സാമ്പത്തിക മാന്ദ്യം: കാരണങ്ങൾ, പരിഹാരങ്ങൾ

നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള താഴ്ന്ന വരുമാനക്കാർക്ക് സാർവത്രിക അടിസ്ഥാന വരുമാനം പോലുള്ള പദ്ധതികൾ നടപ്പിലാക്കിയാൽ മാത്രമേ വ്യാവസായിക മേഖല നേരിടുന്ന ആത്മവിശ്വാസക്കുറവ് പരിഹരിക്കാനാവൂ. ഉത്പന്നങ്ങൾ വിറ്റു പോകുമോ എന്ന ആശങ്കയാണ് ഇത്രമാത്രം ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചിട്ടും മുതൽമുടക്ക് വർദ്ധിക്കാത്തതിന്റെ കാരണം. ഡോ. ജോസ് സെബാസ്റ്റ്യൻ എഴുതുന്നു.

ഇൻഡ്യൻ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിന്റെ ഘട്ടത്തിലേക്ക് കടക്കുകയാണ് എന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നത്. വർഷത്തിന്റെ ആദ്യ മൂന്നു മാസങ്ങളിൽ 23.7% ദേശീയ വരുമാനം കുറഞ്ഞപ്പോൾ, ജൂലൈ മുതൽ സെപ്റ്റബർ വരെയുള്ള മൂന്നു മാസം 7.5 ശതമാനമേ കുറഞ്ഞുള്ളൂ എന്ന് ആശ്വസിക്കാം. മാത്രവുമല്ല, റിസർവ് ബാങ്ക് അടക്കമുള്ള പല ഏജൻസികളും പ്രവചിച്ചതിനെക്കാൾ മെച്ചമാണ് സമ്പദ് വ്യവസ്ഥയുടെ ഈ പാദത്തിലെ പ്രകടനം എന്നതും ആശ്വാസകരമാണ്. അടക്കിവെച്ചിരുന്ന ചോദനവും (pent up demand) ഉത്സവകാല ഉപഭോഗവും ആണ് ഇതിന്റെ പിന്നിൽ എന്ന് കരുതുന്നവരും ഉണ്ട്.

വളർച്ച നിരക്കിൽ ആദ്യ പാദത്തിലുണ്ടായ അനിതര സാധാരണമായ കുറവ് തീർച്ചയായും കൊറോണ മൂലമുള്ള അടച്ചിടലിന്റെ ഫലമാണ്. നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കലും സമ്പദ് വ്യവസ്ഥയിൽ സൃഷ്ടിച്ച ആഘാതം മറച്ചുവെക്കാൻ ഇത് ഭരണകർത്താക്കളെ സഹായിച്ചു എന്ന കാര്യം കാണാതിരുന്നുകൂടാ. 2020 മാർച്ച് മാസത്തിന് എത്രയോ മുൻപുതന്നെ ഇൻഡ്യൻ സമ്പദ് വ്യവസ്ഥ തുടർച്ചയായ കയറ്റിറക്കങ്ങൾ നേരിട്ടുവരികയായിരുന്ന. പക്ഷേ അവയിൽ നിന്നും സമ്പദ് വ്യവസ്ഥ സാവധാനം കരകയറി വരുമ്പോഴാണ് അശനിപാതം പോലെ കൊറോണയുടെ ഭീഷണി. അടച്ചിടലിനെ തുടർന്ന് ഉപഭോഗത്തിലുണ്ടായ വലിയ കുറവ് വ്യാവസായിക മേഖലയിലേക്ക് സംക്രമിച്ച് സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിന്റെ പടുകുഴിയിലേക്ക് ചവിട്ടിത്താഴ്ത്തി. രാജ്യത്തിനു മുൻപിൽ ഇതല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു എന്ന് വാദിക്കാം. കുറേക്കൂടി മുന്നൊരുക്കങ്ങളും ഒരാഴ്ച സമയവും കൊടുത്തിരുന്നെങ്കിൽ പാവപ്പെട്ടവരും പുറമ്പോക്കിൽ കിടക്കുന്നവരുമായ ആയിരക്കണക്കിന് പേരുടെ ജീവിതം കുറേക്കൂടി വ്യത്യസ്തമാവുമായിരുന്നു എന്ന് ചിന്തിക്കുന്നവർ ഏറെയുണ്ട്.

