ലിബറൽ ജനാധിപത്യവും ഭരണകൂട ഹിംസയും: ഇടതുപക്ഷ കേരളം വ്യത്യസ്തമാണോ?
മതേതര ഹിംസ ആധുനികവും പരിഷ്കൃതവും, മത ഹിംസ അപരിഷ്കൃതവുമായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. ഇന്നത്തെ ആധുനിക ഭരണകൂടങ്ങൾ എല്ലാം തന്നെ ഹിംസയോട് ലിബറൽ ജനാധിപത്യത്തിന്റെ സൈദ്ധാന്തികമായ ഈ പൊതു സമീപനത്തെയാണ് സ്വീകരിക്കുന്നത്. ജന നന്മക്ക് വേണ്ടി, മനുഷ്യ സ്നേഹത്തിന് വേണ്ടി ഹിംസ ചെയ്യാൻ മതേതര ഭരണകൂടങ്ങൾക്ക് അവകാശമുണ്ട് എന്നതാണ് ഇതിന്റെ അടിത്തറ.
ഭരണകൂടങ്ങൾ നടത്തുന്ന അതിക്രമങ്ങളുടെ ചരിത്രത്തെയും രാഷ്ട്രീയത്തെയും ചർച്ച ചെയ്യുമ്പോൾ, ജനാധിപത്യ-മതേതര ഭരണകൂടങ്ങൾ നടത്തുന്ന ഹിംസകളെയെല്ലാം “മതേതര ഹിംസ” എന്ന സംവർഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്. കാരണം, ലിബറൽ ജനാധിപത്യം ഹിംസയെ മത ഹിംസ, മതേതര ഹിംസ എന്ന് രണ്ടായി തരംതിരിച്ചിരിച്ചിട്ടുണ്ട്. ലിബറൽ സൈദ്ധാന്തികരുടെ അഭിപ്രായത്തിൽ മതേതര ഹിംസ എന്നത് മനുഷ്യ സ്നേഹത്തിനും ജന നന്മക്കും വേണ്ടിയുള്ള ഹിംസയാണ്. മത ഹിംസ എന്നത് മതത്തിന് വേണ്ടി നടത്തുന്ന ഹിംസയാണ്. മതേതര ഹിംസ ആധുനികവും പരിഷ്കൃതവും, മത ഹിംസ അപരിഷ്കൃതവുമായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. ഇത് സൂചിപ്പിക്കാൻ കാരണം, ഇന്നത്തെ ആധുനിക ഭരണകൂടങ്ങൾ എല്ലാം തന്നെ ഹിംസയോട് ലിബറൽ ജനാധിപത്യത്തിന്റെ സൈദ്ധാന്തികമായ ഈ പൊതു സമീപനമാണ് സ്വീകരിക്കുന്നത് എന്നതാണ്. ജന നന്മക്ക് വേണ്ടി, മനുഷ്യ സ്നേഹത്തിന് വേണ്ടി ഹിംസ ചെയ്യാൻ മതേതര ഭരണകൂടങ്ങൾക്ക് അവകാശമുണ്ട് എന്നതാണ് ഈ സിദ്ധാന്തത്തിന്റെ അടിത്തറ.
ലോക മഹായുദ്ധങ്ങളിൽ ഉണ്ടായിട്ടുള്ള ആണവ ബോംബാക്രമങ്ങളെ കുറിച്ചോ, അമേരിക്കക്ക് കീഴിൽ ലോകത്തുടനീളം മതേതരത്വത്തിന്റെ സംരക്ഷണത്തിന് വേണ്ടി നടക്കുന്ന യുദ്ധങ്ങളെ കുറിച്ചോ ഒന്നുമല്ല ഇതിലൂടെ പറയാൻ ശ്രമിക്കുന്നത്. മറിച്ച് അതാത് രാഷ്ട്രങ്ങളിലെ പൗരന്മാരും ഭരണകൂടങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിക്ഷിപ്തമായ ഹിംസയെ കുറിച്ചാണ്. ഉദാഹരണത്തിന്, ജനാധിപത്യ ഭരണവ്യവസ്ഥയിലെ ഒരോ പൗരന്റേയും ശരീരത്തിന്മേലുള്ള അവകാശം ഭരണകൂടത്തിനാണ് എന്നതാണ് ഒരു സങ്കൽപം. ഒരാൾ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ അയാൾക്കെതിരെ കേസെടുക്കും. അവിടെ സ്വന്തം ശരീരത്തിന്റെ അവകാശി അയാളല്ല. അതേസമയം ഭരണകൂടത്തിന് അതേ ശരീരത്തെ തുറങ്കിലടച്ചോ അല്ലാതെയോ പീഡിപ്പിച്ച് കൊലപ്പെടുത്താം. ഒരാളെ കൊല്ലുക എന്നത് നിയമവിരുദ്ധമാണ്. ഭരണകൂടം വ്യക്തിയോടത് ചെയ്യുമ്പോൾ വിവാദപരമായേക്കാം. പക്ഷേ, ഭരണകൂടം പീഡിപ്പിച്ച് കൊന്നു എന്നതിന്റെ പേരിൽ ഒരു കൊലപാതക കേസ് എവിടെയും പെട്ടെന്ന് ചാർജ്ജ് ചെയ്യില്ല.
‘മതേതര ശരീരം’ എന്ന സങ്കൽപം ജനാധിപത്യ ഭരണകൂടവും പൗരന്മാരും എന്ന വ്യവഹാരത്തിൽ ഇടപെടുന്നുണ്ട്. അത് എത്രത്തോളമെന്നാൽ, മതേതര ശരീരത്തിനുമേലുള്ള പരമാധികാരം അത് ‘പരമാധികാരം’ എന്ന ആശയത്തിന് വിരുദ്ധമാണെങ്കിൽ കൂടി, മതേതര ശരീരത്തിന് മേലുള്ള പരമാധികാരം ഭരണകൂടത്തിനാണ് എന്ന തരത്തിൽ മതേതര ജനാധിപത്യത്തിന്റെ കൾച്ചർ പൊതുസമൂഹത്തിൽ നിന്നും ഒരു സമ്മതം വാങ്ങിക്കുന്നുണ്ട്. അതുവഴി ഭരണകൂടങ്ങൾ വ്യക്തിക്ക് നേരെ നടത്തുന്ന അതിക്രമങ്ങളെ നിയമ സംവിധാനത്തിന്റെ മാത്രം പശ്ചാത്തലത്തിലാണ് നോക്കി കാണുന്നത്.
സ്വകാര്യ സ്വത്തിൽ വ്യക്തികളുടെ അവകാശം സാർവത്രികമാണ് എന്ന് പ്രചാരമുള്ള സമൂഹത്തിൽ സ്വന്തം ശരീരത്തിനുമേലുള്ള അവകാശം വ്യക്തിക്ക് സ്വകാര്യമല്ല – ഭരണകൂടത്തിനുകൂടി അതിൽ അവകാശമുണ്ട് – എന്നതാണ് എല്ലാ ലിബറൽ ജനാധിപത്യ ഭരണകൂടങ്ങളെയും അതിക്രമങ്ങളെയും ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്.
എന്തുകൊണ്ടാണ് ഭരണകൂടങ്ങൾ അതിക്രമം ചെയ്യുന്നത് എന്ന ചോദ്യത്തിന് അതില്ലാതെ ഇല്ലാതെ ഭരണകