ഇസ്‌ലാമോഫോബിയയുടെ കേരളീയ വര്‍ത്തമാനങ്ങള്‍

ഇൻഡ്യന്‍ സാഹചര്യത്തെ പൊതുവായും, കേരളത്തെ സവിശേഷമായും പരിഗണിച്ചുകൊണ്ട് ‘ഇസ്‌ലാമോഫോബിയ’ എന്ന ആധുനിക വംശീയ രൂപത്തെ രീതിശാസ്ത്രപരമായും രാഷ്ട്രീയപരമായും പ്രശ്നവത്കരിക്കാനുള്ള ശ്രമങ്ങളാണ് ‘ഇസ്‌ലാമോഫോബിയ മലയാള ഭൂപടം എന്ന പുസ്തകത്തിലുള്ളത്. മലയാളികള്‍ ആന്തരികവത്കരിച്ചിരിക്കുന്ന ‘ഇസ്‌ലാം പേടിയെ’ ദൃശ്യമാക്കുകയും, കേരളീയ പൊതുബോധത്തിന്‍റെ ‘പുരോഗമന’ കാഴ്ചകളെ അസ്വസ്ഥമാക്കുകയും ചെയ്യുന്നുണ്ട് ഈ പുസ്തകം. ശ്രുതീഷ് കണ്ണാടി എഴുതുന്നു.

കേരളീയ വായനാ മണ്ഡലത്തിന്‍റെ പ്രശ്നം, അതെപ്പോഴും പ്രബല രാഷ്ട്രീയ ധാരകളോട് ചേര്‍ന്നു നില്‍ക്കുകയും, ചെറുതുകളെയും അപരങ്ങളെയും പുറന്തള്ളാന്‍ സ്വാഭാവികമായ പ്രവണത കാണിക്കുകയും ചെയ്യുന്നു എന്നതാണ്. ഇത്തരം പ്രബല ധാരകളോട് കലഹിച്ചുകൊണ്ട് വായനയുടെ മറ്റൊരു രാഷ്ട്രീയ ഇടം കണ്ടെത്തുകയാണ് കെ. അഷ്റഫിന്‍റെ ‘ഇസ്‌ലാമോഫോബിയ: മലയാള ഭൂപടം‘ എന്ന പുസ്തകം. ഇൻഡ്യന്‍ സാഹചര്യത്തെ പൊതുവായും, കേരളത്തെ സവിശേഷമായും പരിഗണിച്ചുകൊണ്ട് ‘ഇസ്‌ലാമോഫോബിയ’ എന്ന ആധുനിക വംശീയ രൂപത്തെ രീതിശാസ്ത്രപരമായും രാഷ്ട്രീയപരമായും പ്രശ്നവത്കരിക്കാനുള്ള ശ്രമങ്ങളാണ് 2009 മുതല്‍ 2019 വരെയുള്ള കാലയളവില്‍ എഴുതപ്പെട്ട വിവിധ ലേഖനങ്ങളിലൂടെ പുസ്തകം നടത്തുന്നത്. മലയാളികള്‍ ആന്തരികവത്കരിച്ചിരിക്കുന്ന ‘ഇസ്‌ലാം പേടി’ അഥവാ മുസ്‌ലിം വിരുദ്ധ മനോഭാവത്തെ സൂക്ഷ്മ വിശകലനങ്ങളിലൂടെ ദൃശ്യതയിലേക്ക് കൊണ്ടുവരികയും, കേരളീയ പൊതുബോധത്തിന്‍റെ ‘പുരോഗമന’ കാഴ്ചകളെ അസ്വസ്ഥമാക്കുകയും ചെയ്യുന്നുണ്ട് അഷ്‌റഫിന്‍റെ പുസ്തകം.

