കലര്‍പ്പിന്‍റെ പാട്ടുകള്‍ പുലരുന്നു: പോള്‍ ഗില്‍റോയിയുടെ വിമര്‍ശ സിദ്ധാന്തം
സംസ്കാര പഠനത്തിന്‍റെ വിഷയ സമീപനങ്ങളെയും രീതിശാസ്ത്രത്തെയും നവീകരിക്കുകയും ജനായത്തവല്‍ക്കരിക്കുകയും കൂടുതല്‍ ബഹുജനോന്മുഖമാക്കുകയും ചെയ്യുന്നതാണ് പോൾ ഗില്‍റോയിയുടെ രചനകള്‍. കീഴാളത്തിന്‍റെ സംസ്കാര വ്യതിരിക്തതകളും ചരിത്രാനുഭവങ്ങളും ദീപ്തമാക്കുന്നതാണ് അദ്ദേഹത്തിന്‍റെ ദാര്‍ശനിക വിമര്‍ശ വിചാരം. ഡോ.അജയ് ശേഖർ എഴുതുന്നു.
“പരന്നിരുന്ന കരിയില്‍ പടര്‍ന്നീ വര്‍ണമൊക്കെയും”
–സഹോദരന്‍ അയ്യപ്പൻ, മിശ്രം
ഇൻഡ്യയുടെ ആദ്യ ദലിത് രാഷ്ട്രപതി എന്നതു പോലെ തന്നെ ഡോ.കെ.ആര്‍.നാരായണനെ പ്രശസ്തനാക്കുന്നതാണ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ വിദ്യാര്‍ഥി ജീവിതം. സമഗ്രാധിപത്യ ഭീഷണി നേരിടുന്ന ഇൻഡ്യയെ ഇൻഡ്യയാക്കുന്ന നിര്‍മാണഘടനയുടെ വിധാതാവായ ഡോ.അംബേഡ്ക്കര്‍ പഠിച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രമാണിത്. സാമൂഹിക ശാസ്ത്ര മേഖലയിലെ ലോകത്തെ തന്നെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായ എല്‍എസ്ഇയിലെ പ്രൊഫസറാണ് പോള്‍ ഗില്‍റോയ്. ഇപ്പോള്‍ ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ റേസ് ആന്‍ഡ് റേസിസം പഠനകേന്ദ്രത്തിന്‍റെ സ്ഥാപക അധ്യക്ഷനായിരിക്കുന്നു. ഇതിനോടകം തന്നെ ലണ്ടന്‍ സര്‍വകലാശാല ഉള്‍പ്പെടെ നിരവധി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഗവേഷകനും അധ്യാപകനുമായി തന്‍റെ ജ്ഞാനപ്രവര്‍ത്തനങ്ങളെ ജനായത്തപരമായി വിനിമയം ചെയ്തിട്ടുളള ഈ കറുത്ത കലര്‍പ്പിന്‍റെ ചിന്തകന്‍റെ വിചാരമണ്ഡലം ഒന്നാം ലോകത്തിനകത്തും പുറത്തുമുളള പിന്നണി ജനതകളെ സംബന്ധിച്ച് സുപ്രധാനമാണ്. കോര്‍ണല്‍ വെസ്റ്റ്, ബെല്‍ ഹുക്സ്, റ്റോണി മോറിസണ്‍ എന്നിങ്ങനെയുളള പാശ്ചാത്യ ലോകത്തെ മുതിര്‍ന്ന കീഴാള ബുദ്ധിജീവികളോടൊപ്പമാണ് ഇന്ന് ഗില്‍റോയിയുടെ സ്ഥാനം.
