കോവിഡ് കാല കാസർകോട്: വെറുപ്പ്, പിന്നോക്കാവസ്ഥ, പ്രവാസം

കാസർകോട് ജില്ലയുടെ പിന്നോക്കാവസ്ഥ പഠിക്കാൻ നിയമിച്ച പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ടിൽ ജില്ലയിലെ ആരോഗ്യ രംഗത്തെ പിന്നോക്കാവസ്ഥയെ കുറിച്ച് കണക്കുകൾ നിരത്തി പറയുന്നുണ്ട്.കാലങ്ങളായി കാസർകോട്ടുകാർ അനുഭവിക്കുന്ന അവഗണനയുടെ അനന്തരഫലം കൂടിയാണ് ഇന്ന് ദിനേനയെന്നോണം ഉയരുന്ന ജില്ലയിലെ വൈറസ് ബാധ സ്ഥിരീകരണ കണക്കുകൾ. മുഹമ്മദ് ഫർഹാൻ എഴുതുന്നു.

ഇതെഴുതുമ്പോൾ കേരളത്തിൽ കൊറോണ ബാധിച്ചു മരിച്ചവർ രണ്ടും കോവിഡ്-19 ലോക്ക്ഡൗൺ കാലത്ത് കാസർകോട് ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയും കർണാടക സർക്കാരിന്റെ അതിർത്തി അടക്കലും കാരണം ചികിത്സ നിഷേധിക്കപ്പെട്ട് മരണമടഞ്ഞവർ ഏഴ് പേരുമാണ്. അതൊരു വാർത്താ പ്രാധാന്യമുള്ള ഒന്നായി മാറുന്നില്ല എന്നു മാത്രമല്ല കാസർകോടിനെതിരെ നടക്കുന്ന വെർച്വൽ ഹേറ്റിങിന് സാമൂഹിക മാധ്യമങ്ങളിൽ കിട്ടുന്ന ശ്രദ്ധയോ മുൻഗണനയോ കേരളീയ പൊതുബോധത്തിൽ ആ മരണങ്ങൾക്ക് കിട്ടുന്നില്ല.

കാസർകോട് സ്വദേശിയായ സലീം ദേളി പറഞ്ഞതു പോലെ ഒരു കാസർകോട് ഇച്ച എന്ന നിലയിൽ രണ്ട് തരം ഭീഷണികളെയാണ് നേരിടേണ്ടത്. കോവിഡ്-19 ലോക്ക്ഡൗൺ കാലത്ത് അതിനെ പറ്റി കുറച്ചുകൂടി ഉച്ചത്തിൽ സംസാരിക്കേണ്ടി വരുന്നു എന്നു മാത്രം. കേരളത്തിലെ ഇടത് വരേണ്യ പൊതുബോധം നടത്തികൊണ്ടിരിക്കുന്ന വെറുപ്പിന്റെ പ്രചാരണം അവസാനിച്ചിട്ടില്ല. സംഘപരിവാർ ഉയർത്തുന്ന അപരവൽകൃത-രാജ്യദ്രോഹ നിർമിതിയിലൂടെ  സൃഷ്ടിക്കപ്പെട്ട പൊതുബോധം പറയുന്നത് “പ്രവാസിയായ, രാജ്യദ്രോഹിയായ ഇച്ച ഇതാ കൊറോണ എന്ന മഹാമാരിയുമായി വന്നിരിക്കുന്നു!” എന്നാണ്.

കോവിഡ്-19 സ്ഥിരീകരിച്ച ഏതോ ഒരാളുടെ പിന്നിലായിരുന്നു മാധ്യമങ്ങളും സോഷ്യൽ മീഡിയ ജഡ്ജിമാരും. അപ്പോൾ തന്നെ ജില്ലാ കലക്ടർ ‘ദി കിംഗി’ലെ ജോസഫ് അലക്സിനെപോലെ കാസർകോട് ഹീറോയാകുന്നു.  ദുബായിയിൽ നിന്നു വന്ന അദ്ദേഹം പാസ്പോർട്ട് കണ്ടുകെട്ടേണ്ട കാസർകോടുകാരൻ ആകുമ്പോൾ തന്നെ സമാനമായി ഇറ്റലിയിൽ നിന്ന് വന്ന പത്തനംതിട്ടക്കാരൻ പാസ്പോർട്ട് കണ്ടുകെട്ടേണ്ടാത്ത വെറും ഇറ്റലിക്കാരനും ആയിത്തീരുന്നു. അദ്ദേഹത്തിന്റെ പോക്കുവരവുകളെ കുറിച്ച് മണിക്കൂറുകൾ ചർച്ച ചെയ്ത മാധ്യമങ്ങൾ ജില്ലയുടെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത അറിയാനുള്ള താൽപര്യമേ കാണിച്ചിട്ടുണ്ടായിരുന്നില്ല. കൂടാതെ അതിനിടയിൽ കേരളീയ പൊതുബോധം ഉയർത്തിക്കാട്ടുന്ന തരത്തിലുള്ള എണ്ണം പറഞ്ഞ കോവിഡ്-19 കാലത്തെ ഇടിയപ്പമല്ലാത്ത നന്മ മരങ്ങൾ ഉണ്ടായതെല്ലാം കണ്ണടച്ച് ഇരുട്ടിലേക്ക് തള്ളുകയായിരുന്നു.  

വെർച്വൽ, മീഡിയ ഹേറ്റിങിനെ കൂടാതെ ഭരണകൂടത്തിന്റെ വെറുപ്പ് കൂടി അഭിമുഖീകരിക്കേണ്ട അവസ്ഥയാണ് ഉള്ളത്. ഒന്ന് കേരള ബ്യൂറോക്രസിയുടെയും മറ്റേത് കർണാടക സർക്കാരിന്റെയും.  കാസർകോട്ടെ രണ്ടു പ്രവാസികൾ ഇനി ഗൾഫ് കാണില്ല എന്ന് ഭീഷണി മുഴക്കുകയും ആളുകളെ വഴിയിൽ ഓടിച്ചിട്ട് പിടിക്കുകയും കാസർകോഡ് പ്രവാസി നിസ്സഹകരിക്കുന്നു എന്ന് പറയുകയും ചെയ്യുന്ന ജില്ലാ കളക്ടറുടെ ഭാഷ മാത്രം മതി കേരള ബ്യൂറോക്രസിയുടെ വെറുപ്പിനെ മനസിലാക്കാൻ.

കോവിഡ്-19 രോഗികൾക്ക് ഒരുക്കിയ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പാറ്റയും പൂച്ചയുമൊക്കെ യഥേഷ്ടം വിഹരിക്കുന്നതും അവർക്ക് കൊടുത്ത ഭക്ഷണത്തിൽ വരെ പാറ്റയെ കണ്ടെത്തിയതും, ദിവസവും ടെസ്റ്റിന് വേണ്ടിയിട്ട് പ്രവാസികളോട് വരാൻ പറയുകയും മണിക്കൂറുകളോളം കാത്തുനിർത്തി മടക്കി അയച്ചതും ഇതേ കലക്ടറും ജില്ലാ മെഡിക്കൽ സൂപ്രണ്ട് അടക്കമുള്ള ബ്യൂറോക്രസി തന്നെയാണ്. കാസർകോട് പ്രവാസിയെ നിരീക്ഷിക്കാനോ ബോധവൽക്കരിക്കാനോ പരാജയപ്പെട്ട ഭരണകൂടം സംഭവിച്ചതെല്ലാം അദ്ദേഹത്തിന്റെ ഉത്തരവാദിത്തമായി മാത്രം അടിച്ചേൽപിക്കുന്നതാണ് കണ്ടത്.  

കഴിഞ്ഞ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് ദക്ഷിണ കന്നടയിൽ നിന്നുള്ള ബിജെപി എംപിയായ നളിൻ കുമാർ കട്ടീൽ പറഞ്ഞത്,  കാസർകോടിനെ കശ്മീർ ആക്കണമെന്നാണ്. അതേ എംപിയാണ് ഈ ലോക്ക്ഡൗൺ സമയത്ത് കാസർകോട് നിന്ന് ഒരു വാഹനവും – അത് ആംബുലൻസായാൽ പോലും അതിർത്തി കടത്തി വിടരുത് എന്ന് നിർദേശിച്ചത്.  ബിജെപി ഭരിക്കുന്ന കർണാടക സർക്കാരിന്റെ തീരുമാന പ്രകാരമാണ് കാസർകോട് നിന്ന് കർണാടകയിലേക്കുള്ള എല്ലാ വഴികളും മണ്ണിട്ട് അടച്ചത്.

മണ്ണിട്ട് അടച്ച കേരള – കർണാടക അതിർത്തി

ഇപ്പോഴും കാസർകോടിന്റെ അന്തരീക്ഷത്തിൽ എൻഡോസൾഫാൻ ഇരകളുടെ വേദനകളും കണ്ണീരും കാണാം, ആ മണ്ണിൽ ഇതുവരെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി പോലും ഇല്ല. നിലവിൽ മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളും കണ്ണൂർ ജില്ലയിലെ പരിയാരം മെഡിക്കൽ കോളേജും മാത്രമാണ് ആശ്രയത്തിനുള്ളത്. ജീവൻ രക്ഷിക്കാൻ വേണ്ടി ഓടേണ്ടിവരുന്ന മംഗലാപുരത്തേക്കുള്ള ആ വഴികളാണ് സംഘപരിവാർ നിരന്തരം ഉൽപാദിപ്പിക്കുന്ന അപരവൽക്കരണ വർഗീയ വെറുപ്പിന്റെ ഭാഗമായി അടക്കപ്പെടുന്നത്.

