അപര മഹാരാജാസുകള്‍, ഇതര 80’കള്‍
________________________________
കാല്പനിക കവികളും ജനപ്രിയ സിനിമകളും വര്‍ണ്ണിക്കുന്നതുപോലെ ഏവര്‍ക്കും അനുഭൂതി പകര്‍ന്നു നല്‍കുന്ന ഇടമൊന്നുമല്ല മഹാരാജാസ്. അരികുകളെ പറ്റി ചിന്തിക്കുന്നതുപോലും അപകടകരമാകുന്ന സ്ഥലമാണിത്. കേരളത്തിലെ ഫ്യൂഡല്‍ സാഹിത്യകോയ്മയുടെ നെടുങ്കോട്ടയായ ഇവിടെ പുത്തന്‍ ധൈഷണിക വിഷയങ്ങളെയും സാഹിത്യധാരകളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുക അപൂര്‍വ്വമാണ്. അങ്ങേയറ്റം സംവാദവിരുദ്ധമായിട്ടാണ് ഇരു വിദ്യാര്‍ത്ഥി സംഘടനകളും പ്രവര്‍ത്തിക്കുന്നത്.
_______________________________________________________
പഠിക്കുമ്പോള്‍ ഉറ്റ ചങ്ങാതിയായി മാറിയ സുരേന്ദ്രനുമൊത്താണ്-മുത്തങ്ങ സമരകാലത്ത് മര്‍ദ്ദനമേറ്റ ഡയറ്റ് അധ്യാപകന്‍- അഡ്മിഷന്‍ നേടിയത്. ഹോസ്റല്‍ കിട്ടാനും പ്രയാസമുണ്ടായില്ല.
അന്നു വൈകുന്നേരം; നഗരത്തില്‍ കറങ്ങാന്‍പോയി എട്ടുമണിയോടെ തിരിച്ചെത്തുമ്പോള്‍ കാണുന്നത് മഹാരാജാസ് ന്യൂ ഹോസ്റലിലെ ഞങ്ങളുടെ മുറിയുടെ താഴ് അടിച്ചു തകര്‍ത്തിട്ടിരിക്കുന്നതാണ്. ബാഗുകളും ബെഡ്ഷീറ്റുമെല്ലാം വരാന്തയില്‍ വലിച്ചെറിഞ്ഞ് കിടക്കുന്നു. അഞ്ചാറുപേര്‍ ഞങ്ങളുടെ വരവും കാത്തു നില്പാണ്. പന്തികേട് തോന്നി മുറിയ്ക്കകത്തു കടന്ന ഉടനെ ഈ സംഘം കനത്ത തെറിവിളികളോടെ ഞങ്ങളെ മര്‍ദ്ദിക്കാനാരംഭിച്ചു.
ഉച്ചയ്ക്ക് എസ്. എഫ്. ഐ. മെമ്പര്‍ഷിപ്പ് എടുപ്പിക്കാന്‍ വന്നവരോട് വിസമ്മതം പറയുകയും തര്‍ക്കിച്ചതുമാണ് മര്‍ദ്ദനത്തിനു കാരണമായത്. അധികം താമസിക്കാതെ സുരേന്ദ്രന്‍ മഹാരാജാസ് ഉപേക്ഷിച്ചു കോഴിക്കോട് സര്‍വ്വകലാശാലയില്‍ ചേര്‍ന്നു.
ഫ്രീക്കുകള്‍- സബ്കള്‍ച്ചറുകള്‍- കാമ്പസ് ക്ളീനിംഗ്
കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എന്റെ അകന്ന ബന്ധുവും കല്ലറ സ്വദേശിയുമായ ചെല്ലപ്പനെ പരിചയപ്പെട്ടു. അദ്ദേഹം സ്വതന്ത്ര മാര്‍ക്സിസ്റു പരിവേഷമുള്ള ഒരു ബുദ്ധിജീവിയായിരുന്നു. ചെല്ലപ്പനോട് ഗാഢമായ സൌഹൃദം സ്ഥാപിക്കുന്നതിനുപരി അദ്ദേഹത്തിന്റെ മുറിയില്‍ വെച്ചുകണ്ട രണ്ടുപേരോട് കൂടുതല്‍ അടുക്കുകയാണുണ്ടായത്. രണ്ടുപേരും ഹോസ്റല്‍ അന്തേവാസികളും തത്വചിന്തയില്‍ പിജി വിദ്യാര്‍ത്ഥികളുമാണ്.
ആദ്യത്തെ ആളിന്റെ പേര് അബ്ദുള്‍ ഹമീദ്. നിരന്തരം കഞ്ചാവ് വലിക്കുകയും കറുപ്പ് കഴിക്കുകയും മാന്‍ഡ്രാക്സിന്‍ ഉപയോഗിക്കുകയും ചെയ്യുന്നയാളാണ് ഹമീദ്. നിറഞ്ഞ ലഹരിയില്‍ വലിയ മനഃശാസ്ത്രപുസ്തകങ്ങളും തത്വശാസ്ത്രഗ്രന്ഥങ്ങളും വായിച്ചു മുറിയിലിരിക്കും. വല്ലപ്പോഴും കോളേജില്‍ പോകും. ‘ഫ്രീക്കുകള്‍’ എന്നറിയപ്പെടുന്ന ചിലരാണ് സുഹൃത്തുക്കള്‍.
