ഫലസ്തീനും ഇസ്രയേൽ അധിനിവേശവും: ചില വസ്തുതകൾ

ഇസ്രയേൽ-ഫലസ്തീൻ പ്രശ്നം പൗരാണികമായ ഒന്നാണെന്ന തെറ്റിദ്ധാരണ നിലവിലുണ്ട്. യഥാർഥത്തിൽ ഇതൊരു ആധുനിക രാഷ്ട്രീയ പ്രശ്നമാണ്. യൂറോപ്യൻ ആധുനികത, ദേശീയവാദം, കൊളോണിയലിസം എന്നിവയെല്ലാം ശക്തിപ്പെട്ട 19ാം നൂറ്റാണ്ടിൽ ഉടലെടുത്ത ‘രാഷ്ട്രീയ സയണിസം’ എന്ന ആശയഗതി നിർമിച്ചെടുത്ത ദേശീയ ബോധമാണ് ഇസ്രയേൽ-ഫലസ്തീൻ പ്രശ്നത്തിന്റെ കാതൽ. എ.കെ രാമകൃഷ്ണൻ സംസാരിക്കുന്നു.

ഇന്ന് ആഗോള രാഷ്ട്രീയ രംഗത്ത് ഏറ്റവും പ്രമുഖമായി ചർച്ച ചെയ്യപ്പെടുന്ന, വളരെ പ്രധാനപ്പെട്ട വിഷയമാണ് ഫലസ്തീൻ പ്രശ്നം. അങ്ങ് പശ്ചിമേഷ്യയിൽ നടക്കുന്ന ഒരു രാഷ്ട്രീയ പ്രശ്നം മാത്രമല്ല, നമ്മുടെ നീതിബോധത്തെയും ധാർമികതയെയും പിടിച്ചുലക്കുന്ന ഒരു കാര്യമാണത്. അതുകൊണ്ടുതന്നെ, വൈയക്തികമായും സാമൂഹികമായും നമ്മോടു തന്നെ പല ചോദ്യങ്ങളും അതു ചോദിക്കുന്നുണ്ട്. ഫലസ്തീൻ പ്രശ്നത്തോട് നാം എടുക്കുന്ന സമീപനം അപ്രകാരം നമ്മുടെ തന്നെ രാഷ്ട്രീയ ബോധങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒന്നു രണ്ടു കാര്യങ്ങൾ സൂചിപ്പിച്ചു കൊണ്ട് ചരിത്രപരമായ ചില വസ്തുതകളിലേക്കു കടക്കാം.

ഇരുകൂട്ടർ തമ്മിലുള്ള പോരാട്ടമെന്ന് ഈ പ്രശ്നം വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഇസ്രായേലിന് തുല്യശക്തിയായി ഫലസ്തീനെ കണക്കാക്കുന്ന ഈ വീക്ഷണം അബദ്ധജഡിലമായ ഒന്നാണ്. കാരണം, ഇസ്രായേൽ സ്ഥാപനത്തിനു ശേഷം ബാക്കി വന്നിട്ടുള്ള കിഴക്കൻ ജെറുസലേം, വെസ്റ്റ് ബാങ്ക്, ഗാസ എന്നീ പ്രദേശങ്ങൾ പോലും ഇസ്രായേൽ അധീനതയിലാണ് ഉള്ളത്. 1967ൽ ഇസ്രായേൽ ഫലസ്തീനെതിരെ നടത്തിയ യുദ്ധത്തിൽ പിടിച്ചടക്കിയ പ്രദേശങ്ങളാണ് ഇവയെല്ലാം. ഒരു പ്രദേശത്തുകാരായ ജനത തങ്ങൾക്കു മേലെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്ന അധികാര ശക്തിയായ ഇസ്രായേലിനോട് പോരടിക്കുന്നത് എങ്ങനെയാണ് തുല്യശക്തികൾ തമ്മിലുള്ള പോരാട്ടമായി വ്യാഖ്യാനിക്കപ്പെടുന്നത്? ഇവിടെ ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള അധികാരത്തിന്റെ അസന്തുലിതാവസ്ഥ നാം മനസിലാക്കണം.

