മോദിയുടെ രണ്ടാം വരവ്: ചിഹ്നങ്ങളും സൂചനകളും- കെ.കെ.ബാബുരാജുമായി അഭിമുഖം.
“നാനാത്വത്തിൽ ഏകത്വമെന്ന ദേശീയവാദ കാഴ്ചപ്പാടിന്റെ അസ്തമയത്തിനൊപ്പം ‘അഖണ്ഡത’, മാതൃഭൂമിയുടെ സുരക്ഷ പോലുള്ള ഹിന്ദുത്വ അജണ്ടകൾക്ക് പിന്നിലൊളിപ്പിച്ചുവെച്ചിരുന്ന അക്രമണ/ പുരുഷ ദേശീയതയുടെയും കീഴാള- മുസ്‌ലിം വെറുപ്പിന്റെയും കൂടുതൽ ഉയർന്ന ഘട്ടമാണ് മോദിയുടെ രണ്ടാം വരവിലൂടെ അരങ്ങേറിയിരിക്കുന്നത്.”
ഉത്തരകാലം ചീഫ് എഡിറ്റർ കെ.കെ.ബാബുരാജുമായി കെ.അഷ്റഫ് നടത്തിയ അഭിമുഖം.
കേന്ദ്രത്തിൽ മോദി ഭരണം തിരിച്ചുവന്നിരിക്കുന്നു. ഈ പുതിയ മാറ്റത്തെ എങ്ങനെ കാണുന്നു?
സംഘപരിവാർ ഉൾക്കൊള്ളുന്ന ആക്രമണ ദേശീയതയുടെയും അപര വെറുപ്പിന്റെയും ക്രമബദ്ധമായ വികാസത്തെയാണ് മോദിയുടെ രണ്ടാം വരവ് അടയാളപ്പെടുത്തുന്നത്. അതിശക്തമായ കോർപ്പറേറ്റ് പിന്തുണ, വൻകിട ദേശീയ- പ്രാദേശിക മാധ്യമങ്ങളുടെ സഹായം, ഭരണഘടനാ സ്ഥാപനങ്ങളുടെ ദുരുപയോഗം, സൈന്യം പോലുള്ള ഘടകങ്ങളുടെ രാഷ്ട്രീയവൽക്കരണം, മണി- മസിൽ പവർ തുടങ്ങിയവ ഉപയോഗിച്ചു കൊണ്ട് സംഘപരിവാർ നിയന്ത്രണത്തിലുള്ള ചിട്ടയായ പ്രവർത്തനങ്ങൾ ഇവ മൂലമാണു മോദി അധികാരത്തിൽ തിരിച്ചെത്തിയത്. മോദി തരംഗം ഇല്ലെങ്കിലും മോദി എന്ന പിതൃരക്ഷാ ബിംബത്തിനപ്പുറം മറ്റൊന്നുമില്ലെന്നു സാധാരണ ജനങ്ങളെ വിശ്വസിപ്പിക്കാൻ അവർക്കു സാധിച്ചു.
ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയ്ക്കു കാരണം കോൺഗ്രസ്സും അതിനു ശേഷം വന്ന അസ്ഥിര ഗവൺമെന്റുകളുമാണെന്നും അതിനെല്ലാം പരിഹാരം ഹിന്ദു ആത്മാഭിമാനം ഉള്ള ഭരണവർഗം അധികാരത്തിൽ വരുകയാണെന്നുമുള്ള പ്രചാരണങ്ങളാണ് എൺപതുകൾ മുതൽ സംഘപരിവാർ നടത്തിക്കൊണ്ടിരുന്നത്. അതിനർഥം, പുറം ശത്രുവായി പാക്കിസ്ഥാനെയും അകം ശത്രുവായി മുസ്‌ലിംകളെയും പ്രതിസ്ഥാനത്തു നിറുത്തി, സവർണ- അവർണ ഭേദമില്ലാത്ത ഹിന്ദു പ്രൈഡ് രൂപപ്പെടുത്തുകയെന്നതാണ്. അതിനുവേണ്ടി മുസ്‌ലിം വിരുദ്ധതയെ ഒരു സ്ഥാപനമാക്കി മാറ്റുകയും നിരവധി വംശീയ കൂട്ടക്കൊലകൾ സംഘടിപ്പിച്ചും ബാബരി മസ്ജിദ് തകർത്തും മണ്ഡൽ മുന്നേറ്റങ്ങളെ ഗതി തിരിച്ചുവിട്ടും വലിയ ചലനങ്ങൾ ഉണ്ടാക്കാനും അവർക്കു കഴിഞ്ഞു. അതിന്റെയൊക്കെ ഫലമായി ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിന്റെ തുടർച്ച അവകാശപ്പെടുന്ന ലിബറൽ ഹൈന്ദവ പക്ഷം ദുർബലമാവുകയും തൽസ്ഥാനത്ത് അതീവ പ്രതിലോമകാരികളായ ഹിന്ദു യാഥാസ്ഥിതിക പക്ഷം ഭരണവർഗമാവുകയും ചെയ്തു.
സ്വഭാവത്തിൽ യാഥാസ്ഥിതികമാണെങ്കിലും പുത്തൻ ആഗോള വലതുപക്ഷത്തിന്റെ എല്ലാ സവിശേഷതകളുമുള്ള നവസമ്പന്നർ മുതൽ ജാതിവ്യവസ്ഥിതിയേയും പുരുഷാധിപത്യത്തെയും താലോലിക്കുന്ന, സാധാരണക്കാർ വരെയുള്ള, വിപുലമായ വിഭാഗമാണവർ. മാത്രമല്ല, സ്വാതന്ത്യത്തിനു ശേഷമുള്ള ഇന്ത്യയുടെ ഉന്നത ബ്യൂറോക്രസിയും നീതി-നിയമ സംവിധാനങ്ങളും ഏറെക്കുറെ ബ്രാഹ്മണ മേധാവിത്വപരമാണ്. അവരുടെ പിന്തുണയും ഇവർക്കുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ, നാനാത്വത്തിൽ ഏകത്വമെന്ന ദേശീയവാദ കാഴ്ചപ്പാടിന്റെ അസ്തമയത്തിനൊപ്പം, ‘അഖണ്ഡത’, മാതൃഭൂമിയുടെ സുരക്ഷ പോലുള്ള ഹിന്ദുത്വ അജണ്ടകൾക്കു പിന്നിലൊളിപ്പിച്ചുവെച്ചിരിക്കുന്ന ആക്രമണ/ പുരുഷ ദേശീയതയുടെയും കീഴാള- മുസ്‌ലിം വെറുപ്പിന്റെയും കൂടുതൽ ഉയർന്ന ഘട്ടമാണു് മോദിയുടെ രണ്ടാം വരവിലൂടെ അരങ്ങേറിയിരിക്കുന്നത്.
ഇന്ത്യൻ ഫാഷിസത്തിന്റെ വളർച്ചയിൽ എങ്ങനെയുള്ള ഇടപെടലായാണ് മോദിയുടെ അധികാര വാഴ്ചയെ കാണുന്നത്? കഴിഞ്ഞ മോദി ഭരണകാലത്തു നമ്മൾ കണ്ട പ്രധാന കാഴ്ചയെന്തായിരുന്നു?
