കാമ്പസുകളിലെ സമരങ്ങളും അപര ജീവിതങ്ങളും
ഘടനാപരമായി തന്നെ മര്‍ദ്ദക സ്വഭാവം കാത്തുസൂക്ഷിക്കുന്ന അധികാര സ്ഥാപനങ്ങളായ സർവകലാശാലാ കാമ്പസുകള്‍ നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥിതിയുടെ ഒരു മിനിയേച്ചര്‍ പകര്‍പ്പായി കരുതാവുന്നതാണ്. സെക്കുലര്‍ വ്യവഹാരങ്ങളുടെ ചിഹ്നങ്ങളായി ‘പുരോഗമന’ രാഷ്ട്രീയ സമൂഹം പൊതുവേ ഉയര്‍ത്തി കാണിക്കാറുള്ള ഇത്തരം ഇടങ്ങള്‍ സത്യത്തില്‍ നിരവധി ജാതി മതിലുകള്‍ കൊണ്ട് പടുത്തുയര്‍ത്തി കീഴാള ശരീരങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്കുകള്‍ തീര്‍ക്കുന്ന ബ്രാഹ്മണ മേധാവിത്വത്തെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. ശ്രുതീഷ് കണ്ണാടി എഴുതുന്നു.
പ്രക്ഷുബ്ധമാകുന്ന ഇൻഡ്യന്‍ കാമ്പസുകള്‍ എന്നത് എല്ലാക്കാലത്തും ഇടത്-പുരോഗമന-ലിബറല്‍ രാഷ്ട്രീയ ധാരയുടെ കാൽപനിക ആശയ മണ്ഡലത്തില്‍ ചുറ്റിത്തിരിയുന്ന ഒരു സങ്കൽപമാണ്. ലോക രാഷ്ട്രീയത്തില്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ നടത്തിയ ചലനങ്ങള്‍ അംഗീകരിക്കുമ്പോള്‍ തന്നെ ജാതിയാല്‍ നിര്‍മിക്കപ്പെട്ട ഇൻഡ്യന്‍ സാമൂഹിക പരിതസ്ഥിതിയില്‍ കാമ്പസുകളുടെ രാഷ്ട്രീയ വ്യവഹാരം കുറേക്കൂടെ വിമര്‍ശനാത്മകമായി സമീപിക്കേണ്ട വിഷയമായി തന്നെ നിലനില്‍ക്കുന്നു. പ്രാദേശികമായ വ്യത്യസ്തതകളും, സാംസ്കാരിക വൈവിധ്യങ്ങളും, ഉപദേശീയ വ്യവഹാരങ്ങളും സജീവമായ ഇൻഡ്യയുടെ പൊതു മണ്ഡലത്തില്‍ ജാതി-വംശീയ ബോധങ്ങളാല്‍ ഐക്യപ്പെടുന്ന വിവിധ അധീശ സാമൂഹിക ക്രമങ്ങളുടെ നേര്‍ക്കാഴ്ചകളാണ് ഓരോ കാമ്പസുകളും. അഥവാ വിവിധങ്ങളായ ജാതി സമൂഹങ്ങളുടെ കൂടിച്ചേരല്‍ സംഭവിക്കുന്ന ഇടങ്ങളായും കാമ്പസുകളെ മനസിലാക്കാന്‍ സാധിക്കും. ജാതിയെ ആന്തരികവൽക്കരിച്ചു കൊണ്ട് വ്യവസ്ഥാപിതമായി പുറന്തള്ളലുകള്‍ സാധ്യമാക്കുന്ന ആധുനിക ജാതി സമൂഹങ്ങളാണ് ഇൻഡ്യന്‍ കാമ്പസുകള്‍, പ്രത്യേകിച്ച് കേന്ദ്ര സര്‍വകലാശാലകള്‍. സ്ഥാപനവൽകൃതമായ വംശീയ ബോധവും വിവേചന നിലപാടുകളും ഉൽപാദിപ്പിച്ചു കൊണ്ട് കീഴാള ശരീരങ്ങളെ അക്കാദമിക അതിര്‍ത്തികള്‍ക്ക് പുറത്ത് നിര്‍ത്തുന്ന ‘പരിശുദ്ധ’ ഇടങ്ങളായാണ് നമ്മുടെ സര്‍വകലാശാലകള്‍ അടിസ്ഥാനപരമായി നിര്‍മിക്കപ്പെട്ടിരിക്കുന്നത്. ഘടനാപരമായി തന്നെ മര്‍ദ്ദക സ്വഭാവം കാത്തുസൂക്ഷിക്കുന്ന അധികാര സ്ഥാപനങ്ങളായ ഇത്തരം കാമ്പസുകള്‍ നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥിതിയുടെ ഒരു മിനിയേച്ചര്‍ പകര്‍പ്പായി കരുതാവുന്നതാണ്. സെക്കുലര്‍ വ്യവഹാരങ്ങളുടെ ചിഹ്നങ്ങളായി ‘പുരോഗമന’ രാഷ്ട്രീയ സമൂഹം പൊതുവേ ഉയര്‍ത്തി കാണിക്കാറുള്ള സര്‍വകലാശാലാ ഇടങ്ങള്‍ സത്യത്തില്‍ നിരവധി ജാതി മതിലുകള്‍ കൊണ്ട് പടുത്തുയര്‍ത്തി കീഴാള ശരീരങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്കുകള്‍ തീര്‍ക്കുന്ന ബ്രാഹ്മണ മേധാവിത്വത്തെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്.