ഇതൊരു പൗരാണിക പ്രശ്നമാണ് എന്ന തെറ്റിദ്ധാരണയും സമൂഹത്തിലുണ്ട്. ഒരിക്കലുമല്ല. യഥാർഥത്തിൽ ഇസ്രായേൽ-ഫലസ്തീൻ പ്രശ്നം ഒരു ആധുനിക രാഷ്ട്രീയ പ്രശ്നമാണ്. യൂറോപ്യൻ ആധുനികത, ദേശീയവാദം, കൊളോണിയലിസം എന്നിവയൊക്കെ ശക്തിപ്പെട്ട 19ാം നൂറ്റാണ്ടിൽ ഉടലെടുത്ത ‘രാഷ്ട്രീയ സയണിസം’ എന്ന ആശയഗതി നിർമിച്ചെടുത്ത ദേശീയ ബോധമാണ് ഇസ്രായേൽ-ഫലസ്തീൻ പ്രശ്നത്തിന്റെ കാതൽ. 19-ാം നൂറ്റാണ്ടിൻ്റെ പകുതിയിൽ വിവിധങ്ങളായ ആധിപത്യ വീക്ഷണങ്ങൾ, കൊളോണിയലിസം, ദേശീയവാദം എന്നിവ ശക്തിപ്പെട്ട സമയത്ത് യൂറോപ്യൻ യഹൂദരും അത്തരം മൂല്യങ്ങളിൽ ആകൃഷ്ടരായിരുന്നു. ഇതിനൊപ്പം ശക്തമായ യഹൂദ വിരുദ്ധ മനോഭാവവും അവർക്ക് അനുഭവിക്കേണ്ടി വന്നു. ഈ വിരോധ മനോഭാവം യഹൂദരിൽ തങ്ങൾക്ക് സ്വന്തമായി ഒരു രാഷ്ട്രം വേണം എന്ന ആശയത്തിലേക്ക് വഴി തെളിക്കുകയായിരുന്നു. യഹൂദരുടെ രാഷ്ട്ര നിർമാണത്തിന് തെരഞ്ഞെടുക്കപ്പെട്ടത് ഫലസ്തീൻ എന്ന ഏഷ്യൻ രാജ്യമാണ്. ഏഷ്യൻ-ആഫ്രിക്കൻ പ്രദേശങ്ങളിലെ ജനങ്ങളുടെ കാര്യം തീരെ ഗൗനിക്കേണ്ടതില്ലെന്ന കൊളോണിയൽ അവബോധം യൂറോപ്യൻ യഹൂദരെയും നല്ലവണ്ണം സ്വാധീനിച്ചിരുന്നു. യൂറോപ്പിലെ യഹൂദ വിരുദ്ധതയെ നേരിടാൻ ഫലസ്തീനിൽ കോളനി ഉണ്ടാക്കുക എന്ന ഊടുവഴിയാണ് യഹൂദ വരേണ്യ വിഭാഗങ്ങളിലെ ചിലർ ചിന്തിച്ചത്. അങ്ങനെയാണ് സയണിസ്റ്റ് പ്രസ്ഥാനം തന്നെ സൃഷ്ടിക്കപ്പെടുന്നത്.

1897ൽ സ്വിറ്റ്സർലാന്റിലെ ബാസലിൽ വെച്ച് വേൾഡ് സയണിസ്റ്റ് ഓർഗനൈസേഷൻ്റെ ആദ്യ മീറ്റിങ്ങ് നടന്നപ്പോളായിരുന്നു ഫലസ്തീൻ കുടിയേറ്റത്തെ കുറിച്ച് പ്രയോഗികമായ ആലോചനകൾ രൂപപ്പെടുന്നത്. വേൾഡ് സയണിസ്റ്റ് ഓർഗനൈസേഷൻ്റെ പ്രമേയങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ‘ജൂയിഷ് നാഷണൽ ഹോം’ എന്ന ആശയം കൊണ്ടുവരുവാൻ വേണ്ടി അന്താരാഷ്ട്ര ശക്തികളുടെ പിൻബലം നേടുക എന്നുള്ളത്. മറ്റൊരു പ്രധാന പ്രമേയമായിരുന്നു ‘കോളനൈസേഷൻ ഓഫ് ഫലസ്തീൻ’ എന്നത്. ആ കോളനിവത്കരണത്തിന്റെ ഏറ്റവും കടുത്ത അവസ്ഥയാണ് നാം ഫലസ്തീനിൽ ഇന്നും കണ്ടു കൊണ്ടിരിക്കുന്നത്.

