ജീവിതത്തെ വാരിപ്പിടിച്ച് ഓടുന്നവര്‍
ഹൈറേഞ്ചിന്റെ ഒളിച്ചു വെച്ച മനസ്സ് പുറത്തിറങ്ങാന്‍ തുടങ്ങിയെന്ന സൂചനയിലൂടെ വായിച്ചെടുക്കാവുന്ന ജീവിതവും പ്രദേശവുമാണ് എം.ബി.മനോജിന്റെ കഥകളിൽ ആവിഷ്ക്കരിക്കപ്പെടുന്നത്. മഞ്ഞിലുറങ്ങിയ സ്കൂളും നെരിപ്പോടുകളില്‍ നിന്നും ജീവിതത്തിനു അല്‍പ്പം ചൂടുപിടിപ്പിക്കുന്ന മനുഷ്യരും പിണക്കമോ ഇണക്കമോയില്ലാതെ ആയുസ്സോടുക്കുന്ന വളര്‍ത്തു മൃഗങ്ങളും വ്യവസ്ഥയുടെ സ്വാഭാവിക നിസംഗതയൊളിപ്പിച്ച സ്ഥാപനങ്ങളും ഈയൊരു പക്ഷം ചേരലിന്റെ ഭാഗമാണ്. ഡോ. ഒ.കെ.സന്തോഷ് എഴുതുന്നു.
സമകാലിക മലയാള കഥകളിൽ, വ്യത്യസ്തങ്ങളായ മനുഷ്യാനുഭവങ്ങളോടൊപ്പം പുതിയ ഭൂപ്രദേശങ്ങളും (topography) സാന്നിധ്യമാവുന്നത് സവിശേഷമായ സംവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അതിരുകളെ മാറ്റിവരച്ചും അനുഭവങ്ങളെ തിരിച്ചെഴുതിയും ആധുനികതാവാദം സൃഷ്ടിച്ച സര്‍ഗാത്മക ഇടപെടലുകളില്‍ നിന്ന് തികച്ചും അകലം പാലിക്കുന്ന ആവിഷ്ക്കാരങ്ങളാണിവ. തിരിഞ്ഞുനോട്ടത്തിന്റെ മുഷിപ്പും ആനന്ദവും ഇടകലര്‍ന്നതായിരുന്നു ആധുനികതയുടെ സ്ഥലഭാവനയെങ്കിൽ, നമ്മുടെ സാഹിതീയമായ ആധികാരിക സ്ഥാനങ്ങളെ പുതുക്കിയെഴുതുന്ന വ്യവഹാരങ്ങളുടെ ഭാഗമായി പുതിയ കാലത്ത് അതു മാറുന്നു. ഇടനാടിന്റെ മാത്രം ഭാഷയും ഭാവനയും കാനോനീകരണത്തിന്റെ യുക്തിയിലേക്ക് പരുവപ്പെടുമ്പോള്‍, അതിന്റെ പുറത്തുള്ള ജീവിതവും സ്ഥല വൈവിധ്യങ്ങളും ഒഴിവാക്കപ്പെടുന്നു. മലനാടിനും കടലോരത്തിനും പറയാന്‍ ഒന്നുമില്ലാതിരിക്കുകയും ഇടനാടിന്റെ ജീവിതം മലയാളിയുടെ ‘പൊതു’വായി സ്വീകരിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണിത്.
നമ്മുടെ രചനാ പാരമ്പര്യത്തിന്റെ സമസ്ത മേഖലകളിലും പ്രദേശപരമായ അസന്തുലിതത്വവും ഭാഷാപരമായ ഉത്കൃഷ്ട / അപകൃഷ്ട വിഭജനങ്ങളും യാഥാര്‍ത്ഥ്യമാണെന്നും പറയാം. അധികാര ബന്ധങ്ങളും സാമൂഹിക – സാംസ്ക്കാരിക ബോധ്യങ്ങളുടെ പക്ഷപാതിത്വങ്ങളും ഈ മാനകീകരണത്തെ ഉറപ്പിക്കുന്ന ഘടകങ്ങളാണ്.