അധീശ വ്യവഹാരങ്ങളെ ആന്തരികവൽക്കരിച്ചിരിക്കുന്ന ഇൻഡ്യന്‍ കാമ്പസുകളോടും അതുവഴി ജാതി-വംശീയ-മുസ്‌ലിം വിരുദ്ധ പൊതുബോധം രൂപപ്പെടുത്തുന്ന ഇൻഡ്യന്‍ ദേശ രാഷ്ട്രത്തോട് തന്നെയും കലഹിക്കുന്ന കീഴാള വിദ്യാര്‍ഥികളുടെ നവ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് കൂടെ ഇന്ന് നമ്മുടെ സര്‍വകലാശാലകള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്.
ഒസ്മാനിയ, ഇഫ്ലു പോലുള്ള സര്‍വകലാശാലകളില്‍ അസുരാഘോഷങ്ങളും, ബീഫ് ഫെസ്റ്റും ഉള്‍പ്പെടെയുള്ള പ്രതിസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ കീഴാള വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കുറേ മുന്‍പ് തന്നെ നടന്നു കഴിഞ്ഞിട്ടുണ്ട്. സര്‍വകലാശാലകള്‍ എന്ന അധികാര സ്ഥാപനത്തിന്‍റെ സാമൂഹിക ഘടനയും അത് ഉൽപാദിപ്പിക്കുന്ന വയലന്‍സും രാഷ്ട്രീയമായി തിരിച്ചറിഞ്ഞതില്‍ നിന്നാണ് ഇത്തരം പ്രതിരോധങ്ങള്‍ ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ളത്. ‘പൊതു’ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന സര്‍വകലാശാലകളുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് കീഴാള വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ ഇന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്. ‘പൊതു’ എന്ന സങ്കൽപത്തെ പ്രശ്നവൽക്കരിക്കുകയും അത് പുറന്തള്ളുന്ന സാമൂഹിക വിഭാഗങ്ങളുടെ രാഷ്ട്രീയ ഉണര്‍വ്വ് സാധ്യമാക്കാനും കാമ്പസുകളിലെ അപര ശരീരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവത്യാഗത്തിലൂടെ രോഹിത് വെമുല ഉയര്‍ത്തിയ രാഷ്ട്രീയ ചോദ്യമായിരിക്കും ഒരുപക്ഷേ ഈ ഗണത്തില്‍ നമ്മുടെ അക്കാദമിക അഗ്രഹാരങ്ങളുടെ അടിത്തറയില്‍ വിള്ളല്‍ വീഴ്ത്തിയ ഒരു സുപ്രധാന രാഷ്ട്രീയ സംഭവം. സ്ഥാപനവൽകൃത കൊലപാതകങ്ങളുടെ സാമൂഹിക രാഷ്ട്രീയ പരിസരം ചര്‍ച്ച ചെയ്യപ്പെടാനും അതുവഴി അക്കാദമിക ഇടങ്ങളുടെ ജാതി വംശീയ ബോധങ്ങളെ അഭിസംബോധന ചെയ്യാത്ത പൊതു വ്യവഹാരങ്ങളുടെ മൂലധന താല്‍പര്യങ്ങളെ ചോദ്യം ചെയ്യാനും രോഹിതിനും അദ്ദേഹം പ്രതിനിധീകരിച്ച രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്കും സാധിച്ചു എന്നുള്ളത് അനിഷേധ്യമായ വസ്തുതയാണ്.
