പ്രദീപൻ പാമ്പിരിക്കുന്നിനെ സുനിൽ പി ഇളയിടം ‘എഡിറ്റു’ ചെയ്യുമ്പോൾ: ദലിത് ചിന്തയും നൈതികതയും
രണ്ടു ദാര്‍ശനിക തലങ്ങള്‍, രണ്ടു വ്യവഹാര മണ്ഡലങ്ങള്‍, രണ്ടു സാംസ്കാരിക ഇടങ്ങള്‍ എന്നിവ തമ്മില്‍ നടക്കുന്ന ചരിത്രപരമായ കലഹങ്ങളുടെയും അനീതിയുടെയും തുടര്‍ച്ചയില്‍ നിന്നാണ് ഈ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നത്. ദലിത് വിജ്ഞാന മണ്ഡലത്തോട് സാഹിത്യ അക്കാദമി ഉള്‍പ്പെടെയുള്ള ഭരണകൂട സ്ഥാപനങ്ങളും പൊതു വ്യവഹാരങ്ങളും നടത്തുന്ന ആധിപത്യ രക്ഷാധികാര സ്വഭാവത്തില്‍ നിന്നും സംഭവിക്കുന്ന ഇത്തരം തെരഞ്ഞെടുപ്പുകളിലെ ‘സ്വാഭാവികത’ ഒട്ടും നിഷ്കളങ്കമായി കാണാവുന്ന ഇടപാടുകളല്ല. ശ്രുതീഷ് കണ്ണാടി എഴുതുന്നു.
സാമൂഹികവും സാംസ്കാരികവുമായ നിരവധി സംഘർഷങ്ങളെ നേരിട്ടും അതിജീവിച്ചുമാണ് ഇൻഡ്യയിലെ ദലിത് വൈജ്ഞാനിക മണ്ഡലം രൂപം കൊണ്ടിട്ടുള്ളത്. അധീശ സാംസ്കാരിക യുക്തിയോടു മല്ലിട്ടു കൊണ്ട് സാമൂഹിക ബോധ്യങ്ങളെ സിദ്ധാന്തവത്കരിച്ച് പുതിയൊരു വിജ്ഞാന ശാസ്ത്രം നിർമിക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് ദലിത് രാഷ്ട്രീയ വ്യവഹാരങ്ങൾ സാധ്യമാക്കുന്നത്.
കേരളീയ സാംസ്കാരിക ചരിത്രത്തിന്‍റെ നിര്‍മിതിയും ജ്ഞാനോല്‍പാദനവും വരേണ്യ-മാര്‍ക്സിസ്റ്റ് ചിന്തകരിലൂടെയും എഴുത്തുകാരിലൂടെയും രൂപപ്പെട്ടിരിക്കുന്ന സാമൂഹ്യ പ്രക്രിയയാണ്. സാംസ്കാരിക അധീശത്വത്തിന്‍റെ പുനര്‍നിര്‍മിതികളാണ് ഇത്തരം ഇടപാടുകളിലൂടെ കേരളീയ പൊതുമണ്ഡലത്തില്‍ ചരിത്രപരമായി സംഭവിച്ചതും, ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നതും. എന്നാല്‍ ഈ വ്യവസ്ഥാപിത കാഴ്ചകളില്‍ നിന്നു മാറി നടന്നുകൊണ്ട് മലയാളി ദേശീയ വ്യവഹാരത്തിന് അപരിചിതമായ ദാര്‍ശനിക ബോധവും ജ്ഞാനമണ്ഡലങ്ങളും പരിചയപ്പെടുത്തിയ വളരെ ചുരുക്കം ബുദ്ധിജീവികളില്‍ ശ്രദ്ധേയനായ വ്യക്തിത്വമാണ് ‘പ്രദീപന്‍ പാമ്പിരിക്കുന്ന്’.
