വംശഹത്യയെക്കുറിച്ച്‌ ആലോചിക്കുമ്പോൾ (ഭാഗം മൂന്ന്) 

1994 ഏപ്രിൽ 7നും ജൂലൈ 15നും ഇടയിൽ റുവാണ്ടയിൽ ടുട്സി ന്യൂനപക്ഷത്തിനെതിരെ ഹുട്ടു ഭൂരിപക്ഷം നടത്തിയ വംശഹത്യയിൽ അഞ്ചു ലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടയിലുള്ള മനുഷ്യരാണ് കൊല്ലപ്പെട്ടത്. പിറ്റേ വർഷം നരവംശ ശാസ്ത്രജ്ഞനും ഉഗാണ്ടയിലെ മകരരെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ റിസേർച്ച് ഡയറക്‌ടറുമായ മഹ്‌മൂദ് മംദാനി റുവാണ്ട സന്ദർശിച്ചു. 2001ൽ വംശഹത്യയെക്കുറിച്ച് മംദാനി എഴുതിയ When Victims Become Killers: Colonialism, Nativism, and the Genocide in Rwanda എന്ന പുസ്തകത്തിന്റെ ആമുഖം അധിനിവേശാനന്തര ലോകത്തെ വംശഹത്യാ രാഷ്ട്രീയത്തെപ്പറ്റി വ്യത്യസ്തമായി ചിന്തിക്കാനുള്ള ശ്രമമായിരുന്നു. റുവാണ്ടൻ വംശഹത്യയുടെ ഇരുപതാം വാർഷിക വേളയിൽ മംദാനിയുടെ ആമുഖം ഹിഷാമുൽ വഹാബ് മൊഴിമാറ്റം ചെയ്തത് മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നു.

അധിനിവേശകരുടെ വംശഹത്യ 

എത്രത്തോളം പാശ്ചാത്യ – അധിവാസം ഒരു കോളനി അനുഭവിക്കുന്നുവോ അത്രത്തോളം തദ്ദേശീയ ജനതക്കെതിരെ അഴിച്ചു വിടുന്ന അക്രമങ്ങളുടെ തോത് വർധിക്കുന്നു എന്നത് സ്ഥാപിത നിയമമാണ്. അതിന്റെ കാരണം വളരെ ലളിതമാണ്: അധിനിവേശ കോളനിവൽക്കരണം ആവാസഭൂമിയുടെ ദൗർലഭ്യതയിലേക്ക് നയിച്ചു. ആധുനിക കൊളോണിയലിസത്തിന്റെ ചരിത്രത്തിലെ അധിനിവേശക ഹിംസയുടെ അനുയോജ്യ മാതൃക, നവലോകത്തിലെ അമെരിന്ത്യൻസിന്റെ ഉന്മൂലനമായിരുന്നു എങ്കിൽ, ആഫ്രിക്കൻ കോളനികളിലെ അധിനിവേശ അക്രമത്തിന്റെ മാതൃക എന്നത് 1904ൽ ഒരു കൊല്ലക്കാലം ദക്ഷിണ – പശ്ചിമ ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഹെറെറോ ജനതയുടെ 80 ശതമാനത്തിനു മേലുള്ള ജർമ്മൻ സംഹാരമായിരുന്നു. ഇതിന്റെ സന്ദർഭം എന്നത്, ജർമ്മൻ അധിനിവേശകരും അവരുടെ ശുത്ട്രൂപ്പേ സഖ്യങ്ങളും വ്യാപകമായി നടത്തിയ ഭൂമി, കാലി സമ്പത്ത് എന്നിവയുടെ അപഹരണത്തിനെതിരെ ഉയർന്നു വന്ന ഹെറെറോ പ്രതിരോധമായിരുന്നു. 

