മുലായം സിങ് യാദവ്: സവർണ ഹിന്ദുത്വ രാഷ്ട്രീയ പ്രതിരോധവും ജീവിതവും
1993ൽ കാൻഷി റാമിന്റെ ബിഎസ്പിയുമായി സഖ്യമുണ്ടാക്കി അതുവരെയുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകളെല്ലാം യാദവ് തിരുത്തിക്കുറിച്ചു. ഓബീസീ, ദലിത്, മുസ്‌ലിം വിഭാഗങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന, രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണമായിരുന്നു അത്. ബാബരി മസ്ജിദ് തകർത്തതിനു പിന്നാലെ ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്പെടുന്ന സാഹചര്യത്തിലും ഈ സഖ്യം ബിജെപിയെ പരാജയപ്പെടുത്തി. അസദ് റിസ്‌വി എഴുതുന്നു.
1980കളുടെ അവസാനത്തോടെ ഉത്തർപ്രദേശ് രാഷ്ട്രീയ ഭൂമികയെ തന്നെ മാറ്റിമറിച്ച സോഷ്യലിസ്റ്റ് നേതാവാണ് മുലായം സിങ് യാദവ്. അദ്ദേഹത്തിന്റെ പാർട്ടി അംഗങ്ങളും അനുഭാവികളും അദ്ദേഹത്തെ ‘നേതാജി’ എന്നാണ് വിശേഷിപ്പിച്ചത്.
സമാജ്‌വാദി പാർട്ടി സ്ഥാപകനായ അദ്ദേഹം മണ്ഡൽ രാഷ്ട്രീയത്തിന്റെ രണവീരനായിരുന്നു. കൂടാതെ വിവിധങ്ങളായ പാർശ്വവത്കൃത സമുദായങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ കഠിനമായി പരിശ്രമിച്ച വ്യക്തിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ബൃഹത്തായ രാഷ്ട്രീയ ജീവിതത്തിനിടയിൽ ചില അബദ്ധങ്ങൾ പിണഞ്ഞിട്ടുണ്ടെങ്കിലും, സദാസമയവും വർഗീയ ശക്തികൾക്കെതിരെയും അധഃസ്ഥിതരുടെ അവകാശങ്ങൾക്ക് വേണ്ടിയും പോരാടിയ നേതാവാണ് അദ്ദേഹം.
യാദവിന്റെ ഉത്തർപ്രദേശ് രാഷ്ട്രീയ പ്രവേശനം
1989ൽ അജിത് സിങ്ങിനെ പിന്തള്ളി ആദ്യമായി ഉത്തർപ്രദേശ് മുഖ്യമന്ത്രിയായതോടെയാണ് യാദവ് ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. ആറു പതിറ്റാണ്ടോളം നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തിൽ അദ്ദേഹം പരീക്ഷിച്ച നിരവധി രാഷ്ട്രീയ പരീക്ഷണങ്ങളിൽ ചിലത് വിജയക്കൊടി പാറിച്ചപ്പോൾ, മറ്റു ചിലത് വിപരീത ഫലമാണ് ഉണ്ടാക്കിയത്.
1980കളുടെ അവസാനത്തിലും 1990കളുടെ തുടക്കത്തിലും ഉത്തർപ്രദേശ് രാഷ്ട്രീയ പ്രവർത്തനങ്ങളെ റിപ്പോർട്ട് ചെയ്ത മുതിർന്ന പത്രപ്രവർത്തകർ വിശ്വസിക്കുന്നത് രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനമായ യു.പി.യിലെ മണ്ഡൽ കമ്മീഷൻ ശുപാർശകളെ യാദവ് പിന്തുണച്ചതാണ് അദ്ദേഹത്തെ ഏറ്റവും ഉയർന്ന പിന്നാക്ക വിഭാഗ (ഓബീസീ) നേതാവാക്കിയത് എന്നാണ്.
1990 ഒക്ടോബറിൽ അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കാനുള്ള ഹിന്ദു കർസേവകരുടെ പദ്ധതിയെയും അദ്ദേഹം തടഞ്ഞു. ഇത് മുസ്‌ലിംകൾക്കിടയിൽ യാദവിന്റെ അധികാരം ഉറപ്പു വരുത്തുന്നതിനും, കോൺഗ്രസ് സംസ്ഥാനത്ത് നിന്ന് വേരോടെ പിഴുതെറിയപ്പെടാനുള്ള കാരണമായി പറയപ്പെടുകയും ചെയ്തു.
