പി.എഫ്.ഐ നിരോധനത്തിന്റെ രാഷ്ട്രീയം: ഇർഫാൻ അഹ്‌മദ്‌ സംസാരിക്കുന്നു

October 26, 2022

ഗവണ്‍മെന്റ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവു പോലെ തന്നെ വിചിത്രമാണ് പി.എഫ്.ഐയെ നിരോധിക്കാന്‍ അവര്‍ ഉപയോഗിച്ചിരിക്കുന്ന യു.എ.പി.എ എന്ന നിയമവും. സൂര്യനു താഴെയുള്ള എന്തിനെയും ഉള്‍ക്കൊള്ളുന്ന തരത്തിലാണ് യു.എ.പി.എ നിയമം “തീവ്രവാദത്തെ” വിവക്ഷിച്ചിരിക്കുന്നത്. ഉത്തരവ് പറയുന്നത് പോലെ തന്നെ, കൃത്യമായ തെളിവുകള്‍ക്കുപരിയായി ഭരണകൂടത്തിന്റെ അഭിപ്രായത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ നിരോധനം നിലവില്‍ വന്നിരിക്കുന്നത്. പ്രൊഫ. ഇർഫാൻ അഹ്‌മദ്‌ സംസാരിക്കുന്നു.

മുസ്‌ലിം അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇൻഡ്യയെയും അനുബന്ധ സംഘടനകളെയും ‘തീവ്രവാദ’ ബന്ധമാരോപിച്ചു കൊണ്ട് ഇൻഡ്യൻ ഭരണകൂടം കഴിഞ്ഞ മാസം അഞ്ചു വര്‍ഷത്തേക്ക് നിരോധിക്കുകയുണ്ടായി. അതിനു ശേഷം രാജ്യത്തുടനീളം നടത്തിയ റെയ്ഡുകളോടനുബന്ധിച്ച് നിരോധിക്കപ്പെട്ട ഒമ്പത് സംഘടനകളുടെ ഒട്ടനേകം പ്രവര്‍ത്തകരെ ഭരണകൂടം അറസ്റ്റ് ചെയ്യുകയും ചെയ്തു. തങ്ങളുടെ മേല്‍ ആരോപിക്കപ്പെട്ട സായുധ സംഘങ്ങളുമായുള്ള ബന്ധങ്ങളെല്ലാം നിഷേധിച്ച ഈ സംഘടനകള്‍, ഇത് ഹിന്ദുത്വ ഭരണകൂട വേട്ടയാണെന്നാണ് ആരോപിക്കുന്നത്. ഈ സംഘടനകള്‍ക്കു മേല്‍ ഉന്നയിക്കപ്പെടുന്ന ഗുരുതരമായ ആരോപണങ്ങള്‍ക്കൊന്നും തന്നെ മതിയായ തെളിവുകളില്ല എന്നാണ് ഭരണകൂട നിലപാടിനെ വിമര്‍ശിക്കുന്നവരുടെ പക്ഷം. മാത്രമല്ല- ഇതേ ഭരണകൂടം തന്നെ തീവ്ര ഹിന്ദു-വലതുപക്ഷ സംഘങ്ങളുടെയും സംഘടനകളുടെയും ഹിംസകളെയും അക്രമങ്ങളെയും പാടെ അവഗണിക്കുകയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ഇൻഡ്യന്‍ രാഷ്ട്രീയകാര്യ വിദഗ്ദനും ഇൻഡ്യയിലെ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികളുടെ സ്വഭാവത്തെ കുറിച്ച് അക്കാദമികമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന ഇസ്താംബൂളിലെ ഇബ്ന്‍ ഹല്‍ദൂന്‍ സര്‍വകലാശാലയിലെ സോഷ്യോളജി-ആന്ത്രോപോളജി വിഭാഗം പ്രൊഫസറായ ഇര്‍ഫാന്‍ ഹബീബുമായുള്ള അല്‍-ജസീറ നടത്തിയ അഭിമുഖം ചുവടെ.

പ്രൊഫ. ഇർഫാൻ അഹ്‌മദ്‌

ഇൻഡ്യന്‍ ഗവണ്‍മെന്റ് നിരോധിച്ച സംഘടനകൾ ഏതെല്ലാമാണ്? എന്തായിരുന്നു അവരുടെ അജണ്ട?

