സവർണത, പ്രാതിനിധ്യം, ഭരണ പങ്കാളിത്തം: ഇടതു മന്ത്രിസഭയെ വിലയിരുത്തുമ്പോൾ
അടിമുടി സവർണവത്കരിക്കപ്പെട്ട ദേവസ്വത്തിൽ, ശമ്പളം ലഭിക്കുന്ന തസ്തികകൾ ബഹുഭൂരിപക്ഷവും സവർണ ഹിന്ദുക്കളുടെ കയ്യിലാണ്. മുന്നാക്ക സംവരണം കൂടി നടപ്പിലാക്കിയ സാഹചര്യത്തിൽ, ഇടതു പ്രൊഫൈലുകൾ കൊട്ടിയാഘോഷിക്കുന്ന കെ. രാധാകൃഷ്ണന്റെ മന്ത്രിസ്ഥാനം എന്തു വ്യത്യാസമാണ് ഉണ്ടാക്കുക. പിണറായി വിജയന്റെ രണ്ടാം ഇടതു മന്ത്രിസഭയെ വിലയിരുത്തിക്കൊണ്ട് ബിജു ഗോവിന്ദ് എഴുതുന്നു.
പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭ ഒരു ‘നായർ ക്യാബിനറ്റ്’ ആണെന്ന് ഇതിനോടകം ആക്ഷേപമുയർന്നുകഴിഞ്ഞു. 21 അംഗങ്ങളുള്ള മന്ത്രിസഭയിൽ ഏഴു പേരും, സ്പീക്കറും ഗവൺമെന്റ് ചീഫും 12 ശതമാനത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള നായർ സമുദായത്തിൽ നിന്നുള്ളവരാണ്. എത്ര ആട്ടിയാലും ആക്ഷേപിച്ചാലും സവർണ ഹിന്ദുക്കളെ സന്തോഷിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന ബോധത്തിന്റെ പ്രതിഫലനമാണ് രണ്ടാം പിണറായി മന്ത്രിസഭ. നിയമസഭാ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരായി വോട്ടു ചെയ്തു തോൽപ്പിക്കണം എന്ന് പരസ്യമായി നിലപാടെടുത്ത ഒരേയൊരു സംഘടന എൻഎസ്എസ് ആണ്. തെരഞ്ഞെടുപ്പ് ദിവസം അതിരാവിലെ വോട്ടു ചെയ്ത ശേഷം സർക്കാരിനെതിരെ വർത്തമാനം പറഞ്ഞ എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമായ നിർദേശവും ആഹ്വാനവും തന്നെയാണ് സന്ദേശമായി നൽകിയത്.
രാഷ്ട്രീയ വൈരുദ്ധ്യങ്ങളിൽ ഏർപ്പെടുന്ന പിന്നാക്ക-ന്യൂനപക്ഷ സമുദായ സംഘടനകളെയും നേതാക്കളെയും വർഗീയ-തീവ്രവാദ പരിവേഷം ചാർത്തി അടച്ചാക്ഷേപിക്കുന്ന സിപിഎം നേതാക്കന്മാർ, നായർ സർവീസ് സൊസൈറ്റിയെ വിമർശിക്കുമ്പോൾ പോലും അധികം വിഷമിപ്പിക്കാതെ മിതത്വം പാലിക്കാറുണ്ട്. സർക്കാരിനെയും മുഖ്യമന്ത്രിയെയും അടച്ചാക്ഷേപിക്കുമ്പോഴും എൻഎസ്എസ് നേതൃത്വത്തിനു കീഴടങ്ങുന്ന പല നിലപാടുകളും ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് മലയാളി സാക്ഷ്യംവഹിച്ചതാണ്. ശബരിമല സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ, പ്രതികളുടെ കേസുകൾ പിൻവലിച്ചതും, സ്ത്രീ പ്രവേശനത്തിന്റെ പേരിൽ മാപ്പു പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മലക്കംമറിച്ചിലുകളും എൻഎസ്എസിൻ്റെ പ്രീതിക്കു വേണ്ടിയായിരുന്നു എന്നു മനസ്സിലാക്കാൻ അധിക ബുദ്ധിയൊന്നും ആവശ്യമില്ല.