ഹെറെറോ ജനതയുടെ തുടർച്ചയായ സായുധ പ്രതിരോധത്തെ അഭിമുഖീകരിച്ചു കൊണ്ട് ജർമ്മനിക്കാരുടെ പൊതു അഭിപ്രായം രണ്ട് വീക്ഷണകോണുകളിൽ വിഭജിക്കപ്പെട്ടു. ഒന്നാമത്തെ അഭിപ്രായം മുന്നോട്ടു വെച്ചത് കോളനിയിലെ സൈനിക മേധാവിയായിരുന്ന ജനറൽ തിയോഡോർ ല്യൂട്ടിൻ ആണെങ്കിൽ രണ്ടാമത്തേത് തദ്ദേശീയ പ്രതിരോധത്തിനെ അടിച്ചമർത്തുന്നതിൽ ജനറൽ ല്യൂട്ടിൻ പരാജിതനായപ്പോൾ സൈനിക മേധാവിത്തമേറ്റെടുത്ത ജനറൽ ലോതർ വോൺ ട്രോത്ത ആയിരുന്നു. ഇവർ തമ്മിലുള്ള വ്യത്യാസം ഒരു കൊളോണിയൽ സന്ദർഭത്തിലെ രാഷ്ട്രീയ ചോയ്സുകളുടെ വ്യാപ്തിയിലേക്ക് വെളിച്ചം വീശുന്നു.

ജനറൽ ലോതർ വോൺ ട്രോത്ത

ജനറൽ ട്രോത്ത അദ്ദേഹത്തിന്റെ അഭിപ്രായ വ്യത്യാസങ്ങൾ ഒരു കത്തിൽ ഇങ്ങനെ വിവരിക്കുന്നു: ‘എങ്ങനെയാണ്  ഹെറെറോകളുമായുള്ള ഈ യുദ്ധം അവസാനിപ്പിക്കുക എന്ന് ഇപ്പോൾ എനിക്ക് സ്വയം ചോദിക്കേണ്ടതുണ്ട്. ഗവർണറുടെയും കുറച്ച്‌ ആഫ്രിക്കൻ വയോധികരുടെയും അഭിപ്രായങ്ങളും എന്റെ സ്വന്തം അഭിപ്രായങ്ങളും മൊത്തത്തിൽ തന്നെ വൈരുധ്യ പക്ഷങ്ങളിലാണ് നിലകൊള്ളുന്നത്. അവർ ആവശ്യപ്പെടുന്നത് കുറച്ചു കാലത്തേക്ക്  പരസ്‌പരാലോചന നടത്തുവാനും രാജ്യത്തിന്റെ ഭാവി വികാസത്തിനായുള്ള അവശ്യഘടകമായി ഹെറെറോദേശത്തെ അംഗീകരിക്കുകയും ചെയ്യുന്നു. ഞാൻ വിശ്വസിക്കുന്നത് എന്തെന്നാൽ അവരുടെ ദേശത്തെ അങ്ങനെത്തന്നെ നശിപ്പിക്കണം എന്നാണ്. ഇതു തന്ത്രപരമായി നടപ്പാക്കുവാൻ സാധ്യമല്ലെങ്കിൽ, അവരെ ഈ രാജ്യത്ത് നിന്നും പുറത്താക്കുവാൻ കൂടുതൽ മെച്ചപ്പെട്ട ആസൂത്രിത രീതികൾ അവലംബിക്കണം. ഗ്രൂട്ഫ്രോന്റീൻ മുതൽ ഗോബാബിസ് വരെയുള്ള ജല സ്രോതസ്സുകളെ പിടിച്ചെടുക്കുക വഴിയാണ് ഇത് സാധ്യമാക്കുക. നമ്മുടെ സൈന്യത്തിന്റെ തുടർച്ചയായുള്ള മുന്നേറ്റത്തിന് പടിഞ്ഞാറു ഭാഗത്തേക്ക് നീങ്ങിയ അവരുടെ ചെറിയ സംഘങ്ങളെ കണ്ടെത്തുവാനും അവരെ ഘട്ടം ഘട്ടമായി തകർക്കുവാനും കഴിയും.’

ജനറൽ ട്രോത്തയുടെ ഉന്മൂലന നയത്തിന്റെ യുക്തി വളരെ വ്യക്തമാണ്: ‘മധ്യ ആഫ്രിക്കൻ ഗോത്രങ്ങളെ (ബൻടു മുതലായവ) കുറിച്ചുള്ള എന്റെ പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ, നീഗ്രോകൾ ഒരിക്കലും സന്ധികളെയും കരാറിനെയും ബഹുമാനിക്കുക ഇല്ല എന്നും അവർക്കെതിരെ നിർദയ ശക്തി ആവശ്യമാണെന്നും ഞാൻ മനസ്സിലാക്കുന്നു.’

