അസുര വാരാഘോഷം; ഇഫ്‍ലു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസ്
അസുര വാരാഘോഷം ഇഫ്‍ലു ഹൈദരാബാദ് യൂണീവേഴ്സിറ്റിയുടെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ മത-വംശീയ വിദ്വേഷം വളര്‍ത്തുന്നു എന്നാരോപിച്ച് ഹൈദരാബാദ് ഇഫ്‌ലുവിലെ 6 വിദ്യാര്‍തഥികള്‍ക്ക് പൊലീസ് നോട്ടീസ്. അസുരന്മാരെ പൈശാചികവല്‍ക്കരിക്കുന്ന സവര്‍ണ ആചാരങ്ങളോട് പ്രതിഷേധിച്ചുകൊണ്ട് കാമ്പസില്‍ നടന്ന ‘അസുരവാരം’ ആഘോഷങ്ങളുടെ സംഘാടകസമിതിയംഗങ്ങള്‍ക്കെതിരെയാണ് കുറ്റംചുമത്തിയത്. ജാമ്യമില്ലാവകുപ്പായ ഐ.പി.സി 150 (എ) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ 3 വര്‍ഷം തടവും പിഴയുമടങ്ങുന്ന ശിക്ഷ അനുഭവിക്കേണ്ടി വരും.
യൂണിവേഴ്‌സിറ്റി സെപ്യൂട്ടി പ്രോക്ടര്‍ കോന പ്രകാശ് റെഡ്ഡിയാണ് അഡ്മിനിസ്‌ട്രേഷനില്‍ നിന്നുള്ള പരാതി ഒപ്പിട്ടത്. അസുരവാരം പരിപാടിയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ച ചിത്രങ്ങളും ശില്‍പരൂപങ്ങളും പരിശോധിച്ച ശേഷം കുറ്റകരമായ ഉള്ളടക്കം കണ്ടെത്തിയാല്‍ മാത്രമേ നടപടിയെടുക്കൂ എന്ന് ഒസ്മാനിയ യൂണീവേഴ്‌സിറ്റി പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. അശോക് പറഞ്ഞു. അന്യായമായി കേസെടുത്തത് പിന്‍വലിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സര്‍വകലാശാല ഭരണസമിതിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.