________________________________________________________________
എസ്. എഫ്.ഐ–കെ.എസ്.യു സംഘര്‍ഷം വാര്‍ത്തയാണ്. എന്നാല്‍ കാമ്പസ് ക്ളീനിംഗിലൂടെ ജീവച്ഛവമായ ഹതഭാഗ്യര്‍ എത്രയോ പേരാണ് മഹാരാജാസ് പോലുള്ള കാമ്പസുകളിലുള്ളത്. ഹോസ്റലിന്റെ മുമ്പിലുള്ള ഗ്രൌണ്ടിലും കോളേജ് പരിസരത്തും രാത്രി ചേക്കേറുന്ന സ്വവര്‍ഗ്ഗാനുരാഗികളെയും കിടപ്പാടമില്ലാതെ നടുനിവര്‍ത്താനെത്തുന്ന ലൈംഗിക വേലക്കാരായ സ്ത്രീപുരുഷന്മാരെയും തങ്ങളാണ് സംസ്കാരത്തിന്റെ മേലധികാരികള്‍ എന്നു വിശ്വസിക്കുന്ന വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു തവിടുപൊടിയാക്കുന്നത് ഇന്നും നടക്കുന്ന കാര്യമാണ്. എം.എന്‍. പിയേഴ്സണെ പോലുള്ളവര്‍ മഹത്വവല്‍ക്കരിച്ച് എഴുതിയിട്ടുള്ള കാമ്പസ് ക്ളീനിങ്ങ് ആഭ്യന്തര അപരരുടെ മേല്‍ പ്രയോഗിക്കപ്പെടുന്ന ഇടതുപക്ഷ ഫാഷിസമാണെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും.
__________________________________________________________________
മറ്റെയാളിന്റെ പേര് ആള്‍ഡസ് സോഹന്‍ ഹെന്ററി. ഞാന്‍ സോഹനെ കാണുന്നത് ആമോസ് ടാടൂളയുടെ ‘പാം വൈന്‍ ഡ്രങ്കാഡ്’ എന്ന നോവലിലെ കഥാപാത്രത്തെ പോലെ ‘പുലരുമ്പോള്‍ മുതല്‍ വൈകുന്നേരം വരെയും വൈകുന്നേരം മുതല്‍ പുലരുന്നതുവരെയും’ പട്ടച്ചാരായം കുടിക്കുന്ന നിലയിലാണ്. പേരുകേട്ട അധ്യാപകനും മുഴുത്ത മദ്യപാനിയുമായിരുന്ന പ്രൊഫസര്‍ ഷെപ്പേര്‍ഡിന്റെ ശിഷ്യനായിരുന്നു സോഹനെന്നാണ് കേട്ടുകേഴ്വി. മദ്യപാനം മൂലം ഇദ്ദേഹത്തിന്റെ പഠനം പലവട്ടം മുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ എം. എ. മുടങ്ങി മഹാരാജാസില്‍ റീ അഡ്മിഷന്‍ നേടിയിരിക്കുകയാണ്.
ഹമീദിനെയും സോഹനെയും പരിചയപ്പെട്ട ആ നിമിഷം മുതല്‍ ഞാനവരുടെ സന്തത സഹചാരിയായി മാറി. കൂടുതല്‍ അടുപ്പം സോഹനോടായിരുന്നു. ഇവരുടെ മുറിയെന്നത് ‘ഹെല്‍ കിച്ചന്‍’ എന്ന സിനിമയിലെ അടുക്കളപോലെയാണ്. പുസ്തകങ്ങളും വസ്ത്രങ്ങളും വാരിവലിച്ചിട്ടിരിക്കുന്നതിനൊപ്പം നാളുകളായി അടിച്ചു തെളിച്ചിട്ടില്ലാത്ത മുറിയില്‍ ബീഡിക്കുറ്റികളും കഞ്ചാവിന്റെ ചാരവും മദ്യക്കുപ്പികളും ചിതറികിടക്കും. ഹോസ്റല്‍ പരിസരത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളുടെ വീല്‍ക്കപ്പുകളും ഹെഡ്ലൈറ്റുകളും അടര്‍ത്തിയെടുക്കുക, റോഡില്‍ ഉപേക്ഷിച്ചു കിടക്കുന്ന എന്തു വസ്തുവും മുറിയിലേക്ക് എടുത്തുകൊണ്ട് വരിക. നഗരത്തിന്റെ പുറംവശത്തുകൂടെ അര്‍ദ്ധരാത്രി കഴിഞ്ഞു സഞ്ചരിച്ചു പലപ്പോഴും പോലീസിന്റെയും സാമൂഹിക വിരുദ്ധരുടെയും മര്‍ദ്ദനത്തിനു വിധേയമാവുക. ലഹരിമൂക്കുന്നതിന്റെ ഭാഗമായി ഞങ്ങള്‍ ഇടപെടുന്ന സാധാരണ സംഭവങ്ങളാണിവ.
മലയാളത്തിലും ഇംഗ്ളീഷിലും അഗാധമായ പ്രാവീണ്യമുണ്ടായിരുന്നു സോഹന്. ക്ളാസ്സിസത്തിലും മോഡേണിസത്തിലും മികച്ച വായനയുണ്ടെങ്കിലും അതിനുശേഷമുണ്ടായ ധാരകളെ ഉള്‍ക്കൊള്ളുന്നതിന് മദ്യപാനം തടസ്സമായി മാറിയിരുന്നു. ലഹരിയ്ക്ക് ആസക്തനായതില്‍ ദുഃഖമനുഭവിച്ചിരുന്ന അദ്ദേഹത്തിനു സവിശേഷമായ ആദ്ധ്യാത്മിക ബോധമാണുള്ളതെന്നു എനിക്കു തോന്നിയിട്ടുണ്ട്. സാധുകുഞ്ഞുകുഞ്ഞിന്റെ ക്രൈസ്തവ ഭക്തിഗാനങ്ങള്‍ ഞാനാദ്യമായി കേള്‍ക്കുന്നത് സോഹന്‍ പാടിയാണ്.
ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളില്‍ ലോകത്തെ യുവജനങ്ങള്‍ക്കിടയില്‍ വിവിധ തരത്തിലുള്ള ഉപസംസ്കാരങ്ങള്‍ (sub culture) രൂപപ്പെട്ടിരുന്നു. അവയുടെ ചെറുപതിപ്പുകള്‍ കേരളത്തിലെ വലിയ കാമ്പസുകളിലും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇത്തരം ഉപസംസ്കാരങ്ങളെ മുതലാളിത്ത ജീര്‍ണ്ണതയുടെ ഭാഗമായുള്ള സാംസ്കാരിക പകര്‍ച്ചവ്യാധിയായിട്ടാണ് പലരും കണ്ടത്. എന്നാല്‍ അമര്‍ത്തപ്പെടുന്ന നിരവധി ഘടകങ്ങളെ ഉള്‍ക്കൊള്ളുന്നു സബ് കള്‍ച്ചറുകള്‍ എന്ന പുനര്‍ ചിന്തയാണ് സ്റൂററ്റ് ഹാള്‍ മുതലായവര്‍ പുലര്‍ത്തിയത്. ഹെയ്സണ്‍ വി. കര്‍വി എന്ന ബ്ളാക്ക് ഫെമിനിസ്റ് എഴുത്തുകാരി ബ്രിട്ടണിലെ അധീശത്വ പൌരസമൂഹവും സോഷ്യലിസ്റുകളും ഒത്തൊരുമിച്ചുള്ള സാംസ്കാരിക പോലീസിംഗാണ് സബ്കള്‍ച്ചറുകള്‍ക്ക് എതിരെ രൂപപ്പെടുത്തിയതെന്ന് വിശദീകരിച്ചിട്ടുണ്ട്.
കേരളത്തില്‍ പ്രത്യക്ഷപ്പെട്ട സബ്കള്‍ച്ചറിന്റെ രൂപാന്തരങ്ങളെ ‘ഫ്രീക്കുകള്‍’ എന്നാണ് മുഖ്യധാര വിദ്യാര്‍ത്ഥി സമൂഹം വിളിച്ചിരുന്നത്. ഇത്തരം ദുഷിപ്പുകള്‍ പടരാതെ നോക്കാന്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനം ജാഗരൂകരായി. ഇതിന്റെ ഭാഗമായി ആരംഭിച്ച സാംസ്കാരിക പോലീസിംഗാണ് ‘കാമ്പസ് ക്ളീനിങ്’ എന്ന കോഡ് ഭാഷയില്‍ അറിയപ്പെടുന്നത്.
എസ്. എഫ്.ഐ–കെ.എസ്.യു സംഘര്‍ഷം വാര്‍ത്തയാണ്. എന്നാല്‍ കാമ്പസ് ക്ളീനിംഗിലൂടെ ജീവച്ഛവമായ ഹതഭാഗ്യര്‍ എത്രയോ പേരാണ് മഹാരാജാസ് പോലുള്ള കാമ്പസുകളിലുള്ളത്. ഹോസ്റലിന്റെ മുമ്പിലുള്ള ഗ്രൌണ്ടിലും കോളേജ് പരിസരത്തും രാത്രി ചേക്കേറുന്ന സ്വവര്‍ഗ്ഗാനുരാഗികളെയും കിടപ്പാടമില്ലാതെ നടുനിവര്‍ത്താനെത്തുന്ന ലൈംഗിക വേലക്കാരായ സ്ത്രീപുരുഷന്മാരെയും തങ്ങളാണ് സംസ്കാരത്തിന്റെ മേലധികാരികള്‍ എന്നു വിശ്വസിക്കുന്ന വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു തവിടുപൊടിയാക്കുന്നത് ഇന്നും നടക്കുന്ന കാര്യമാണ്. എം.എന്‍. പിയേഴ്സണെ പോലുള്ളവര്‍ മഹത്വവല്‍ക്കരിച്ച് എഴുതിയിട്ടുള്ള കാമ്പസ് ക്ളീനിങ്ങ് ആഭ്യന്തര അപരരുടെ മേല്‍ പ്രയോഗിക്കപ്പെടുന്ന ഇടതുപക്ഷ ഫാഷിസമാണെന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും.
_______________________________________________________
കേരളത്തില്‍ പ്രത്യക്ഷപ്പെട്ട സബ്കള്‍ച്ചറിന്റെ രൂപാന്തരങ്ങളെ ‘ഫ്രീക്കുകള്‍’ എന്നാണ് മുഖ്യധാര വിദ്യാര്‍ത്ഥി സമൂഹം വിളിച്ചിരുന്നത്. ഇത്തരം ദുഷിപ്പുകള്‍ പടരാതെ നോക്കാന്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനം ജാഗരൂകരായി. ഇതിന്റെ ഭാഗമായി ആരംഭിച്ച സാംസ്കാരിക പോലീസിംഗാണ് ‘കാമ്പസ് ക്ളീനിങ്’ എന്ന കോഡ് ഭാഷയില്‍ അറിയപ്പെടുന്നത്.
