മാർക്ക് ജിഹാദും എളമരം കരീമും: 90കളിലെ ഒരു ജെഎൻയു ഓർമ

മാർക്ക് ജിഹാദ് ആരോപണത്തെ തുടര്‍ന്ന് സിപിഎം നേതാവ് എളമരം കരീമിന്റെ പ്രസ്താവന വീണ്ടും ചർച്ചയാവുകയാണ്. വിദ്യാഭ്യാസ-ബൗദ്ധിക മണ്ഡലങ്ങളിൽ മുസ്‌ലിം യുവത്വം നേടിയ ദൃശ്യത, മുസ്‌ലിം രാഷ്ട്രീയ കർതൃത്വത്തെക്കുറിച്ച ജനാധിപത്യ വ്യവഹാരങ്ങൾ എന്നിവയുമായി സംവാദാത്മക ബന്ധമുണ്ടാക്കുന്നതിനു പകരം, മുസ്‌ലിംഭീതിയും അപരവത്കരണവും സൃഷ്ടിക്കുക വഴി സംഘ്പരിവാറിനോട്‌ താദാത്മ്യപ്പെടുകയാണ് സിപിഎം. പി.കെ അബ്ദുൽ റഹ്‌മാൻ എഴുതുന്നു.

‘മാർക്ക് ജിഹാദ്’ ആരോപണത്തെ തുടര്‍ന്ന്, സിപിഎം നേതാവ് എളമരം കരീമിന്റെ ഒരു പഴയ വീഡിയോ പ്രഭാഷണം വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഇൻഡ്യയില്‍ ദലിത് സമൂഹത്തെക്കാൾ പിന്നാക്കം നില്‍ക്കുന്നു എന്ന് സച്ചാര്‍ കമ്മിറ്റി കണ്ടെത്തിയ മുസ്‌ലിം സമൂഹത്തിന് വിദ്യാഭ്യാസ മേഖലയില്‍ പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പാക്കാനും, അതുവഴി അവരുടെ സാമൂഹിക ശാക്തീകരണം സാധ്യമാക്കാനും ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനകള്‍ നടത്തുന്ന പ്രശംസനീയമായ ശ്രമങ്ങളെ പൈശാചികവത്കരിക്കാനുള്ള എളമരം കരീമിന്റെ ശ്രമം സംഘപരിവാറിന്റെ മുസ്‌ലിംവിരോധ യുക്തിയുടെ തനിയാവര്‍ത്തനം തന്നെയാണ്. മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചാണ് പരീക്ഷയില്‍ ഉയർന്ന മാർക്ക് നേടുന്നതെന്ന സഖാവ് അച്യുതാനന്ദന്റെ പ്രസ്താവനയും, പ്രൊഫഷണല്‍ കോളജുകളിലൂടെ മുസ്‌ലിം പെണ്‍കുട്ടികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നു എന്ന സിപിഎം സംഘടനാ രേഖയും മുസ്‌ലിംകളെ കുറിച്ചുള്ള ‘പുരോഗമന’ മുന്‍വിധിയെ വെളിവാക്കുന്നതാണ്.

മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതി ഉറപ്പാക്കുന്നതില്‍ ഭരണകൂടവും രാഷ്ട്രീയ സംവിധാനങ്ങളും പരാജയപ്പെട്ടപ്പോൾ, ഗൾഫ് പ്രവാസത്തിന്റെ ഗുണഭോക്താക്കളായ മുസ്‌ലിം സമുദായം തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് മുന്‍ഗണന നല്‍കി. തങ്ങളുടെ മക്കള്‍ ഇൻഡ്യയിലും വിദേശത്തുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കണമെന്ന് തീരുമാനിച്ചു. ഭൗതിക വിഭവങ്ങള്‍ സമാഹരിച്ചു. സംഘടനകള്‍ ഏറെ പിന്തുണ നല്‍കി. ഇത് വിദ്യാഭ്യാസ മേഖലയില്‍ പുതിയ ഉണര്‍വ് സൃഷ്ടിച്ചു. അതുവഴി ഒട്ടേറെ മുസ്‌ലിം വിദ്യാർത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിച്ചു. മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശയിലൂടെ ലഭിച്ച ഓബീസീ സംവരണം മുസ്‌ലിം-ദലിത്-പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് കലാലയങ്ങളില്‍ കൂടുതൽ ദൃശ്യതയുണ്ടാക്കി. കേരളത്തിലെ ബൗദ്ധിക മണ്ഡലത്തില്‍ ഇടപെടാന്‍ പ്രാപ്തരായ ഏറെ പേർ ഇതിന്റെ ഫലമായി ഉണ്ടായി. വിമര്‍ശനാത്മകമായ ചോദ്യങ്ങൾ ഉന്നയിക്കാനും അക്കാദമികമായി പ്രതികരിക്കാനും ശേഷിയുള്ള ഒരു തലമുറ ഉണ്ടായി. ബൗദ്ധിക മേല്‍ക്കോയ്മയെ ചോദ്യം ചെയ്യാൻ ശേഷിയുള്ള അനവധി യുവാക്കളും യുവതികളും കേരളീയ പൊതുമണ്ഡലത്തില്‍ സാന്നിധ്യമറിയിച്ചു. അതിന് എളമരങ്ങൾക്ക് ഇങ്ങനെ ഹാലിളകിയിട്ട് കാര്യമില്ല.