കഴിഞ്ഞ രണ്ടു ദശകങ്ങളായി മലയാളിയുടെ ബോധ്യങ്ങളിലും കാഴ്ചാനുഭവങ്ങളിലും നേരിട്ടുണ്ടായ മാറ്റങ്ങളെ ആവിഷ്ക്കരിക്കുന്നതില്‍ സിനിമ, ചിത്ര – ശില്‍പകല പോലുള്ള ദൃശ്യരൂപങ്ങളോടൊപ്പം സാഹിത്യവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഭാഷ, പ്രദേശം, വേഷം, ഭക്ഷണ ശീലം തുടങ്ങിയ കാര്യങ്ങളില്‍ വ്യത്യസ്തതകളെ ആഘോഷിക്കുന്ന തരത്തിലേക്ക് ഈ മാറ്റങ്ങള്‍ മുഖ്യധാരയുടെ പരിഗണനാ വിഷയമായി. ഒഴിവാക്കപ്പെട്ട പ്രദേശങ്ങളും അവിടത്തെ മനുഷ്യരും കൗതുക കാഴ്ചകള്‍ക്കും പരിഹാസ്യ വിഷയത്തിനുമപ്പുറം സ്വീകരിക്കപ്പെട്ടു. കാൽപനികതയോടും അതിയാഥാര്‍ഥ്യത്തോടുമുള്ള ഗുണപരമായ കടംവീട്ടൽ ഈ വ്യവഹാരങ്ങള്‍ക്ക് പിന്നിലുണ്ട്. ഭാഷയോടൊപ്പം തെളിഞ്ഞു കിട്ടുന്ന ദേശ ജീവിതം അപ്രധാനമല്ലാത്ത കാര്യമായി മാറി. ഓരോ വാക്കിനും പിന്നിൽ ഒരു ജീവിതമുണ്ടെന്ന തിരിച്ചറിവ് ശക്തമായി. അതിന്റെ വികസിതവും അകാല്‍പനികവുമായ മുഖങ്ങളാണ് പുതിയ കാലത്ത് സാഹിത്യത്തെ നിര്‍ണയിക്കുന്നതെന്ന് പറഞ്ഞാലും അതിശയമില്ല.
എം.ബി.മനോജിന്റെ മരിയ ഇറുദയ എന്ന കഥാ സമാഹാരത്തിലൂടെ ഒരു വായനക്കാരനെന്ന നിലയ്ക്ക് കടന്നുപോയപ്പോള്‍ മലയാളത്തിലെ കഥാസാഹിത്യത്തിന്റെ വര്‍ത്തമാന കാലം ഓര്‍ക്കുക സ്വാഭാവികമാണ്. ഇതിലെ കഥകളുടെ രചനാ പശ്ചാത്തലം, കഥാകാരന്റെ ഒരു പ്രയോഗം കടമെടുത്തു സൂചിപ്പിക്കുന്നത് കൂടുതല്‍ ഉചിതമാകുമെന്ന് തോന്നുന്നു. ഹൈറേഞ്ചിന്റെ ഒളിച്ചു വെച്ച മനസ്സ് പുറത്തിറങ്ങാന്‍ തുടങ്ങിയെന്ന സൂചനയിലൂടെ വായിച്ചെടുക്കാവുന്ന ജീവിതവും പ്രദേശവുമാണ് ഈ കഥകളിൽ ആവിഷ്ക്കരിക്കപ്പെടുന്നത്. പക്ഷേ, ഇതിന്റെ കണിശമായൊരു മറുപുറം കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഇടുക്കിയുടെ അകവും പുറവും വേര്‍തിരിച്ചറിയാൻ എഴുത്തുകാരൻ പ്രയോഗിക്കുന്ന തന്ത്രം പാര്‍ശ്വ ജീവിതങ്ങളെയും ഒട്ടും മനോഹരമല്ലാത്ത ചുറ്റുപാടുകളെയും രേഖപ്പെടുത്തിയാണെന്നത് സവിശേഷമായി കാണാം. മഞ്ഞിലുറങ്ങിയ സ്കൂളും നെരിപ്പോടുകളില്‍ നിന്നും ജീവിതത്തിനു അല്‍പ്പം ചൂടുപിടിപ്പിക്കുന്ന മനുഷ്യരും പിണക്കമോ ഇണക്കമോയില്ലാതെ ആയുസ്സോടുക്കുന്ന വളര്‍ത്തു മൃഗങ്ങളും വ്യവസ്ഥയുടെ സ്വാഭാവിക നിസംഗതയൊളിപ്പിച്ച സ്ഥാപനങ്ങളും ഈയൊരു പക്ഷം ചേരലിന്റെ ഭാഗമാണ്.