കാസർകോട് ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതക്ക് കാരണം കേരളം മാറി മാറി ഭരിച്ച ഇടത്-വലത് സർക്കാരുകൾ തന്നെയാണ്.  അതേയാളുകൾ തന്നെയാണ് ഇന്ന് അതിർത്തി ഒന്ന് തുറന്നു കിട്ടാൻ പ്രധാനമന്ത്രിക്കും കർണാടക മുഖ്യമന്ത്രിക്കും ഒക്കെ കത്തെഴുതുന്നതും സുപ്രീംകോടതിയിൽ പോകുന്നതുമൊക്കെ. കാലങ്ങളായി കാസർകോടുകാർ അനുഭവിക്കുന്ന അവഗണനയുടെ അനന്തരഫലം കൂടിയാണ് ഇന്ന് ദിനേനയെന്നോണം ഉയരുന്ന ജില്ലയിലെ വൈറസ് ബാധ സ്ഥിരീകരണ കണക്കുകൾ.

മഞ്ചേരി, പാലക്കാട് മെഡിക്കൽ കോളേജുകൾക്കൊപ്പം പ്രഖ്യാപിക്കപ്പെട്ട കാസർകോട് മെഡിക്കൽ കോളേജിന് 2013 നവംബറിലാണ് തറക്കല്ലിട്ടത്. 300 കിടക്കകൾ ഉള്ള മെഡിക്കൽ കോളേജ് 2015ൽ പ്രവർത്തന സജ്ജമാകുമെന്നാണ് പ്രഖ്യാപിക്കപ്പെട്ടത്. മറ്റു രണ്ടു കോളേജുകളും പ്രവർത്തന സജ്ജമായിട്ടും, ശേഷം പ്രഖ്യാപിക്കപ്പെട്ട വയനാട്, കൊല്ലം മെഡിക്കൽ കോളേജുകളുടെ പണികൾ ദ്രുതഗതിയിൽ പുരോഗമിക്കുമ്പോഴും കാസർകോട് മെഡിക്കൽ കോളേജ് ഇപ്പോഴും തറക്കല്ലിട്ട അവസ്ഥയിൽ തന്നെ.

കാസർകോട് ജില്ലയുടെ പിന്നോക്കാവസ്ഥ പഠിക്കാൻ നിയമിച്ച പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ടിൽ ജില്ലയിലെ ആരോഗ്യ രംഗത്തെ പിന്നോക്കാവസ്ഥയെ കുറിച്ച്  കണക്കുകൾ നിരത്തി പറയുന്നുണ്ട്. ജനറൽ ഹോസ്പിറ്റലിലെ അസൗകര്യങ്ങളുടെ അപര്യാപ്തത, ഡോക്ടർമാർ അടക്കമുള്ള സ്റ്റാഫുകളുടെ വലിയ കുറവ്, ആക്സിഡന്റ് കേസുകൾ പോലും പരിശോധിക്കാൻ നാലു മണിക്കൂറുകളോളം സഞ്ചരിക്കേണ്ട ദുരവസ്ഥ – അങ്ങനെ നിരവധി കാര്യങ്ങൾ.  ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾ മറികടക്കാൻ 2388 ലക്ഷം രൂപ ആവശ്യമാണെന്ന് സർക്കാരിനെ കമ്മീഷൻ അറിയിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും ഇരുട്ടിൽ തന്നെയാണ് റിപ്പോർട്ട്. വർഷാവർഷങ്ങളിലെ ബജറ്റുകളിൽ കാസർകോട് നേരിടുന്ന അവഗണയുടെ പ്രതിരൂപം കാണാൻ സാധിക്കും.  

എല്ലാ മേഖലകളിലെയും അവഗണനകളെ കാസർകോട്ടെ ജനങ്ങൾ അതിജയിക്കാൻ ശ്രമിച്ചത് ഇവിടത്തെ പ്രവാസികൾ വഴിയാണ്. സംഘപരിവാരം കാസർകോട്ടെ ഇച്ചമാർക്കെതിരെ നിരന്തരം ഉന്നയിക്കുന്ന രാജ്യദ്രോഹത്തിന്റെ വർഗീയ അപരവൽക്കരണത്തിൽ നിന്നുകൊണ്ടാണ് കൊറോണക്കാലത്തും കാസർകോട്ടുകാരനെ നോക്കിക്കാണാൻ പൊതുബോധം ശ്രമിക്കുന്നത്. ദുബായിലെ നായിഫ് എന്ന് പറയുന്നത് ഒരു മിനി കാസർകോടാണ്.  ദുബായിലെ അന്താരാഷട്ര കച്ചവടങ്ങൾ നടക്കുന്ന പ്രധാന ഇടം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ളവർ കച്ചവടത്തിൽ ഏർപ്പെടുന്ന വളരെ പ്രധാനപ്പെട്ട സ്ഥലം. അതുകൊണ്ടാണ് അവിടെ നിന്ന് വന്നവരിൽ കൂടുതലാളുകൾക്ക് കോവിഡ്-19 ബാധിച്ചത് എന്നാണ് മനസിലാവുന്നത്. അല്ലാതെ ഗൾഫിൽ നിന്ന് നാട്ടിലെത്തിയ ഇച്ചമാർ എല്ലാരെയും ധിക്കരിച്ചു നടന്ന് നാട്ടിൽ പടർത്തിയതല്ല.

Top