ഇന്റർ-സെക്ഷണൽ ദലിത് രാഷ്ട്രീയം

ഇന്റർ-സെക്ഷണൽ വിഷയങ്ങള്‍ ഫെമിനിസ്റ്റുകളുടെ മാത്രം ബാധ്യതയല്ല. മറിച്ച്, പൊളിറ്റിക്കലായ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. മറ്റു പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനം വഹിക്കുന്നവർ എത്രത്തോളം സഹിഷ്ണുതയോടെയാണ് സ്ത്രീകളുടെ രാഷ്ട്രീയ മുന്നേറ്റങ്ങളെ കാണുന്നത്? ദലിത് രാഷ്ട്രീയ മുന്നേറ്റങ്ങളിൽ സ്ത്രീകളുടെ അധികാരങ്ങളെക്കുറിച്ച് എത്രത്തോളം ചർച്ചകൾ നടക്കുന്നുണ്ട്? തങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്തം ദലിത് വിഭാഗത്തിൽ പെടുന്ന സ്ത്രീകളുടെ, സ്ത്രീ എന്ന രീതിയിലുള്ള സവിശേഷതകൾ കൂടി കണക്കാക്കി ഉയരണമെന്ന് എത്ര ആൺ ദലിത് ചിന്തകർ ആലോചിക്കാറുണ്ട്? ശ്രീജിത പി.വി എഴുതുന്നു.

ഫെമിനിസ്റ്റ് രാഷ്ട്രീയത്തിൽ ഒരുപാടു ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ് ഇന്റർ-സെക്ഷണാലിറ്റി. എന്നാൽ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിൽ ചർച്ച ചെയ്യപ്പെടുന്നതു പോലെ, മറ്റു രാഷ്ട്രീയ മുന്നേറ്റങ്ങളിലും ഇതു ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ഫെമിനിസ്റ്റ് രാഷ്ട്രീയത്തിൽ പാർശ്വവത്കൃത വിഭാഗങ്ങൾ നടത്തിയ ഇടപെടലുകൾ ഒരുപാടു ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും, അനുപമ-അജിത്ത് വിഷയത്തിൽ critic.inൽ വന്ന ഒരു ലേഖനത്തിൽ വിശദമായി എഴുതിയിരുന്നതിനാലും അതിലെ ചില പ്രസക്ത ഭാഗങ്ങൾ മാത്രം ഇവിടെ പ്രതിപാദിക്കുകയും, തുടർന്ന് ഇന്റർ-സെക്ഷണാലിറ്റി ദലിത് രാഷ്ട്രീയത്തിൽ എന്ന വിഷയത്തിലേക്ക് കടക്കുകയും ചെയ്യുന്നു.

ദലിത് രാഷ്ട്രീയം ഇന്റർ-സെക്ഷണൽ വീക്ഷണത്തിൽ

Intersectional വിഷയങ്ങള്‍ feministകളുടെ മാത്രം ബാധ്യതയല്ല. മറിച്ച് Politicalലായ എല്ലാവരുടേയും ഉത്തരവാദിത്തമാണ്. മറ്റു പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനം വഹിക്കുന്നവർ എത്രത്തോളം സഹിഷ്ണുതയോടെയാണ് സ്ത്രീകളുടെ രാഷ്ട്രീയ മുന്നേറ്റങ്ങളെ കാണുന്നത്? ദലിത് രാഷ്ട്രീയ മുന്നേറ്റങ്ങളിൽ സ്ത്രീകളുടെ അധികാരങ്ങളെക്കുറിച്ച് എത്രത്തോളം ചർച്ചകൾ നടക്കുന്നുണ്ട്? തങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്തം ദലിത് വിഭാഗത്തിൽ പെടുന്ന സ്ത്രീകളുടെ, സ്ത്രീ എന്ന രീതിയിലുള്ള സവിശേഷതകൾ കൂടി കണക്കാക്കി ഉയരണമെന്ന് എത്ര ആൺ ദലിത് ചിന്തകർ ആലോചിക്കാറുണ്ട്? ആണധികാരത്തിൽ ഊന്നി നിൽക്കുന്ന ദലിത് വാദം എവിടെയാണ് പരാജയങ്ങളെ പുനരുൽപ്പാദിപ്പിക്കുന്നത്? ഒരു ദലിത് പുരുഷൻ ദലിത് എന്ന സ്വത്വത്തെ മാത്രം മുൻനിർത്തി പ്രവർത്തനങ്ങൾ തയാറാക്കുമ്പോൾ അത് അടിച്ചമർത്തപ്പെടുന്ന മറ്റു വിഭാഗങ്ങളെ മാറ്റിനിർത്തുന്നില്ലേ? ദലിതരുടെ മാത്രം ഉന്നമനത്തിൽ ഒതുങ്ങി നിൽക്കുന്നതല്ല ദലിത് രാഷ്ട്രീയ മുന്നേറ്റത്തിന്റെ പ്രസക്തി എന്ന് എത്ര പേർ തിരിച്ചറിയുന്നുണ്ട്?

