കാഞ്ഞിരം കായ്ക്കുന്ന കാസർകോട്: ചില സാമൂഹിക-ഇട ആലോചനകൾ
ഭാഷ/ജാതി/മത/പ്രദേശ അവസ്ഥകളാൽ സങ്കീർണമായതും തെക്കോട്ട് അടുക്കാത്തതുമായ കാസർകോടിന്റെ സാമൂഹികഘടനയും, അത് തീർത്ത ഇടവും, കേരളസംസ്ഥാനത്തിന്റെ (മലയാളിപരതയുടെ) മത/ജാതി/സാമൂഹിക ഇടത്തിന് അന്യമായിരുന്നു. മാത്രവുമല്ല, തെക്ക് കേന്ദ്രീകരിച്ചു വന്ന കേരളഭരണം, മലയാള നാടുകളുടെ വടക്കോട്ടുള്ള ചലനക്ഷമതയിൽ നിന്നും മാറി തെക്കിലേക്കു മാത്രമായി കേന്ദ്രീകരിക്കപ്പെടുകയും ചെയ്തു.
മാറി മാറി വരുന്ന കേരള സർക്കാറുകൾക്ക് കാസർകോടിനോട് ഒരു തരം കയ്പ്പ് രുചിച്ച ഭാവമാണോ? സവിശേഷമായി വികസനത്തിന്റെയും പരിഗണനയുടെയും കാര്യത്തിൽ? കയ്‌പ്പിന്റെ കാരണം കാഞ്ഞിര മരത്തിന്റെ ആധിക്യമാണോ? കാസർകോടിന്റെ പദോൽപ്പത്തിയുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങളും അവകാശവാദങ്ങളുമുണ്ട്. അവയിലൊന്നാണ് കാഞ്ഞിര മരത്തിന്റെ കൂടിയ സാന്നിധ്യം. പ്രാദേശികമായി ‘കസർക്കാനാ മര’മെന്നു വിളിക്കുന്ന, ‘സ്ട്രിക്നോസ് മിക്സ് വോമിക്കയുടെ’ (കാഞ്ഞിരത്തിന്റെ ശാസ്ത്രീയ നാമം), പത്തു ടണ്ണോളം വിത്തുകൾ എല്ലാ വർഷവും സൗത്ത് കാനാറയിലെ കാസർകോടിൽ നിന്ന് ശേഖരിച്ചിരുന്നു എന്ന് ജെ. സ്ട്രോക്ക് (1894:20), സൗത്ത് കാനാറ മനുവലിൽ രേഖപ്പെടുത്തിയിരുന്നു. കാസർകോടിനോടുള്ള സാമൂഹിക ‘ചവർപ്പിന്റെയും’ പുറന്തള്ളലിന്റെയും പശ്ചാത്തലങ്ങളെ, ചില ചരിത്ര-വർത്തമാനങ്ങളെയും ഇട-ആലോചനകളെയും മുൻനിർത്തി വായിക്കാനുള്ള ശ്രമമാണ് ഈ എഴുത്ത്.
ഇൻഡ്യൻ ഉപഭൂഖണ്ഡത്തിലെ പടിഞ്ഞാറെ തീരത്തുള്ള നാടുകളെ, അവയ്ക്ക് മുകളിലെ പ്രബല ഭാഷാ-സാമൂഹിക വ്യവസ്‌ഥയുടെ പശ്ചാത്തലങ്ങളെ അടിസ്ഥാനപ്പെടുത്തി, സമകാലികമായി മനസ്സിലാക്കാൻ ശ്രമിച്ചാൽ മൂന്നു നാടുകളെ കാണാൻ സാധിക്കും. മലയാളനാട്, തുളുനാട്, കന്നഡനാട്. ഇവയിൽ മലയാളനാട്ടിൽ നിന്ന് ചന്ദ്രഗിരി പുഴ മുറിഞ്ഞ് തുളുനാട്ടിലേക്ക് പ്രവേശിക്കുന്ന ഇടമാണ് കാസർകോട്. സപ്ത ഭാഷാ സംഗമ ഭൂമി. കേരള രൂപീകരണ വേളയിൽ, തലപ്പാടി (ഇന്നത്തെ കാസർകോട് ജില്ലയുടെ കർണാടക അറ്റം) വരെ കണ്ണൂർ ജില്ലയിലെ മലയാളനാടിന്റെ (കേരളത്തിന്റെ) ഭാഗമായി മാറി. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട പല അതിർത്തി-അവകാശ തർക്കങ്ങളിൽ, കേരള-മൈസൂർ സംസ്ഥാനങ്ങളുടെ തർക്കം പ്രധാനമായും കാസർകോടിനു വേണ്ടിയായിരുന്നു. തർക്കപരിഹാര കമ്മീഷൻ റിപ്പോർട്ടുകൾ പ്രകാരം ചർച്ചകൾ നടന്നെങ്കിലും, സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ കാസർകോടിനെ മലയാളനാടിനോട് ചേർത്ത ആദ്യ തീരുമാനത്തിന് മാറ്റമുണ്ടായില്ല.
