ഫാസിസ്റ്റ് കാലഘട്ടത്തിൽ ബൗദ്ധിക പ്രതിരോധത്തിന്റെ സാധ്യതകൾ

അദർ ബുക്സ് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ‘റ്റീ ആന്റ് ടോക്ക്’ സംഭാഷണ പരമ്പരയിൽ പങ്കെടുത്ത് സെപ്റ്റംബർ 6ന് പണ്ഡിതനും എഴുത്തുകാരനും ചിന്തകനുമായ സി.കെ.അബ്ദുൽ അസീസ് നടത്തിയ സംഭാഷണത്തിന്റെ പൂർണരൂപം.

നമ്മളെല്ലാം ഇന്നിവിടെ കൂടിയിരിക്കുന്നത്, അദർ ബുക്സ് നമ്മളെ ഒരുമിച്ചുകൂട്ടിയിരിക്കുന്നത്, എന്തെങ്കിലും പ്രയോഗം ലക്ഷ്യംവെച്ചുകൊണ്ടാണ് എന്നെനിക്ക് തോന്നുന്നില്ല. അപ്പോൾ പ്രയോഗം ഇല്ലെങ്കിൽ പിന്നെന്തിനാണ് ചിന്ത എന്ന ചോദ്യം ഉന്നയിക്കാവുന്നതാണ്. ഒരു പ്രവൃത്തിയെ ലക്ഷ്യം  വെച്ചുകൊണ്ടായിരിക്കണം ചിന്താപ്രക്രിയ എന്നൊന്നുമില്ല. അതൊരു വ്യക്തിയുടെ ഉളളിൽ ആന്തരികമായി സംഭവിക്കുന്ന ഒന്നാണ്. ചിന്തക്ക് പ്രയോഗവുമായി നേരിട്ട് ബന്ധമില്ലെങ്കിലും, ചിന്ത, വ്യക്തിയുടെ ഉള്ളിൽ മാത്രം സംഭവിക്കുന്ന ഒരു കാര്യമാണെങ്കിലും നമുക്ക് ചിന്തയെ പ്രയോഗത്തിൽ നിന്നും പൂർണമായും അറുത്തു മാറ്റാൻ പറ്റില്ല. അതുകൊണ്ട് തന്നെ ഒരു വ്യക്തി, തന്റെ സ്വന്തം കാര്യമാണ് എന്ന ധാരണയിലല്ല ചിന്താപ്രക്രിയയിൽ ഏർപ്പെടുന്നത്. തീർച്ചയായും ഒരോ വ്യക്തിയുടെയും ഉള്ളിൽ – മതപരമായാലും രാഷ്ട്രീയപരമായാലും മറ്റെന്തു തരത്തിലായാലും – മനുഷ്യനോടുള്ള സ്നേഹം, ദയാവായ്പ്, എന്നു തുടങ്ങിയ മാനുഷികം എന്ന് നമ്മൾ പറയുന്ന തരത്തിലുള്ള സംവേദന ശീലങ്ങൾ ഉണ്ടാവാറുണ്ട്. നേരെ തിരിച്ചും ഉണ്ടാവാറുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലുമാണ് നമ്മൾ ഓരോ പ്രതിഭാസങ്ങളേയും നോക്കിക്കാണാൻ ആഗ്രഹിക്കുന്നത്. വേറൊരു തരത്തിൽ പറഞ്ഞാൽ, ചിന്ത തന്നെ ഒരു സങ്കല്‍പമാണ്. പ്രത്യയശാസ്ത്രത്തെ പോലെയും സിദ്ധാന്തത്തെ പോലെയും ഉള്ള ഒരു സങ്കൽപം. പ്രവൃത്തിയിലേക്ക് എത്തുമ്പോൾ ഏതൊരു ചിന്തയും പരിണാമോന്മുഖമായിത്തീരും. എന്നു വച്ചാൽ നിങ്ങൾ ഇന്ന് ചിന്തിക്കുകയും വിഭാവനം ചെയ്യുകയും പ്രത്യയശാസ്ത്രപരമായി സങ്കൽപിക്കുകയും ഒക്കെ ചെയ്യുന്ന കാര്യമായിരിക്കില്ല യഥാർഥത്തിൽ നിങ്ങൾ പ്രവർത്തന പഥത്തിൽ എത്തുമ്പോൾ സംഭവിക്കാൻ പോകുന്നത്.

നമ്മൾ ഒരു പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു പ്രയോഗം വിഭാവനം ചെയ്യുന്നതെങ്കിൽ ആ പ്രയോഗം തന്നെ ഒരു പുതിയ പ്രത്യയശാസ്ത്രം ഉണ്ടാക്കും. പ്രയോഗം തന്നെ പുതിയ ആശയവും പുതിയ ചിന്തയും ഉണ്ടാക്കും. അങ്ങനെ ഉണ്ടാകുമ്പോൾ മാത്രമാണ് ചിന്ത രചനാത്മകമായി മാറുന്നത്. ചിന്തയുടെ ഈ പരിണാമോന്മുഖത പ്രധാനമാണ്. ഇങ്ങനെ ഒഴുകി കൊണ്ടിരിക്കുമ്പോൾ മാത്രമാണ്, ചലിച്ചുകൊണ്ടിരിക്കുമ്പോൾ മാത്രമാണ് ചിന്തക്ക് രചനാത്മകമാവാൻ പറ്റുകയുള്ളൂ. അല്ലാത്ത സാഹചര്യങ്ങളിൽ എന്ത് സംഭവിക്കും എന്നുവെച്ചാൽ വ്യക്തിപരമായി ഒറ്റയ്ക്കിരുന്ന് നമ്മുടെ സംവേദന ശീലങ്ങളും വിഭാവനകളും സങ്കൽപങ്ങളുമൊക്കെ നമ്മൾ ഇങ്ങനെയിരുന്ന് ചിന്തിച്ചു കൂടി ഒടുക്കമതൊരു അന്തമില്ലാത്ത ചക്രമായി പ്രയോഗത്തിന്റെ പന്ഥാവില്ലാതെ ചിന്ത മുരടിക്കും, വ്യക്തിയെയും മുരടിപ്പിക്കും. 