യഥാര്‍ഥത്തിൽ, കൗതുകകരമോ കാൽപനികമോ പരിഹാസ്യമോ ആയി രേഖപ്പെടുത്തപ്പെട്ട ജീവിതങ്ങള്‍ക്ക് മാന്യത നല്‍കുവാനും അതുവഴി സാഹിതീയമായ പിളര്‍പ്പുകൾ സൃഷ്ടിക്കുവാനുമുള്ള ശ്രമങ്ങള്‍ മനോജിന്റെ എഴുത്തില്‍ തുടക്കം മുതലേയുണ്ട്. പേലവമുള്ള ആഖ്യാനങ്ങള്‍ക്ക് നേരെ പിടിച്ച കാവ്യ വഴികള്‍: കൂട്ടാന്തതയുടെ എഴുപതു വര്‍ഷങ്ങൾ എന്ന ആദ്യ കവിതാ സമാഹാരത്തിൽ തുടങ്ങി ജാഗ വരെയുള്ള നോവലിലും നമ്മള്‍ കണ്ടു. ഇത്രമാത്രം വല്ലായ്മകളാല്‍ അസ്വസ്ഥനായ ഒരാൾ പുതിയ എഴുത്തു വ്യവഹാരങ്ങളില്‍ ഇല്ലെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് അദ്ദേഹത്തിന്റെ രചനകൾ നിലനില്‍ക്കുന്നത്. ഇത്തരം സാമൂഹിക വ്യഥകളെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും ആക്റ്റിവിസത്തിന്റെയും ഭൂതകാലത്തില്‍ നിന്നും വിമോചിപ്പിക്കാനാവാത്ത വിധത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്നു. അനുഭവങ്ങളെ ‘ഭൂതകാല കുളിരാക്കി’ വിപണി പിടിച്ചടക്കുന്ന ലളിത മനോഹരമായ വ്യവഹാരങ്ങള്‍ക്കുള്ള മറുപടി കൂടി ഇതിലുണ്ടെന്ന് കരുതാം. പല കാലങ്ങളിൽ – രണ്ടായിരത്തി രണ്ടു മുതൽ രണ്ടായിരത്തി പത്തൊൻപത് വരെ ഏകദേശം രണ്ടു ദശകങ്ങളുടെ വിസ്തൃതിയുള്ള രചനകളാണ് ഇവിടെ സമാഹരിക്കപ്പെടുന്നത്.