മലയാളി വായനക്കാര്‍ക്ക് അപരിചിതമായ രാഷ്ട്രീയ ധാരയിലൂടെയുള്ള സഞ്ചാരമാണ് രചയിതാവ് ആവിഷ്ക്കരിക്കുന്നത്. ജാതി, വംശീയ, മത, സാമുദായിക, ലിംഗ വിവേചനങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഇസ്‌ലാമോഫോബിയ എന്ന വംശീയ പ്രശ്നത്തെ വിവിധ രാഷ്ട്രീയ സന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് സവിശേഷമായി തന്നെ അഭിമുഖീകരിക്കുന്നുണ്ട് ഈ പുസ്തകം. കേരളീയ പൊതു രാഷ്ട്രീയ മണ്ഡലം ഇസ്‌ലാമിനോടും മുസ്‌ലിം സ്വത്വങ്ങളോടും നടത്തുന്ന ബോധപൂര്‍വ്വമായ തിരസ്കരണങ്ങള്‍, മറവികള്‍, നീതി നിഷേധങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളെ കൂടുതല്‍ ദൃശ്യതയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ കൂടിയാണ് ഈ പുസ്തകം എന്ന് കരുതുന്നത് അനുചിതമാവില്ല. യൂറോ കേന്ദ്രീകൃത ജ്ഞാന വ്യവസ്ഥയുടെ വിമര്‍ശകരായ കിഴക്ക് നിന്നുള്ള സൈദ്ധാന്തികര്‍, ആഫ്രോ-ഫെമിനിസ്റ്റ് ചിന്തകര്‍, അപകോളനീകരണ സിദ്ധാന്തങ്ങള്‍ എന്നിവയെ രീതിശാസ്ത്രപരമായി ഉള്‍ക്കൊള്ളുന്ന പുസ്തകം, ഇൻഡ്യന്‍ സാമൂഹിക ഘടനയിലെ ബ്രാഹ്മണ്യ വ്യവസ്ഥയുടെ വിമര്‍ശന പദ്ധതിയായ ദലിത് പഠനങ്ങളെയും മറ്റൊരു രീതിയില്‍ ഉള്‍ക്കൊള്ളുന്നതായി കാണാന്‍ സാധിക്കും. ഇൻഡ്യന്‍ സാമൂഹിക ഘടനയില്‍ നിന്നുകൊണ്ട് ഇസ്‌ലാമോഫോബിയയെ സമീപിക്കുമ്പോള്‍ ദലിത് ചിന്തകര്‍ മുന്നോട്ടുവെക്കുന്ന ജാതി വിരുദ്ധ രീതിശാസ്ത്രത്തെക്കൂടി അവലംബിക്കേണ്ടതുണ്ടെന്ന് വിവിധ ലേഖനങ്ങളില്‍ അപഗ്രഥിച്ചിരിക്കുന്ന രാഷ്ട്രീയ വിഷയങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

വിലാപ രാഷ്ട്രീയവും മുസ്‌ലിം സമുദായവും

കേരളത്തിന്‍റെ മാധ്യമ ചരിത്രം സ്വാംശീകരിച്ചിരിക്കുന്ന ‘വിലാപ രാഷ്ട്രീയത്തെ’ (Politics of Mourning) ചരിത്ര വിശകലനങ്ങളിലൂടെ പ്രശ്നവത്കരിക്കാനുള്ള ശ്രമങ്ങള്‍ പുസ്തകത്തില്‍ കാണാം. കേരളത്തില്‍ അപര സമൂഹങ്ങളോട്- പ്രത്യേകിച്ച് മുസ്‌ലിം, ദലിത്, ആദിവാസി വിഭാഗങ്ങളോട് മാധ്യമങ്ങള്‍ നടത്തുന്ന വിലാപ രാഷ്ട്രീയത്തെ, ഭരണകൂട ഭാഷ്യങ്ങൾ മറ്റൊരു രീതിയില്‍ സാധൂകരിക്കാനുള്ള ഇടപാടായി വേണം മനസ്സിലാക്കേണ്ടത് എന്ന് തോന്നുന്നു. കീഴാള സമുദായങ്ങളെ ‘വില്ലനൈസ്’ ചെയ്യാന്‍ സാധിക്കുന്ന സന്ദര്‍ഭങ്ങള്‍, അവര്‍ക്കിടയില്‍ നടക്കുന്ന ലംഘനങ്ങള്‍ എന്നിവയെ പര്‍വതീകരിച്ച് അവതരിപ്പിക്കാന്‍ മാധ്യമങ്ങള്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമ്പോള്‍, സമുദായം എന്ന നിലയില്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങളെ ബോധപൂര്‍വ്വം അദൃശ്യമാക്കുക കൂടെ ചെയ്യുന്നുണ്ട്.