കേരളത്തിലെ വരേണ്യ-ഇടതുപക്ഷ സാംസ്കാരിക മണ്ഡലത്തിനു പുറത്തു നിന്നുകൊണ്ട് ദലിത് സൗന്ദര്യ ശാസ്ത്രത്തെ അടയാളപ്പെടുത്തുന്ന മറ്റൊരു ലോകം സൈദ്ധാന്തികമായി പടുത്തുയര്‍ത്തിയതില്‍ അതുല്യമായ സംഭാവനയാണ് ‘പ്രദീപന്‍ പാമ്പിരിക്കുന്ന്’ എന്ന ധിഷണാശാലി നല്‍കിയിട്ടുള്ളത്. അത്തരമൊരു ബുദ്ധിജീവിയുടെ ലേഖനങ്ങളും പഠനങ്ങളും ഉള്‍ക്കൊള്ളുന്ന ബൃഹദ് സമാഹാരം എഡിറ്റു ചെയ്ത് ആമുഖമെഴുതാന്‍ വ്യവസ്ഥാപിത വരേണ്യ കാഴ്ചകളുടെ ഉൽപാദകരായ സാംസ്കാരിക നായകരെ ഏൽപ്പിക്കുന്നതു വഴി ‘കേരള സാഹിത്യ അക്കാദമിയുടെ’ നൈതികതയെ തന്നെയാണ് പ്രാഥമികമായും നാം ഇവിടെ പ്രശ്നവത്കരിക്കുന്നത്. ഇവിടെ സമാഹര്‍ത്താക്കളായ സുനില്‍ പി ഇളയിടത്തിന്‍റെയും കെ. എം. അനിലിന്‍റെയും അക്കാദമിക ജ്ഞാനത്തിലുള്ള ആശങ്കയല്ല നാം ഉന്നയിക്കുന്ന വിമര്‍ശനത്തിന്‍റെ അടിസ്ഥാനം. പ്രദീപന്‍ പാമ്പിരിക്കുന്നിന്‍റെ പുസ്തകം എഡിറ്റു ചെയ്യാനും ആമുഖമെഴുതാനുമുള്ള അവരുടെ യോഗ്യതയുമല്ല (Merit) ഇവിടെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നത്. മാത്രവുമല്ല പ്രദീപന്‍ പാമ്പിരിക്കുന്നിന്‍റെ വീട്ടുകാര്‍ നല്‍കുന്ന അനുമതിയുള്ള ആര്‍ക്കും ആ പുസ്തകം എഡിറ്റു ചെയ്യാന്‍ സാധിക്കുമെന്ന നിയമപരമായ അവകാശത്തിന്റെ പ്രശ്നവുമുണ്ട്.
എന്നാല്‍ ചരിത്രപരമായി ദലിത് വൈജ്ഞാനിക മേഖലയെ ഏറ്റെടുത്ത് ഇല്ലാതാക്കുകയോ സമതുലിതമാക്കുകയോ ചെയ്യുന്ന സവര്‍ണ വ്യവഹാര മണ്ഡലത്തിന്‍റെ തുടര്‍ പ്രക്രിയയിലാണ് പ്രദീപന്‍ പാമ്പിരിക്കുന്നിന്‍റെ എഴുത്തുകളും ചെന്നവസാനിക്കാന്‍ പോവുന്നതെന്ന ആശങ്കയില്‍ നിന്നും, അതിലെ നീതികേടില്‍ നിന്നുമാണ് പുസ്തകത്തോടുള്ള വിമര്‍ശനം ഉയര്‍ന്നു വരുന്നത്. ശക്തനായ ദാര്‍ശനികനും ധിഷണാശാലിയുമായ പ്രദീപന്‍റെ എഴുത്തുകളെ തീര്‍ത്തും വിപരീത ജ്ഞാനമണ്ഡലത്തിന്‍റെ ഉൽപാദകരായവര്‍ എഡിറ്റു ചെയ്ത് പരിചയപ്പെടുത്തുന്നതിലും, ആ ഉത്തരവാദിത്തം അവരെ ഏൽപ്പിക്കുന്ന അക്കാദമിയുടെ നിലപാടിലുള്ള നൈതികതയുടെ വിഷയവുമാണ് ഇവിടെ പ്രശ്നവത്ക്കരിക്കാന്‍ ശ്രമിക്കുന്നത്.