ട്രോത്ത തന്റെ കത്തിൽ ഉന്നയിച്ച പദ്ധതി ഉരുവം കൊണ്ടത് അദ്ദേഹം അഭിമുഖീകരിച്ച ഹെറെറോകളുടെ പരിണതികളിൽ നിന്നാണ്. തുടക്കം എന്ന നിലയിൽ സൈന്യം കഴിവിന്റെ പരമാവധി ഹെറെറോകളെ ഇല്ലാതാക്കി. ഓടിപ്പോയവരെ കാത്തിരുന്നത് കലഹാരി മരുഭൂമിയിലെ വെള്ളമില്ലാത്ത മണൽതിട്ടയിലേക്കുള്ള വഴിയായിരുന്നു. രക്ഷപ്പെടാനുള്ള മറ്റെല്ലാ വഴികളും തടസ്സപ്പെടുത്തി. ഓടിപ്പോയ ആളുകളെ അവരുടെ കാലികളിൽ നിന്നും വേർപ്പെടുത്തുകയും ജലസ്രോതസ്സുകളുടെ ഉപയോഗത്തിൽ നിന്ന് വിലക്കുകയും ചെയ്തു. അവർക്ക് ഒരേയൊരു അവസരം മാത്രം ഉണ്ടായിരുന്നു: മരുഭൂമി മുറിച്ചു കടന്നു ബോട്സ്വാനയിൽ എത്തിച്ചേരുക, പക്ഷേ അത് മരണത്തിലേക്കുള്ള പ്രയാണമായിരുന്നു. അങ്ങനെയാണ് ഭൂരിപക്ഷം ഹെറെറോകളും നാമാവശേഷമായത്. ഇതിന്റെ സ്വാഭാവിക പരിണതിയെ കുറിച്ച് ജർമൻ സൈനികർക്ക് അറിവുണ്ടായിരുന്നു.  അവരുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലെ ഈ പ്രത്യേക ഭാഗം ഇതിനെ കുറിച്ച് വ്യക്തമാക്കുന്നു: ‘ശത്രുവിനെ അവന്റെ ഒടുവിലെ പ്രതിരോധത്തിൽനിന്നു തടയുവാൻ നമ്മൾ യാതൊരു പ്രയത്നമോ പ്രയാസമോ നേരിട്ടില്ല. ഒരു ജലസ്രോതസ്സ് നിന്നും മറ്റൊന്നിലേക്ക് വേട്ടയാടപ്പെടുന്ന അർദ്ധമൃതു വരിച്ച മൃഗത്തെ പോലെ, സ്വന്തം രാജ്യത്തു പ്രകൃതിയുടെ ഉദാസീന ഇരയായി അവൻ മാറി. ജലശൂന്യമായ ഒമഹേകെ പ്രദേശത്തിനു ജർമ്മൻ ആയുധങ്ങളുടെ ജോലി പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു – ഹെറെറോ ജനതയുടെ ഉന്മൂലനം.’

അടിമകളാക്കപ്പെട്ട ഹെറെറോകൾ

ചിലപ്പോൾ വായനക്കാരൻ ജനറൽ ലോതർ വോൺ ട്രോത്തയെ ജർമൻ ഉദ്യോഗസ്ഥ വൃന്ദത്തിലെ, വിദൂരവും അപ്രാധാനവുമായ ഒരു കോളനിയിൽ സ്വതന്ത്രമായ കൈകാര്യ കർതൃത്വം നൽകപ്പെട്ട ഒരു അസ്വാഭാവിക കഥാപാത്രമായി നിസ്സാരവത്കരിക്കാൻ സാധ്യതയുണ്ട്. മറിച്ച്, കൊളോണിയൽ അധിനിവേശങ്ങളിൽ ഒരു വിശിഷ്ട റെക്കോർഡ്  ഉള്ളതിനാൽ ഒരു വലിയ കലാപത്തെ അടിച്ചമർത്തുവാൻ നിയോഗിക്കപ്പെട്ടവൻ എന്ന നിലക്കാണ് ജനറലിനെ ഞാൻ ഇവിടെ വിലയിരുത്തുവാൻ ഉദ്ദേശിക്കുന്നത്. 1900ലെ ചൈനീസ് ബോക്സർ കലാപം പൈശാചികമായി അടിച്ചമർത്തുന്നതിൽ പങ്കുവഹിച്ചു കുപ്രസിദ്ധിയാർജ്ജിച്ച, റുവാണ്ട, ബുറുണ്ടി, ടാൻസാനിയ എന്നിവിടങ്ങളിലെ ജർമ്മൻ അധിനിവേശത്തിനെതിരിൽ  ഉയർന്നു വന്ന ആഫ്രിക്കൻ പ്രതിരോധത്തെ രക്തരൂക്ഷിതമായി അടിച്ചമർത്തിയ ഒരു സൈനികപ്രധാനി സ്വന്തം കൊളോണിയൽ യുദ്ധമുറകളെ പ്രശംസിച്ചുകൊണ്ടു പറയുന്നു: ‘നിർദയമായ ബീഭത്സതയോടെ ഹിംസ നടപ്പിലാക്കുക എന്നതാണ് ഞാൻ എന്നും സ്വീകരിച്ച നയം. രക്തത്തിന്റെയും പണത്തിന്റെയും നദികൾ ഒഴുക്കികൊണ്ടു ആഫ്രിക്കൻ ഗോത്രങ്ങളെ ഞാൻ തകർത്തിട്ടുണ്ട്. എന്റെ ഈ പൂർണ ഉന്മൂലനത്തിന് ശേഷം മാത്രമേ പുതിയ ഒന്നിന് ഉയര്‍ന്നുവരാനും നിലനിൽക്കുവാനും സാധിക്കുകയുള്ളൂ.’