ദലിത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പോലീസ് അതിക്രമം, ബീമാപള്ളിയില്‍ നടന്ന ആറു മുസ്‌ലിം കൊലപാതകം, കണ്ണൂരില്‍ ഇടതുപക്ഷത്ത് നിന്നും ചിത്രലേഖ നേരിടുന്ന ജാതി അതിക്രമം തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ കാണിച്ച നിരുത്തരവാദിത്വപരമായ നിലപാട് വ്യക്തമാക്കിക്കൊണ്ട് നിലനില്‍ക്കുന്ന വിലാപ രാഷ്ട്രീയത്തെ പുസ്തകം കൃത്യമായും ചോദ്യം ചെയ്യുന്നുണ്ട്. അതായത് ഒരു മനുഷ്യാവകാശ പ്രശ്നം ‘പൊതു’ പ്രശ്നമായി മാറണമെങ്കില്‍ അതിന്‍റെ ഉദ്ഭവസ്ഥാനം മുസ്‌ലിം സമുദായത്തിനകത്ത് നിന്ന് തന്നെയാവണം എന്ന മാധ്യമങ്ങളുടെ വംശീയ കാഴ്ച്ചയെ തന്നെയാണ് ഇവിടെ അപനിര്‍മിക്കാന്‍ ശ്രമിക്കുന്നതെന്ന് കാണാം.

സബ മഹ്മൂദിനെയും ചാള്‍സ് ഹിഷ്കിന്ദിനെയും ഉദ്ധരിച്ചുകൊണ്ട് ലിംഗ വിവേചനം, സ്ത്രീ ശരീരങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം എന്നിവയെ മുന്‍നിര്‍ത്തി അധീശ സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന അധിനിവേശത്തെ സാധൂകരിക്കുന്ന ആഗോള ‘വിമോചന’ സങ്കൽപ്പത്തിലൂന്നിയ ലിബറല്‍ രാഷ്ട്രീയത്തിന്‍റെ അപകടങ്ങള്‍ കേരളീയ സാമൂഹിക ഘടനയില്‍ നിന്നുകൊണ്ട് പരിശോധിക്കുന്നുണ്ട് ലേഖകന്‍. തങ്ങള്‍ക്ക് വഴങ്ങാത്ത അപരങ്ങളോട് മാധ്യമങ്ങള്‍ മുതല്‍ ഭരണകൂടങ്ങള്‍ വരെ സ്വീകരിക്കുന്ന നിര്‍ബന്ധിത ‘വിമോചന’ കാഴ്ചകള്‍ക്ക് പിറകിലെ ഇസ്‌ലാമോഫോബിക്ക് വ്യവഹാരങ്ങള്‍ കൂടെയാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്.

ബ്രാഹ്മണ്യ വ്യവസ്ഥയിലെ ഇസ്‌ലാമോഫോബിയ

ജാതിയധിഷ്ഠിതമായ സാമൂഹിക ഘടനക്കുള്ളില്‍ നിന്നുകൊണ്ട് ഇസ്‌ലാമോഫോബിയയെ വിശകലനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന മറ്റൊരു വായനയിലേക്ക് കൂടി പുസ്തകത്തിലെ ലേഖനങ്ങളുടെ രീതിശാസ്ത്രത്തെ മുന്‍നിര്‍ത്തി നമുക്ക് കടക്കാന്‍ കഴിയുമെന്നാണ് തോന്നുന്നത്. ഇൻഡ്യന്‍ സാമൂഹിക നിര്‍മിതിയുടെ അടിസ്ഥാന തത്വം ജാതിയാണെന്നിരിക്കെ, ഇസ്‌ലാമോഫോബിയയുടെ ഉദ്ഭവത്തില്‍ ബ്രാഹ്മണ്യ-ജാതി വ്യവസ്ഥക്കുള്ള പങ്കും നിഷേധിക്കാവുന്നതല്ല. ജാതിയും അതിന്‍റെ പ്രായോഗിക രൂപങ്ങളില്‍ ഒന്നായ അയിത്തവും മുന്നോട്ടുവെക്കുന്ന പ്രധാന ആശയം ‘കീഴ്ജാതി’ ശരീരങ്ങളെ അധീശ സമുദായങ്ങളുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കുകയും, ഒപ്പം തങ്ങളുടെ അധികാരം ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുകയെന്നതാണ്. ബ്രാഹ്മണ്യ അധീശ സംസ്കാരത്തിന്‍റെ ഈ സിദ്ധാന്തമാണ് നൂറ്റാണ്ടുകളായി അധസ്ഥിത ജനതയെ ‘വിധേയത്വ’മുള്ള സമൂഹമായി നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത്. ശരീരങ്ങള്‍ക്ക് മുകളില്‍ സ്ഥാപിതമാക്കുന്ന ഇത്തരം നിയന്ത്രണങ്ങളിലൂടെയാണ് ബ്രാഹ്മണ്യത്തിന് ഇൻഡ്യന്‍ ദേശരാഷ്ട്രത്തില്‍ ഇപ്പോഴും അധീശ രാഷ്ട്രീയ വ്യവസ്ഥയായി നിലനില്‍ക്കാന്‍ സാധിക്കുന്നത്. അംബേഡ്കര്‍ മുതല്‍ നവ ദലിത് രാഷ്ട്രീയ ധാരയിൽ വരെയുള്ളവര്‍ സ്വീകരിക്കുന്ന വസ്ത്രധാരണ ശൈലിയിലും ശരീരഭാഷയിലും ജാതിയുടെ ഇത്തരം നിയന്ത്രണ സ്വഭാവത്തോടുള്ള കുതറലിന്‍റെ ഒരു രാഷ്ട്രീയ പ്രതിരോധം നമുക്ക് ദര്‍ശിക്കാനാവും.