എന്താണ് സാമൂഹിക ഇടം (social space)? ഹെൻറി ലെഫ്ബെർവേ 1974ൽ ഫ്രഞ്ച് ഭാഷയിൽ എഴുതിയതും 1991ൽ ‘പ്രൊഡക്ഷൻ ഓഫ് സ്പേസ്’ എന്ന തലക്കെട്ടിൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ടതുമായ പുസ്തകത്തിൽ, ഇടം (space) എന്ന പദത്തിന്റെ ആദ്യകാല അർഥങ്ങളേയും അതിലേക്കു നയിച്ച ചിന്തധാരകളേയും കുറിച്ച് വിശദീകരിക്കുന്നുണ്ട്. ദെക്കാർത്തെയുടെ കാർട്ടീഷ്യൻ യുക്തിയിൽ നിന്നു മനസ്സിലാക്കപ്പെട്ട ‘ഇടത്തിന്റെ ജാമിതീയ സങ്കൽപം’ (absolute space) മുതൽ, പിന്നീടു വന്ന ഇമ്മാനുവൽ കാന്റിന്റെ ‘ഇടത്തെ’ കുറിച്ചുളള പുനരാലോചനയായ ‘റിലേറ്റീവ് സ്പേസിനെ’ വരെ പ്രശ്നവൽക്കരിച്ചുകൊണ്ടാണ് ‘ഇടം’ ഒരു സാമൂഹിക നിർമിതിയാണെന്ന് അദ്ദേഹം സമർഥിക്കുന്നത്. ഇടം, സ്ഥലം, പ്രദേശം എന്നിവയെ മനസ്സിലാക്കേണ്ടത് ഒരു സാമൂഹിക നിർമിതിയായിട്ടാണ്. ഒരോ പ്രത്യേക സമൂഹത്തിന്റെയും സാംസ്കാരിക,രാഷ്ട്രീയ ശക്തിയോടു ചേർന്നുകൊണ്ടാണ് ഇടം നിർമിക്കപ്പെടുന്നത്. ഉദാഹരണത്തിന്, ഇൻഡ്യയിലെ കോളനിവൽകൃത സമൂഹം അവരുടേതായ ചില ഹിൽ സ്റ്റേഷനുകൾ/പട്ടണങ്ങൾ ഉണ്ടാക്കിയിരുന്നു. അതുവഴി അവർക്കു ലഭ്യമായത് ആംഗലേയ സാമൂഹികതയാൽ തീർത്ത അടച്ച ഇടമായിരുന്നു (Anglicised social enclave). എന്താണ് സാമൂഹികത/സാമൂഹിക ഇടം എന്ന ചോദ്യവുമായി ബന്ധപ്പെട്ട് പല സാമൂഹിക/നരവംശ/രാഷ്ട്രീയ ചിന്തകന്മാരുടെ ആലോചനകളിൽ നിന്ന് മനസ്സിലാക്കേണ്ടത്, ഭൂ(geo)- പ്രദേശവും(region), ഭരണ നിയമങ്ങൾ, ചെറുതും വലുതുമായ ഭാഷകൾ, ജാതികൾ, മതങ്ങൾ, എല്ലാമടങ്ങിയ പ്രവർത്തന വലയങ്ങളുമാണ് സാമൂഹികതയും (social) അത് നിർമിക്കുന്ന ഇടവും (space) ഉൽപ്പാദിപ്പിക്കുന്നത് എന്നാണ്. ഇൻഡ്യൻ ദേശസങ്കൽപ്പത്തിനും സംസ്ഥാനങ്ങൾക്ക് ഭാഷസ്വത്വം രൂപപ്പെടുന്നതിനും