മലയാള ഭാവനയിലെ പുറമ്പോക്കുകളും മാലിന്യങ്ങളും

ഇൻഡ്യയിലെ അധീശ സാഹിത്യങ്ങൾ, കീഴാള-ദലിത് അനുഭവങ്ങളെയും ഇടങ്ങളെയും അറപ്പുളവാക്കുന്നതായാണ് വിഭാവന ചെയ്യുന്നത്. ചരിത്രപരവും സാമൂഹികവുമായ അധികാര ബന്ധങ്ങളെയും ചൂഷണങ്ങളെയും അദൃശ്യമാക്കിക്കൊണ്ട്, തങ്ങളുടെ ഭാവനക്കും നോട്ടത്തിനുമനുസൃതമായി ദലിത്-കീഴാളരെ അപനിർമിക്കുന്ന രചനാ തന്ത്രമാണിത്. ഉണ്ണി ആറിന്റെ രചനകളെ മുൻനിർത്തിക്കൊണ്ട് മലയാള ഭാവനയിലെ കീഴാള അപനിർമിതികളെ കുറിച്ച് ഒ.കെ സന്തോഷ്‌ എഴുതുന്നു.

ഇൻഡ്യയിലെ സാമൂഹികശാസ്ത്ര പഠനങ്ങളിൽ, വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾ അനുഭവ ലോകങ്ങളെയും സിദ്ധാന്തങ്ങളെയും തമ്മിൽ യോജിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ വിഭിന്ന രീതികൾ ‘ദ് ക്രാക്ഡ് മിറർ: ആൻ ഇൻഡ്യൻ ഡിബേറ്റ് ഓൺ എക്സ്പീരിയന്‍സ് ആന്‍ഡ് തിയറി’ എന്ന പുസ്തകത്തില്‍ രാഷ്ട്രീയ ചിന്തകനായ ഗോപാല്‍ ഗുരുവും തത്വചിന്തകനായ സുന്ദർ സരൂക്കെയും വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. പ്രധാനമായും ദലിത്‌-ബഹുജൻ അനുഭവ ലോകങ്ങളെ ഇൻഡ്യൻ അക്കാദമികളിലെ വരേണ്യ സമൂഹം പ്രയോഗിക്കുന്നതിന്റെ നീതിരാഹിത്യവും, കീഴാള-ദലിത്‌ മണ്ഡലത്തില്‍ നിന്നുയരുന്ന സിദ്ധാന്തവത്കരണത്തെ അവര്‍ തന്നെ വിമര്‍ശിക്കുന്നതിനെ കുറിച്ചുമാണ് ചര്‍ച്ചചെയ്യുന്നത്. ഈ വ്യവഹാരങ്ങള്‍ സൃഷ്ടിച്ച പ്രധാനപ്പെട്ട കാര്യം സാമൂഹികശാസ്ത്ര പഠനങ്ങളിലും മാനവിക-സാഹിത്യ പഠനങ്ങളിലും മുന്‍പുള്ളതില്‍ നിന്നും വ്യത്യസ്തമായി ‘അനുഭവം’ ഒരു പ്രധാനപ്പെട്ട സംവര്‍ഗമായി (Category) മാറി എന്നതാണ്. തത്വചിന്ത, സാഹിത്യം, സാമൂഹികശാസ്ത്രം, ചരിത്രം പോലുള്ള വ്യത്യസ്ത വിജ്ഞാന മേഖലകളിലേക്ക് വികസിപ്പിക്കാവുന്ന പ്രമേയങ്ങളാണ് തങ്ങളുടെ സംവാദത്തിന്റെ അടിസ്ഥാനമെന്ന് ആമുഖത്തില്‍ ഇവർ സൂചിപ്പിക്കുന്നുണ്ട്.

ദലിത്-കീഴാള അനുഭവ മണ്ഡലങ്ങളെ ആവിഷ്കരിക്കുന്ന ഇൻഡ്യയിലെ പ്രബലമായ രീതികളെ സൂചിപ്പിക്കാനായി രചനാകര്‍തൃത്വം (Authorship), ഉടമസ്ഥത (Ownership) എന്നീ വിരുദ്ധവും എന്നാൽ, പരസ്പരം ചേര്‍ക്കാവുന്നതുമായ രണ്ടു സൂചനകൾ ഗോപാൽ ഗുരു പ്രയോഗിക്കുന്നുണ്ട്. ജീവിക്കുന്ന ചുറ്റുപാടുകളെ (Space), അനുഭവവും സാമൂഹിക നീതിയുമായി അഭേദ്യമായി ബന്ധിപ്പിച്ചു കൊണ്ടാണ് ഈ പ്രയോഗങ്ങളുടെ ആവിഷ്കാര സാധുതയും സാധ്യതയും അദ്ദേഹം ചര്‍ച്ച ചെയ്യുന്നത്. സാമൂഹികവും ചരിത്രപരവുമായി ഇക്കാര്യം വിശദീകരിക്കാൻ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ കാലത്ത് ഗാന്ധിയും അംബേഡ്കറും സ്ഥലപരമെന്ന നിലക്ക് ഇൻഡ്യയെ അഭിസംബോധന ചെയ്യാനും പരിവര്‍ത്തിപ്പിക്കാനും ശ്രമിച്ചതിന്റെ രണ്ടു രീതിശാസ്ത്രങ്ങള്‍ വിവരിക്കുന്നുണ്ട്.

ബഹുജനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഇവർ വ്യത്യസ്ത സൂചനകളാണ് രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെയും അതിനെ തുടർന്നുണ്ടാവുന്ന ഇൻഡ്യയെയും കുറിക്കുവാൻ ഉപയോഗിച്ചത്. വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കിടയിലുള്ള പരസ്പര ബന്ധത്തിലൂടെ ധാര്‍മിക സംവര്‍ഗമായി (Moral Category) ‘സേവയെ’ ഗാന്ധി മുന്നോട്ടു വെച്ചപ്പോൾ, അംബേഡ്കറാവട്ടെ ആത്മബോധത്തിലൂന്നിയ (Self Respect) ബഹിഷ്കൃത ഇൻഡ്യയിൽ നിന്നും പ്രബുദ്ധ ഇൻഡ്യയിലേക്കുള്ള പരിവര്‍ത്തനത്തെയാണ് പൊതുമണ്ഡലത്തിൽ അവതരിപ്പിച്ചത്. അതുകൊണ്ടാണ് ചരിത്രരഹിതവും മിത്തിക്കൽ സ്വഭാവവുമുള്ളതുമായ ദേശരൂപത്തെ (രാമരാജ്യം) ഗാന്ധി വിഭാവന ചെയ്തപ്പോള്‍, വിമര്‍ശനാത്മകതയും ഉല്‍പതിഷ്ണുത്വവുമുള്ള ഭൂതകാലത്തിന്റെ പിന്‍ബലത്തിൽ, പ്രബുദ്ധ ഇൻഡ്യയെന്ന പ്രതിരോധ ആശയം അംബേഡ്കർ സ്വീകരിച്ചത്. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം, ചരിത്രത്തില്‍ നിന്നും വസ്തുതകളില്‍ നിന്നും ഒന്നും സ്വീകരിക്കാതെ ‘ദേശമെന്ന’ ഇടത്തെ തിരുത്തലിന്റെയും വീണ്ടെടുപ്പിന്റെയും സ്ഥലമാക്കാനാണ് ഗാന്ധി ശ്രമിച്ചത്. അടിമുടി മാറ്റിമറിക്കേണ്ട ചലനാത്മകമായ ഇടമായി അംബേഡ്കറും വിഭാവന ചെയ്തു.

വ്യത്യസ്തമായ നിലപാടുകൾ അവതരിപ്പിക്കുന്നതിലൂടെ ഇൻഡ്യയിലെ വിവിധ സാമൂഹിക വിഭാഗങ്ങള്‍ തങ്ങളുടെ ആശയ ലോകത്തെ ‘ഇടം’ എന്നതിനെ അടിസ്ഥാനമാക്കി അവതരിപ്പിച്ചതിനെ വിശദീകരിക്കാമെന്ന് ഗോപാൽ ഗുരു കരുതുന്നു. ഇൻഡ്യയിലെ രാഷ്ട്രീയാധികാരവും സാംസ്കാരിക അധീശത്വവുമുള്ള വിഭാഗങ്ങള്‍ കീഴാള-ദലിത് അനുഭവങ്ങളെയും അവരുടെ സ്ഥലങ്ങളെയും ആവിഷ്കരിക്കുമ്പോള്‍ മറ്റൊരു തരം ‘ബലപ്രയോഗം’ കൂടി സംഭവിക്കുന്നുണ്ട്. ഇരയെയോ പീഡിതരെയോ ആഖ്യാനം ചെയ്യുന്നതിലൂടെ- അതിന്റെ സ്വഭാവവും രീതിയുമനുസരിച്ച്- മുന്‍പുണ്ടായിരുന്ന സാമൂഹിക-രാഷ്ട്രീയ അധികാരം മറ്റൊരര്‍ഥത്തിൽ സാംസ്കാരികമായ മേധാവിത്വമായി മാറുകയാണ്.

ഇവിടെ ഉദാഹരണമായി, മുംബൈയിലെ മധ്യവര്‍ഗ-മേല്‍ജാതി വിഭാഗങ്ങൾ ചേരികളിൽ താമസിക്കുന്നവരെ മാലിന്യ വാഹകരായോ (Walking dirt), അറപ്പുളവാക്കുന്ന വസ്തുക്കളായോ കാണുന്നതിനെ എടുത്തുപറയുന്നു. കൂടാതെ ഈ വിഭാഗങ്ങളെ രണ്ടു സമീപനങ്ങളിലൂടെ മാത്രം ചിത്രീകരിക്കാനാണ് പൊതുവെ വരേണ്യ എഴുത്തുകാർ ശ്രമിക്കുന്നതെന്നും കാണാം. അതിലൊന്ന് ദലിതരെയും അവരിലെ സ്ത്രീകളെയും സമ്പത്തൊന്നും കാര്യമായില്ലെങ്കിലും ലക്ഷ്മിദേവിയായും, ജീവിതത്തിന്റെ ഏറിയ പങ്കും ഇല്ലായ്മകളില്‍ കഴിയുമ്പോഴും ആഗോളീകരണത്തിലൂടെ ദൃശ്യത കിട്ടിയ ഉപഭോക്താവായുമൊക്കെ ആഖ്യാനിക്കുന്നു. മറ്റൊരു രീതി ദാസ്യരും വിധേയരുമായി ചിത്രീകരിക്കുന്നതാണ്.