അരികുവത്കരിക്കപ്പെടുന്ന സമുദായങ്ങള്‍- പ്രത്യേകിച്ച് മുസ്‌ലിംകൾ നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് രാഷ്ട്രീയമായി ക്യാമ്പെയിനുകള്‍ നടത്തുന്ന സംഘടനയാണ് പി.എഫ്.ഐ. മറ്റു മതന്യൂനപക്ഷങ്ങളുമായും, അതുപോലെ തന്നെ ദലിത്, സ്ത്രീ, ആദിവാസി സമൂഹങ്ങളുമായും ഒത്തുചേര്‍ന്നു കൊണ്ടാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. പി.എഫ്.ഐയുമായി ബന്ധമുള്ള എട്ടു സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. മുഖ്യമായും കേരളത്തിലും കര്‍ണാടകത്തിലുമാണ് പി.എഫ്.ഐ പ്രവര്‍ത്തിച്ചിരുന്നതെങ്കിലും, മറ്റ് സംസ്ഥാനങ്ങളിലും ഈ സംഘത്തിന്റെ സാന്നിധ്യമുണ്ട്.

“എല്ലാവരും സ്വാതന്ത്ര്യവും നീതിയും സുരക്ഷിതത്വവും ആസ്വദിക്കുന്ന ഒരു സമത്വ സമൂഹത്തെ സ്ഥാപിക്കുക” എന്നതാണ് പി.എഫ്.ഐയുടെ ഭരണഘടന മുന്നോട്ടു വെക്കുന്ന ആശയം. ദലിത്, ആദിവാസി, സ്ത്രീ, മത-രാഷ്ട്രീയ ന്യൂനപക്ഷങ്ങള്‍ക്കെതിരയെുള്ള അരികുവത്കരണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താറുമുണ്ട് ഈ സംഘടന. യഥാര്‍ഥത്തില്‍, ദേശീയ ഐക്യത്തിനും, മതനിരപേക്ഷ വ്യവസ്ഥക്കും യഥാര്‍ഥ ജനാധിപത്യത്തിന്റെയും നിയമവാഴ്ച്ചയുടെയും ആധിപത്യത്തിനും വേണ്ടി നിലകൊള്ളുന്ന ഒരു സംഘമാണിത്. നവലിബറല്‍ മാതൃകയിലുള്ള വികസനങ്ങള്‍ക്കെതിരെയും പരിസ്ഥിതി നശീകരണങ്ങള്‍ക്കെതിരെയും വ്യക്തമായ നിലപാടെടുക്കുന്ന സംഘടന കൂടെയാണ് പി.എഫ്.ഐ.

“ഇസ്‌ലാമിസ്റ്റ് സംഘടന” എന്നാണ് മാധ്യമങ്ങള്‍ പി.എഫ്.ഐയെ വിശേഷിപ്പിക്കുന്നതെങ്കിലും, 24 പേജുകളുള്ള അതിന്റെ ഭരണഘടനയിലൊരിടത്തും നമുക്ക് ഇസ്‌ലാം എന്നോ മുസ്‌ലിം എന്നോ ഉള്ള ഒരു പരാമര്‍ശവും കാണാന്‍ സാധിക്കുകയില്ല. പക്ഷേ, മുസ്‌ലിംകൾ നേരിടുന്ന പ്രശ്നങ്ങളാണ് പി.എഫ്.ഐ പ്രധാനമായും ഉയര്‍ത്താറുള്ളത്.

പി.എഫ്.ഐയുടെ മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങളെന്തൊക്കെയാണ്?

രാജ്യത്തിന്റെ പരമാധികാരത്തെയും ഉദ്ഗ്രഥനത്തെയും സുരക്ഷയെയും അപായപ്പെടുത്തുന്ന നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സംഘടനയാണ് പി.എഫ്.ഐ എന്നാണ് ഗവണ്‍മെന്റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. “സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ- മുസ്‌ലിം എന്നു വായിക്കുക- തീവ്രവത്കരിക്കാനുള്ള രഹസ്യമായ അജണ്ടയും” പി.എഫ്.ഐക്ക് ഉണ്ടെന്ന് സുരക്ഷാ മന്ത്രാലയം ആരോപിക്കുന്നുണ്ട്. ഇതു കൂടാതെ, ഐ.എസ്.ഐ.എസുമായും സംഘടനക്ക് ബന്ധമുണ്ടെന്ന് ആരോപണമുണ്ട്.