നരേന്ദ്ര മോദിയുടെ പാത പിന്തുടർന്ന് യാതൊരുവിധ സാമൂഹിക പഠനങ്ങളുടെയും പിൻബലമില്ലാതെ, വോട്ടു ബാങ്ക് രാഷ്ട്രീയവും സവർണ പ്രീണനവും മുൻനിർത്തി സാമൂഹിക നീതിയെ അട്ടിമറിക്കുന്ന മുന്നാക്ക സംവരണം നടപ്പിലാക്കിയതും എൻഎസ്എസിൻ്റെ കൈയ്യടി തേടിയായിരുന്നു. പക്ഷേ, അരിയിട്ടു വാഴ്ചക്കും, ശേഷമുള്ള സമസ്താപരാധം പറച്ചിലിനു ശേഷവും എൻഎസ്എസ് നേതൃത്വത്തിനു സർക്കാരിനോടുള്ള നിലപാടുകളിൽ മാറ്റംവന്നിട്ടില്ല എന്ന് സുകുമാരൻ നായരുടെ പ്രസ്താവന വെളിവാക്കുന്നു.
സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രം
പരിശോധിച്ചാൽ, ഐക്യ കേരളത്തിനു മുൻപു തന്നെ വ്യക്തമായ വലതുപക്ഷ രാഷ്ട്രീയ ധാരയിലൂടെ സഞ്ചരിച്ചതാണ് കേരളത്തിലെ നായർ സമുദായത്തിൻ്റെ രാഷ്ട്രീയ ചരിത്രം. പട്ടം താണുപിള്ളയുടെ സ്വാധീന സമയത്ത് അദ്ദേഹത്തോടൊപ്പവും, ഐക്യകേരള രൂപീകരണത്തിനു ശേഷവും, വ്യക്തമായ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ ചേരിയിൽ തന്നെയായിരുന്നു നായർ സമുദായത്തിന്റെ രാഷ്ട്രീയ ഇടം. ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെതിരായ വിമോചന സമരം സംഘടിപ്പിക്കുന്നതിൽ എൻഎസ്എസിന്റെ പങ്ക് ആരൊക്കെ മറക്കാൻ ശ്രമിച്ചാലും ചരിത്രത്തിന്റെ വിസ്മൃതിയിലേക്കു തള്ളപ്പെട്ടിട്ടില്ല. വിമോചന സമരം ഇഎംഎസിനോടും ജോസഫ് മുണ്ടശ്ശേരിയോടുമുള്ള രാഷ്ട്രീയ വിരോധം കൊണ്ടായിരുന്നെങ്കിലും, കേരളത്തിലെ തെരുവോരങ്ങളിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങൾ മുഴുവനും കെ.ആർ ഗൗരിക്കും പി.കെ ചാത്തൻ മാസ്റ്റർക്കുമെതിരായ ജാതിയധിക്ഷേപങ്ങളായിരുന്നു. കീഴാള ജാതികളിൽ പെട്ടവർ അധികാരികളായതിന്റെ സവർണ കുശുമ്പ് വിമോചന സമരത്തിൽ ഉടനീളമുണ്ടായിരുന്നു. നാളിതുവരെയുള്ള കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പഠന വിധേയമാക്കിയാൽ, വ്യക്തമായ ഇടതു-പുരോഗമന വിരുദ്ധ രാഷ്ട്രീയ ചേരിയിൽ നിലയുറപ്പിച്ചിട്ടുള്ളതാണ് ശരാശരി നായർ പൊതുബോധം എന്നു കാണാവുന്നതാണ്. ഇടതു പ്രസ്ഥാനങ്ങളുടെ സമീപനങ്ങളിൽ വന്ന മാറ്റവും പ്രീണനവും അടിസ്ഥാനപരമായി നായർ സമുദായത്തിന്റെ രാഷ്ട്രീയ മനോനിലയിൽ വ്യതിയാനങ്ങൾ വരുത്തിയിട്ടില്ല എന്നതാണ് തെരഞ്ഞെടുപ്പ് ചരിത്രം പറയുന്നത്.