‘കേരള സാഹിത്യ അക്കാദമി’ പോലെ ജനങ്ങളുടെ നികുതി പണം കൊണ്ടു പ്രവര്‍ത്തിക്കുന്ന ഭരണകൂട സ്ഥാപനത്തിന് ദലിത് വൈജ്ഞാനിക മേഖലയോടുള്ള സമീപനത്തിന്‍റെയും ഏറ്റെടുക്കലിന്‍റെയും പ്രശ്നം ഇവിടെ കൃത്യമായും തെളിഞ്ഞു കിടക്കുന്നുണ്ട്. പൊതുസ്ഥാപനങ്ങള്‍, പൊതുവിടങ്ങള്‍ എന്നീ നിര്‍മിതികളിലെ സവര്‍ണാധിപത്യവും അപര സമൂഹങ്ങളോടുള്ള തിരസ്കരണവും ‘സാഹിത്യ അക്കാദമി’ പോലുള്ള ഇടങ്ങളിൽ ഘടനാപരമായി നിലനില്‍ക്കുന്നുണ്ട് എന്ന യാഥാർഥ്യബോധത്തോടെയുള്ള സമീപനമാണ് ഇവിടെ ആവശ്യമായി വരുന്നത്. അഥവാ, എഡിറ്ററായുള്ള ‘ഇളയിടത്തിന്‍റെ’ തെരഞ്ഞെടുപ്പ് നാം കരുതുന്ന സ്വാഭാവികതകള്‍ക്കപ്പുറം സാമൂഹ്യവും സാംസ്കാരികവുമായ അധികാര ഘടനയുടെ പുനരുല്‍പാദനത്തിന്‍റെ ഭാഗമായി തന്നെ സംഭവിച്ചിട്ടുള്ളതാണ്. കേരളത്തിലെ സാമൂഹിക-സാഹിത്യ മാര്‍ക്സിസ്റ്റ് അധികാര ഘടനയോടു നടത്തിയ നിരവധി സംഘര്‍ഷങ്ങളിലൂടെ സ്വതന്ത്രമായി വികസിച്ചു വന്ന ദലിത് വൈജ്ഞാനിക മണ്ഡലത്തെ പൂര്‍ണമായും തിരസ്കരിച്ചു കൊണ്ട്, ആ ഇടത്തില്‍ നിന്നും ഒരു എഡിറ്ററെ പരിഗണിക്കാതെ അക്കാദമി ഇറക്കുന്ന പുസ്തകം സവര്‍ണാധിപത്യത്തിന്‍റെ തുടര്‍ ചരിത്രത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ദലിത് വൈജ്ഞാനിക മണ്ഡലത്തിലെ സുപ്രധാന വ്യക്തിത്വവും ചിന്തകനുമായ പ്രദീപന്‍ പാമ്പിരിക്കുന്നിനെ പോലൊരു വ്യക്തിയെ സമീപിക്കുമ്പോള്‍ അക്കാദമി പോലുള്ള ഒരു ഭരണകൂട സ്ഥാപനം പാലിക്കേണ്ട നൈതികത (Ethics) തന്നെയാണ് ഇവിടെ പ്രശ്നവത്കരിക്കപ്പെടുന്നത്.