ലോകത്തെങ്ങുമുളള കറുത്തവരും അടിത്തട്ടിലുളള ജനങ്ങളും തങ്ങളുടെ ജീവിത സമരത്തില്‍ ഉറ്റുനോക്കുകയും ഉള്‍ക്കാഴ്ച്ചകള്‍ സ്വരൂപിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കാഴ്ച്ചപ്പാടുകളും വിമര്‍ശകോണുകളും അവതരിപ്പിക്കുന്നവയാണ് അദ്ദേഹത്തിന്‍റെ ഓരോ രചനയും. ആധുനികതയുടെ വിമര്‍ശം അടിത്തട്ടില്‍ നിന്നും പ്രാന്തങ്ങളില്‍ നിന്നും സാധ്യമാക്കിക്കൊണ്ട് യൂറോപ്പിന്‍റെ അധിനിവേശ ഹിംസയും വംശീയ അധീശവ്യവഹാരങ്ങളും അപനിര്‍മിക്കുന്നതും ചെറുക്കുന്നതുമാണ് ഗില്‍റോയിയുടെ വിമോചനാത്മകമായ സൈദ്ധാന്തിക വിമര്‍ശം. വംശലിംഗ കേന്ദ്രിതമായ പാശ്ചാത്യ മീമാംസയെ ആഴത്തില്‍ വിമര്‍ശവിശകലനം ചെയ്യുന്നതും അട്ടിമറിക്കുന്നതുമാണ് ഗില്‍റോയിയുടെ ബഹുസാംസ്കാരികവും സംസ്കാര രാഷ്ട്രീയപരവുമായ ജനായത്ത വികേന്ദ്രിത ഇടപെടലുകള്‍.
കീഴാളഭാഷണത്തിന്‍റെ വംശാവലികളും ചെറുചരിത്രങ്ങളും
കറുത്ത എഴുത്തുകാരിയായിരുന്ന ബെറൈല്‍ ഗില്‍റോയിയാണ് അദ്ദേഹത്തിന്‍റെ മാതാവ്. പിതാവ് വെളളക്കാരനായിരുന്നു. 1956 ഫെബ്രുവരി 16 നാണ് കിഴക്കന്‍ ലണ്ടനിലെ ഇടത്തരം കുടുംബത്തില്‍ ഗില്‍റോയ് ജനിക്കുന്നത്. അമ്മയുടെ ദേശം കരീബിയനിലെ ഗയാനയായിരുന്നു. കറുത്തവര്‍ കരീബിയനിലെത്തുന്നത് തന്നെ അധിനിവേശ അടിമക്കച്ചവടത്തിലൂടെയാണല്ലോ. അവിടെ നിന്ന് ബ്രിട്ടനിലെത്തുന്നതും കോളനിവാഴ്ച്ചയുടെ അധീശ പരിസരത്ത് തന്നെയാണ്. നോവലുകളും പഠനങ്ങളും വരെ എഴുതി പ്രസിദ്ധീകരിച്ചിട്ടുളള ഒരധ്യാപികയായിരുന്ന അമ്മ മകനില്‍ വിമര്‍ശാവബോധവും വിദ്യാഭ്യാസത്തോടുളള താല്‍പര്യവും ചെറുപ്പത്തിലേ തന്നെ വളര്‍ത്തി.
ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജ് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം. 1978ല്‍ സസെക്സ് സര്‍വകലാശാലയില്‍ നിന്നും ആദ്യ ബിരുദം കരസ്ഥമാക്കി. ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ നിന്നും 1986ല്‍ ഡോക്ടറല്‍ ബിരുദവും നേടി. സംസ്കാര പഠനരംഗത്തെ സാമൂഹിക ശാസ്ത്രോന്മുഖനായ പണ്ഡിതനായാണ് ഇന്ന് അറിയപ്പെടുന്നത്. ലോകത്തെ കറുത്ത കീഴാള സംസ്കാരങ്ങളെ കുറിച്ചാണ് കൂടുതലും പഠിച്ചിട്ടുളളത്. അറ്റ്ലാന്‍റിക് സമുദ്രത്തിനുളളിലും അതിനു ചുറ്റുമായി ചിതറിക്കപ്പെട്ട കറുത്ത പ്രവാസ ലോകങ്ങളെ കുറിച്ചുളള പഠനങ്ങളാണ് ഏറ്റവും ശ്രദ്ധേയം.