വീർ ബഹാദൂർ സിംഗ്, നാരായൺ ദത്ത് തിവാരി എന്നീ രണ്ട് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്ന അഭിപ്രായ ഭിന്നത യാദവിന് ഗുണം ചെയ്തുവെന്ന് പ്രശസ്ത പത്രപ്രവർത്തകനായ മുദിത് മാത്തൂർ വിശ്വസിക്കുന്നു. “ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിൽ മുലായം നേരിട്ട പ്രധാന വെല്ലുവിളി സിങ്ങിന്റെ വലംകൈ ബൽറാം സിങ് യാദവ് തന്നെ ആയിരിക്കെ, അയാളെ പിന്തുണയ്ക്കുന്നതിനു പകരം മുലായമിനെ തന്നെയാണ് തിവാരി പ്രോത്സാഹിപ്പിച്ചത്” മാത്തൂർ കൂട്ടിച്ചേർക്കുന്നു.
1991ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയോട് (ബിജെപി) തോറ്റതിനു ശേഷം 1992ൽ യാദവ് സ്വന്തം പാർട്ടിയായ സമാജ്‌വാദി പാർട്ടി (എസ്‌പി) രൂപീകരിക്കുകയും പ്രചാരണം നടത്തുകയും ചെയ്തു. നേരത്തെ അദ്ദേഹം ചന്ദ്രശേഖർ നേതൃത്വം നൽകുന്ന സോഷ്യലിസ്റ്റ് പാർട്ടിയായ ജനതാദളിനൊപ്പമായിരുന്നു നിലകൊണ്ടത്.
പാർശ്വവത്കൃതരുടെ സഖ്യം
യാദവ് 1993ൽ കാൻഷി റാമിന്റെ ബഹുജൻ സമാജ് പാർട്ടിയുമായി (ബിഎസ്പി) സഖ്യമുണ്ടാക്കുകയും രാഷ്ട്രീയ കണക്കുകൂട്ടലുകളെല്ലാം തിരുത്തിക്കുറിക്കുകയും ചെയ്തു എന്നാണ് പത്രപ്രവർത്തകനായ ഗോവിന്ദ് പന്ത് രാജു അഭിപ്രായപ്പെട്ടത്. ഇതിലൂടെ ഓബീസീ വിഭാഗങ്ങളെയും ദലിതരെയും മുസ്‌ലിംകളെയും അദ്ദേഹം ഒരു കുടക്കീഴിൽ കൊണ്ടുവന്നു.
രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണമായിരുന്നു ഇതെന്നും രാജു പറയുന്നു. 1993ലെ ബാബരി മസ്ജിദ് തകർച്ചയുടെ പശ്ചാത്തലത്തിൽ ഹിന്ദുത്വയുടെ ശക്തമായ തരംഗത്തിനിടയിലും ബിജെപിയെ പരാജയപ്പെടുത്തി ഈ സഖ്യം ശക്തി തെളിയിച്ചു.
ഹിന്ദുത്വ വാദത്തെ തടയാൻ ഈ സഖ്യത്തിന് സാധിച്ചുവെങ്കിലും 1995ൽ ഈ സഖ്യം പിളരുകയായിരുന്നു. ബിഎസ്‌പി സ്ഥാപകൻ കാൻഷിറാമിന്റെ അമിതമായ ആത്മവിശ്വാസവും അദ്ദേഹത്തിന്റെ നിരന്തരമായ ആവശ്യങ്ങളുമാണ് സഖ്യത്തെ തകർത്തതെന്ന് രാജു വിശ്വസിക്കുന്നു. അതേസമയം എതിരാളികൾ തമ്മിലുള്ള ശക്തമായ സഹവർത്തിത്വത്തെ വിച്ഛേദിച്ചതു കാരണം ദലിതർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ മുഖ്യമന്ത്രിയെന്ന നിലയിൽ യാദവ് പരാജയപ്പെട്ടുവെന്ന് മാത്തൂർ പറയുന്നു.
ഓബീസീകളും ദലിതരും തമ്മിലുള്ള സഖ്യം തങ്ങളുടെ ‘കമണ്ഡല’ (ഹിന്ദുത്വയെ സൂചിപ്പിക്കുന്ന പദം) രാഷ്ട്രീയത്തിന് വെല്ലുവിളിയാകുമെന്ന് ബിജെപി നിരീക്ഷിച്ചതിന്റെ ഫലമായി കാൻഷി റാമും യാദവും തമ്മിൽ ഭിന്നത സൃഷ്ടിക്കുന്നതിൽ കാവി നേതാവ് ബ്രഹ്മദത്ത് ദ്വിവേദി ഒരു പ്രധാന പങ്കുവഹിച്ചുവെന്നും മാത്തൂർ വിശ്വസിക്കുന്നു.