കെ. കരുണാകരന്റെ രാഷ്ട്രീയ അപ്രമാദിത്വങ്ങളുടെ കാലത്ത് കോൺഗ്രസിന്റെ അടിയുറച്ച വോട്ടു ബാങ്കായിരുന്നു നായർ സമുദായം. എൺപതുകൾക്കു ശേഷം അദ്ദേഹത്തിന്റെ മേൽക്കോയ്മക്ക് ഇടിവു സംഭവിക്കുന്ന കാലത്താണ് ദേശീയ തലത്തിൽ ഹിന്ദുത്വ രാഷ്ട്രീയം ശക്തിപ്രാപിക്കുന്നത്. ഇൻഡ്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും സംഭവിച്ചതു പോലെ സവർണ ഹിന്ദു വിഭാഗങ്ങൾ തന്നെയായിരുന്നു ഇവിടെയും അവരുടെ രാഷ്ട്രീയ അടിത്തറ. സംഘടിത വോട്ടു ബാങ്ക് സമൂഹമായ നായർ സമുദായം കേരളത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ അടിത്തറയായി മാറുന്നതിൽ ചരിത്രമറിയുന്നവർക്ക് അതിശയോക്തി തോന്നാനിടയില്ല. ഇന്നും ഹിന്ദുത്വവാദികളുടെ കേരളത്തിലെ ‘ഫിക്സഡ് ഡിപ്പോസിറ്റ്’ നായർ സമുദായം തന്നെയാണ്! കേരളത്തിൽ ഏറ്റവുമൊടുവിലത്തെ തെരഞ്ഞെടുപ്പിൽ പോലും ബിജെപി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത് ഈ സമുദായത്തിനു നിർണായകമായ വോട്ടു സ്വാധീനമുള്ള മണ്ഡലങ്ങളിൽ തന്നെയാണ്.
ഇത്രയേറെ ഇടതുപക്ഷ വിരുദ്ധ പൊതുബോധം നായർ സമുദായം പിന്തുടരുമ്പോഴും, എല്ലാ കാലത്തെയും ഇടതുപക്ഷ ഭരണകർത്താക്കൾ സവർണ താൽപര്യങ്ങൾക്ക് കോട്ടംതട്ടാതെ തന്നെയാണ് ഭരണനിർവഹണം നടത്തിയിരുന്നത്. അപ്പോഴും ഇടതുപക്ഷ രാഷ്ട്രീയത്തെ ഹൃദയത്തിലേറ്റി ഉറച്ച വോട്ടു ബാങ്കായി നിലകൊണ്ടിരുന്ന പിന്നാക്ക ജനവിഭാഗങ്ങളെ- വിശിഷ്യാ ദലിത്-ആദിവാസി വിഭാഗങ്ങളെ- 36,000ഓളം കോളനികളിലായി തളച്ചിട്ട് മെച്ചപ്പെട്ട സാമൂഹിക ജീവിതം പോലും നിഷേധിച്ചതിൽ ഇടതുപക്ഷ പാർട്ടികൾക്ക് വലിയ പങ്കുണ്ട്.
കൃഷിഭൂമി എന്ന സ്വപ്നം നൽകി പ്രലോഭിപ്പിച്ച് ഒടുവിൽ ഭൂപരിഷ്ക്കരണ നിയമത്തിലൂടെ അതിനെ അട്ടിമറിച്ചതും ഇടതുപക്ഷം തന്നെ. ആദിവാസികളുടെ ഭൂഅവകാശത്തെ അട്ടിമറിക്കാൻ നിയമമുണ്ടാക്കി കയ്യേറ്റക്കാർക്ക് നിയമ പരിരക്ഷ നൽകിയതും കമ്യൂണിസ്റ്റ് ഗവൺമെന്റുകളായിരുന്നു. സാമൂഹികമായി വേർതിരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി ഇൻഡ്യൻ ഭരണഘടന വിഭാവനം ചെയ്ത സംവരണം എന്ന ആശയത്തെ എതിർക്കാൻ ‘സാമ്പത്തിക സംവരണം’ എന്ന സവർണ തന്ത്രത്തിൻ്റെ വക്താവായി മാറിയത് കമ്യൂണിസ്റ്റ് മുഖ്യനായിരുന്ന ഇഎംഎസ് ആയിരുന്നു. തന്റെ മുഖ്യമന്ത്രി സ്ഥാനത്തിനു തടയിട്ട് ഇ.കെ നയനാരെ മുഖ്യമന്ത്രിയാക്കിയതിനു പിന്നിൽ ഇഎംഎസിൻ്റെ ജാതിക്കുശുമ്പാണെന്ന് പറഞ്ഞത് സാക്ഷാൽ കെആർ ഗൗരി അമ്മയാണ്. അയ്യങ്കാളിക്കു ശേഷം നടക്കേണ്ടിയിരുന്ന കീഴാള മുന്നേറ്റങ്ങളെ ‘വർഗ സമരമെന്ന’ മിഥ്യയുടെ കവചമുപയോഗിച്ച് പ്രതിരോധിച്ചത് കമ്യൂണിസ്റ്റ് പാർട്ടികളിലെ സവർണ നേതൃത്വമാണ്.