എന്തെല്ലാം തെളിവുകളാണ് ഇതു സംബന്ധിച്ച് ഗവണ്‍മെന്റ് അവതരിപ്പിക്കുന്നത്?

ഗവണ്‍മെന്റ് പുറത്തിറക്കിയിരിക്കുന്ന ഈ ഉത്തരവു പോലെ തന്നെ വിചിത്രമാണ് പി.എഫ്.ഐയെ നിരോധിക്കാന്‍ അവര്‍ ഉപയോഗിച്ചിരിക്കുന്ന യു.എ.പി.എ എന്ന നിയമവും. സൂര്യനു താഴെയുള്ള എന്തിനെയും ഉള്‍ക്കൊള്ളുന്ന തരത്തിലാണ് യു.എ.പി.എ നിയമം “തീവ്രവാദത്തെ” വിവക്ഷിച്ചിരിക്കുന്നത്. ഉത്തരവ് പറയുന്നത് പോലെ തന്നെ, കൃത്യമായ തെളിവുകള്‍ക്കുപരിയായി ഭരണകൂടത്തിന്റെ അഭിപ്രായത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ നിരോധനം നിലവില്‍ വന്നിരിക്കുന്നത്. എന്നാല്‍ ഒരഭിപ്രായമെന്നത് തീര്‍ത്തും മുന്‍വിധി നിറഞ്ഞതുമാകാമല്ലോ.

നിരോധനത്തിന് വേണ്ടി ഭരണകൂടം ഒരുപാട് ആരോപണങ്ങളുയര്‍ത്തുന്നുണ്ടെങ്കിലും, വസ്തുനിഷ്ഠവും വ്യവസ്ഥാപിതവുമായ ഒരു തെളിവും മുന്നോട്ടു വെക്കുന്നില്ല. പി.എഫ്.ഐ പ്രവര്‍ത്തകര്‍ ഹിംസാത്മകമായ പ്രവര്‍ത്തികളിലേര്‍പ്പെടുന്നില്ല എന്നല്ല ഇതിന്റെ അര്‍ത്ഥം. അവര്‍ ചെയ്യുന്നുണ്ട്. 2010ല്‍ കേരളത്തിലെ ഒരു പ്രൊഫസറെ പി.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ച കുപ്രസിദ്ധമായ കേസ് നോക്കുക. എന്നാല്‍, പി.എഫ്.ഐ ഈ അക്രമണത്തെ അപലപിക്കുകയും അക്രമകാരികളില്‍ നിന്നും സ്വയം അകലം പാലിക്കുകയുമാണ് ചെയ്തത്.

കേരളത്തിലും മറ്റിടങ്ങളിലും ഇത്തരത്തിലുള്ള അക്രമണങ്ങള്‍ തീവ്ര-ഹിന്ദു സംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘും (RSS) അവരുടെ രാഷ്ട്രീയ കക്ഷിയും കേന്ദ്രം ഭരിക്കുകയും ചെയ്യുന്ന ബി.ജെ.പിയുമടക്കമുള്ള സംഘടനകള്‍ നടത്താറുണ്ട്. 2019ല്‍ ഒരു പി.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍, മൂന്ന് RSS പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, പി.എഫ്.ഐ ഹിന്ദുക്കളെയോ അല്ലെങ്കില്‍ ആർ.എസ്.എസ് പ്രവര്‍ത്തകരെയോ അക്രമിച്ച കേസുകള്‍ മാത്രമാണ് ആ ഉത്തരവില്‍ പരാമര്‍ശിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ ഹിംസ എന്നത് പി.എഫ്.ഐയില്‍ മാത്രം ഒതുങ്ങുന്നതല്ല. യഥാര്‍ഥത്തില്‍, രാഷ്ട്രീയ ഹിംസയുമായി ബന്ധപ്പെട്ട കേസുകളില്‍ ഭൂരിഭാഗവും കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും അതുപോലെ ബി.ജെ.പിയുടെയും പ്രവര്‍ത്തുകരുമായി ബന്ധപ്പെട്ടുള്ള കേസുകളാണ്.

