നിഴൽ പ്രകാശിക്കുന്ന കാബൂൾ
സമകാലിക പുസ്തകങ്ങളിലും വാർത്തകളിലും അഫ്ഗാനിസ്ഥാൻ മൂർത്തമാകുന്നത് ബുർഖക്കുള്ളിൽ ഒതുക്കപ്പെട്ട സ്ത്രീകൾ, ഇടുങ്ങിയ ചിന്താഗതിക്കാരായ മുല്ലമാർ, യുദ്ധങ്ങളാൽ തകർക്കപ്പെട്ട പ്രാന്തങ്ങൾ, ദരിദ്രരും നിർധനരുമായ പൗരന്മാർ തുടങ്ങിയ വിരസമായ ക്യാൻവാസിലാണ്. എന്നാൽ, ഇത്തരം വാർപ്പുചിത്രങ്ങളെ തിരുത്തുകയാണ് ഇൻഡ്യൻ മാധ്യമ പ്രവർത്തകയായ തരൻ എൻ. ഖാന്റെ ‘ഷാഡോ സിറ്റി; എ വുമൺ വാക്സ് കാബൂൾ’ എന്ന പുസ്തകം. അഫ്സൽ മങ്ങാട്ടുപുലം എഴുതുന്നു.
സമകാലിക പുസ്തകങ്ങളിലും വാർത്തകളിലും അഫ്ഗാനിസ്ഥാൻ മൂർത്തമാകുന്നത് ബുർഖക്കുള്ളിൽ ഒതുക്കപ്പെട്ട സ്ത്രീകൾ, ഇടുങ്ങിയ ചിന്താഗതിക്കാരായ മുല്ലമാർ, യുദ്ധങ്ങളാൽ തകർക്കപ്പെട്ട പ്രാന്തങ്ങൾ, ദരിദ്രരും നിർധനരുമായ പൗരന്മാർ തുടങ്ങിയ വിരസമായ ക്യാൻവാസിലാണ്. ‘ദി കെെറ്റ് റണ്ണർ’, ‘എ തൗസന്റ് സ്പ്ലെണ്ടിഡ് സൺസ്’ എന്നീ നോവലുകളിലൂടെ ലോകപ്രശസ്തനായ എഴുത്തുകാരൻ ‘ഖാലിദ് ഹുസെെനി’, തീവ്രവാദത്തിൽ നിന്നോ, സ്ത്രീ വിരുദ്ധതയിൽ നിന്നോ മുക്തമാകാനിടയില്ലാത്ത പ്രതീക്ഷയറ്റ രാജ്യമായി പാശ്ചാത്യൻ വായനക്കാർക്ക് മുന്നിൽ അഫ്ഗാനിസ്ഥാനെ അവതരിപ്പിക്കാൻ ഇത്തരം കഷ്‌ടാവസ്ഥകളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
ഇത്തരം വായനകൾ സൃഷ്‌ടിച്ച, അഫ്ഗാൻ എന്നാൽ നിറയെ കഷ്ടതകളാണ് എന്ന ഏകമാന ചിത്രത്തിനെതിരായ വിമർശനാത്മക വായനക്കാരന്റെ അന്വേഷണമാണ് തരൻ എൻ. ഖാന്റെ ‘ഷാഡോ സിറ്റി; എ വുമൺ വാക്സ് കാബൂൾ’ എന്ന പുസ്തകം. ഉപരിസൂചിത ഏകമാന വാർപ്പുചിത്രങ്ങളുടെ വിപരീത വായനകളാണ് ഇൻഡ്യൻ പത്രപ്രവർത്തക കൂടിയായ തരൻ എൻ. ഖാന്റെ ഉപന്യാസങ്ങളുടെയും യാത്രാവിവരണങ്ങളുടെയും ചരിത്ര-വ്യാഖ്യാനങ്ങളുടെയും ഓർമക്കുറിപ്പുകളുടെയും സമ്മിശ്രമായ ഈ പുസ്തകമെന്നതാണ് ഇതിന്റെ പ്രസക്തി.