_____________________________________________________________
കാമ്പസ് ക്ളീനിങ്ങിലൂടെ തുരത്തപ്പെടുന്നവരാണ് മിക്കവാറും എല്ലാ ‘ഫ്രീക്കുകളും.’ ഇങ്ങനെ അറിയപ്പെടുന്നവരില്‍ ചിലരെല്ലാം വ്യക്തിവാദികളും ഉപരിവര്‍ഗ്ഗ സുഖാന്വേഷകരുമാണെന്നതിന് സംശയമില്ല. എന്നാല്‍ എണ്‍പതുകളിലെ കാമ്പസിന്റെ യഥാര്‍ത്ഥ പൊട്ടന്‍ഷ്യല്‍ നിലനിന്നിരുന്നത് ഫ്രീക്കുകളായി മുദ്രകുത്തപ്പെട്ട ഉപസംസ്കാരങ്ങളിലൂടെയായിരുന്നു. ഇന്നു സ്വത്വവാദികള്‍ എന്നൊക്കെ കുറ്റാരോപിതരാകുന്നവരുടെ മുന്‍തലമുറയാണ് ഉപസംസ്കാരങ്ങളെന്നു പറയാം.
സോഹന്റെയും ഹമീദിന്റെയും ഒപ്പമാണെങ്കിലും പട്ടച്ചാരായമല്ലാതെ മറ്റു ലഹരിവസ്തുക്കളൊന്നും ഞാന്‍ ഉപയോഗിക്കുകയില്ലായിരുന്നു. ഇടതടവില്ലാത്ത പുകവലിയായിരുന്നു എന്റെ യഥാര്‍ത്ഥ ദുഃശ്ശീലം.
വെറും മദ്യപരും ഫ്രീക്കുകളും എന്നതിനപ്പുറമുള്ള പ്രശസ്തി പെട്ടെന്നു തന്നെ ഞങ്ങള്‍ക്ക് കൈവന്നു. അതിനാല്‍ കാമ്പസ് ക്ളീനിംഗിലൂടെ ഞങ്ങളെ തുരത്താന്‍ അസാധ്യമായി മാറി. എന്നാല്‍ പിന്നീട് നടന്നത് കാമ്പസ് ക്ളീനേഴ്സിന്റെ ചാരക്കണ്ണുകളെ കടത്തിവെട്ടിയ സംഭവമാണ്. എസ്.എഫ്.ഐയുടെ കോളേജ് യൂണിയന്‍ ഭാരവാഹികളിലൊരാളായ സേതുലക്ഷ്മി സോഹനെ പ്രേമിച്ചു. സംഗതി ഗൌരവത്തിലാണ് പുരോഗമിക്കുന്നതെന്നറിഞ്ഞപ്പോള്‍ സോഹനെക്കാളും ഞെട്ടിയത് സംഘടനാ നേതൃത്വമാണ്. സേതുവിനെ പിന്തിരിപ്പിക്കാനുള്ള സമ്മര്‍ദ്ദങ്ങള്‍ എല്ലാ ഭാഗത്തുനിന്നുമുണ്ടായി. എങ്കിലും അവളുടെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ ഒന്നും വിലപ്പോയില്ല. അധികം താമസിക്കാതെ കേരളത്തിനു പുറത്തു ജോലികിട്ടിയ സേതുവും സോഹനും വിവാഹിതരായി. സോഹന്‍ ‘കേരളകൌമുദി’യില്‍ പത്രപ്രവര്‍ത്തകനായി ചേര്‍ന്നു. ഇവരുടെ മക്കളാണ് ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ ഹൈദ്രബാദ് സ്പെഷ്യല്‍ കറസ്പോണ്ടന്റായ നിഖില ഹെന്ററിയും ഷോര്‍ട്ട്ഫിലിം മേക്കറായ അഖില ഹെന്ററിയും.
അന്നത്തെ ‘എക്സ്സസീവ്’ ജീവിതത്തിന്റെയും വേറിട്ട ചിന്തകളുടെയും അടയാളം പേറിയ ഹമീദും സോഹനും നാല്പതു വയസ്സിനുള്ളില്‍ മരണമടഞ്ഞു.
പ്രസാധനങ്ങളും പ്രതിവായനകളും
ഒന്നാം വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് തന്നെ ഹോസ്റലിലെ ശത്രുതയുടെ അന്തരീക്ഷം മാഞ്ഞുപോയി. ഏറെയും സാധാരണക്കാരും കീഴ്ജാതി പശ്ചാത്തലമുള്ളവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് എന്നോടോ അവരോട് എനിക്കോ അകലം പാലിക്കാന്‍ കഴിയാതെയായി.
ഇതേ കാലത്ത് എന്റെ മുറിയിലെ സന്ദര്‍ശകരായിരുന്നു കുന്നംകുളത്തുകാരനായ ഷെല്‍വിരാജനും ഗുരുവായൂര്‍ക്കാരനായ മോഹന്‍ദാസും. പ്രൊഫസര്‍ തുമ്പമണ്‍ തോമസ് നടത്തിയിരുന്ന ‘കേരള സംസ്കാരം’ എന്ന മാസികയുടെ പ്രചാരകനായിട്ടാണ് ഷെല്‍വി വന്നിരുന്നത്. പഴയ ജനകീയ സാംസ്കാരിക വേദിയുടെ അനുഭാവിയായിരുന്നു മോഹന്‍ദാസ്. അദ്ദേഹത്തിന്റെ കയ്യില്‍ ബെര്‍തോള്‍ഡ് ബ്രെഹ്റ്റിന്റെ ‘സെറ്റ്സ്വാനിലെ നല്ല സ്ത്രീ’ എന്ന നാടകത്തിന്റെ കെ.പി. കര്‍ത്ത വിവര്‍ത്തനം ചെയ്ത കയ്യെഴുത്തുപ്രതി സിവിക്ചന്ദ്രന്‍ ഏല്പിച്ചിരുന്നു. കേരളസംസ്കാരം വിട്ടതിനുശേഷം ഷെല്‍വി ‘സെറ്റ്സ്വാനിലെ നല്ല സ്ത്രീ’ പ്രസിദ്ധീകരിക്കാനുള്ള മോഹന്‍ദാസിന്റെ ശ്രമത്തില്‍ പങ്കാളിയായി.