ഒരു ആൺ ദലിത് സാമൂഹിക പ്രവർത്തകൻ, സാമൂഹിക ദലിത് ജീവിതങ്ങളിൽ ദലിത് സ്ത്രീകളുടെ സാമൂഹികാധികാരമില്ലായ്മയെ ഉത്തരവാദിത്തത്തോടെയും ഗൗരവത്തോടെയും മൂല്യത്തോടെയും കരുതലോടെയും കാണേണ്ടതും പ്രവർത്തിക്കേണ്ടതുമാണ്. ഒരു പുരുഷൻ എന്ന നിലയിൽ സാമൂഹത്തിൽ നിന്നും യഥാചിതം കിട്ടുന്ന ആണത്വ പരിഗണനകൾ, ദലിത് ബോധത്തെ ദുർബലപ്പെടുത്തുന്ന ഇടത്-ലിബറൽ, സംഘപരിവാർ അജണ്ടകളാൽ അനൗപചാരികമായി സ്വാധീനിക്കപ്പെടുന്നു എന്ന ദുരന്തമാണ് കേരളത്തിലെ പുരോഗമന ദലിത് ഇടങ്ങളിൽ നടക്കുന്ന #Metooകൾ വെളിപ്പെടുത്തലുകളിലൂടെ പുറത്തു വരുന്നത്. പലപ്പോഴും ദലിതർക്കെതിരെ ഫെമിനിസ്റ്റ് കാഴ്ചപ്പാടിൽ നിന്ന് ആകസ്മികമായ ആക്രമണങ്ങൾ ഉണ്ടാവുമ്പോൾ മാത്രമാണ് ഫെമിനിസത്തെക്കുറിച്ച് കേരള ദലിത് പുരുഷ ഇടങ്ങളിൽ ഫലപ്രദമായ ചർച്ചകൾ നടക്കുന്നത്. എന്നാൽ തങ്ങളുടെ പരിരക്ഷക്ക് വേണ്ടി മാത്രമല്ല, അടിച്ചമർത്തപ്പെടുന്ന ഏതൊരു വിഭാഗത്തോടും സ്വാഭാവികമായി ഉണ്ടാവേണ്ട അനുതാപം സ്ത്രീകളെ ബാധിക്കുന്ന വിഷയങ്ങളിൽ മറ്റു പുരുഷന്മാരെ പോലെ തന്നെ ദലിത് പുരുഷന്മാർക്കും ഉണ്ടായി വരേണ്ടതുണ്ട്. ഇതിനായി ദലിത് പുരുഷ ഇടങ്ങൾ കൂടുതൽ വിപുലമായ രാഷ്ടീയ വിഭാവനകളെ സായത്തമാക്കേണ്ടതുണ്ട്. ദലിത് പുരുഷന്മാർ ബ്രാഹ്മണ പുരുഷന്മാരാവാൻ നെട്ടോട്ടം നടത്തേണ്ടിവരുന്ന സാമൂഹിക രാഷ്ട്രീയ അസമത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ദളിത് സ്ത്രീകൾക്ക് നേരിടേണ്ടിവരുന്നത് ബ്രാഹ്മണിക് മൂല്യങ്ങളേ പോലെ തന്നെ പുരുഷാധിപത്യ മൂല്യങ്ങളേ കൂടിയാണ്. അത് എതിരിടാനുള്ള അവരുടെ സമരങ്ങളിൽ കൂടെ തന്നെയാണ് തങ്ങൾ എന്ന് എത്ര ദളിത് പുരുഷന്മാർക്ക് അവകാശപ്പെടാനാവും?