സൂക്ഷ്മ വിശകലനം നടത്തിയാല്‍ ഇൻഡ്യന്‍ ജാതി വ്യവസ്ഥ ശരീരങ്ങള്‍ക്ക് മുകളില്‍ നടത്തുന്ന നിയന്ത്രണങ്ങള്‍ക്ക് സമാനമായ ഒരു അധീശ യുക്തിയാണ് ഇസ്‌ലാമോഫോബിയക്ക് പിറകിലും പ്രവര്‍ത്തിക്കുന്നതെന്ന് കാണാം. മുസ്‌ലിം എന്ന സാമുദായിക സ്വത്വത്തെ വിധേയ ശരീരങ്ങളായി പരിവര്‍ത്തനപ്പെടുത്താനുള്ള ബ്രാഹ്മണ്യ ഭരണകൂടത്തിന്‍റെയും, ഇൻഡ്യന്‍ സാമൂഹിക വ്യവസ്ഥയുടെ തന്നെയും ഇടപാടുകള്‍ ഇസ്‌ലാമോഫോബിയയുടെ ഉത്പാദനത്തിന് കാരണമാകുന്നുണ്ട്. നൂറ്റാണ്ടുകളായി തുടരുന്ന ജാതീയ അടിച്ചമര്‍ത്തലുകളെയും ഇസ്‌ലാമോഫോബിക്ക് വ്യവഹാരങ്ങളെയും തുലനം ചെയ്യുകയല്ല മറിച്ച്, ഇവ രണ്ടിനും കാരണമാകുന്ന ബ്രാഹ്മണ്യ അധീശത്വത്തെ പ്രശ്നവത്കരിക്കണം എന്നാണ് പറയാന്‍ ശ്രമിക്കുന്നത്.

സബ മഹ്മൂദ്

ജാതി നിയമങ്ങളെ ലംഘിക്കുന്ന-സ്വസമുദായത്തിന് പുറത്തു നിന്ന് വിവാഹം കഴിക്കുന്നവര്‍, വിദ്യാഭ്യാസം ചെയ്യുന്നവര്‍, നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍- ദലിത് ശരീരങ്ങള്‍ കൊല്ലപ്പെടുന്നത് സ്വാഭാവികവത്കരിക്കപ്പെട്ടു കഴിഞ്ഞ ഒരു സാമൂഹിക വ്യവസ്ഥയാണ്‌ ഇന്ന് നിലവിലുള്ളത്. സമാനമായൊരു സ്വാഭാവികതയിലേക്കാണ് ‘ആള്‍ക്കൂട്ട’ കൊലപാതകം ഉള്‍പ്പെടെയുള്ള ബ്രാഹ്മണ്യ പദ്ധതികളിലൂടെ മുസ്‌ലിം സമൂഹവും എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നത്. ജാതിയെയും ബ്രാഹ്മണ്യത്തെയും ഇസ്‌ലാമോഫോബിയയുടെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന വിശകലനങ്ങള്‍ പുസ്തകത്തില്‍ പ്രത്യക്ഷമായി കാണാന്‍ കഴിയില്ലെങ്കിലും, ലേഖനങ്ങളില്‍ അവലംബിച്ചിരിക്കുന്ന രീതിശാസ്ത്രം ഇത്തരം നവീനമായ രാഷ്ട്രീയ ആലോചനകളിലേക്ക് സ്വയം കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം വായനക്കാരന് അനുവദിച്ചു തരുന്നുണ്ട്. ഒരുപക്ഷേ കൂടുതല്‍ വികസിപ്പിക്കേണ്ടതും ബഹുജന ഇടപെടലുകള്‍ ആവശ്യവുമായ ഒരു രാഷ്ട്രീയ പ്രശ്നമായതിനാലാവാം ഇസ്‌ലാമോഫോബിയയുടെ സിദ്ധാന്തവത്കരണത്തെ ഒരു തുറന്ന കാഴ്ചയായി രചയിതാവ് നിര്‍മിച്ചെടുത്തിരിക്കുന്നത്.