വേൾഡ് സയണിസ്റ്റ് ഓർഗനൈസേഷൻ്റെ സ്ഥാപകനായ തിയഡോർ ഹെർസൽ ഒരിക്കൽ മാത്രം ഫലസ്തീൻ സന്ദർശിക്കുകയുണ്ടായി. അദ്ദേഹത്തിൻ്റെ ഡയറി കുറിപ്പുകൾ വിദഗ്ദർ പഠന വിധേയമാക്കിയിട്ടുള്ളതാണ്. അക്കാലത്ത് ഒട്ടോമൻ സാമ്രാജ്യവും വേൾഡ് സിയോണിസ്റ്റ് ഓർഗനൈസേഷനും തമ്മിൽ നടന്ന നീണ്ട ചർച്ചകൾക്കൊടുവിൽ ഫലസ്തീനിൽ കുറച്ച് ഇടങ്ങളിൽ താമസിക്കാനുള്ള അനുമതി ലഭിക്കുകയുണ്ടായി. തിയഡോർ ഹെർസലിൻ്റെ ഫലസ്തീൻ സന്ദർശനത്തിനു വളരെ മുൻപു തന്നെ തന്റെ ഡയറിയിൽ കുറിച്ച ഒരു കാര്യം പ്രധാനമാണ്. പണക്കാരായ ഫലസ്തീൻ നിവാസികളുടെ സ്വത്തു വിലക്കു വാങ്ങിക്കാൻ സാധിക്കുമെന്നും, പാവപ്പെട്ടവർ ഒന്നുകിൽ ജീവസംരക്ഷണം തേടി പലായനം ചെയ്തു കൊള്ളും, അല്ലെങ്കിൽ രഹസ്യമായി തുടച്ചുമാറ്റേണ്ടതാണ് എന്നും കുറിച്ചിട്ടുണ്ട്. ചുരുക്കത്തിൽ യൂറോപ്യൻ ആധിപത്യ വീക്ഷണത്തിൻ്റെയും അതിൻ്റെ പ്രായോഗിക പ്രവർത്തനങ്ങളുടെയും പരിണിത ഫലമാണ് നാം ഇന്നു കാണുന്ന ഇസ്രയേൽ-ഫലസ്തീൻ പ്രശ്നത്തിന്റെ അടിത്തറ. അതല്ലാതെ ഇതു പൗരാണിക പ്രശ്നമാണ് എന്ന് വ്യാഖ്യാനിക്കുന്നത് തികച്ചും അബദ്ധമാണ്. ഇത് അടിസ്ഥാനപരമായി രാഷ്ട്രീയമായ പ്രശ്നമായിട്ടാണ് കാണേണ്ടത്.