ദലിത് രാഷ്ട്രീയ മുന്നേറ്റങ്ങൾ ദലിതരുടെ ഉന്നമനത്തിനായി പോരാട്ടങ്ങൾ നടത്തുമ്പോഴും, ദലിത് ആൺ മുന്നേറ്റങ്ങളായി നിലനിൽക്കുകയും ദലിത് സ്ത്രീകളുടെയും, പുരുഷാധിപത്യ മൂല്യങ്ങളിൽ പാർശ്വവത്കരണം അനുഭവിക്കുന്ന ഏത് സ്ത്രീയുടെയും യുദ്ധങ്ങൾ തങ്ങളുടെ ഉത്തരവാദിത്തമല്ലാ എന്ന ധാരണയിൽ മുന്നേറുകയും ചെയ്യുന്നത് ഗുരതരമായ ജനാധിപത്യ പ്രശ്നങ്ങളിലേക്ക് വഴി തെളിക്കുന്നത് പല #metoo വെളിപ്പെടുത്തലുകളുടെയും വെളിച്ചത്തിൽ നമ്മൾ കണ്ടു കഴിഞ്ഞു. അംബേഡ്കർ ഒരു സമൂഹത്തിന്റെ ഉന്നതിയുടെ അളവുകോലായി കണ്ടത്, ദലിത് വിഭാഗത്തിലെ പുരുഷൻമാരുടെ മാത്രം ഉന്നതിയല്ല, മറിച്ച് ആ സമൂഹത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തെയാണ്. ആ നിലക്ക് സാമൂഹിക ദലിത് ജീവിതങ്ങളിൽ ദലിത് സ്ത്രീകളുടെ സാമൂഹികാധികാരമില്ലായ്മയെ ദലിത് പുരുഷൻ ഉത്തരവാദിത്തത്തോടെ കാണേണ്ടതുണ്ട്. പുരുഷാധിപത്യ മൂല്യത്തിൽ ഉറച്ചുനിൽക്കുന്ന ഒരു സാമൂഹത്തിൽ നിന്നും തനിക്ക് കിട്ടുന്ന ആണത്ത പരിഗണനകൾ സ്വയം തിരിച്ചറിയേണ്ടതുണ്ട്. ഒരു ബ്രാഹ്മിണിക് സമൂഹത്തിൽ ദലിത് ജീവിതം എത്ര ദുർബലപ്പെടുന്നുവോ, അത്രയും ദുർബലത ഒരു സ്ത്രീയെന്ന രീതിയിൽ പുരുഷാധിപത്യ സമൂഹത്തിൽ അനുഭവിക്കേണ്ടിവരുന്ന വരെ കരുതലോടെ കാണാൻ ആത്മ പരിശോധന നടത്തേണ്ടതുണ്ട്.

ഫെമിനിസം: ഇന്റര്‍-സെക്ഷണല്‍ തലത്തിൽ

ഫെമിനിസത്തിനുള്ളില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ് ഇന്റര്‍-സെക്ഷണല്‍ ഫെമിനിസം. ദലിത്, ബഹുജന്‍, ആദിവാസി, മുസ്‌ലിം, ബ്ലാക്ക്, ട്രാൻസ് ഫെമിനിസ്റ്റുകളുടെ നിരന്തരമായ ഇടപെടലുകൾ വഴി, മുഖ്യധാരാ ഫെമിനിസ്റ്റ് ചിന്തകരില്‍ ആത്മപരിശോധനക്കായി ഇന്റര്‍-സെക്ഷണല്‍ ഫെമിനിസ്റ്റ് വാദങ്ങള്‍ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ലോകത്താകമാനം മുഖ്യധാരാ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ സാര്‍വത്രിക മാനം തകര്‍ക്കപ്പെട്ടിട്ടുണ്ട്. സ്ത്രീവാദത്തിലെ നേതൃത്വം ബ്രാഹ്മണര്‍ക്കും മറ്റു മേല്‍ജാതി സ്ത്രീകള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന അവസ്ഥയില്‍ നിന്ന്, വ്യത്യസ്ത അനുഭവത്തിലൂടെ തങ്ങളുടെ ഫെമിനിസ്റ്റ് പാത ഓരോ വിഭാഗത്തിലുള്ള സ്ത്രീകളും സ്വയംനിര്‍ണയത്തിലൂടെ കണ്ടെത്തുന്ന അവസ്ഥയിലേക്ക് വെളിച്ചം വീശുകയും ചെയ്യേണ്ട സാധ്യത ഇന്റര്‍-സെക്ഷനല്‍ ഫെമിനിസം തുറന്നിടുന്നുണ്ട്.