പൊതു ഇടത്തിലെ മുസ്‌ലിം

ചുംബന സമരത്തെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളിലാണ് ‘പൊതു ഇടം’ എന്നതിനെ സംബന്ധിച്ച പുനരാലോചനകള്‍ കേരളീയ പശ്ചാത്തലത്തില്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുവരുന്നതെന്ന് കാണാം. സദാചാര പോലീസിംഗ് എന്ന സാമൂഹിക പ്രശ്നത്തിന് അനുകൂലമോ പ്രതികൂലമോ എന്ന ലളിത യുക്തിയില്‍ നിന്നുള്ള ദ്വന്ദ പരികൽപ്പനകളാണ് ലിബറല്‍ സമൂഹം അന്ന് മുന്നോട്ടുവെച്ചത്. എന്നാല്‍ ഈ ബൈനറിക്ക് പുറത്ത് കടന്നുകൊണ്ട് അന്ന് ഉയര്‍ന്നുവന്ന പൊതു വ്യവഹാരങ്ങളെ വിമര്‍ശനപരമായി സമീപിക്കുകയും, ഒപ്പം പൊതുവിടം എന്ന സങ്കൽപ്പത്തെ പുനര്‍നിര്‍ണയിക്കുകയും ചെയ്യുന്ന ആലോചനകളും പുസ്തകം മുന്നോട്ടുവെക്കുന്നുണ്ട്.

കെ. അഷ്റഫ്

ലിബറല്‍ ജനാധിപത്യ ഭരണകൂടത്തിന്‍റെ കീഴില്‍ നമ്മള്‍ ‘പൊതു’ എന്ന് കരുതുന്ന മിക്കയിടങ്ങളും പല തരത്തിലുള്ള ‘സര്‍വയലന്‍സുകള്‍ക്ക്’ (മേൽനോട്ടങ്ങൾക്ക്)വിധേയമാകുന്നുണ്ട്. മറ്റൊരു തരത്തില്‍ പൊതു ഇടത്തിലെ സ്വാതന്ത്ര്യം എന്നത് ഭരണകൂട നിരീക്ഷണങ്ങളുടെ ഭാഗമായി മാത്രം ലഭിക്കുന്ന ഉദാരതയുടെ സ്വാതന്ത്ര്യം കൂടെയാണെന്ന് പറയേണ്ടി വരും. എല്ലാ പൊതു ഇടങ്ങളിലും എല്ലാ സമൂഹങ്ങള്‍ക്കും ഒരുപോലെ പ്രവേശനം ലഭിക്കുമോ എന്ന ചോദ്യങ്ങളും ഇതോടനുബന്ധിച്ച് ഉയര്‍ന്നുവരുന്നുണ്ട്. അതായത് ഷോപ്പിംഗ്‌ മാളുകള്‍, പബ്ബുകള്‍, വലിയ ഹോട്ടലുകള്‍ മുതലായ ഇടങ്ങള്‍ അടിത്തട്ട് ജനതയെ സംബന്ധിച്ചിടത്തോളം അപര ഇടങ്ങളാണ് (crisis heterotopic). ‘പൊതു’വെന്ന് ഇത്തരം ഇടങ്ങളെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍ ഇതൊരു ഉപരിവർഗ/ജാതി ഇടങ്ങള്‍ മാത്രമായാണ് നിലനില്‍ക്കുന്നത്. ഇങ്ങനെ പലരീതിയില്‍ വ്യാഖ്യാനിക്കപ്പെടുന്ന ഇടങ്ങളാണ് (interpretative space) നമ്മുടെ പൊതു ഇടങ്ങള്‍ എന്നിരിക്കെ, കേവലം മതത്തിന്‍റെ പ്രശ്നമായി മാത്രം പൊതു ഇടങ്ങളിലെ സദാചാരത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ച ചുംബന സമരത്തിന്‍റെ രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി പലവിധ ആലോചനകള്‍ പുസ്തകം മുന്നോട്ടുവെക്കുന്നുണ്ട്.