മാത്രമല്ല, നിലവിലെ പാര്‍ലമെന്റിലെ അമ്പത് ശതമാനത്തിലധികം അംഗങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങളിലേര്‍പ്പെട്ടതിന്റെ പേരില്‍ നടപടി നേരിടുന്നവരാണ്. ചോദ്യമിതാണ്: എന്തുകൊണ്ടാണ് ഭരണകൂടവും മാധ്യമങ്ങളും ഒരു ഹിന്ദു കൊല്ലപ്പെടുമ്പോള്‍ അത് “തീവ്രവാദമായും” മറിച്ച് ഒരു ഹിന്ദു കൊല നടത്തുമ്പോള്‍ അത് “കുറ്റകൃത്യം” മാത്രമായും പരിഗണിക്കുന്നത്? “തീവ്രവാദത്തെ” പ്രതിരോധിക്കുക എന്ന പേരിലാണ് ഭരണകൂടം ഈ വിലക്കിനെ ന്യായീകരിക്കുന്നത്. എന്നാല്‍ നേരെമറിച്ചാണ് ഇതിന്റെ യാഥാര്‍ഥ്യം. മുസ്‌ലിംകള്‍ക്കും മറ്റുള്ളവര്‍ക്കും നേരെ തങ്ങള്‍ അഴിച്ചുവിടുന്ന തീവ്രമായ ഭരണകൂട ഭീകരതയെ മറച്ചു പിടിക്കാനാണ് ഭരണകൂടം “പി.എഫ്.ഐ തീവ്രവാദം” എന്ന മിഥ്യ സൃഷ്ടിക്കുന്നത്.

ഉദാഹരണത്തിന്, പട്ടാപകല്‍ മുസ്‌ലിംകളെ ആള്‍ക്കൂട്ടകൊല നടത്തുന്നതാകട്ടെ, അവരുടെ വീടുകള്‍ ബുള്‍ഡോസറുകള്‍ കൊണ്ട് ഇടിച്ചുനിരത്തുമ്പോള്‍ ഹിന്ദുക്കള്‍ അതിനെ സ്വാഗതം ചെയ്യുന്നതാകട്ടെ, ഹിജാബ് ധരിക്കുമ്പോഴോ താടി വെക്കുമ്പോഴോ അതിനെ ഭീകരവത്കരിക്കുന്നതാകട്ടെ, അല്ലെങ്കില്‍ തീവ്രവാദികളായ ഹിന്ദുക്കള്‍ മുസ്‌ലിംകളെ വംശഹത്യ നടത്താന്‍ ആഹ്വാനം നടത്തുന്നതാകട്ടെ, ഇതിലെല്ലാം തന്നെ ഉള്ളടങ്ങിയിരിക്കുന്ന നിലവിലെ ഭരണകൂട ഭീകരത വളരെ വ്യക്തമാണ്.

ഹിന്ദുത്വ വാദികളായ വി.ഡി സവര്‍ക്കറും മാധവ ഗോള്‍വാക്കറുമെല്ലാം അടിത്തറ പാകിയ വംശീയ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ആര്‍.എസ്.എസ്-ബി.ജെ.പി അജണ്ടക്ക് ഏറെ നിര്‍ണ്ണായകമാണ് ഈ ഭീകരത നിറഞ്ഞ ഭരണവാഴ്ച്ച. യൂറോപ്യന്‍ ഫാസിസത്തില്‍ നിന്നുമാണ് അവരുടെ പ്രത്യയശാസ്ത്രം രൂപീകരിക്കപ്പെട്ടിട്ടുള്ളത്. പി.എഫ്.ഐ ഫാസിസത്തിനെ എതിര്‍ക്കുന്നതു കൊണ്ടുതന്നെ, ഈ നിരോധനം അത്ര അത്ഭുതപ്പെടുത്തുന്ന കാര്യമല്ല.

നവ-കൊളോണിയല്‍, ഫാസിസ്റ്റ്, വംശീയ ശക്തികളെ എതിര്‍ക്കുന്നതിന് വേണ്ടി പി.എഫ്.എ അതിന്റെ ഭരണഘടനയില്‍ തന്നെ കൈകൊണ്ടിട്ടുള്ള പ്രതിബദ്ധതയെയാണ് മുഖ്യധാരാ മാധ്യമങ്ങള്‍ അദൃശ്യവത്കരിക്കുന്നത്. പി.എഫ്.ഐ അല്ലാതെ മറ്റേത് പാര്‍ട്ടിക്കാണ് ഇത്തരമൊരു അജണ്ടയുള്ളത്? അഥവാ ഉണ്ടെങ്കില്‍ തന്നെ, അവര്‍ അവയെ പൂര്‍ത്തീകരിക്കുന്നതില്‍ എത്രത്തോളം ആത്മാര്‍ത്ഥത കാണിക്കുന്നുണ്ട്?