തിയഡോർ ഹെർസൽ

ന്യൂനപക്ഷ സമുദായമായ ക്രിസ്തു മതക്കാർ, ജൂതമത വിശ്വാസികൾ തുടങ്ങിയവരും, ഭൂരിപക്ഷ ജന വിഭാഗമായ ഇസ്‌ലാം മതവിശ്വാസികളും അടങ്ങിയ ഒരു പ്രദേശമാണ് ഫലസ്തീൻ. ന്യൂനപക്ഷ സമുദായത്തെയും ഭൂരിപക്ഷ സമുദായത്തെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് ഫലസ്തീനിൽ ഉളളത് എന്നു മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. വേൾഡ് സയണിസ്റ്റ് ഓർഗനൈസേഷൻ അവരുടെ പ്രമേയമായ ‘ജൂയിഷ് നാഷണൽ ഹോം’ എന്ന പദ്ധതി യൂറോപ്യൻ ദേശീയ വാദത്തിൻ്റെ അടിസ്ഥാനത്തിൽ ഫലസ്തീനിൽ ആവിഷ്കരിക്കുകയും, 50 വർഷം കൊണ്ട് ഇസ്രായേൽ എന്ന ദേശ-രാഷ്ട്രത്തെ വളർത്തുകയും ചെയ്തു. ‘കോളനൈസേഷൻ ഓഫ് ഫലസ്തീനിലൂടെ’ നടത്തണം എന്ന് പറയുന്നത് യൂറോപ്യൻ ജൂത വിശ്വാസികളുടെ കുടിയേറ്റമാണ്. വിവിധ ജൂത സാമ്പത്തിക സഹായങ്ങൾ മുഖേന ജൂതന്മാർ 19ാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഫലസ്തീനിലേക്ക് പലായനം ചെയ്തു. 20ാം നൂറ്റാണ്ടിൽ അതു ശക്തിപ്പെടുകയും ചെയ്തു. ജർമനിയിൽ ഹിറ്റ്ലറുടെ നടപടികൾ, ലക്ഷക്കണക്കിന് ജൂതന്മാരെ കൊന്നൊടുക്കിയ ഹോളോകാസ്റ്റ് കൂടുതൽ ജൂത വിശ്വാസികൾ ഫലസ്തീലേക്ക് കുടിയേറുവാൻ കാരണമായി.

1917ൽ ബാൽഫർ പ്രഖ്യാപനത്തിലൂടെ ജൂയിഷ് നാഷണൽ ഹോം എന്ന ആശയത്തെ ബ്രിട്ടൺ അംഗീകരിക്കുകയുണ്ടായി. വേൾഡ് സയണിസ്റ്റ് ഓർഗനൈസേഷൻ്റെ സമ്മർദ ഫലമായി, അന്നുള്ള പ്രബല ആഗോള ശക്തിയായ ബ്രിട്ടനിൽ നിന്ന് സയണിസ്റ്റ് അനുകൂല നയം പ്രഖ്യാപിക്കപ്പെട്ടു. 1917ലെ ബാൽഫർ ഡിക്ലറേഷൻ (ലോർഡ് ആർതർ ബാൽഫർ, ലോഡ് റോത്ചൈൽഡിന് എഴുതിയ കത്തിൽ) യഹൂദ രാഷ്ട്ര നിർമാണത്തിന് ബ്രിട്ടൻ ഗവൺമെൻ്റിൻ്റെ പിന്തുണയും അംഗീകാരവുമുണ്ട് എന്നാണ് വിവരിച്ചിട്ടുള്ളത്. ഫലസ്തീനിൽ നിലവിലുള്ള ജനവിഭാഗത്തെ ദോഷകരമായി ബാധിക്കാതെ രാഷ്ട്രമുണ്ടാക്കണം എന്ന് അതിൽ പറയുന്നുണ്ട്. പക്ഷേ ആ വശം ശ്രദ്ധിക്കപ്പെട്ടിട്ടില്ല എന്നത് വാസ്തവമാണ്.