സി.കെ.അബ്ദുൽ അസീസ്

അപ്പോൾ പിന്നെ എന്തിനാണ് നമ്മൾ ചിന്തിക്കുന്നത് എന്നൊരു പ്രശ്നമുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിൽ തന്നെയും ചില ബാഹ്യ പ്രേരണകൾ നമ്മളെ സംവേദന ശീലത്തിന് പുറമേക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കും. ഇപ്പോൾ യഥാർഥത്തിൽ നമ്മുടെ ഇപ്പോൾ ഇവിടെ ഈ ഒരു കൂടിയിരുത്തം അല്ലെങ്കിൽ ഇങ്ങനെയൊരു ചിന്ത ഉണ്ടായതിന്റെ ഒരു പശ്ചാത്തലമായി ഞാൻ കരുതുന്നത് അത് ഒരു ബാഹ്യ പ്രേരണയുടെ ഭാഗമാണെന്നാണ്. ആ ബാഹ്യപ്രേരണ ഇപ്പോൾ ഇൻഡ്യൻ രാഷ്ട്രീയത്തിൽ ഉണ്ടായിട്ടുള്ള ചില പുതിയ സംഭവ വികാസങ്ങളാവാം. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി അധികാരത്തിൽ വന്നു. അധികാരത്തിൽ വന്നു എന്ന് മാത്രമല്ല കഴിഞ്ഞ ഗവൺമെന്റിനേക്കാൾ തീക്ഷണമായ രൂപത്തിലുള്ള ഭരണ നടപടികളിലേക്ക് കടന്നു. യുപിഎ ഗവൺമെന്റ് ആയിരുന്നു അധികാരത്തിൽ വന്നിരുന്നതെങ്കിൽ ഇത്രത്തോളം ഉൽക്കണ്ഠ യഥാർഥത്തിൽ ആർക്കും ഉണ്ടാവില്ലായിരുന്നു. നമ്മൾ എല്ലാവരും പങ്കുവെക്കുന്ന ഈ ഉത്കണ്ഠയുടെ ഒരു ഉള്ളടക്കം യഥാർഥത്തിൽ നിലവിലുള്ള ഭരണകൂടവും ബുദ്ധിജീവികളും തമ്മിലുള്ള വൈരുധ്യമാണ്. അവർ തമ്മിൽ പരസ്പരം സംഘർഷാത്മകമായ ഒരു ബന്ധം ഉടലെടുത്തിട്ടുണ്ട്. ഞാൻ ബുദ്ധിജീവി എന്ന് പറയാൻ കാരണം, ചിന്തിക്കുക എന്ന പ്രക്രിയയിൽ പ്രധാനമായിട്ടും മിഡിൽക്ലാസ് ബുദ്ധിജീവികൾ ആണ് ചിന്തിക്കുക എന്ന പ്രക്രിയയിൽ ഇടപെടുക അല്ലെങ്കിൽ ആ പ്രക്രിയയുടെ ഭാഗമായിട്ട് മാറുക എന്നതുകൊണ്ടാണ്. സാധാരണക്കാരായ ആളുകളെ സംബന്ധിച്ചിടത്തോളം അവർ അങ്ങനെയുള്ള വായനകളിലോ വായനക്കൂട്ടങ്ങളിലോ ഇടപെടാറില്ലല്ലോ. 

ബുദ്ധിജീവിയും ഗവൺമെന്റും തമ്മിൽ ഇപ്പോൾ എന്താണ് വിഷയം എന്ന് ചോദിച്ചാൽ ഈ ഗവൺമെന്റിന്റെ ഏറ്റവും മുന്നിട്ട് നിൽക്കുന്ന പ്രത്യേകത എന്നു പറയുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനോടുള്ള ഈ ഗവൺമെന്റിന്റെ സമീപനമാണ്. യാതൊരു അഭിപ്രായ സ്വാതന്ത്ര്യവും ഈ ഗവൺമെന്റ് ബുദ്ധിജീവികൾക്ക് അനുവദിക്കുന്നില്ല. നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം, ബുദ്ധിജീവി സമൂഹത്തെ നമ്മൾ ചരിത്രവൽക്കരിക്കുകയാണെങ്കിൽ അത് എക്കാലത്തും ഭരണകൂടത്തിന്റെ ഭാഗമാണെന്ന് മനസിലാകും. നിങ്ങളെ ഇമ്മാനുവൽ കാന്റിനെയൊക്കെ പഠിച്ചാൽ മനസ്സിലാവും. അദ്ദേഹം കൃത്യമായിട്ട് സ്കോളസ്റ്റിക്ക് കമ്മ്യൂണിറ്റി എന്ന് പറയുന്നുന്നവരുടെ പണി പൊതുജീവിതത്തിൽ ഗവൺമെന്റിനെ അനുസരിക്കലും സ്വകാര്യജീവിതത്തിൽ  സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്തലുമാണ്. ഇത് കാന്റിന്റെ ഭാവനയായിട്ട് ഞാൻ കാണുന്നില്ല. കാന്റ് ജീവിച്ച കാലഘട്ടത്തിൽ അതായിരുന്നു യഥാർഥത്തിൽ ബുദ്ധിജീവികളുടെ പണി. 

അപ്പോൾ ആരാണ് ബുദ്ധിജീവി എന്ന് ചോദിക്കുമ്പോൾ നമ്മൾ കുറച്ചുകൂടി യഥാതഥമായ ഒരു ഉത്തരം പറയേണ്ടിവരും. ആരാണ് ബുദ്ധിജീവി എന്ന് ചോദിച്ചു കഴിഞ്ഞാൽ കേരളത്തിലോ പുറത്തേക്കോ ഒക്കെ നമ്മൾ നോക്കുകയാണെങ്കിൽ സർക്കാറിന്റെ ശമ്പളം പറ്റുന്ന ആളുകൾ, സർക്കാരിന്റെ പെൻഷൻ വാങ്ങുന്ന ആൾക്കാർ, അതുമല്ലെങ്കിൽ ഇൻഡയറക്ട് ലേബർ വഴി ഗവൺമെന്റുമായി ബന്ധപ്പെട്ടവരോ വൻകിട കമ്പനികളുമായി ആയിട്ട് ബന്ധപ്പെട്ടവരോ ആയിട്ടുള്ള ഉള്ള ഒരു വിഭാഗമാണ് യഥാർഥത്തിൽ ബുദ്ധിജീവിയായിട്ട് ഉയർന്നുവരുന്നത്. ഭൗതികശേഷിയെ മനുഷ്യ മൂലധനമായി ഉപയോഗിക്കാൻ കെൽപ്പുള്ള, അതിനു സാഹചര്യമുള്ളവരിൽ നിന്നാണ് ബുദ്ധിജീവികൾ ഉണ്ടാവുന്നത് എന്നാണ് എന്റെ അഭിപ്രായം. തലച്ചുമട് ഏറ്റിനടക്കുന്ന ആളുകളിൽ നിന്നും ഒരു ബുദ്ധിജീവിയും സാധാരണ ഗതിയിൽ ഉയർന്ന് വരില്ല. ഈ ബുദ്ധിജീവികളുടെ പ്രധാന പണി അഭിപ്രായം പറയലാണ്, അഭിപ്രായ സ്വാതന്ത്ര്യത്തെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ബുദ്ധിജീവികളാണ്. മറ്റുള്ള ഇടത്തിൽ നിന്ന് ഇപ്പോൾ അഭിപ്രായങ്ങളില്ല. 

അടിയന്തിരാവസ്ഥ കാലത്ത് മിഡിൽക്ലാസാണ് ഏറ്റവുമധികം വ്യാകുലപ്പെട്ടത്. സാധാരണക്കാരന് അങ്ങിനെ ഒരു പ്രശ്നമില്ലായിരുന്നു. ഭരണകൂടത്തിന്റെ ചേരിയിൽ നിന്നുണ്ടാവുന്ന വിയോജനങ്ങളായിട്ടാണ് ആ വിഭാഗത്തിന്റെ (മിഡിൽ ക്ലാസ്) വ്യാകുലതകളെ കാണേണ്ടത്. ബുദ്ധികളെയാണ് യഥാർഥത്തിൽ ഭരണകൂടം ഭയപ്പെടുന്നത്. എന്നുവെച്ചാൽ ബുദ്ധിജീവിക്ക് അങ്ങനെയൊരു സാധ്യതയുണ്ട്. ബുദ്ധിജീവി ഗവൺമെന്റിനെ നിരുപാധികമായി അനുസരിക്കുന്നവർ ആണെങ്കിലും അല്ലെങ്കിലും ഗവൺമെന്റിന് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാത്തിടത്തോളം കാലം അവരെ ഗവൺമെന്റ് അനുവദിക്കും. നിങ്ങൾക്ക് വിമർശനം നടത്താം, നിങ്ങളുടെ വിമർശനങ്ങൾ കണ്ടില്ലെന്ന് നടിക്കാം, കേട്ടില്ലെന്ന് നടിക്കാം, എത്ര രൂക്ഷമായ വിമർശനം ആണെങ്കിലും ശരി. 