സംഘപരിവാര്‍ മൂലം ആക്രമിക്കപ്പെടുന്ന മുസ്‌ലിമിനെ അദൃശ്യമാക്കുകയും, അതേസമയം സദാചാര ആരോപണത്തിന് മാത്രമായി മുസ്‌ലിം സ്വത്വത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ലിബറല്‍ രാഷ്ട്രീയത്തിന്‍റെ പൊള്ളത്തരങ്ങള്‍ രചയിതാവ് വിശകലനം ചെയ്യുന്നുണ്ട്. പൊതു ഇടത്തിലെ മുസ്‌ലിം ചര്‍ച്ചയാവുന്നത് ആരോപണ വിധേയമാവുമ്പോഴോ, അപകടകാരിയായി അടയാളപ്പെടുത്താന്‍ സാധ്യത ഉണ്ടാകുമ്പോഴോ മാത്രമാണെന്ന് കാണാന്‍ സാധിക്കും. കോഴിക്കോട് സാഗര്‍ ഹോട്ടലിന് നേരെ നടന്ന അതിക്രമം, വചനം ബുക്ക്സ്, നന്മ ബുക്ക്സ്, അഥര്‍ ബുക്ക്സ് എന്നീ സ്ഥാപനങ്ങള്‍ക്ക് നേരെ നടന്ന പോലീസ് റെയ്ഡ് തുടങ്ങിയ സംഭവങ്ങളെയും ആധാരമാക്കി പൊതു ഇടത്തിലെ മുസ്‌ലിം സ്വത്വത്തെ കുറിച്ചുള്ള ലിബറല്‍ രാഷ്ട്രീയത്തിന്‍റെ കാഴ്ചയിലെ പ്രശ്നങ്ങള്‍ പുസ്തകത്തില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

സുരക്ഷാ ഭരണകൂടങ്ങള്‍ നിര്‍മിക്കുന്ന മുസ്‌ലിം

മതപരതയോടുള്ള ലിബറല്‍-ജനാധിപത്യ ഭരണകൂടത്തിന്‍റെ പ്രശ്നത്തിനപ്പുറം ഇസ്‌ലാം ഒരു വിമോചന രാഷ്ട്രീയ സങ്കല്‍പം കൂടെയായത് കൊണ്ടാണ് മുസ്‌ലിം ശരീരങ്ങളെ വിധേയപ്പെടുത്താനുള്ള ഭരണകൂട നീക്കങ്ങള്‍ നിരന്തരം സംഭവിക്കുന്നത്. ഇസ്‌ലാമിക പുസ്തകങ്ങളോടും സാഹിത്യത്തോടുമുള്ള ഭയം ഈ വിമോചന സങ്കല്‍പം അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത് കാരണമാണെന്ന് കോഴിക്കോട് വിവിധ മുസ്‌ലിം ഉടമസ്ഥതയിലുള്ള പുസ്തകശാലകള്‍ കേന്ദ്രീകരിച്ച് മുന്‍പ് നടന്ന പുസ്തക വേട്ടയെ ഓര്‍മപ്പെടുത്തിക്കൊണ്ട് രചയിതാവ് സൂചിപ്പിക്കുന്നുണ്ട്. ഭരണകൂടവും മാധ്യമങ്ങളും ഒന്നിച്ച് നടത്തുന്ന ഇത്തരം ബിബിലോഫോബിയ (Bibliophobia) എന്ന് വിളിക്കാവുന്ന അവകാശ ലംഘനങ്ങളില്‍ കൃത്യമായ നിശബ്ദതയാണ് കേരളീയ പൊതു സമൂഹം സ്വീകരിച്ചത്. ജനക്ഷേമം, സേവനം മുതലായ പ്രാഥമിക സ്വഭാവത്തെ മാറ്റിനിര്‍ത്തി, സുരക്ഷ (security) പോലെയുള്ള ആധുനിക ജ്ഞാന വ്യവഹാരങ്ങള്‍ ലിബറല്‍-ജനാധിപത്യ ഭരണകൂടങ്ങള്‍ സ്വീകരിക്കുന്നതിന്‍റെ പരിണിതഫലം കൂടെയാണ് ‘പുസ്തകപ്പേടി’ ഉള്‍പ്പെടെയുള്ള രൂപകങ്ങളിലൂടെ നടക്കുന്ന മുസ്‌ലിം സ്വത്വത്തിന്‍റെ അപരവത്ക്കരണം വ്യക്തമാക്കുന്നത്. പൗരത്വവും മറ്റ് ജനാധിപത്യ അവകാശങ്ങളും വരെ നഷ്ടപ്പെടുത്തുന്ന ഒരു രാഷ്ട്രീയ സാഹചര്യമാണ് സുരക്ഷയുടെ പേരില്‍ ആധുനിക ലിബറല്‍ ഭരണകൂടങ്ങള്‍ ആവിഷ്കരിക്കുന്നതെന്ന് രചയിതാവ് അഭിപ്രായപ്പെടുന്നു.

