പോപുലർ ഫ്രണ്ട് നിരോധനം: പി.യു.സി.എല്ലിന്റെ പ്രസ്താവന
പോപുലർ ഫ്രണ്ട് ഓഫ് ഇൻഡ്യക്കും അതിന്റെ അനുബന്ധ സംഘടനകൾക്കും എതിരെ ‘ഓപ്പറേഷൻ ഒക്ടോപസ്’ എന്ന പേരിൽ ആരംഭിച്ചിട്ടുള്ള നടപടികൾ ജനാധിപത്യത്തിന്റെയും, ആവിഷ്കാര-സംഘടനാ സ്വാതന്ത്ര്യം എന്നീ ഭരണഘടനാപരമായ അവകാശങ്ങളുടെയും നേരെയുള്ള ആക്രമണമാണ്. സി.ആർ.പി.എഫ്, ആഭ്യന്തര മന്ത്രാലയം, എ.ടി.എസ്, എൻ.ഐ.എ, ഇ.ഡി, റോ, സ്റ്റേറ്റ് പോലീസ്, മറ്റ് ഏജൻസികൾ എന്നിവ ചേർന്ന് നടത്തിയ സ്വേച്ഛാപരമായ അറസ്റ്റുകളെയും റെയ്ഡുകളെയും അപലപിച്ചുകൊണ്ടുള്ള പി.യു.സി.എല്ലിന്റെ പ്രസ്താവന.
പോപുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ (പിഎഫ്‌ഐ)ക്കും അതിന്റെ അനുബന്ധ സംഘടനകൾക്കും എതിരെ ‘ഓപ്പറേഷൻ ഒക്ടോപസ്’ എന്ന പേരിൽ ആരംഭിച്ചിട്ടുള്ള നടപടികൾ ജനാധിപത്യത്തിന്റെയും, ആവിഷ്കാര-സംഘടനാ സ്വാതന്ത്ര്യം എന്നീ ഭരണഘടനാപരമായ അവകാശങ്ങളുടെയും നേരെയുള്ള ആക്രമണമായതിനാൽ പി.യു.സി.എൽ ഈ വിഷയത്തിൽ അതിയായ ഉത്കണ്ഠ രേഖപ്പെടുത്തുന്നു. സി.ആർ.പി.എഫ്, ആഭ്യന്തര മന്ത്രാലയം, എ.ടി.എസ് , എൻ.ഐ.എ, ഇ.ഡി, റോ, സ്റ്റേറ്റ് പോലീസ്, മറ്റ് ഏജൻസികൾ എന്നിവ പതിനാറിലേറെ സംസ്ഥാനങ്ങളിലെ നൂറുകണക്കിന് പ്രദേശങ്ങളിൽ വ്യാപകമായി നടത്തിയ സംയുക്ത നീക്കങ്ങളിൽ ഇതിനോടകം 300ലധികം അറസ്റ്റുകളും, പ്രവർത്തകരുടെ വീടുകളിലും ഓഫീസുകളിലും രണ്ടു ഘട്ടങ്ങളായി റെയ്ഡുകളും നടന്നു. ഭരണകൂടത്തിന്റെ അധികാരവും കരുത്തും മാധ്യമങ്ങളുടെ സഹായത്തോടെ ഒരു കെട്ടുകാഴ്ചപോലെ ജനങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കാൻ നടത്തിയ റെയ്ഡുകൾ, മുസ്‌ലിം സമുദായത്തെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കുകയും കൂടുതൽ ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. നിയമവാഴ്ചയിലധിഷ്ഠിതമായ ഒരു ഭരണഘടനാ ജനാധിപത്യത്തിന് അതൊരിക്കലും ഭൂഷണമല്ല.