ട്രോത്തയുടെ ഉന്മൂലന നയത്തിനെതിരെ ഉയർന്ന എതിർപ്പുകൾ പ്രധാനമായും രണ്ട് സ്രോതസ്സുകളിൽ നിന്നാണ്:  ഹെറെറോകളെ നൈപുണ്യമുള്ള തൊഴിലാളി വർഗ്ഗം ആയി വീക്ഷിച്ച കൊളോണിയൽ ഉദ്യോഗസ്ഥരും, മതപരിവർത്തനത്തിനു യോജിച്ച ജനതയായി അവരെ മനസ്സിലാക്കിയ ചർച്ച്‌ അധികാരികളും. അങ്ങനെ അതിജീവിച്ച ഹെറേറോകളെ മതപ്രബോധന സംഘങ്ങൾ വഴി ജർമൻ സൈന്യം ഒന്നിച്ചു കൂട്ടുകയും,  അവരെ ജർമൻ സൈന്യവും മതപ്രചാരകരും നടത്തുന്ന കോൺസണ്ട്രേഷൻ ക്യാമ്പുകളിൽ അടക്കുകയും ചെയ്തു. 1908ലെ കണക്കുകൾ പ്രകാരം പതിനയ്യായിരം തടവുകാർ അവിടെ ഉണ്ടായിരുന്നു. അടിമ ജോലികളും അമിതാധ്വാനവും വിശപ്പും ടൈഫോയ്ഡ് പോലുള്ള രോഗങ്ങളും കാരണമായി ധാരാളം ഹെറെറോ പുരുഷന്മാർ ക്യാമ്പുകളിൽ മരണപ്പെട്ടു. സ്ത്രീകൾ ലൈംഗിക അടിമകളാക്കപ്പെട്ടു . അതേസമയം, അവിടെ അതിജീവിച്ചവർ കൂട്ടത്തോടെ ക്രിസ്തു മതത്തിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ടു.

1908ൽ  ക്യാമ്പുകൾ അടച്ചുപൂട്ടപ്പെട്ടപ്പോൾ ഹെറെറോകൾ അധിനിവേശകരുടെ ഇടയിൽ തൊഴിലാളികളായി വിതരണം ചെയ്യപ്പെട്ടു. അതിനുശേഷം ഏഴു വയസ്സ് കഴിഞ്ഞ എല്ലാ ഹെറെറോകളും, തങ്ങളുടെ കഴുത്തിൽ തൊഴിൽ രജിസ്ട്രേഷൻ നമ്പർ അടങ്ങിയ ഒരു ലോഹ ഫലകം അണിയേണ്ടതുണ്ടായിരുന്നു.