ഇവരുടെ ആവാസയിടങ്ങളെ അറപ്പും വെറുപ്പുമുണ്ടാക്കുന്നവ (Repulsive object) ആയി ചിട്ടപ്പെടുത്തുന്നതിലൂടെ, സാമൂഹിക ചലനാത്മകതയോ വൈകാരികമായ വൈവിധ്യങ്ങളോ ഇല്ലാത്ത നിശ്ചലമായ ഒന്നായി വിഭാവന ചെയ്യപ്പെടുന്നു. ഇതു ചരിത്രപരവും സാമൂഹികവുമായ അധികാര ബന്ധങ്ങളെയും ചൂഷണങ്ങളെയും അദൃശ്യമാക്കിക്കൊണ്ട്, തങ്ങളുടെ ഭാവനക്കും നോട്ടത്തിനും അനുസൃതമായി കീഴാളരെയും ദലിതരെയും അവരുടെ വിമോചന ശ്രമങ്ങളെയും നിര്‍മിക്കുന്ന രചനാ തന്ത്രമാണ്.

മലയാളത്തിലെ സാഹിത്യ ഭാവനയുടെ തുടക്കം മുതല്‍ ഈ പ്രവണത കാണാമെങ്കിലും സമീപകാലത്തു വിവാദങ്ങളും വിപണി മൂല്യവും സൃഷ്ടിച്ച ഒട്ടുമിക്ക രചനകളും പിന്തുടരുന്ന തന്ത്രവും ഭിന്നമല്ലായെന്നു സൂക്ഷ്മമായി പരിശോധിച്ചാൽ വ്യക്തമാകും. ഒരു പ്രത്യേക വിഭാഗത്തിന്റെ അനുഭവങ്ങള്‍ക്കു മേൽ രചനാകര്‍തൃത്വം (Authorship) സ്ഥാപിക്കുകയും, അവരുടെ ഉടമസ്ഥാവകാശത്തെ (Ownership) അപഹസിക്കുകയോ വക്രീകരിക്കുകയോ ആണ് സമീപകാല എഴുത്തു വ്യവഹാരമെന്ന് വാദിക്കാനാണ് തുടര്‍ന്ന്‍ ശ്രമിക്കുന്നത്. ചരിത്രത്തെ നിഗൂഢമായി കേട്ടുകേള്‍വിയിലും ജനപ്രിയബോധത്തിലും പുനരാവിഷ്കരിക്കുകയാണ് ഇതിന്റെ പ്രാഥമിക ചുവടെന്ന്‍ പറയാം. ഇങ്ങനെ സൂചിപ്പിക്കുന്നതിലൂടെ ഭാവനക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനും മേലുള്ള എഴുത്തുകാരന്റെ നിര്‍ണയാവകാശത്തെ ചോദ്യം ചെയ്യുകയല്ല, മറിച്ച് കീഴാള സമുദായങ്ങളെ മലയാളത്തിലെ പൊതുഭാവനയും സാമൂഹിക സ്വീകാര്യതയും സ്വാംശീകരിക്കുന്നതിന്റെ രീതി ഒട്ടും പ്രതീക്ഷാഭരിതവും വികസിതവുമല്ലെന്ന്‍ ചൂണ്ടിക്കാണിക്കാനാണ് ഉദേശിക്കുന്നത്.

വര്‍ത്തമാനകാല മലയാള ചെറുകഥയിലെ പ്രധാനപ്പെട്ട എഴുത്തുകാരിലൊരാളായ ഉണ്ണി ആറിന്റെ ചില രചനകളെ മുന്‍നിര്‍ത്തി തുടര്‍ന്നുള്ള അന്വേഷണത്തെ വികസിപ്പിക്കാമെന്ന് കരുതുന്നു. പ്രത്യേകിച്ചും ദലിത്‌ ജീവിതവും, അവരുടെ ആവാസവ്യവസ്ഥകളും പ്രധാന പ്രമേയമാകുന്ന ഒറ്റപ്പെട്ടവൻ, മണ്ണിര എന്നീ കഥകളും, സമീപകാലത്ത് ‘ട്രൂ കോപ്പി തിങ്ക്’ എന്ന ഓണ്‍ലൈൻ മാഗസിനിൽ വന്ന മലയാളി മെമോറിയല്‍ (2020 ജൂലൈ 26) എന്ന രചനയുമാണ് വിശകലന വിധേയമാക്കുന്നത്. ദലിതരുടെ അനുഭവ ലോകമെന്നതിലുപരി അയ്യന്‍‌കാളി, പൊയ്കയില്‍ അപ്പച്ചൻ, ഡോ. ബി.ആര്‍ അംബേഡ്കർ എന്നിവരെ ചുറ്റിപ്പറ്റി വികസിക്കുന്ന ആഖ്യാനങ്ങളെന്ന പ്രത്യേകതയും ഈ തെരെഞ്ഞെടുപ്പിനെ സ്വാധീച്ചിട്ടുണ്ട്.

ഗോപാൽ ഗുരു

എഴുത്തും ഇടപെടലുകളും

1990കളുടെ മധ്യത്തോടെ കഥയെഴുത്തു തുടങ്ങി ഇപ്പോഴും സജീവമായ സര്‍ഗാത്മക ജീവിതം തുടരുന്ന ഉണ്ണി ആര്‍. ഒരു അഭിമുഖ സംഭാഷണത്തിൽ, താന്‍ എഴുത്തുകാരന്‍ മാത്രമാണെന്നും അതിലുപരിയുള്ള എല്ലാ വിശേഷണങ്ങളെയും തള്ളിക്കളയുന്നതായും പറയുന്നുണ്ട്. എന്നാൽ എഴുത്തിലും ചലച്ചിത്ര മേഖലയിലും സജീവ സാന്നിധ്യമായ അദ്ദേഹത്തെ കേരളത്തിന്റെ ബൗദ്ധികവും നവസാമൂഹികവുമായ ഇടപെടലുകളുടെയും അഭിപ്രായ രൂപീകരണത്തിന്റെയും സ്വരമായി സീകരിക്കാനുള്ള സന്നദ്ധതയുടെ ഉദാഹരണമായിരുന്നു 2014 നവംബറില്‍ നടന്ന ചുംബന സമരത്തിനുശേഷം പുറത്തിറങ്ങിയ ‘ചുംബിക്കുന്ന മനുഷ്യർ ചുംബിക്കാത്ത മനുഷ്യർ’ എന്ന പുസ്തകം. കൂടാതെ സംഘ്പരിവാര്‍ രാഷ്ട്രീയവുമായുള്ള തന്റെ ബാല്യകാല ബന്ധത്തെ പരസ്യമായി തള്ളിപ്പറഞ്ഞു ഖേദിച്ച ഒരാളെന്ന നിലക്ക് കേരളത്തിന്റെ ‘പുരോഗമന മനസ്സ്’ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കും എഴുത്തുകള്‍ക്കും വിമര്‍ശന രഹിതമായ പിന്തുണ നല്‍കിയിട്ടുമുണ്ട്. എഴുത്തിന്റെ വൈപുല്യം കൊണ്ടും നിലപാടുകളിലെ പുരോഗമന മുഖം കൊണ്ടും തന്റെ സമകാലികരായ എഴുത്തുകാര്‍ക്ക് കിട്ടാത്ത സാമൂഹിക ദൃശ്യതയും അംഗീകാരവും ലഭിച്ച എഴുത്തുകാരനാണ്‌ ഉണ്ണി. ആർ എന്നു പറയാൻ മടിക്കേണ്ടതില്ലെന്നു സാരം.

മുന്‍പ് സൂചിപ്പിച്ച, ഗോപനുമായുള്ള അഭിമുഖ സംഭാഷണത്തില്‍, തന്റെ എഴുത്തുകളോടുള്ള വിമര്‍ശകരുടെ സമീപനങ്ങളെ അദ്ദേഹം വിലയിരുത്തുന്നത് ഇപ്രകാരമാണ്: “ആഗോളവത്കരണം തുറന്നിട്ട വാതിലിലൂടെ ലോകത്തിലേക്കു നോക്കുകയോ അല്ലെങ്കിൽ, അതു പരിമിതമായിട്ടെങ്കിലും നല്‍കിയ വിഭവങ്ങള്‍ കൊണ്ടു ജീവിക്കുകയും ചെയ്തു തുടങ്ങിയ എന്നെപ്പോലെ ഒരാളുടെ എഴുത്തിൽ ആഗോളവത്കരണാനന്തര അനുഭവങ്ങളുണ്ട്. അത് ഉത്തരാധുനികമാണെന്നു ഞാന്‍ കരുതുന്നില്ല. തിയറികളൊക്കെ അറിയുന്ന ഒരാള്‍, അങ്ങനെയല്ല അതിങ്ങനെയാണ് എന്ന് സ്ഥാപിക്കാൻ ശ്രമിച്ചാൽ എനിക്കൊന്നും പറയാനാവില്ല. കാരണം, എനിക്ക് തിയറി അറിയില്ല. എഴുതാനേ അറിയൂ”. പുതിയ സാങ്കേതിക ലോകവും നവ സാമൂഹിക സമരങ്ങളും തന്റെ ഭാവനാ ലോകത്തെയും എഴുത്തിന്റെ നിലപാടുകളുടെയും ദിശയെയും നിര്‍ണായകമായി സ്വാധീനിക്കുന്നുണ്ട് എന്നു തുറന്നുപറയാനും ഉണ്ണി. ആര്‍ മടിക്കുന്നില്ല.