ആദ്യ ഇഎംഎസ് മന്ത്രിസഭ മുതൽ രണ്ടാം പിണറായി മന്ത്രിസഭ വരെ എടുത്താൽ, ഭരണഘടന അനുശാസിക്കുന്ന പ്രാതിനിധ്യത്തിനപ്പുറം പട്ടിക വിഭാഗങ്ങളിൽ നിന്ന് രണ്ടാമതൊരാളെ മന്ത്രിസഭയുടെ ഭാഗമാക്കാൻ കമ്യൂണിസ്റ്റുകൾ ശ്രമിച്ചിട്ടില്ല. ഞങ്ങൾക്ക് ജാതിയില്ല എന്നു പ്രഖ്യാപിക്കുകയും, എന്നാൽ സവർണ താൽപര്യങ്ങൾക്ക് അനുസൃതമായി ‘പ്രിവിലേജ്ഡ്’ സമുദായങ്ങളെ മാത്രം കുത്തിനിറക്കുന്നതാണ് നാളിതുവരെയുള്ള എല്ലാ കമ്യൂണിസ്റ്റ് സർക്കാരുകളുടെയും രീതി. ജാതി ഇല്ല എന്ന പുറംമേനി പറച്ചിലിൽ അസന്തുലിതമായ ഒരു സാമൂഹിക ക്രമത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഇടതുപക്ഷ സാമൂഹിക ബോധം. പ്രാതിനിധ്യം എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണ്. മനുഷ്യനെന്നാൽ ഏക പ്രജ്ഞയെന്നത് യുക്തിവാദികളുടെ അബദ്ധജടിലമായ വാദം മാത്രമാണ്. വ്യത്യസ്തവും വൈവിധ്യപൂർണവുമായ സാമൂഹിക ജീവിതമാണ് മനുഷ്യൻ നയിക്കുന്നത്. ലോകത്തൊരിടത്തും മനുഷ്യരെല്ലാം തുല്യമായ സാമൂഹിക ജീവിതം നയിക്കുന്നവരല്ല. വൈവിധ്യങ്ങളിൽ ദുർബലത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കു കൂടി പ്രാതിനിധ്യം നൽകി സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ടത് ഭരണം കയ്യാളുന്നവരുടെ സാമൂഹിക ഉത്തരവാദിത്വമാണ്. എത്ര വലിയ പുരോഗതി കൈവരിച്ച രാഷ്ട്രയമായാലും ഇത്തരം സാമൂഹിക ഉത്തരവാദിത്വങ്ങൾ നിർവഹിക്കാറുണ്ട്. ഇത്തരം അനുഭവങ്ങളെയും നീതിയുടെ തത്വങ്ങളെയുമാണ് വർഗ സമരത്തിൻ്റെ തർക്കശാസ്ത്രങ്ങൾ നിരത്തി ഇൻഡ്യയിലെ കമ്യൂണിസ്റ്റുകൾ അട്ടിമറിക്കുന്നത്. ഫലത്തിൽ ഇൻഡ്യൻ സാമൂഹിക വ്യവസ്ഥയിലെ ഏറ്റവും ദുർബലരായ ദലിതരെയും ആദിവാസികളെയും അധികാര സ്ഥാനങ്ങളുടെ ധാരകളിൽ നിന്നും മാറ്റിനിർത്തി, ജാതി അധീശത്വത്തെ ഉറപ്പിക്കലാണ് വലതുവത്കരിക്കപ്പെട്ട ഇടതുപക്ഷം ചെയ്യുന്നത്.