ഫൂക്കോ

സുരക്ഷാ ഭരണകൂടങ്ങളുടെ (Security state) ഈ സമഗ്രാധിപത്യ സ്വഭാവം മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് മേൽ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ അവരെ കൂടുതല്‍ മെരുക്കിയെടുക്കാനുള്ള ഭരണകൂട തന്ത്രമാണെന്ന് ആഗോള രാഷ്ട്രീയത്തിന്‍റെ അലയൊലികളില്‍ നിന്ന് വ്യക്തമാണ്. സുരക്ഷയുടെ പേരില്‍ നടക്കുന്ന ഭരണകൂട നിയന്ത്രണങ്ങള്‍ പൗരന്മാരെ കൂടുതല്‍ വിധേയരാക്കുകയും പൊതുസമ്മതിയിലൂടെ കാലക്രമേണ അത് പൗരന്‍റെ തന്നെ താത്പര്യമായി പരിവർത്തിപ്പിക്കാനും ആധുനിക ഭരണകൂടങ്ങള്‍ക്ക് സാധിക്കുന്നു. പൗരന്‍ സ്വയം നടത്തുന്ന ഈ സുരക്ഷാ മുന്‍കരുതലുകള്‍ മറ്റൊരർഥത്തില്‍ ഫൂക്കോ നിര്‍വചിക്കുന്ന ‘ഗവൺമെന്റാലിറ്റി’ക്ക് സമാനമായ ഒരു സവിശേഷ സാഹചര്യത്തിലേക്കാണ് നമ്മെ എത്തിക്കുന്നത്. ആഗോളതലത്തിലും ഇൻഡ്യന്‍ ദേശരാഷ്ട്രത്തിനകത്തും ലിബറല്‍-ജനാധിപത്യ ഭരണകൂടങ്ങള്‍ നടത്തുന്ന ഇത്തരം സമഗ്രാധിപത്യ സ്വഭാവത്തെയും അതിന്‍റെ വികാസത്തെയും വിശദമായി തന്നെ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. പൗരത്വത്തിന്‍റെ വ്യാപ്തി കുറക്കുന്ന, അവകാശ സമരങ്ങളെ റദ്ദ് ചെയ്യുന്ന ഒരു ആധുനിക ലിബറല്‍ ജനാധിപത്യ ഭരണകൂടത്തിന്‍റെ നിര്‍മിതിയാണ് ലോകമെമ്പാടും സംഭവിച്ചു കൊണ്ടിരിക്കുന്നത്. സുരക്ഷയുടെ പേരില്‍ ഭരണകൂടം നിര്‍മിക്കുന്ന ‘ഭയം’ ഒരു ഘട്ടത്തിനപ്പുറം പൗരന്‍റെ തന്നെ ഭയമായി മാറുകയും പതുക്കെ ഭരണകൂടത്തിന്‍റെ സമഗ്രാധിപത്യത്തിനു പൗരസമൂഹം വിധേയരാകുകയും ചെയ്യുന്നു. അദൃശ്യനായ ഒരു ‘തീവ്രവാദി’യുടെ പേരില്‍ ഉണ്ടാക്കുന്ന ഭയത്തില്‍ നിന്ന് മോചിതരാകാന്‍ സ്വയം തീവ്രവാദിയല്ലെന്നു തെളിയിക്കേണ്ട അധിക ബാധ്യത കൂടി ലിബറല്‍ ജനാധിപത്യ ഭരണകൂടങ്ങള്‍ പൗരനു മുകളില്‍ ചുമത്തുന്നുണ്ട്.