എളമരം കരീം

വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുകയല്ല, പ്രവേശന പരീക്ഷയിലൂടെയും യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലുമാണ് പ്രവേശനം നൽകുന്നത് എന്ന് അറിയാത്ത ആളല്ല എളമരം. ജമാഅത്തെ ഇസ്‌ലാമിയുടെ പേരു പറഞ്ഞ് മുസ്‌ലിംഭീതി പരത്താനും, അവരെ അപരവത്കരിക്കാനുമുള്ള ശ്രമം നടത്തുന്നവരെ സംഘപരിവാറിന്റെ വഴികാട്ടികള്‍ എന്ന് കാലം അടയാളപ്പെടുത്തും.

ഉന്നത കലാലയങ്ങളിലെ പിന്നാക്ക-ദലിത്-മുസ്‌ലിം സാന്നിധ്യം സവര്‍ണ ബോധത്തെ എത്രമാത്രം അസ്വസ്ഥപ്പെടുത്തുന്നു എന്ന്‌ രോഹിത് വെമുലയുടെ കൊലപാതകവും, നജീബിന്റെ തിരോധാനവും, സിഎഎ വിരുദ്ധ സമരത്തിനോടുള്ള ഭരണകൂട-സംഘപരിവാര്‍ പ്രതികരണങ്ങളും, നിരവധി സര്‍വകലാശാലകളില്‍ പിന്നാക്ക വിഭാഗ വിദ്യാര്‍ഥികളും അധ്യാപകരും നേരിടുന്ന വിവേചനവും നമുക്കു പറഞ്ഞു തരുന്നുണ്ട്. മുസ്‌ലിം സമൂഹം നേടുന്ന ശാക്തീകരണം സംഘപരിവാരങ്ങളെ അസ്വസ്ഥപ്പെടുത്തുന്നതു പോലെ ഇടതുപക്ഷത്തെയും ഭയപ്പെടുത്തുന്നത് കലികാല വൈഭവം ആയിരിക്കാം.

രാകേഷ് പാണ്ടേ

മുസ്‌ലിം രാഷ്ട്രീയ കർതൃത്വത്തെ എന്നപോലെ, അവരുടെ വൈജ്ഞാനിക-ബൗദ്ധിക കർതൃത്വത്തെയും കേരളത്തിലെ സിപിഎം എന്തിനാണ് ഇത്രമേല്‍ ഭയപ്പെടുന്നത്? മുസ്‌ലിംഭീതി വളര്‍ത്തുന്ന കേരളത്തിലെ സമീപകാല ഇടതു സംവാദങ്ങള്‍ സംഘപരിവാറിന്റെ മുസ്‌ലിം വിദ്വേഷ രാഷ്ട്രീയത്തെ തന്നെയാണ് ഓര്‍മിപ്പിക്കുന്നത്. രാകേഷ് പാണ്ഡെമാരുടെ ‘മാർക്ക് ജിഹാദ്’ ആരോപണത്തെ വിമര്‍ശിക്കുന്ന സിപിഎം വക്താവിനെ പ്രതിരോധത്തിലാക്കാന്‍ വചസ്പതിമാര്‍ക്ക് കഴിയുന്നതും ഈ വഴികേടു കാരണമാണ്.

മലബാറില്‍ നിന്ന് ജെഎൻയുവില്‍ ചേര്‍ന്ന മുസ്‌ലിം വിദ്യാർത്ഥികളുടെ ആദ്യ തലമുറയിൽ പെട്ടയാളാണ് ഞാൻ. 1991ലെ കലുഷമായ രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു അത്. എന്റെ രാഷ്ട്രീയ നിലപാടുകളെ രൂപാന്തരപ്പെടുത്താനും സ്ഫുടം ചെയ്തെടുക്കാനും 11 വര്‍ഷം നീണ്ട ജെഎൻയു ജീവിതത്തില്‍ അവസരമുണ്ടായി. ആശയങ്ങളുടെ പുത്തൻ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഇടതുപക്ഷ വ്യവഹാരങ്ങളെ, അതിലെ വൈവിധ്യങ്ങളെ അടുത്തറിയാനും ഭാഗമാകാനും കഴിഞ്ഞിട്ടുണ്ട്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സാഹചര്യത്തില്‍, ഇൻഡ്യൻ മുസ്‌ലിം എന്ന നിലയില്‍ ആദ്യമായി ഏറ്റവും തീവ്രമായ മാനസിക സംഘർഷവും ഭീതിയും അനുഭവിച്ച നാളുകളില്‍ മനസ്സിനേറ്റ മുറിവുണക്കാനും ഭീതിയകറ്റാനും ബഹുസ്വരമായ ആ കലാലയത്തിന് കഴിഞ്ഞു. അതിൽ വിവിധ ഇടതു വിദ്യാർത്ഥി പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് മറക്കാനാവാത്തതാണ്. മുസ്‌ലിം രാഷ്ട്രീയ പ്രശ്നങ്ങളെ തങ്ങളുടെ മുഖ്യ അജണ്ടയായി സ്വീകരിക്കാൻ- പ്രതിനിധാനം എന്ന നിലയിലാണെങ്കിലും- വിവിധ ഇടതുപക്ഷ സംഘടനകള്‍ക്ക് അന്ന് കഴിഞ്ഞിരുന്നു.