ഹെറോറോകളുടെ വംശഹത്യ എന്നത്  ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ വംശഹത്യ ആയിരുന്നു. ഇതും ഹോളോകാസ്റ്റും  തമ്മിലുള്ള ബന്ധം, കോൺസൻട്രേഷൻ ക്യാമ്പുകളുടെ നിർമ്മാണവും ഉന്മൂലന നയത്തിന്റെ പ്രയോഗികവൽക്കരണത്തിനും അപ്പുറത്തേക്ക് കടന്നുചെന്നു അന്വേഷിക്കുന്നത് നല്ലതാണ്. ജനറൽ ട്രോത്ത മുകളിൽ എഴുതിയതു പോലെ, ‘ആഫ്രിക്കൻ ഗോത്രങ്ങളെ രക്ത നദികൾ ഒഴുക്കികൊണ്ട് നശിപ്പിക്കുക’ എന്നതിനെ അദ്ദേഹം മനസ്സിലാക്കിയത് സാമൂഹിക ഡാർവിനിസത്തിന്റെ നിയമംപോലെ, ‘ഉന്മൂലന’ത്തിനുശേഷം ‘പുതിയ മറ്റൊന്ന്’ ഉയർന്നു വരും എന്ന രീതിയിലാണ്. മറ്റൊരു  പ്രധാനപ്പെട്ട കാര്യം, വംശഹത്യയുടെ ഉത്തരവാദിത്വം സൈന്യത്തിനിടയിൽ വിതരണം ചെയ്യുവാൻ ആഗ്രഹിക്കുന്ന ജനറൽ, ഹെറോറോകൾക്കെതിരെയുള്ള മുന്നേറ്റത്തെ “പഴയ നിയമത്തിലെ രക്തരൂക്ഷിതമായ ജൂത ചരിത്രത്തിന്റെ” ചിത്രങ്ങളെ ഉയർത്തികാട്ടുന്നു. കോൺസൻട്രേഷൻ ക്യാമ്പുകളിലെ ഹെറോറോകൾക്കിടയിൽ വംശത്തെക്കുറിച്ച പ്രഥമ വൈദ്യ പരീക്ഷണങ്ങൾ നടത്തുവാൻ ജർമൻ ജനിതക ശാസ്ത്രജ്ഞൻ യൂജിൻ ഫിഷർ, ഹെറോറോകളെയും ഹെറോറോ സ്ത്രീകളുടെ മുളാറ്റോ കുഞ്ഞുങ്ങളെയും ജർമൻ പുരുഷരെയും ഉപയോഗപ്പെടുത്തി. ഫിഷർ പിന്നീട് ബെർലിൻ സർവകലാശാലയുടെ ചാൻസലറാവുകയും നാസി വൈദ്യന്മാർക്ക് മെഡിസിൻ പഠിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രശസ്തരായ ശിഷ്യന്മാരിൽ ഒരാളായ കുപ്രസിദ്ധ ഡോക്ടർ ജോസഫ് മെൻഗെലെ, ഓഷ്വിറ്റ്സിലെ ജൂത കുട്ടികളിൽ അപകടകരമാം വിധം ജനിതക പരീക്ഷണങ്ങൾ നടത്തി. കോളനികളിലെ അധിനിവേശ വംശഹത്യയും നാസി ഹോളോകോസ്റ്റും  തമ്മിലുള്ള വ്യക്തമായ ബന്ധത്തെപ്പറ്റി ഹന്നാ ആരെൻഡ് തെറ്റിദ്ധരിച്ചു എന്ന് എനിക്ക് തോന്നുന്നു: ജൂതന്മാരെ നശിപ്പിക്കുവാൻ നാസികൾ തയ്യാറെടുത്തപ്പോൾ, തങ്ങൾ തദ്ദേശീയരും ജൂതന്മാർ അധിനിവേശകരുമെന്നു അവർ മനസ്സിലാക്കിയിരുന്നു. എന്നിരുന്നാലും, ഹെറോറോകളുടെ വംശഹത്യയും നാസി ഹോളോകോസ്റ്റും റുവാണ്ടൻ വംശഹത്യയും കൂട്ടിയോജിപ്പിക്കുന്ന ഒരു ബന്ധം നിലനിൽക്കുന്നുണ്ട്. ആ ബന്ധം എന്നത് “വംശീയ ചാപ്പകുത്തൽ” ആണ്, അവിടെ ശത്രു എന്ന് പറഞ്ഞു ഒരു സംഘത്തെ ഉണ്ടാക്കിയെടുക്കുക എന്നത് മാത്രമല്ല, വളരെ എളുപ്പമുള്ള ഒരു ബോധത്തോടുകൂടി അവരെ ഉന്മൂലനം ചെയ്യുക എന്നത് കൂടിയാണ് അതിലൂടെ സാധയമാവുന്നത്.