ഇപ്പോൾ മാവോവാദം പറയാമെന്ന് സുപ്രീംകോടതി പറയുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ഇത് പറയുന്നത്. സമരത്തെക്കുറിച്ച് നിങ്ങൾ പ്രചരിപ്പിച്ചു കൊള്ളൂ പക്ഷേ പ്രവർത്തിക്കാൻ പാടില്ല എന്ന് പറയും അതാണല്ലോ അതിന്റെ മറ്റേ അർഥം അപ്പോൾ ഈ അർഥത്തിൽ ഗവൺമെന്റിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള ബൗദ്ധിക വ്യായാമങ്ങൾ ബൗദ്ധിക പ്രവർത്തനങ്ങൾ ഒക്കെ നടക്കും. അതിനൊന്നും ഒരു തടസവും ഇത്രയും കാലം ഉണ്ടായിരുന്നില്ല. ഗവൺമെന്റ് ബുദ്ധിജീവികളെ ടാർഗറ്റ് ചെയ്തിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ പ്രധാനപ്പെട്ട പ്രശ്നം. അഭിപ്രായം പറഞ്ഞാൽ അകത്ത് പോകും എന്നുള്ളതാണ് സാഹചര്യം. ഇന്നത്തെ വാർത്തയെന്താണ്? പീപ്പ്ൾസ് മൂവ്മെന്റിന്റെ ഷഹലാ റാഷിദിനെതിരെ രാജ്യദ്രോഹ കുറ്റം ചാർത്തി. റോമിലാ ഥാപ്പറിനെക്കുറിച്ച് ജെഎൻയുവിന് പുനർവിചിന്തനം നടത്തണം. അപ്പോൾ ഈ അർഥത്തിൽ ബുദ്ധിജീവികളെ ടാർജറ്റ് ചെയ്യുന്ന ഒരു പുതിയ ഗവൺമെന്റാലിറ്റി ഇൻഡ്യാ രാജ്യത്ത് നിലവിൽ വന്നിരിക്കുന്നു. ഇത് മറ്റിടങ്ങളിലില്ലെങ്കിലും കേരളത്തിലെ ഏറ്റവും അധികം വരുന്ന മധ്യവർഗത്തിനിടയിൽ പരോക്ഷമായിട്ടെങ്കിലും സ്വാധീനം ചെലുത്തും. ഇത് സ്വാധീനം ചെലുത്താൻ ഇടയുള്ള സംഭവമാണ് എന്നാണ് ഞാൻ പറഞ്ഞുകൊണ്ടിരുന്നത്. അപ്പോൾ ഇത് ഇങ്ങനെയൊരു ബൗദ്ധിക പരിസരത്തിലുള്ള നമ്മളുടെ കൂടിച്ചേരലിൽ, ഒരു ക്രിയാത്മകത കൂടിയുണ്ട് എന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ഈ കൂടിച്ചേരലിൽ തന്നെ, നമുക്ക് എങ്ങോട്ടാണ് പോകേണ്ടത് എന്നുള്ളതിനെ കുറിച്ച് വ്യക്തതയില്ലാത്തതെങ്കിൽ പോലും ഒരു വിചാരം ഇതിൽ അന്തർലീനമാണ് എന്ന അടിസ്ഥാനത്തിൽ ഞാൻ ഈ പരിപാടിയെ സ്വാഗതം ചെയ്യുന്നു. ഇവിടെ എന്റെ ചില അഭിപ്രായങ്ങളെ നിങ്ങളുമായിട്ട് ഷെയർ ചെയ്യുക എന്ന് മാത്രമാണ് ഞാൻ ഉദ്ദേശിക്കുന്നത്.

എന്തുകൊണ്ടാണ് നമ്മുടെ രാജ്യം ഈ അവസ്ഥയിൽ എത്തിപ്പെട്ടത് എന്നുള്ളതിനെക്കുറിച്ചാണ് നമ്മൾ ഇപ്പോൾ ചിന്തിക്കുന്നത്. കശ്മീരിനെ കുറിച്ച് നമ്മൾ പറയും അവിടെ ജനാധിപത്യ ധ്വംസനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന്. അപ്പോൾ ഇതിന് മുൻപ് കാശ്മീരിൽ എന്താണ് നടന്നുകൊണ്ടിരുന്നത്? അവിടെ എപ്പോഴാണ് ജനാധിപത്യം ഉണ്ടായിരുന്നത്? അതൊരു 370ആം വകുപ്പിന്റെ പ്രശ്നം മാത്രമാണോ? അതിനപ്പുറത്തേക്ക് നമ്മൾ ചിന്തിക്കണം എന്നതാണ് എനിക്ക് അതിനെക്കുറിച്ച് തോന്നുന്നത്. കാശ്മീരും ആസാമുമാണല്ലോ, ഏറ്റവും പ്രധാനപ്പെട്ട രണ്ടു വിഷയങ്ങളായിട്ട് ഇപ്പോൾ നിൽക്കുന്നത്. എന്റെ അഭിപ്രായത്തിൽ കാശ്മീർ ഒരു പരീക്ഷണമാണ്. ഈ സംഘപരിവാർ രാഷ്ട്രീയത്തിന്റെ ഇതുവരെയുള്ള നീക്കങ്ങൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും; അവർ മുൻകൂറായിട്ട് താക്കീത് നൽകാതെ ഒരു കാര്യവും ഇവിടെ നടത്തിയിട്ടില്ല. സംഘപരിവാറിന്റെ ശാക്തീകരണത്തിന് തുടക്കം എന്നു പറയുന്നത് 1982ൽ വിഎച്ച്പിയുടെ നേതൃത്വത്തിലുണ്ടായ ഭാരത് യാത്രയാണ്. ആ ഭാരത യാത്രയിൽ തന്നെ അവർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വളരെ വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ടായിരുന്നു. ആ ഭാരതയാത്രയിലെ ഹൈന്ദവ പ്രതിനിധികൾക്കൊപ്പം താഴികക്കുടമൊക്കെ വെച്ചുകൊണ്ട് മുഴുവൻ ജനങ്ങളുടെയും താൽപര്യങ്ങളെ ഞങ്ങൾ പ്രതിനിധാനം ചെയ്യുന്നു എന്നുള്ള ഒരു തോന്നൽ ഉണ്ടാക്കേണ്ടത് എങ്ങനെ എന്നുള്ളതിനെ കുറിച്ച് വളരെ കൃത്യമായ ഒരു ഐഡിയ അവർക്കുണ്ടായിരുന്നു. ബാബരി ധ്വംസനം വളരെ കൃത്യമായ ഐഡിയ ആണ്. എത്രയോ കാലമായിട്ട് തുടർന്ന് വരുന്ന ഒരു വിഷയത്തിന്റെ പരമകാഷ്ഠയായിരുന്നു ബാബരി ധ്വംസനം. 