ഫെഡറലിസത്തെ അട്ടിമറിക്കുന്നു
കേന്ദ്ര ഏജൻസികൾ ഈ റെയ്ഡുകളും അറസ്റ്റുകളും നടത്തിയ രീതി തന്നെ ഫെഡറലിസവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നത് പ്രാഥമികമായും ശ്രദ്ധിക്കേണ്ടതാണ്. തമിഴ്നാട്, രാജസ്ഥാൻ തുടങ്ങിയ ബി.ജെ.പിയിതര സംസ്ഥാനങ്ങളിൽ ലോക്കൽ പോലീസിനെ ഓപ്പറേഷനിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. യഥാർഥത്തിൽ, റെയ്ഡും അറസ്റ്റും സംബന്ധിച്ച് തമിഴ്‌നാട് പോലീസ് അവസാനം വരെ ഇരുട്ടിൽ തപ്പുകയായിരുന്നു. ക്രമസമാധാന പാലനം സംസ്ഥാന വിഷയമായിട്ടും കേന്ദ്ര സർക്കാർ ഏകപക്ഷീയമായി എൻ.ഐ.എയെ ഉപയോഗിച്ചതിലൂടെ, സംസ്ഥാന സർക്കാരിന്റെ ഫെഡറൽ അധികാരങ്ങൾ ചവിട്ടി മെതിക്കുകയും ഭരണഘടനയെ തുരങ്കം വെക്കുകയുമാണ് ചെയ്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെപ്റ്റംബർ 27ന് പി.എഫ്.ഐയും അതിന്റെ അനുബന്ധ സംഘടനകളായ റീഹാബ് ഇൻഡ്യ ഫൗണ്ടേഷൻ (ആർ.ഐ.എഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇൻഡ്യ (സി.എഫ്.ഐ), ഓൾ ഇൻഡ്യ ഇമാംസ് കൗൺസിൽ (എ.ഐ.ഐ.സി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻ.സി.എച്ച് ആർ.ഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇൻഡ്യ ഫൗണ്ടേഷൻ, റീഹാബ് ഫൗണ്ടേഷൻ കേരള എന്നിവയെ “നിയമവിരുദ്ധമായ സംഘടനയായി” കണക്കാക്കി നിരോധിച്ചത് 1967ലെ യു.എ.പി.എ ആക്ടിലെ വകുപ്പുകൾ നൽകുന്ന അധികാരം ഉപയോഗിച്ചു കൊണ്ടായിരുന്നു.
പി.എഫ്.ഐ നിരോധനത്തിനു വേദിയൊരുക്കൽ: ഇൻഡ്യൻ ഭരണകൂടം അതിന്റെ കരുത്ത് പ്രദർശിപ്പിക്കുന്നു
കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെപ്റ്റംബർ 22നും 27നും ഇടയിൽ 16 സംസ്ഥാനങ്ങളിലെ നൂറിലേറെ സ്ഥലത്ത് റെയ്ഡുകൾ സംഘടിപ്പിച്ചു. ആദ്യ ദിവസത്തിൽ അറസ്റ്റിലായത് 106 പേർ ആയിരുന്നു. “ഓപ്പറേഷൻ ഒക്ടോപസ്” എന്ന് പേരിട്ട ഈ ഓപ്പറേഷന്റെ രണ്ടാം ഘട്ടം അരങ്ങേറിയത് മിക്കവാറും ബി.ജെ.പി ഭരിക്കുന്ന 8 സംസ്ഥാനങ്ങളിൽ ആയിരുന്നു. സ്റ്റേറ്റ് പോലീസ് സേനകളാണ് അത് നടത്തിയത്. ഔദ്യോഗികമായി വെളിപ്പെടുത്തിയതു പ്രകാരം ആകെ 170ലധികം പ്രവർത്തകരാണ് അറസ്റ്റിലായത്. എന്നാൽ, മുപ്പതിലേറെ അറസ്റ്റുകൾ ഡൽഹിയിൽ മാത്രം നടന്നിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് 300 മുതൽ 400 വരെ പ്രവർത്തകർ ഇതിനകം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നു മാത്രമല്ല, പി.എഫ്.ഐയുടെയും എസ്.ഡി.പി.ഐയുടെയും അഖിലേന്ത്യാ നേതൃത്വത്തിലും സംസ്ഥാന നേതൃത്വങ്ങളിലുമുള്ള മിക്കവാറും മുഴുവൻ നേതാക്കളെയും അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. അവരിൽ സർവകലാശാലാ അധ്യാപകരും, പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരും, സമുദായ തലത്തിൽ സംഘാടകരായി പ്രവർത്തിച്ചു വരുന്നവരുമായ ഏറെപ്പേർ ഉൾപ്പെടുന്നു.