ഉണ്ണി ആർ

എഴുത്തുകാരുടെ പ്രകടമായ നിലപാടുകള്‍ അവരുടെ രചനകളിൽ പ്രതിഫലിക്കണമെന്നും, അവ സാമൂഹിക യാഥാര്‍ഥ്യങ്ങളെ ആവിഷ്കരിക്കുന്നതാവണമെന്നും വിവക്ഷിതമായ അര്‍ത്ഥത്തിൽ ഇന്നാരും വാദിക്കുമെന്നു തോന്നുന്നില്ല. സാഹിത്യത്തെ സംബന്ധിച്ചുള്ള മാറിയ ധാരണകള്‍ അത്തരം പഴയ പിടിവാശികളെ തിരുത്തുന്നുമുണ്ട്. എങ്കിലും പൊതു സമ്മതിയുള്ള ഒരു കാര്യം, എഴുത്തുകാരുടെ രചനകള്‍ കണിശമായ രാഷ്ട്രീയത്തെ നിര്‍മിക്കുന്നുവെന്നതാണ്. അഥവാ, അവരങ്ങനെ ആഗ്രഹിക്കുന്നില്ലെങ്കിലും, വായനയിലെ സൂക്ഷ്മനോട്ടങ്ങളിൽ പൊരുത്തവും പൊരുത്തക്കേടുകളും തിരിച്ചറിയാനുള്ള ഒരാളുടെ സ്വാതന്ത്ര്യത്തെ തടയാനാവില്ല. ഈയര്‍ത്ഥത്തിൽ, കേരളത്തിന്റെ കഴിഞ്ഞ രണ്ടര ദശകങ്ങൾ ആഗോളീകരണത്തിന്റേതു മാത്രമായിരുന്നില്ല മറിച്ച്, കീഴാള സമൂഹങ്ങളില്‍ നിന്നും എഴുത്തിന്റെയും ജനാധിപത്യ സംവാദങ്ങളുടെയും മണ്ഡലത്തിൽ വിപുലമായ ദൃശ്യത രൂപപ്പെടുത്തിയ കാലം കൂടിയായിരുന്നു. ഒട്ടേറെ തര്‍ക്കങ്ങളെയും, അയഥാര്‍ത്ഥമായ വ്യാഖ്യാനങ്ങളെയും തിരസ്കരിച്ച്‌, നമ്മുടെ സാമൂഹിക-സാഹിത്യ ഭാവനകൾ പലതിനെയും മറച്ചുപിടിക്കുകയോ വക്രീകരിക്കുകയോ ചെയ്തുവെന്ന് പുനര്‍വായനകളിലൂടെ ബോധ്യപ്പെടുത്താനും കഴിഞ്ഞു. ഇതിന്റെയെല്ലാം തുടര്‍ച്ചയെന്ന നിലക്കാണ് ഉണ്ണി. ആറിന്റെ കഥകളെയും പരിശോധിക്കേണ്ടി വരുന്നത്.

ഇരുട്ടിലെ പുറമ്പോക്കുകളും വിസര്‍ജനവും

പുറമ്പോക്കിൽ കുടിലുകെട്ടി ജീവിക്കുന്ന പാപ്പൂട്ടന്റെയും ഭാര്യ താളിയുടെയും കഥയാണ്‌ ‘മണ്ണിര’യെന്നു പൊതുവേ പറയാമെങ്കിലും, കേരളത്തിലെ ദലിത് ഭൂസമരങ്ങളും, അധികാരികളില്‍ നിന്നും ഭൂമികിട്ടുന്ന ചരിത്രവുമൊക്കെ അദൃശ്യമായി ഇതിന്റെ ആഖ്യാനത്തെ നിയന്ത്രിക്കുന്നതായി കാണാം. പ്രക്ഷോഭങ്ങളുടെ പ്രത്യക്ഷ സൂചന കഥയിൽ നിന്ന് വായിച്ചെടുക്കാനാവില്ലെങ്കിലും, പുറമ്പോക്കിലുള്ളവര്‍ക്ക് വിവിധയിടങ്ങളില്‍ ഭൂമി പതിച്ചുകിട്ടിയ സംഭവം കഴിഞ്ഞകാലങ്ങളിൽ വിഭവാധികാരത്തിനായി കേരളത്തില്‍ നടന്ന നിരവധി സമരങ്ങളെ നമ്മുടെ ഓര്‍മയിലെത്തിക്കും. പക്ഷേ, അത്തരം സൂചനകളൊന്നും കഥയില്‍ സന്നിവേശിപ്പിക്കാതെ, അവരുടെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരവും അനുഭൂതിദായകവും ഐക്യബോധവും പ്രകടിപ്പിക്കുന്ന മല വിസര്‍ജ്ജനത്തിലാണ് കഥയുടെ ആദ്യ ഭാഗത്ത് എഴുത്തുകാരന്‍ ശ്രദ്ധയൂന്നുന്നത്. വെളിച്ചം വീഴുന്നതിനു മുന്‍പ് റബ്ബര്‍ തോട്ടത്തിൽ വിസര്‍ജിക്കുവാനായി കുന്തിച്ചിരിക്കുന്ന ദലിത്‌ സ്ത്രീകളിലും അവരുടെ കലമ്പലുകളിലും ഒരു രാഷ്ട്രീയ ജാഥയുടെ രൂപഘടനയും, താളിയെ പരിഹസിക്കുന്നതിനു മറുപടിയായി പാപ്പൂട്ടന്റെ തെറിയെ കോറസായും സങ്കല്‍പ്പിക്കുന്ന വിധത്തില്‍ ആഖ്യാനം വികസിക്കുന്നു. ഈ കഥയിൽ പുറമ്പോക്ക് നിവാസികൾ ഒന്നിക്കുന്ന ഏകസന്ദര്‍ഭം ഈ വെളുപ്പാന്‍ കാലത്തെ മലവിസര്‍ജന നേരത്തു മാത്രമാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ വെളിച്ചം വീഴുന്നതിനു മുന്‍പാണ് അതു സംഭവിക്കുന്നതും.

പാപ്പൂട്ടിയും താളിയും എണ്‍പതു കഴിഞ്ഞ വൃദ്ധരാണെങ്കിലും പ്രണയാതുരമാണ് അവരുടെ ജീവിതം. സങ്കടങ്ങളോ അസംതൃപ്തികളോ ഇല്ലെങ്കിലും, കഥാകാരൻ പറയുന്നതുപോലെ “മരിക്കുന്നതിനു മുന്‍പ് സ്വന്തമായൊരു കക്കൂസിലിരിക്കണമെന്ന ഒറ്റയാഗ്രഹം മാത്രമാണ് താളിക്കുള്ളത്”. ഈ ആഗ്രഹത്തെ ഒന്നുകൂടി ബലപ്പെടുത്തുന്ന തരത്തില്‍ ഒരു പെണ്‍കുട്ടി, താളിയോട് ഇത്ര സ്നേഹമാണെങ്കിൽ ചേച്ചിക്കൊരു കക്കൂസ് കുഴിച്ചു കൊടുത്തുകൂടെയെന്നു പാതി കളിയായും കാര്യമായും പാപ്പൂട്ടിയോട് ചോദിക്കുന്നുമുണ്ട്. വ്യക്തമായി പറഞ്ഞാൽ ഒരുതുണ്ട് ഭൂമിയെക്കാളും വീടിനെക്കാളും കക്കൂസ് ഒരു പ്രശ്നമായി അവർക്കിടയിൽ മാറുകയാണ്. എന്നാല്‍, അതിന്റെ പേരിൽ ജീവിതത്തിന്റെ ഊഷ്മളതയും ഊര്‍ജവും കളയാൻ മനസ്സില്ലാതെ, സ്വന്തമായി കക്കൂസ് ഉണ്ടായാല്‍ നമ്മളുടെ ഒന്നിച്ചിരിപ്പും നടപ്പും നഷ്ടമാകില്ലേയെന്ന ഖേദംകൂടി താളിയിലൂടെ കഥാകൃത്ത്‌ പ്രകടിപ്പിക്കുന്നു. എന്നാല്‍ വളരെ പെട്ടെന്ന്‍ വിദൂരമായ ഏതോ ദേശത്ത് സര്‍ക്കാർ ഭൂമി അനുവദിച്ചിട്ടുണ്ടെന്നു പാപ്പൂട്ടന്‍ അറിയുന്നു. പക്ഷേ, ആ വിവരം താളിയോടു പറയാൻ അയാള്‍ക്ക് ഏറെ വിഷമിക്കേണ്ടിവന്നു. പുറമ്പോക്കില്‍ നിന്നും മാറുന്നതിലുള്ള അഗാധമായ ദുഃഖമായിരുന്നു കാരണം. കനപ്പെട്ട അയാളുടെ മൗനത്തിന്റെയും സങ്കടത്തിന്റെയും കാരണം താളി വീണ്ടും വീണ്ടും ചോദിച്ചപ്പോൾ, “മാറേണ്ടിവരും” എന്ന ഒറ്റവാക്കിലുള്ള മറുപടിയിൽ പാപ്പൂട്ടിയുടെ കൃഷ്ണമണികൾ മറിഞ്ഞു പോവുന്നതാണ് താളി കാണുന്നത്. പുറമ്പോക്കില്‍ നിന്നുള്ള പറിച്ചുനടീൽ ആ വൃദ്ധനെ അത്രമാതം തകര്‍ത്തുവെന്നാണ് ഈ ആഖ്യാനത്തില്‍ നിന്നും മനസ്സിലാകുന്നത്.