അപ്പോൾ ഞാൻ പറയുന്നത് ഇങ്ങനെ ചരിത്രത്തിൽ അവർ ചെയ്തു കൂടിയിട്ടുള്ള കാര്യങ്ങളിലെ ഓരോ ഇൻസ്റ്റൻസ് നമ്മൾ പ്രത്യേകമെടുത്ത് പരിശോധിച്ചു കഴിഞ്ഞാൽ ആ ഇൻസ്റ്റൻസിൽ തന്നെ എങ്ങനെയാണ് അവർ ഇതിനെ മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നത് എന്നുള്ളതിന് സൂചനകൾ നടന്നിരുന്നു. അതുപോലെയുള്ള ഒരു സൂചന ഈ 370ആം വകുപ്പിന്റെ എടുത്തു കളയലിൽ നിന്നും കാശ്മീരിൽ ഇപ്പോൾ നടമാടുന്ന സ്റ്റേറ്റ് ടെററിസത്തിൽ നിന്നും നമ്മൾ വായിച്ചെടുക്കണം. ഞാൻ അങ്ങനെയാണ് അതിനെ മനസ്സിലാക്കുന്നത്. എന്താണ് ആ സൂചന? ഇൻഡ്യയിൽ ഭരണകൂടത്തിനെതിരെ ഏറ്റവും ശക്തമായ ജനാധിപത്യ പ്രതിരോധം ഉയർന്നുവന്ന പ്രദേശമാണ് കാശ്മീർ. ഒരുപാട് അടിച്ചമർത്തൽ ഉണ്ടായിട്ടും അതിലൊന്നും തളരാതെ കശ്മീരിലെ ജനങ്ങൾ അതിശക്തമായ പ്രതിരോധം  സംഘടിപ്പിച്ചു. ആ പ്രതിരോധത്തെ തകർക്കാനുള്ള മറ്റ് പ്രവർത്തനങ്ങൾ അവിടെ ഉണ്ടായിരുന്നു എന്നത് യാഥാർഥ്യമാണ്. ക്രോസ് ബോർഡർ ടെററിസമൊക്കെ ഡിപ്ലോമാറ്റിക്ക് ഇഷ്യൂസ് ആയതിനാൽ ഞാനതിലേക്ക് വരുന്നില്ല. പക്ഷേ കാശ്മീരികളെ സംബന്ധിച്ചെടുത്തോളം മിനിമം ഡിമാൻഡിന്റെ പേരിലാണ് അവർ സമരം ചെയ്തിരുന്നത്. 370ആം വകുപ്പുകൊണ്ട് കാശ്മീരികൾക്ക് ഉണ്ടായിട്ടുള്ള ഒരേയൊരു ഗുണം അവരുടെ ജീവനോപാധിയായി ടൂറിസം മേഖലയെ വളർത്താൻ കഴിഞ്ഞു എന്നതാണ്. ഇന്ന് ആ ടൂറിസം അവരിൽ നിന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മഹാരാഷ്ട്ര ഗവൺമെന്റ് അവിടെ സ്ഥലം വാങ്ങി. ഓരോരുത്തരും പോയി അവിടെ സ്ഥലം വാങ്ങിയിട്ടുണ്ട്. അതായത് ഇന്റർനാഷണൽ ടൂറിസ്റ്റ് കുത്തകകളുടെ ഇന്ത്യൻ ഏജൻസിക്കാർ കാശ്മീരിനെ പിടിച്ചെടുത്തു. അപ്പോൾ ഒരു വലിയ കമേഴ്ഷ്യൽ ക്യാപിറ്റൽ ഇൻട്രസ്റ്റ് അതിൽ പ്രധാനമായിട്ടുണ്ട്. 

രണ്ടാമതായി, ഫലസ്തീനിൽ എങ്ങിനെയൊക്കെയാണ് സംഭവിച്ചത്? ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അഭയാർഥി പ്രശ്നം ഉണ്ടായത് 1948ലാണ്. എഴുപത് ലക്ഷം ഫലസ്തീനികളാണ് കുടിയിറക്കപ്പെട്ടത്. ഇവർ തിരിച്ചങ്ങോട്ട് തന്നെ പോവുകയാണെങ്കിൽ ഇസ്രായേലിൽ കുടിപ്പാർക്കുന്ന ഒന്നര മില്ല്യൻ അറബികളും ഈ ഏഴു മില്ല്യൻ അഭയാർത്ഥികളും കൂടിച്ചേർന്നാൽ ജൂത സമുദായം ന്യൂനപക്ഷമായി മാറും. അതുകൊണ്ട് ഒരിക്കലും അവരെ അങ്ങോട്ട് കടത്തില്ല എന്ന സമീപനമാണുണ്ടായത്. അതാണല്ലോ അക്കാലത്തുണ്ടായിരുന്ന ചർച്ചകളുടെ ഫോക്കസ്. ഇതു പോലെ, കശ്മീരിൽ ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യം വിപൽക്കരമായ പല സാധ്യതകൾക്കു വഴി തുറക്കുന്നുണ്ട്. ഇതൊക്കെ അതിന്റെ വ്യത്യസ്ത വശങ്ങളാണ്. പക്ഷേ, അതിൽ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ വശം പെട്ടെന്ന് ഒരു കശ്മീർ ആക്ഷൻ ഗവൺമെന്റിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നു എന്നുള്ളതാണ്. ഇത് ഇൻഡ്യയിലെവിടെയും ഉണ്ടാകാവുന്നതാണ്. ഇൻഡ്യൻ ഭരണഘടന ഉപയോഗിച്ചുകൊണ്ട് തന്നെ ഇൻഡ്യയിൽ ഏത് സംസ്ഥാനത്തും, പ്രത്യേകിച്ചും നിലവിലുള്ള രാഷ്ട്രീയ മേധാവിത്വത്തെ ചെറുക്കുന്ന ഏതു സംസ്ഥാനത്തും, ഭരണഘടനയിലെ 356ആം വകുപ്പ് ഉപയോഗിച്ചു കൊണ്ട് പ്രസിഡന്റ് ഭരണം ഏർപ്പെടുത്തുകയും 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ സ്തംഭിപ്പിക്കുന്ന നടപടികൾ എടുക്കുന്നതിനും ഭാവിയിലേക്കുള്ള പരീക്ഷണമാണ് ഇത് എന്നാണ് ഞാൻ പറയുക. അങ്ങനെ വരുമ്പോൾ കേരളം പോലെയുള്ള സംസ്ഥാനം ബിജെപിയുടെ ഈ റോഡ് മാപ്പിൽ ഒരു പ്രധാന ഇടം പിടിക്കാൻ സാധ്യതയുള്ള സംസ്ഥാനമാണ്. കാരണം ഇൻഡ്യയിലെല്ലായിടത്തും ബിജെപിക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ കേരളത്തിൽ ബിജെപിക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. ദേശീയ രാഷ്ട്രീയത്തിൽ ഇപ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ബാലക്കോട്ട് ഉണ്ടായി എന്ന് പറയപ്പെടുന്ന സംഭവമാണ് മൊത്തത്തിൽ ഇലക്ഷനിന്റെ ബാലൻസ് തിരിച്ചുവിട്ടത്. പക്ഷേ അത്തരത്തിലുള്ള സങ്കുചിത ദേശീയതാവാദം കേരളത്തിൽ ഇതുവരെ വിറ്റഴിക്കാൻ ബിജെപിക്ക് സാധ്യമായിട്ടില്ല. ഗവൺമെന്റാലിറ്റിയുടെ പുതിയ രീതികൾ മനസ്സിലാക്കി കൊണ്ട് മാത്രമാണ് നമുക്ക് മുന്നോട്ടുള്ള പ്രവർത്തനങ്ങളെ നിശ്ചയിക്കാൻ കഴിയൂ. 