എൻ.ഐ.എ അതിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സെപ്റ്റംബർ 22ആം തിയതിയിലെ ഒരു പത്രക്കുറിപ്പ് പറയുന്നതിങ്ങനെയാണ്: “പി.എഫ്.ഐ നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലും ഓഫീസുകളിലും റെയ്ഡുകളും തെരച്ചിലുകളും നടത്തിയത് 5 കേസുകളുമായി ബന്ധപ്പെട്ടാണ്. എൻ.ഐ.എ രജിസ്റ്റർ ചെയ്ത RC 14/2022/NIA/DLI, RC 41/2022/NIA/DLI , RC 42/2022/NIA/DLI, RC 2/2022/NIA/KOC, RC 3/2022/NIA/HYD എന്നീ നമ്പറുകളുള്ള കേസുകൾ അന്വേഷിക്കുന്നതിനിടെ ലഭിച്ച വിവരങ്ങളും തെളിവുകളും പ്രകാരം പി.എഫ്.ഐ നേതാക്കൾക്കും പ്രവർത്തകർക്കും ഭീകരവാദത്തെയും ഭീകര പ്രവർത്തനങ്ങളെയും ഫണ്ട് നൽകി സഹായിക്കൽ, പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ, നിരോധിത സംഘടനകളിൽ പ്രവർത്തിക്കാൻ പ്രേരണ ഉണ്ടാക്കൽ എന്നീ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ട്; RC 3/2022/NIA/HYD എന്ന കേസ്, മുൻപ് എഫ്.ഐ.ആർ നമ്പർ 141/2022 ആയി തെലങ്കാനയിലെ നിസാമാബാദ് പോലീസ് സ്റ്റേഷനിൽ 04/07/2022 ന് 25 പി.എഫ്.ഐ കേഡർമാർക്കെതിരെ എടുത്ത കേസ് ആണ്”
റെയ്ഡുകൾ: മുസ്‌ലിം സമുദായത്തെ ഭീതിയിൽ നിർത്താനുള്ള മാർഗം
ഇന്ത്യയിലുടനീളം നടന്നു കൊണ്ടിരിക്കുന്ന റെയ്ഡുകളിൽ കണ്ടത് പി.എഫ്.ഐയോടുള്ള ഭരണകൂട പ്രതികരണത്തിന്റെ അനുപാതരഹിതമായ സ്വഭാവമാണ്. സായുധരായ സി.ആർ.പി.എഫുകാരെക്കൊണ്ട് നിറച്ച ബസ്സുകൾ മിക്കവാറും രാത്രി വൈകിയ വേളയിൽ മുസ്‌ലിം ഭൂരിപക്ഷമുള്ള പാർപ്പിട പ്രദേശങ്ങളിൽ എത്തുന്നു. റെയ്ഡ് നടക്കാനിരിക്കുന്ന തെരുവുകളിലേക്കുള്ള പ്രവേശനം അടച്ചുകൊണ്ട് ഉപരോധം ഏർപ്പെടുത്തുന്നു. പ്രദേശവാസികൾ അനേകം മണിക്കൂറുകളോളം ഉപരോധത്തിലായിരുന്നു. ആയുധങ്ങളും സെക്യൂരിറ്റി സാമഗ്രികളും പ്രദർശിപ്പിച്ച് മുസ്‌ലിം സമൂഹത്തെ മുഴുവൻ ഭയപ്പെടുത്തുക എന്ന ലക്ഷ്യം വ്യക്തമായിരുന്നു. ഡൽഹിയിലെ ജാമിഅ നഗറിൽ 2022 നവംബർ പകുതി വരെ നിരോധനാജ്ഞ പ്രാബല്യത്തിൽ വന്നതു പോലെ, ചില പ്രദേശങ്ങളിൽ പോലീസ് 144 പ്രഖ്യാപിച്ചു. ഇത് ഫലത്തിൽ, പ്രതിഷേധങ്ങളും മറ്റ് ജനാധിപത്യപരമായ അഭിപ്രായ പ്രകടനങ്ങളും ഉണ്ടാവില്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ്.