സുന്ദർ സരൂക്കെ

ഈ വേദനയുടെ ആഴവും അർഥവും, കഥയുടെ തുടക്കത്തിൽ അയ്യങ്കാളിയുടെ ചരമദിനത്തിൽ വാവിട്ടു നിലവിളിക്കുന്ന പാപ്പൂട്ടനില്‍ കാണാം. പതിവു പരിപാടിയായതു കൊണ്ടുതന്നെ നാട്ടുകാര്‍ക്ക് പറയാനുള്ള തമാശയാണത്. ആ പുറമ്പോക്ക് ജീവിതത്തിലേക്കു ദലിതേതരരായ ‘നാട്ടുകാർ’ കടന്നുവരുന്നതും ഈ പരിഹാസത്തിന്റെ സന്ദര്‍ഭത്തിൽ മാത്രമാണെന്നു പറയാം. മറ്റുള്ള എല്ലാ സംഭാഷണങ്ങളും, ദലിതര്‍ക്കിടയിലും ഇരുട്ടിലും വിനിമയം ചെയ്യപ്പെടുമ്പോൾ, ഈ നിലവിളിയും പരിഹാസവും നാട്ടിലെമ്പാടും ഒരു തമാശയായി മാറുന്നു. അയ്യങ്കാളിയെ കുറിച്ചുള്ള ഓര്‍മകളിലും നിലവിളികളിലും അപ്പൻ കാള പൂട്ടാന്‍ പോയതും അമ്മ നെല്ലുപാറ്റാൻ പോയതും അമ്മ പെറ്റ കുഞ്ഞുങ്ങളൊക്കെ ചത്തുപോയതും മാത്രമാണ് വിഷയമാകുന്നത്! അഥവാ അയ്യങ്കാളിയെന്ന വ്യക്തിയെക്കുറിച്ചോ, അദ്ദേഹം വിടവാങ്ങിയതിലൂടെ സമുദായത്തിനുണ്ടായ നഷ്ടമോ ഒന്നും തന്റെ വിലാപത്തിന്റെ കാരണമാക്കാൻ പാപ്പൂട്ടന് കഴിയുന്നില്ലെന്നര്‍ത്ഥം. ഇതേ നിസ്സഹായതയുടെയും കരച്ചിലിന്റെയും തുടര്‍ച്ച തന്നെയാണ്, കുറച്ചുകൂടി വിസ്തൃതവും സ്വാതന്ത്ര്യവുമുള്ള, സ്വന്തമായി കിട്ടിയ ഭൂമിയിലേക്ക് പോകാൻ പാപ്പൂട്ടൻ എന്ന വൃദ്ധൻ തയ്യാറാകാത്തതെന്നും പറയാം.

ഉണ്ണി. ആര്‍ കഥയെഴുതി തുടങ്ങിയ കാലത്താണ് കേരളത്തിൽ ഭൂമിക്കു വേണ്ടിയുള്ള ദലിതരുടെയും ആദിവാസികളുടെയും സമരങ്ങൾ പുതുരൂപങ്ങൾ ആര്‍ജിക്കുന്നതും, കേരളത്തിന്റെ നവ സാമൂഹിക ഭാവനയിലും വികസനത്തെക്കുറിച്ചുള്ള അവകാശവാദങ്ങളിലും വലിയ പൊളിച്ചെഴുത്തുകൾ നടക്കുന്നതും.

വരേണ്യ ചരിത്ര നിര്‍മിതികളുടെ അദൃശ്യതയിൽ ഏറെക്കാലം നിലനിന്ന അയ്യങ്കാളി, അതിനും മുന്‍പേ കേരളീയ പൊതുമണ്ഡലത്തിൽ സാന്നിധ്യവും സംവാദവും സാധിച്ചിട്ടുണ്ടെങ്കിലും, അതിനു തിളക്കവും ഭദ്രതയുമുള്ള അടിത്തറ രൂപപ്പെടുന്നത് 1990കളോടെയാണ്. പക്ഷേ, ഈ പരിവര്‍ത്തനങ്ങളൊന്നും കഥാഘടനയിലോ പാപ്പൂട്ടന്റെ സ്മരണകളിലോ ചെറുസാന്നിധ്യം പോലുമാക്കാതെ, വെറും തീട്ടക്കുഴി ജീവിതത്തിലേക്ക് ആഖ്യാനത്തിന്റെ കേന്ദ്ര പ്രമേയത്തെ മാറ്റുന്നതിലൂടെയാണ്, ഗോപാൽ ഗുരു നിരീക്ഷിക്കുന്ന മാലിന്യവാഹകരും (Walking dirt) അറപ്പും വെറുപ്പുമുണ്ടാക്കുന്ന മലിന ഇടങ്ങളെ സ്നേഹിക്കുന്നവരായും ദലിതരുടെ ജീവിതത്തെ ഭാവനചെയ്യുന്നത്. ‘അയ്യങ്കാളി’യെന്ന പേരിലാണ് കഥയാരംഭിക്കുന്നതെങ്കിലും, അദ്ദേഹം നിര്‍മിച്ച ജനാധിപത്യപരമായ ആശയങ്ങളോ, ആധുനിക പൗരത്വത്തിനും വിദ്യാഭ്യാസത്തിനും സ്ഥാപനങ്ങള്‍ക്കും വേണ്ടി നടത്തിയ ചരിത്രപരമായ പോരാട്ടങ്ങളുടെ സൂചനകളോ ഇല്ലാതെ, അദ്ദേഹത്തിനും മുന്‍പ് ഭാവനചെയ്യാൻ കഴിയാത്ത പുറമ്പോക്കു ജീവിതത്തെ സ്നേഹിക്കുന്നവരായി പാപ്പൂട്ടിയെ ആവിഷ്കരിക്കുന്നത്.

ഭാവനാ സൃഷ്ടികളിൽ യുക്തിയും ചരിത്രവും രേഖപ്പെടുത്തുന്നതിന്റെ രീതി എഴുത്തുകാര്‍ക്ക് തീരുമാനിക്കാമെങ്കിലും, കഥാകൃത്ത്‌ സ്വയം വിശേഷിപ്പിക്കുന്നതുപോലെ, ഈ പുസ്തകം വായനയില്‍ പുതിയ കാലത്തെ കണ്ടെടുക്കുന്ന ഒരാളുടെ സാമൂഹിക ഭാവനയാണ്. ഇരുട്ടിനും മാലിന്യങ്ങള്‍ക്കും നാട്ടുകാരുടെ പരിഹാസത്തിനും വിധേയമാവുന്ന തരത്തിലുള്ള വലിച്ചെറിയലാണ് ഇവിടെ സംഭവിക്കുന്നത്. മറ്റൊരു പ്രധാനപ്പെട്ട വസ്തുത, മലയാളത്തിലെ സാഹിത്യ ഭാവനയിലും സംസ്കാര വിമര്‍ശനത്തിലും ജനാധിപത്യ സമരങ്ങളിലും അക്കാദമിക വ്യവഹാരങ്ങളിലും പൊതു സ്വീകാര്യതയുള്ള ഒന്നായി ദലിത്‌ ഇടപെടലുകൾ മാറുന്ന സന്ദര്‍ഭത്തിലാണ് ഉണ്ണി. ആറിന്റെ കഥയിലേക്ക് അയ്യങ്കാളിയും പൊയ്കയിൽ അപ്പച്ചനും അംബേഡ്കറും കടന്നുവരുന്നത് എന്നത് യാദൃശ്ചികമായി സംഭവിക്കുന്നതാണെന്ന് കരുതാൻ വയ്യ. അദ്ദേഹത്തിന്റെ ഏറെ പ്രസിദ്ധമായ ‘കാളീനാടകം’ വികസിക്കുന്നതാകട്ടെ കള്ളും കയറും തുടങ്ങിയ സാമ്പത്തികമായി ഉറപ്പു ലഭിക്കുന്ന കച്ചവടങ്ങള്‍ വഴിയും, തലമുറകളായി ലഭിച്ച സ്വത്തുകള്‍ വഴിയും ധനസ്ഥിതിയിൽ അല്‍പ്പം ഉയര്‍ന്ന നിലയിൽ കഴിയുന്ന ഈഴവ കുടുംബത്തിലെ ഒരു അംഗത്തിന്റെ നോട്ടപ്പാടിലൂടെയാണ്. നമ്മുടെ വ്യവസ്ഥാപിത നവോഥാന ചരിത്രത്തിന് അജ്ഞമായ ഇടങ്ങളിലേക്കും, അവയിലെ സ്ത്രീപക്ഷ നോട്ടങ്ങളിലേക്കും സര്‍ഗാത്മകമായ ഒരു തിരുത്തുമായാണ് ആ കഥ നിലനില്‍ക്കുന്നത്. എന്നാൽ ‘ദലിത്‌ അനുഭവങ്ങളും അവരുടെ ആരാധ്യ വ്യക്തിത്വങ്ങളും’ നാട്ടുകാര്‍ക്കു പരിഹസിക്കാനും വ്യാജമായ കലാനിര്‍മിതികള്‍ക്കുമുള്ള ഉപാധിയായും മാറുന്നതാണ് കഥാ നിര്‍മാണത്തിലെ ഇരട്ട യുക്തിയിലൂടെ വ്യക്തമാകുന്നത്. 1980കളുടെ പകുതിയോടെ രണ്‍ജിത് ഗുഹയുടെയും മറ്റും മുന്‍കൈയിൽ രൂപപ്പെട്ട കീഴാള പഠനങ്ങളുടെ (Subaltern Studies) കേരളത്തിലെ ആദ്യകാല സ്വീകാര്യതയെപ്പറ്റി ചരിത്രകാരനായ സനൽ മോഹന്റെ രസകരമായ ഒരു നിരീക്ഷണമുണ്ട്. ‘കീഴാള പഠനമെന്ന്’ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതോടെ അടിത്തട്ടില്‍ നിന്നുള്ള ചരിത്രമെന്നതില്‍ നിന്നു മാറി, അടിയാളരുടെ അഥവാ ജാതിശ്രേണിയിൽ ഏറ്റവും താഴെയുള്ളവരുടെ ചരിത്രമായി തെറ്റിദ്ധരിക്കപ്പെടുകയും, മാര്‍ക്സിസ്റ്റ്‌ ബുദ്ധിജീവികളില്‍ നിന്നുള്‍പ്പെടെ എതിര്‍പ്പുണ്ടാവുകയും ചെയ്തെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഇതു സൂചിപ്പിക്കുന്നത്, ജാതിയും അതിന്റെ ഭാഗമായ വിവേചനങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും, അതിനെ അഭിസംബോധന ചെയ്യാനുള്ള സന്നദ്ധതയില്ലായ്മയാണ്. അഥവാ, തയ്യാറായാല്‍ പോലും ഉണ്ണി. ആറിന്റെ കഥയിൽ പറയുന്നതുപോലെ ‘നാട്ടുകാരിൽ’ അവമതിയും പരിഹാസവുമുണ്ടാക്കുന്ന ഒന്നായി രേഖപ്പെടുത്തുകയാണ് പൊതുവേ സംഭവിക്കുന്നത്.