ദലിത്-ആദിവാസി-മുസ്‌ലിം-ബഹുജന്‍ വിദ്യാര്‍ഥി രാഷ്ട്രീയം ഇൻഡ്യയിലെ വിവിധ കാമ്പസുകളില്‍ നേടിയെടുത്ത ദൃശ്യത ഇടതുപക്ഷം ഉള്‍പ്പെടെയുള്ള മതേതര ചേരിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട് എന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. ലാല്‍സലാമിനൊപ്പം ജയ്ഭീം ചേര്‍ത്തു വെച്ചുകൊണ്ട് ഈ പ്രതിസന്ധിയെ മറികടക്കാമെന്ന സങ്കുചിതവും ദുര്‍ബലവുമായ രാഷ്ട്രീയ നിലപാടിലേക്കാണ് നിര്‍ഭാഗ്യവശാല്‍ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ അതിനു സമാന്തരമായി പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ ആപൽക്കരമായി അവതരിപ്പിച്ചു കൊണ്ട് കാമ്പസുകളില്‍ തങ്ങളുടെ ‘പുരോഗമന’ നിലപാട് നിലനിര്‍ത്താനും അവർ ശ്രമിക്കുന്നുണ്ടെന്ന കാര്യം മറന്നു കളയാവുന്നതല്ല. സംഘടിത മുസ്‌ലിം ശരീരങ്ങളെ അപരവൽക്കരിച്ചും സ്വതന്ത്ര-ലിബറല്‍ മുസ്‌ലികളുടെ ഏജന്‍സി ഏറ്റെടുത്തും വലതുപക്ഷ മുസ്‌ലിം വിരുദ്ധ സിദ്ധാന്തങ്ങളോട് ചേര്‍ന്ന് നില്‍ക്കും വിധം ഇടതുപക്ഷം ഇന്ന് കാമ്പസുകളില്‍ രാഷ്ട്രീയ അടിത്തറ പുതുക്കിപ്പണിയുകയാണ്. അതായത് വ്യത്യസ്ത സ്വത്വ രാഷ്ട്രീയങ്ങളെ വ്യത്യസ്തമായി തന്നെ നേരിടുക എന്ന രാഷ്ട്രീയ തന്ത്രമാണ് ഇടതുപക്ഷം ആവിഷ്ക്കരിക്കുന്നതെന്ന് ചുരുക്കം.
ദലിത് സ്വത്വ രാഷ്ട്രീയത്തെ നിലവിലെ സാഹചര്യത്തില്‍ അപരവൽക്കരിക്കുക എന്നത് എളുപ്പമല്ലാത്തതിനാല്‍ തന്നെ അംബേഡ്ക്കറൈറ്റ് സംഘടനകളോട് ചേര്‍ന്നു നിന്നും ജയ്ഭീം വിളിച്ചും അവരെ കൂടെ ‘പുരോഗമന’വാദികളായി പരിഷ്ക്കരിക്കുക എന്ന നിലപാടാണ് ഇടതുപക്ഷം തെരഞ്ഞെടുത്തത്. അതേസമയം സംഘടിത മുസ്‌ലിം സ്വത്വ മുന്നേറ്റങ്ങളെ ഇസ്‌ലാമോഫോബിയയുടെ കാലത്ത് കുറച്ചു കൂടെ എളുപ്പത്തില്‍ നേരിടാന്‍ അവര്‍ക്ക് സാധിച്ചു എന്നതാണ് യാഥാര്‍ഥ്യം.