കേരളത്തില്‍ പാനായിക്കുളം കേസിന്‍റെ പശ്ചാത്തലത്തില്‍ ഭരണകൂടം സൃഷ്ടിച്ച സമാനമായ സുരക്ഷാവത്കരണത്തിന്‍റെ (securitization) അപകടങ്ങളെ പുസ്തകം പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഇൻഡ്യ പോലുള്ള ലിബറല്‍ ജനാധിപത്യ രാജ്യത്ത് സുരക്ഷാ ഭരണകൂടം എന്ന രാഷ്ട്രീയ വ്യവസ്ഥയെ കുറിച്ചുള്ള സങ്കല്‍പം തന്നെ ന്യൂനപക്ഷ ഹിംസയുമായി നേരിട്ട് ബന്ധപ്പെട്ടാണ് കിടക്കുന്നതെന്ന് കാണാം.

യുഎപിഎ പോലുള്ള ഭീകര നിയമങ്ങള്‍ കേരളത്തിന്‍റെ രാഷ്ട്രീയ സാഹചര്യത്തില്‍ ഉപയോഗിക്കപ്പെടുന്നതിലെ തെരഞ്ഞെടുപ്പുകള്‍, വിവേചനങ്ങള്‍, താത്പര്യങ്ങള്‍ തുടങ്ങിയവയിലെ ഭരണകൂട യുക്തിയെയും വിമര്‍ശനപരമായി പുസ്തകം സമീപിക്കുന്നുണ്ട്. 9/11അനന്തരം അമേരിക്ക നടപ്പിലാക്കിയ ‘പാട്രിയോട്ടിക് ആക്റ്റിന്‍റെ’ ചുവടുപിടിച്ച് വാജ്പേയി സര്‍ക്കാര്‍ നടപ്പിലാക്കിയ യുഎപിഎ നിയമത്തില്‍ ഒരുപോലെ സാമ്രാജ്യത്വ-സംഘപരിവാര്‍ താത്പര്യം ഉള്‍ച്ചേര്‍ന്നു കിടക്കുന്നുണ്ടെന്ന് രചയിതാവ് നിരീക്ഷിക്കുന്നു. കേരളത്തില്‍ യുഎപിഎ നിയമത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുസ്‌ലിം യുവാക്കളുടെ കണക്കുകള്‍ വ്യക്തമാക്കിക്കൊണ്ട് ഈ ഭീകര നിയമത്തിന് പിറകിലെ വംശീയ യുക്തിയിലേക്കും അതിനു കാരണമാകുന്ന ഇസ്‌ലാമോഫോബിയയുടെ രാഷ്ട്രീയ വഴികളിലേക്കും പുസ്തകം ഇറങ്ങിച്ചെല്ലുന്നുണ്ട്.

ഇസ്‌ലാമോഫോബിയയെ കുറിച്ചുള്ള തീര്‍പ്പുകളല്ല പുസ്തകം വാസ്തവത്തില്‍ മുന്നോട്ടുവെക്കുന്നത്. മറിച്ച് നമ്മുടെ വ്യവസ്ഥാപിത പുരോഗമന കാഴ്ചകളില്‍ നിന്നും മാറി നിന്നുകൊണ്ട് ഇസ്‌ലാമോഫോബിയയെ പ്രത്യയശാസ്ത്രപരമായി എങ്ങനെ സമീപിക്കാമെന്നും വികസിപ്പിക്കാമെന്നുമുള്ള ആലോചനകളാണ് വിവിധ ലേഖനങ്ങളിലൂടെ കെ. അഷ്‌റഫ്‌ നടത്തുന്നത്. കീഴാള വൈജ്ഞാനിക മേഖലയുടെ വികാസത്തിനും അതിന്‍റെ സൈദ്ധാന്തിക അടിത്തറക്ക് കരുത്തു പകരുന്നതിനും ഒപ്പം കേരളീയ സാമൂഹിക ഘടനയിലെ വംശീയ ഇടപാടുകളെ രാഷ്ട്രീയമായി അടയാളപ്പെടുത്തുന്നതിനും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ‘ഇസ്‌ലാമോഫോബിയ: മലയാള ഭൂപടം’ എന്ന് നിസ്സംശയം പറയാനാവും.

Top