മറ്റൊരു അംബേഡ്കർ വായന സാധ്യമാണോ?

സവർണ്ണ ഉദാര വായനകളുടെയും, വ്യവസ്ഥാപിത മാർക്സിസ്റ്റ് ഇടപാടുകളുടെയും, ഭരണഘടനാ ശില്പി പോലുള്ള അധികാര വർഗ്ഗ പദാവലികളുടെയും മറ്റും ചുവരുകളിൽ നിന്നും കുതറി മാറി സ്വയം ഒരു റാഡിക്കലായി അംബേഡ്കർ പരിവർത്തനം ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഒരുപക്ഷേ ജീവിച്ചിരുന്നതിനേക്കാൾ അംബേഡ്‌കർ റാഡിക്കലാകുന്നത് പുതിയ കാലത്തെ കീഴാള യുവതയുടെ വായനകളിലും വീണ്ടെടുപ്പുകളിലുമാണെന്ന് തോന്നുന്നു. ശ്രുതീഷ് കണ്ണാടി എഴുതുന്നു.

അംബേദ്കറിന്റെ സോഷ്യൽഗ്രാഫിനെ കുറിച്ചുള്ള അന്വേഷണങ്ങൾ അതീവ രസകരമായ പല കണ്ടെത്തലുകളിലുമായിരിക്കും അവസാനിക്കുക എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കീഴാള- ജൈവ ബുദ്ധിജീവികളുടെ സാമൂഹിക പരിസരങ്ങളിൽ കാര്യമായ വ്യതിചലനങ്ങൾ സാധ്യമാവാറില്ലെങ്കിലും അവരുടെ സോഷ്യൽഗ്രാഫിനകത്തെ ഇടത്തിൽ തീർച്ചയായും തിരശ്ചീനമായതും കുത്തനെയുള്ളതുമായ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. സാമൂഹികവും സാംസ്കാരികവുമായ വൈവിധ്യങ്ങളുടെ, മേൽകീഴ് ബന്ധങ്ങളുടെ, അധികാര പ്രയോഗങ്ങളുടെ ഒരു ദേശീയതാ സങ്കൽപ്പം നിലനിൽക്കുന്ന രാജ്യമാണ് ഇൻഡ്യ എന്നത് കൊണ്ട് കൂടിയാണ് ജൈവബുദ്ധിജീവികളുടെ ഗ്രാഫിൽ‍ ഇത്തരം ചില മാറ്റങ്ങൾ സംഭവിക്കുന്നതെന്ന് തോന്നുന്നു. അതുകൊണ്ടാണ് ഒരു ‘ഐഡിയൽ’ രാഷ്ട്രീയ ജീവി എന്നതിനപ്പുറം നാനാ തരത്തിലുള്ള അംബേഡ്കർ വായനകൾ സാധ്യമാകുന്നതും.

അധികാര ബന്ധങ്ങളോട് നീക്കുപോക്കുകൾ സാധ്യമാക്കിയ, അതിനോട് കണിശമായും അനുരഞ്ജനപരമായും എതിരിട്ട ഒരു കീഴാള ശരീരം എന്ന പോപ്പുലർ നിർമ്മിതിയിൽ ഒതുങ്ങി നിൽക്കാതെ വ്യത്യസ്തതകളുടെ അനവധി അംബേഡ്‌കർ ശരീരങ്ങൾ നമുക്ക് വീണ്ടെടുക്കാന് കഴിയുന്നതും മറ്റൊന്നും കൊണ്ടല്ല.