അമേരിക്കയിൽ, കറുത്തവർഗക്കാരെ വെളുത്ത ആൾക്കൂട്ടം ലിഞ്ചിങ്ങിനു വിധേയമാക്കുന്നതിന്റെ ഫോട്ടോഗ്രാഫുകൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു പണ്ട്. അടിമത്ത നിരോധനത്തിനുശേഷം, സ്വത്ത്, അധികാരം, പദവി പോലുള്ള മേഖലകളിലേക്കു കറുത്തവർ പ്രവേശിക്കുന്നതു തടയുന്നതിനും വെള്ളക്കാരെ വംശീയമായി ഏകോപിപ്പിക്കാനും ആ ഫോട്ടോഗ്രാഫുകൾ ഉപയോഗപ്രദമായി മാറി. സമാനമായ വിധത്തിൽ ബീഫിന്റെ പേരിലോ ചെറിയ കുറ്റങ്ങൾ ആരോപിച്ചോ ദലിതരെയും മുസ്‌ലിംകളെയും മർദിക്കുകയും കീഴ്ത്തട്ടിലുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ നിരന്തരം പ്രചരിപ്പിക്കപ്പെട്ടു. ഇതാണു മോദി ഭരണത്തിനു കീഴിൽ ഉണ്ടായ പ്രധാന കാഴ്ച. ജാതിവ്യവസ്ഥിതിയെയും സവർണാധിപത്യത്തെയും എതിർക്കുന്ന കീഴാളരെ താക്കീതു ചെയ്യുക മാത്രമല്ല, ആക്രമണകാരികൾക്കു സമ്പൂർണ സുരക്ഷിതത്വം ഉണ്ടെന്ന സന്ദേശവും അതിലൂടെ നൽകുകയായിരുന്നു. മോദി ഭരണമെന്നത് രാഷ്ട്രീയമായി മാത്രം നിർവചിക്കേണ്ട ഫാഷിസമല്ലെന്നും അതിന്റെ സാമൂഹിക വശം കൂടെ കണക്കിലെടുക്കണമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ഫാഷിസത്തിനു ചില മുന്നുപാധികൾ തീർച്ചയായും ഉണ്ടായിരിക്കണം. ചോദ്യം ചെയ്യാനോ സംവാദം നടത്താനോ പറ്റാത്ത നേത്യത്വം, ആക്രമണങ്ങൾ നടത്താൻ ശേഷിയുള്ള സംഘടന, എത്ര വലിയ നുണയാണെങ്കിലും ബഹുജനങ്ങളെ വിശ്വസിപ്പിക്കാൻ കഴിയുന്ന പ്രചാരണ തന്ത്രങ്ങൾ, പിന്തിരിപ്പൻ ബുദ്ധിജീവികളുടെയും ബ്യൂറോക്രാറ്റുകളുടെയും പിന്തുണ, വംശീയതയിലും പുരുഷാധിപത്യത്തിലും യുദ്ധോത്സുകതയിലും അടിയുറച്ച പ്രത്യയശാസ്ത്രം എന്നിവയാണവ. സംഘപരിവാറിന് മേൽപ്പറഞ്ഞവയെല്ലാം ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ലിബറൽ ജനാധിപത്യത്തിലുള്ള ജനങ്ങളുടെ പ്രതീക്ഷകളെ മുതലെടുത്തുകൊണ്ടാണ് തങ്ങളുടെ സാമാജ്യം അവർ വികസിപ്പിക്കുന്നത്.
ആ സാമ്രാജ്യം വികസിക്കുന്നതിനൊപ്പം മുസ്‌ലിം- ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ പ്രാതിനിധ്യ ജനാധിപത്യത്തിൽ നിന്നു പുറത്താവുന്നു എന്നതാണ് ഫാഷിസത്തിന്റെ ആദ്യ സൂചന. ദലിത്- പിന്നാക്ക- ആദിവാസി ജനതകളുടെ സാംസ്കാരികവും രാഷ്ട്രീയവുമായ ഈടുവെപ്പുകൾ തകർക്കപ്പെടുകയും അവരെ ഹൈന്ദവൽക്കരിക്കുകയും ചെയ്യുന്നു എന്നതാണു രണ്ടാമത്തെ സൂചന. വർത്തമാനകാല വിജ്ഞാനത്തിനു പകരം മരവിച്ച ബ്രാഹ്മണ ജ്ഞാനം പാഠ്യപദ്ധതിയിലൂടെയും മറ്റും അടിച്ചേല്പിക്കപ്പെടുന്നു എന്നതാണു മൂന്നാമത്തെ സൂചന.
സെപ്തംബർ പതിനൊന്നിനു ശേഷം ദേശരാഷ്ട്രങ്ങൾ ദേശീയ സുരക്ഷയെ മുഖ്യപ്രമേയമായി മാറ്റിയതിലൂടെ വിമത പ്രവർത്തനങ്ങളും വിമർശന സ്വരങ്ങളും ദേശവിരുദ്ധതയുടെ പട്ടികയിലാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് പോൾ ഗിൽറോയി നിരീക്ഷിച്ചിട്ടുണ്ട്. ബഹുജൻ-ന്യൂനപക്ഷ കേന്ദ്രീകൃതമായ രാഷ്ട്രീയ പ്രവർത്തനങ്ങളെയും വിമതസ്വരങ്ങളെയും ഇനി ദേശവിരുദ്ധതയായി കാണാനാണു സാധ്യത. ഇന്ത്യയിൽ ജാതിരാഷ്ട്രീയം അവസാനിച്ചിരിക്കുന്നു എന്ന മോദിയുടെ പ്രഖ്യാപനം അതിലേക്കാണു വിരൽ ചൂണ്ടുന്നത്. ഒപ്പം, സ്വത്രന്ത ശബ്ദങ്ങളെയും നീതിയുടെ സ്വരങ്ങളെയും ഇല്ലായ്മ ചെയ്യുന്നതിൽ ഭരണകൂടം ശ്രദ്ധചെലുത്തും. ഗൗരിലങ്കേഷിനെപ്പോലുള്ളവരുടെ കൊലപാതകമോ നിർബന്ധിത നിശ്ശബ്ദതയോ ഈ ഭരണം ആവശ്യപ്പെടുന്നുണ്ട്.
ദലിത്- ഓബിസി വിഭാഗങ്ങൾ നടത്തിയ രാഷ്ട്രീയ നീക്കങ്ങളുടെ ഫലപ്രാപ്തിയും മതന്യൂനപക്ഷങ്ങളുടെയും മറ്റും ഐക്യശ്രമങ്ങളും പരാജയപ്പെട്ടു എന്നാണോ കരുതേണ്ടത്?
തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇന്ത്യയിലെ പ്രധാനപ്പെട്ട മാധ്യമപ്രവർത്തകൻ, ഹിന്ദി മേഖലകളിൽ ഇനി ബ്രാഹ്മണ മുഖ്യമന്ത്രിമാരും പാർലമെന്റുകൾ, നിയമസഭകൾ എന്നിവിടങ്ങളിൽ സവർണ ഭൂരിപക്ഷവും ഉണ്ടാവുകയില്ല എന്നു പ്രവചിക്കുകയുണ്ടായി. ബ്രാഹ്മണ വംശാധിപത്യത്തിന്റെ അണമുറിയാത്ത തുടർച്ചയെ അകറ്റുക എന്നത് ഇന്ത്യയിലെ സാമൂഹിക വിപ്ലവത്തിന്റെ അനിവാര്യ ഭാഗമാണ്. എന്നാൽ ഈ അവസ്ഥയെ അട്ടിമറിച്ചുകൊണ്ട് പഴയ സവർണ മേധാവിത്വത്തെ തിരികെ കൊണ്ടുവരികയെന്നത് ഹിന്ദുത്വ അജണ്ട തന്നെയായിരുന്നു. അതിൽ അവർ വിജയിച്ചു എന്നുതന്നെയാണു കരുതേണ്ടത്.