എല്ലാ സ്ത്രീകളുടെയും അനുഭവങ്ങള്‍ ഒരുപോലെയാണെന്ന ധാരണ ദലിത്, ബഹുജന്‍, ആദിവാസി, മുസ്‌ലിം, ബ്ലാക്ക്, ട്രാൻസ് സ്ത്രീകള്‍ നിരാകരിക്കുന്നു. പകരം, ലിംഗഭേദം, വംശം, വര്‍ഗം, മതം എന്നിങ്ങനെയുള്ള ഒന്നിലധികം സ്വത്വങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന വ്യവസ്ഥാപിതവും സാമൂഹികവുമായ അധികാര വ്യത്യാസങ്ങളുടെയും, അതിന്റെ ഭാഗമായി ഊന്നല്‍ കൊടുക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളിലെ വ്യത്യസ്തതയെയും ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലെ തങ്ങളുടെ പങ്കിനെയും പറ്റി അവര്‍ ഊന്നിപ്പറയുന്നു.

ഫെമിനിസം, ജാതി

ഫെമിനിസത്തിനുള്ളില്‍ തന്നെ ജാതീയമായ വേര്‍തിരിവുകളെ തിരിച്ചറിയാനും യഥാവിധം പ്രശ്‌നങ്ങളെ സമീപിക്കാനും കഴിയുന്നു എന്നതാണ് ഇന്റര്‍-സെക്ഷണല്‍ ഫെമിനിസത്തില്‍ സംഭവിച്ചിട്ടുള്ള പ്രധാന വഴിത്തിരിവ്. അതുവരെ സാര്‍വത്രികമായി കരുതിയിരുന്ന ഒറ്റ ഫെമിനിസത്തെ പ്രകടമായി വെല്ലുവിളിക്കുന്ന ഇന്റര്‍-സെക്ഷണാലിറ്റി, നേരിലേക്ക് ഒരു പുതിയ വിശകലന സാധ്യത നല്‍കുന്നു. അത് വിഭാഗീയതയല്ല, ഒരുമിച്ചു ചേരലാണ് എന്നതാണ് ഇന്റർ-സെക്ഷണൽ
വിടവുകള്‍ പരിഹരിച്ച്, ഇന്റര്‍-സെക്ഷണാലിറ്റിയില്‍ പഠനങ്ങളിലൂടെയുള്ള അറിവുപയോഗിച്ച് ഒരുമിച്ച് വരാനുള്ള സാധ്യതകള്‍ വളര്‍ത്തിയെടുക്കുക എന്ന ശ്രമകരമായ ഉദ്യമം ജാതി അധികാരമുള്ളവരും ഇല്ലാത്തവരുമായ സ്ത്രീകളുടെ പക്ഷത്തു നിന്ന് ഉണ്ടാവേണ്ടതുണ്ട്. ജാതി അധികാരമുള്ള സ്ത്രീവാദികള്‍ ജാതിക്കെതിരെയും പോരാടേണ്ടതുണ്ട്. ഒരു ദലിത് പുരുഷന്‍ യുദ്ധം ചെയ്യേണ്ടത് ജാതീയതക്കെതിരെ മാത്രമല്ല പുരുഷാധിപത്യത്തിനെതിരെയും കൂടിയാണ്. ദലിത് ബഹുജന്‍ സ്ത്രീകള്‍, അവരനുഭവിക്കുന്ന സാമൂഹിക തിന്മകളില്‍ സ്ത്രീയെന്ന രീതിയിലും ദലിത് ബഹുജന്‍ ജാതിയില്‍ വരുന്നവര്‍ എന്ന രീതിയിലും അവരെ നിര്‍ണയിക്കുന്ന പല മുന്‍വിധികളെയും അവരനുഭവിക്കുന്ന പല വിവേചനങ്ങളെയും തിരിച്ചറിയേണ്ടതുണ്ട്. അതിനോടെല്ലാം പോരാടേണ്ടതുണ്ട്. അവിടെയാണ് ഇന്റര്‍-സെക്ഷണല്‍ രാഷ്ട്രീയത്തിന് സാമൂഹികമായ പ്രസക്തി ഫെമിനിസത്തിലും ദലിത് രാഷ്രിയത്തിലും നിലനിൽക്കുന്നത്.