സവർണ്ണ ഉദാര വായനകളുടെയും, വ്യവസ്ഥാപിത മാർക്സിസ്റ്റ് ഇടപാടുകളുടെയും, ഭരണഘടനാ ശില്പി പോലുള്ള അധികാര വർഗ്ഗ പദാവലികളുടെയും മറ്റും ചുവരുകളിൽ നിന്നും കുതറി മാറി സ്വയം ഒരു റാഡിക്കലായി അംബേഡ്കർ പരിവർത്തനം ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഒരുപക്ഷേ ജീവിച്ചിരുന്നതിനേക്കാൾ അംബേഡ്‌കർ റാഡിക്കലാകുന്നത് പുതിയ കാലത്തെ കീഴാള യുവതയുടെ വായനകളിലും വീണ്ടെടുപ്പുകളിലുമാണെന്ന് തോന്നുന്നു. അംബേഡ്കറിന്റെ റാഡിക്കൽ വായനകൾ ദേശരാഷ്ട്ര സങ്കൽപ്പങ്ങളെയും അധീശത്വ വ്യവഹാരങ്ങളെയും ഒരുപോലെ അസ്വസ്ഥമാക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. കീഴാള യുവത മുന്നോട്ട് വെക്കുന്ന അംബേഡ്കറൈറ്റ് രാഷ്ട്രീയം സവർണ്ണ- ഫാസിസ്റ്റ്- ഹിന്ദു ധാരകളോട് നേരിട്ടെതിരിടാൻ മാത്രം കരുത്തുള്ളതും സാമൂഹികമായ അപനിർമ്മാണങ്ങൾക്ക് ഊർജ്ജം പകരുന്നതുമാണ്. രോഹിതിനെ പോലുള്ള കീഴാള വിദ്യാർഥികളെ കൊന്നിട്ടും വീണ്ടും വേട്ടയാടിക്കൊണ്ടിരിക്കുന്നത് അവർ മുന്നോട്ടു വെച്ച റാഡിക്കലായ അംബേഡ്കർ എത്രത്തോളം അപകടകാരിയാണെന്ന് ഭരണകൂടം തിരിച്ചറിഞ്ഞത് കൊണ്ട് കൂടിയാണെന്ന് നാം മനസിലാക്കണം. അസമത്വങ്ങൾ അന്തർലീനമായ ഇൻഡ്യൻ ദേശരാഷ്ട്രത്തെ ചോദ്യം ചെയ്തും പുതിയ നിർവ്വചനങ്ങൾ നൽകിയും ദലിത്- ബഹുജൻ രാഷ്ട്രീയം പുതിയ സൈദ്ധാന്തിക അടിത്തറകൾ പണിതു തുടങ്ങിയിട്ടുണ്ട്.

അംബേഡ്കർ എന്ന നാമം അധികാര ബന്ധങ്ങളോട് മാത്രം ചേർത്തു വെച്ചു കൊണ്ട് ദേശീയതയുമായി കെട്ടുപിണഞ്ഞു കിടക്കുന്ന തരത്തിൽ പാഠപുസ്തക ആഖ്യാനങ്ങളിലൂടെ നിർമ്മിച്ചെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ഭരണകൂടങ്ങൾ കാലങ്ങളായി നടത്തി വരുന്നുണ്ട്. ജൈവബുദ്ധിജീവികളെയും അവർ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ-ആശയ മണ്ഡലത്തെയും വളരെയെളുപ്പം തളച്ചിടാൻ ഭരണകൂടങ്ങൾ പൊതുവെ സ്വീകരിക്കുന്ന ഒരു (കു)തന്ത്രമായി ഈ പാഠപുസ്തക രചനകൾ വിലയിരുത്തപ്പെടേണ്ടതുണ്ട്. അംബേഡ്കർക്ക് മേൽ‍ ചാർത്തി നൽകിയ ‘ഭരണഘടനാ ശില്പി’ പോലുള്ള അധികാര പദാവലികൾ അദ്ദേഹം മുന്നോട്ടു വെച്ച രാഷ്ട്രീയം, കീഴാള ആശയധാരകൾ, സാമൂഹിക- ജനാധിപത്യ വിപ്ലവ സങ്കൽപ്പങ്ങൾ തുടങ്ങിയ ഇടപാടുകളെ റദ്ദ് ചെയ്തു കൊണ്ട് അധികാര സ്ഥാപനങ്ങൾ നടത്തിയ ചില ‘ഉദാര’ നിലപാടുകളിൽ നിന്നും സംഭവിച്ചതായാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. എന്നാൽ അംബേഡ്കറൈറ്റ് ധാരയെ സ്ഥാപനവൽക്കരിക്കാൻ വേണ്ടി നടത്തിയ ഇത്തരം പാഠപുസ്തക വ്യാഖ്യാനങ്ങളെ വകഞ്ഞു മാറ്റി നവ- കീഴാള ബൗദ്ധിക മണ്ഡലത്തിലേക്ക് പ്രവേശിക്കാൻ പുതിയ കാലത്തെ അംബേഡ്‌കർ‍ വായനകൾക്ക് സാധ്യമായിട്ടുണ്ട്.