അവർ ഏറ്റവും വിദഗ്ധമായ നീക്കം നടത്തിയത് പിന്നാക്ക- ദലിത് സമുദായങ്ങളെ ഭിന്നിപ്പിക്കാനായിരുന്നു. അതായത് കാൻഷിറാം, ലാലു പ്രസാദ് യാദവ്, മായാവതി, മുലായം സിങ് യാദവ്, രാം വിലാസ് പാസ്വാൻ മുതലായവർ നേതൃത്വം കൊടുത്ത കീഴാള പ്രസ്ഥാനങ്ങളെ പിളർത്താൻ ഗോവിന്ദാചാര്യ, കല്യാൺ സിങ്, ഉമാ ഭാരതി പോലുള്ള പിന്നാക്ക സമുദായക്കാരെ ഉയർത്തിക്കൊണ്ടു വരികയും ആവശ്യം കഴിഞ്ഞപ്പോൾ വലിച്ചെറിയുകയും ചെയ്തു. രാം വിലാസ് പാസ്വാൻ, നിതീഷ് കുമാർ, രാംദാസ് ആഠ്വലേ മുതലായവരെ അവരുടെ പാളയത്തിലെത്തിച്ചു നിശ്ശബ്ദരാക്കി മാറ്റുകയും ചെയ്തു
ഒപ്പം, പ്രബല പിന്നാക്ക സമുദായങ്ങൾക്കെതിരെ ഇതര പിന്നാക്ക വിഭാഗങ്ങളെയും പ്രമുഖ ദലിത് സമുദായങ്ങൾക്കെതിരെ ഇതര ദലിത് സമുദായങ്ങളെയും അണിനിരത്തിക്കൊണ്ടുള്ള കാസ്റ്റ് എഞ്ചിനീയറിങ്ങും നടപ്പിലാക്കി. യഥാർഥത്തിൽ കാൻഷിറാമൊക്കെ വിഭാവന ചെയ്ത കീഴാള സാഹോദര്യത്തിന്റെ അടിസ്ഥാനത്തിലുള്ള ബഹുജൻ സമാജിനെ ആന്തരികമായി തകർക്കുന്ന ജാതി മേധാവിത്വ കളിയായിരുന്നു ഈ പിന്നാക്ക- ദലിത് സ്നേഹം.
കീഴാള നേതൃത്വങ്ങളിൽ ചിലരുടെ രാഷ്ട്രീയമായ തിരിച്ചറിവില്ലായ്മയും നവ മാധ്യമ കാലത്ത് പോപ്പുലർ കൾച്ചറായി മാറിയ ഹൈന്ദവവൽക്കരണവും മുസ്‌ലിംകളെ അപരരാക്കിക്കൊണ്ടുള്ള ഹിന്ദുത്വ പ്രചാരണങ്ങളും അവർക്ക് അനുകൂലമായ സാഹചര്യങ്ങളായി മാറി.
ഇതിനർഥം, ദലിത്- പിന്നാക്ക- ന്യൂനപക്ഷ രാഷ്ട്രീയം തകർന്നു എന്നല്ല. കോൺഗ്രസിനു വലിയ പരാജയം ഉണ്ടായപ്പോഴും ഹിന്ദി മേഖലയിലെ ചില സഖ്യങ്ങൾക്കാണല്ലോ കുറെയെങ്കിലും പിടിച്ചുനിൽക്കാനായത്. കോൺഗ്രസ്സിനും ഇത്തരം കക്ഷികൾക്കും പണമോ മാധ്യമ പിന്തുണയോ ഇല്ലായിരുന്നു എന്നോർക്കണം. ഏറ്റവും വലിയ കുഴപ്പമായി മാറിയത് ദേശീയ കക്ഷിയെന്ന പദവിയുള്ള കോൺഗ്രസ്സ് സഖ്യങ്ങൾക്കു വേണ്ടി അധികം ശ്രമിച്ചിട്ടില്ല എന്നതാണ്. ഉദാഹരണമായി മഹാരാഷ്ട്രയിൽ പ്രകാശ് അംബേഡ്കറുമായി സഖ്യത്തിനു കോൺഗ്രസ് വിസമ്മതിച്ചത് ഉവൈസിയുടെ പാർട്ടിയെ ഒഴിവാക്കണമെന്ന നിർബന്ധത്തിനു വഴങ്ങാത്തതിനാലാണ്. കർണാടകയിലും രാജസ്ഥാനിലും മധ്യപ്രദേശിലും ദില്ലിയിലുമൊക്കെ കോൺഗ്രസ്സിനു സഖ്യങ്ങൾ ഉണ്ടാക്കാമായിരുന്നു. പ്രാദേശിക കക്ഷികൾ വഴങ്ങുന്നില്ലെന്നതിനപ്പുറം, പഴയ പിതൃഭൂമി സ്വപ്നം കണ്ടതിനാലാണ് കോൺഗ്രസ്സിന്റെ സഖ്യശ്രമങ്ങൾ പാളിപ്പോയതെന്നു പറയാം.