പി.എഫ്.ഐയുടെ നിരോധനം രാഷ്ട്രീയ പ്രേരിതമാണെന്നാണോ താങ്കള്‍ പറയുന്നത്?

തീര്‍ച്ചയായും, ഇത് രാഷ്ട്രീയപരമാണ്. കേവലമായ തീവ്രവാദ ആരോപണമാണ് പി.എഫ്.ഐയെ നിരോധിക്കാനുള്ള അടിസ്ഥാനമെങ്കില്‍, ബി.ജെ.പിയെ നിരോധിക്കാനുള്ള കാരണങ്ങള്‍ അതിലും ശക്തമാണ്. ഭീകര പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന്റെ പേരിലാണ് ബി.ജെ.പി പ്രവര്‍ത്തകയായ, സ്വാധി പ്രഗ്യ ഒമ്പത് വര്‍ഷം ജയിലിലടയ്ക്കപ്പെട്ടത്. ഇപ്പോള്‍ ജാമ്യത്തിലാണെങ്കിലും, പി.എഫ്.ഐയെ നിരോധിക്കാനുപയോഗിച്ച അതേ തീവ്രവാദവിരുദ്ധ നിയമത്തിന്റെ അടിയില്‍ വിചാരണ നേരിടുകയാണവര്‍.

അമേരിക്കയില്‍ നടന്ന 9/11 അക്രമത്തിനു ശേഷം നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ നേതാക്കന്മാരായിരുന്നു പി.എഫ്.ഐയുടെ ചില പ്രവര്‍ത്തകര്‍ എന്ന് പറഞ്ഞു കൊണ്ടും ഭരണകൂടം ഈ നിരോധനത്തെ ന്യായീകരിക്കുന്നുണ്ട്. എന്നാല്‍, സിമിക്കെതിരെയുള്ള തീവ്രവാദ ആരോപണം തെളിയിക്കാന്‍ ഇപ്പോഴും ഭരണകൂടത്തിന് സാധിച്ചിട്ടില്ല. സിമി തീവ്രവാദമെന്ന പഴയ കെട്ടുകഥയെ ഉപയോഗിച്ചു കൊണ്ട് പി.എഫ്.ഐ തീവ്രവാദ സംഘടനയെന്ന പുതിയ കെട്ടുകഥയെ ഊട്ടിയുറപ്പിക്കാന്‍ ഉപയോഗിക്കുകയാണിവര്‍.

പ്രഗ്യ സിങ്

ഗവണ്‍മെന്റിന്റെ തന്നെ യുക്തി ഉപയോഗിക്കുകയാണെങ്കില്‍, മുൻപ് നിരോധിച്ച ഒരു സംഘടനയുമായുള്ള ബന്ധം മതി നിലവിലെ ഒരു സംഘടനയെ നിരോധിക്കാനെങ്കില്‍, മുൻപ് രണ്ടു തവണ നിരോധിക്കപ്പെട്ടിട്ടുള്ള ആര്‍.എസ്.എസിനെ നിരോധിക്കുന്നതല്ലേ കൂടുതല്‍ യുക്തിഭദ്രം? അതിലൊരു തവണ, 1948ല്‍ നടന്ന മഹാത്മാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ടായിരുന്നു. ഇൻഡ്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള മിക്ക കേന്ദ്ര മന്ത്രിമാരും ആര്‍.എസ്.എസ് അംഗങ്ങള്‍ കൂടെയാണ്.

മുസ്‌ലിം സംഘടനകള്‍ ഒറ്റപ്പെടുന്നുണ്ടോ?