വിധ്വംസകമായ (നിശബ്ദമായ) നോട്ടങ്ങള്‍
ആധുനികതാവാദ സാഹിത്യത്തിൽ വിശേഷിച്ചും, തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തോടു ആഭിമുഖ്യം പ്രകടിപ്പിച്ച എഴുത്തുകളില്‍ സാര്‍വലൗകികമായ സാമൂഹിക സന്നിഗ്ധതകളോടുള്ള പ്രതികരണങ്ങളാണ് വ്യക്തിയുടെ വിക്ഷോഭങ്ങള്‍ക്ക് കാരണമായി തീര്‍ന്നത്. ലോകാനുഭവങ്ങളെ തങ്ങളുടേതാക്കി മാറ്റുവാനുള്ള അമിതമായ വ്യഗ്രത അവയ്ക്കൊരു കൃത്രിമഛായ പോലും നല്‍കിയെന്നതാണ് വാസ്തവം. യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും സാഹിത്യത്തിന്റെ വിപുലമായ വായനാനുഭവം ഈ വ്യവഹാരത്തെ നിര്‍ണായകമായി സ്വാധീനിച്ച ഘടകമാണ്. ദേശ രാഷ്ട്രങ്ങളുടെ ആവിര്‍ഭാവത്തോടെ രൂപംകൊണ്ട കടുത്ത മത്സരങ്ങളും യുദ്ധങ്ങളും സാമ്പത്തിക ചൂഷണങ്ങളുമെല്ലാം പുതിയ ഭാവനകളിലേക്ക് സമൂഹത്തെ വലിച്ചടുപ്പിച്ചു. ദേശാതിർത്തികള്‍ കടന്നുള്ള സ്വത്വാവബോധം പൊതു സ്വീകാര്യമായി. ഇതിലൂടെ സംഭവിച്ച പ്രധാനപ്പെട്ട ന്യൂനത നമുക്ക് ചുറ്റുമുള്ള പ്രശ്നങ്ങളെ നാമറിയാതെ അവഗണിക്കാന്‍ ശീലിച്ചുവെന്നുള്ളതാണ്.
ദലിതരും ആദിവാസികളും സ്ത്രീകളും ഭിന്നജീവിതം നയിക്കുന്നവരുമെല്ലാം സവിശേഷമായ സംവാദങ്ങളും നോട്ടങ്ങളും ആഗ്രഹിക്കുന്നവരാണെന്ന് മനസ്സിലാക്കുവാന്‍ കഴിയാത്ത വിധത്തില്‍ നമ്മുടെ സാഹിത്യ ഭൂപടം ചുരുങ്ങിപ്പോയി (ഇപ്പോഴും അതിനെ വികാസമായി കാണുന്നവരും ഉണ്ട്). ഈ യാഥാർഥ്യത്തെ വിമര്‍ശനാത്മകമായി കാണുന്നുവെന്നതാണ് ഈ കഥാസമാഹാരത്തിന്റെ പ്രധാനപ്പെട്ട സവിശേഷതയായി പറയാവുന്നത്.
നമ്മുടെ സാമൂഹിക ജീവിതത്തിൽ ഉണ്ടായ പരിവര്‍ത്തനങ്ങളുടെ ക്രമാനുഗതമായ ആഖ്യാനമായി തന്റെ കഥകളെ അടുക്കി വെക്കുന്നത് ശ്രദ്ധേയമാണ്. സൈബര്‍ ജീവിതവുമായി ഒട്ടും പരിചിതമല്ലാത്ത പത്ര വായനക്കാരുടെ കൂട്ടം മുതൽ ആധുനികോത്താര ജീവിതത്തിന്റെ സങ്കീര്‍ണതകളോട് സംവദിക്കുവാന്‍ ശ്രമിക്കുന്ന സമകാലിക തലമുറവരെ ഇതില്‍ ചിത്രീകരിക്കപ്പെടുന്നു. പ്രത്യേകിച്ചും, സ്കൂള്‍ ജീവിതം വരച്ചിടാന്‍ ശ്രമിക്കുന്ന രചനകളിൽ സ്വാഭാവികമായ ജീവിത സന്ദര്‍ഭങ്ങൾ ഒട്ടും അത്ഭുതകരമല്ലാത്ത