രണ്ടാം പിണറായി മന്ത്രിസഭയിൽ കെ. രാധാകൃഷ്ണന് പിന്നാക്ക ക്ഷേമത്തിനു പുറമേ ദേവസ്വം വകുപ്പു കൂടി നൽകിയത് എന്തോ വലിയ സാമൂഹിക വിപ്ലവമാണെന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിൽ ഇടതു പ്രൊഫൈലുകൾ ആഘോഷിക്കുന്നത്. സവർണ ബോധത്തിന്റെ ചുവന്ന പതിപ്പാണ് ഇടതു പൊതുബോധമെന്നു തെളിയിക്കുന്നതാണ് ഈ പ്രചാരണങ്ങൾക്കു പിന്നിലെ മനോവികാരം. 25 വർഷങ്ങൾക്കു മുൻപ് സംസ്ഥാന മന്ത്രിയായും നിയമസഭാ സ്പീക്കറായുമൊക്കെ പ്രവർത്തിച്ച, ഭരണ പരിചയമുള്ള ഒരാൾക്ക് താരതമ്യേന വലിയ പ്രാധാന്യമന്നുമില്ലാത്ത ദേവസ്വം വകുപ്പു നൽകിയത് വിപ്ലവ പ്രവർത്തനമാണെന്നാണ് ഇത്തരക്കാരുടെ ധാരണ. അടിമുടി സവർണവത്കരിക്കപ്പെട്ട ദേവസ്വത്തിൽ ശമ്പളം ലഭിക്കുന്ന തസ്തികകളിൽ ബഹുഭൂരിപക്ഷവും സവർണ ഹിന്ദുക്കളുടെ കയ്യിലാണെന്ന് സാമാന്യ ജനത്തിനറിയാം. അവിടെയാണ് ഒന്നാം പിണറായി സർക്കാർ മുന്നാക്ക സംവരണം കൂടി നടപ്പാക്കിയത്. ഇതാണ് സിപിഎം നിലപാടെന്നിരിക്കെ, കീഴാള ജനവിഭാഗത്തിന്റെ പ്രതിനിധിയായ കെ. രാധാകൃഷ്ണന് ദുർബല സമൂഹങ്ങൾക്ക് വേണ്ടി എന്തു കാര്യം നടത്താനാണ് കഴിയുക. ഇവിടെ പ്രശ്നം അതു മാത്രമല്ല, ഒരു സവർണ ഇടതു ബോധത്തിന്റേതു കൂടിയാണ്. യാതൊരുവിധ ഭരണ പരിചയവുമില്ലാത്ത, നിയമസഭയിലെ പുതുമുഖങ്ങളായ കെ.എൻ ബാലഗോപാലിനു ധനകാര്യവും, പി. രാജീവിന് വ്യവസായവും, വി. പ്രസാദിന് കൃഷിയും, ജി.ആർ അനിലിന് പൊതു വിതരണവും നൽകുമ്പോളില്ലാത്ത അതിശയോക്തിയും വിപ്ലവവുമാണ് 25 കൊല്ലം മുൻപ് മന്ത്രിയായ കെ. രാധാകൃഷ്ണന് ദേവസ്വം നൽകുമ്പോഴുള്ള വിപ്ലവ വായാടിത്തരങ്ങൾ!ഈ ബോധത്തിന്റെ പേരാണ് ജാതി. മേൽപ്പറഞ്ഞ പേരുകാരെല്ലാം പ്രിവിലേജ്ഡ് ജാതികളിൽ നിന്നുള്ളവരാണ്. സ്വാഭാവികമായും അവർ ഭരണക്കാരാകാൻ യോഗ്യരുമാണല്ലോ. രാധാകൃഷ്ണനു ലഭിച്ചത് കീഴാളർക്കുള്ള ഔദാര്യം! ഇത്തരത്തിൽ അടിമുടി സവർണവത്കരിക്കപ്പെട്ട ഇടതു പൊതുബോധക്കാരാണ് രാധാകൃഷ്ണൻ്റെ ദേവസ്വത്തിൽ ആഘോഷിക്കുന്നവർ.