 

എന്നാൽ, 1993ലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് കാലത്ത്, ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതിയായ മുരളി മനോഹര്‍ ജോഷിയുടെ ക്യാമ്പസ് സന്ദര്‍ശനത്തില്‍ വിദ്യാർത്ഥികളുടെ പ്രതിഷേധം ആവശ്യപ്പെട്ട ഞങ്ങളെ അമ്പരപ്പിച്ച പ്രതികരണമാണ് എസ്.എഫ്.ഐ നേതൃത്വത്തില്‍ നിന്നുണ്ടായത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കണക്കുകൂട്ടലുകള്‍ക്ക് മുന്‍തൂക്കം നല്‍കി, അത്തരം പ്രതിരോധങ്ങള്‍ രാഷ്ട്രീയമായി വിപരീത ഫലം ഉണ്ടാക്കുമെന്ന് പറഞ്ഞൊഴിയുകയായിരുന്നു നേതൃത്വം. ഇതിൽ അസ്വസ്ഥരായ ഒരുപാട് പ്രവർത്തകർ അവിടെ ഉണ്ടായിരുന്നു. ആര്‍ജ്ജവമുള്ള ഹിന്ദുത്വവിരുദ്ധ നിലപാട്‌ സ്വീകരിച്ച മറ്റൊരു ഇടതു സംഘടനയായ ഐസ (AISA) ആ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതും എസ്.എഫ്.ഐ പിളര്‍ന്നതും ചരിത്രം. പിന്നാക്ക-മുസ്‌ലിം മുന്നേറ്റങ്ങളെ അപരവത്കരിക്കുന്നതിലൂടെയല്ല, സംഘപരിവാര രാഷ്ട്രീയത്തോട് സന്ധിചെയ്യാത്ത നിലപാടുകളിലൂടെയാണ് ഇടതു രാഷ്ട്രീയത്തിന് കരുത്തു ലഭിക്കുക എന്നു പറയാനാണ് ഈ കലാലയാനുഭവം പറഞ്ഞത്.

മുഖ്യധാരാ ഇടതു രാഷ്ട്രീയം മുസ്‌ലിം-ദലിത് ജനാധിപത്യ രാഷ്ട്രീയ കർതൃത്വത്തെ എന്നും നിരാകരിച്ചിട്ടുണ്ട്. അവരുടെ രാഷ്ട്രീയ പ്രതിനിധാനം തങ്ങളിലൂടെ മാത്രമേ ആകാവൂ എന്ന ശാഠ്യം ഇടതു രാഷ്ട്രീയത്തെ ചില ദ്വീപുകളില്‍ പരിമിതപ്പെടുത്തിയിട്ടുമുണ്ട്. വിദ്യാഭ്യാസ മേഖലയിലും ബൗദ്ധിക മണ്ഡലത്തിലും മുസ്‌ലിം യുവത്വം നേടിയ ദൃശ്യത, അവർ ഉയർത്തുന്ന മുസ്‌ലിം രാഷ്ട്രീയ കർതൃത്വത്തെക്കുറിച്ച ജനാധിപത്യ വ്യവഹാരങ്ങൾ എന്നിവയുമായി സംവാദാത്മക ബന്ധമുണ്ടാക്കുന്നതിനു പകരം, മുസ്‌ലിംഭീതിയും അപരവത്കരണവും സൃഷ്ടിക്കുക വഴി ഹിന്ദുത്വ രാഷ്ട്രീയത്തിന് കേരളത്തില്‍ വളക്കൂറുള്ള മണ്ണ് പാകപ്പെടുത്തിയവരെന്ന് കാലം ഇടതുപക്ഷത്തെ അടയാളപ്പെടുത്താതിരിക്കട്ടെ.

പി.കെ അബ്ദുൽ റഹ്‌മാൻ– മദ്രാസ് യൂണിവേഴ്സിറ്റി, ജെ.ബി.എ.എസ് സെന്റർ ഫോർ ഇസ്‌ലാമിക് സ്റ്റേഡീസ് വിഭാഗം തലവനാണ് ലേഖകൻ

Top