അവരുടെ കൈയിലുള്ള കയ്യെഴുത്തു പ്രതി പരിശോധിച്ചപ്പോള്‍ വിവര്‍ത്തനം പല ഭാഗത്തും അപൂര്‍ണ്ണമാണെന്ന് മനസ്സിലായി. എനിക്ക് സച്ചിദാനന്ദനോട് നല്ലബന്ധമാണുണ്ടായിരുന്നത്. ഇരിങ്ങാലക്കുടയില്‍ ചെന്നു കയ്യെഴുത്തുപ്രതി അദ്ദേഹത്തെ കാണിച്ചു. അദ്ദേഹം പെട്ടെന്നു തന്നെ വേണ്ട തിരുത്തലുകള്‍ നടത്തുകയും നാടകത്തിലെ പാട്ടുകളും കവിതകളും മനോഹരമായി പരിഭാഷ നടത്തുകയും ചെയ്തു.
സച്ചിദാനന്ദന്റെ തിരുത്തലുകള്‍ കണ്ടതോടെ ഞങ്ങളുടെ ആവേശമിരട്ടിച്ചു. തുടര്‍ന്നു മോഹന്‍ദാസിന്റെ ബന്ധുക്കളുടേയും ബഷീര്‍ മേച്ചേരിയുടേയും സഹായത്തോടെ ഗുരുവായൂരില്‍ ഓഫീസ് തുറന്നു ‘ശിഖ’ എന്ന പ്രസാധക സംരംഭം ആരംഭിച്ചു. സെറ്റ്സ്വാനിലെ നല്ല സ്ത്രീക്ക് ശേഷമുള്ള പുസ്തകങ്ങള്‍ സെലക്ട് ചെയ്തും പ്രീ പബ്ളിക്കേഷന്‍ വ്യവസ്ഥയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചും ഞാന്‍ ശിഖയുടെ പൂര്‍ണ്ണ പങ്കാളിയായി.
___________________________________________________________
‘രാജകീയ കലാലയം’ എന്ന വരേണ്യ കല്പനയിലും അതിന് അനുബന്ധമായിട്ടുള്ള ജനപ്രിയ ഇടതുപക്ഷ ഭാഷ്യങ്ങളിലൂടെയുമാണ് മഹാരാജാസിനെകുറിച്ചുള്ള വിഭാവനകള്‍ രൂപപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഈ കലാലയത്തിന്റെ യഥാര്‍ത്ഥസ്വത്വം നിലനില്ക്കുന്നത് എറണാകുളത്തേയും പ്രാന്തപ്രദേശങ്ങളിലേയും ഏറ്റവും അടിത്തട്ടിലെ വിദ്യാര്‍ത്ഥികളിലാണ്. ഇവിടെ പഠിക്കുന്നവരില്‍ എണ്‍പതു ശതമാനത്തിലധികവും ദരിദ്രപശ്ചാത്തലമുള്ള ആദിവാസി-ദലിത്-പിന്നാക്ക-ധീവര-ലാറ്റിന്‍ ക്രിസ്ത്യന്‍-മുസ്ളീം വിദ്യാര്‍ത്ഥികളായിരിക്കും
____________________________________________________________
ശിഖയുടെ ആദ്യഘട്ടം വലിയ വിജയമായിരുന്നു. ഇതിനു സഹായകരമായത് രണ്ടാമത്തെ പുസ്തകമായ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിന്റെ കഥകള്‍ പ്രസിദ്ധീകരിച്ചതാണ്. ഈ പുസ്തകം ഇറക്കിയ ഉടനെ തന്നെ മാര്‍ക്വേസിനു നൊബേല്‍ സമ്മാനം കിട്ടുകയും മറ്റൊരു സാഹിത്യകാരനും ലഭിക്കാത്ത വിധത്തില്‍ അദ്ദേഹത്തിന്റെ രചനകള്‍ മലയാളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി. മൂന്നാമത്തെ പുസ്തകമായ ലാറ്റിനമേരിക്കന്‍ കവിതകളും മലയാള ഭാവുകത്വത്തിനു പുത്തന്‍ അനുഭവമായിരുന്നു. മേല്പറഞ്ഞ പുസ്തകങ്ങള്‍ മുതല്‍ ‘പട്ടത്തുവിളയുടെ തിരഞ്ഞെടുത്ത കഥകള്‍’ പ്രസിദ്ധീകരിക്കുന്നതുവരെയും മാത്രമാണ് ഞാന്‍ ശിഖയോട് ബന്ധപ്പെട്ടിട്ടുള്ളു. എന്നാല്‍ അധികം താമസിക്കാതെ എനിക്ക് പുതിയൊരു പ്രസാധകസ്ഥാപനം ആരംഭിക്കേണ്ടിവന്നു.