അഫ്ഗാനിസ്ഥാനിലെ യുവ മാധ്യമ-ചലച്ചിത്ര പ്രവർത്തകർക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ 2005ലാണ് ഖാൻ ആദ്യമായി കാബൂളിലെത്തുന്നത്. പിന്നീട് കാബൂൾ നഗരം കൂടുതൽ പരിചിതമായപ്പോൾ ദി കാരവൻ, ഇൻഡ്യൻ എക്സ്പ്രസ് പോലുള്ള പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി ലേഖനങ്ങളെഴുതി. ഈ സമയത്താണ് കാബൂൾ നഗരത്തെക്കുറിച്ചുള്ള മാധ്യമ രംഗത്തെ പരമ്പരാഗത ചിത്രീകരണത്തിൽ അസന്തുഷ്ടയായി, വ്യക്തിപരവും പരീക്ഷണാത്മകവുമായ മറ്റൊരു ചിത്രീകരണത്തെക്കുറിച്ച് ഖാൻ ചിന്തിച്ചു തുടങ്ങിയത്. ആ ചിന്തകൾ പരിണമിച്ചുണ്ടായതാണ് ഈ കൃതി.
2006-2019 കാലത്തിനിടക്ക് അഫ്ഗാനിസ്ഥാനിലൂടെ ഖാൻ നടത്തിയ കാൽനട യാത്രകളാണ് ഈ പുസ്തകത്തിന് ആധാരം. പ്രതിസന്ധി മേഖലയിൽ നിന്നും വാർത്തകൾ റിപ്പോർട്ട് ചെയ്ത് പേരെടുക്കാനുള്ള വിദേശ മാധ്യമ പ്രവർത്തകരുടെ ‘കളിസ്ഥലമായി’ മാറിയിരുന്ന അഫ്ഗാനിസ്ഥാനെ, കേവലം കാൽപനികവത്കരണത്തിൽ ഒതുക്കാതെ, നഗ്നനേത്രങ്ങൾ കൊണ്ട് അടയാളപ്പെടുത്താനാണ് ഖാൻ ശ്രമിക്കുന്നത്. അഫ്ഗാനിസ്ഥാനെ വായനാ ലോകത്തിന് പരിചിതമാക്കിയ കാബൂളിവാല, ദി കെെറ്റ് റണ്ണർ, ബാബർനാമ തുടങ്ങിയ കഥകളും, ജലാലുദ്ദീൻ റൂമി, അബ്ദുൽ ഖാദർ ബേദിൽ, മിർസാ ഗാലിബ്, അബുൽ ഖാസിം ഫിർദൗസി, തൂസി തുടങ്ങിയവരുടെ കവിതകളും വായനക്കാർക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്.
സാംസ്കാരിക സാമ്യതകൾ
അഫ്ഗാനിസ്ഥാൻ സാംസ്‌കാരികമായി പരിശോധിക്കപ്പെടേണ്ടതുണ്ട് എന്ന് ഖാൻ നിരീക്ഷിക്കുന്നുണ്ട്. പോസ്റ്റ്-ഓറിയന്റലിസ്റ്റ് നിരീക്ഷണങ്ങൾക്ക് പലകുറി പാത്രമായിട്ടുള്ള ഒരു നാട്ടിൽ നിന്നും, അമേരിക്കൻ വിവാഹത്തിനു പകരം അഫ്ഗാൻ വിവാഹം റിപ്പോർട്ട് ചെയ്യുന്ന സ്വന്തത്തെ തന്നെയാണ് ഖാൻ തെളിവായി അവലംബിക്കുന്നത്. ബോളിവുഡ് സിനിമകൾ കണ്ട് യാഥാർഥ്യത്തിൽ നിന്ന് ഓടിരക്ഷപ്പെടുന്ന ദക്ഷിണേഷ്യൻ അഭിനിവേശത്തോട് സമാനമായ സാംസ്കാരിക ബന്ധുതയെ തന്റെ ആവിഷ്കാരത്തിലുടനീളം കൊണ്ടുവരാൻ ഖാൻ ശ്രമിക്കുന്നുണ്ട്. അഫ്ഗാനിൽ നിന്നും കുടിയേറിയ പഠാൻ വംശജ എന്നതിലപ്പുറം ഇൻഡ്യൻ മുസ്‌ലിം വനിത എന്ന ഖാന്റെ സ്വത്വത്തിനും ഇതിൽ വലിയ പങ്കുണ്ട്. “ഞാൻ വളർന്നുവന്ന ഉത്തരേന്ത്യൻ നഗരമായ അലീഗഡിന്റെ തെരുവിലൂടെ തീവ്രമായ പുരുഷ ബന്തവസ്സും നിരോധിത സ്ഥലത്തെന്ന പോലെയുള്ള ബോധവും കൊണ്ടാണോ താൻ നടന്നിരുന്നത് എന്ന് ഞാൻ സംശയിക്കുകയാണ്” എന്ന പരാമർശം ഇതിനെയാണ് സൂചിപ്പിക്കുന്നത്.