മണ്ണിരയുടെ രണ്ടാമത്തെ ഭാഗത്തേക്കു വരുമ്പോൾ ഇതു കൂടുതൽ പ്രകടമാണ്. വിദൂരവും അപരിചിതവുമായ സ്ഥലത്ത് എത്തപ്പെട്ട പാപ്പൂട്ടനും താളിയും ആദ്യം ചെയ്യുന്നത് കുടിലുകെട്ടുകയും കക്കൂസ് കുഴി ഉണ്ടാക്കുകയുമാണ്. അതുവരെയുണ്ടായിരുന്ന അവരുടെ ജീവിതത്തിന്റെ സുതാര്യതകളെ നിഗൂഢമാക്കുന്ന തരത്തിലേക്ക് അദൃശ്യവും അപരിമേയവുമായ പ്രമേയങ്ങളിലേക്ക് കഥ മാറുന്നു. അത്രയും കാലത്തെ പുറമ്പോക്ക് ജീവിതത്തില്‍ അനുഭവിക്കാത്ത വെളിപാടുകളുടെ ലോകമാണ് അവർ, പ്രത്യേകിച്ച് പാപ്പൂട്ടൻ നേരിടുന്നത്. അതിന്റെ കാരണമാകട്ടെ കക്കൂസിന് കുഴിയെടുത്തപ്പോൾ കിട്ടിയ ഒരു ശിലാവിഗ്രഹവും. നാട്ടുകാരുടെ ചോദ്യംചെയ്യലിനും പോലീസിന്റെ പീഡനങ്ങൾക്കും അവർ വിധേയരാവേണ്ടി വരുന്നു. ഇവിടെ സവിശേഷമായി പറയേണ്ട കാര്യം, സ്വന്തമല്ലാത്ത പുറമ്പോക്ക് ഭൂമിയിൽ ജീവിച്ചപ്പോള്‍ ഉണ്ടായിരുന്ന വശ്യതയും ജീവിതത്തിലെ ആത്മവിശ്വാസവും ചോര്‍ന്നുപോയവരായി ആ വൃദ്ധ ദമ്പതികള്‍ മാറുന്നുവെന്നതാണ്‌. ജീവിതത്തില്‍ അതുവരെയുണ്ടായിരുന്ന സ്വസ്ഥതയും സമാധാനവും സ്വന്തം ഭൂമിയിൽ എത്തിയപ്പോൾ അനുഭവിക്കാൻ അവര്‍ക്കു കഴിയുന്നില്ല. അതിന്റെ പ്രധാന കാരണമായി കഥയിലെ സന്ദര്‍ഭവും ആഖ്യാനവും ശിവ-പാര്‍വതീ സംവാദത്തിലേക്കും പൂന്താനത്തിന്റെ ഭാഗവത പാരായണത്തിലേക്കും ആഖ്യാതാവ് മാറ്റുന്നു. അതായത് കഥയിലെ ആദ്യസന്ദര്‍ഭത്തിലെ മല വിസര്‍ജനവും തെറിയും കലഹങ്ങളും പുതിയ സ്ഥലത്തെത്തിയപ്പോൾ ഭക്തിയിലേക്കും വിശദീകരിക്കാനാവാത്ത വെളിപാടുകളിലേക്കും മാറുന്നു. അതിന്റെ മായികതയില്‍ ഭാഷയും ശബ്ദവും പ്രതികരണവുമില്ലാത്ത ജീവികളായിത്തീരുകയാണ് പാപ്പൂട്ടനും താളിയും. അതായത്, ആദ്യം സൂചിപ്പിച്ചതുപോലെ ദലിതരുടെ അനുഭവ ലോകത്തെയും അവരുടെ വിമോചന സാധ്യതകളെയും ഒന്നുകിൽ വിസര്‍ജ്യ വസ്തുക്കളുടെ സ്ഥാനത്ത് നിലനിര്‍ത്തുക. അല്ലെങ്കിൽ വരേണ്യതയുടെയും ഭക്തിയുടെയും മായികതയില്‍ വിഭ്രമിക്കുന്നവരോ, പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാത്തവരോ ആയി ചിത്രീകരിക്കുക. അതായത്, അവരെ നിശ്ചലമായ സാമൂഹിക ഭാവനയുടെ ഇരകളാക്കുന്ന തന്ത്രമാണ് ഇവിടെ മേല്‍ക്കൈ നേടുന്നത്. പലപ്പോഴും കേരളത്തിലെ ഫോക്’ലോർ പഠനങ്ങളിലും ആദിവാസികളെക്കുറിച്ച് നടത്തുന്ന സംസ്കാര പഠനങ്ങളിലും ഈ രീതിശാസ്ത്രമാണ് ആവര്‍ത്തിച്ചു പ്രയോഗിക്കുന്നതെന്ന്‍ സാന്ദര്‍ഭികമായി പറയട്ടെ.

കക്കൂസ് കുഴിയെടുത്തപ്പോള്‍ കിട്ടിയ വിഗ്രഹം നശിപ്പിച്ചതിന്റെ പേരിൽ പാപ്പൂട്ടിയെ പോലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോവുകയും അതിന്റെ ആഘാതത്തില്‍ താളി മരണപ്പെടുന്നതിലുമാണ് കഥ അവസാനിക്കുന്നത്. താളിയുടെ ജീവിതകാലത്തെ മോഹം സാധിക്കാതെ തന്നെ, ശവസംസ്കാര ചടങ്ങിൽ തിരുവിതാകൂറിലെ ആദ്യകാല മിഷനറിമാരിൽ ഒരാളായ ജോൺ ഹാക്സ് വര്‍ത്തിനോട് പുലയരുടെ അടിമത്വത്തെ കുറിച്ചു പറഞ്ഞ തേവത്താനും, പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീവിജയം എന്ന നോവലിലെ യേശുദാസനായി മതപരിവര്‍ത്തനം ചെയ്ത മരത്തൻ പുലയനുമൊക്കെ പങ്കെടുക്കുന്നുണ്ട്. ചരിത്രവും ഭാവനയുമായി കഥയെ ബന്ധിപ്പിക്കാനുള്ള ഈ ശ്രമം “പൂന്താനത്തെ കേള്‍ക്കണ്ടേ” എന്ന പാര്‍വതിയോടുള്ള ശിവന്റെ ചോദ്യത്തിൽ അവസാനിക്കുന്നു.

ആത്യന്തികമായി എൺപതാണ്ടു നീണ്ട പുറമ്പോക്ക് ജീവിതത്തില്‍ നിന്നുള്ള വിമോചനം പാപ്പൂട്ടിയെ ജയിലിലേക്കും താളിയെ മരണത്തിലേക്കുമാണ് നയിക്കുന്നത്. അയ്യങ്കാളിയെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ക്കോ വിലാപങ്ങള്‍ക്കോ മറുപടിയായി കഥാകൃത്ത്‌ ഭാവനചെയ്യുന്ന ലോകം വിസര്‍ജന നേരത്തെ ഇരുട്ടുതന്നെയാണെന്ന് മറ്റൊരര്‍ഥത്തിൽ വിശദീകരിക്കാം. ലോകത്തിലെ വ്യത്യസ്ത സമൂഹങ്ങള്‍ യാത്രയിലൂടെയും നിരന്തരമായ സ്ഥാന ചലനങ്ങളിലൂടെയും വികസിക്കുന്ന കാലത്താണ് ദലിതരുടെ യാത്രകള്‍ അപകടകരവും ശൂന്യവുമായിത്തീരുന്നത്. ഒരുപക്ഷേ, അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയും ശ്രീനാരായണ ഗുരുവിന്റെ നിരന്തരമായ സഞ്ചാരങ്ങളും, കുമാരനാശാന്റെ കൊൽക്കത്ത ജീവിതവുമൊക്കെ പുതിയ സാമൂഹിക ഭാവനകളും സര്‍ഗാത്മകമായ ഉണര്‍വുകളും സൃഷ്ടിച്ച കേരളീയ ചരിത്ര സന്ദര്‍ഭത്തിലാണ്, ഭാവനാപരമെങ്കിലും പാപ്പൂട്ടിയുടെയും താളിയുടെയും യാത്ര നിത്യമായ വേര്‍പാടിലേക്കും ആധുനിക നിയമവ്യവസ്ഥയുടെ കുരുക്കിലേക്കും പരിവര്‍ത്തിക്കുന്നത്. ഈ ഇരുട്ടും അതിന്റെ മറ്റൊരു തുടര്‍ച്ചയുമാണ് ഉണ്ണി. ആർ പൊയ്കയില്‍ അപ്പച്ചനെ കഥയിലേക്ക് കൊണ്ടുവരുന്ന ‘ഒറ്റപ്പെട്ടവന്‍’ എന്ന രചനയിലുമെന്ന് കാണാം.