കേരളത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ ആ പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ ലഘുലേഖയായി പ്രസിദ്ധീകരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. വിവര്‍ത്തനം നടത്താമെന്ന് പ്രസിദ്ധനായ ഒരു വ്യക്തി സമ്മതിക്കുകയും ചെയ്തു. എങ്കിലും കിട്ടിയില്ല. പിന്നീട് പലരേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അപ്പോള്‍ കെ. കെ. കൊച്ചാണ് പറഞ്ഞത് ആ പുസ്തകം അത്ര അത്യാവശ്യമാണെന്നു നിനക്ക് തോന്നുന്നെങ്കില്‍ നീ തന്നെ അത് വിവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയെന്ന്. അതനുസരിച്ച് ഞാന്‍ വിവര്‍ത്തനം നടത്തുകയും തുടര്‍ന്ന് പ്രസ്സില്‍ എത്തിച്ചപ്പോള്‍ ലഘുലേഖ എന്ന ഉദ്ദേശ്യം നടക്കാതാവുകയും ‘യുദ്ധത്തിന്റെ മുഖം’ എന്നു പേരുള്ള ഒരു പുസ്തകമായി അതു പരിവര്‍ത്തനപ്പെടുകയും ചെയ്തു. കല്ലറയില്‍നിന്നും ‘നവംബര്‍ ബുക്സ്’ എന്ന സ്ഥാപനം ആരംഭിച്ചുകൊണ്ട് മൂവായിരം കോപ്പിയാണ് ആദ്യപതിപ്പ് അച്ചടിച്ചത്.
രണ്ടാമത്തെ പുസ്തകമായ ‘വിശ്വാസവും ജനതയും’ തുടര്‍ന്നുള്ള ‘സാമ്രാജ്യത്വത്തിന്റെയും ഫാഷിസത്തിന്റെയും സാമ്പത്തിക ശാസ്ത്രം’ എന്ന പുസ്തകവും വ്യവസ്ഥാപിത ഇടതുപക്ഷത്തിനു പുറത്തു നിന്നുകൊണ്ട് സാമ്രാജ്യത്വത്തെ പ്രശ്നവല്‍ക്കരിക്കുന്നതായിരുന്നു. ‘മാവോ സെതുങ്ങിന്റെ കവിതകള്‍’ ‘ആഫ്രിക്കന്‍ കഥകള്‍’ ‘ബ്രെഹ്റ്റിന്റെ ലഘുനാടകങ്ങള്‍’ ഡി.ഡി. കൊസാംബിയുടെ ‘ഭഗവത് ഗീതാവിമര്‍ശനം’ വി. സി ശ്രീജന്റെ ‘യാദേവി സര്‍വ്വ ഭൂതേഷു’ കെ. കെ. കൊച്ചിന്റെ ‘കലാപവും സംസ്കാരവും’ മുതലായ പതിനെട്ടോളം പുസ്തകങ്ങളാണ് നവംബര്‍ ബുക്സ് പ്രസിദ്ധീകരിച്ചത്.
1980-90 കളില്‍ ലോകവ്യാപകമായി ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തകര്‍ച്ചയെ നേരിട്ടപ്പോഴും കേരളത്തില്‍ സമാനമായ സ്ഥിതിയുണ്ടാകാത്തത് തങ്ങളുടെ ക്രെഡിറ്റായി വ്യവസ്ഥാപിത മാര്‍ക്സിസ്റുകള്‍ അവകാശപ്പെടാറുണ്ട്. എന്നാല്‍ കടവും സാമൂഹികമായ ബഹിഷ്കരണവും ഏറ്റുവാങ്ങിക്കൊണ്ട് ഞങ്ങളെപ്പോലുള്ള ചെറുസംഘങ്ങള്‍ നടത്തിയ ചെറുത്തുനില്പാണ് അക്കാലത്ത് ഇടതുപക്ഷ ധാര്‍മ്മികതയ്ക്കും വൈജ്ഞാനികതയ്ക്കും പുത്തന്‍ ദൃശ്യത നല്‍കിയതെന്നതാണ് വസ്തുത.
മേല്‍പ്പറഞ്ഞപോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത് മാത്രമല്ല എന്നെ സംബന്ധിച്ചു മഹാരാജാസ് ജീവിതത്തെ അവിസ്മരണീയമാക്കുന്നത്. മുഖ്യധാരയ്ക്കും മാര്‍ക്സിസ്റ് കൃതികള്‍ക്കുമൊപ്പം വായനയുടെ വരേണ്യമല്ലാത്ത വഴികളിലൂടെ സഞ്ചരിക്കാന്‍ കഴിഞ്ഞതാണത്.
സാഡേ, ബതായി, അപ്പോളണയര്‍, ലോര്‍ക്ക, ഷെനെ, ബാള്‍ഡ്വിന്‍, ആലീസ് വാക്കര്‍, മയാ ആഞ്ചലോ മുതലായവരുടെ കൃതികളും ഫൂക്കോയും ബാര്‍ത്തും ഏലൂര്‍ ലെന്‍ഡിംഗ് ലൈബ്രറിയുടെ തുടക്കത്തില്‍ എത്തിയിരുന്നു. ആഫ്രോ-അമേരിക്കന്‍ സാഹിത്യത്തിന്റെയും ലാറ്റിനമേരിക്കന്‍ കൃതികളുടെയും മികച്ച ശേഖരമുണ്ടായിരുന്നു ജയനാരായണന്. സര്‍റിയലിസ്റ് ഘടനയില്‍ ജാതിയുടെ അഭാവത്തെ ചിത്രീകരിച്ച ദലിതെഴുത്തുകാരനായിരുന്നു അദ്ദേഹം. ജയനാരായണന്റെ പുസ്തകങ്ങള്‍ കടം മേടിച്ചാണ് പലരും സാഹിത്യത്തിന്റെ മറുലോകം കണ്ടത്.