സിദ്ധാന്തങ്ങളിലെ അനുഭവവും ധാര്‍മികതയും (Experience and the Ethics of Theory) സംബന്ധിച്ച് ഗോപാല്‍ ഗുരു മുന്നോട്ടു വെച്ച നിരീക്ഷണങ്ങള്‍ പ്രസക്തമാകുന്നത് ഈ ഘട്ടത്തിലാണെന്നു തോന്നുന്നു. ഇൻഡ്യൻ സാമൂഹ്യശാസ്ത്ര പഠനം ഉൽപാദിപ്പിച്ചിട്ടുള്ള സാംസ്കാരിക വിവേചനത്തെ ‘തിയററ്റിക്കൽ ബ്രാഹ്മിൺസ് (Theoretical Brahmins) എന്നും ‘എമ്പയറിക്കല്‍ ശൂദ്രര്‍’ (Empirical Shudras) എന്നുമാണ് ഗുരു അടയാളപ്പെടുത്തുന്നത് (Gopal Guru, 2002). ദലിത് വൈജ്ഞാനിക ശാസ്ത്രത്തിന് (Dalit Epistemology) പ്രദീപന്‍ നല്‍കിയ സൈദ്ധാന്തിക സംഭാവനകള്‍ക്കു മുകളില്‍ ‘ഇളയിടത്തെ’ പ്രതിഷ്ഠിച്ചു കൊണ്ട്, ഇത്തരം സാംസ്കാരിക വിവേചനത്തിന്‍റെയും അധികാര ഘടനയുടെയും പുനരുല്‍പാദനമാണ് സാഹിത്യ അക്കാദമി വാസ്തവത്തില്‍ നടത്തുന്നതെന്നു കാണാം.
മുന്‍പ് അംബേഡ്കറിന്റെ ‘ജാതി നിര്‍മൂലനവുമായി’ ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചകളില്‍ ദലിത് വൈജ്ഞാനിക മണ്ഡലത്തെ സമീപിക്കുന്നതില്‍ അരുന്ധതി റോയി വിട്ടുപോയ സിദ്ധാന്തവത്കരണത്തിലെ നൈതികതയും അതിലെ സവര്‍ണ ഭാവനകളും നിശിതമായി ദലിത് പക്ഷത്തു നിന്നു വിമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ്. അംബേഡ്കറിന്റെ ഏറ്റവും ശക്തമായ ഗ്രന്ഥം (text) എന്നു കരുതപ്പെടുന്ന ‘ജാതി നിര്‍മൂലനത്തിന്’ ആമുഖമൊരുക്കി അതിന്‍റെ രക്ഷാകർതൃത്വം ഏറ്റെടുക്കുന്നതിലെ നീതികേടിന് ഇൻഡ്യയില്‍ ബ്രാഹ്മണാധിപത്യം സ്ഥാപിക്കപ്പെട്ട കാലം മുതലുള്ള ഹിംസയുടെ ചരിത്രമുണ്ട്.
ജാതി എന്ന സ്ഥാപനവത്കൃത സംവിധാനത്തെ തകര്‍ത്തു കളയാന്‍ രീതിശാസ്ത്രപരമായി എങ്ങനെ സമീപിക്കാമെന്ന് അംബേഡ്കര്‍ സംവദിക്കുമ്പോള്‍, അതിനെ ഗാന്ധിയുടെ രാമരാജ്യ സങ്കൽപവുമായി താരതമ്യം ചെയ്ത് ഒരു സമീകരണ യുക്തിയായി അവതരിപ്പിക്കാനാണ് അരുന്ധതി ശ്രമിച്ചതെന്ന് അനു രാമദാസ് നിരീക്ഷിക്കുന്നുണ്ട് (Hatred in the Belly, 2016).