ഒളിസ്ഥലവും ലഹരിയുടെ വെളിപാടും

മണ്ണിരയില്‍ മലയിലേക്കുള്ള പാപ്പൂട്ടന്റെയും താളിയുടെയും യാത്ര ‘കുറ്റകൃത്യ’ത്തിലേക്കാണെങ്കില്‍, ഒരു കുറ്റകൃത്യത്തെ ഒളിപ്പിക്കുവാനാണ് ‘ഒറ്റപ്പെട്ടവൻ’ എന്ന കഥയിലെ പുലയ ക്രിസ്ത്യാനിയായ അക്കിരി മല കയറുന്നത്. ജീവിതത്തിലെ അരാജകത്വവും ഭ്രാന്തും ലഹരിയുടെ ലോകവും ഉണ്ണി. ആറിന്റെ പല കഥകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും, ആ ലഹരിയുടെ അധോന്മുഖത്വം കേരളീയ സാമൂഹിക പരിവര്‍ത്തനത്തിലെ കീഴാള-ദലിത്‌ വിമോചക കര്‍തൃത്വമായ പൊയ്കയിൽ അപ്പച്ചനിലേക്ക് ചേര്‍ത്തുവെക്കുന്നു എന്നതാണ്‌ ഈ കഥയുടെ പ്രത്യേകത.

അതിലേക്കു വരും മുന്‍പ് കഥയിലെ ചില സന്ദര്‍ഭങ്ങൾ വിശദീകരിക്കേണ്ടതുണ്ട്. മധ്യതിരുവിതാംകൂറിലെ ചില സഭാ തര്‍ക്കങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് സുഹൃത്തുക്കളായ ഗോവിന്ദനും ചന്ദ്രനും ഒരു ഡ്രൈഡേയിൽ പള്ളിമേടയിൽ കയറി അച്ഛന്റെ മേശയില്‍ നിന്നും മദ്യം മോഷ്ടിച്ച് സെമിത്തേരിയില്‍ വെച്ച് കഴിക്കുന്നത്. മദ്യം അകത്തു ചെല്ലുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന സംഭാഷണത്തിലാണ് അക്കിരിയെക്കുറിച്ചുള്ള ആദ്യ പരാമര്‍ശം കഥയിൽ വരുന്നത്. ചുറ്റുപാടും വിജനവും രാത്രിയുമാണെങ്കിലും ഒച്ച താഴ്ത്തിയാണ് “പൊലയനയല്ലേ, ഒടിവിദ്യയായിരിക്കുമെന്ന്” ചന്ദ്രന്‍ പറയുന്നത്. പൊതുവേ ജാതിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോൾ ഉണ്ടാകാറുള്ള ഈ ഒച്ച താഴ്ത്തലില്‍ നിന്നുമാണ് അക്കിരിയെന്ന കൊടുംകുറ്റവാളിയെക്കുറിച്ച് വായനക്കാര്‍ അറിയുന്നത്. തുണ്ടിയില്‍ മത്തായിച്ചനെന്ന ക്രൈസ്തവ പ്രമാണിയെ പതിനാറു തുണ്ടമാക്കിയതിന്റെ പേരില്‍ ശിക്ഷ നേരിടുകയും, എന്നാൽ പരോളിലിറങ്ങിയ ശേഷം മുങ്ങിനടക്കുകയും ചെയ്യുന്നയാളാണ് അയാള്‍.

മദ്യത്തിന്റെ ലഹരിയിൽ സെമിത്തേരിയില്‍ നിന്നും പള്ളിമുറ്റത്ത്‌ എത്തുമ്പോൾ താടിയും മുടിയും നീട്ടിയ ഉയരമുള്ള ഒരാള്‍ പള്ളിയില്‍ നിന്നും ഇറങ്ങിപ്പോകുന്നതാണ് ഗോവിന്ദനും ചന്ദ്രനും കാണുന്നത്. മുഖം വ്യക്തമായി കാണാന്‍ കഴിഞ്ഞില്ലെങ്കിലും അയാളുടെ പിന്നാലെ പരമാവധി വേഗത്തിൽ പോയിട്ടാണ് ആളെ തിരിച്ചറിയുന്നത്. അത് യേശുവാണെന്ന് മനസിലാക്കുന്നതും മദ്യത്തിന്റെ ലഹരിയിലാണോ അതോ യേശുവിന്റെ കരിസ്മയിലാണോ എന്നു വ്യക്തമല്ല. അവർ തോട്ടിറമ്പിലേക്ക് വീഴുകയും നേരം പുലരുവോളം അവിടെക്കിടന്നു ഉറങ്ങുകയുമാണ്. അവിടെ നിന്നിറങ്ങിയ യേശു കാടും മലയും താണ്ടി ഇടുക്കിയിലെ ഉള്‍പ്രദേശത്ത് പുഴയുടെ ഇറമ്പിൽ ഒളിവിൽ കഴിയുന്ന അക്കിരിയുടെ കുടിലിൽ എത്തുന്നു. പിന്നീട് നമ്മള്‍ കാണുന്നത് വിധേയനും അനുസരണ ശീലവുമുള്ള വെറും മനുഷ്യനായ യേശുവിനെയാണ്. കപ്പ പുഴുങ്ങിയും പച്ചമുളക് അരച്ചും നീന്താന്‍ വശമില്ലാത്ത പുഴയില്‍ നിന്നും കപ്പിൽ വെള്ളം കോരി കുളിച്ചും അക്കിരിയുടെ കഞ്ചാവ് വലി നിസ്സംഗതയോടെ നോക്കിയും ഭൂമിയിൽ സാധാരണക്കാരനായി ജീവിക്കാൻ ആഗ്രഹിക്കുന്ന യേശു! ഇപ്രകാരം ഭാവനയിൽ തീര്‍ക്കുന്ന ലോകങ്ങൾ ഉണ്ണി. ആറിന്റെ കഥകളിലേക്ക് വായനക്കാരെ വലിച്ചടുപ്പിക്കുന്ന ഘടകമാണ്. എഴുത്തുകാരനെന്ന നിലക്ക് അദ്ദേഹത്തിന്റെ വിജയം, സവിശേഷവും നിഗൂഢവുമായി അവശേഷിപ്പിക്കുന്ന മനുഷ്യ സഞ്ചാരങ്ങളാണെന്നും പറയാം.

രൺജിത് ഗുഹ

തോടിനപ്പുറം പറമ്പിനപ്പുറം, അമ്മൂമ്മ ഡിറ്റക്ടീവ് പോലെ ധാരാളം രചനകൾ ഉദാഹരണമായി വിശദീകരിക്കാവുന്നതാണ്. യേശുവും അക്കിരിയും തമ്മിലുള്ള ബന്ധത്തിൽ മാനസികവും പ്രായോഗികവുമായി അക്കിരിക്ക് മേല്‍ക്കൈ കിട്ടുന്ന നിലക്കാണ് ആഖ്യാനം വികസിക്കുന്നത്. എന്നാല്‍ വെളിച്ചത്തിന്റെയും ജ്ഞാനത്തിന്റെയും പുതിയൊരു തുറവി യേശു അക്കിരിക്ക് നല്‍കുന്നു. ആ സന്ദര്‍ഭം ഇപ്രകാരം വായിക്കാം:

“അത്താഴം കഴിഞ്ഞ് ചാഞ്ഞുനിന്നിരുന്ന മരക്കൊമ്പിലിരുന്ന് അക്കിരി എന്തോ വലിക്കുന്നത് യേശു കണ്ടു. ഒരു കെട്ട മണം വന്നുപോയി. അക്കിരി ഇരുട്ടിനെ നോക്കി വലിച്ചുകൊണ്ടിരുന്നു. വലിച്ചു തീര്‍ന്നപ്പോള്‍ കിടക്കാനായി വന്നു”. അപ്പോഴാണ്‌ യേശു ദൂരേക്ക് നോക്കിനില്‍ക്കുന്നതും അതിന്റെ പിന്നിലൂടെയുള്ള, കാഴ്ച്ചയിലൂടെയാണ് അങ്ങകലെനിന്നും പാട്ടുംപാടി ഒരാള്‍ ഒരു ജനക്കൂട്ടത്തെ തെളിച്ചു കൊണ്ടുവരുന്നതും അക്കിരി കാണുന്നത്. അതാരാണെന്നു മനസ്സിലാകാതെ നില്‍ക്കുന്ന അയാളോട് യേശു പറയുന്നു: “അതാണ്‌ അപ്പച്ചൻ”. പിന്നെ പ്രത്യക്ഷരക്ഷാ ദൈവസഭയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നവരും, അക്കാലത്തെ സഞ്ചാര യാത്രകളും ഒരു നേര്‍വര പോലെ അക്കിരിയുടെ ഹൃദയത്തിലേക്കു കൊണ്ടുവരികയാണ് യേശു ചെയ്യുന്നത്. മണ്ണിരയില്‍ പാപ്പൂട്ടിയുടെ വിലാപങ്ങളിലൂടെ കേരളത്തിന്റെ അറുപതു വര്‍ഷത്തെ ചരിത്രം കാണാമെന്ന പരാമര്‍ശത്തിനു സമാനമായി, ഉറക്കത്തിനും ലഹരിക്കുമിടയില്‍ അക്കിരി കണ്ടതും കേട്ടതുമായ കാര്യങ്ങൾ പക്ഷേ, പിറ്റേന്ന് ഒന്നും ഓര്‍ത്തെടുക്കാൻ കഴിഞ്ഞില്ലായെന്നാണ് കഥാകാരന്‍ സൂചിപ്പിക്കുന്നത്. പിന്നീട് യേശുവിനു ചെയ്തുകൊടുക്കുന്ന പ്രവര്‍ത്തികള്‍ക്ക് പ്രത്യുപകാരമായി അക്കിരിയിലേക്ക് കീഴാള ജ്ഞാനവ്യവസ്ഥകളും ആത്മീയ സന്ദര്‍ഭങ്ങളും പറഞ്ഞുകൊടുക്കുകയാണ് യേശു. ആ കൊടുക്കല്‍വാങ്ങലുകള്‍ക്കു അധികമായ ആയുസ്സുണ്ടായില്ല.