നമ്മുടെ ചിന്തക്ക് ഒരു സഞ്ചാരപഥം വേണ്ടേ? ചിന്തക്ക് അതില്ലാ എന്നുണ്ടെങ്കിൽ പിന്നെ നമുക്ക് വെറുതെ പുസ്തകം വായിച്ചിട്ട് ഇരുന്നാൽ മതിയായിരുന്നു. യഥാർഥത്തിൽ ഇപ്പോൾ ബുദ്ധിജീവികളുടെ പങ്ക് വളരെ വലുതാണ് എന്ന അഭിപ്രായമാണ് എനിക്ക് ഉള്ളത്. എന്തുകൊണ്ടെന്നാൽ അഭിപ്രായം പറയുക എന്നുള്ളത് പ്രധാനമാണ്. ഇപ്പോൾ അഭിപ്രായം ഇല്ലാത്ത വലിയൊരു സമൂഹമാണ് ഇപ്പോൾ ഉള്ളത്. മൃഗീയ ഭൂരിപക്ഷമാണ് ബിജെപിയെ, സംഘപരിവാറിനെ വീണ്ടും വിജയത്തിലെത്തിച്ചിട്ടുള്ളത്. എന്നുവെച്ചാൽ വലിയ സമ്മതിയാണ് ബിജെപി നേടിയെടുത്തിട്ടുള്ളത്, നമുക്ക് അതിനെ നിഷേധിക്കാൻ പറ്റില്ല. എങ്ങനെയാണ് ഈ സമ്മതി നേടിയടുത്തിട്ടുള്ളത് എന്നുള്ളതിനെ കുറിച്ച് നമുക്ക് പുനർവിചിന്തനം നടത്തേണ്ടതുണ്ട്. അതാണ് ഒരു പ്രധാനപ്പെട്ട വിഷയം. ഈ പുനർവിചിന്തനം നടത്തുക എന്ന പ്രക്രിയയിൽ ചിന്ത ഒരു പ്രധാനപ്പെട്ട ഘടകമാണ്. 

നമ്മൾ ഇൻഡ്യൻ ജനാധിപത്യത്തിന്റെ സവിശേഷതകളെക്കുറിച്ച് പറഞ്ഞു. ഇപ്പോൾ ഇൻഡ്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത ഒരു പൂർണ ലിബറൽ ഡെമോക്രസിയുടെ ഭാഗമായിട്ട് സമന്വയിക്കപ്പെട്ടു അല്ലെങ്കിൽ പാശ്ചാത്യ ലിബറൽ ജനാധിപത്യവുമായി ഇൻഡ്യൻ ജനാധിപത്യം സമരസപ്പെട്ടു എന്നതിനാൽ അന്താരാഷ്ട്ര തലത്തിലെ ലിബറൽ ഡെമോക്രസിയുടെ എന്തെല്ലാം സങ്കുചിത സവിശേഷതകളുണ്ടോ അതൊക്കെ ഈ ഗവൺമെന്റിന്റെ ഭാഗത്തും ഉണ്ടാവും. കാരണം ഒരു ഗവൺമെന്റിന്റെ എങ്ങനെ നിലനിർത്തണം എന്നുള്ളത് ഏതൊരു ഗവൺമെന്റിന്റെയും മാനേജ്മെന്റ് കാര്യപ്രാപ്തിയുടെ ഒരു പ്രശ്നമാണ്. അപ്പോൾ ഇതിൽ നമ്മുടെ ഇൻഡ്യൻ ഗവൺമെന്റ് ഏത് പ്രകാരമാണ് മൂലധനം സ്വീകരിക്കുന്നത്, ഏതു പ്രകാരമാണ് നിക്ഷേപിക്കുന്നത് ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ചെയ്തിരിക്കുന്നത്, അതുപോലെതന്നെ ലിബറൽ  ജനാധിപത്യത്തിന്റെ വർത്തമാന കാലത്തുള്ള അതിന്റെ പരിണാമ ദശയുടെ എല്ലാ വശങ്ങളും ഇന്ന് ഇൻഡ്യൻ ജനാധിപത്യം സ്വായത്തമാക്കിയിട്ടുണ്ട് എന്നുള്ളതാണ് നമ്മൾ മനസിലാക്കേണ്ടത്. അപ്പോൾ ഈ സാഹചര്യത്തില്‍ നമ്മൾ 25 കൊല്ലം മുമ്പേ നമ്മൾ ചിന്തിച്ചിരുന്ന പോലെ അന്ന് സ്വീകരിച്ച വഴികളും തന്ത്രങ്ങളും ഇന്ന് നടപ്പാകുമോ എന്നുള്ളതാണ് പുനർവിചിന്തനത്തിന് പ്രധാനപ്പെട്ട ഘടകം. ഇപ്പോൾ ഉദാഹരണം പറഞ്ഞാൽ, നമ്മൾ കുറേ കാലമായിട്ട് പല പദ്ധതികളെ കുറിച്ച് പറയാറുണ്ട്, ദലിത് പിന്നോക്ക ന്യൂനപക്ഷ ഐക്യം പോലെ. ഞങ്ങളൊക്കെ പറഞ്ഞിരുന്ന ഒരു കാര്യം ഈ ദലിത് പിന്നോക്ക ന്യൂനപക്ഷ ഐക്യമെന്ന് പറയുന്നതിന്റെ രാഷ്ട്രമീമാംസാപരമായ വശം എന്നത് ഭരണഘടനാവാദം ആണെന്നാണ്. 