ബ്രാഹ്മണാധിപത്യത്തെയും പുരാണങ്ങളെയും അതുൽപാദിപ്പിക്കുന്ന അപര വിദ്വേഷത്തെയും പ്രശ്നവത്കരിക്കുന്ന ഒരു പുസ്തകത്തെ രാമരാജ്യവുമായി ഉപമിക്കുന്ന അരുന്ധതിയുടെ നിലപാടു തന്നെ അംബേഡ്കര്‍ നിര്‍മിക്കാന്‍ ശ്രമിച്ച വിജ്ഞാന ശാസ്ത്രത്തെയും ജാതി വിരുദ്ധ വ്യവഹാരങ്ങളെയും റദ്ദ് ചെയ്തു കളയുന്നതാണ്. ഇവിടെ രാമന്‍റെ മറുവായനകള്‍ നടത്താന്‍ ശ്രമിച്ച് ഹൈന്ദവ വരേണ്യതക്ക് പൊതു വ്യവഹാര മണ്ഡലങ്ങളില്‍ സ്വീകാര്യത നല്‍കാന്‍ ശ്രമിക്കുന്ന ഇളയിടവും പ്രദീപന്‍ പറയാന്‍ ശ്രമിച്ചിട്ടുള്ള സ്വതന്ത്ര ദലിത് രാഷ്ട്രീയ വ്യവഹാരത്തെ അപകടപ്പെടുത്താന്‍ കാരണമാകുമെന്ന് ആരെങ്കിലും ആശങ്കപ്പെട്ടാല്‍ ഒട്ടും അസ്ഥാനത്താണെന്നു കരുതാനാവില്ല. എഴുതപ്പെടാത്തതും ചിതറിക്കപ്പെട്ടതുമായ ചരിത്രത്തെ വീണ്ടെടുത്ത് പുതിയ ആശയലോകം ദലിത് സൈദ്ധാന്തികര്‍ നിര്‍മിക്കാന്‍ ശ്രമിക്കുമ്പോളെല്ലാം ബ്രാഹ്മണ്യ മൂല്യ വ്യവസ്ഥ അതിനെ അപഹരിക്കുന്നത് ഇൻഡ്യന്‍ സാഹിത്യ ലോകത്ത് ദൃശ്യമായും അദൃശ്യമായും തുടര്‍ന്നു കൊണ്ടിരിക്കുന്ന സവിശേഷ സാമൂഹ്യ പ്രക്രിയയാണ്. പുരോഗമന, ലിബറല്‍, ആവിഷ്കാര സ്വാതന്ത്ര്യ നിര്‍മിതികള്‍ കൊണ്ടാണ് ഇത്തരം ഏറ്റെടുക്കലുകള്‍ പലപ്പോഴും നീതീകരിക്കപ്പെടാറുള്ളത്.
ഇൻഡ്യൻ സാമൂഹിക ശാസ്ത്ര പഠനങ്ങള്‍ക്ക് ബദല്‍ കാഴ്ച്ച സമ്മാനിക്കാന്‍ ദലിത് വ്യവഹാരങ്ങള്‍ക്കു കഴിയണമെന്ന് ഗോപാല്‍ ഗുരു പറയുന്നതും ഇത്തരം ഏറ്റെടുക്കല്‍ രാഷ്ട്രീയത്തോടുള്ള വിമര്‍ശനത്തിന്‍റെ ഭാഗമായി തന്നെയാവണം. സാമൂഹിക സിദ്ധാന്തങ്ങളും ദലിത് അനുഭവങ്ങളും തമ്മിലുള്ള വടംവലികളെ ഇൻഡ്യന്‍ സാമൂഹ്യ ശാസ്ത്രത്തിന്‍റെ ഒത്ത നടുവില്‍ നിന്ന് കൊണ്ടു തന്നെ വിലയിരുത്തേണ്ടതുണ്ടെന്നും ഗുരു നിരീക്ഷിച്ചത് ദലിത് വൈജ്ഞാനിക മണ്ഡലത്തിനു മുകളില്‍ അധീശ സാംസ്കാരിക ഇടപെടലുകള്‍ സ്ഥാപിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയില്‍ നിന്നാകുമെന്നാണ് കരുതുന്നത്.