അതേസമയം തമിഴ് ദലിത് ഗ്രാമങ്ങളിലും മറ്റും ജീവിക്കുന്ന അംബേഡ്കർ ഇൻഡ്യൻ ദേശരാഷ്ട്രത്തിലെ പോപ്പുലർ രാഷ്ട്രീയത്തോടും കീഴാള ധാരകളോട് പോലും കലഹിച്ചു കൊണ്ട് നിലകൊള്ളുന്നതായി നമുക്ക് കാണാൻ സാധിക്കും. ഉപദേശീയ സങ്കല്പങ്ങളോടും ദ്രാവിഡ രാഷ്ട്രീയ ബോധ്യങ്ങളോടും നീക്കുപോക്കുകൾ നടത്തുകയും അതിനോട് ഐക്യദാർഢ്യപ്പെടുകയും ചെയ്യുന്ന അംബേഡ്കറെയാണ് തമിഴ് ദലിത് ജനത സാധ്യമാക്കുന്നത്. ഭരണകൂട- അധികാര സമവാക്യങ്ങളുടെ കുരുക്കിൽപ്പെടാത്ത സ്വതന്ത്ര വിമോചന നായകന്റെ സ്വരവും സ്ഥാനവുമാണ് അദേഹത്തിന് തമിഴ് മക്കൾ കൽപ്പിച്ചു കൊടുത്തിരിക്കുന്നത്.

ഭരണകൂട നിഷേധിയും സായുധ പോരാളിയുമായിരുന്ന വേലുപ്പിള്ള പ്രഭാകരനും അംബേഡ്കറും ഒന്നിച്ചു നിന്ന് രാഷ്ട്രീയം പറയുന്ന, അതിലൂടെ പുത്തൻ വിമോചന- ഉപദേശീയ സങ്കൽപ്പങ്ങൾ നിർമ്മിക്കുന്ന, വിഭിന്നതകളുടെ രാഷ്ട്രീയമാണ് തമിഴ് ദലിത് ഗ്രാമങ്ങൾ വ്യവസ്ഥാപിത അംബേഡ്‌കറൈറ്റ് രാഷ്ട്രീയത്തോട് സംവദിക്കാൻ ശ്രമിക്കുന്നത്.

സ്ഥാപനവൽക്കരിക്കപ്പെടുന്ന എന്തിനോടും കലഹിച്ചു കൊണ്ട് തന്നെയാണ് കീഴാള ആശയ മണ്ഡലം വികാസം പ്രാപിക്കുന്നത്. ആ അർത്ഥത്തിൽ‍ സ്ഥാപനവൽക്കരിക്കപ്പെടുന്ന അംബേഡ്കറൈറ്റ് രാഷ്ട്രീയത്തെ അപനിർമ്മിക്കുന്നതിലും റാഡിക്കലൈസ് ചെയ്യുന്നതിലും തമിഴ് രാഷ്ട്രീയത്തിന് അനിഷേധ്യമായ ഒരു പങ്കുണ്ട് എന്ന് വേണം കരുതാൻ.