കലര്‍പ്പിന്‍റേയും പ്രാന്തീയതയുടേയും പ്രശ്നപരിസരം
പ്രാന്തീകൃതരുടെ ചരിത്രാനുഭവത്തിന്‍റെ സവിശേഷതയും അവരുടെ സംസ്കാര പ്രതിരോധത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും നൈതികതയുമാണ് ഗില്‍റോയിയുടെ സുപ്രധാന നോക്കുപാടുകളില്‍ പെടുന്നത്. അസമ ചരിത്രം വര്‍ത്തമാനത്തെ എങ്ങനെ നിര്‍ണയിക്കുന്നുവെന്നും കലയും കലാപവും പ്രാന്തീകൃതരെ സംബന്ധിച്ച് എത്രമാത്രം ജീവിത സമരത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം സിദ്ധാന്തിക്കുന്നു. സാംസ്കാരികമായ ബഹുസ്വരതയെയും ജനായത്തപരമായ വികേന്ദ്രീകരണത്തെയും ബഹുജനഹിതത്തിലേക്കുളളതായി വിവക്ഷിക്കുന്നു.
ആഗോളമായ കറുപ്പിന്‍റെയും കീഴാളത്തിന്‍റെയും ശക്തിചൈതന്യങ്ങളെ വീണ്ടെടുത്തുകൊണ്ട് അധിനിവേശ വംശീയതയെയും ശ്വേതാധീശ വരേണ്യതയെയും നൈതികവും നാഗരികവുമായി നിരാകരിക്കാനും ഗില്‍റോയ് മറക്കുന്നില്ല. ഗവേഷണ പഠനങ്ങളെ ത്വരിതഗതിയില്‍ ബഹുജനങ്ങളിലേക്കു വിനിമയം ചെയ്യാനും ചെറുത്തുനില്‍ക്കുകയും പോരാടുകയും ചെയ്യുന്ന അടിത്തട്ടുകാരുടെ കൂട്ടായ്മകളോടു സംസാരിക്കാനും എന്നും അദ്ദേഹം ഊര്‍ജവും സമയവും കണ്ടെത്തുന്നു.
അടുത്തകാലത്ത് അടിമത്ത മോചനത്തിന്‍റെ വാര്‍ഷികത്തില്‍ അദ്ദേഹം നടത്തിയ ഗംഭീരമായ പൊതുഭാഷണം ഇന്റർനെറ്റിലൂടെ ലോകത്തെങ്ങുമുളള കീഴാള ബഹുജനകോടികളെ ആഴത്തില്‍ തൊടുന്നതും ആവേശം കൊളളിക്കുന്നതുമായിരുന്നു. യേലിലും മറ്റും അദ്ദേഹം നടത്തിയ പല ക്ലാസ്റൂം ഭാഷണങ്ങളും ഇന്ന് യൂട്യൂബിലൂടെയും മറ്റും ലോകത്തെ യുവചേതനയുടെ ഇടയില്‍ പ്രചരിക്കുന്നു. പാശ്ചാത്യ ലോകത്തും മൂന്നാം ലോകത്തുമുളള സംസ്കാരിക – രാഷ്ട്രീയ പ്രവര്‍ത്തകരും ജ്ഞാന പ്രവര്‍ത്തകരും ഉറ്റുനോക്കുന്ന മുന്‍നിര ബുദ്ധിജീവിയായി ഗില്‍റോയ് എന്നേ മാറിക്കഴിഞ്ഞിരിക്കുന്നു. ഇൻഡ്യയില്‍ അംബേഡ്ക്കറെ കുറിച്ചു പറയുന്നതു പോലെ കിരാത സംസ്കാരാധീശത്വങ്ങളും അധിനിവേശ വരേണ്യതയും നൂറ്റാണ്ടുകളുടെ ഭൗതിക, പ്രതിനിധാന ഹിംസകളിലൂടെ പ്രാന്തീകരിച്ച ബഹിഷ്കൃതരായ ബഹുജനകോടികളുടെ ഭാവിസൂര്യനായാണ് പോള്‍ ഗില്‍റോയ് വിലയിരുത്തപ്പെടുന്നത്.