ഇങ്ങനെ ജൂയിഷ് നാഷണൽ ഹോമിന് 1917ൽ അംഗീകാരം കൊടുത്ത ബ്രിട്ടീഷ് ഗവൺമെന്റാണ് ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം 20കളുടെ ആദ്യം ഫലസ്തീൻ അധികാരം ഏറ്റെടുക്കുന്നത്. ഇതും കുടിയേറ്റക്കാരുടെ ഒഴുക്കിനെ വർധിപ്പിക്കാൻ സഹായിച്ചു. ഈ സന്ദർഭത്തിലാണ് ശക്തമായ രാഷ്ട്രീയ സമ്മർദവും മുന്നേറ്റവും സയണിസ്റ്റ് ശക്തികൾ നടത്തുന്നത്. ജർമൻ കൂട്ടക്കൊലക്കു ശേഷം അന്താരാഷ്ട്ര സമൂഹത്തിൽ യഹൂദരുടെ രാഷ്ട്ര നിർമിതിക്ക് അനുകൂലമായ സാഹചര്യം ഉണ്ടായിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്.1947ൽ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ ‘യുണൈറ്റഡ് നേഷൻസ് സ്പെഷ്യൽ കമ്മീഷൻ ഓൺ ഫലസ്തീൻ രൂപീകരിക്കുകയും, അതിൻ്റെ റിപ്പോർട്ട് കൊടുക്കുകയും ചെയ്തു. റിപ്പോർട്ടിൽ യഹൂദ രാഷ്ട്രവും ഫലസ്തീൻ രാഷ്ട്രവുമായി, ഫലസ്തീൻ പ്രദേശത്തെ വിഭജിക്കാൻ ശിപാർശയുണ്ടായി. ഐക്യരാഷ്ട്ര സഭയിൽ ഈ പദ്ധതി ഭൂരിപക്ഷ വോട്ടുകളോടു കൂടി അംഗീകരിക്കുകയും, അതു നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തു.

1948 മേയ് മാസം 14ന് അർദ്ധ രാത്രിയിലാണ് ബ്രിട്ടീഷ് ഭരണം അവസാനിച്ചത്. ഉടൻ തന്നെ ഇസ്രയേൽ രാഷ്ട്രം രൂപീകരിച്ചതായി സയണിസ്റ്റ് നേതാക്കൾ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. യുണൈറ്റഡ് നേഷൻസ് പദ്ധതിയെ തടയുന്ന ഒരു ശ്രമം മുന്നിൽ കണ്ടു കൊണ്ടാണ് ഇസ്രയേലിൻ്റെ രാഷ്ട്ര പ്രഖ്യാപനം. അങ്ങനെ ഫലസ്തീൻ രാഷ്ട്ര സ്ഥാപനം എന്നത് ഇന്നുവരെ നടപ്പിൽ വരാത്ത ഒരു കാര്യമായി തുടരുന്നു.

ഇസ്രയേൽ എന്ന ഇന്ന് കാണുന്ന രാഷ്ട്രത്തിന് വളരെ കുറഞ്ഞ പ്രായം മാത്രമേ ആയിട്ടുള്ളൂ എന്ന് നാം മനസ്സിലാക്കണം. ഇസ്രയേൽ രാഷ്ട്രത്തിന് അകത്തു തന്നെയുള്ള ചരിത്രകാരന്മാർ 1948ൽ ഇസ്രായേൽ സ്ഥാപനവുമായി ബന്ധപ്പെട്ട പല അവകാശ വാദങ്ങളെയും പൊളിച്ചടുക്കാൻ ശ്രമിച്ചു. ലോകത്തെ തെറ്റിദ്ധരിപ്പിച്ചിരുന്ന പല കാര്യങ്ങളുടെയും സത്യാവസ്ഥ ബോധ്യപ്പെടുത്താൻ ‘ന്യൂ ഹിസ്റ്റോറിയൻസ്’ എന്നറിയപ്പെടുന്ന ഈ ചരിത്രകാരന്മാർക്ക് സാധിച്ചു. ഇസ്രയേൽ രാഷ്ട്രത്തിന്റെ സ്ഥാപന ചരിത്രത്തെ വിമർശനാത്മകമായി അവതരിപ്പിച്ച ചരിത്രകാരന്മാരിൽ ഇലാൻ പാപ്പെ, അവിശ്ലെയ്ൻ, ടോം സെഗേവ് തുടങ്ങിയവരും ഉണ്ടായിരുന്നു.