ഉയർച്ച-താഴ്ചകളുടെ പാരമ്പര്യം
1995 ജൂണിൽ എസ്പി സർക്കാരിനുള്ള പിന്തുണ ബിഎസ്പി പിൻവലിച്ചു. തൽഫലമായി, പ്രകോപിതരായ എസ്പി പ്രവർത്തകർ ബിഎസ്പി നേതാവ് മായാവതിയെ ലഖ്‌നൗവിലെ ഒരു ഗസ്റ്റ് ഹൗസിൽ വച്ച് ആക്രമിക്കുകയും അവരെ അപമാനിക്കുകയും മർദിക്കുകയും ചെയ്തു. സമീപ കാലത്ത് വളരെ കുപ്രസിദ്ധമായ ഈ ഗസ്റ്റ് ഹൗസ് കേസ് ഇരു പാർട്ടികളും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കി. തുടർന്ന് യാദവിന്റെ സർക്കാർ അധികാരസ്ഥാനത്ത് നിന്ന് പടിയിറങ്ങുകയും മായാവതി ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയും ചെയ്തു.
മായാവതി ഈ അതിക്രമത്തിന്റെ പേരിൽ അദ്ദേഹത്തെ എപ്പോഴും കുറ്റപ്പെടുത്താറുണ്ടെങ്കിലും ഗസ്റ്റ് ഹൗസിൽ കോളിളക്കം സൃഷ്ടിച്ചവർ എസ്പിയുടെ പ്രാദേശിക പ്രവർത്തകരാണെന്നും യാദവ് ഒരിക്കലും ഈ സംഭവത്തെ അനുകൂലിച്ചിട്ടില്ലെന്നും മാധ്യമപ്രവർത്തകരായ രാജുവും മാത്തൂരും വിശ്വസിക്കുന്നു.
മുതിർന്ന മാധ്യമ പ്രവർത്തകൻ ശരത് പ്രധാൻ എസ്പിയുടെ കുലപതിയായ യാദവിന്റെ രാഷ്ട്രീയ വികാസത്തെ വിവരിച്ചുകൊണ്ട് പറയുന്നു: മുലായം 60കളിൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചുവെങ്കിലും യാദവ രാഷ്ട്രീയം ആരംഭിച്ചതോടെയാണ് അദ്ദേഹം ഒരു ബഹുജന നേതാവായി മാറിയത്. അദ്ദേഹം യാദവരിൽ നിന്ന് തുടങ്ങി ക്രമേണ മറ്റു പിന്നാക്ക ജാതികളിലേക്കും തന്റെ വിപുലീകരണ പദ്ധതികളെ വ്യാപിപ്പിച്ചു.” യാദവിന്റെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടം മുസ്‌ലിംകളെ തന്റെ കൂടെ ചേർത്തുപിടിച്ചു എന്നതാണ്.
പ്രധാന്റെ കാഴ്ചപ്പാടിൽ 1992ൽ എസ്പി രൂപീകരിച്ച് യാദവ് ഓബീസീകളും മുസ്‌ലിംകളും തമ്മിൽ സഖ്യമുണ്ടാക്കിയതു മുതൽ ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ സാന്നിധ്യം കുറഞ്ഞുവരികയാണ്. എന്നിരുന്നാലും 2009ൽ ബാബരി മസ്ജിദ് തകർക്കത്ത ബിജെപി സ്വപക്ഷത്യാഗിയും മുൻ മുഖ്യമന്ത്രിയുമായ കല്യാൺ സിങ്ങുമായി കൈകോർത്തതാണ് യാദവ് ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ അബദ്ധം.