ദലിത് ജനതയെ സംബന്ധിച്ചിടത്തോളം സിദ്ധാന്തവത്കരണം എന്നത് ഒരു സാമൂഹിക ഉത്തരവാദിത്തവും ഒപ്പം അനുഭവ പരിസരങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് സ്വന്തം കര്‍തൃത്വം പുന:സ്ഥാപിക്കാനുള്ള രാഷ്ട്രീയ പ്രക്രിയയുമാണ്. ഗുരുവിന്‍റെ നിരീക്ഷണത്തില്‍ ദലിതെഴുത്തുകളെ അദലിതര്‍ പ്രതിനിധീകരിക്കാന്‍ ശ്രമിക്കുന്നത് ഒരു രക്ഷാധികാര സ്വഭാവത്തിന്‍റെ ഉൽപാദനത്തിനാണു കാരണമാകുന്നത്. ദലിത് അനുഭവങ്ങള്‍ക്കു പുറത്തു നില്‍ക്കുന്ന ഇത്തരം പ്രതിനിധാനങ്ങള്‍ പലപ്പോഴും സിദ്ധാന്തങ്ങള്‍ നിര്‍മിക്കാനുള്ള പാര്‍ശ്വവൽകൃത സമൂഹങ്ങളുടെ ബൗദ്ധിക ശേഷിയെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത് (Cracked Mirror, 2012).
തത്ത്വചിന്താപരമായും സിദ്ധാന്തപരമായും ദലിത് വ്യവഹാരങ്ങളെ അടയാളപ്പെടുത്തുന്നതില്‍ ഇൻഡ്യയിലെ പ്രതിനിധാന രാഷ്ട്രീയ സംവാദങ്ങള്‍ പരാജയപ്പെട്ടുകൊണ്ടിരുന്നതു സംബന്ധിച്ച ആശങ്കകള്‍ ഗുരുവിന്‍റെ എഴുത്തുകളില്‍ നിന്നു നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കുന്നതാണ്. ഇൻഡ്യന്‍ സാമൂഹ്യ ശാസ്ത്രം സംബന്ധിച്ച ഗോപാല്‍ ഗുരുവിന്‍റെ ഇത്തരം നിരീക്ഷണങ്ങള്‍ക്കു പിന്നീട് ‘പാർഥ ചാറ്റര്‍ജി’ മറുപടി എഴുതുകയും അതിനു ശേഷം ഈ ചര്‍ച്ചകളിലേക്ക് ‘സുന്ദര്‍ സറുക്കൈ’ കൂടെ കടന്നുവരുകയും ചെയ്തു. ഗൗരവതരമായ ആ ചര്‍ച്ച ഒടുവില്‍ ഗുരുവും സറുക്കൈയും തമ്മില്‍ നടന്ന സംവാദ ലേഖനങ്ങളുടെ സമാഹാരമായി ‘ദ ക്രാക്കഡ് മിറര്‍’ എന്ന പേരില്‍ 2012ല്‍ പ്രസിദ്ധീകരിക്കപ്പെടുകയുമുണ്ടായി. അഥവാ, ദലിത് വൈജ്ഞാനിക മണ്ഡലത്തെ സവർണര്‍ കൈകാര്യം ചെയ്യുന്നതിലെയും ഏറ്റെടുക്കുന്നതിലെയും രാഷ്ട്രീയ-ധാര്‍മിക പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കാനുള്ള ശ്രമങ്ങളും സംവാദങ്ങളും ഇൻഡ്യയില്‍ പല സന്ദര്‍ഭങ്ങളിലായി നടന്നിട്ടുള്ളതാണ്. കുറച്ചുകൂടെ വ്യക്തമാക്കിയാല്‍ പ്രദീപന്‍ പാമ്പിരിക്കുന്നിന്‍റെ പുസ്തകവുമായി ബന്ധപ്പെട്ടു മാത്രം ചരിത്രത്തില്‍ ആദ്യമായി ഉയര്‍ന്നു വന്ന വിമര്‍ശനമല്ല ഇതെന്നു ചുരുക്കം. ഈ രീതിയില്‍ വളരെ വിശാലവും ശക്തവുമായ സംവാദ മണ്ഡലത്തില്‍ നിന്നു കൊണ്ട് നിര്‍മിക്കപ്പെട്ട ഇൻഡ്യയിലെ ദലിത് വൈജ്ഞാനിക ലോകത്തെയും രാഷ്ട്രീയ വ്യവഹാരങ്ങളെയും കുറിച്ച് അജ്ഞരായ വ്യക്തികളാണ് സുനില്‍ പി ഇളയിടവും കെ. എം. അനിലും എന്ന് എന്തായാലും കരുതാന്‍ സാധിക്കുന്നതല്ല. എന്നിട്ടും എന്തു കൊണ്ടാവും ഇത്തരം സംവാദങ്ങളെയും അതിലെ നൈതിക പ്രശ്നങ്ങളെയും പുസ്തകത്തിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അവര്‍ക്കു പരിഗണിക്കാന്‍ കഴിയാതെ പോയത്?