എഫ്.ഐ.ആറുകൾ നേരത്തെ നിലവിലുണ്ടെന്ന അവകാശവാദം വസ്തുതകൾക്കു നിരക്കുന്നതല്ല. ബിഹാറിലെ പി.എഫ്.ഐ ആയുധ പരിശീലനക്കേസ്സ് 2022 ജൂലൈയിൽ ബിഹാർ പോലീസ് 26 മുസ്‌ലിംകളുടെ പേരുകൾ ചേർത്ത് രണ്ട് എഫ്.ഐ.ആറുകളിലയി കേസുകൾ എടുത്തിരുന്നു. ബിഹാറിലെ ഫുൽവാരി ഷെരീഫ് എന്ന സ്ഥലത്ത് ഐ.പി.സി പ്രകാരം “ദേശദ്രോഹപരവും ഭീകര പ്രവർത്തനങ്ങളിൽ പെടുന്നതുമായ” കൃത്യങ്ങളാണ് അവയുടെ ഉള്ളടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പട്ന സന്ദർശനത്തിന് തൊട്ട് മുൻപായിരുന്നു അറസ്റ്റുകൾ നടന്നത്. ഇപ്പോൾ കേസുകൾ എൻ.ഐ.എയുടെ പക്കലാണ്. എഫ്.ഐ.ആറുകളിൽ ഒന്നിൽ പറയുന്നത് പോപുലർ ഫ്രണ്ട് ഓഫ് ഇൻഡ്യയിലെ അംഗങ്ങളായ പ്രതികൾ “കായികാഭ്യാസ പരിശീലനത്തിന്റെ മറവിൽ ആയുധ പരിശീലനം” നടത്തിയെന്നാണ്. മറ്റൊരു എഫ്.ഐ.ആറിൽ “മാനസിക രോഗിയായ” ഒരു മുസ്‌ലിം ചെറുപ്പക്കാരൻ” ഇൻഡ്യാവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഒരു വാട്സാപ്പ് ഗ്രൂപ്പ്” നടത്തുന്നതായി ആരോപിക്കപ്പെടുന്നു. ഇൻഡ്യയെ 2047ഓടെ ഒരു ഇസ്‌ലാമിക രാജ്യമാക്കുമെന്ന് പറയുന്ന ഒരു രേഖയും പി.എഫ്.ഐ വിരുദ്ധ റെയ്ഡിന്നിടയിൽ പിടിച്ചെടുത്തതായി പറയുന്നുണ്ട്.