ദുഃഖവെള്ളിയാഴ്ച ആഘോഷിക്കുവാൻ അല്‍പ്പം വാറ്റു ചാരായവും പന്നിയിറച്ചിയും വാങ്ങിവരാമെന്നു പറഞ്ഞു പുറത്തുപോയി തിരിച്ചുവരുമ്പോൾ പോലീസുകാർ യേശുവിനെ മര്‍ദിച്ച് അവശനാക്കി കൊണ്ടുപോകുന്നതാണ് അക്കിരി കാണുന്നത്. ഭ്രമാത്മകമായ അനുഭവലോകങ്ങളെ കഥയില്‍ വരച്ചിടുമ്പോഴും, അക്കിരി യേശുവിനെ അതിനിശിതമായി വിമര്‍ശിക്കുന്ന ഒരു സന്ദര്‍ഭം ഇതില്‍ കാണാം. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, സഭാതര്‍ക്കത്തിനിടയിലെ സംഘര്‍ഷത്തിലാണ് മത്തായി കൊല്ലപ്പെട്ടതെന്നും, പക്ഷേ തന്നെ ശിക്ഷിച്ച അനീതിക്ക് യേശു കൂട്ടുനില്‍ക്കുകയായിരുന്നില്ലേ എന്നുമായിരുന്നു ഒരു വിമർശനം. ഇതു മറ്റൊരു തരത്തിൽ സി. അയ്യപ്പന്‍ പ്രേതഭാഷണത്തിൽ ചോദിക്കുന്നുണ്ട്. “ക്രിസ്ത്യാനിക്കെങ്ങനാ പെലക്കള്ളി പെങ്ങളാകുന്നത് എന്ന ചോദ്യം കേട്ടപ്പോള്‍ ദൈവത്തിന്റെ വായില്‍ പഴമായിരുന്നുവെന്നാണ്” സി.അയ്യപ്പന്‍ എഴുതിയത്.

യേശുവിനെ പിടിച്ചുകൊണ്ടു പോയതിന്റെ മൂന്നാംനാൾ അക്കിരി മീനച്ചിലാർ നീന്തി നാട്ടിലെത്തി. അപ്പോൾ മരത്തിൽ കാറ്റ് വീശുകയും തൊഴുത്തിലുള്ള പശുക്കൾ നിര്‍ത്താതെ അമറുകയും ചെയ്തുവെന്നാണ് രേഖപ്പെടുത്തുന്നത്. ഇതിന്റെ ഒടുക്കം കഥയവസാനിക്കുന്നത് ഇപ്രകാരമാണ്: “പ്ലാവിന്റെ കവര നിലം തൊട്ടുനില്‍ക്കുന്ന വഴിയിലേക്കു ചൂണ്ടിയിട്ട് ഗോവിന്ദൻ വിറയലോടെ പറഞ്ഞു, “ദേ അതിലേ ഒരു കറുത്ത വെളിച്ചം പോകുന്നതു കണ്ടു. ഗോവിന്ദന്റെ ഭാര്യക്കും കൊച്ചുങ്ങള്‍ക്കും ഒന്നും മനസ്സിലായില്ല. ഒളിവു ജീവിതത്തില്‍ നിന്നും ഒടിവിദ്യയിലേക്ക് മാറുന്ന അക്കിരിയുടെ സാമൂഹിക ദൃശ്യത വീണ്ടും പ്രതിസന്ധിയിലാകുന്നതാണ് കഥയുടെ ഒടുക്കം കാണുന്നത്. മറ്റുള്ളവര്‍ക്ക് പിടികൊടുക്കാത്ത സ്വത്വത്തിലേക്കുള്ള പരിവര്‍ത്തനം പൊയ്കയിൽ അപ്പച്ചന്റെ പ്രച്ഛന്നഭാഷണങ്ങളോടും സഞ്ചാരങ്ങളോടും സമീകരിക്കാന്‍ ഇവിടെ നടത്തുന്ന ആഖ്യാനയുക്തി, മറ്റൊരര്‍ത്ഥത്തിൽ തന്റെ വംശത്തിന്റെ ദൃശ്യത ചരിത്രത്തിലും എഴുതപ്പെട്ട എഴുത്തുകളിലും ഇല്ലല്ലോയെന്ന്‍ ഖേദിച്ച അപ്പച്ചന്റെ കാഴ്ച്ചകളോടും ആശയലോകത്തോടും വിരുദ്ധമാകുന്നതാണ് കഥയിലെ സന്ദര്‍ഭം വെളിപ്പെടുത്തുന്നത്. പാപ്പൂട്ടിയിലേക്ക് ശിവ-പാര്‍വതി സംവാദം കൊണ്ടുവരുന്ന യുക്തിയുടെ ആവര്‍ത്തനം തന്നെയാണിത്‌.

ഈയടുത്ത കാലത്ത് എഴുതിയ മലയാളി മെമ്മോറിയൽ എന്ന കഥയിലെ ഡോ.അംബേഡ്കറുടെ സാന്നിധ്യം കൂടി പരിശോധിച്ച് ഈ വിശകലനം അവസാനിപ്പിക്കാമെന്നു തോന്നുന്നു. സന്തോഷ്‌. എസ് എന്ന പത്തൊന്‍പതുകാരനായ നായർ ചെറുപ്പക്കാരനെ നാലാം ക്ലാസിൽ പഠിക്കുമ്പോള്‍ അംബേഡ്കറുടെ വേഷം ഫാന്‍സി ഡ്രസ്സായി അവതരിപ്പിച്ചതിന്റെ പേരിൽ ആ പേര് പിന്തുടരുന്നതാണ് കഥയുടെ പ്രമേയം. തന്റെ കറുപ്പു നിറവും മറ്റു നായർ ചെറുപ്പക്കാരെക്കാൾ സൗന്ദര്യമില്ലായ്മയും അയാളിൽ അവമതിപ്പുണ്ടാക്കുന്നതിനൊപ്പമാണ് ഒരു ‘പെലയന്റെ’ പേരായ (കഥയിലെ സൂചന പ്രകാരം) അംബേഡ്കര്‍ എന്നതു കൂടി അയാള്‍ക്കൊപ്പം ചേരുന്നത്. ഈ പ്രശ്നം അതുവരെയില്ലാത്ത രൂക്ഷത കൈവരിക്കാന്‍ കാരണം കോളേജിലെ കാമുകിയുടെ മുൻപില്‍ വെച്ച് കൂട്ടുകാർ ആ പേര് വിളിച്ചതാണ്. അതുകൊണ്ട് അയല്‍വാസിയും ഉദ്യോഗസ്ഥനുമായ പി. രാമകൃഷ്ണന്‍ നായരെ പ്രശ്ന പരിഹാരത്തിനായി അയാൾ സമീപിക്കുന്നു. സ്വതവേ ഭീരുവായ രാമകൃഷ്ണന്‍ നായർ സ്വന്തം വീട്ടില്‍പ്പോലും അംഗീകാരമില്ലാത്തയാളാണെന്നു കഥയിലെ സന്ദര്‍ഭങ്ങള്‍ സൂചിപ്പിക്കുന്നു. അപ്പോഴാണ്‌ സന്തോഷ്‌ എസ് നായർ തന്റെ പ്രശ്നവുമായി അദ്ദേഹത്തെ സമീപിക്കുന്നതും അത്ര താത്പര്യത്തോടെയല്ലെങ്കിലും അതേറ്റെടുക്കുന്നതും. പക്ഷേ, സന്തോഷ്‌ നായരുമായി ഈ വിഷയം വീട്ടിനുള്ളില്‍വെച്ചു സംസാരിക്കുമ്പോൾ അത് മറ്റാരും കേള്‍ക്കരുതെന്നും, അങ്ങനെ സംഭവിച്ചാല്‍ ഭാര്യയും രണ്ടു ‘പുരോഗമന ബോധമുള്ള’ പെണ്‍കുട്ടികളുടെയും മുന്‍പിൽ താന്‍ കുറ്റവാളിയാകുമോ എന്ന് അദ്ദേഹം ഭയക്കുന്നു. ഈ ഭയം, പെലയന്‍ അക്കിരിയെന്നു പറയുമ്പോള്‍ ഗോവിന്ദനെയും ചന്ദ്രനേയും ബാധിക്കുന്നത് മുന്‍പ് സൂചിപ്പിച്ചിരുന്നു.

എസ്. ഹരീഷ്

ജാതിയെയും അതിന്റെ വ്യവഹാരങ്ങളെയും വിവേചനങ്ങളെയും ഒളിച്ചോ ഒച്ചതാഴ്ത്തിയോ പറയുന്ന പൊതുബോധം ഇവിടെ കാണാം. എന്തായാലും രാമകൃഷ്ണൻ നായർ തനിക്കാദ്യമായി ഒരു പ്രശ്നം പരിഹരിക്കാൻ കിട്ടിയ അവസരമെന്ന നിലക്കും, അയല്‍വാസിയും സ്വസമുദായക്കാരനുമായ ഒരാളുടെ പ്രശ്നമെന്ന പരിഗണനവെച്ചും പരിഹാരത്തിനായി കുറെയേറെ മാര്‍ഗങ്ങൾ ഉപദേശിക്കുന്നു. പ്രായത്തില്‍ അയാളുടെ മകളുടെ പ്രായമേ സന്തോഷ്‌ നായര്‍ക്ക് ഉള്ളുവെങ്കിലും ഒരുതരം ആക്രമോത്സുകത അവന്റെ വാക്കുകളില്‍ പ്രകടമാണ്. കൂടാതെ മുന്‍പ് സൂചിപ്പിച്ച നാലാം ക്ലാസിലെ ഗാന്ധിജയന്തി ദിനത്തിലെ പ്രശ്ചന്നവേഷത്തില്‍ ഗാന്ധിയായി വേഷമിട്ട മുഹമ്മദ്‌ ഷെരീഫിന്റെയൊപ്പം ആ പേര് പോയില്ലെങ്കിലും സന്തോഷ്‌ നായര്‍ക്കൊപ്പം അംബേഡ്കർ വന്നതിനെയും ആഖ്യാതാവ് ചൂണ്ടിക്കാട്ടുന്നു.