എന്റെ അഭിപ്രായത്തിൽ ഭരണഘടനാവാദത്തിന്റെ ഭാഗമായിട്ടാണ് യഥാർഥത്തിൽ നമ്മൾ അതുന്നയിച്ചിരുന്നത്. പക്ഷേ അത്തരത്തിലുള്ള ഭരണഘടനാവാദത്തിന് വർത്തമാന സാഹചര്യത്തിൽ പ്രസക്തിയുണ്ടോ? ഭരണഘടനയെ തന്നെ ഒരു മർദ്ദന ഉപാധിയാക്കി മാറ്റുന്ന ഒരു ഗവൺമെന്റ് നിലനിൽക്കുമ്പോൾ ആ തരത്തിലുള്ള ഭരണഘടനാവാദത്തിന് എത്രത്തോളം മുന്നോട്ടു പോകാൻ പറ്റും? ഇതൊരു വിഷയമാണ്. കഴിഞ്ഞ ഒരു പത്തു വർഷക്കാലത്തെ ഇൻഡ്യൻ രാഷ്ട്രീയത്തെ സൂക്ഷ്മമായി പരിശോധിച്ചു കഴിഞ്ഞാൽ നമ്മുടെ സംഘടിത രാഷ്ട്രീയ ശക്തികൾ ഓരോ വർഷം കഴിയുംതോറും അതീവ ദുർബലമായ ഒരു അവസ്ഥയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് എന്നു മനസിലാകും. അതിന്റെ ഒരു പരിണാമദശയായാണ് ഇപ്പോൾ പ്രതിപക്ഷം പോലുമില്ലാത്ത ഒരു സാഹചര്യം ഇൻഡ്യാ രാജ്യത്ത് ഉണ്ടായിട്ടുള്ളത്. വീക്ക് ഡെമോക്രസി എന്നൊക്കെ പറയുന്ന ഒരു കാര്യമാണിത്. അതൊരു ഭാഗത്ത്. ഇതിന്റെ വേറൊരു വശം എന്താണെന്നു വെച്ചാൽ അത് അസംഘടിതരായ പാർട്ടികളും മൂവ്മെന്റ്സുമാണ്. ഇപ്പോൾ ഏറ്റവുമധികമുള്ളത് നോൺ പൊളിറ്റിക്കലായ ഒറ്റപ്പെട്ട മൂവ്മെന്റ്സുകളാണ്, നമ്മൾ അതിനെ നവ ജനാധിപത്യ പ്രസ്ഥാനങ്ങൾ എന്നൊക്കെ വിളിക്കാറുണ്ടല്ലോ. ഇത് കൂൺ പൊടിയുന്നത് മാതിരി പൊടിഞ്ഞുവരുന്നത് ഈ കഴിഞ്ഞ ഒരു ദശകത്തിനുള്ളിലാണ്. ഇൻഡ്യാ രാജ്യത്ത് പലയിടത്തും വിഷയാധിഷ്ഠിത സമരങ്ങൾ, ചെറിയ ചെറിയ മുന്നേറ്റങ്ങൾ, പരസ്പരം ഒരു ഏകോപനമില്ലാത്ത തരത്തിലുള്ള ചെറിയ മുന്നേറ്റങ്ങൾ നടക്കുന്നുണ്ട്. സ്വത്വവാദത്തിന്റെ ചെറിയ ചെറിയ തുരുത്തുകൾ.

ദേശീയ രാഷ്ട്രീയത്തിൽ ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാവേണ്ട ഒരു ഘട്ടത്തിൽ ആ രാഷ്ട്രീയ മുന്നേറ്റത്തിന്റെ സാധ്യതകളെ ശിഥിലീകരിക്കുന്ന ഒരു രൂപത്തിലാണ് അതുള്ളത്. ഈ കഴിഞ്ഞ ഒരു ദശകത്തിനുളളിൽ സംഘപരിവാർ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയ അടവുകൾക്കും സാംസ്കാരിക അടവുകൾക്കും എതിരായി എവിടെയാണ് മുന്നേറ്റം നടന്നിട്ടുള്ളത്? ഇപ്പോൾ മുസ്‌ലിംകളുടെയും ദലിതുകളുടെയും വിഷയം പറയുകയാണെങ്കിൽ തീർച്ചയായും അവരൊക്കെ ഇരകളാണ് എന്നുള്ളതിൽ തർക്കമൊന്നുമില്ല. പക്ഷേ ഓരോ വിഭാഗവും അവനവന്റെ പ്രശ്നങ്ങളിൽ കേന്ദ്രീകരിച്ചുകൊണ്ട് സ്വയം ഇരയെന്നു വാദിക്കുന്ന ഒരു സാഹചര്യം ഒരു കേന്ദ്രീകൃത്യമായ അതിവിപുല രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കേണ്ട സാധ്യതകളെയും അവസരങ്ങളെയും കളഞ്ഞുകുളിക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഇതിനെയൊക്കെ ബിജെപി ഉപയോഗപ്പെടുത്തിയിരിക്കുന്നു. അത്തരത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് സാംസ്കാരിക രംഗമാണ്. കാരണം എൺപതുകളിലാണ് ബിജെപിയുടെ പ്രോപ്പഗാണ്ടയുടെ ഭാഗമായി, രാമായണം സീരിയൽ വന്നത്. അന്ന് കേരളത്തിൽ ഒരേയൊരാൾ മാത്രമാണ് ആ രാമായണം സീരിയലിന്റെ ഭവിഷ്യത്തിനെ കുറിച്ചും അതിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ കുറിച്ചും എഴുതിയിട്ടുള്ളത് – വി.പി ശിവകുമാർ. പട്ടാമ്പി കോളേജിൽ മാഷായിരുന്ന അദ്ദേഹം അകാലത്തിൽ മരിച്ചു പോയി.

ഈ രാമായണം സീരിയലും മഹാഭാരതം സീരിയലും ഒക്കെ ഇവിടെ വരുന്ന കാലത്ത് സാംസ്കാരിക രംഗത്ത് ഇത് ഉണ്ടാക്കാൻ പോകുന്ന വിപത്കരമായ പ്രവണതകൾ എന്തൊക്കെയെന്നും ഇതിന്റെ സാംസ്കാരിക അജണ്ട എന്താണ് എന്നുള്ളതിനെ കുറിച്ചും ഇൻഡ്യയിലെ ഏറ്റവും പുരോഗമന വാദികൾ എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം പോലും കൃത്യമായ ഒരു നിർണയം ആ സമയത്ത് നടത്തിയിട്ടില്ല. കൃത്യമായ ചെറുത്തുനിൽപ്പ് ആ കാര്യത്തിൽ ഉണ്ടായിട്ടില്ല. നേരെ തിരിച്ചാണ് ഉണ്ടായത്. പുരോഗമന കലാസംഘത്തിന്റെയൊക്കെ ആഭിമുഖ്യത്തിൽ ചെയ്തിരുന്ന പണിയെന്തായിരുന്നു? രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും സാഹിത്യമേന്മകൾ വിവരിച്ച് പുനരാവിഷ്കരിക്കുകയും വേറൊരു തരത്തിൽ അതിനെ ജനകീയവൽക്കരിക്കുകയുമാണ് ചെയ്തത്. (ഇടതുപക്ഷ ബുദ്ധിജീവികളിപ്പോഴും രാമനെക്കുറിച്ചും സീതയെക്കുറിച്ചും ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്).