ദേശം എന്ന ആശയത്തെ കുറിച്ചുള്ള ചോദ്യങ്ങളിലേക്കും അതിന്റെ അപകടങ്ങളിലേക്കും അംബേദ്‌കർ എപ്പോഴും വിരൽ ചൂണ്ടുന്നതായി കാണാം. അടിച്ചമർത്തലുകളും അപരവൽക്കരണങ്ങളും അതിനെതിരെയുള്ള ചെറുത്തുനിൽപ്പുകളിലുമൊക്കെയാണ് ‘ദേശം’ എന്നത് നിർവ്വചിക്കപ്പെടുന്നത്. കീഴാള- അപര ദേഹങ്ങളുടെ അനുഭവങ്ങളാണ് സത്യത്തിൽ‍ ദേശത്തിന് അതിരുകൾ പണിയുന്നതെന്നു തോന്നുന്നു. അപര ശരീരങ്ങൾ ഇല്ലായിരുന്നെങ്കിൽ‍ ഒരുപക്ഷേ ദേശം, ദേശീയത തുടങ്ങിയ സങ്കൽപ്പങ്ങൾ രൂപീകരിക്കാൻ സവർണ്ണ- ഭരണകൂടങ്ങൾക്ക് കഴിയുമായിരുന്നോ എന്നത് അചിന്തനീയമാണ്. ദേശരാഷ്ട്രത്തിന്റെ അടിസ്ഥാനം തന്നെ കീഴാള- അപരിഷ്കൃത ശരീരങ്ങളെ പുറന്തള്ളുക എന്നതാണല്ലോ. സവർണ്ണ ദേശീയ ഭരണകൂടങ്ങൾ‍ ഉൽപാദിപ്പിക്കുന്ന ഇത്തരം വംശീയ വിദ്വേഷങ്ങളെ ആശയപരമായി പ്രതിരോധിക്കാൻ ഒരു പരിധിവരെയെങ്കിലും നമുക്ക് കഴിയുന്നത് അംബേഡ്കർ ഒരു ബ്രാഹ്മണിക- ഭരണകൂട വിരുദ്ധൻ‍ കൂടിയായത് കൊണ്ടാണെന്ന് അംഗീകരിക്കേണ്ടതുണ്ട്. സ്ഥാപനവൽകൃത ഹിംസകളിലൂടെയാണ് ‘ദേശം’ നിലനിൽക്കുന്നത്. വയലൻസിനെ നോർമലൈസ് ചെയ്തും അധീശ വ്യവഹാരങ്ങളെ തന്ത്രപരമായി പ്രയോഗിച്ചും ദേശരാഷ്ട്ര സങ്കൽപ്പങ്ങളെ ഭരണകൂടം കൂടുതൽ‍ ശക്തിപ്പെടുത്തുന്നുണ്ട്. ഗാന്ധിയോട് തനിക്ക് ഒരു ‘മാതൃഭൂമി’ ഇല്ലെന്ന് അംബേഡ്കറിന് പറയേണ്ടി വരുന്നത് അപര ജനതയോട് ദേശം ഉദ്പാദിപ്പിക്കുന്ന ഇത്തരം ഹിംസയോടുള്ള നിഷേധത്തിന്റെ ഭാഗമായി കൂടെയാണ്.

ജാതികളാൽ നിർമ്മിതമായ, ശ്രേണീബദ്ധമായ അസമത്വം നിലനിൽക്കുന്ന ഇൻഡ്യൻ ദേശ രാഷ്ട്രത്തോട്‌ അംബേഡ്കർ പല ഘട്ടങ്ങളിലും കലഹിക്കുന്നതായി കാണാൻ‍ സാധിക്കും. ഇത്തരം കലഹങ്ങൾ ദേശത്തോടും, ദേശീയതയോടും, അധികാര ഘടനയോടും മാത്രമല്ല മറിച്ച് സൂക്ഷ്മതലത്തിൽ ജാതിയോടും ബ്രാഹമണിക വ്യവഹാരങ്ങളോടും കൂടെയാണെന്ന് മനസിലാക്കാവുന്നതാണ്. ഹൈന്ദവ ആശയമണ്ഡലം സ്ഥാപനവത്കരിക്കപ്പെടുമ്പോഴാണ് അത് കൂടുതൽ കരുത്താർജ്ജിക്കുന്നതും അപകടകരമാകുന്നതും. മനു- ഹിന്ദു വ്യവസ്ഥയെ ഇപ്രകാരം ഒളിച്ചു കടത്തി ബ്രാഹ്മണ താൽപര്യങ്ങൾ നടപ്പിൽ വരുത്തുന്നതിൽ ഇൻഡ്യൻ ഭരണകൂടങ്ങൾ‍ ശ്രദ്ധചെലുത്തിയിരുന്നു എന്ന് മാത്രമല്ല അപര ശരീരങ്ങൾക്ക് മേൽ അതിരുകൾ പണിത് സ്വന്തം ഇടങ്ങളെ ശുദ്ധീകരിച്ച് പരിപാലിക്കാനും അവർക്ക് സാധിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം.