പിന്നീട് ഇസ്രയേൽ ആയി മാറിയ ഫലസ്തീൻ പ്രദേശത്ത് 1948ൽ 9 ലക്ഷം ജനത വസിച്ചിരുന്നു. അതിൽ 7,20,000ഓളം വരുന്ന ഫലസ്തീൻ ജനതയെ പുറത്താക്കിയാണ് ഇസ്രയേൽ രാഷ്ട്ര സ്ഥാപനം നടക്കുന്നത്. ഇലാൻ പാപ്പെ എന്ന ഇസ്രയേലി ചരിത്രകാരൻ തന്നെ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത് ‘വംശീയ ഉന്മൂലനം’ എന്നാണ്. ഇസ്രയേലിലെ അദ്ദേഹത്തിന്റെ യൂണിവേഴ്സിറ്റി പ്രൊഫസർ സ്ഥാനം അതോടെ നഷ്‌ടമായി. വംശീയ ഉന്മൂലനത്തെ കുറിച്ചൊന്നും നമ്മുടെ നാട്ടിലെ സമകാലിക ചർച്ചയിൽ അധികം കാണുകയില്ല.

1948ൽ ഫലസ്തീൻകാർ സ്വന്തം ഭൂമിയിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടു. അഭയാർത്ഥികളായ ഫലസ്തീൻകാരുടെ വലിയ പ്രവാഹമായിരുന്നു ഇസ്രയേൽ സ്ഥാപനത്തോടനുബന്ധിച്ച് ഉണ്ടായത്. നക്ബ എന്നാണ് ഈ നഷ്‌ടത്തെ, ചിതറിക്കലിനെ ഫലസ്തീൻകാർ വിളിക്കുന്നത്. 1948ന് ശേഷം നിർണായകമായ മറ്റൊരു ചരിത്രസംഭവം 1967ലെ യുദ്ധമാണ്. ഗാസ, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജെറുസലേം തുടങ്ങിയ ഫലസ്തീൻ പ്രദേശങ്ങളും, ഈജിപ്തിലെ സീനായ് പ്രദേശവും, സിറിയയുടെ ഗോലാൻ കുന്നുകളും 1967ലെ യുദ്ധത്തിൽ ഇസ്രയേൽ പിടിച്ചെടുത്തു. അന്താരാഷ്ട്ര നിയമ വ്യവസ്ഥ, ഇസ്രയേൽ യുദ്ധത്തിൽ പിടിച്ചെടുത്ത സ്ഥലങ്ങളിൽ അതിന്റെ ഭരണത്തെ നിയമവിരുദ്ധമായാണ് കാണുന്നത്. യുഎൻ സെക്യൂരിറ്റി കൗൺസിൽ 242ആം നമ്പർ പ്രമേയത്തിലൂടെ അധിനിവിഷ്‌ട പ്രദേശങ്ങളിൽ നിന്നു പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും, ഇസ്രയേൽ തയ്യാറായില്ല. പിന്നീട് 1973ൽ അറബ്-ഇസ്രയേൽ യുദ്ധം നടന്നു. അതിനു ശേഷം യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം 338ലൂടെ അറബ്-ഇസ്രയേൽ പ്രശ്നം സമാധാനപരമായി പരിഹരിക്കണം എന്ന ആഹ്വാനമുണ്ടായി. പക്ഷേ, അന്തരാഷ്ട്ര നിയമ വ്യവസ്ഥയെ അംഗീകരിക്കാൻ ഇസ്രയേൽ തയ്യാറായില്ല, ഇന്നും തയ്യാറല്ല എന്നതാണു പ്രധാനപ്പെട്ട പ്രശ്നം. ഇസ്രയേലിൻ്റെ ഈ മേൽക്കോയ്മയെ പ്രതിരോധിക്കുക എന്നതാണ് ഫലസ്തീൻ ജനത ചെയ്യുന്നത്. ഇപ്പോൾ നടക്കുന്ന ഈ സംഘർഷം അവസാനിപ്പിക്കാനുള്ള അടിസ്ഥാന മാർഗം, ഇസ്രായേൽ പിടിച്ചുവെച്ച ഗാസ, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം എന്നീ പ്രദേശങ്ങളിൽ നിന്നു പിന്മാറുകയും, ഇസ്രയേലിനകത്തുള്ള അപാർത്തീഡ് (വിവേചന) നയങ്ങൾ മാറ്റുകയുമാണ്. ചുരുക്കത്തിൽ, ഇസ്രായേൽ രാഷ്ട്രത്തിൻ്റെ വിപുലീകരണത്തിനു വേണ്ടി അവർ കണ്ടെത്തുന്ന മാർഗമാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നത് എന്ന വസ്തുത കാണേണ്ടതുണ്ട്.