ഫെമിനിസത്തിന്റെ സങ്കീർണത

ഫെമിനിസം, പെണ്ണ് ആണിനോട് യുദ്ധം ചെയ്യുന്നത് മാത്രമല്ല, പെണ്ണ് പുരുഷാധിപത്യ മനോഭാവമുള്ള സ്ഥാപനങ്ങളോടും പെണ്ണിനോടും തന്നെ യുദ്ധം ചെയ്യുന്നതാണ്. സ്ത്രീകൾക്കിടയിൽ തന്നെ പുരുഷാധിപത്യ മനോഭാവമുള്ളവരും ഉണ്ട്. സമരങ്ങളിൽ തന്നെ കുടുംബം പോലുള്ള വ്യവസ്ഥിതികൾക്കുള്ളിൽ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വളരെ നല്ല രീതിയിൽ തന്നെ പൊതു ജനശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. സ്ത്രീധനം പോലുള്ള വിഷയങ്ങൾ വളരെയധികം സാമൂഹിക അംഗീകാരം ലഭിക്കുന്ന ഫെമിനിസ്റ്റ് വിഷയങ്ങളാണ്. എന്നാൽ, ഫെമിനിസ്റ്റ് വീക്ഷണകോണുകളിൽ വൈപുല്യങ്ങൾക്കുള്ള സാധുത തിരയേണ്ടതുണ്ട്. സാമൂഹിക സദാചാരബോധത്തിൽ “നല്ലത്” എന്ന് പറയുന്ന സ്ത്രീകള്‍ക്കാണ് പൊതു സമൂഹത്തിൽ സംരക്ഷണം ലഭിച്ചു വരുന്നത്. ഇവരുന്നയിക്കുന്ന ഇരവാദമാണ് കൂടുതലും ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. എന്നാൽ, സ്വന്തമായ തീരുമാനമുള്ളവർ എന്ന നിലയിൽ അധികാരശ്രേണിയിലേക്ക് വരാനും, തങ്ങളുടെ അവകാശത്തിനു വേണ്ടി പൊരുതുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് കൂടുതൽ സദാചാര ഭീഷണികളും അപവാദങ്ങളും നേരിടേണ്ടതായി വരുന്നുണ്ട്. അരികുവത്കരിക്കപ്പെട്ടവർ ഉയർന്നു വരുമ്പോൾ അവരെ തളര്‍ത്താനായി ഉപയോഗിക്കപ്പെടുന്ന ഒരു പ്രധാന രീതിയാണ്. അവര്‍ക്കെതിരെ അപവാദങ്ങള്‍ പറഞ്ഞാക്ഷേപിക്കുക എന്നത്. അപവാദ ഭയം കുത്തിനിറച്ചാണ് സമൂഹത്തിൽ അരികുവത്കൃത സ്വത്വമുള്ളവരെ സാമൂഹിക നീതി വളർത്തിക്കൊണ്ടുവരുന്നത്. ഭയത്തിനെതിരെ സഞ്ചരിക്കുക എന്നത് അവരുടെ സാമൂഹിക യാഥാർത്ഥ്യത്തിൽ പെട്ട ഒന്നാവുന്നു.