ജനായത്തപരമായ വ്യതിരിക്ത സംസ്കാര രാഷ്ട്രീയം
സംസ്കാര പഠനത്തിന്‍റെ വിഷയ സമീപനങ്ങളെയും രീതിശാസ്ത്രത്തെയും നവീകരിക്കുകയും ജനായത്തവല്‍ക്കരിക്കുകയും കൂടുതല്‍ ബഹുജനോന്മുഖമാക്കുകയും ചെയ്യുന്നതാണ് ഗില്‍റോയിയുടെ രചനകള്‍. കീഴാളത്തിന്‍റെ സംസ്കാര വ്യതിരിക്തതകളും ചരിത്രാനുഭവങ്ങളും ദീപ്തമാക്കുന്നതാണ് അദ്ദേഹത്തിന്‍റെ ദാര്‍ശനിക വിമര്‍ശ വിചാരം. ചരിത്രവിഹിതങ്ങളും സ്വതന്ത്രവികാസവും നിഷേധിക്കപ്പെട്ട പ്രാന്തീകൃതരുടെ സംസ്കാര പ്രതിസന്ധികളേയും സ്വത്വ സന്നിഗ്ധതകളേയും ആഴത്തില്‍ പരിശോധിക്കുന്നവയാണ് ആ പഠനങ്ങള്‍.
ഏയിന്‍റ് നോ ബ്ലാക്ക് ഇന്‍ ദ യൂണിയന്‍ ജാക്ക് (1987). സ്മോള്‍ ആക്റ്റ്സ് (1993), ദ ബ്ലാക്ക് അറ്റ്ലാന്‍റിക് (1993), എഗേന്‍സ്റ്റ് റേസ് (2000), ആഫ്റ്റര്‍ എംപയര്‍ (2004) എന്നിവയാണ് ഗില്‍റോയിയുടെ പ്രധാന കൃതികള്‍. അധിനിവേശാനന്തര പഠനങ്ങളിലെ പ്രധാന കൃതിയായ ദ എംപയര്‍ സ്ട്രൈക്സ് ബാക്ക് എന്ന കൃതി പുറത്തു വന്നത് 1982 ലാണ്. ഇത് ഒരു സംയോജിത രചനയാണ്. വലേറി ആമോസ്, പ്രതിഭ പാമര്‍ എന്നിവരുമായി ചേര്‍ന്ന് ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ സ്റ്റുവര്‍ട്ട് ഹോളിനോപ്പം ഗവേഷണം നടത്തവേയാണ് ഈ സുപ്രധാന രചന പുറത്തുവന്നത്. വംശീയതയേയും വംശവിവേചനത്തേയും കുറിച്ചുളള പ്രത്യേക പഠന ശാഖ തന്നെ സംസ്കാരപഠനത്തില്‍ നിന്നും വികസിപ്പിക്കാന്‍ ഹോളിനും ഗില്‍റോയിക്കും കഴിഞ്ഞു.
പോരാട്ടത്തിന്‍റെ സംഗീതം
ഗവേഷകനും അധ്യാപകനും സംസ്കാര വിമര്‍ശകനും ചിന്തകനും മാത്രമല്ല ഗില്‍റോയ്. കീഴാള സംസ്കാരവുമായി പൊക്കിള്‍ക്കൊടിയടുപ്പം കുട്ടിക്കാലം മുതല്‍ അദ്ദേഹത്തിനുണ്ട്. റാപ്പറായും ഡിസ്ക് ജോക്കിയായും സംഗീത വിമര്‍ശകനായും ഗാങ്സ്റ്റര്‍ ഗായകനായുമൊക്കെ ജനകീയ സംസ്കാരവുമായി അദ്ദേഹം ബന്ധപ്പെട്ടു കൊണ്ടേയിരുന്നു. ബഹുജന സംസ്കാര വൈവിധ്യങ്ങളിലും കീഴാള സംസ്കാര വ്യതിരിക്തതകളിലും ഗില്‍റോയ് എന്നും തല്‍പ്പരനാണ്. ബ്രിട്ടനിലേയും അമേരിക്കയിലേയും സര്‍വകലാശാലകളില്‍ പ്രൊഫസറായിരിക്കെ തന്നെ കറുത്ത ജനപ്രിയ സംസ്കാരത്തിന്‍റെ അടയാളമായ ഡ്രെഡ് ലോക്കുകള്‍ തലയിലേന്താനും ഗില്‍റോയിക്ക് മടിയില്ല. ഇന്ന് എല്‍എസ്ഇയിലെ സാമൂഹിക സിദ്ധാന്തത്തിന്‍റെ പ്രൊഫസറാണ് ഗില്‍റോയ്. മുന്‍പ് യേല്‍ അടക്കമുളള അമേരിക്കന്‍ സര്‍വകലാശാലകളില്‍ ആഫ്രോ അമേരിക്കന്‍ പഠനങ്ങളുടെ പ്രൊഫസര്‍ പദവികളും ചെയറുകളും തുടര്‍ച്ചയായി അലങ്കരിച്ചിരുന്നു.