മുൻപ്, കേരളം, കർണാടക, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ/പ്രാദേശിക/സാമൂഹിക ഇടങ്ങൾ അവയുടെ ഭൂ-സവിശേഷതകൊണ്ട് നിർണയിക്കപ്പെട്ടിരുന്നു. അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിൽ കാണപ്പെടുന്ന, വടക്കോട്ടും തെക്കോട്ടും പടിഞ്ഞാറോട്ടുമായിരുന്നു (കടൽ മാർഗേണ) ഈ നാടുകളുടെ ചലനമാർഗം (mobility). ഇത് ഇൻഡ്യൻ മഹാസമുദ്രത്തിന്റെ തീരനാടുകളിൽ ട്രാൻസ്-റീജിയണൽ ബന്ധം സ്ഥാപിച്ചു. മത/കച്ചവട പ്രവർത്തനങ്ങളുടെ വലയമായിരുന്നു പ്രധാനമായും ഈ ചലനക്ഷമതയുടെ കാതൽ. പൂർവാധുനിക കാലത്ത്, അന്നത്തെ നാടുകളുടെ (ഉപരിസൂചിത സംസ്ഥാനങ്ങളുടെ) മുഖം (തുറമുഖം) തിരിഞ്ഞിരുന്നത് പടിഞ്ഞാറോട്ടായിരുന്നു. അതായത്, ഇൻഡ്യൻ മഹാസമുദ്രത്തിലേക്ക്. അന്ന്, ഇൻഡ്യൻ മഹാസമുദ്രത്തിലൂടെ രൂപംകൊണ്ട മലബാർ കോസ്മോപൊളിറ്റനിസത്തെക്കുറിച്ച് പ്രശസ്‌ത ചരിത്രകാരൻ മഹ്മൂദ് കൂരിയ എഡിറ്റു ചെയ്ത ‘മലബാർ ഇൻ ദ ഇൻഡ്യൻ ഓഷ്യൻ, കോസ്മോപൊളിറ്റനിസം ഇൻ എ മാരിടൈം ഹിസ്റ്റോറിക്കൽ റീജിയൻ’ എന്ന പുസ്തകത്തിൽ പ്രസ്താവിക്കുന്നതായി കാണാം. ഈ പടിഞ്ഞാറൻ നോട്ടം ഇല്ലാതാവുന്നത് ആധുനിക കൊളോണിയൽ ശക്തികളുടെ വരവോടെയും ദേശ-രാഷ്ട്രത്തിന്റെ സ്ഥാപനാനന്തരവുമാണ്.
ജൈവികമായി (ജൈവികത എന്ന പ്രയോഗം കൊണ്ടുദ്ദേശിക്കുന്നത് ആധുനിക രാഷ്ട്രീയതയുമായി ബന്ധപ്പെട്ടതല്ലാത്ത) നിലനിന്നിരുന്ന കടലിടപാടുകൾ രൂപപ്പെടുത്തിയതും അല്ലാത്തതുമായ തെക്ക്-വടക്ക് സാമൂഹിക ഇടങ്ങൾക്കും ഇടപാടുകൾക്കും, ആധുനിക കൊളോണിവൽക്കരണത്തിനും ദേശീയവൽകരണത്തിനും അവയുടെ അധീശ പദ്ധതികൾക്കും വഴിമാറിക്കൊടുക്കേണ്ടി വന്നു. ഈ സ്ഥാന/ഇട ചലനം, പടിഞ്ഞാറു നിന്ന് വടക്കോട്ട് സവിശേഷമായി, ഇൻഡ്യൻ ദേശീയതയുടെ ചരിത്രരചനയിലും സമൂഹിക, രാഷ്ട്രീയ ആലോചനകളിലും, കാസർകോടിന്റെയും മലബാറിന്റെയും പ്രദേശ-ഇട ഭാവനകളുടെ അതിർത്തി നിശ്ചയിച്ചു.