മുഖവുരയിലെ സ്ത്രീ ചലനാത്മകതയെ കുറിച്ചുള്ള ഈ പ്രതിപാദ്യം, കാബൂൾ അനുഭവങ്ങളെ ഡൽഹിയുടെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന യൂണിവേഴ്സിറ്റി നഗരിയിലെ തന്റെ ബാല്യകാല ഓർമകളുമായി തുലനം ചെയ്യുന്ന അടുത്ത ഏഴ് അധ്യായങ്ങളിലേക്കും വെളിച്ചം വീശുന്നതാണ്.
ഭൂതകാലത്തെ ഉപരിതലത്തിനടിയിൽ മറമാടപ്പെട്ട ‘ഓർമ നഷ്ടപ്പെട്ട നഗരം’ എന്നാണ് ഖാൻ കാബൂളിനെ വിശേഷിപ്പിക്കുന്നത്. സമീപകാല സംഘർഷങ്ങൾക്കിടയിൽ സമ്പന്നമായ ഭൂതകാലം അദൃശ്യമായ കാബൂൾ, ഓർമ നഷ്ടപ്പെട്ട രോഗിയെപ്പോലെയാണത്രെ.
പേർഷ്യൻ സാംസ്കാരിക മണ്ഡലത്തിൽ നിരവധി പ്രതിഭാസങ്ങൾക്ക് വഴിയൊരുക്കിയ സൂഫിസത്തിൽ പലപ്പോഴായി കടന്നുവരുന്ന, വിപരീത ദ്വന്ദങ്ങളെ സൂചിപ്പിക്കുന്ന അറബി ദാർശനിക പദങ്ങളായ (ബാഹ്യമായ) പുറംഭാഗം (സാഹിർ), (മറഞ്ഞിരിക്കുന്ന) ഉൾഭാഗം (ബാത്വിൻ) എന്നിവ ഇവിടെ പലതവണ ഉപയുക്തമാകുന്നു. വിവിധങ്ങളായ സാമൂഹിക പരികൽപ്പനകളാൽ വന്നുകൂടുന്ന സ്വകാര്യ പൊതുമേഖലകൾ തമ്മിലുള്ള പൊരുത്തക്കേടുകളാണ് ഈ വിഭജനത്തിലൂടെ പ്രതിപാദിക്കപ്പെടുന്നത്.
നിത്യജീവിതത്തിലെ യാഥാർഥ്യങ്ങൾ
കാബൂൾ നിവാസികളുടെ ദെെനംദിന യാഥാർഥ്യങ്ങളെയും ഖാൻ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഫൂട്ടേജിൽ തന്റെ ക്ലയന്റുകളല്ലാതെ മറ്റാരും കടന്നുവരാതെ സൂക്ഷിക്കുന്ന വീഡിയോഗ്രാഫർ, കാബൂളിലെ ഏക പൊതു ലെെബ്രറിയിലെ ശൂന്യവും തകർന്നതുമായ വായനാമുറികളിൽ ഒറ്റപ്പെട്ടുപോയ ലെെബ്രേറിയൻ, കാബൂളിലല്ലാതെ മറ്റൊരിടത്തും ഒരു രാത്രി പോലും ഉറങ്ങിയിട്ടില്ലെന്നു പറയുന്ന ടാക്സി ഡ്രെെവർ, ഇവരൊക്കെയുള്ളതാണ് ഈ പുസ്തകം.