നക്ബ സമയത്തെ കൂട്ട പാലായനം

നാം ഇക്കഴിഞ്ഞ നാളുകളിൽ കണ്ട സംഘർഷത്തിനു കാരണമായത് കിഴക്കൻ ജെറുസലേമിലെ ഷെയ്ഖ് ജറ പ്രദേശത്തെ ഫലസ്തീൻ നിവാസികളെ നിർബന്ധപൂർവം കുടിയൊഴിപ്പിക്കാൻ യഹൂദ കുടിയേറ്റക്കാരും ഇസ്രയേൽ ഗവണ്മെന്റും ശ്രമിച്ചതാണ്. റമദാൻ മാസത്തിലെ പ്രാർഥനക്കിടെ അൽ അഖ്സ പള്ളിയിൽ ഇരച്ചുകയറി മുസ്‌ലിംകളെ ആക്രമിച്ചതാണ് പ്രശ്നം കൂടുതൽ സംഘർഷഭരിതമാക്കിയത്.

1967നു ശേഷം ഇസ്രായേൽ ചെയ്ത പ്രധാന കാര്യം കിഴക്കൻ ജെറുസലേമിനെ സൈനിക ആധിപത്യത്തിനു കീഴിൽ കൊണ്ടുവരിക മാത്രമല്ല, ജെറുസലേം നഗരത്തിന്റെ അറബ് പ്രദേശമടക്കം ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു എന്നതാണ്. മസ്ജിദ് അൽ അഖ്സ ആക്രമണത്തെയും കുടിയൊഴിപ്പിക്കൽ നടപടികളെയും ഫലസ്തീൻ ജനത ശക്തമായി ചെറുത്തുനിൽകുന്ന കാഴ്ചകൾ അന്താരാഷ്ട്ര ശ്രദ്ധ ഫലസ്തീൻ പ്രശ്നത്തിലേക്ക് ക്ഷണിക്കാൻ ഇടവരുത്തി. ഇസ്രയേലിൻ്റെ മിസൈൽ ആക്രമണത്തിന് ഇരയാക്കപ്പെടുന്നത് ഗാസയിലെ ഫലസ്തീൻ അഭയാർത്ഥി കേന്ദ്രങ്ങൾ തന്നെയാണ് എന്നതാണ് മനുഷ്യ മനസ്സാക്ഷിയെ പിടിച്ചുലക്കുന്ന സംഭവം. നാം മനസ്സിലാക്കേണ്ട പ്രധാന കാര്യം സ്വന്തം നാട്ടിൽ അഭയാർത്ഥികളായി കഴിയേണ്ടി വരുന്ന ഫലസ്തീൻ ജനതയുടെ അവസ്ഥയാണ്.

ഇസ്രയേൽ ഒരു വശത്തും ഫലസ്തീൻ രാഷ്ട്രം മറുവശത്തുമുള്ള ദ്വിരാഷ്ട്ര ആശയത്തിനാണ് ആഗോള തലത്തിൽ വലിയ സ്വീകാര്യത കഴിഞ്ഞ കാലങ്ങളിൽ ലഭിച്ചിട്ടുള്ളത്. ഇസ്രയേലിന് അകത്തുള്ള ഫലസ്തീൻ ജനതയും, പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങി എന്നതാണ് മുൻ കാലങ്ങളിൽ നടന്ന സംഘർഷങ്ങളിൽ നിന്ന് ഇന്ന് കാണുന്ന സംഘർഷത്തെ വ്യത്യസ്തമാക്കുന്നത്. ഇസ്രയേലിനകത്ത് വസിക്കുന്ന യഹൂദരും, ഇസ്രയേൽ പൗരന്മാരായ ഫലസ്തീൻ ജനതയും തമ്മിൽ ഇസ്രയേലിനകത്തു തന്നെ വലിയ സംഘർഷമുണ്ടായി എന്നതു ശ്രദ്ധിക്കേണ്ടതാണ്. മുൻപുണ്ടായിരുന്ന യുദ്ധങ്ങളിൽ, ഇസ്രയേലിലെ ഫലസ്തീൻ ജനത ഇന്നുള്ളത് പോലെ വിപുലമായ തോതിൽ ശബ്ദമുയർത്തിയിട്ടില്ല. ഫലസ്തീൻ രാഷ്ട്രീയത്തിൽ അതൊരു പുതിയ ദിശ പ്രദാനം ചെയ്യുന്നുണ്ട് എന്ന കാര്യം ഫലസ്തീൻ ജനതക്ക് ആശ്വാസം നൽകുന്നതാണ്. പതിവുപോലെ അമേരിക്കൻ പ്രസിഡന്റ് ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടുവന്നു.