ആധുനിക രാഷ്ട്ര സംവിധാനങ്ങൾ ഒരു നാടിന്റെ സമൂഹികതയും അതിന്റെ ഇടങ്ങളും എങ്ങെനെയായിരിക്കണമെന്നു നിശ്ചയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ, അതിന്റെ അസ്തിത്വം നിലനിർത്തുന്ന സാമുഹിക-ഇട സങ്കൽപ്പങ്ങളോട് ചേരാത്തവരെ/വിലങ്ങായി നിൽക്കുന്നവരെ മാറ്റി നിർത്തുകയും അധിക്ഷേപിക്കുകയും പുറന്തള്ളുകയും (മറന്നു കളയുകയും) ചെയ്യുന്നു.
ഭാഷ/ജാതി/മത/പ്രദേശ അവസ്ഥകളാൽ സങ്കീർണമായതും തെക്കോട്ട് അടുക്കാത്തതുമായ കാസർകോടിന്റെ സാമൂഹികഘടനയും, അത് തീർത്ത ഇടവും, കേരളസംസ്ഥാനത്തിന്റെ (മലയാളിപരതയുടെ) മത/ജാതി/സാമൂഹിക ഇടത്തിന് അന്യമായിരുന്നു. മാത്രവുമല്ല, തെക്ക് കേന്ദ്രീകരിച്ചു വന്ന കേരളഭരണം, മലയാള നാടുകളുടെ വടക്കോട്ടുള്ള ചലനക്ഷമതയിൽ നിന്നും മാറി തെക്കിലേക്കു മാത്രമായി കേന്ദ്രീകരിക്കപ്പെട്ടു. അതുകൊണ്ടു തന്നെ, മലയാള നാടിനോടുള്ള ‘ഇട’പെടൽ (spatial relation) അസാധ്യമാവുകയും കാസർകോട് ജില്ലാപ്രദേശം കർണാടകയുടെയും കേരളത്തിന്റെയും ‘ഇട’യിൽ (liminal space/space of ambiguity) പെട്ടു പോവുകയും ചെയ്തു. Liminal space/space of ambiguity എന്നത്, ആധുനിക ഭാഷാ-സാമൂഹിക ഭരണ ഇടമുള്ള രണ്ട് സംസ്ഥാനങ്ങൾക്കിടയിലുള്ള, സാമൂഹികവും രാഷ്ട്രീയപരവുമായി കർണാടകയോടോ കേരളത്തോടോ ചേരാത്ത/ചേർന്ന (ambiguity/uncertainity) നിലയിൽ തുടരുന്ന ഇടമാണ്. ഡേവിഡ് സിബ്ളിയുടെ വാക്കുകളിൽ പറഞ്ഞാൽ അധമ ഇടമാണ് (zone of abjection). അതുകൊണ്ടു തന്നെ, വേർപിരിയൽ അനിവാര്യമെന്ന് തോന്നുന്ന വ്യക്തികൾക്ക്/സമൂഹങ്ങൾക്ക് ഈ സ്ഥിതിഭേദ ഇടങ്ങൾ (liminal space) ആശ്ചര്യരൂപകമാവും (source of anxiety).
കേരളത്തിൽ, തെറ്റു ചെയ്യുന്ന ഉദ്യോഗസ്ഥരെ കാസർകോട്ടേക്ക് അയക്കുന്നതിനും (പണിഷ്മെന്റ് ട്രാൻസ്ഫർ) നിയമം നോക്കി നടപടിയെടുക്കുന്ന ഉദ്യോഗസ്ഥനെ കാസർകോട്ടേക്ക് അയക്കുമെന്നു ഭീഷണിപ്പെടുത്തുന്നതിനും ഒരുപോലെ കാസർകോട് യോഗ്യമാവുന്നത് (ശിക്ഷാ-പ്രദേശമായി മാറുന്നത്), സാമൂഹിക ഇടത്വം (socio-spatiality) മലയാളിക്ക് അന്യമായതിനാലാണ്. ഈ പരിതസ്ഥിതിയിലാണ് പണിഷ്മെന്റ് ട്രാൻസ്ഫർ മലയാളിക്ക് ‘ഇട’ങ്ങേറുണ്ടാക്കുന്നത്! ഇടങ്ങേർ’ എന്ന പദം ഇവിടെ പ്രയോഗിച്ചത് ‘ഇടവുമായി’ ബന്ധപ്പെട്ട ഒരു പ്രശ്നത്തെ പ്രകാശിപ്പിക്കാനാണ് (the displacement from intimate space to an alien space engenders irritation to Malayali). പല ട്രെയിൻ സർവീസുകളുടേയും പരിധി മലയാളനാടു വരെ (കണ്ണൂർ വരെ) ആകുന്നതും, വികസനവും ആധുനിക യാത്രാസംവിധാനങ്ങളും അത് തീർക്കുന്ന സ്ഥലചലനങ്ങളും (spatial flow), അത് സംരക്ഷിക്കുന്ന മലയാളിയുടെ സ്ഥലശുദ്ധിയുയുമെല്ലാം (spatial purity) ഈ പശ്ചാത്തലത്തിൽ സവിശേഷമായി പുനരാലോചിക്കപ്പെടേണ്ടതാണ്.