‘ലോധി’ സമുദായത്തിന്റെ വോട്ടുകൾ നേടുന്നതിനു വേണ്ടിയാണ് യാദവ് കടുത്ത കാവി ആശയക്കാരനായ ബിജെപി നേതാവുമായി കൈകോർത്തത്. നിർഭാഗ്യവശാൽ ലോധികൾ അദ്ദേഹത്തിന്റെ പാർട്ടിയെ അംഗീകരിച്ചില്ലെന്ന് മാത്രമല്ല കല്യാൺ സിങ് പാർട്ടിയിലംഗമായിരുന്നതിനാൽ പാർട്ടി അനുഭാവികളായ മുസ്‌ലിംകൾ പാർട്ടി വിടുകയുമുണ്ടായി. “പിന്നീട് 2016ൽ, കല്യാണുമായി കൈകോർത്തത് തന്റെ തെറ്റാണെന്ന് മുലായം തന്നെ സമ്മതിച്ചുവെന്ന്” പ്രധാൻ പറയുന്നു.
1990ൽ ലോക്കൽ പോലീസും ഭരണകൂടവും യാദവിന്റെ നിലപാടുകൾ അംഗീകരിച്ചിരുന്നില്ല എന്നാണ് സുമൻ ഗുപ്ത പറയുന്നത്. അവർ തന്ത്രപരമായി വർഗീയ സാഹചര്യം കൈകാര്യം ചെയ്യാതിരുന്നതിനാൽ കർസേവകർക്ക് ബാബരി മസ്ജിദ് പരിസരത്ത് എത്താൻ കഴിഞ്ഞു. എന്നാൽ യാദവ് വർഗീയതക്കെതിരെ ഉറച്ചുനിൽക്കുകയും 1990 ഒക്ടോബർ 10നും നവംബർ 02നും ഇടയിൽ കേന്ദ്ര സേനയെ ഉപയോഗിച്ച് പള്ളി തകർക്കാനുള്ള എല്ലാ ശ്രമങ്ങളും തടയുകയും ചെയ്തു.
കൂടാതെ ഗസ്റ്റ് ഹൗസിൽ നടന്നത് “യാദൃശ്ചിക സംഭവമാണ്” എന്നാണ് ഗുപ്ത അഭിപ്രായപ്പെടുന്നത്. യാദവ് ഒരു പാർട്ടി യോഗത്തിലായിരുന്നു, ഗസ്റ്റ് ഹൗസിൽ എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1990ൽ യാദവ് ശക്തനായ ഭരണാധികാരിയായിരുന്നു. എന്നാൽ മുതിർന്ന ഹിന്ദു നേതാവ് കല്യാൺ സിങ്ങിനോട് കൈകോർത്തതോടെ അദ്ദേഹത്തിന്റെ മതേതര കാഴ്ചപ്പാട് ചോദ്യം ചെയ്യപ്പെടുകയുണ്ടായി. എന്നിരുന്നാലും കോൺഗ്രസിന്റെ ജനസമ്മിതി കുറയുന്നത് സ്വന്തമായി വരുത്തിയ പിഴവ് കൊണ്ടാണെന്നും യാദവ് മൂലമല്ല എന്നുമാണ് പ്രശസ്ത ഉർദു പത്രപ്രവർത്തകനായ ഹുസൈൻ അഫ്‌സർ നിരീക്ഷിക്കുന്നത്.
ബാബരി മസ്ജിദ് തുറന്നു കൊടുത്തത് മൂലം നൂറ്റാണ്ടുകൾ പഴക്കമുള്ള കോൺഗ്രസ്സ് പാർട്ടിയോട് മുസ്‌ലിംകൾ അലോസരം കാണിച്ചതിന്റെ ഫലമായി മതേതര വോട്ടുകളെല്ലാം എസ്പിക്ക് അനുകൂലമായിരുന്നുവെന്ന് അഫ്സർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ ജീവിതത്തിന്റെ പ്രാരംഭ ഘട്ടത്തിൽ വർഗീയ ശക്തികൾക്ക് നിരവധി പ്രതിബന്ധങ്ങൾ സൃഷ്ടിച്ച ഉന്നത ഓബീസീ നേതാവെന്നാണ് എസ്പി സ്ഥാപകനായ യാദവിനെ രാഷ്ട്രീയ നിരൂപകർ വിശേഷിപ്പിക്കുന്നത്. എന്നിരുന്നാലും അദ്ദേഹം ചില തെറ്റുകൾ വരുത്തുകയും അതിന്റെ അനന്തരഫലമായി 2004ൽ 36 ലോക്‌സഭാ സീറ്റുകൾ നേടിയ എസ്‌പി 2009 ൽ 23 സീറ്റുകളായി സംതൃപ്തരാകേണ്ടിയും വന്നു.
മൊഴിമാറ്റം: നിയാസ് അലി
- https://thewire.in/politics/mulayam-singh-yadav-socialist-credentials