യൂറോപ്യന്‍ ആധുനികതയുടെ ഇരട്ടബോധത്തിന്‍റെ സംസ്കാര സൂക്ഷ്മമായ വിമര്‍ശം
ജ്ഞാനോദയത്തിലാരംഭിക്കുന്ന യൂറോപ്യന്‍ ആധുനികതയുടെ കീഴാള വിമര്‍ശമാണ് ഗില്‍റോയിയുടെ സുപ്രധാന സംഭാവന. യൂറോപ്യന്‍ ആധുനികതയുടെ ഇരട്ടത്താപ്പിനെ അധിനിവേശ വംശീയതയുടെ ചരിത്ര പശ്ചാത്തലത്തില്‍ അടിമജനങ്ങളില്‍ നിന്നുയര്‍ന്നു വന്ന ഈ കറുത്ത ചിന്തകന്‍ തുറന്നുകാട്ടുന്നു. നീതിയേയും പുരോഗമനത്തേയും മനുഷ്യമോചനത്തേയും കുറിച്ചുളള ആധുനികതയുടെ വാഗ്ദാനങ്ങള്‍ പൊളളയാണെന്നും വംശീയ വിവേചനത്തെയും സാമ്രാജ്യത്വത്തേയും പൊതിഞ്ഞു കടത്തുന്ന പ്രഛന്നതയും ഇരട്ടയുക്തിയും അതിനുണ്ടെന്നും അദ്ദേഹം സൈദ്ധാന്തികമായും ആനുഭവികമായും സ്ഥാപിക്കുന്നു. ആധുനികയുടെ ബോധത്തില്‍ മനുഷ്യപദവി വെളുത്ത വരേണ്യ യൂറോപ്യന്‍ പുരുഷനും പുരോഗതി യൂറോപ്യന്‍ നാഗരികതയ്ക്കും മാത്രമേ ബാധകമാകുന്നുളളു.
കറുത്തവരുടേയും ഇതര കീഴാള ബഹുജനകോടികളുടേയും തമസ്കരണത്തിലും ചൂഷണത്തിലും കൂടി മാത്രമേ യൂറോപ്യന്‍ ആധുനികതയ്ക്ക് സ്വയം കണ്ടെത്താനും നിലനില്‍ക്കാനുമാകൂ എന്ന യാഥാര്‍ഥ്യം ബ്ലാക്ക് അറ്റ്ലാന്‍റിക്കിലൂടെ ഗില്‍റോയ് ചൂണ്ടിക്കാട്ടി. അതേസമയം ആധുനികതയുടെ ഉപസംസ്കാരങ്ങളേയും തദ്ദേശീയ, പ്രാദേശിക കീഴാളധാരകളേയും പ്രതിയാഖ്യാനങ്ങളേയും കാലികമായ സ്ഥലപരമായ പുതുക്കലുകളേയും പുത്തനായ അടിത്തട്ടു വെളിവുകളേയും സ്വാംശീകരണങ്ങളേയും ബഹുജന മോചന തലത്തില്‍ ഗില്‍റോയ് ഗാഢമായി സംബോധന ചെയ്തു നൈതിക വിമര്‍ശാഭിവാദ്യം അര്‍പ്പിക്കുന്നു.