വിധത്തില്‍ നമ്മെ അഭിമുഖീകരിക്കുന്നത് കാണാം. ടീച്ചിങ് – ലേര്‍ണിങ് പ്രക്രിയക്കപ്പുറമുള്ള വിഷയങ്ങളാണ് ഇത്തരം കഥകളില്‍ ആവിഷ്ക്കരിക്കപ്പെടുന്നത് എന്ന യാഥാര്‍ഥ്യം കൂടി വ്യത്യസ്തയ്ക്കുള്ള വഴിയായി മാറുന്നു. ഭൂമി കൈയേറ്റം, വിദ്യാര്‍ഥി ജീവിതവുമായി ഇഴുകിച്ചേരൽ, രക്ഷിതാക്കളുടെ ഉത്തരവാദിത്വമില്ലായ്മ, തൊഴിലിലെ താല്‍ക്കാലികത്വം കൊടുക്കുന്ന നിസംഗതയും പരാജയ ഭീതിയും തുടങ്ങിയ അനുഭവ ലോകങ്ങളാണ് ഈ കഥകളില്‍ ചര്‍ച്ച ചെയ്യുന്ന പ്രമേയങ്ങള്‍. മരിയ ഇറുദയ എന്ന കഥതന്നെ മികച്ച ഉദാഹരണം. തേയിലത്തോട്ടങ്ങളിലെ ലയങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളെ സന്ദര്‍ശിക്കുന്ന അധ്യാപകനായ മരിയ, നരച്ച ജീവിതങ്ങളിലും മഞ്ഞു വീണു മരവിച്ച വഴികളിലും ആ പ്രകൃതിയെക്കാൾ നിശബ്ദമായി ഭാഷയില്ലാതെ പിന്‍വാങ്ങുന്ന കഥാപാത്രമാണ്. ഒരു വാക്കുപോലും പറയാന്‍ കഥാകൃത്ത് അയാള്‍ക്ക് അവസരം നല്‍കുന്നില്ല എന്നത് സവിശേഷമായി കാണേണ്ടതുണ്ട്. കാഴ്ചയും അതിന്റെ കരണ പ്രതികരണങ്ങളുമാണ് അയാളുടെ ആശയ വിനിമയോപാധി. ഇത്രമേല്‍ നിസംഗനും നിശബ്ദനുമായ മരിയ ഇറുദയയുടെ തിരിച്ചുള്ള യാത്രയും കാഴ്ചകളിൽ തറഞ്ഞു പിന്‍വാങ്ങുന്നു. ധീരനും വിജയിയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതുമായ നായക സങ്കല്‍പത്തിന്റെ വിപരീത ദിശയിലേയ്ക്ക്, അടുത്ത പുറത്തിലേക്ക് മറ്റൊരു കഥയ്ക്കായി വായനക്കാര്‍ യാത്ര തുടരുന്നു.
പരാജയത്തിന്റെ ആഘോഷാത്മകമായ രൂപകങ്ങൾ മനോജിന്റെ രചനകളിൽ പ്രത്യേകിച്ചും കവിതകളില്‍ മലയാളി വായനക്കാർ കണ്ടിട്ടുള്ളതാണ്. വ്യവസ്ഥാപിത സൗന്ദര്യ ബോധ്യങ്ങളേക്കാള്‍ വൈരൂപ്യമെന്നു വിശേഷിപ്പിക്കാവുന്ന ആഖ്യാനതലമാണ് അതിന്റെ അടിത്തറ. പന്നിപ്പാട്ട്, മുന്‍കാലുകൾ കൂട്ടികെട്ടിയ നടത്തക്കാർ, വനമക്കള്‍ യേശുവിനോട് സംവദിക്കുന്നു തുടങ്ങി എത്ര വേണമെങ്കിലും ഉദാഹരിക്കാവുന്ന വിസ്തൃതിയുണ്ടതിന്. വിജയത്തിന്റെയോ പൗരുഷത്തിന്റെയോ നേരിയ സാന്നിധ്യം പോലുമില്ലാത്ത നിരുപാധികമായ കീഴടങ്ങല്‍ ആണിതെന്ന വിമര്‍ശനവും ഉണ്ടായിട്ടുണ്ട്.