തദ്ദേശീയരുടെ വംശഹത്യ

കൊളോണിയൽ ചരിത്രത്തിന്റെ താളുകളിൽ തദ്ദേശീയ ജനതയുടെ വംശഹത്യ എന്നത്  ഒരിക്കലും ഒരു ചരിത്ര യാഥാർത്ഥ്യം അല്ലായിരുന്നു. എന്നിരുന്നാലും ഇത് ചരിത്ര സാധ്യതകളുടെ ചക്രവാളങ്ങളിൽ എന്നും നിലനിന്നിരുന്നു. ഇതിനെ ഏറ്റവും നന്നായി മനസ്സിലാക്കിയത് ഫാൻസ് ഫാനനാണ്, അദ്ദേഹത്തിന്റെ എഴുത്തുകൾ പ്രവചനാത്മകമായി  വായിക്കപ്പെടുന്നു. തദ്ദേശീയരുടെ അക്രമം ജീവിത നിരാകരികരണമല്ല ജീവിത സ്ഥിരീകരണമാണ് നടത്തിയത്: ‘താൻ മൃഗമല്ല എന്ന് അറിയുന്നവൻ, തന്റെ മനുഷ്യത്വം തിരിച്ചറിയുമ്പോഴാണ് വിജയം ഉറപ്പിക്കാൻവേണ്ടി എല്ലാ ആയുധങ്ങളും മൂർച്ച കൂട്ടാൻ തുടങ്ങുന്നത്.’ തദ്ദേശീയരുടെ അക്രമം അധിനിവേശകരുടെ ആക്രമണത്തിൽ നിന്ന് വ്യതിരിക്തമാക്കുന്നത് എങ്ങനെയെന്നാൽ, ഇത്  ഇന്നലകളിലെ ഇരകളുടെ അക്രമമാണ്, തങ്ങളുടെ ഇരവാദം കുടഞ്ഞെറിഞ്ഞു കൊണ്ട് അവരുടെ തന്നെ ജീവിതത്തിന്റെ ഉടമകളായി മാറുകയും ചെയ്യുവാൻ അവർ തീരുമാനിച്ചിരിക്കുന്നു. ‘മനസ്സിലാകുന്ന ഒരേയൊരു ഭാഷ ശക്തിയുടെതാണെന്ന് നിർത്താതെ പറയുന്ന ഒരാൾക്ക് നേരെ ശക്തികൊണ്ട് തന്നെ തിരിച്ചടിക്കുവാൻ അവൻ തീരുമാനിച്ചു.’ തദ്ദേശീയൻ സ്വീകരിക്കുന്ന വാദം ഉരുവംകൊണ്ടത് അധിനിവേശകന്റെ ന്യായങ്ങളിൽ നിന്നാണ്, തന്റെ ഭാഗധേയം മാറ്റിപിടിച്ചുകൊണ്ടു കൊളോണിയലിസ്റ്റിന്  മനസ്സിലാകുന്നത് ശക്തി അല്ലാതെ മറ്റൊന്നുമല്ല എന്ന് അവൻ ഉറച്ചു വിശ്വസിക്കുന്നു.

നമീബിയയിലെ ജർമ്മൻ അധിനിവേശ സൈന്യം

തദ്ദേശീയന്റെ മനുഷ്വത്വത്തെ ഫാനൻ സ്ഥിരീകരിക്കുന്നത്, അവൻ അധിനിവേശന്റെ ജീവൻ എടുക്കുക എന്നതിലൂടെ മാത്രമല്ല, മറിച്ചു സ്വന്തം ജീവൻ അപകടത്തിൽ പെടുത്തുവാൻ അവർ തയ്യാറാകുന്നു എന്നതും കൂടിയാണ്: ‘കോളനിവൽക്കരിക്കപ്പെട്ടവൻ സ്വന്തം സ്വാതന്ത്ര്യം നേടിയെടുക്കുന്നത് അക്രമത്തിലും അക്രമത്തിലൂടെയുമാണ്.’ ഇതിന്റെ പരിണിതി തദ്ദേശീയരാലുള്ള അധിനിവേശകന്റെ മരണമാണെങ്കിൽ, മുൻകൂട്ടിയുള്ള ധാരണ പ്രകാരം വ്യുല്‍പന്നമായ പരിണതിയായാണ്  മനസ്സിലാക്കേണ്ടത്: കൊളോണിയൽ വിരുദ്ധ പ്രതിരോധത്തെ തടയുവാനുള്ള കൊളോണിയൽ അധിനിവേശത്തിന്റെയും അനുനയത്തിന്റെയും ഉന്മൂലനയുക്തിയുടെ പരിണതി. അധിനിവേശകന്റെ ജോലി എന്നത് സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സ്വപ്നങ്ങളെ പോലും തദ്ദേശീയന് അസാധ്യമാക്കുക എന്നതാണ് എങ്കിൽ, സാധ്യമായ എല്ലാ വഴികളിലൂടെയും അധിനിവേശകരെ തകർക്കുവാൻ സങ്കൽപങ്ങൾ രൂപപ്പെടുത്തുക എന്നതാണ് തദ്ദേശീയന്റെ ജോലി.