ഗൗരവമേറിയ ഈ ആധുനികതാ വിമര്‍ശത്തിലൂടെയാണ് ലോകത്തെ മുന്‍നിര ആധുനികാനന്തര ചിന്തകനായി ഗില്‍റോയ് ജനപ്രിയ മുഖ്യധാരയുടെ ലളിത ബോധത്തില്‍ ഒരു പ്രതിശബ്ദമായി ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ അറിയപ്പെട്ടു തുടങ്ങുന്നത്. കൂടുതല്‍ ഗൗരവാര്‍ന്ന ഗാഢവീക്ഷണത്തില്‍ വിമര്‍ശ ആധുനികതയുടെ രാഷ്ട്രീയമാണ് ഗില്‍റോയിയെ ഇന്ന് ഇൻഡ്യയടക്കമുള്ള മൂന്നാം ലോകത്തു പ്രസക്തമാക്കുന്നത്. പാശ്ചാത്യ ആധുനികതയേയും അധിനിവേശ ആധുനികതയേയും ഇൻഡ്യന്‍ ആധുനികതയെയും മറ്റും ബഹുജന പക്ഷത്തു നിന്നും വിമര്‍ശ വിശകലനത്തിനു വിധേയമാക്കുന്ന പഠിതാക്കള്‍ക്കും അന്വേഷകര്‍ക്കും നിര്‍ണായകവും തന്ത്രപരവുമായ നിലകളും നോട്ടങ്ങളുമാണ് വിധ്വംസകനായ ഈ വിമര്‍ശകന്‍ സംഭാവന ചെയ്യുന്നത്. എന്നാല്‍ ഇൻഡ്യയെ പോലുള്ള പരമ്പരാഗത സംസ്കാരത്തിന്‍റെ പൗരോഹിത്യ ആണ്‍കോയ്മ അതിദേശീയവാദത്തിലൂടെ തിരിച്ചുവന്ന ഇടങ്ങളില്‍ ആധുനികത നിരന്തരമായ അടിസ്ഥാന വെല്ലുവിളികള്‍ നേരിടുമ്പോള്‍ വിമര്‍ശ ആധുനികതയുടെ വിവേക ശബ്ദമായാണ് ഗില്‍റോയ് അടക്കമുള്ള കീഴാള ചിന്തകര്‍ വായിക്കപ്പെടുന്നത്.
അധുനികോത്തര ലേബലില്‍ വലതുപക്ഷ ദേശീയവാദവും പഴക്കവാദങ്ങളും രംഗത്തെത്തുമ്പോള്‍ ആധുനികതയുടെ വിമോചനാംശങ്ങളെ ബഹുജനങ്ങള്‍ സ്വാഭാവികമായും ഉയര്‍ത്തിപ്പിടിക്കും. അധിനിവേശ ആധുനികതയുടെ വിമോചനാംശങ്ങളെ സ്വീകരിച്ച ഫൂലെയും നാരായണ ഗുരുവും അംബേഡ്ക്കറും ഇവിടെ മാതൃകയാകുന്നു. ഈ ബഹുജന പരിപ്രേക്ഷ്യത്തില്‍, സമഗ്രാധിപത്യ സന്ദര്‍ഭത്തില്‍ ആധുനികോത്തരമെന്നതിനേക്കാള്‍ വിമര്‍ശ ആധുനികമെന്ന പദമാണ് പ്രകരണ പ്രസക്തമാകുന്നത്. ആധുനികതയുടെ ഒരു വിമര്‍ശ പുതുവായനയും വ്യാഖ്യാനവുമായി കാണാം.