എന്നാൽ ചരിത്രപരമായി കാസർകോടിന് സംസ്ഥാന അതിർത്തികളെ അതിലംഘിച്ചുകൊണ്ട് നിലനിൽക്കുന്ന, മംഗലാപുരവുമായുള്ള സാമൂഹിക/രാഷ്ട്രീയ/മത/ജാതീയ/സൗകര്യ-ഇട ബന്ധം (അ)നിയന്ത്രിതമായി തുടരാൻ സാധിക്കുകയും ചെയ്തു. ചലനക്ഷമത പ്രധാനമായും അവിടങ്ങളിലെ മതപരതയും കച്ചവടവും കാരണമായിരുന്നു. മലയാളനാടും കന്നഡനാടും ആധുനിക ഭാഷാ-രാഷ്ട്രമായി മാറി.
രാഷ്ട്രവും ഭാഷയും, പ്രദേശങ്ങളേയും സാമൂഹിക ഇടപാടുബന്ധത്തേയും സർക്കാർ സംവിധാനത്തിൽ നിയന്ത്രിച്ചു കൊണ്ടിരിക്കുകയും ചെയ്തു. ന്യൂനപക്ഷ ഭാഷകളുമായി ബന്ധപ്പെട്ട് കേരളം കാസർകോടിനെ ഭാഷാ-ന്യൂനപക്ഷ ജില്ലായായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ മത-കച്ചവട ചലനക്ഷമതയിൽ കാസർകോട് ജില്ലയേയും മംഗലാപുരത്തേയും സാമൂഹികമായി (ഭാഷ സാമൂഹികത്വം കൊണ്ടോ ദേശ- രാഷ്ട്രീയ സാമൂഹികത കൊണ്ടോ) പൂർണമായും നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്തു. അന്തർദേശീയ ചലനക്ഷമതയുടെ പ്രകൃതിയിൽ മാറ്റം (കടൽ മാറി വിമാന മാർഗ്ഗമായി) വന്നെങ്കിലും, കച്ചവട-മത ബന്ധങ്ങൾ ആഗോളവൽക്കരണത്തിലൂടെ ത്വരിതപ്പെടുകയാണുണ്ടായത്.
ഗ്രാമീണ കാസർകോട്ടുകാർ പരമ്പരാഗത കാർഷിക വൃത്തിയിൽ (നെല്ല്, തേങ്ങ, റബ്ബർ, അടക്ക, കാപ്പി, കുരുമുളക്) ഏർപ്പെടുന്നവരാണ്. സാമ്പത്തിക പുരോഗതിയും വളർച്ചയും, ജാതി-മത (അ)ക്രമങ്ങളുടെ ഗതിക്കനുസരിച്ചായിരുന്നു വളർന്നിരുന്നത്. എന്നാൽ, ബ്രാഹ്മണിക ജാതി-സാമ്പത്തിക ക്രമങ്ങളെ ഭേദിച്ചുകൊണ്ട് മുസ്‌ലിംകൾ മംഗലാപുരത്തും ബോംബെയിലും ഗൾഫ് രാജ്യങ്ങളിലും ജോലിയും കച്ചവടവും ചെയ്ത് സാമ്പത്തികമായി വളർന്നു. അതോടൊപ്പം, മുസ്‌ലിം ലീഗിന് ശക്തിയുള്ള പ്രദേശമായതു കൊണ്ടും കാസർകോട്ടെ മുസ്‌ലിംകൾക്ക് ‘മുഖ്യധാരയിൽ’ (അന്നാട്ടിലും പുറംനാടുകളിലും) ദൃശ്യത ലഭിക്കുകയും ചെയ്തു. ഈ വളർച്ച പല പരമ്പരാഗത സാമൂഹിക-ഇട ഘടനകളെയും അസ്ഥിരതമാക്കുകയും അസ്വസ്ഥപെടുത്തുകയും ചെയ്തു. ഇത്തരത്തിലുള്ള മാറ്റം, കേരളത്തിലും