ബെൽ ഹൂക്സ്

സ്നേഹത്തിന്റെ രാഷ്ട്രീയം

സാമൂഹിക ഘടനകള്‍ തരുന്ന തണലില്‍ നിന്ന് നിര്‍ബന്ധിതമായോ ബോധപൂര്‍വമായോ രക്ഷപ്പെടുന്ന ഒരാള്‍ക്കു മാത്രമേ ആശയങ്ങൾക്കു വേണ്ടി അധികാരത്തെ വെല്ലുവിളിച്ചു കൊണ്ട് നിലനില്‍ക്കാന്‍ പറ്റൂ. അധികാരങ്ങള്‍ക്കു മുകളില്‍ സ്‌നേഹമെന്ന വലിയൊരു രാഷ്ട്രീയത്തെ മുന്നോട്ടു വെക്കുന്നത് അരികുവത്കൃത വിഭാഗങ്ങളിൽ നിന്നു വരുന്നവരാണ്. All About Love എന്ന സംഭാവന വന്നത് ഒരു അരികുവത്കൃത വിഭാഗത്തിൽപ്പെട്ട ബെൽ ഹുക്സ് എന്ന ബ്ലാക്ക് ഫെമിനിസ്റ്റിൽ നിന്നായിരുന്നു.

അധികാരം

അധികാരം പലവിധ സ്വത്വങ്ങളിലും ഊന്നി നില്‍ക്കുമ്പോൾ, അതിനു മുകളിൽ സ്നേഹത്തിന്റെ രാഷ്ട്രീയം ഊർജത്തിന്റെ പ്രസരിപ്പാണ് പരമ്പരാഗതമായ അധികാര ചളിക്കുഴിയില്‍ വീണവരെക്കാള്‍ എളുപ്പത്തില്‍ ആശയങ്ങൾക്കു വേണ്ടി ചോര കൊടുക്കാനുള്ള ആന്തരിക ശക്തി നേടുന്നത് അരികുവത്കൃത വിഭാഗത്തിലുള്ളവർ ആണ്. പ്രത്യേകിച്ച് ദലിതർ. അതിനു കാരണം സാമൂഹികാധികാരത്തോടുള്ള വിധേയത്വമില്ലാത്തിടത്തേ അവർക്ക് ആത്മാഭിമാനത്തോടെ ഒരു ജീവിതം സാധ്യമാവുന്നുള്ളൂ എന്നതാണ്. വിധേയത്വത്തിൽ നിന്ന് പുറത്തുകടക്കൽ അവരുടെ യത്നമാണ്. പക്ഷേ ദലിതർക്കിടയിൽ തന്നെ സ്വന്തം സ്വത്വബോധത്തിൽ അഭിമാനമില്ലാതെ ബ്രാഹ്മണിക്കൽ ആശയങ്ങൾ പേറുന്ന പ്രസ്ഥാനങ്ങളിലേക്കും കുടുംബ സങ്കൽപങ്ങളിലേക്കും ദലിത് സ്വാഭിമാനം പണയം വെക്കുന്നവരുണ്ട്. imitationന്റെ രാഷ്ട്രീയമാണ് Empowerment എന്നു കരുതുന്നതാണ് ഇതിനാധാരം. മാറണമെന്ന ബോധമല്ല, അംഗീകരിക്കപ്പെടണമെന്ന ആഗ്രഹമാണ് ഇവിടെ പ്രവർത്തിക്കുന്നത്.

മാറ്റം എന്തിന്? എങ്ങനെ?

പല തരത്തിലുള്ള അധികാരത്തിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന ആളുകളില്‍ സ്വന്തം സുരക്ഷ നോക്കാതെ ആശയങ്ങൾക്കു വേണ്ടിയുള്ള മുന്നോട്ടുവരൽ വളരെ കുറവാണ് എന്നു തന്നെ പറയാം. അവർ സ്വകാര്യ ഇടങ്ങളിൽ സ്വീകാര്യത അനുഭവിക്കുന്നവരാണ്. അവരുടെ സ്വകാര്യ ഇടങ്ങളിലെ വ്യക്തിത്വമാണ് സാമൂഹിക ഇടങ്ങളിലെ വ്യക്തിത്വ മാതൃക. ഈ വ്യക്തിത്വ മാതൃകകൾക്കപ്പുറം സമൂഹത്തെ ഉയർത്തിക്കൊണ്ടുപോവാൻ കഴിവുള്ളവർ ആ മാതൃകകളിലേക്ക് സ്വയം അവരോധിക്കുമ്പോൾ അവരിൽ നിന്നു വരുന്നത് Self hate ആല്ലാതെ മറ്റൊന്നുമല്ല. Self hate സമൂഹത്തിലേക്ക് പരത്തുന്നതും hate ആണ്.