കേരളത്തിന്‍റെ സാംസ്കാരിക-സാഹിത്യ മേഖലയില്‍ ഇത്തരം ദലിത് സംവാദങ്ങളൊന്നും ബാധകമല്ലെന്നും, ദലിത് വൈജ്ഞാനിക സമര ചരിത്രത്തിന്‍റെ പുറത്താണു തങ്ങളെന്നും കേരള സാഹിത്യ അക്കാദമി മുതല്‍ സുനില്‍ പി ഇളയിടം വരെയുള്ളവര്‍ കരുതുന്നുവെങ്കില്‍, ആ അധീശ ബോധം നിര്‍ബന്ധമായും തകര്‍ക്കപ്പെടേണ്ടതുണ്ട്. ദലിത് വൈജ്ഞാനിക മേഖലയുടെ പ്രശ്ന മണ്ഡലത്തില്‍ നിന്നു കൊണ്ടു തന്നെ ഇത്തരം സമീപനങ്ങള്‍ വിലയിരുത്തപ്പെടുക എന്നത് സുന്ദര്‍ സറുക്കൈ പറയുന്ന സിദ്ധാന്തവത്കരണത്തിലെ ധാര്‍മികതയുമായി (Ethics of Theorizing) ബന്ധപ്പെട്ടു കിടക്കുന്ന കാര്യങ്ങളാണ്. ഇവിടെ സുനില്‍ പി ഇളയിടവും, കെ. എം. അനിലും ചേര്‍ന്ന് പ്രദീപന്‍ പാമ്പിരിക്കുന്നിനെ എഡിറ്റു ചെയ്യുന്നതിലെ യുക്തിയല്ല പ്രശ്നവത്കരിക്കപ്പെടുന്നത്, മറിച്ച് നമ്മുടെ ചോദ്യങ്ങളെല്ലാം ഗുരു പറഞ്ഞതു പോലെ തികച്ചും നൈതികതയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതായത് കാലങ്ങളായി മാറ്റി നിര്‍ത്തപ്പെടുകയും ബഹിഷ്കരിക്കപ്പെടുകയും അദൃശ്യമാക്കപ്പെടുകയും ചെയ്തൊരു വ്യവഹാര മണ്ഡലം മുന്നോട്ടു വരുമ്പോള്‍ സാമൂഹികമായ സവിശേഷാധികാരം കൈയ്യാളുന്ന വ്യക്തികള്‍/സമൂഹങ്ങള്‍ പുലര്‍ത്തേണ്ട നൈതികതയെ കുറിച്ചാണ് സംസാരിക്കുന്നത്.