ദലിത്- പിന്നാക്ക- ന്യൂനപക്ഷ രാഷ്ട്രീയത്തെ കേവലമായ പാർലമെന്ററി പ്രവർത്തനങ്ങളായിട്ടല്ല, മറിച്ച് ബ്രാഹ്മണിസം മൂലം വിഭജിക്കപ്പെട്ട ജനങ്ങളുടെ സ്വയം വീണ്ടെടുപ്പിന്റെ ഇടർച്ചകളും തുടർച്ചകളുമായിട്ടാണു കാണണ്ടത്.
രാഷ്ട്രീയമാറ്റം സംഭവിച്ച തിരഞ്ഞെടുപ്പായിരുന്നല്ലോ കേരളത്തിൽ സംഭവിച്ചത്? ഇടതുപക്ഷ വോട്ടുകൾ നല്ലൊരു ശതമാനം ബിജെപി.ക്കു പോയി. ഇതൊരു അസാധാരണ പ്രതിഭാസമാണോ? എന്താണ് ഈ മാറ്റത്തിന്റെ ചാലക ശക്തി?
കേരളത്തിലെ തിരഞ്ഞെടുപ്പു ഫലം പ്രതീക്ഷിച്ചതു തന്നെയാണല്ലോ. ന്യൂനപക്ഷ സമുദായങ്ങൾ രാഷ്ട്രീയ വിവേകത്തോടെ വോട്ടുചെയ്തു. നോട്ടു റദ്ദാക്കിയതിന്റെ ദുരന്തമനുഭവിച്ച സാധാരണക്കാർ മുതൽ ചെറുകിട കച്ചവടക്കാരും ഇൻകം ടാക്സ് കൊടുക്കുന്ന ഉദ്യോഗസ്ഥരും ഇന്ധന വിലയിൽ വീർപ്പുമുട്ടുന്ന പൊതുജനങ്ങളും മോദി ഭരണത്തിന് എതിരായി മാറി. ഈ വിഭാഗങ്ങളുടെ വോട്ടുകൾ കൂടുതലും കോൺഗ്രസ്സിൽ എത്തിയതിനു കാരണം, അവർ ഭരണമാറ്റം പ്രതീക്ഷിച്ചിരുന്നു എന്നതാണ്. എന്നാൽ കോൺഗ്രസ്സിന്റെ വലിയ ഭൂരിപക്ഷത്തിനു പിന്നിൽ ശബരിമല വിഷയവും രാഹുൽ ഗാന്ധിയുടെ വരവും ഭരണവിരുദ്ധ വികാരവും ഉണ്ടെന്നു തോന്നുന്നു.
ഇടതുപക്ഷ വോട്ടുകൾ കുറെ ബിജെപിക്കു പോയി എന്നതു വസ്തുതയാണ്. അതൊരു അസാധാരണ പ്രതിഭാസമൊന്നുമല്ല. കേരളത്തിലെ ഇടതു-വലതു കമ്യൂണിസ്റ്റുകൾ മുതൽ നക്സലിസം വരെയുള്ള പാർട്ടികളിൽ ബഹുഭൂരിപക്ഷവും ഹിന്ദുക്കളാണ്. ഇവിടെ കമ്യൂണിസം എന്നു വിളിക്കപ്പെടുന്നതു തന്നെ ഹൈന്ദവമായ സാംസ്കാരിക- രാഷ്ട്രീയ ചിഹ്ന വ്യവസ്ഥക്കകത്തു നിലകൊള്ളുന്ന ഒന്നാണ്. കുറേ ലെഫ്റ്റ് ലിബറലുകളും ലിബറൽ ഫെമിനിസ്റ്റുകളും കമ്യൂണിസ്റ്റ് പിതൃസങ്കടങ്ങൾ കൊണ്ടു നടക്കുന്ന ചിലരുമാണ് ‘ഇടതുപക്ഷം’, ‘മാർക്സിസം’ എന്നിങ്ങനെ പറഞ്ഞ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ഹൈന്ദവതയെ അദൃശ്യവത്കരിക്കുന്നത്. ബംഗാളിലെപ്പോലെ തന്നെ, ഇവിടുത്തെ കമ്യൂണിസ്റ്റുകളിലെയും ഗണ്യമായ വിഭാഗം അവസരം വരുമ്പോൾ ഹിന്ദുത്വ കുടക്കീഴിൽ എത്താൻ മടിക്കുകയില്ല.