രാമായണവും മഹാഭാരതവും സീരിയൽ ആക്കുന്നതിന്റെ, അതിനെ കച്ചവടവൽക്കരിക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം എന്താണ്? ആ രാഷ്ട്രീയം എവിടുന്നാണ് വരുന്നത്? ഇൻഡ്യൻ രാഷ്ട്രീയത്തിൽ സാംസ്കാരിക ഘടകങ്ങൾ ഉണ്ടാകുന്ന പുതിയ പരിണാമങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ച് കൃത്യമായ പഠനം നടത്തി കൃത്യമായ പ്രവർത്തനത്തിൽ ആരും ഏർപ്പെട്ടിട്ടില്ല. മതം എന്നു പറഞ്ഞാൽ അത് പരിഹസിച്ചു കളയേണ്ട ഒരു കാര്യമാണ് എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് അന്ന് പലരും. ഹിന്ദു മതത്തിന്റെ പേരു പറഞ്ഞ് ഉണ്ടാക്കുന്ന ഈ ഉദ്ഗ്രഥനം ഹിന്ദുത്വയുടെ മുദ്രവാക്യങ്ങളെ എങ്ങിനെയാണ് ജനകീയമാക്കിയത് എന്നതിനെക്കുറിച്ചാണ് ഞാൻ പറയുന്നത്. ഹിന്ദുത്വ എന്നുള്ള മുദ്രാവാക്യത്തെ ജനകീയവൽക്കരിക്കുന്നതിനുള്ള ആ പ്രക്രിയ നടന്നുകൊണ്ടിരിക്കുമ്പോൾ അതിനോട് നിശബ്ദത പാലിച്ചു കൊണ്ടും അതിനെ സാംസ്കാരികമായി ചെറുക്കാൻ ആയുധവും ഇല്ലാതെയുമാണ് ഇൻഡ്യയിലെ പുരോഗമന പക്ഷം നിലനിന്നിരുന്നത്. ഈ സ്ഥിതിയിൽ ഇന്നും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. രാമായണം, മഹാഭാരതം സീരിയലുകളിലൂടെ സംഘപരിവാർ ശക്തികൾ തുടങ്ങിവെച്ച സാംസ്കാരിക പ്രതിവിപ്ലവം സിനിമാരംഗത്തും ദൃശ്യമാധ്യമരംഗത്തുമെല്ലാം കൊടികുത്തിവാഴുന്ന മേധാശക്തിയായി മാറിയിരിക്കുന്നു. സാംസ്കാരിക രംഗത്തെ തന്നെ ഭരിക്കുന്ന ശക്തിയായി, ആശയമായി ഇന്നത് മാറിയിരിക്കുന്നു. ഇത് ഒരു വല്ലാത്ത അവസ്ഥ തന്നെയാണ്. ഇൻഡ്യയിലെ പുരോഗമനപക്ഷത്തിന് അതിന്റെ പരിമിതികളെ മറികടക്കാൻ ഇനിയും സാധ്യമായിട്ടില്ല എന്നു വേണമെങ്കിൽ പറയാം. സങ്കുചിത ദേശീയത, അന്യമതവൈരം വിശിഷ്യാ ഇസ്ലാമോഫോബിയ മുതലായവ പ്രചരിപ്പിക്കുന്ന സിനിമകൾ വൻലാഭം കൊയ്യുന്നത് നാം കാണുന്നു. അതുമല്ലെങ്കിൽ സവർണ സാംസ്‌ക്കാരിക ബിംബങ്ങളെ പുകഴ്ത്തുന്ന സിനിമകൾ, സീരിയലുകൾ – സവർണ മധ്യവർഗത്തിന്റെ സാമൂഹിക പരിസരത്തിനുള്ളിലാണ് ഇപ്പോൾ സിനിമയും സീരിയലുമെല്ലാം. സാംസ്‌ക്കാരിക രംഗത്തെ ഒരു വലിയ ദുരന്തമാണിത്.

അതേസമയത്ത് ന്യൂനപക്ഷങ്ങൾ എന്താണ് ചെയ്തത്? ഇത്തരത്തിലുള്ള ഒരു വിഷയവും നമ്മളെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ലാത്ത കാര്യങ്ങളാണ് എന്ന മട്ടിലായിരുന്നു ന്യൂനപക്ഷങ്ങളുടെ പ്രതികരണം. ഇൻഡ്യയിലെ മതന്യൂനപക്ഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് മുസ്‌ലിംകളാണ്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവർ കരുതിയത് ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമേയല്ല എന്നായിരുന്നു. ഇൻഡ്യൻ രാഷ്ട്രീയത്തിൽ എന്തൊക്കെ തരത്തിലുള്ള അതിക്രമങ്ങളാണ്, ഫാഷിസ്റ്റുവൽക്കരണമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതൊന്നും ഞങ്ങളെ സംബന്ധിച്ച് വിഷയമേയല്ല; ഞങ്ങളെ സംബന്ധിക്കുന്ന ആകെയുള്ള വിഷയം ഭരണഘടനയിൽ ഒതുങ്ങുന്ന ചില കാര്യങ്ങളിൽ ഞങ്ങൾക്ക് സംരക്ഷണം കിട്ടുന്നുണ്ടോ ഇല്ലയോ എന്നുള്ളത് മാത്രമാണ്’ എന്നതായിരുന്നു നിലപാട്. ഇന്നിപ്പോൾ എന്താണ് സംഭവിച്ചത്? ഈ ഹിന്ദുത്വ എന്നുള്ള മുദ്രാവാക്യത്തെ ജനങ്ങൾ അംഗീകരിച്ചിരിക്കുന്നു എന്നുള്ള യാഥാർഥ്യത്തെ നിങ്ങൾ നിഷേധിച്ചിട്ട് കാര്യമില്ല. അതിന്റെ ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ മോദി ഭരണത്തിന്റെ ആഘാതം രാജ്യത്തെ മുഴുവൻ ആളുകൾക്ക് ഏറ്റിട്ടും, ‘അത് ഞങ്ങൾക്ക് പ്രശ്നമല്ല. ആ സോഷ്യൽ വെൽഫെയർ സ്കീം ഒന്നും വേണ്ടത്ര വിജയിച്ചില്ലെങ്കിലും ഞങ്ങളെ സംബന്ധിച്ചിടത്തോളം മോദി തന്നെയാണ് വീണ്ടും ഭരിക്കേണ്ടത്’ എന്നൊക്കെ. അതിന് ഇൻഡ്യൻ പട്ടാളം നടത്തി എന്ന് പറയപ്പെടുന്ന തിരിച്ചടിയെ ഉയർത്തിക്കാട്ടി ദേശത്തെ സംരക്ഷിക്കാൻ ഉള്ള ആർജ്ജവമുള്ള നേതാവാണ് മോദി എന്നുള്ള നിഗമനത്തിലേക്ക് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങൾ എത്തിച്ചേരുകയാണ് ചെയ്തത്. 