കാസർകോടും, അധീശ സംസ്കാരങ്ങളിലൂടെയും രാഷ്ട്രീയ വ്യവഹാരങ്ങളിലൂടെയും മുസ്‌ലിം സ്വത്വവുമായി ബന്ധപ്പെട്ട ചില വാർപ്പുമാതൃകകളും സംശയ സമവാക്യങ്ങളും നിർമിക്കപ്പെടുന്നതിനു കാരണമായി. കാസർകോട് ഇച്ഛ എന്നാൽ പുത്തൻപണക്കാരൻ, വർഗീയവാദി, ഐസിസ് തീവ്രവാദി, ആഡംബര ജീവിതം, വ്യാജ പാസ്സ്പോർട്ട്, കള്ളക്കടത്തുകാരൻ എന്നിങ്ങനെ പോവുന്നു ഈ വാർപ്പു മാതൃകകൾ. കാസർക്കോട്ടുകാരനെ, പൊതുവായി മുസ്‌ലിംകളെ, അ(നാ)വശ്യ സംശയമെന്നോണം ഭീതി ഉൽപ്പാദിപ്പിച്ച്, ഉന്തിയ നോട്ടങ്ങളാൽ മാത്രമേ ദേശരാഷ്ട്ര വാതിലുകളിലൂടെ പുറത്തേക്കും അകത്തേക്കും കടത്തിവിടുകയുള്ളൂ. മംഗലാപുരത്തെ വിമാനതാവളത്തിലിറങ്ങുന്ന മുസ്‌ലിം യാത്രികന്റെ അനുഭവ വിവരണങ്ങൾ (അന്യായമായ തടഞ്ഞു വെക്കൽ, സാധനങ്ങൾ/മാനം/പണം നഷ്ട്ടം) ചോദിച്ചറിയാവുന്നതാണ്.
ഒരുപാട് പ്രാദേശിക മാധ്യമങ്ങൾ നിറഞ്ഞ നാട് കൂടിയാണ് കാസർകോട്. മുഖ്യധാരാ മലയാളി മാധ്യമങ്ങളുടെ (അ)ദൃശ്യമാക്കലാണ് ഇതിനു കാരണം. ഇന്ന് കാസർകോടിനു ലഭിക്കുന്ന ദൃശ്യത ‘മലയാളി ഇടത്തിനും’ വംശത്തിനും ഭീഷണി ആയേക്കാവുന്ന കോവിഡ്19 വൈറസിന്റെ സാന്നിധ്യം മാത്രമാണോ എന്നു സംശയിക്കുന്നവരെ കുറ്റം പറയാൻ നിവൃത്തിയില്ല. കോവിഡ്19ൻ്റെ ‘പ്രത്യേക സാഹചര്യത്തിൽ’ കർണാടക സർക്കാർ വഴികളടച്ചതും കേരള സർക്കാർ കാസർക്കോട്ടേക്കുള്ള വികസന വഴികൾ ഇതുവരെ തുറക്കാഞ്ഞതും (ഇപ്പോൾ കണ്ണ് തുറക്കുന്നതും), കാസർക്കോ’വി’ഡ് എന്ന് വാർത്തകളിൽ തലക്കെട്ടെഴുതിയതും, കാസർകോട്ടെ ഗൾഫുകാരന്റെ വരവും ഇറങ്ങിനടത്തവും ആരോപിക്കപ്പെടുന്ന കള്ളക്കടത്തുമെല്ലാം മനസിലാക്കേണ്ടത് മേൽപറഞ്ഞ സാമൂഹികവും സാംസ്കാരികവും അതിലുപരി ചരിത്രപരമായ ഇത്തരം പശ്ചാത്തലങ്ങളിൽ കൂടിയാണ്. വികസന അവകാശങ്ങൾ ക്രിയാത്മകമായി രേഖപ്പെടുത്താനും സാമൂഹിക, രാഷ്ട്രീയ ഇടപെടൽ നടത്തി അവ നേടിയെടുക്കാനുള്ള ഒരിടമായി ‘കാസർകോടിനൊരിടം’ എന്ന ഫേസ്ബുക്ക് പേജ് സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്.