ദലിത് രാഷ്ട്രീയ നിലപാടുകൾ എപ്രകാരമാണു പ്രവർത്തിച്ചത്? ശബരിമലയടക്കമുള്ള വിഷയങ്ങളിൽ ദലിത് നിലപാടുകളുടെ പ്രതിഫലനം എത്രത്തോളമാണ്?
മാർക്സിസ്റ്റ്- കോൺഗ്രസ്- ബിജെപി മുതലായ കക്ഷികളുടെ രാഷ്ട്രീയ വോട്ടുകളെ ഭിന്നിപ്പിക്കാനോ സ്വസമുദായത്തിലെ വോട്ടുകളെ ഏകീകരിക്കാനോ കഴിയുന്നവരല്ല വെള്ളാപ്പള്ളി നടേശൻ മുതൽ പുന്നല ശ്രീകുമാർ വരെയുളള കീഴാള സമുദായ നേതൃത്വങ്ങൾ എന്നു തെളിയിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ്. ഇവർ മാർക്സിസ്റ്റ് അനുകൂല നിലപാട് എടുത്തെങ്കിലും വലിയ ഫലമൊന്നും ഉണ്ടായില്ല. അംബേഡ്കർ രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന ചില ദലിത് സംഘടനകളും ആക്റ്റിവിസ്റ്റുകളും സജീവമാണെങ്കിലും അവർക്കും, സമുദായത്തിനകത്തും പുറത്തും ബഹുജന സ്വാധീനം വളരെ കുറവാണ്. ദേവസ്വം ബോർഡിൽ പത്തു ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയതും ലോക്കപ്പ് കൊലപാതകങ്ങളും പ്രളയ ദുരിതത്തിനു ശേഷം ഭരണകൂടം കീഴാളരെ പാടെ കൈയൊഴിഞ്ഞതും ഭരണപരാജയങ്ങളും ഇവരെ ഇടതുപക്ഷ വിരുദ്ധരായി തന്നെ നിലനിൽക്കാൻ പ്രേരിപ്പിച്ച ഘടകങ്ങളാണ്.
ശബരിമല വിഷയത്തെ നവോത്ഥാനവുമായി കണ്ണിചേർത്ത ഇടതുപക്ഷ ഭാഷ്യങ്ങളോട് ചില ദലിത് നേതൃത്വങ്ങൾ ഐക്യപ്പെട്ടതും തെറ്റിദ്ധാരണപരമാണ്. നവോത്ഥാനം കഴിഞ്ഞു പോയ അധ്യായമാണ്. അതിനെ പുനരവതരിപ്പിക്കുക എന്നാൽ ദലിത്പക്ഷ വിമർശനങ്ങളെ അവസാനിപ്പിക്കുക എന്നാണ് അർത്ഥം.
മാത്രമല്ല, രണ്ടാം ഭൂപരിഷ്കരണ നിയമം ഉണ്ടാക്കുക, എയ്ഡഡ് മേഖല സംവരണം നടപ്പിലാക്കുക മുതലായ ദീർഘകാല സമരങ്ങൾ കൂടി റദ്ദു ചെയ്തുകൊണ്ട്, സർക്കാരിനെയും മാർക്സിസ്റ്റു പാർട്ടിയെയും പിന്തുണക്കുക എന്ന നയമാണ് അവർ സ്വീകരിച്ചത്. ചിലരാകട്ടെ, പിണറായി വിജയനെ മഹത്വവൽക്കരിച്ചുകൊണ്ട് മാർക്സിസ്റ്റ് പാർട്ടിയെ വിമർശിക്കുകയാണ്. വെറും ഒഴികഴിവ് എന്നാണ് ഇതിനെപ്പറ്റി പറയേണ്ടതെന്നു തോന്നുന്നു.