എന്തുകൊണ്ട് ചില അവസരങ്ങള്‍ തങ്ങള്‍ക്കു കൂടുതലായി ലഭിക്കുന്നുവെന്നും, എന്തുകൊണ്ട് തങ്ങള്‍ മാത്രം വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നുവെന്നും അധികാര വ്യവസ്ഥയുടെ ഭാഗമായ വ്യക്തികള്‍/സമൂഹങ്ങള്‍ പുനര്‍വിചിന്തനം നടത്തണമെന്നാണ് ഗോപാല്‍ ഗുരു പ്രധാനമായും പറഞ്ഞുവെക്കുന്നത്. എന്നാല്‍ ഇത്തരം നൈതികത ഇളയിടത്തിന്‍റെയോ അനിലിന്‍റെയോ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്നു മാത്രമല്ല ദേശീയ തലത്തില്‍ നടന്നിട്ടുള്ള ചരിത്രപരമായ ദലിത് സംവാദങ്ങളുടെ ബോധപൂര്‍വ്വമായ തിരസ്കരണം കൂടെയാണ് ഇവര്‍ നടത്തിയിട്ടുള്ളതെന്ന് കാണാം.
രണ്ടു ദാര്‍ശനിക തലങ്ങള്‍, രണ്ടു വ്യവഹാര മണ്ഡലങ്ങള്‍, രണ്ടു സാംസ്കാരിക ഇടങ്ങള്‍ എന്നിവ തമ്മില്‍ നടക്കുന്ന ചരിത്രപരമായ കലഹങ്ങളുടെയും അനീതിയുടെയും തുടര്‍ച്ചയില്‍ നിന്നാണ് ഈ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നത്. ദലിത് വിജ്ഞാന മണ്ഡലത്തോട് സാഹിത്യ അക്കാദമി ഉള്‍പ്പെടെയുള്ള ഭരണകൂട സ്ഥാപനങ്ങളും പൊതു വ്യവഹാരങ്ങളും നടത്തുന്ന ആധിപത്യ രക്ഷാധികാര സ്വഭാവത്തില്‍ നിന്നും സംഭവിക്കുന്ന ഇത്തരം തെരഞ്ഞെടുപ്പുകളിലെ ‘സ്വാഭാവികത’ ഒട്ടും നിഷ്കളങ്കമായി കാണാവുന്ന ഇടപാടുകളല്ല. ആധിപത്യ സാമൂഹിക ഘടനയുടെ ഉൽപാദകരുടെ പക്ഷത്തു നില്‍ക്കുകയും, അതിലെ ജാതിയുടെ സങ്കീര്‍ണതകളെ സൈദ്ധാന്തികമായി പ്രശ്നവത്കരിക്കാന്‍ തയ്യാറാവുകയും ചെയ്യാത്ത ഇളയിടത്തെ പോലൊരു വ്യക്തി മറ്റൊരു വിജ്ഞാന ശാഖയുടെ സമാഹര്‍ത്താവായി മാറുന്നത്, ജാതിയെ സ്പര്‍ശിക്കാതെ പുരോഗമന രാഷ്ട്രീയത്തിന്‍റെ ഭാഗമാകാന്‍ സാധിക്കുന്ന സാംസ്കാരികമായ സവിശേഷാധികാരം അദ്ദേഹത്തിനു ലഭ്യമായത് കൊണ്ടു മാത്രമാണ്. വ്യവസ്ഥാപിത സാംസ്കാരിക കാഴ്ച്ചകളില്‍ നിന്നു മാറി നടന്നത് കൊണ്ടും, മാര്‍ക്സിയന്‍ ചിന്തകളില്‍ നിന്നു വേറിട്ടു കൊണ്ട് ദലിത് സ്വത്വബോധത്തില്‍ അധിഷ്ഠിതമായ ചിന്താധാരകളോട് ഇടപെടാന്‍ ശ്രമിച്ചതിനാലും പ്രദീപന്‍ ‘വഴിതെറ്റി’ പോയതായി ആശങ്കപ്പെട്ട കേരളീയ ഇടതുപക്ഷ സാംസ്കാരിക ബോധത്തെ പ്രതിനിധീകരിക്കുന്നവര്‍ അദ്ദേഹത്തെ എഡിറ്റു ചെയ്ത് ആമുഖമെഴുതി അവതരിപ്പിക്കുന്നതില്‍ ഹിംസയുടെ വലിയ ചരിത്രം തന്നെയുണ്ട്.