ഇടതു പക്ഷമടക്കമുള്ള ഒരു പാര്‍ട്ടിയും തീവ്രവത്കരിക്കപ്പെടുന്ന ഒരു സവിശേഷ സമുദായമെന്ന് മുസ്‌ലിംകളെ കുറിച്ച് പരാമര്‍ശിക്കുന്ന ഈ ഉത്തരവിനെയോ, ഈ നിരോധനത്തെയോ എതിര്‍ത്തിട്ടില്ല. അക്രമിക്കപ്പെടുന്ന മറ്റു വിശ്വാസികളെന്ന അര്‍ത്ഥത്തില്‍ ഹിന്ദുക്കളെയാണ് ഈ ഉത്തരവ് പരാമര്‍ശിക്കുന്നത്. മുസ്‌ലിംകളെ ശത്രുക്കളായി ചിത്രീകരിക്കുന്ന കാര്യം വളരെ വ്യക്തമാണ്. ഇത്തരത്തിലുള്ള വിവേചനപരമായ രാഷ്ട്രീയം സ്വാഭാവികമായും മുസ്‌ലിംകളെ ഒറ്റപ്പെടുത്തും. ഭരണഘടനയും മനുഷ്യാവകാശവും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് തുല്യതക്കും അവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്നവരെ പ്രത്യേകിച്ചും.

“അടിസ്ഥാനപരമായും വിവേചനപരമെന്ന്” യു.എന്‍ വിശേഷിപ്പിച്ച 2019ലെ മുസ്‌ലിംവിരുദ്ധ പൗരത്വ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിന്റെയും ഭരണകൂടത്തിന്റെ ഹിന്ദു-ഭൂരിപക്ഷ അജണ്ടയെ വിമര്‍ശിച്ചതിന്റെയും പേരില്‍ നിരവധി മുസ്‌ലിം വിദ്യാര്‍ഥി ആക്റ്റിവിസ്റ്റുകളും നേതാക്കളും ജയിലുകളിലടക്കപ്പെട്ടിരുന്നു. വംശീയമായ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ സംഘടപ്പിച്ച പ്രധാനപ്പെട്ട സംഘടനകളിലൊന്നാണ് പി.എഫ്.ഐ. രണ്ടാം തരം പൗരത്വത്തെ സ്വീകരിക്കാന്‍ വിസമ്മതിച്ച പി.എഫ്.ഐ, മുസ്‌ലിംകളെ തുല്യരായി പരിഗണിക്കമെന്നാണ് ആവശ്യപ്പെട്ടത്.

ജര്‍മന്‍ സാമൂഹിക ശാസ്ത്രജ്ഞനായ ആരെന്റ് ഇമ്മറിച്ച് തന്റെ വളരെ കാലം നീണ്ട ഫീല്‍ഡ് വര്‍ക്കിനു ശേഷം രചിച്ച പുസ്തകത്തില്‍, പി.എഫ്.ഐയെ മുസ്‌ലിംകള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും പൂര്‍ണ്ണമായ പൗരത്വം ലഭിക്കുന്നതിന് വേണ്ടി പോരാടുന്ന ശബ്ദമെന്നാണ് വിശേഷിപ്പിക്കുന്നത്. ഇസ്രയേല്‍ ഫലസ്തീനികളെ പരിഗണിക്കുന്നത് പോലെ ഇൻഡ്യ മുസ്‌ലിംകളെ നേരിടണമെന്ന് പറയുന്ന ഹിന്ദുത്വ ആക്റ്റിവിസ്റ്റുകളെ കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.

ആരെന്റ് ഇമ്മറിച്ച്

വ്യക്തമായും, ഹിന്ദുരാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് വിമര്‍ശകര്‍ ആരോപിക്കുന്ന ഈ ഭരണകൂടം, വംശീയ ജനാധിപത്യത്തിന്റെ ഹിംസയെ പ്രതിരോധിക്കുകയും അചഞ്ചലമായി തുല്യതക്ക് വേണ്ടി ആവശ്യപ്പെടുകയും ചെയ്യുന്ന പി.എഫ്.ഐ പോലെയുള്ള വിമത ശബ്ദങ്ങളെ നിശബ്ദമാക്കുമെന്ന കാര്യം ഉറപ്പാണ്.

മുസ്‌ലിംകളെയും അവരുടെ സംഘടനകളെയുെം തെറ്റായ രീതിയില്‍ ചിത്രീകരിച്ച അമേരിക്കയുടെ “ഭീകരവിരുദ്ധ യുദ്ധ” (war on terror)ത്തോട് ഇതിനെ താരതമ്യപ്പെടുത്താന്‍ സാധിക്കുമോ? 