മേൽപ്പറഞ്ഞ സംഭവത്തെക്കുറിച്ച് ബീഹാർ പി.യു.സി.എൽ ഘടകം നടത്തിയ ഒരു വസ്തുതാന്വേഷണത്തിൽ വെളിപ്പെട്ടത് പട്നയിലെ ഫുൽവാരി ഷെരീഫ് പ്രദേശത്ത് അത്തരത്തിൽ ഒരു ആയുധ പരിശീലനമോ, ഭീകര പ്രവർത്തനമോ, യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കലോ നടന്നതിന് പ്രഥമദൃഷ്ട്യാ യാതൊരു തെളിവുമില്ലാതെയാണ് പോലീസ് കേസുകൾ എടുത്തത് എന്നാണ്. ഫുൽവാരി ഷെരീഫ് നിവാസികളായ മുസ്‌ലിംകളെ യാതൊരു അടിസ്ഥാനവുമില്ലാതെ മാധ്യമങ്ങൾ തീവ്രവാദികളായും ദേശദ്രോഹികളായും ചിത്രീകരിക്കുന്നതിനെ പ്രസ്തുത വസ്തുതാന്വേഷണ റിപ്പോർട്ട് അപലപിച്ചു. ഉദാഹരണത്തിന് ‘ദൈനിക് ഭാസ്‌കർ’ എന്ന ഹിന്ദി ദിനപത്രം ഫുൽവാരി ഷെരീഫ് എന്ന പ്രദേശത്തെ തന്നെ “ഭീകരവാദത്തിന്റെ വിശുദ്ധ പൂന്തോട്ടം” എന്ന് ആവർത്തിച്ച് വിശേഷിപ്പിക്കുകയുണ്ടായി. ബിഹാർ പോലീസ് ഈ കേസ്സുകളുമായി ബന്ധപ്പെട്ട് ചുമത്തിയ ചാർജ്ജുകൾ അടിസ്ഥാനരഹിതമാണെന്ന് വസ്തുതാന്വേഷണ സംഘം വിലയിരുത്തി.
പി.എഫ്.ഐ നിരോധനം ഭരണഘടനയുടെ ലംഘനമാണെന്ന് നിരോധന വിജ്ഞാപനത്തിന്റെ സൂക്ഷ്മ പരിശോധന വ്യക്തമാക്കുന്നു. എഫ്.ഐ.ആറുകൾ പൊലീസിന് നേരിട്ട് കേസെടുക്കാവുന്ന പ്രത്യേക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് എന്നിരിക്കെ, ഒരു വിജ്ഞാപനത്തിലൂടെ സംഘടനകളെ നിരോധിച്ച നീക്കം അനുപാതരഹിതവും കരുതിക്കൂട്ടിയുള്ളതുമാണ്. ഇൻഡ്യൻ ഭരണഘടന പ്രകാരം അനുവദനീയമായ പ്രവൃത്തികളിൽ ഏർപ്പെടുന്നതിൽ നിന്നു പോലും പി.എഫ്.ഐക്കും അതിന്റെ അനുബന്ധ സംഘടനകൾക്കും ഏർപ്പെടുത്തിയ വിലക്ക് ഭരണഘടനാ ജനാധിപത്യം നിലവിലുള്ള ഒരു വ്യവസ്ഥക്ക് ചേരാത്തതാണ്. നേരേമറിച്ച്, സംസാര സ്വാതന്ത്ര്യത്തിനും സംഘടിക്കാനുള്ള സ്വാതന്ത്ര്യങ്ങൾക്കും ബഹുസ്വരതയുടെ മാനങ്ങൾ ഉണ്ടെന്ന് അംഗീകരിക്കുമ്പോൾ, വിയോജിപ്പിന്റെ ശബ്ദങ്ങൾ ഉയർത്തുന്ന സംഘടനകൾക്ക് പോലും പ്രവർത്തിക്കാൻ കഴിയുന്നത് സ്വാഭാവികമാണ്.