അറിവാണ് സ്നേഹം

ആണധികാരവും ജാതി ആനുകൂല്യങ്ങളും അതുപോലെ മതപരമായും വർഗപരമായും വംശപരമായും സെക്ഷ്വാലിറ്റിയിലും മറ്റും എല്ലാ സുരക്ഷിതത്വങ്ങളും അനുഭവിക്കുന്നവർ; അതിനോടൊപ്പം സഭാ ബോധത്തിൽ സ്വന്തം സ്ഥാനം ഉറപ്പിച്ചു നിര്‍ത്തൽ മാത്രമായി അവരുടെ ജീവിതങ്ങളെ ഒതുക്കി നിർത്തുന്നു. അറിവിനു വേണ്ടി പലപ്പോഴും സുരക്ഷയുടെ വാതിൽ തുറന്നു പുറത്തു വരേണ്ടി വരും. അത്തരത്തിലുള്ള പൊളിച്ചു കെട്ടലുകൾ സാമൂഹികാധികാരത്തിന്റെ ആനുകൂല്യങ്ങളില്ലാത്ത വിഭാഗത്തില്‍ പെട്ട ആളുകളാണ് അധികമായും കാണിച്ചു വരുന്നത്. ആക്രമണത്തെ ഭയക്കാതെ, സദാചാര സംരക്ഷണത്തിന് മുതിരാതെ, സത്യത്തിനു വേണ്ടി നിലനിൽക്കാൻ അറിവിനോടുള്ള അടുപ്പവും ആത്മാഭിമാനവും സ്വന്തം വിഭാഗത്തിലുള്ളവരുടെ കഴിവിനെക്കുറിച്ചുള്ള വിശ്വാസവും ആവശ്യമാണ്. സദാചാരം, ജാതി, മതം, വര്‍ഗം, വംശം തുടങ്ങി ഒരുപാട് വിഭജനങ്ങള്‍ ഫെമിനിസത്തില്‍ വന്നുവെങ്കിലും, പുരുഷാധിപത്യ-ജാതീയ-വംശീയ മൂല്യങ്ങള്‍ക്കുതകുന്ന സദാചാരത്തില്‍ വിശ്വസിക്കുന്ന സ്ത്രീ/അങ്ങനെയല്ലാത്ത സ്ത്രീ, എന്നിങ്ങനെ സദാചാരത്തെ ആസ്പദമാക്കിയുള്ള വിഭജനങ്ങൾ അധികം ചർച്ച ചെയ്യപ്പെടാറില്ല. പല ജാതി-വര്‍ഗ-മത വിശ്വാസങ്ങളില്‍ നിന്നുള്ള സ്ത്രീകളെ ഒരുമിച്ചു ചേര്‍ക്കുന്ന മൂല്യങ്ങളിൽ വലിയ ഒരു പങ്കുവഹിക്കുന്ന ഘടകമാണ് സദാചാരം. സ്വത്വ രാഷ്ട്രീയത്തിൽ തന്നെ സദാചാര മൂല്യങ്ങളും കൂട്ടായ്മകൾക്ക് കാരണമാവാറുണ്ട്. സദാചാരത്തെക്കുറിച്ച് വ്യത്യസ്ത ഭാവതലങ്ങളിൽ ജീവിക്കുന്ന ദലിതർ വ്യത്യസ്ത നിലപാടുകളാണ് മാറ്റത്തെക്കുറിച്ചുള്ള അവരുടെ വിഭാവനകളിൽ കാണിക്കാറുള്ളത്.