ലിഞ്ചിങ് ഇവിടെ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് പ്രതിരോധം ഉണ്ടാകാതിരുന്നത്? ഇരകളുടെ ഭാഗത്തുനിന്നും കൊണ്ട് എന്തുകൊണ്ടാണ് പ്രതിരോധം ഉണ്ടാകാതിരുന്നത്? ഒരു പ്രധാനപ്പെട്ട കാരണം ഫലസ്തീനിലെ ഇൻതിഫാദയുടെ പശ്ചാത്തലത്തിൽ പറയാൻ കഴിയും. അവിടെ ഏറ്റവും വലിയ റോൾ വഹിച്ചത് അമ്മമാരും സ്ത്രീകളും ആണ്. അമ്മമാരും സ്ത്രീകളും ഏറ്റവും വലിയ പങ്കുവഹിച്ചതുകൊണ്ടാണ് ഫലസ്തീനികളുടെ ഇച്ഛാശക്തിയെ തകർക്കാൻ ഇനിയും ഇസ്രായേൽ ഗവൺമെന്റിന് സാധ്യമാകാതെ വരുന്നത്. ഒന്നാം ഇൻതിഫാദ അതിഗംഭീരമായി വളരെ പെട്ടെന്ന് ഉണ്ടായ ഒന്നാണ്. അങ്ങനെയുള്ള ഒരു ചടുലത യഥാർഥത്തിൽ ഇൻഡ്യൻ മുസ്‌ലിംകൾക്കിടയിൽ ഉണ്ടാവേണ്ടിയിരിക്കുന്നു. ആ ചടുലതയെ ആരാണ് തടസപ്പെടുത്തിയത്? അതിന് കാരണം മുസ്‌ലിംകകൾക്കിടയിൽ അമ്മമാരും സ്ത്രീകളും ഒന്നും സ്വതന്ത്രരല്ല, അവർക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും പറ്റില്ല എന്നതാണ്. അവർക്ക് അതിന് പറ്റുമായിരുന്നെങ്കിൽ ഈ മുഹമ്മദ് അഖ്ലാഖ് തുടങ്ങിയിട്ടുള്ള എല്ലാ വിഷയങ്ങളിലും സ്ത്രീകളുടെ വലിയ മൂവ്മെന്റ്; ഉനയിൽ എങ്ങനെ ഉണ്ടായോ, അതുമാതിരി വലിയ മുന്നേറ്റം ഈ രാജ്യത്തുണ്ടായേനെ. 

സ്വന്തം മക്കളും ഭർത്താക്കന്മാരും സഹോദരങ്ങളും പേരമക്കളും ആൾക്കൂട്ടക്കൊലക്കിരയാവുമ്പോൾ, അമ്മ എന്ന സ്ത്രീക്ക്, സഹോദരി എന്ന സ്ത്രീക്ക്, മകൾ എന്ന സ്ത്രീക്ക് വെറുതെയിരിക്കാനാവില്ല. തികച്ചും അസ്വാഭാവികമാണത്. ഇങ്ങനെയൊരു സന്നിഗ്ദഘട്ടത്തിൽ മുസ്ലിം സ്ത്രീയെ നിഷ്ക്രിയമാക്കുന്നത് മത വിശ്വാസമാണ് എന്ന് ഞാൻ കരുതുന്നില്ല. മതവിശ്വാസം പലപ്പോഴും ആണുങ്ങളുടെ കൈയിലെ ചാട്ടവാറും പെണ്ണുങ്ങളുടെ കാലിലെ ചങ്ങലയുമായി പരിണമിക്കാറുണ്ട്. മതം ഒരു സാമൂഹിക സംഘടനയുടെ രൂപത്തിൽ നിലനിൽക്കുന്നത് കൊണ്ട് അതിനുള്ളിൽ ജീവിക്കുന്നവർക്കു വേണ്ടി ചട്ടങ്ങളും നിയമങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ചാട്ടവാറും കാൽചങ്ങലയും ഉണ്ടാക്കുന്നത് ഈ ചട്ടങ്ങളും നിയന്ത്രണങ്ങളുമാണെന്ന് വിചാരിക്കുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. മതത്തിന്റെയുള്ളിൽ നിന്നു ഉയർന്നു വരുന്ന അധികാരിവർഗമാണ് അത് ഉണ്ടാക്കുന്നത്.

അധികാരിവർഗം ഉയർന്നു വരുമ്പോൾ ബലപ്രയോഗവും അതിനൊപ്പം ഉണ്ടാകും. അധികാരം നിലനിർത്താനുള്ള ഉപകരണങ്ങളിൽ ഒന്നാണ് ബലപ്രയോഗം. ഭരിക്കപ്പെടുന്നവരുടെ ചിന്തിക്കാനുള്ള അവകാശത്തെ അടിച്ചമർത്തുകയോ, അല്ലെങ്കിൽ ഭരിക്കപ്പെടുന്നവർ എങ്ങനെ ചിന്തിക്കണം എന്ന് നിഷ്ക്കർഷിക്കുകയോ ചെയ്തുകൊണ്ടാണ് ഭരണവർഗങ്ങൾ തങ്ങളുടെ നിലനിൽപ്പ് ഭദ്രമാക്കുന്നത്. മതത്തിന്റെയുള്ളിലെ അധികാരിവർഗത്തിന് നിലനിൽക്കണമെങ്കിൽ മതത്തിന് പുറത്തുള്ള അധികാരിവർഗത്തിന്റെ സഹായവും പിന്തുണയും ആവശ്യമാണെന്ന ഒരു സാഹചര്യം കൂടി നാം കണക്കിലെടുക്കേണ്ടതുണ്ട്. ചിന്താശേഷിയെന്നത്, മനുഷ്യൻ എന്ന ജൈവ ജാതിയുടെ സവിശേഷ ഗുണമാണ്. മനുഷ്യനെ ഭരിക്കാൻ തുനിയുന്നവരെല്ലാം ചിന്താശേഷിയെ നശിപ്പിക്കാൻ പദ്ധതികൾ ഉണ്ടാക്കും. ചിന്തയെ മുരടിപ്പിക്കുന്ന സാമുഹിക രാഷ്ട്രീയ പ്രവണതകളോട് പൊരുതി നിൽക്കാനാകണം.

അപ്പോൾ നമ്മളെ സംബന്ധിച്ചിടത്തോളം അഭിപ്രായ സ്വാതന്ത്ര്യം എന്നുള്ളത് പ്രധാനമാണ്. ഞാൻ ബുദ്ധിജീവികളുടെ പങ്കിനെ കുറിച്ച് പറയാൻ കാരണം അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായം പറയുവാനുള്ള ആർജ്ജവവും അഭിപ്രായം പറയുക എന്നുള്ള രാഷ്ട്രീയ പ്രവർത്തനവും വർത്തമാന കാലഘട്ടത്തിൽ വളരെ പ്രധാനപ്പെട്ടതാണ് എന്നതുകൊണ്ട് മാത്രമല്ല. എവിടെ എന്തിനെ കുറിച്ചൊക്കെയാണ് അഭിപ്രായം പറയേണ്ടത് എന്നുള്ളതിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകുകയും വേണം. അങ്ങനെയുള്ള ധാരണകൾ ഉണ്ടായാൽ മാത്രമേ സാംസ്കാരിക രംഗത്തും രാഷ്ട്രീയ രംഗത്തുമൊക്കെ നടക്കുന്ന ഈ കടന്നാക്രമണങ്ങൾക്ക് എതിരെ ചെറുത്തു നിൽക്കാനുള്ള ആർജ്ജവവും ഇച്ഛാശക്തിയും ജനങ്ങൾക്ക് ഉണ്ടാവുകയുള്ളൂ. ആ ഇച്ഛാശക്തി പ്രദാനം ചെയ്യുന്നതിൽ ചരിത്രത്തിലെ എല്ലാ കാലത്തും വലിയ പങ്കുവഹിച്ച ആളുകളാണ് എഴുതുകയും വായിക്കുകയും ചെയ്യുന്ന ആളുകൾ എന്ന രീതിയിലാണ് ഞാൻ ഈ വിഷയത്തെ കാണുന്നത്.

Top