തദ്ദേശീയന്റെ ജീവിതം വീണ്ടും പൂവണിയുന്നത് അധിനിവേശന്റെ നിർജ്ജീവമായ ജഡങ്ങൾക്ക് മുകളിലാണ്. തങ്ങളുടെ മാത്രം ജോലിയായ ഈ ഹിംസ, കോളനിവൽക്കരിക്കപ്പെട്ടവരുടെ വ്യക്തിത്വത്തിൽ പോസിറ്റീവും ക്രിയാത്മകവുമായ ഗുണങ്ങൾ നൽകുന്നു. ഹിംസയുടെ പ്രയോഗവൽക്കരണം അവരെ ഒരുമിച്ചു ചേർക്കുകയും, തുടക്കത്തിലുണ്ടായ അധിനിവേശകന്റെ ഹിംസക്കെതിരായ പ്രതികരണം എന്ന നിലയിൽ ഹിംസയുടെ വലിയ ഒരു പ്രസ്ഥാനത്തിൽ അവർ ഭാഗഭാക്കാവുകയും ചെയ്യുന്നു.

കൊളോണിയലിസത്തിന്റെ ഏറ്റവും വലിയ കുറ്റം എന്നത് അത് തദ്ദേശീയജനതയെ കീഴ്പ്പെടുത്തുക എന്നതിനപ്പുറം, തദ്ദേശീയ ജന വിഭാഗത്തിന് ഇവർ പേരുകൾ നൽകി എന്നതാണ്. അതിനേക്കാൾ വലിയ തെറ്റ്, തദ്ദേശീയതയെ രാഷ്ട്രീയവൽക്കരിച്ചു എന്നതാണ്: ആദ്യം അപകീർത്തി പ്രചാരണത്തോടെ നെഗറ്റീവ് ആയും പിന്നീട് തദ്ദേശീയ പ്രതികരണമെന്നോണം സ്വയം ഉയിർപ്പെന്ന നിലയിൽ പോസിറ്റീവ് ആയും. 

അധിനിവേശകന്റെയും തദ്ദേശീയന്റെയും വൈരുധ്യാത്മകത എന്നത്  കൊളോണിയലിസത്തിന്റെ അന്ത്യത്തോടെയോ അല്ലെങ്കിൽ രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പമോ അവസാനിച്ചില്ല. എന്റെ അഭിപ്രായത്തിൽ, ഉന്മൂലനത്തിന്റെ യുക്തി മനസ്സിലാക്കണമെങ്കിൽ കൊളോണിയലിസം മുന്നോട്ടുവെച്ച രാഷ്ട്രീയ ലോകത്തെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്. തദ്ദേശീയൻ, അധിനിവേശകൻ എന്നീ ദ്വൈതത്തിനു ചുറ്റും നിലയുറപ്പിച്ച സങ്കുചിതമായ ഒരു ലോകമാണ് അത്. ഈയൊരു സന്ദർഭത്തിലാണ്, കോളോണിയലിസത്തിനു മുമ്പ് തന്നെ അധികാരത്തോടു ശക്തമായ ബന്ധം നിലനിർത്തിയിരുന്ന പ്രമാണികരായിരുന്ന ടുട്സികൾക്കുമേൽ,  ‘അന്യരായ അധിനിവേശകർ’ എന്ന മേൽവിലാസം ആദ്യം 1959ലെ മഹത്തായ തദ്ദേശീയ വിപ്ലവത്താലും, പിന്നീട് 1990നു ശേഷമുള്ള ഹുടു അധികാര കുപ്രചാരണങ്ങൾ വഴിയും നിർമിച്ചെടുക്കപ്പെട്ടത്.