മാതൃക

മനുഷ്യനെന്നാല്‍ ‘ജാതി അധികാരമുള്ള വെളുത്ത ആൾ’, ‘അധികാരമുള്ളവരാണ്’ എന്ന മാതൃക വെച്ച് സാമൂഹിക പ്രശ്‌നങ്ങളെ സമീപിക്കുമ്പോള്‍, സ്ത്രീയെന്ന രീതിയിലും ദലിത് എന്ന രീതിയിലും മുസ്‌ലിം എന്ന രീതിയിലും കറുത്തവർ എന്ന രീതിയിലും ട്രാൻസ്ജെന്റർ പേഴ്സൺ എന്ന രീതിയിലും ചില ജീവിതങ്ങള്‍ക്ക് വിലയില്ലാതായിപ്പോവുന്നു. അവരുടെ പ്രധാനപ്പെട്ട ജീവിതം സമൂഹത്തിന്റെ അറിവില്ലായ്മ കാരണം ചീത്ത ജീവിതമോ, വിലകെട്ട ജീവിതമോ ഒക്കെയായി പുറംതള്ളപ്പെടുന്നു. ഇന്റര്‍-സെക്ഷണല്‍ ഫെമിനിസ്റ്റ് രാഷ്ട്രീയ വീക്ഷണത്തില്‍ ഓരോ ജീവിതവും വളരെ പ്രധാനമാണ്. തന്റെ അവകാശങ്ങൾ പോലെ തന്നെ, അവശതയനുഭവിക്കുന്ന മറ്റു ജീവിതങ്ങളുടെയും പ്രാധാന്യം തിരിച്ചറിഞ്ഞ് ഉത്തരവാദിത്തത്തോടെ സമീപിക്കാൻ സ്വന്തം ജീവിതത്തില്‍ അത്തരം തെരഞ്ഞെടുപ്പ് നടത്താൻ ഓരോ വ്യക്തിയെയും ഈ വീക്ഷണകോൺ നിർബന്ധിതരാക്കുന്നു.

തെരഞ്ഞെടുപ്പ്

ആണധികാരം ഉപേക്ഷിക്കാന്‍ തയ്യാറാവാതെ ജാതി ആനുകൂല്യങ്ങൾക്ക് മുകളിലേക്ക് ഉയരാതെ സ്വയം വളർച്ച നിഷേധിച്ച് ആൺ, ജാതി, മത, വർഗ പ്രിവിലേജുകളുടെ അന്ധതയിൽ ജീവിതം തുടരണോ ബോധവളർച്ച തെരഞ്ഞെടുക്കണോ എന്നുള്ളത് ദലിത്, ബഹുജൻ, ആദിവാസി, മുസ്‌ലിം സ്ത്രീകളുടേതു പോലെ തന്നെ, ഓരോ വ്യക്തിയുടേയും ജീവിതത്തിലെ തെരഞ്ഞെടുപ്പാണ്.

ഇന്റർ-സെക്ഷണൽ കൂട്ടായ്മ

സ്ത്രീകളും ദലിതരും മുസ്‌ലിംകളും ട്രാന്‍സ്ജെന്റേഴ്‌സും കറുത്ത വർഗക്കാരുമൊക്കെ ഒന്നിച്ചു വരുന്നത് ശാരീരികമായ സമത്വത്തിലല്ല, സാമൂഹികമായ അസമത്വത്തിലാണ്. അതുകൊണ്ടുതന്നെ, അവര്‍ തങ്ങളുടെ അസമത്വങ്ങളിലെ സാമ്യങ്ങള്‍ തിരിച്ചറിഞ്ഞ്, ഒരു പുതിയ ലോക നിർമിതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്.

ശ്രീജിത പി.വിസ്വതന്ത്ര ഗവേഷക. ഗവേഷണ മേഖല: ഇംഗ്ലീഷ് സാഹിത്യം, ഫെമിനിസം, സൈക്കോ-അനാലിസിസ്, തത്വചിന്ത. ആറ്റ്വുഡിന്റെ സര്‍ഫേസിംഗ് എന്ന നോവലിലെ power and creativity എന്ന വിഷയത്തില്‍ ഇംഗ്ലീഷിലും, കമലാ സുരയ്യയില്‍ traveling consciounssse and Emerging Subjectivities എന്ന വിഷയത്തില്‍ gender studiesലും ഗവേഷണം നടത്തി. മലയാളത്തിലും ഇംഗ്ലീഷിലും intersectional feminism, feminism, caste എന്നി വിഷയങ്ങളില്‍ എഴുതുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസ്സറായി ജോലി ചെയ്തിരുന്നു.

Top