ഇടതുപക്ഷ മന്ത്രിസഭകളിൽ അംഗങ്ങളാകാനുള്ള യോഗ്യതകൾ എന്തൊക്കെയാണ് എന്നാണ് മനസ്സിലാകാത്തത്. ബുദ്ധിജീവി പരിവേഷവും, അക്കാദമിക യോഗ്യതകളും, പാർട്ടി സീനിയോരിറ്റിയുമൊക്കെ ആണോ?അക്കാദമിക യോഗ്യതകൾ ആണെങ്കിൽ പി.കെ ചാത്തൻ മാസ്റ്റർ മുതൽ കെ. രാധാകൃഷ്ണൻ വരെയുള്ള പട്ടികവിഭാഗ നേതാക്കളിൽ ആർക്കാണ് അതില്ലാത്തത്?നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള വി.എസ് അച്യുതാനന്ദനും എംഎം മണിക്കും എന്ത് അക്കാദമിക യോഗ്യതയാണുള്ളത്?
പാർട്ടി സീനിയോരിറ്റി ഉള്ളവരെയാണ് മന്ത്രിമാരാക്കുന്നതെങ്കിൽ നൂറു കൊല്ലം പഴക്കമുള്ള കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പട്ടിക വിഭാഗങ്ങളിൽ നിന്നും എന്തുകൊണ്ടാണ് ദേശീയ-സംസ്ഥാന നേതൃനിരയിലേക്ക് ആളുകളെ ഉയർത്തിക്കൊണ്ടുവരാൻ കഴിയാത്തത്? അതിന് ഉത്തരം കാണേണ്ടത് ഈ ദുർബല സമൂഹങ്ങളല്ല, പാർട്ടിയാണ്. മറ്റു പാർട്ടികളിൽ നിന്നും ധാരാളം ദേശീയ നേതാക്കൾ പട്ടിക വിഭാഗങ്ങളിൽ നിന്നും വരുന്നത് യാദൃശ്ചികം മാത്രമാണോ? അത്തരം വീഴ്ചകൾ മറച്ചുവെക്കുന്നതിനാണ് കെ. രാധാകൃഷ്ണനെ പോലുള്ളവരുടെ നാമമാത്ര സ്ഥാനലബ്ദികൾ ബോധപൂർവം വിപ്ലവ വായാടികൾ ആഘോഷമാക്കുന്നത്. 34 വർഷം തുടർച്ചയായി ഭരണം നടത്തിയ പശ്ചിമബംഗാളിൽ, ഭരണഘടന അനുശാസിക്കുന്ന സ്ഥാനങ്ങളിലേക്കല്ലാതെ ഒരാളെപ്പോലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ അധികാരത്തിലെത്തിച്ചിട്ടില്ല. 24 ശതമാനം പട്ടികജാതി ജനസംഖ്യയുള്ള പശ്ചിമബംഗാളിൽ സംസ്ഥാനത്തിനു പുറത്ത് അറിയുന്ന ഒരാളെയെങ്കിലും സിപിഎം വളർത്തിയെടുത്തിട്ടുണ്ടോ! ഇന്ന് അതേ പശ്ചിമബംഗാളിൽ സാമൂഹിക നീതിയുടെ കാറ്റു വീശുകയാണ്. 15 ജനറൽ സീറ്റുകളിലുൾപ്പെടെ 79 പട്ടികജാതിക്കാരെയാണ് തൃണമൂൽ കോൺഗ്രസ് മത്സരിപ്പിച്ചത്. മമതാ ബാനർജിയുടെ 43 അംഗ ക്യാബിനറ്റിൽ എട്ടുപേർ പട്ടികജാതിക്കാരാണ്. ദുർബല വിഭാഗങ്ങൾക്ക് അധികാരത്തിൽ പങ്കാളിത്തം കൊടുക്കേണ്ടത് സാമൂഹിക നീതിയുടെ ഭാഗമാണെന്ന് മമതാ ബാനർജി കാണിച്ചുതരുന്നുണ്ട്.