കറുത്ത സംഗീതത്തിന്‍റെ രാഷ്ട്രീയ ചരിത്രം
യൂറോപ്യന്‍ അധിനിവേശ ഹിംസ വെട്ടിനീക്കുകയും ചതച്ചു ചിതറിക്കുകയും ചെയ്ത അറ്റ്ലാന്‍റിക്കിനു ചുറ്റുമുളള കറുത്ത പ്രവാസ ലോകങ്ങളുടെ സംസ്കാര രാഷ്ട്രീയത്തിന്‍റെയും സംഗീതത്തിന്‍റെയും സൈദ്ധാന്തികനും ചരിത്രകാരനുമായാണ് ഗില്‍റോയ് ലോകത്തെങ്ങും പ്രശസ്തനാകുന്നത്. കറുത്ത അറ്റ്ലാന്‍റിക് എന്ന പ്രയോഗം തന്നെ അദ്ദേഹത്തിന്‍റെ സംഭാവനയാണ്. കറുത്തവരുടെ അടിമത്താനുഭവത്തിലൂടെയും പീഡനത്തിലൂടെയും ഒരു മഹാസമുദ്രം കറുക്കുന്നതായി ഈ കീഴാള സംസ്കാര വിമര്‍ശകന്‍ വിഭാവനം ചെയ്യുന്നു. നൂറ്റാണ്ടുകളുടെ മൃഗീയ ഹിംസയെ താളത്തുടിപ്പുകളിലൂടെ അതിജീവിക്കുന്ന തന്‍റെ വംശത്തിന്‍റെ അതിജീവന സമരം സൈദ്ധാന്തികനെ വിനയാന്വിതനാക്കുന്നു.
നിരവധി വന്‍കരകളിലൂടെ ബഹുസ്വരമായി അതിജീവനത്തെ സാധ്യമാക്കിയ പ്രയോഗ വൈവിധ്യമേറിയ കീഴാള സംഗീതത്തെ കുറിച്ച് കൃത്യമായ രാഷ്ട്രീയ നിലപാടുകളോടെ അദ്ദേഹം സംസാരിക്കുന്നു. കേരളത്തിന്‍റെ പരിസ്ഥിതിയിലെ സസ്യജാലങ്ങളിലൂടെ തന്‍റെ ജനതയുടെ ചരിത്രം വായിച്ചെടുക്കുന്ന സഹോദരന്‍ അയ്യപ്പനെയോ പാട്ടുകളിലൂടെ തന്‍റെ ജനതയുടെ താളവും ഈണവും ദമിത ജ്ഞാനസിദ്ധാന്തവും വീണ്ടെടുക്കുന്ന പൊയ്കയില്‍ അപ്പച്ചനെയോ ജാതിക്കുമ്മിയിലൂടെ അടിച്ചമര്‍ത്തപ്പെട്ടവരുടെ ചരിത്രത്തെ പാഠവല്‍ക്കരിക്കുന്ന പണ്ഡിറ്റ് കറുപ്പനെയോ ആയിരിക്കാം മലയാളികളായ ബഹുജനങ്ങള്‍ പെട്ടെന്ന് ഓര്‍ക്കുക. പൊയ്കയുടെ കോമാവു കൊന്ന… എന്ന പാഴ്മരങ്ങളെ കുറിച്ചുള്ള പാട്ടും ഓര്‍ക്കുമ്പോള്‍ ഖേദമുള്ളിലേറും.
വിമോചനത്തിന്‍റെ സംഗീതവും വംശീയതയുടെ ഹിംസകളും
വംശീയത, വംശീയ വിവേചനം, ദേശീയത തുടങ്ങിയ സങ്കീര്‍ണ സാമൂഹിക പ്രശ്നങ്ങളേയും പ്രതിഭാസങ്ങളേയും കുറിച്ച് പഠിച്ചു കൊണ്ട് സംസ്കാര പഠനത്തിന് പുതിയ ദിശാബോധം പകര്‍ന്നത് ഗില്‍റോയിയും അധ്യാപകനായ സ്റ്റുവര്‍ട്ട് ഹോളും കൂടിയാണെന്നു നാം കണ്ടു. യുദ്ധാനന്തര ബ്രിട്ടനിലെ വംശീയ വിവേചനത്തെയാണ് അദ്ദേഹം വിശകലനം ചെയ്തത്. പശ്ചിമാര്‍ദ്ധ ഗോളത്തിലെ കറുത്തവരുടെ ബൗദ്ധിക ചരിത്രകാരനും പടിഞ്ഞാറന്‍ ലോകത്തെ കീഴാള സംസ്കാര സാഹിത്യ പോരാട്ടങ്ങളുടെ വംശാവലീകാരനുമാകുന്നു ഗില്‍റോയ്. വംശീയതയേയും സംസ്കാരത്തേയും കുറിച്ചുളള അദ്ദേഹത്തിന്‍റെ സൈദ്ധാന്തിക സങ്കൽപനങ്ങള്‍ തൊണ്ണൂറുകളിലെ ബ്രിട്ടനിലെ കറുത്തവരുടെ പ്രക്ഷോഭങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി.