സൂഫി ദേവാലയങ്ങളിലെ ഭക്തരായ സ്ത്രീ തീർഥാടകരോട് സംഭാഷണം നടത്തുന്നതും, അഫ്ഗാനിസ്ഥാനിലെ ചലച്ചിത്രതാരം സലീം ഷഹീനെ കണ്ടുമുട്ടുന്നതും, പ്രണയ സാഫല്യത്തിലേക്കുള്ള വഴിയിൽ യുവപ്രണയിതർ നേരിടുന്ന പ്രതിബന്ധങ്ങളുമെല്ലാം വിശദീകരിക്കുന്നുണ്ട് ഖാൻ. കാബൂളിന്റെ മുഖ്യധാരയിൽ നിന്നും ഒറ്റപ്പെട്ട് കഴിയുന്ന പുരോഹിതരും പുരാവസ്തു ഗവേഷകരും ഒരുപോലെ സമയം വിനിയോഗിക്കുന്ന ഏക ക്രെെസ്തവ സെമിത്തേരി പോലെ, നഗരത്തിന്റെ വിധിയെ മാറ്റിമറിച്ച സംഭവങ്ങളുടെ അവശേഷിപ്പുകളിലും ഖാൻ എത്തുന്നുണ്ട്. ഖാന്റെ സാഹിത്യ രചനാരീതിയും നിരീക്ഷണ വെെദഗ്ധ്യവും വ്യാതിരിക്തമാവുന്നത് അഫ്ഗാനും ജന്മനാടായ ഇൻഡ്യൻ ഉപഭൂഗണ്ഡവും തമ്മിലുള്ള ചരിത്രപരമായ സംഗമങ്ങളിലും മറ്റുമായി ആഴത്തിലുള്ള ഗവേഷണത്തിലൂടെ കണ്ടെത്തിയ ചരിത്ര വിവരങ്ങൾ സമന്വയിക്കുമ്പോളാണ്. ഉദാഹരണത്തിന് മൂന്ന് നൂറ്റാണ്ട് ഇൻഡ്യൻ ചരിത്രത്തെ സജീവമാക്കിയ മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബറിന്റെ ശവകുടീരം സന്ദർശിക്കുമ്പോൾ നഗരത്തെ അദ്ദേഹത്തിന്റെ കണ്ണിലൂടെ കാണാനാണ് ഖാൻ ശ്രമിക്കുന്നത്.
കാബൂളിനെ പൊതു സാംസ്കാരിക പെെതൃകത്തിലൂടെ, ഭാവനയിൽ മാത്രം കണ്ട അലീഗഡിലെ മുത്തച്ഛൻ പകർന്നു കൊടുത്ത സാംസ്കാരിക സ്മരണകളായിരുന്നു ഖാന്റെ വഴികാട്ടി. പതിനേഴാം നൂറ്റാണ്ടിലെ കവിയായിരുന്ന അബ്ദുൾ ഖാദർ ബേദിലിനെ കാബൂളിൽ അന്വേഷിക്കാൻ ‘ബാബ’ നിർദേശിക്കുന്നു. ഡൽഹിയിലാണ് അടക്കം ചെയ്തതതെങ്കിലും ഇന്നും അഫ്ഗാനിസ്ഥാനിൽ ആരാധ്യനായ വ്യക്തിത്വമാണ് അദ്ദേഹം. ബാബയുടെ മങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചശക്തി കണക്കിലെടുത്ത് വലിയ അക്ഷരത്തിലുള്ള ബേദിൽ കവിതാ സമാഹാരം തേടി ഖാൻ കാബൂളിലെ പുസ്തക ശാലയിലെത്തുന്നുണ്ട്.
അതേസമയം, ഒരു ഇൻഡ്യൻ ജേണലിസ്റ്റ് എന്ന നിലക്ക് ഖാനും ഭാഗമാകുന്ന പ്രവാസി സമൂഹത്തെ ശരിയായി വിമർശിക്കുന്നുണ്ട് പുസ്തകം. ഉദാഹരണത്തിന്, പുനർനിർമാണ രംഗത്ത് പ്രവർത്തിക്കുന്ന എൻജിഒ ഉദ്യോഗസ്ഥരെക്കുറിച്ച് ഖാൻ എഴുതുന്നത് ഇങ്ങനെയാണ്: “വിരോധാഭാസമെന്നു പറയട്ടെ, പുനർനിർമിക്കാനെത്തിയ സ്ഥലത്തിന്റെ ഭൂരിഭാഗവും അവർ അനുഭവിച്ചറിഞ്ഞിട്ടില്ല. അവരിൽ പലർക്കും ചലിക്കുന്ന വാഹനങ്ങളിൽ നിന്ന് കാണുന്ന തെരുവിന്റെ മങ്ങൽ മാത്രമാണ് കാബൂൾ. എന്നെപ്പോലെ അവരോടും നടക്കാൻ പാടില്ലെന്ന് പറഞ്ഞുകാണും!”