ഒരുപക്ഷേ, പ്രകടനാത്മകമായ ധീരതയെക്കാള്‍ ഉള്ളിലൊളിപ്പിച്ച കരുത്തിലുള്ള വിശ്വാസമാകാം എഴുത്തുകാരനെ നിയന്ത്രിക്കുന്നത്. ഭാഗ്യത്തെ ചുരണ്ടി നോക്കുമ്പോള്‍ എന്ന കഥ ശ്രദ്ധിക്കുക. ഭാര്യാ – ഭര്‍തൃ ബന്ധത്തിലെ ഇടര്‍ച്ചകളെയും അതിന്റെ സാധൂകരണങ്ങളെയും അവതരിപ്പിക്കുമ്പോഴും പുരുഷന്റെ സമ്പൂര്‍ണമായ കീഴടങ്ങലും നിശബ്ദതയും മൂടി നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് കഥയവസാനിക്കുന്നത്. ‘ഓര്‍മ്മ ഞെട്ടിച്ചിട്ടും അറിയാത്തവനായി, കുനിഞ്ഞ തല പൊക്കാനാവാതെ, അയാള്‍ അവളുടെയടുത്ത് കിടന്നു. പുതിയ ഒരുമ്മ പോലുമില്ലാതെ, തടവാന്‍ കൈപൊങ്ങാതെ വളരെ പെട്ടെന്ന്‍ പിടഞ്ഞെണീറ്റതായും, അവളുടെ മുന്‍പില്‍ നിന്നിറങ്ങി ഓടിയതായും അയാള്‍ക്കനുഭവപ്പെട്ടു. അവള്‍ അപ്പോഴും അയാളെ വാരിയണച്ചുകൊണ്ടിരുന്നു.’ മലയാളത്തിലെ വരേണ്യ രചനകൾ ഒന്നുകിൽ അമിതാസക്തി അല്ലെങ്കിൽ അലൈഗിംകത എന്ന വൈരുദ്ധ്യത്തെ വാര്‍പ്പുമാതൃകയാക്കിയാണ് കീഴാള ആണത്വങ്ങളെ രേഖപ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ളത്. രണ്ടിടങ്ങഴിയിലെ ചാത്തനും കോരനും ഈ വൈരുധ്യത്തെ പ്രതിനിധീകരിക്കുന്നവരാണ്. മനോജിന്റെ രചനകളിലും ഈ മാതൃകയിൽ ഒന്നിനെ സ്വീകരിക്കുന്നത് കാണാം. ‘എങ്കിലും ദേവി നമ്മുടെ ജീവിതം എന്താണ് കല്ലേലിട്ട കലം പോലെ ഉടഞ്ഞുപോയി?’ എന്ന് സി.അയ്യപ്പന്‍റെ പ്രേതഭാഷണം എന്ന കഥയിലെ നായകൻ പറയുന്നത് ഓര്‍ക്കുക.
നിരവധി സങ്കീര്‍ണതകൾ ഉള്ള സ്വത്വ വൈവിധ്യങ്ങളെ പരസ്പര വിരുദ്ധമായ കള്ളിയില്‍ മാത്രം കുരുക്കുന്ന പ്രവണത ഇന്നും തുടരുന്നു എന്നര്‍ഥം. പരാജയബോധം, ഭീതി, നിസ്വത, നിശബ്ദത തുടങ്ങിയ സ്വത്വപരവും സഹജമെന്ന് വിശേഷിപ്പിക്കപ്പെടുന്നവയിലേയ്ക്ക് മനോജിന്റെ കഥാപാത്രങ്ങൾ ഒതുങ്ങുന്നതും ഈ അനുശീലനത്തെ മറികടക്കാന്‍ കഴിയാത്തത് കൊണ്ടാണ്.