ആഗോളതലത്തില്‍ ഇസ്‌ലാമോഫോബിയ എന്നത് മുതലാളിത്ത താൽപര്യങ്ങളുടെ ഭാഗമായി ഉണ്ടായ ഒരു സാമ്രാജ്യത്വ സൃഷ്ടിയാണെന്നിരിക്കെ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ നിന്ന് കൊണ്ട് ഇതിനെ പ്രശ്നവൽക്കരിക്കുന്നതിന് പകരം മുതലാളിത്ത-വലതുപക്ഷ സിദ്ധാന്തങ്ങളെ ഇടതുവിദ്യാര്‍ഥി സംഘടനകള്‍ ഏറ്റുപിടിക്കുന്നിടത്താണ് അവരുടെ ‘മതേതര’ മുഖംമൂടി അഴിഞ്ഞു വീഴുന്നത്. തങ്ങളുടെ കര്‍തൃത്വം കൃത്യമായി സ്ഥാപിച്ചു കൊണ്ട് സാമൂഹിക സ്വത്വം ദൃശ്യമാക്കി രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥി സംഘടനകള്‍ തന്നെയാണ് ഇടതുപക്ഷം ഉള്‍പ്പെടെയുള്ള ഇസ്‌ലാമോഫോബിക് രാഷ്ട്രീയ വ്യവഹാരങ്ങളെ ഒരു തരത്തില്‍ ഇൻഡ്യന്‍ കാമ്പസുകളില്‍ ചോദ്യം ചെയ്തതെന്ന് പറയാം. ജെഎന്‍യുവില്‍ സംഘപരിവാര്‍ ആക്രമത്തിന് ഇരയായി നിര്‍ബന്ധിത തിരോധാനത്തിന് വിധേയമായ നജീബ് അഹമ്മദ് എന്ന മുസ്‌ലിം വിദ്യാര്‍ഥിക്ക് വേണ്ടി രാജ്യത്തെ വിവിധ കാമ്പസുകളില്‍ മുസ്‌ലിം-കീഴാള വിദ്യാര്‍ഥി സംഘടനകള്‍ സമരങ്ങളുമായി മുന്നോട്ടു പോയപ്പോള്‍ സെലക്ടീവായി ഇടപെടുകയും സെലക്ടീവായി ശബ്ദിക്കുകയും ചെയ്യുക എന്നതായിരുന്നു ഇടതുപക്ഷം തുടക്കത്തില്‍ സ്വീകരിച്ചിരുന്ന നിലപാട്. എന്നാല്‍ നജീബിന്‍റെ നിര്‍ബന്ധിത തിരോധാനം ഇപ്പോള്‍ മൂന്നു വര്‍ഷം പിനിടുമ്പോള്‍ അതൊരു മുസ്‌ലിം രാഷ്ട്രീയ പ്രശ്നമായി തന്നെ അംഗീകരിച്ചു കൊണ്ട് വിവിധ കീഴാള സംഘടനകളോടും അല്ലാതെയും ഒക്കെ ചേര്‍ന്ന് നിന്നുകൊണ്ട് രാജ്യവ്യാപകമായി കാമ്പസുകളില്‍ പ്രതിരോധ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ ഇടതുപക്ഷം നിര്‍ബന്ധിക്കപ്പെട്ടത് മുസ്‌ലിം-കീഴാള രാഷ്ട്രീയത്തെ പൂര്‍ണമായും അവഗണിച്ചു കൊണ്ട് ഹിന്ദുത്വ ഫാസിസത്തെ നേരിടാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യ ബോധത്തില്‍ നിന്നാണെന്നു കരുതാമെന്ന് തോന്നുന്നു.
രാജ്യത്തെ പല കാമ്പസുകളിലും കീഴാള-ബഹുജന്‍ വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ സജീവമാകുകയും അധികാര വ്യവസ്ഥകളെയും ജാതി വംശീയ ബോധത്തെയും അവര്‍ പ്രശ്നവൽക്കരിക്കുകയും ചെയ്യുന്ന സമയത്തും ഇൻഡ്യന്‍ പൊതു മണ്ഡലത്തില്‍ ജെഎന്‍യുവിനെ ഒരു ‘വിശുദ്ധ’ അഗ്രഹാരമായി തന്നെ നിലനിര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്നുള്ളത് വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്. നിലവിലെ ജെഎന്‍യു സമരത്തിന് ലഭിക്കുന്ന ‘ഹൈപ്പര്‍ വിസിബിലിറ്റി’ അത് ദല്‍ഹിയില്‍ സ്ഥിതി ചെയ്യുന്നത് കൊണ്ടാണെന്ന കേവല വാദങ്ങളെ പൂര്‍ണ്ണമായും അംഗീകരിക്കുക സാധ്യമല്ല. മറിച്ചു ജെഎന്‍യു സമര പ്രക്ഷോഭങ്ങൾ ദൃശ്യത കൈവരിച്ചത് അത് രാജ്യത്തെ മിഡില്‍ ക്ലാസ്, അപ്പര്‍ മിഡില്‍ ക്ലാസ് താൽപര്യങ്ങളുടെ അസ്വസ്ഥതയിൽ നിന്നും സംഭവിച്ചത് കൊണ്ടാണെന്നുള്ള സാമൂഹിക യാഥാർഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. കുറച്ചു കൂടെ വ്യക്തമാക്കിയാല്‍ ജെഎന്‍യുവിലെ വിദ്യാര്‍ഥി പ്രശ്നം രാജ്യത്തെ ഒരു പൊതു രാഷ്ട്രീയ പ്രശ്നമായി മാറുന്നത് അതൊരു ബ്രാഹ്മിൺ-ബനിയ വിദ്യാര്‍ഥി പ്രശ്നം കൂടെ ആയതിനാലാണ്.