1992 അംബേഡ്കറുടെ നൂറാം ജന്മദിനവാര്‍ഷികത്തിൽ ഇൻഡ്യയിലെ ദലിത്‌ രാഷ്ട്രീയത്തെയും എഴുത്തിനെയും നിര്‍ണായകമായി സ്വാധീനിച്ചതിനെക്കുറിച്ച് നിരവധി പഠനങ്ങൾ വന്നിട്ടുണ്ട്. തമിഴിലെ മുന്‍നിര എഴുത്തുകാരിയായ പാമയെപ്പോലുള്ളവർ അത് തുറന്നു പറയാൻ മടി കാണിച്ചിട്ടുമില്ല. ഇവിടെ ഈ അവമതിക്കും അപമാനത്തിനും കാരണക്കാരന്‍ ഗാന്ധിയും അംബേഡ്കറും ഒരുമിച്ചു വേദിയില്‍ വരുന്നത് നന്നാവും എന്നു കരുതിയ കുറുപ്പുംതറക്കാരനായ ഒരു ബാബുസാറായിരുന്നു എന്ന് മനസ്സിലാക്കാം. “അവനെ ഞാൻ കണ്ട് കൈകാര്യം ചെയ്തോളാം” എന്നുള്ള സന്തോഷ്‌ നായരുടെ ഒട്ടും ബഹുമാനമോ മമതയോ ഇല്ലാത്ത പരാമര്‍ശത്തിലൂടെ അംബേഡ്കറുടെ ആശയങ്ങളില്‍ ആകൃഷ്ടനായ, അംബേഡ്കറും ഗാന്ധിയും മുഖാമുഖംനില്‍ക്കുന്നതിന്റെ പ്രാധാന്യം അറിയാവുന്ന ഒരു കീഴാള സമുദായത്തിലെ അംഗമാണെന്ന് വ്യക്തമാണ്. ആ കഥാപാത്രം വളരെ രാഷ്ട്രീയമായി നടത്തിയ ആ ഇടപാടിനെ വിശദീകരിക്കുവാന്‍ ഉപയോഗിക്കുന്ന ചില സൂചനകളാണ് കഥയിലെ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത്.

ആധുനിക നാടകങ്ങള്‍, ആധുനിക കവിത തുടങ്ങിയവയില്‍ അല്‍പസ്വല്‍പ്പം പിടിപാടുണ്ടായിരുന്ന ബാബു സാറിന്റെ ആധുനിക സാങ്കേതങ്ങളില്‍പ്പെട്ട ഒരു ‘പരീക്ഷണമായി’ സഹ അധ്യാപകർ അതിനെ കാണുമ്പോൾ കഥാകൃത്ത്‌ അല്‍പ്പംകൂടി മുന്നോട്ടുപോയി ‘ഒരു വെറൈറ്റിക്ക് വേണ്ടി’യാണ് ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിക്കൊപ്പം അംബേഡ്കറെയും നിര്‍ത്തിയതെന്ന്‍ രേഖപ്പെടുത്തുന്നു. ഈ രണ്ടു സൂചനകളിലൂടെ ബാബുസാറിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്തായിരുന്നുവെന്ന് വായനക്കാര്‍ക്ക് പിടികിട്ടാതെ വരികയും, ആരോപണങ്ങളും ജനപ്രിയ ഭാഷ്യങ്ങളും അംബേഡ്കർ-ഗാന്ധി മുഖാമുഖത്തെ ചുറ്റിപ്പറ്റി വികസിക്കുകയും ചെയ്യുന്നു. കേവലമായ ചരിത്രം പറയുക എന്നത് സര്‍ഗാത്മക എഴുത്തുകാരന്റെ ഉത്തരവാദിത്തമല്ല. മലയാളി മെമ്മോറിയല്‍ എന്ന ചരിത്ര സൂചനയിലൂടെ ഒരു കഥയെ അവതരിപ്പിക്കുമ്പോൾ കേരളത്തിലെ മേല്‍ജാതി സമുദായങ്ങളുടെ നവോഥാനകാല ഇടപെടലുകളുടെ ഒരു ഭൂതകാലം ഓര്‍മയിൽ വരും. ആ മുന്നേറ്റത്തിന്റെ ആവര്‍ത്തനത്തെ ഭാവന ചെയ്യുകയാണെന്നു വിചാരിക്കും. പക്ഷേ, കഴിഞ്ഞ മൂന്നു ദശകങ്ങളായി കേരളത്തിന്റെ പോപ്പുലര്‍ സംസ്ക്കാരത്തിലും സംവാദങ്ങളിലും ഇടംപിടിച്ച മൂന്നു പ്രധാനപ്പെട്ട വ്യക്തിത്വങ്ങളെ ഉണ്ണി. ആര്‍ എങ്ങനെയാണ് കഥയില്‍ ഉപയോഗിക്കുന്നതെന്നു ചൂണ്ടിക്കാണിക്കുവാന്‍ ഈ മൂന്നു രചനകളും പര്യാപ്തമാണെന്ന് കരുതുന്നു.

ഗോപാൽ ഗുരുവിന്റെ നിരീക്ഷണ പ്രകാരം ദലിത്-കീഴാളാനുഭവങ്ങളുടെ മേലുള്ള രചനാ കര്‍തൃത്വവും അവയുടെ ഉടമസ്ഥാവകാശവും തമ്മിൽ പൊരുത്തമില്ലാതെ വരികയും സാംസ്കാരികമായി മറ്റൊരു ബലപ്രയോഗമോ ഹിംസയോ ആയി മാറുന്നതിന്റെ വ്യത്യസ്ത സന്ദര്‍ഭങ്ങളാണ് ഇതുവരെ ചര്‍ച്ച ചെയ്തത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഇൻഡ്യയില്‍ രൂപപ്പെട്ട കീഴാള-ദലിത്‌-ന്യൂനപക്ഷ സമുദായങ്ങളുടെ രാഷ്ട്രീയവും സാംസ്കാരികവും പ്രതിനിധാനപരവുമായ മുന്നേറ്റങ്ങൾ ഏറ്റവും വലിയ തിരിച്ചടി നേരിടുന്ന സന്ദര്‍ഭത്തിൽ, ലിബറല്‍-പുരോഗമന രാഷ്ട്രീയവും എഴുത്തും എത്രമാത്രം അപരസമുദായ ഹിംസകളെ ഒളിച്ചുകടത്തുന്നുവെന്നതായിരുന്നു ഈ അന്വേഷണത്തിന്റെ കാതൽ. പക്ഷേ, ജനപ്രിയതയുടെയും പൊതുബോധത്തിന്റെയും അകമഴിഞ്ഞ പിന്തുണ കിട്ടുന്നതുമൂലം വിമര്‍ശന ശ്രമങ്ങളെതന്നെ നിരാകരിക്കുകയോ പതംപറച്ചിലുകളായി തള്ളിക്കളയുകയോ ചെയ്യുന്ന പ്രബല വ്യവഹാരവും നിലനില്‍ക്കുന്നു. ദലിതരുടെ ജീവിതാനുഭവങ്ങളെ സ്വീകരിക്കുകയും സൂക്ഷ്മമായ അര്‍ത്ഥത്തിൽ അവയെ നിരാകരിക്കുകയോ അപഹസിക്കുകയോ ചെയ്യുന്ന ആഖ്യാന യുക്തിക്കാണ് പ്രാമുഖ്യം. വിസര്‍ജ്യങ്ങളും ഒടിയന്‍മാരും കുറ്റവാളികളുമായി ചിത്രീകരിച്ചുകൊണ്ട് അവരെ അപരങ്ങളും ആധുനികപൂര്‍വ സമുദായങ്ങളുമാക്കുന്ന വരേണ്യ യുക്തിയാണ് ഇവിടെ മേല്‍ക്കൈ നേടുന്നതെന്നു കാണാം. ഉണ്ണി. ആറിന്റെ ചില കഥകൾ അതിന്റെ മാതൃകയായി സ്വീകരിച്ചുവെന്നു മാത്രം.സമീപകാലത്ത് ഏറെ വായിക്കപ്പെടുകയും പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്ത ജയമോഹന്റെ നൂറു സിംഹാസനങ്ങള്‍, എസ്. ഹരീഷിന്റെ മീശ തുടങ്ങിയ രചനകളും ദലിതരുടെ അനുഭവങ്ങള്‍ക്ക് മേലുള്ള ഭാവനാപരമായ അധിനിവേശമാകുമ്പോള്‍ തന്നെ, അവരുടെ ഉടമസ്ഥാവകാശത്തെ (Ownership ) അപഹസിക്കുന്നതുമാണെന്ന് സാന്ദര്‍ഭികമായി പറയട്ടെ.

  • ഉണ്ണി ആര്‍ (2012/2020). കഥകൾ, ഡിസി ബുക്സ്, കോട്ടയം
  • ഉണ്ണി. ആര്‍ (2018). വാങ്ക്, ഡിസിബുക്സ്, കോട്ടയം
  • Gopal Guru, Sundar Sarukkai (2012/2017). The Cracked Mirror: An Indian Debate on Experience and Theory, OUP, New Delhi.
Top