഇത് ആദ്യമായല്ല ഹൈദരബാദ് സർവ്വകലാശാല ദലിത്-ബഹുജൻ ഉയിർപ്പിന്റെ ചിഹ്നങ്ങളെ അപമാനിക്കുകയും അദൃശ്യമാക്കുകയും ചെയ്യുന്നത് എന്നും ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്. മൂന്നു വർഷം രോഹിതിനു നീതി ഉറപ്പാക്കാൻ വേണ്ടിയുള്ള സമരം നടക്കുന്ന സമയത്താണു യൂനിവേഴ്സിറ്റി ബാബാ സാഹേബ് ഡോ.ബി.ആർ അംബേഡ്കറുടെ പ്രതിമ വെളിവാടയിൽ നിന്നു നീക്കം ചെയ്യുന്നത്. അതു ചെയ്തതും വെളിവാട തകർത്തതു പോലെ ഇരുളിന്റെ മറവിൽ തന്നെ. രോഹിതിന്റെ പ്രതിമ നീക്കംചെയ്യാനും യൂനിവേഴ്സിറ്റി അതേ സമയത്തു ശ്രമിച്ചിരുന്നു. സമരാനന്തരം രോഹിതിന്റെ ചിത്രങ്ങളും ചുവരെഴുത്തുകളും വെള്ളയടിച്ചു മായ്ച്ചതിനുപുറമേയാണ് എൻ.ആർ.എസ് മെൻസ് ഹോസ്റ്റൽ മെസ്സിൽ വിദ്യാർഥികൾ സ്ഥാപിച്ച ഡോ.അംബേഡ്കർ, കൊമരം ഭീം, ജ്യോതിബാ ഫൂലെ എന്നിവരുടെതുൾപ്പെടുന്ന ചിത്രങ്ങൾ യൂനിവേഴ്സിറ്റി നീക്കം ചെയ്തത്. തൽസ്ഥാനത്തു കടുത്ത ജാതിവാദിയായ വിവേകാനന്ദന്റെ ചിത്രം എ.ബി.വി.പി നയിക്കുന്ന വിദ്യാർഥി യൂനിയൻ സ്ഥാപിച്ചിരിക്കുന്നു. ഉദ്ഘാടനത്തിന്റെ ഭാഗമായി ഓപ്പൺ ഡയസ്സിലെ ഡോ.അംബേഡ്കറിന്റെയും രോഹിത് വെമുലയുടെയും ചിത്രങ്ങൾ വെള്ളയടിച്ചു മായ്ക്കപ്പെട്ടു.

ദലിത് ബഹുജൻ സാന്നിദ്ധ്യത്തെയും മുന്നേറ്റങ്ങളെയും അസഹിഷ്ണുതയോടെ തുടച്ചുനീക്കുമ്പോൾ ക്യാമ്പസിന്റെ പലഭാഗങ്ങളിലായി ഉയർന്നുവരുന്ന പത്തോളം അമ്പലങ്ങൾക്കെതിരെ ഒരു നടപടിയും ഇതേവരെ ഉണ്ടായിട്ടില്ല.

ദലിത് ബഹുജൻ സാന്നിദ്ധ്യത്തെയും മുന്നേറ്റങ്ങളെയും അസഹിഷ്ണുതയോടെ തുടച്ചുനീക്കുമ്പോൾ ക്യാമ്പസിന്റെ പലഭാഗങ്ങളിലായി ഉയർന്നുവരുന്ന പത്തോളം അമ്പലങ്ങൾക്കെതിരെ ഒരു നടപടിയും ഇതേവരെ ഉണ്ടായിട്ടില്ല. സൗത്ത് ഷോപ്പിംഗ് കോംപ്ലക്സിനു സമീപം എ.ബി.വി.പി സ്ഥാപിച്ച നിർമിതിക്കു (യുദ്ധ സ്മാരകമായ തോക്കും സൈനികരുടെ തൊപ്പിയും) സംരക്ഷണം നൽകുന്നതും യൂനിവേഴ്സിറ്റിയാണ്. രാത്രികാലത്ത് ഈ നിർമിതിക്കു പാറാവ് ഉറപ്പുവരുത്തുന്ന യൂനിവേഴ്സിറ്റിയാണു ജാതി വിദ്വേഷം പരത്തുന്ന നിർമിതിയെന്നു പറഞ്ഞു വേളിവാട നീക്കം ചെയ്തത്.

ദലിത്-ബഹുജൻ ദൃശ്യത അസ്വസ്ഥരാക്കുന്നത് ആരെയാണ്?

ദലിത്-ബഹുജൻ ദൃശ്യത ആരെയാണ് എങ്ങിനെയാണ് അസ്വസ്ഥരാക്കുന്നത് എന്നു മനസ്സിലാക്കൻ അഞ്ചു ഗവേഷകരെ സാമൂഹ്യഭ്രഷ്ടരാക്കിയ സാഹചര്യം മുതൽ പരിശോധിക്കേണ്ടി വരും. സംവരണ അട്ടിമറിയെ ചെറുക്കാനും സാമൂഹ്യനീതിയെ അട്ടിമറിക്കുന്ന രീതിയിലുമുള്ള ‘Early Entrance’ പോലുള്ള പരിഷ്കാരങ്ങളെ ചെറുത്തു തോൽപ്പിക്കാനും വിദ്യാർഥി യൂനിയനില്‍ ദലിത്-ബഹുജൻ സംഘടനകൾ പ്രാതിനിധ്യം ഉറപ്പുവരുത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ വേണം സാമൂഹ്യ ഭ്രഷ്ടിനെ കാണാൻ. മറ്റൊരുതരത്തിൽ നോക്കുമ്പോൾ ഒരു കുറ്റകൃത്യത്തിന്റെ തെളിവു നശിപ്പിക്കൽ കൂടിയാണു വെളിവാടയുടെ നീക്കം ചെയ്യൽ. എ.എസ്.എ നേതാവും മുൻ വിദ്യാർഥി യൂനിയൻ പ്രസിഡന്‍റും കൂടിയായ ദൊന്ത പ്രശാന്ത്, തെളിവു നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടു വേണം വെളിവാടയെ തകർത്തതു കാണാൻ എന്ന് അഭിപ്രായപ്പെട്ടു. കുറ്റാരോപിതനായ ഒരാൾ എങ്ങനെയാണു തെളിവു നശിപ്പിക്കുക എന്ന ചോദ്യം കൂടി പ്രശാന്ത് ഉയർത്തുന്നു. ദലിത്-ബഹുജൻ ദൃശ്യപരതയുടെ മാത്രമല്ല, അപ്പാറാവുവിന്റെ നേതൃത്വത്തിൽ അധികൃതർ നടത്തിയ കുറ്റകൃത്യത്തിന്റെ കൂടി തെളിവായിരുന്നു വെളിവാട. സാമൂഹ്യഭ്രഷ്ടരാക്കപ്പെട്ട വിദ്യാർഥികളുടെ നിലനിൽപ്പിനായുള്ള സമരത്തിന്റെ കൂടി ശേഷിപ്പാണത്. കിലോമീറ്ററുകൾക്കപ്പുറമുള്ള വീടുകളിൽനിന്നും വരുന്ന ഗവേഷകരുടെ അഭയകേന്ദ്രമായിരുന്നു അരികുകളിൽ നിന്നും യൂനിവേഴ്സിറ്റിയുടെ ഒത്ത നടുവിലേക്ക് അവർ കൊണ്ടുവന്ന വെളിവാട.

ദലിത് ബഹുജൻ ദൃശ്യപരതയെ ഇല്ലായ്മ ചെയ്യുന്നതിലൂടെ മർദ്ദിത ജനവിഭാഗങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികളെ അവരുടെ കൂടി ക്യാമ്പസിൽ അപരവത്ക്കരിക്കുകയാണു യൂനിവേഴ്സിറ്റി അധികൃതർ ചെയ്യുന്നത്. അതേസമയം ഹിന്ദു ചിഹ്നങ്ങളോടും നിർമിതികളോടും മൃദു സമീപനം തുടരുന്ന അധികാരികൾ ഒരുപക്ഷേ വിഭാവനം ചെയ്യുന്നതു ദലിത്-ബഹുജൻ വിദ്യാർഥികളില്ലാത്ത പരിശുദ്ധ ഹിന്ദു സർവ്വകലാശാലയെ ആയിരിക്കും.

നിലനിൽപ്പിനപ്പുറത്തെ രാഷ്ട്രീയം

ഹൈദരബാദ് സർവ്വകലാശാലയിലെ അവസാനത്തെ ഇൻസ്റ്റിറ്റ്യൂഷനൽ കൊലപാതകം രോഹിത്തിന്റെതല്ല. കഴിഞ്ഞ അദ്ധ്യയനവർഷം മാത്രം പിന്നാക്കവിഭാഗങ്ങളിൽ നിന്നുള്ള മൂന്നു വിദ്യാർഥികളാണ് ഇവിടെ ആത്മഹത്യ ചെയ്തത്. നീതു എന്ന ഗവേഷക വിദ്യാർഥിനിയും എം. ഹര്‍ഷിത എന്ന ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് വിദ്യാർഥിനിയും രജനീഷ് പര്‍മര്‍ എന്ന ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദാനന്തര വിദ്യാർഥിയും ആത്മഹത്യ ചെയ്ത ക്യാമ്പസിൽ, കഴിഞ്ഞ ഡിസംബറിൽ ചികിത്സ കിട്ടാതെ മരിച്ച രശ്മി രഞ്ജൻ എന്ന ഗവേഷകന്റെതാണ് അവസാനത്തെ ഇൻസ്റ്റിറ്റ്യൂഷനൽ കൊലപാതകം.

ഈ സാഹചര്യത്തിലാണു യൂനിവേഴ്സിറ്റി പരിഹാസ്യമായ പത്രകുറിപ്പുമായി രംഗത്തുവന്നത്. ഫ്ലെക്സിന്റെ ഉപയോഗം, അനുമതിയില്ലാത്ത താത്കാലിക നിർമിതിയെന്നും പറഞ്ഞാണു മൂന്നുവർഷത്തിലേറെയായി ക്യാമ്പസിൽ നിലനിന്ന വെളിവാട അധികൃതർ നീക്കം ചെയ്തത്. പിന്നീടു വന്ന പത്രകുറിപ്പിൽ ജാതിവിദ്വേഷം പരത്തുന്ന നിർമിതിയായാണ് അവർ വെളിവാടയെ പരാമർശിച്ചത്. അതിലുപരി വെളിവാടയുടെ അന്യായമായ കൈയ്യേറ്റം ചോദ്യംചെയ്ത എ.എസ്.എയെ കുറിച്ച് അങ്ങേയറ്റം പരിഹാസപൂർണമായ പരാമർശങ്ങളാണു പത്രകുറിപ്പിലുള്ളത്. ഒരു വിഭാഗം വിദ്യാർഥികളുടെ വികാരം മാനിച്ച് രോഹിത്തിന്റെ പ്രതിമ നീക്കം ചെയ്തില്ല എന്നു പറയുന്ന അധികൃതർ ഹൈദരബാദ് സർവ്വകലാശാലയെന്ന അഗ്രഹാരത്തിലെ അനുഭവങ്ങളെയും റദ്ദു ചെയ്താണു സവർണ ഔദാര്യമായി രോഹിത്തിന്റെ പ്രതിമയുടെ നിലനിൽപ്പു ചൂണ്ടികാണിക്കുന്നത്. ദലിത്-ബഹുജൻ വിദ്യാർഥികൾക്കു സ്വാഭാവികമായ അവകാശങ്ങളെ ഔദാര്യമെന്ന മട്ടിൽ നിരത്തി അവസാനിപ്പിച്ച പത്രകുറിപ്പു പുറപ്പെടുവിച്ചത് ഈ അദ്ധ്യയന വർഷം കൂടി ഒ.ബി.സി സംവരണം അട്ടിമറിക്കാൻ ശ്രമിച്ച സ്ഥാപനമാണ്. എ.എസ്.എയുടെ സമയോചിതമായ ഇടപെടലുകൾ കൊണ്ടാണ് അവർ അതിൽ വിജയം കാണാതിരുന്നത്. ജനുവരി പതിനഞ്ചിനു പുറപ്പെടുവിച്ച പത്രകുറിപ്പിൽ വീണ്ടും മലക്കം മറിയുന്ന യൂനിവേഴ്സിറ്റി അധികൃതർ പറയുന്നതു ചിത്രങ്ങളുടെ സുരക്ഷയെ കരുതിയാണ് അവർ വെളിവാട നീക്കം ചെയ്തത് എന്നാണ്. രോഹിത് വെമുലയുടെ മൂന്നാം ചരമ വാർഷികത്തിൽ പങ്കെടുക്കാന്‍ എത്തുന്ന അതിഥികളിൽ ഒരുവിഭാഗം ഹൈദരബാദ് യൂനിവേഴ്സിറ്റി കൊലചെയ്ത വിദ്യാർഥികളുടെ കുടുംബാംഗങ്ങൾ ആണ്. നീതി നിഷേധത്തിന്റെ മൂന്നം വാർഷികത്തിൽ ഇവിടുത്തെ ദലിത് ബഹുജൻ ചോദ്യങ്ങളോടുള്ള ഐക്യപ്പെടലിനേയും വിമർശന വിധേയമാക്കേണ്ടതുണ്ട്.

രോഹിത് വെമുലയുടെ മൂന്നാം ചരമ വാർഷികത്തിൽ പങ്കെടുക്കാന്‍ എത്തുന്ന അതിഥികളിൽ ഒരുവിഭാഗം ഹൈദരബാദ് യൂനിവേഴ്സിറ്റി കൊലചെയ്ത വിദ്യാർഥികളുടെ കുടുംബാംഗങ്ങൾ ആണ്. നീതി നിഷേധത്തിന്റെ മൂന്നം വാർഷികത്തിൽ ഇവിടുത്തെ ദലിത് ബഹുജൻ ചോദ്യങ്ങളോടുള്ള ഐക്യപ്പെടലിനേയും വിമർശന വിധേയമാക്കേണ്ടതുണ്ട്.

മരിക്കാതെ ഇരിക്കാനോ അതിജീവിക്കാനോ മാത്രമുള്ള ഐക്യപ്പെടലല്ല ഉന്നത വിദ്യഭ്യാസരംഗത്തെ ദലിത്-ബഹുജൻ വിദ്യാർഥികൾ ആവശ്യപ്പെടുന്നത്. പഠിക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള ദലിത്-ബഹുജൻ വിദ്യാർഥികളുടെ അവകാശത്തെ കാണാത്ത ഐക്യപ്പെടലുകൾ ഐക്യപ്പെടലുകളേയല്ല, എന്തെന്നാൽ അത്തരം ഇടപെടലുകൾ ഉന്നത വിദ്യാഭ്യാസ രംഗത്തു നിലനിൽക്കുന്ന ബ്രാഹ്മണ നീതിയിൽ കുരുങ്ങി മരണത്തിനു മുന്‍പു വരെയുള്ള സമരങ്ങളെ മനസ്സിലാക്കാതെയുള്ള അരാഷ്ട്രീയ സഹതാപത്തിൽ നിന്നും ഉരുത്തിരിയുന്നതാണ്. ഇത്തരം സഹതാപത്തിൽ നിന്നും ഉടലെടുക്കുന്ന ഐക്യപ്പെടലുകൾ ഒരുതരത്തിലും ഇൻസ്റ്റിറ്റ്യൂഷണൽ കൊലപാതകങ്ങളെ ഇല്ലായ്മ ചെയ്യില്ല. ‘I am Rohith’ എന്നു മാത്രം പറയുന്നതില്‍ നിന്നും ഐക്യപ്പെടലുകൾ മുന്നേറേണ്ടതുണ്ട്.

സെന്‍റര്‍ ഫോര്‍ റീജിയണല്‍ സ്റ്റഡീസിലെ എം.ഫില്‍ ഗവേഷകയും A.S.Aയുടെ പ്രവര്‍ത്തകയുമാണ് ലേഖിക

Top