ബഹുഭൂരിപക്ഷം വരുന്ന അധീശ സമൂഹങ്ങളുടെ വിദ്യാര്‍ഥി പ്രശ്നത്തെ ഒരു പൊതു വിഷയമായി മാറ്റിയെടുക്കുന്നത് സത്യത്തില്‍ രാജ്യത്തെ മറ്റു കാമ്പസുകളില്‍ നടക്കുന്ന, നടന്നുകൊണ്ടിരിക്കുന്ന നൂറു കണക്കിന് കീഴാള വിദ്യാര്‍ഥി മുന്നേറ്റങ്ങളെ നിമിഷനേരം കൊണ്ട് റദ്ദു ചെയ്തു കളയുന്നുണ്ട്. ജെഎന്‍യു പ്രക്ഷോഭത്തിന്റെ ഏകദേശം സമാനമായ സമയത്ത് ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ ഇസ്രായേലിന്‍റെ വംശീയ രാഷ്ട്രീയത്തിനെതിരെ ബഹുഭൂരിപക്ഷം മുസ്‌ലിം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് ലഭിച്ച പൊതുസമ്മതി പരിശോധിച്ചാല്‍ തന്നെ ജെഎന്‍യു സമരത്തിന്‍റെ ജാതി വ്യക്തമാകുന്നതാണ്.
ജെഎന്‍യു ഒരു ‘പവിത്ര’ ഇടമായി നിലനില്‍ക്കേണ്ടതും അതിന്‍റെ അക്കാദമിക ‘നിലവാരം’ നിലനിര്‍ത്തേണ്ടതും ഒരു സവര്‍ണ താൽപര്യം മാത്രമാണ്. കീഴാള ശരീരങ്ങളുടെ അപരവൽക്കരണങ്ങളും വ്യവസ്ഥാപിത പുറന്തള്ളലുകളും സ്വാഭാവികമായി നടക്കുന്ന ജെഎന്‍യു സംരക്ഷിക്കപ്പെടണമെന്ന് ആവര്‍ത്തിച്ചുണ്ടാകുന്ന വാദഗതികള്‍ വാസ്തവത്തില്‍ സര്‍വകലാശാലയുടെ അക്കാദമിക നിലവാരത്തോടൊപ്പം അതിന്‍റെ ‘അഗ്രഹാര’ നിലവാരത്തെ കൂടെ പരിരക്ഷിക്കണമെന്ന സംവരണ വിരുദ്ധ സവര്‍ണ വാദത്തിന്‍റെ മറ്റൊരു രൂപമാണ്. സമാനമായി ജെഎന്‍യുവാണ് ഇൻഡ്യന്‍ രാഷ്ട്രീയത്തിലെ പ്രതിപക്ഷം എന്നൊക്കെയുള്ള അതിശയോക്തിപരമായ വാദങ്ങളും അപകടം പിടിച്ച രാഷ്ട്രീയ ബോധ്യത്തില്‍ നിന്നും സംഭവിക്കുന്നതാണ്. സ്വത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയും നിലനില്‍പ്പ് തന്നെ പ്രതിരോധമാവുകയും ചെയ്യുന്ന അപര-കീഴാള ജനതയുടെ രാഷ്ട്രീയ ഇടപാടുകളെയും അവരുടെ ചെറുത്തുനില്‍പ്പുകളെയും ഇത്തരം വാദങ്ങള്‍ അദൃശ്യമാക്കിക്കളയുന്നുണ്ട്. അംബേഡ്ക്കര്‍ സൂചിപ്പിച്ച പോലെ ‘യാഥാസ്ഥിതിക’ ബ്രാഹ്മണരും ‘പുരോഗമന’ ബ്രാഹ്മണരും തമ്മിലുള്ള ‘സൗന്ദര്യ’ പിണക്കത്തില്‍ ബോധപൂര്‍വ്വം അകപ്പെട്ടു പോവാതിരിക്കാനുള രാഷ്ട്രീയ ജാഗ്രത പുലര്‍ത്തിക്കൊണ്ട് നവ സാമൂഹിക ഇടപെടലുകളുമായി മുന്നോട്ടു പോകാന്‍ ബഹുജന്‍ സംഘടനകള്‍ക്ക് സാധിക്കേണ്ടതുണ്ടെന്നു തോന്നുന്നു.