അംബേഡ്‌കർ റാഡിക്കലാകുന്നത് വ്യവസ്ഥാപിത അധീശത്വ വ്യവഹാരങ്ങളെ ചോദ്യം ചെയ്തത് കൊണ്ട് മാത്രമല്ല മറിച്ച് അധികാരം എന്ന രൂപകം തന്നെ അടിസ്ഥാനപരമായി മർദ്ദക സ്വഭാവം ഉൾക്കൊള്ളുന്നത് കൊണ്ടാണെന്നും ആയതിനാൾ എല്ലാത്തരം അധികാര സ്ഥാപനങ്ങളും അപനിർമ്മിക്കപ്പെടേണ്ടതുണ്ട് എന്ന ജൈവീകമായ തിരിച്ചറിവുകൾക്കൊപ്പം നിലനിൽക്കാൻ‍ ശ്രമിച്ചു എന്നത് കൊണ്ട് കൂടെയാണ്. ജ്ഞാനോല്പാദനം എന്ന ബ്രാഹ്മണിക മണ്ഡലത്തിൽ‍ നിരന്തരം പ്രവേശിക്കാൻ ശ്രമിച്ചും അതിനെ ‘അശുദ്ധീ’കരിച്ചും, കീഴാള രാഷ്ട്രീയ ഉണർവ്വുകൾ‍ ദലിത്- ബഹുജൻ ജനതയ്ക്ക് പകർന്നു നൽകാൻ തന്റെ ജീവിതത്തിലുടനീളം അംബേഡ്കർ‍ ശ്രമിക്കുന്നതായി കാണാനാവും. പരമ്പരാഗാത വായനകളിലും ഇടപാടുകളിലും ഒതുക്കി നിർത്താൻ കഴിയുന്ന ഒരു വ്യാവഹാരിക മണ്ഡലത്തെയല്ല അംബേഡ്‌കർ ഒരിക്കലും പ്രതിനിധീകരിക്കുന്നത്.

സവർണ്ണ ആശയലോകത്തെ നിരന്തരം ചോദ്യം ചെയ്തും കീഴാള ആശയ ധാരകളെ പരിഷ്കരിച്ചും അനുദിനം ജ്ഞാനോല്പാദനം സാധ്യമാകുന്ന നവ രാഷ്ട്രീയ ലോകമാണ് അംബേഡ്കർ‍ ഉൾക്കൊള്ളുന്നത്.

ഭരണഘടന പോലും ചിലപ്പോഴൊക്കെ ഇത്തരം പരിഷ്കരണ സാധ്യതകൾ‍ മുന്നിൽക്കണ്ട്, അതിന് നിയമപരമായ സാധൂകരണം നൽകാനായും മറ്റും അദ്ദേഹം കരുതിയിരുന്ന ഒരു ആയുധമായിത്തന്നെ മനസിലാക്കാമെന്നു തോന്നുന്നു. അതിരുകൾ കൊണ്ട് ഇൻഡ്യ നിർമ്മിക്കപ്പെടുമ്പോൾ, കീഴാള ശരീരങ്ങളുടെ അതിരുകളില്ലാത്ത മറ്റൊരു ലോകവും അവരുടെ വിഭവങ്ങളും, അധികാര വികേന്ദ്രീകൃതമായ സംവിധാനങ്ങളും അംബേഡ്കർ ആഗ്രഹിച്ചിട്ടില്ലെന്ന് നമുക്ക് എങ്ങനെ പറയാനാവും! കാലോചിതമായി രൂപാന്തരം പ്രാപിക്കുന്ന ബഹുമുഖമായ ഒരു ആശയധാരയാണ് അംബേദ്‌കർ ഇവിടെ പടുത്തുയർത്തിയിട്ടുള്ളത്. നവീന രാഷ്ട്രീയ ഇടപെടലുകൾ സാധ്യമാക്കിയും, സാമൂഹികവും സാംസ്കാരികവുമായ വീണ്ടെടുപ്പുകൾ നടത്തിയും പുതുകീഴാള യുവത്വം ഈ ആശയധാരയെ വ്യത്യസ്തകളുടെ ബൗദ്ധിക ഇടങ്ങളിലേക്ക് പരിവർത്തനം ചെയ്യാൻ‍ ഇന്ന് ശക്തി നേടിക്കഴിഞ്ഞിട്ടുണ്ട്. രോഹിതും അനിതയുമെല്ലാം ഈ പരിവർത്തന പ്രക്രിയകളിൽ‍ സ്വയം ത്യജിച്ച് പിന്നാലെ വന്ന കീഴാള യുവതയ്ക്ക് രാഷ്ട്രീയ ഊർജ്ജം പകർന്നു നൽകിയവരാണ്. അവരുടെ രാഷ്ട്രീയ വീണ്ടെടുപ്പുകളിലൂടെ, ഇടപാടുകളിലൂടെ ഇനിയും സാധ്യമായിട്ടില്ലാത്ത മറ്റു പല അംബേഡ്‌കർ വായനകളും സംഭവിക്കുമെന്ന് നമുക്ക് കരുതാം.

Top