മതന്യൂനപക്ഷങ്ങൾ വിശിഷ്യാ മുസ്‌ലിംകൾ കുറേ കാലത്തിനു ശേഷം ഒന്നിച്ചുവന്നു കോൺഗ്രസ്സിനു വോട്ട് ചെയ്തു. എന്താണ് ഇത്തരമൊരു നീക്കത്തിന്റെ പ്രേരണകൾ? ഏതു രീതിയിലാണ് തിരഞ്ഞെടുപ്പിന്റെ ഗതിയെ അതു നിർണയിച്ചത്?
ശ്രീനാരായണ ഗുരുവിനെയും അയ്യൻകാളിയേയും പൊയ്കയിൽ അപ്പച്ചനെയും പോലുള്ള കീഴാള നവോത്ഥാന പ്രതിനിധാനങ്ങൾ നടത്തിയ ഇടപെടലുകളെ അദൃശ്യമാക്കിക്കൊണ്ടാണ് കീഴാളർക്കു മാറു മറയ്ക്കാനും വഴി നടക്കാനും ക്ഷേത്രങ്ങളിൽ പ്രവേശിക്കാനുമുള്ള സ്വാതന്ത്ര്യം തന്നതു തങ്ങളാണെന്ന മട്ടിലുള്ള അവകാശവാദം ഇവിടുത്തെ ഇടതുപക്ഷങ്ങൾ ഉന്നയിച്ചിരുന്നത്. സമാനമായ വിധത്തിൽ, മാർക്സിസ്റ്റ് പാർട്ടിയും അവർ തരുന്ന മതേതര സുരക്ഷയുമാണു ന്യൂനപക്ഷങ്ങളുടെ രക്ഷാകവചമെന്നും അതാണ് ഇവിടെ ഹിന്ദുത്വവളർച്ചയെ തടയുന്നതെന്നുമുള്ള മിത്താണു പ്രചരിപ്പിക്കപ്പെടുന്നത്. ഇതിനു പിന്നിലുള്ളത് ന്യൂനപക്ഷങ്ങൾ, രാഷ്ട്രീയമായി തങ്ങൾക്കു വിധേയമായിരിക്കണമെന്ന ശാസന തന്നെയാണ്. യഥാർഥത്തിൽ, നാല്പതു ശതമാനത്തിൽ കൂടുതലുള്ളതും നൂറോളം മണ്ഡലങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുന്നതുമായ ന്യൂനപക്ഷ വോട്ടുകളാണ് കേരളത്തിൽ ഹിന്ദുത്വത്തിന്റെ അധികാര പ്രവേശത്തിനു തടസ്സം നിൽക്കുന്നത്. മുസ്‌ലിം ലീഗിനെ വർഗീയ കക്ഷിയായും ഇതര സംഘടനകളെ തീവ്രവാദികളായും മുദ്രകുത്തിക്കൊണ്ടുള്ള പുരോഗമന ഏർപ്പാടുകൾക്കു വലിയ ഫലമുണ്ടായിട്ടില്ലെന്നതാണ് മുസ്‌ലിം വോട്ടുകളുടെ ഏകീകരണം തെളിയിക്കുന്നത്. ഇത്തരം കാര്യങ്ങളെ മോദിഭയം എന്നു ലഘൂകരിക്കുന്നതു വിചിത്രമാണ്. ഇവർ കാണാത്തത് ഭൂരിപക്ഷ സമുദായത്തിനകത്തു ഹിന്ദുത്വത്തിന്റെ വളർച്ച ശക്തമായി തുടരുന്നു എന്നതാണ്.