കൊറോണയുടെ സാമ്പത്തിക ആഘാതം കുറക്കാൻ വികസിത രാജ്യങ്ങൾ പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകളുമായി അവികസിത രാജ്യമായ ഇൻഡ്യയുടെ പാക്കേജ് തുലനം ചെയ്യുന്നത് ശരിയല്ല എന്ന് സമ്മതിക്കാം. നമുക്ക് പരിമിതികൾ ഏറെ ഉണ്ടല്ലോ. ധനക്കമ്മി എന്ന വൻമതിൽ ഒരു വശത്ത്. ഉത്പാദന സംവിധാനങ്ങൾ നിശ്ചലമായി ഇരിക്കുമ്പോൾ സമ്പദ് വ്യവസ്ഥയിൽ വൻ തോതിൽ പണം ഒഴുക്കുന്നത് പണപ്പെരുപ്പം ഉണ്ടാക്കുമോ എന്ന പേടി മറുവശത്ത്. ആദ്യം പ്രഖ്യാപിച്ച പാക്കേജും തുടർന്നുള്ള ആത്മനിർഭർ ഭാരതും ഇൻഡ്യൻ സമ്പദ് വ്യവസ്ഥയെ കരകയറ്റുന്ന കാര്യത്തിൽ കാര്യമായി വിജയിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഇത് എന്നത് ആഴത്തിൽ പരിശോധിക്കേണ്ട കാര്യമാണ്. പാക്കേജിന്റെ വലുപ്പത്തെക്കാൾ അത് കാര്യക്ഷമമായി നടപ്പിലാക്കിയെടുക്കുന്നതിൽ നമ്മുടെ ഭരണ സംവിധാനങ്ങളും വ്യവസായ മേഖലയും വേണ്ടത്ര വിജയിച്ചില്ല എന്നതല്ലേ സത്യം?

വ്യാവസായിക മേഖലയുടെ അസംഘടിത സ്വഭാവവും ഒരു പരിധിവരെ പാക്കേജുകൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നത് തടയുന്നുണ്ട്. യാതൊരുവിധ തൊഴിൽ സുരക്ഷിതത്വവും നൽകാത്ത, വെറും ദിവസ കൂലിക്കാർ മാത്രമാണല്ലോ ബഹുഭൂരിപക്ഷം വരുന്ന അസംഘടിത തൊഴിലാളികൾ.

ഉയർന്ന കരവിരുതുകളും പരിചയവും ഉള്ളവർക്കുപോലും സുരക്ഷിതത്വവും ആനുകൂല്യങ്ങളും നൽകാത്ത ഈ വ്യവസ്ഥ ചെയ്ത ദോഷം എന്താണെന്നല്ലേ? അടച്ചിടൽ പ്രഖ്യാപിച്ച ഉടൻ സ്വന്തം നാടുകളിലേക്ക് തിരികെ പോകാൻ നിർബന്ധിതരായ തൊഴിലാളികൾ അവിടെ കാർഷികവൃത്തിയിലും മറ്റും ഏർപ്പെട്ടുകൊണ്ട് ജീവിതോപാധി കണ്ടെത്തി. നേരേമറിച്ച് ഒന്നോ രണ്ടോ മാസം തൊഴിൽ സ്ഥലങ്ങളിൽ പിടിച്ചുനിൽക്കാൻ തക്ക സേവന വേതന വ്യവസ്ഥകൾ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ സ്ഥിതിഗതികൾ കുറേക്കൂടി മെച്ചമായെനേ. അടച്ചിടൽ ഘട്ടംഘട്ടമായി പിൻവലിച്ചെങ്കിലും വ്യവസായങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിൽ കാര്യമായ കാലതാമസമുണ്ടായി. തൊഴിലാളികൾ പഴയ തൊഴിൽ സ്ഥാപനങ്ങളിൽ എത്തിച്ചേരാൻ വൈകി എന്നുമാത്രമല്ല, പലരും തിരികെ വരിക പോലും ചെയ്തില്ല. തുറന്നു പ്രവർത്തനമാരംഭിച്ച സംരംഭങ്ങൾ തന്നെ, ഇടപാടുകളുടെ കുറവുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

അതുപോലെ ഇൻഡ്യയിലെ അസംഘടിത മേഖലയുടെ സ്വഭാവവും പെട്ടെന്ന് ഉണർന്നെഴുന്നേറ്റ് പ്രവർത്തിക്കാൻ സഹായിക്കുന്നതല്ല. രജിസ്ട്രേഷൻ അടക്കമുള്ള ഔപചാരിക നടപടിക്രമങ്ങൾ ഒന്നുമില്ലാത്ത വെറും ‘വിയർപ്പ് കടകൾ’ (sweat shops) ആണല്ലോ നമ്മുടെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളിൽ (എംഎസ്എംഇ) ബഹു ഭൂരിപക്ഷവും. നികുതിയുടെ പൊല്ലാപ്പുകൾ ഒഴിവാക്കാൻ ജിഎസ്ടി രജിസ്ട്രേഷൻ പോലുള്ള ഔപചാരിക ഏർപ്പാടുകൾ വേണ്ടെന്ന് വെച്ചുകാണും. ബാങ്കുകളുമായി ബന്ധപ്പെട്ട് ലഭ്യമാക്കിയിട്ടുണ്ട് എന്ന് പറയപ്പെടുന്ന പല ഉത്തേജന പദ്ധതികളും ഇവക്ക് പ്രയോജനപ്പെടുത്താൻ കഴിയാതെ വന്നിട്ടുണ്ടാകാം. വല്ല നിവൃത്തിയുമുണ്ടെങ്കിൽ സംരംഭകരെ ഒഴിവാക്കുക എന്നതാണല്ലോ നമ്മുടെ ബാങ്കുകളുടെ സമീപനം. അൽപം സാഹസമെടുത്ത് സംരംഭകരെ സഹായിക്കാൻ ശ്രമിക്കുന്ന ബാങ്ക് മാനേജർമാർ പെൻഷൻ കിട്ടാതെ തെക്കുവടക്ക് നടക്കുന്നത് കണ്ടുകൊണ്ടിരിക്കുന്ന ബാങ്ക് മാനേജർമാർ അങ്ങനെ പെരുമാറിയില്ലെങ്കിലേ അത്ഭുതമുള്ളൂ. നാലു പ്രാവശ്യം ബാങ്കിൽ കയറി മനസ്സ് മടുക്കുന്ന സംരംഭകൻ ഇത് തന്റെ കർമദോഷമാണെന്ന് സമാധാനിച്ച് നിഷ്ക്രിയത്വം വരിക്കും.