9/11നു ശേഷം മുസ്‌ലിംകള്‍ക്കെതിരെ അമേരിക്കയില്‍ നടന്ന അടിച്ചമര്‍ത്തലുകളും, ഇപ്പോള്‍ ഇൻഡ്യയിൽ നടന്നുകൊണ്ടിരിക്കുന്നവയും തമ്മിലുള്ള സമാനതകള്‍ അനവധിയാണ്. ഇൻഡ്യയിലെ തീവ്രവാദ വ്യവഹാരമെന്നത് തീവ്രവാദത്തെ കുറിച്ചുള്ള പാശ്ചാത്യ വ്യവഹാരവുമായി ഏറെ സമാനതകള്‍ പുലര്‍ത്തുന്നുണ്ട്. നിയമവാഴ്ച്ചയെ തീര്‍ത്തും അപ്രസക്തമാക്കുകയും അവഗണിക്കുകയും ചെയ്തു കൊണ്ടാണ് മുസ്‌ലിംകളെ ലക്ഷ്യംവെച്ചു കൊണ്ടുള്ള പല തീവ്രവാദ-വിരുദ്ധ നിയമങ്ങളും ഉപയോഗിക്കപ്പെടുന്നത്.

ഇൻഡ്യയിലും അമേരിക്കയിലും, രാഷ്ട്രീയക്കാരും മാധ്യമങ്ങളും തീവ്രവാദത്തെ ജനാധിപത്യത്തിന് നേര്‍ക്കുള്ള ഭീക്ഷണിയായിട്ടാണ് കണക്കാക്കുന്നത്. എന്നിരുന്നാലും, മനുഷ്യാവകാശത്തിന്റെയും നിയമവാഴ്ച്ചയുടെയും കാവലാളുകളെന്ന് പറയപ്പെടുന്നവര്‍ ജനാധിപത്യത്തിന്റെ പേരില്‍, “തീവ്രവാദവത്കരിച്ചിട്ടുള്ള” പൗരന്മാരുടെയും അല്ലാത്തവരുടെയും ജീവിതകഥകള്‍ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ് ചെയ്യുന്നത്. കോടതികള്‍ തങ്ങളെ വിട്ടയച്ചാല്‍ തന്നെയും, ഇത്തരത്തില്‍ ജയിലിലടക്കപ്പെട്ട “തീവ്രവാദികളും” അവരുടെ കുടുംബാംഗങ്ങളും വളരെ “ഭീകരമായ” ഒരവസ്ഥയിലാണ് കഴിയേണ്ടി വരുന്നത്. അവരുടെ സുഹൃത്തുക്കളും, ബന്ധുക്കളും, “ജനാധിപത്യത്തിന് വേണ്ടി പോരാടുന്ന” പൊതുജന ആക്റ്റിവിസ്റ്റുകളുമെല്ലാം അവരുമായുള്ള ബന്ധം അനഭികാമ്യമായി കരുതുകയാണ് ചെയ്യുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥയില്‍, ഹിന്ദു പ്രകീര്‍ത്തനങ്ങള്‍ ആഹ്ലാദപൂര്‍വം ചൊല്ലുന്ന സംഘങ്ങളും ആള്‍കൂട്ടങ്ങളും മുസ്‌ലിംകളെ പരസ്യമായി മര്‍ദിക്കുകയാണ്. ചൂറ്റുമുള്ള ആള്‍ക്കൂട്ടം ആവേശത്തോടെ കൈയ്യടിക്കുകയും ആര്‍പ്പു വിളിക്കുകയും ചെയ്യുന്നതിനിടയില്‍ പോലീസുകാര്‍ വളരെ ക്രൂരമായി മുസ്‌ലിം യുവാക്കളെ മര്‍ദിക്കുന്ന ഈയടുത്ത് നടന്ന സംഭവം നോക്കുക. ഗുജറാത്തിലാണിത് സംഭവിക്കുന്നത്- മോദിയുടെ ജന്മനാട്ടില്‍. ഇങ്ങനെയാണോ ഒരു ജനാധിപത്യ വ്യവസ്ഥിതി അതിന്റെ മുസ്‌ലിം പൗരന്മാരെ പരിചരിക്കുന്നത്?

Top