ഒന്നാം ലോകത്തെ കീഴാള ബഹുജനങ്ങള്‍ക്കു മാത്രമല്ല ഗില്‍റോയ് പ്രസക്തനാകുന്നത്. യൂറോപ്യന്‍ വംശീയാധിനിവേശവും കോളനിവാഴ്ചയും നരകസമാനവും ദരിദ്രവുമാക്കിയ മൂന്നാം ലോകത്ത്, അധിനിവേശാനന്തര സമൂഹങ്ങളിലും രാജ്യങ്ങളിലും ഗില്‍റോയിയും ഇതര കീഴാള ബുദ്ധിജീവികളും മറ്റും ഉയര്‍ത്തുന്ന പാശ്ചാത്യ അധിനിവേശ അധീശ സംസ്കാരത്തിന്‍റെ വിമര്‍ശം എന്നത്തേക്കാളും പ്രധാനമാണ്. പാശ്ചാത്യ ലോകത്തു പലപ്പോഴും അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്ന ആധുനികാനന്തര പ്രയോഗങ്ങളേയും സിദ്ധാന്തങ്ങളെയും ചിന്തകളേയും കൂടുതല്‍ ജനപക്ഷത്തും ജനഹിതത്തിലുമാക്കാനും ചരിത്രസാക്ഷരവും നൈതികവുമാക്കാനും ഗില്‍റോയ് തരുന്ന വിമര്‍ശാവബോധത്തിനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ജനായത്ത സംസ്കാര രാഷ്ട്രീയത്തിനും ശേഷിയുണ്ട്. ആധുനികതയുടെ തന്നെ അടിത്തട്ടു വിമര്‍ശവും നൈതിക സമീക്ഷയുമാണ് കൈവിട്ടുപോകുന്ന ഇൻഡ്യന്‍ സന്ദർഭത്തില്‍ നമുക്കു സാധുവായിട്ടുള്ളത്. സൂക്ഷ്മമായ ആധുനികതാ വിമര്‍ശവും വര്‍ത്തമാന പ്രസക്തമായ നൈതിക വിചാരവും സംസ്കാരത്തിന്‍റെ ബഹുസ്വരമായ ജനായത്ത രാഷ്ട്രീയവുമാണ് ഗില്‍റോയിയെ നമ്മുടെ സര്‍വകലാശാലാ പാഠ്യപദ്ധതിയിലേക്കും ബഹുജന രാഷ്ട്രീയ വിമോചനവേലയിലേക്കും ആനയിക്കുന്നത്. കലര്‍ന്നു പെരുകുന്ന ഒച്ചകളും ഓര്‍മകളും കൊട്ടുകളും പാട്ടുകളും ആട്ടങ്ങളും നമ്മുടെ ആവേഗത്തെ വീണ്ടെടുക്കട്ടെ.
- Gilroy, Paul. Darker than Blue: On the Moral Economies of Black Atlantic Political Culture, Harvard UP, 2010.
- Black Britain - A Photographic History (with an introduction by Stuart Hall), Saqi, 2007.
- The Black Atlantic: Modernity and Double Consciousness, London: Verso, 1993.
- Small Acts: Thoughts on the Politics of Black Cultures, London: Serpent’s Tail, 1993.
- Nishikawa, Kinohi. “Paul Gilroy.” The Greenwood Encyclopaedia of African American Literature. Westport: Greenwood Press, 2000. 630-32.