എംഎസ്എംഇകളിൽ നല്ലൊരു ഭാഗം പൊതുമേഖലാ സ്ഥാപനങ്ങളുടെയും വൻ വ്യവസായങ്ങളുടെയും സപ്ലയർമാരാണ്. കോടിക്കണക്കിന് രൂപ ഇക്കൂട്ടർ എംഎസ്എംഇകൾക്ക് നൽകാനുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ തുകകൾ കൃത്യമായി കൊടുക്കാൻ വൻകിടക്കാരെ നിർബന്ധിക്കുന്ന നിയമങ്ങളൊക്കെയുണ്ട്. പക്ഷേ, ആശ്രയിച്ച് കഴിയുന്നവർക്ക് നിയമവഴിക്ക് പോകാനാവില്ലല്ലോ. പറഞ്ഞുവരുന്നത് ഇതാണ്, ഇൻഡ്യൻ വ്യവസായ രംഗത്തെ ഘടനാപരമായ അപര്യാപ്തതകൾ പരിഹരിക്കാതെ മാന്ദ്യം മറികടക്കുക എളുപ്പമല്ല.

നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള താഴ്ന്ന വരുമാനക്കാർക്ക് സാർവത്രിക  അടിസ്ഥാന വരുമാനം (Universal Basic Income) പോലുള്ള പദ്ധതികൾ നടപ്പിലാക്കിയാൽ മാത്രമേ വ്യാവസായിക മേഖല നേരിടുന്ന ആത്മവിശ്വാസക്കുറവ് പരിഹരിക്കാനാവൂ. ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ വിറ്റ് പോകുമോ എന്ന ആശങ്കയാണ് ഇത്രമാത്രം ഉത്തേജന പാക്കേജുകൾ പ്രഖ്യാപിച്ചിട്ടും മുതൽമുടക്ക് വർദ്ധിക്കാത്തതിന്റെ കാരണം.

പ്രതീക്ഷ നൽകുന്ന ഒരു കാര്യം കാർഷിക രംഗത്തെ ഉണർവാണ്. ഭാഗ്യത്തിന് സാമാന്യം നല്ല മഴ രാജ്യത്താസകലം കിട്ടി. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം ഏറെക്കുറെ ഒഴിവായി എന്നുതന്നെ കരുതാം. ഇത് ഗ്രാമീണ മേഖലയിലെ ചോദനം വർധിപ്പിച്ച് വ്യവസായ മേഖലക്ക് ഉണർവേകും. അതോടെ നികുതി വരുമാനവും വർദ്ധിക്കും. അതു പക്ഷേ സുസ്ഥിരമാകാൻ പൊതു ഇടപെടലിന്റെ കാര്യമായ ആവശ്യമുണ്ട്.

ധനക്കമ്മി പിടിച്ചാൽ കിട്ടാത്ത നിലയിലേക്ക് ഉയർന്നുകഴിഞ്ഞു എന്നത് ശരി തന്നെ. പക്ഷേ ഈ സമയത്ത് ധനക്കമ്മിയെക്കുറിച്ച് ഒരുപാട് വേവലാതിപ്പെടാതെ കുറച്ച് അയച്ചുകൊടുക്കുകയാണ് വേണ്ടത്. ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന പൊതു ചെലവുകൾ നികുതി വരുമാനം വർദ്ധിപ്പിച്ച് ധനകമ്മിയുടെ സമ്മർദ്ദം കുറക്കും. ചുരുക്കത്തിൽ മാന്ദ്യം മറികടക്കാൻ ഒറ്റമൂലികൾ ഇല്ലെങ്കിലും സമ്പദ് വ്യവസ്ഥയിലെ ചലനങ്ങൾ സസൂഷ്മം നിരീക്ഷിച്ച് പൊതു നയങ്ങളിൽ വേണ്ട മാറ്റങ്ങൾ വരുത്തേണ്ടത് ഈ ഘട്ടത്തിൽ നിർണായകമാണ്.

Top