ഇത്തരത്തിലുള്ള അതി-പ്രതിവായനയുടെയും അറിവുതേടലിന്റെയും വലിയൊരു ഘട്ടത്തിലൂടെ കടന്നുപോയതിനാലാവണം സാഹിത്യത്തിലെ ആധുനികത എനിക്ക് അത്ഭുതമാകാത്തത്. എന്റെ എഴുത്തുകാര്‍ സെര്‍വാന്റീസ് മുതല്‍ ടോണീമോറീസണ്‍ വരെയുള്ളവരായിരുന്നു. സാഹിത്യത്തിലേയും തത്വചിന്തയിലേയും സാര്‍വ്വലൌകീക നാട്യങ്ങള്‍ക്ക് ഉപരി ചെറുസ്വത്വമേഖലകളെ ഉള്‍ക്കൊള്ളുന്നതിലേക്ക് എന്റെ അന്വേഷണങ്ങളെ വഴിതിരിച്ചു വിട്ടത് എണ്‍പതുകളിലെ മഹാരാജാസ് ജീവിതമാണ്.
മഹാരാജാസിന്റെ ഉഭയസ്വഭാവം
പ്രശസ്ത ആഫ്രോ-അമേരിക്കന്‍ എഴുത്തുകാരനായ ലിറോയ് ജോണ്‍സ് (അമിരി ബറാക്ക) അമേരിക്കയിലെ വലിയൊരു കലാലയത്തിലെത്തിയപ്പോള്‍ അവിടുത്തെ അന്തരീക്ഷം തന്നെ ‘അദൃശ്യനാക്കുന്ന’തായും ‘അസഹ്യമായ എന്തിന്റെയോ അവശിഷ്ടമാണ്’ താനെന്ന തോന്നലുളവാക്കിയതായും എഴുതിയിട്ടുണ്ട്. 1980-90 കളിലും ഇന്നും കേരളത്തിലെ വലിയൊരു കലാലയത്തിലെത്തുന്ന കീഴാള വിദ്യാര്‍ത്ഥികളുടെ ബോധ്യവും സമാനമായ വിധത്തിലാകാനാണ് സാധ്യത.
‘രാജകീയ കലാലയം’ എന്ന വരേണ്യ കല്പനയിലും അതിന് അനുബന്ധമായിട്ടുള്ള ജനപ്രിയ ഇടതുപക്ഷ ഭാഷ്യങ്ങളിലൂടെയുമാണ് മഹാരാജാസിനെകുറിച്ചുള്ള വിഭാവനകള്‍ രൂപപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഈ കലാലയത്തിന്റെ യഥാര്‍ത്ഥസ്വത്വം നിലനില്ക്കുന്നത് എറണാകുളത്തേയും പ്രാന്തപ്രദേശങ്ങളിലേയും ഏറ്റവും അടിത്തട്ടിലെ വിദ്യാര്‍ത്ഥികളിലാണ്. ഇവിടെ പഠിക്കുന്നവരില്‍ എണ്‍പതു ശതമാനത്തിലധികവും ദരിദ്രപശ്ചാത്തലമുള്ള ആദിവാസി-ദലിത്-പിന്നാക്ക-ധീവര-ലാറ്റിന്‍ ക്രിസ്ത്യന്‍-മുസ്ളീം വിദ്യാര്‍ത്ഥികളായിരിക്കും.
ഈ കുട്ടികളുടെ കീഴാളതയുടെ സങ്കീര്‍ണ്ണവും സൂക്ഷ്മവുമായ പ്രത്യക്ഷതയാണ് മഹാരാജാസിന്റെ ഉഭയസ്വഭാവത്തെ നിര്‍ണ്ണയിക്കുന്നത്. പൊതു ധാരയ്ക്ക് വെളിയില്‍ രൂപപ്പെടുന്ന ചെറു കൂട്ടായ്മകളിലൂടെയും സൌഹൃദ ഇടങ്ങളിലൂടെയുമാണ് ഇത് പ്രത്യക്ഷപ്പെടുക. അമിരി ബറാക്ക എഴുതിയത്പോലെ ‘അസഹ്യമായ എന്തിന്റെയോ അവശിഷ്ടമാണ് താനെന്ന’ തോന്നലില്‍ നിന്നും വിട്ടുമാറിയ കേരളത്തിലെ ദലിത് ആക്റ്റിവിസ്റുകളില്‍ ഒട്ടേറെ പേര്‍ പഠിച്ചത് മഹാരാജാസിലാണ്. പൊതുവ്യക്തിത്വങ്ങളായി മാറാന്‍ അവരെ സഹായിച്ചിട്ടുള്ളത് ഇവിടുത്തെ ഇടതു-വലതു രാഷ്ട്രീയമല്ല. നേരെ മറിച്ച്, ഈ കലാലയത്തിന്റെ ഉഭയസ്വഭാവവും സൌഹൃദ ഇടങ്ങളുമാണ്.
ഞങ്ങളുടെ കാലത്ത് ഉണ്ടായിരുന്ന അധ്യാപകരില്‍ ഡോ. ടി. കെ. രാമചന്ദ്രനെയും ഭരതന്‍ മാഷിനെയും പറ്റിയുള്ള അപരവായനയാണ് ആവശ്യമുള്ളതെന്നു കരുതുന്നു.
പിയെറോ ബോര്‍ദ്യൂവിനെയും ലകാനെയും പറ്റി മണിക്കൂറുകളോളം കുട്ടികളോട് സംസാരിക്കുന്ന ഒരധ്യാപകന്‍ അന്നേ ഉണ്ടായിരുന്നു എന്ന അത്ഭുതമാണ് ഭരതന്‍ മാഷിനെ ഓര്‍ക്കുമ്പോഴുള്ളത്. ജീവിതം കൊണ്ടും ബോധ്യംകൊണ്ടും യഥാര്‍ത്ഥ കീഴാളനായിരുന്ന അദ്ദേഹത്തിന്റെ ‘ജീനിയസ്’ എഴുത്തിനോട് കാണിച്ച വിമുഖത മൂലം നഷ്ടമായി എന്നു തോന്നുന്നു. വിദ്യാഭ്യാസത്തിനു ശേഷം മുഴുസമയ ദലിത് പ്രവര്‍ത്തകനായി മാറുകയും ചെറു ജ്ഞാനവ്യവഹാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തപ്പോള്‍ എന്റെ മധ്യവര്‍ഗ്ഗ ബന്ധങ്ങള്‍ മിക്കതും അകന്നു. ഈ അവസ്ഥയിലും എന്നെ പ്രോത്സാഹിപ്പിച്ചിട്ടുള്ള മനുഷ്യരിലൊരാള്‍ ഭരതന്‍ മാഷാണ്.