കേരളത്തിൽ നിന്നും വലിയ ദൂരത്തൊന്നുമല്ലാത്ത ആന്ധ്രപ്രദേശിൽ ആഭ്യന്തര വകുപ്പു മന്ത്രി ആയിരിക്കുന്നത് 45 വയസ്സു മാത്രം പ്രായമുള്ള ‘മേഘതോതി സുചരിത’ എന്ന ദലിത് സ്ത്രീയാണെന്ന് രാധാകൃഷ്ണനെ ആഘോഷിക്കുന്നവർ മനസ്സിലാക്കണം. കമ്യൂണിസ്റ്റ് പാർട്ടികൾക്ക് നാമമാത്ര സ്വാധീനം പോലുമില്ലാത്ത ആന്ധ്രയിൽ നിന്നാണ് പ്രധിനിധ്യത്തിൻ്റെയും സാമൂഹിക നീതിയുടെയും രാഷ്ട്രീയം നമ്മൾ കാണുന്നത്.
1986ൽ ഇൻഡ്യാ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി പട്ടികജാതിക്കാരനായ ബൂട്ട സിംഗ് ആയിരുന്നു. വടക്കേ ഇൻഡ്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയം രാജ്യത്തിനു നൽകിയ സംഭാവനയാണ് ദലിതനായ രാംവിലാസ് പാസ്വാൻ. സുശീൽകുമാർ ഷിൻഡയും മായാവതിയും അജിത് ജോഗിയും ഷിബു സോറനും മധുകോഡയും
ഹേമന്ത് സോറനും മുഖ്യമന്ത്രിമാരായ രാജ്യത്താണ് കെ. രാധാകൃഷ്ണനെ വിപ്ലവത്തിന്റെ പര്യായമാക്കുന്നത്.
നാലു മന്ത്രിമാരിൽ മൂന്നുപേരെയും നായർ സമുദായത്തിൽ നിന്നും കണ്ടെത്തിയ സിപിഐ ആണ് വലിയ വിപ്ലവകാരികൾ! ഉടലില്ലാത്ത വലിയ തല മാത്രമുള്ള വിപ്ലവകാരികൾ. 1987ൽ രാഘവൻ മന്ത്രിയായതിനു ശേഷം ദലിത് വിഭാഗത്തിൽ നിന്നും ഒരാളെ പോലും സിപിഐ മന്ത്രിമാരാക്കിയിട്ടില്ല. ജയിച്ചു വരുന്ന സീനിയർ ദലിത് നേതാക്കളെ മന്ത്രിമാരാക്കാതെ ഒതുക്കിയിരുത്താനുള്ള പദവിയായി ഡെപ്യൂട്ടി സ്പീക്കർ പദവിയെ പതിറ്റാണ്ടുകളായി സിപിഐ ഉപയോഗിക്കുന്നു. ഭാർഗവി തങ്കപ്പനിൽ തുടങ്ങി കഴിഞ്ഞ നിയമസഭയിലെ മുതിർന്ന എംഎൽഎ ആയിരുന്നു പി. ശശിയെയും, ഇപ്പോൾ മാറ്റിനിർത്താൻ ഒരു കാരണവുമില്ലാത്ത ചിറ്റയം ഗോപകുമാറിനെയും മന്ത്രിയായി പരിഗണിക്കാതെ ഡെപ്യൂട്ടി സ്പീക്കറാക്കി. സ്വന്തം എംഎൽഎയെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ച പാർട്ടി നേതാവിന് സ്ഥാനക്കയറ്റം നൽകിയ കാനം രാജേന്ദ്രൻ പാർട്ടിയിൽ നിന്ന് എന്ത് സാമൂഹിക നീതിയാണ് പ്രതീക്ഷിക്കേണ്ടത്? ഒറ്റക്കു മത്സരിച്ചാൽ 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നിൽ പോലും കെട്ടിവെച്ച പണം തിരികെ വാങ്ങാൻ ശേഷിയില്ലാത്ത സിപിഐയിലെ നാമമാത്ര അണികളിൽ ബഹുഭൂരിപക്ഷവും ദലിതരും പിന്നാക്കക്കാരുമാണ്. നേതൃത്വവും സ്ഥാനമാനങ്ങളുമാവട്ടെ സവർണർക്കും.