പ്രലോഭനത്തിലും നിർമാണത്തിലും റുവാണ്ടൻ വംശഹത്യയെ മനസ്സിലാക്കേണ്ടത് ഒരു തദ്ദേശീയ വംശഹത്യ ആയിട്ടാണ്  എന്നാണ് ഞാൻ ഉന്നയിക്കുന്നത്. തങ്ങളുടെ തന്നെ മണ്ണിന്റെ ആൺമക്കളും പെൺമക്കളുമായി കണ്ടിരുന്നവർ, അവരുടെ ദൗത്യമായി മനസ്സിലാക്കിയത്  തങ്ങളുടെ മണ്ണിനെ അന്യരുടെ സാന്നിധ്യത്തിൽ നിന്ന് മോചിപ്പിക്കുവാൻ വേണ്ടി വംശഹത്യ നടത്തണം എന്നാണ്. ഇതൊരിക്കലും ഒരു വർഗ്ഗീയ (ethnic) ഉന്മൂലനമല്ലായിരുന്നു, മറിച്ചു വംശീയ (racial) ഉന്മൂലനമായിരുന്നു. ഇതൊരു അയൽവാസിക്ക് എതിരെയുള്ള അക്രമം ആയിരുന്നില്ല, ഒരു വിദേശിയായി മുദ്രകുത്തിയവന്  എതിരെയുള്ള അക്രമം ആയിരുന്നു. അതിർത്തി ലംഘിച്ച് കടന്നു വന്ന ശത്രുവുനെതിരെയല്ല, വീട്ടിൽ തന്നെയുള്ള വിദേശ സാന്നിധ്യത്തെ അക്ഷരാർഥത്തിലും ശാരീരികമായും ഇല്ലാതാക്കുവാനുള്ള ആക്രമണമായിരുന്നു. ഈയൊരു വീക്ഷണത്തിൽ, നാം വർഗീയവും (ethnic) വംശീയവുമായ (racial) ഹിംസകളെ വ്യതിരിക്തമാക്കേണ്ടതുണ്ട്: വർഗ്ഗീയ ആക്രമണങ്ങളുടെ പരിണതി കൊലപാതകങ്ങൾ മാത്രമാണ്, വംശഹത്യയല്ല. കൊലപാതകങ്ങൾ അതിലംഘനം, അമിതത്വം എന്നിവക്കെതിരെയുള്ള നടപടിയാണ്. എന്നാൽ വംശഹത്യ അന്യനെന്ന നിലയിൽ അവന്റെ സാന്നിധ്യത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്യുന്നു. കൊല്ലുന്ന ഹുടുവിന് ടുട്സി ഒരു അധിനിവേശകൻ ആയിരുന്നു, അയൽവാസി അല്ലായിരുന്നു.ഈ സ്വത്വങ്ങൾ നിര്‍ദ്ദിഷ്‌ടമായ രീതിയിൽ എടുക്കാതെ, വിശകലനത്തിന്റെ ആരംഭ ബിന്ദു എന്ന നിലയിൽ ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു: എപ്പോഴാണ്  ഹുടു തദ്ദേശീയ സ്വത്വത്തിലേക്കും ടുട്സി അധിനിവേശക സ്വത്വത്തിലേക്കും മാറ്റപ്പെട്ടത്? ഇവിടെ വിശകലനത്തിനുള്ള വെല്ലുവിളി എന്നത് ചരിത്രപരമായ ഗതിവിഗതികളാൽ എങ്ങനെയാണ് ഹുടുവും ടുട്സിയും തദ്ദേശീയൻ – അധിനിവേശകൻ എന്നിങ്ങനെയുള്ളതിന്റെ പര്യായ പദങ്ങളായത് എന്നതാണ്. ഈ വിശകലനം ഏറ്റെടുക്കുന്നതിന് മുമ്പ്, ആധുനിക കൊളോണിയലിസത്തിന്റെ സന്ദർഭത്തിൽ എങ്ങനെയാണ് തദ്ദേശീയ – അധിനിവേശ എന്നീ രാഷ്ട്രീയ സ്വത്വങ്ങൾ ഉരുവം കൊണ്ടത് എന്നും, ഈ സ്വത്വങ്ങളെ മറികടക്കുന്നതിലുള്ള പരാജയം എങ്ങനെയാണു കോളനിയാനന്തര ആഫ്രിക്കയിലെ പൗരത്വ പ്രശ്നങ്ങളുടെ കേന്ദ്രമായതെന്നും ആണ് ഞാൻ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്.

(അവസാനിച്ചു)

മൊഴിമാറ്റം: ഹിഷാമുൽ വഹാബ്

Top