പ്രസ്തുത നിരോധന ഉത്തരവിൽ പറയുന്നത് നോക്കുക: “സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിനിടയിൽ തീവ്രവാദം വളർത്തിക്കൊണ്ട് ജനാധിപത്യമെന്ന ആശയത്തെ അട്ടിമറിക്കാൻ രഹസ്യ അജണ്ടയോടെയാണ് അവർ പ്രവർത്തിക്കുന്നത്”. തീവ്രവാദ പ്രവർത്തനങ്ങളായി സങ്കൽപ്പിക്കപ്പെടുന്ന കാര്യങ്ങളെ നിയന്ത്രിക്കാൻ ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ മുൻപിലുള്ള മാർഗം സംഘടനകളെ നിരോധിക്കലല്ല. അങ്ങനെ ചെയ്യുന്നത് നമ്മൾ ഉയർത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന ഭരണഘടനാ മൂല്യങ്ങളെത്തന്നെ വഞ്ചിക്കുന്നതിനു തുല്യമാണ്. ക്രിമിനൽ പ്രവൃത്തികൾക്ക് ശിക്ഷ വേണ്ട എന്നതല്ല പി.യു.സി.എൽ നിലപാട്. നേരേമറിച്ച്, പക്ഷപാതരഹിതവും നീതിപൂർവ്വവുമായ രീതിയിലും, കരുത്തോടെയും നിയമം പ്രവർത്തികമാകുക തന്നെ വേണം എന്നതിലാണ് ഞങ്ങൾ ഊന്നുന്നത്. നീതിനിർവഹണം ശരിയായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാവണം. നിരോധന നോട്ടിഫിക്കേഷനിൽ പേരെടുത്ത് പറയുന്ന ചില വ്യക്തികൾ കൊലചെയ്യപ്പെട്ടത് പരാമർശിക്കുന്നുണ്ട്. സഞ്ജിത് (കേരളം, നവംബർ 2021), പ്രവീണ് നെട്ടാരു (കർണ്ണാടക,2022), എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ നടപടികളിലൂടെ മുന്നോട്ട് പോകേണ്ടതുണ്ട്. അതിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർ പോപുലർ ഫ്രണ്ട് പ്രവർത്തകരായാലും അല്ലെങ്കിലും തീർച്ചയായും നിയമാനുസൃതം ശിക്ഷിക്കപ്പെടണം. എന്നാൽ, ഈ കൊലപാതകങ്ങൾ നിരോധനാ വിജ്ഞാപനത്തെ സാധൂകരിക്കാൻ വേണ്ടി പ്രത്യേകമായി എടുത്തു പറയുന്ന രീതി വൈകല്യം നിറഞ്ഞതും സ്വേച്ഛാപരവുമായ ഒരു ഭരണകൂട പ്രതികരണം ആണ്.
നിരോധനത്തിന്റെ അനന്തരഫലങ്ങൾ
യു.എ.പി.എ എന്ന നിയമം പ്രത്യേക സംഘടനയിൽ അംഗമാകുന്നതിനെ ക്രിമിനൽവത്കരിക്കുന്ന ഒന്നാണ്. അതിലെ 10ആം വകുപ്പ് ഉപയോഗിച്ച് മുസ്‌ലിം സമുദായത്തിലെ സാധാരണക്കാരെ ഒരു പ്രത്യേക “സംഘടനയിൽ അംഗമായതിന്റെ” പേരിലോ, ആ സംഘടനക്കു വേണ്ടി സാമ്പത്തിക സഹായം സ്വീകരിക്കുകയോ, കൊടുക്കുകയോ ചെയ്തതിന്റെ” പേരിലോ അറസ്റ്റ് ചെയ്യാൻ കഴിയും. അലസമായ ഒരു കേവല ഭാവനയുടെ ഫലം എന്നതിലുപരിയായി, ഈ വകുപ്പിന് സിമി നിരോധനം മുതൽക്കുള്ള രണ്ട് ദാശബ്ദ കാലത്തെ മുസ്‌ലിം വേട്ടയുടെ ചരിത്രമുണ്ട്. നിരപരാധികളായ അനേകം മുസ്‌ലിം യുവാക്കളും മുസ്‌ലിം സംഘടനാ നേതാക്കളും സംഘടനാ ബന്ധത്തിന്റെ മാത്രം പേരിൽ നോട്ടപ്പുള്ളികളായും, കുറ്റം ചാർത്തപ്പെട്ടും, തുറുങ്കിലടക്കപ്പെട്ടും, ക്രിമിനൽവത്കരണത്തിന് വിധേയരായും കഴിയേണ്ടി വന്നിട്ടുണ്ട്. വളരെ ദുർബലമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അവരിൽ സിമി, ഇൻഡ്യൻ മുജാഹിദ്ദീൻ, ഐസിസ് തുടങ്ങിയ സംഘടനകളുമായി ബന്ധം ആരോപിച്ചാണ് യു.എ.പി.എ വകുപ്പുകൾ അവർക്കെതിരെ ഉപയോഗിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു രാജ്യത്തിൽ ഭരണകൂടം ദേശവിരുദ്ധമെന്നു കരുതുന്ന അഭിപ്രായങ്ങൾ വെച്ചുപുലർത്തുന്നവരെ ഒതുക്കാനുള്ള ഉപാധിയായി സംഘടനകളെ നിരോധിക്കുന്നതിന്റെ രാഷ്ട്രീയത്തെ ആശ്രയിക്കുന്നത് നീതീകരിക്കാനാവില്ല. അതിനു പകരം, മതത്തിന്റെ പേരിൽ ഒരു തരത്തിലുള്ള വിവേചനവും അനുവദിക്കാത്തതും പ്രവർത്തനക്ഷമവുമായ ഒരു ജനാധിപത്യക്രമം എന്തെന്നതിന് മാതൃക കാട്ടി “ഇൻഡ്യക്കാർക്കിടയിൽ ഐക്യം, അഖണ്ഡത, സാഹോദര്യം” എന്നീ മൂല്യങ്ങൾ സംരക്ഷിക്കപ്പെടുക എന്ന ഒരേയൊരു വഴിയേ നിലനിൽക്കൂ. ബഹുസ്വരത പുലരുന്നതും, എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു രാഷ്ട്രം എന്ന വാഗ്ദാനം ജനങ്ങൾക്ക് അനുഭവവേദ്യമാകുന്നതിനെ ആശ്രയിച്ചായിരിക്കും ഇൻഡ്യയുടെ ഐക്യം സാഫല്യത്തിലെത്തുന്നത്. നിരോധനങ്ങൾ ഒരിക്കലും ഉത്തരമല്ല.
പി.യു.സി.എൽ മുന്നോട്ടു വെക്കുന്ന ആവശ്യങ്ങൾ
1. നിരോധനം നീക്കി പി.എഫ്.ഐയുമായി സംഭാഷണം നടത്താൻ സർക്കാർ തയ്യാറാവുക.
2. അറസ്റ്റ് ചെയ്യപ്പെട്ട മുഴുവൻ ആളുകളേയും വിട്ടയക്കുക
3. പി.എഫ്.ഐയുമായോ അനുബന്ധ സംഘടനകളുമായോ ബന്ധമോ അവയിൽ അംഗത്വമോ ഉള്ളതിനെ അടിസ്ഥാനമാക്കി മുസ്‌ലിം യുവാക്കളെ അറസ്റ്റിനും ആക്രമണങ്ങൾക്കും ലക്ഷ്യമാക്കുന്ന അധികാര ദുർവിനിയോഗത്തിൽ നിന്ന് ഭരണകൂടം പിന്തിരിയുക.
4. ഭരണഘടനാ വിരുദ്ധമായ യു.എ.പി.എയും എൻ.ഐ.എ ആക്റ്റും സമ്പൂർണമായി പിൻവലിക്കുക; കേന്ദ്ര ആഭ്യന്തര വകുപ്പും എൻ.ഐ.എയും സംസ്ഥാനങ്ങളിൽ അറസ്റ്റോ, റെയ്‌ഡുകളോ നടത്തുമ്പോൾ അതത് സംസ്ഥാന സർക്കാരുമായി കൂടിയാലോചന നിർബന്ധമാക്കുന്ന വ്യവസ്ഥയോടെ ഇടക്കാല നടപടി എന്ന നിലയിൽ എൻ.ഐ.എ ആക്ട് ഭേദഗതി ചെയ്യുക.
സെപ്റ്റംബർ 29, 2022
വി.സുരേഷ്,
ജനറൽ സെക്രട്ടറി
പി.യു.സി.എൽ
മൊഴിമാറ്റം: വേണുഗോപാലൻ കെ.എം