ജീവിതത്തെ വാരിപ്പിടിച്ച് ഓടുന്നവര്‍
എതിര്‍പ്പുകളെയും അവഹേളനങ്ങളെയും ഓരോ നിമിഷവും പ്രതീക്ഷിക്കുന്ന മനുഷ്യരാണ് മനോജിന്റെ കഥകളിലുള്ളത്. അവര്‍ക്കു മേൽ അടുത്ത നിമിഷം വീഴാവുന്ന ഹിംസയുടെ രൂപങ്ങൾ പ്രവചനാതീതമാണ്. ബലാല്‍സംഗം, കായികമായ ആക്രമണങ്ങൾ, കുടിയൊഴിപ്പിക്കല്‍, തെറി, തട്ടിക്കൊണ്ടുപോകൽ, സാമ്പത്തികമായ പ്രതിരോധത്തിലാക്കല്‍ തുടങ്ങിയ സാമൂഹിക മര്‍ദനവും സമ്മര്‍ദവും നേരിടുന്ന ഇൻഡ്യന്‍ ഗ്രാമങ്ങളിലെ ശരാശരി ദലിത് ജീവിതമാണ് എഴുത്തുകാരൻ നിവര്‍ത്തി വയ്ക്കാന്‍ ശ്രമിക്കുന്നത്. ജീവിതത്തെ ഒരേസമയം പ്രതിസന്ധിയിലാക്കുന്ന ഭൗതികവും ആത്മീയവുമായ തടസങ്ങൾ ഇവിടെ പരിഗണനാ വിഷയമാകുന്നു. പ്ലേസ്റ്റോര്‍ എന്ന കഥയാണ് ഇതിന്റെ മികച്ച ഉദാഹരണം. സെമിനാര്‍ പേപ്പറുകളിലെ കണക്കുകള്‍ക്കും വരണ്ട ആഖ്യാനങ്ങള്‍ക്കും അപ്പുറം കീഴാള – ആദിവാസി ജീവിതം നേരിടുന്ന പിടച്ചിലുകൾ ആണതിന്റെ പ്രമേയം.
സാമൂഹിക ശാസ്ത്രം, നരവംശശാസ്ത്രം, നാടോടി വിജ്ഞാനീയം, സമ്പദ്ശാസ്ത്രം, പ്രാദേശിക വികസനം തുടങ്ങിയ വൈജ്ഞാനിക മേഖലകളിൽ കേരളത്തിലെ ആദിവാസി സമൂഹത്തെപ്പോലെ അക്കാദമിക പഠനങ്ങള്‍ക്ക് വിധേയരായവര്‍ ഉണ്ടോയെന്ന്‍ സംശയമാണ്. പലപ്പോഴും അകന്നും മുകളില്‍ നിന്നുമുള്ള വംശീയ മുന്‍വിധികൾ ഉള്ള നോട്ടങ്ങള്‍ ആണ് ഗവേഷണ ഫലങ്ങളായി പുറത്തു വരുന്നത്.
ധാര്‍മ്മികവും സദാചാരപരവുമായ ഉപദേശങ്ങളാണതിന്റെ കാമ്പ്. ഈ യാഥാര്‍ത്ഥ്യത്തെ സാമൂഹിക മാധ്യമ കാലത്തെ അഭിമുഖീകരിക്കേണ്ടി വരുന്നവരുടെ നൈതിക പ്രതിസന്ധിയാണ് ‘പ്ലേസ്റ്റോർ’.
വരേണ്യ – പുരോഗമന ഹിംസയ്ക്ക് ഇരയായ അട്ടപ്പാടിയിലെ മധുവിനെ നമ്മൾ ഓര്‍ക്കും. കോട്ടയത്തെ കെവിൻ ജോസഫിനെ ഓര്‍ക്കും. ലോകമെമ്പാടും അധീശ – വരേണ്യ ഹിംസയിലൂടെ ജീവന്‍ നഷ്ടമായ എണ്ണമില്ലാത്ത സഹോദരങ്ങളെ ഓര്‍ക്കും. അങ്ങനെ സ്മരണകൾ ശക്തമായ പ്രതിരോധങ്ങളാണെന്ന വ്യവസ്ഥാപിത ബോധത്തെ പിന്താങ്ങുന്നവരായി മാറുവാൻ നമ്മളും സജ്ജരാകുന്നു. ജീവിതത്തെ വാരിപ്പിടിച്ചുകൊണ്ടു അക്ഷോഭ്യനായി നില്‍ക്കുന്ന മധുവിന്റെ ചിത്രം നമ്മളിലേയ്ക്ക് ഇരച്ചുകയറി പുതിയ സംവാദങ്ങൾ തീര്‍ക്കുന്നു.