________________________________________________________________
പിയെറോ ബോര്‍ദ്യൂവിനെയും ലകാനെയും പറ്റി മണിക്കൂറുകളോളം കുട്ടികളോട് സംസാരിക്കുന്ന ഒരധ്യാപകന്‍ അന്നേ ഉണ്ടായിരുന്നു എന്ന അത്ഭുതമാണ് ഭരതന്‍ മാഷിനെ ഓര്‍ക്കുമ്പോഴുള്ളത്. ജീവിതം കൊണ്ടും ബോധ്യംകൊണ്ടും യഥാര്‍ത്ഥ കീഴാളനായിരുന്ന അദ്ദേഹത്തിന്റെ ‘ജീനിയസ്’ എഴുത്തിനോട് കാണിച്ച വിമുഖത മൂലം നഷ്ടമായി എന്നു തോന്നുന്നു.
__________________________________________________________________
പഠനകാലത്തും പിന്നീടും മാര്‍ക്സിസ്റ് ഇതരമായ ഭാവനകള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടിട്ടുള്ളതെങ്കിലും കേവലമായ ഒരിടതുപക്ഷ വിരുദ്ധന്‍ എന്ന മുദ്ര എനിക്ക് അധികം കിട്ടിയിട്ടില്ല. മാര്‍ക്സിസത്തോട് സൈദ്ധാന്തികമായി വിയോജിക്കുമ്പോഴും ഇടതുപക്ഷ പ്രസ്ഥാനത്തിലെ ഒരുപാട് പേരോട് ഉറച്ച സൌഹൃദം പുലര്‍ത്തുകയും അവരിലെ സാമൂഹിക പ്രതിബദ്ധതയുള്ളവരെ ആദരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഒന്നു രണ്ടു ഘട്ടത്തില്‍ എസ്. എഫ്. ഐയെ പിന്തുണക്കേണ്ടിയും വന്നിട്ടുണ്ട്.
റൂമുകളിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും വിതരണം നടത്തി. സംഭവമറിഞ്ഞ് കെ. എസ്. യു. നേതാക്കളായ സിനിമാനടന്‍ ബാബുരാജും നൌഷാദുമെത്തി ബാക്കി നോട്ടീസുകള്‍ പിടിച്ചു വാങ്ങിയിട്ട് ഞങ്ങളെ ചെറുതായി കൈകാര്യംചെയ്ത് കാമ്പസില്‍നിന്നും പുറന്തള്ളി. കാര്യമായി കൈകാര്യം ചെയ്യാത്തതിനു കാരണം, കാഴ്ചയില്‍ പയ്യനായ സുനിലും മെലിഞ്ഞ ശരീരമുള്ള ഞാനും ഇടി കൊണ്ടാല്‍ ചത്തുപോകുമെന്ന് കരുതി മാത്രമാണെന്നു അന്നേ ആജാനുബാഹുവായിരുന്ന ബാബുരാജ് പറയുന്നുണ്ടായിരുന്നു. അന്നത്തെ എസ്.എഫ്. ഐ നേതാക്കളായ വി. എം. ഉണ്ണി, ജോര്‍ജ്ജ് വര്‍ക്കി, വര്‍ഗ്ഗീസ്, മഷൂംഷാ മുതലായവരോട് ഗാഢമായ ബന്ധമാണ് ഇപ്പോഴുമുള്ളത്.
മഹാരാജാസില്‍ കണ്ട അതിശയകരമായ വ്യക്തിത്വം പത്രപ്രവര്‍ത്തകനായി മാറിയ രവിവര്‍മ്മയാണ്. സൌഹൃദത്തിന് അതിര്‍ത്തികളില്ലാതിരുന്ന അദ്ദേഹം ‘ഏഷ്യാനെറ്റ്’ ‘ദേശാഭിമാനി’ അടക്കമുള്ള സ്ഥാപനങ്ങളില്‍നിന്നുംപുറന്തള്ളപ്പെട്ട് ഇപ്പോള്‍ നവമാധ്യമങ്ങളിലൂടെ സാന്നിധ്യമറിയിക്കുന്നു.
മഹാരാജാസ് തന്ന ഏറ്റവും വലിയ ദുഃഖം ജോസ് മാത്യുവാണ്. കെമിക്കല്‍ സയന്‍സില്‍ അത്യപൂര്‍വ്വമായ ഡോക്ടറേറ്റ് നേടുകയും ഒരുപാട്പേര്‍ക്ക് ഗവേഷണ സംബന്ധമായ വിജ്ഞാനം പകര്‍ന്ന് കൊടുക്കുകയും ചെയ്ത ജോസ് സ്ഥിരമായി ഒരു തൊഴിലും കിട്ടാതെ അനാഥനായി മരിച്ചു. ദലിത്ക്രൈസ്തവനായ അവന്റെ കുടുംബം പഴയതിലും നിരാലംബമായിരിക്കുന്നു. ______________________________________________________________
(കടപ്പാട് : മാതൃഭൂമി ആഴ്ചപ്പതിപ്പ് ജനുവരി 22)