ഇലാൻ പപ്പെ

മുൻപുള്ളതിൽ നിന്നും മറ്റൊരു വ്യത്യാസം, അമേരിക്കയിലെ യഹൂദ ജനതയുടെ ഒരു വിഭാഗം, പ്രത്യേകിച്ച് യഹൂദ ചെറുപ്പക്കാരുടെ വലിയൊരു ശതമാനം ഫലസ്തീൻ ജനതയുടെ നിലപാടിനെ അനുകൂലിക്കുന്നു എന്നതാണ്. ഇസ്രയേലിന്റെ അധിനിവേശ കൊളോണിയൽ പദ്ധതികളെയും സൈനിക നീക്കങ്ങളെയും മനസ്സിലാക്കുന്നവർ ഇസ്രയേലി നയങ്ങളെ ചെറുക്കാൻ വേണ്ടി മുന്നോട്ടുവരുന്നുണ്ട് എന്നതു ശ്രദ്ധിക്കപ്പെടേണ്ടതു തന്നെയാണ്.അതിനർത്ഥം, അമേരിക്കയിലെ യുവാക്കളിൽ വന്ന മാറ്റം അമേരിക്കൻ ഗവണ്മെന്റിന്റെ കടുത്ത ഇസ്രയേൽ അനുകൂല നിലപാടിൽ കാര്യമായ മാറ്റം വരുത്താൻ ഇപ്പോൾ കഴിയുമെന്നല്ല. അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടിയിലും ഫലസ്തീൻ അനുകൂല നിലപാടുള്ള യുവനേതൃത്വം ഉയർന്നുവന്നിട്ടുണ്ട്. പക്ഷേ, പ്രസിഡന്റ് ബൈഡൻ അടക്കം ഡെമോക്രാറ്റിക് പാർട്ടിയിലെ നിർണായക നേതൃത്വം പരമ്പരാഗത ഇസ്രായേൽ ചങ്ങാത്തം മുറുകെപ്പിടിക്കുന്നവരാണ്. ഈ വിവരണത്തിലൂടെ ഇസ്രയേൽ-ഫലസ്തീൻ സംഘർഷത്തിൻ്റെ ഗൗരവവും, ചരിത്രവും, സമകാലിക യാഥാർത്ഥ്യവും കുറച്ചെങ്കിലും മനസ്സിലാക്കാൻ നമുക്കു സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചുരുക്കത്തിൽ, ഫലസ്തീൻ പ്രശ്നം അധിനിവേശത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ കഥയാണ് പറയുന്നത്. ആ രാഷ്ട്രീയത്തിന്റെ അന്തസത്ത അപകോളനീകരണത്തിന്റേതാണ്.

ഫലസ്തീൻ-ഇസ്രായേൽ സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി’ എന്ന തലക്കെട്ടിൽ ഇസ്‌ലാഹിയ കോളേജ് ചേന്നമംഗല്ലൂർ സംഘടിപ്പിച്ച വെബിനാറിൽ നടത്തിയ സംസാരം.

തയ്യാറാക്കിയത്: സയ്യിദ് അദ്നാൻ

Top