ദൂഷണാവസ്ഥ
അഫ്ഗാനിസ്ഥാനിലെ ഐഎസ്എഎഫ് സഖ്യം യുദ്ധദൗത്യം ഔദ്യോഗികമായി അവസാനിപ്പിക്കുന്നതിന് ഒരു വർഷം മുൻപ് 2013ലാണ് ഖാൻ അവസാനമായി കാബൂൾ സന്ദർശിക്കുന്നത്. നിരന്തരം പിച്ചിച്ചീന്തപ്പെടുകയായിരുന്ന നഗരത്തിൽ പിന്നീടുണ്ടായ മാറ്റങ്ങൾക്ക് ഖാൻ സാക്ഷിയായി. താലിബാന്റെ പതനത്തിന് ശേഷവും മെട്രോപോളിസ് നഗരങ്ങളിലെ കനക കെെമാറ്റങ്ങൾ കാബൂളിലെത്തിയില്ല. കലാപകാരികളുടെ അക്രമണങ്ങൾ കെട്ടടങ്ങാത്തത് മൂലം നഗരത്തിലെ കോൺക്രീറ്റ് ഭിത്തികൾക്കും മുള്ളുകമ്പികൾക്കും റോഡ് തടസ്സങ്ങൾക്കും ഗണ്യമായ കുറവ് വന്നില്ല.
1990കളിലെ ആഭ്യന്തര യുദ്ധങ്ങളുടെ കെടുതികളടങ്ങുന്ന ഇരുണ്ട അധ്യായങ്ങളെയും കാബൂളിന്റെ വികസന ഘട്ടങ്ങളെയും ഒരുപോലെ സ്പർശിക്കുന്നുണ്ട് ‘ഷാഡോ സിറ്റി’. പുസ്തകത്തിന്റെ ദൃഷ്ടികേന്ദ്രം അതല്ലെങ്കിലും കാബൂളികളുടെ കഷ്ടപ്പാടുകളോട് ഖാൻ അന്ധത നടിക്കുന്നില്ല. “യുദ്ധം കാബൂളിലേക്ക് വന്നിട്ടില്ല. പോയിട്ടുമില്ല. അത് കുറയുകയും കൂടുകയുമാണ് ചെയ്യുന്നത്. ജനങ്ങൾ പഠിച്ചത് അതെല്ലാം അവരെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കാനാണ്” എന്ന് ഖാൻ ഒരിടത്ത് പരാമർശിക്കുന്നുണ്ട്.
പ്രതിസന്ധി റിപ്പോർട്ടർമാരുടെ നീർപോളകൾക്കപ്പുറത്ത് നിന്നുള്ള ചിന്തനീയവും ജിജ്ഞാസയുണർത്തുന്നതുമായ പ്രധാന സംഭാവനയാണ് ഖാന്റെ വിവരണം. ‘വയൽ’ എന്ന ‘സുൽത്താൻ ബച്ച’ കൊല്ലപ്പെട്ടു. മീർ ബച്ചയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. രണ്ടു സഹോദരന്മാർ വഴക്കിട്ടിരുന്ന വയൽ മറ്റുള്ളവർ ഏറ്റെടുത്തു”, എന്ന മൂന്നു വരി കഥയിലൂടെ ഷേർ സമാൻ തെയ്‌സി അഫ്ഗാനിസ്ഥാനെ രേഖപ്പെടുത്തിയെങ്കിൽ, അഫ്ഗാനിസ്ഥാൻ അതിലൊതുങ്ങുന്നില്ലെന്ന് പറയുകയാണ് ഈ പുസ്തകം. മാത്രവുമല്ല, തുറന്ന മനസ്സോടെയും കണ്ണുകളോടെയും സ്വതന്ത്രമായി നടക്കാനുള്ള ശ്രദ്ധാഞ്‌ജലിയായും ഷാഡോ സിറ്റിയെ വായിക്കാവുന്നതാണ്.