കേരളത്തിൽ സവർണ താൽപര്യങ്ങൾക്കനുസൃതമായ മാധ്യമ സംസ്കാരവും ജാതിബദ്ധമായ ഒരു പൊതുബോധവുമാണ് അധികാര കേന്ദ്രങ്ങളെ പ്രിവിലേജ്ഡ് ജാതികൾക്കനുകൂലമായി പങ്കുവെക്കുന്നതിൽ മുഖ്യഘടകമായി വർത്തിക്കുന്നത്. അതുകൊണ്ടാണ് ആദ്യമായി നിയമസഭയിലെത്തിയ ആർ. ബിന്ദുവും, രണ്ടു പ്രാവശ്യം ജയിച്ച വീണ ജോർജും മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെടുമ്പോൾ, മൂന്നു പ്രാവശ്യം വൻ വിജയം നേടിയ സി.കെ ആശയുടെയോ മാനന്തവാടിയിൽ നിന്നും രണ്ട് പ്രാവശ്യം വിജയിച്ച ആദിവാസിയായ ഓ.ആർ കേളുവിൻ്റെയോ പേര് മന്ത്രിസ്ഥാനത്തേക്ക് ചിന്തിക്കാൻപോലും പാർട്ടി നേതൃത്വങ്ങൾകും പൊതുബോധത്തിനും കഴിയാതെ വരുന്നത്.
12 ശതമാനത്തിനു താഴെ ജനസംഖ്യയുള്ള നായർ സമുദായത്തിന് 7 മന്ത്രിമാരും സ്പീക്കറും ഗവൺമെൻറ് ചീഫ് വിപ്പും, ഏഴ് ശതമാനം മാത്രമുള്ള സവർണ സിറിയൻ ക്രൈസ്തവ വിഭാഗങ്ങൾക്ക് 3 മന്ത്രിസ്ഥാനം നൽകി. 24 ക്യാബിനറ്റ് റാങ്കുള്ളവരിൽ 12 പേരും മുന്നാക്ക ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്ന്. 19 ശതമാനം ജനസംഖ്യയുള്ള 2 സമുദായങ്ങൾക്ക് 50 ശതമാനം ക്യാബിനറ്റ് പദവിയുള്ള സ്ഥാനങ്ങൾ. 27 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിം വിഭാഗത്തിനു മൂന്ന് മന്ത്രിമാർ മാത്രം. പതിനാലര ശതമാനം വരുന്ന പട്ടികജാതി/വർഗ പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾക്കെല്ലാം ചേർത്ത് ഒരു മന്ത്രി. ഇതുതന്നെയല്ലേ ഇവർ പറയുന്ന സമൂഹിക വിപ്ലവം?
24 ക്യാബിനറ്റ് റാങ്കുള്ളവരിൽ ഒൻപതു പേർ സമുദായത്തിൽ നിന്നായിട്ടും സാമൂഹിക അസന്തുലിതാവസ്ഥയെക്കുറിച്ച് വിലപിക്കാൻ ഒരു നേതാക്കന്മാരും രംഗത്തില്ല. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മഞ്ഞളാംകുഴി അലിയെ ലീഗിന്റെ അഞ്ചാംമന്ത്രിയാക്കിയപ്പോൾ ഹാലിളകിയാടിവർക്ക് ഒൻപത്തെണ്ണം ഒരു സമുദായത്തിനു നൽകിയതിൽ മിണ്ടാട്ടമില്ല.
ഒരു കാര്യം ഉറപ്പാണ്, പ്രാതിനിധ്യ സ്വഭാവമുള്ള ഭരണഘടന ഇല്ലായിരുന്നുവെങ്കിൽ ദളിതരോ ആദിവാസികളോ ആയ ജനവിഭാഗങ്ങളിൽ നിന്നും ഒരാൾപോലും ജനപ്രാതിനിധ്യ സഭകളിൽ അംഗങ്ങളാവുകയോ, മന്ത്രിമാരാവുകയോ ചെയ്യുമായിരുന്നില്ല. എ.കെ ബാലനും കെ. രാധാകൃഷ്ണനും മന്ത്രിമാരായത് മൂലധനം ഉള്ളതുകൊണ്ടല്ല, ഭരണഘടന ഉള്ളതുകൊണ്ടു മാത്രമാണ്.
◆
പി.കെ റോസി ഫൗണ്ടേഷന്റെ മാനേജിങ് ട്രസ്റ്റിയാണ് ലേഖകൻ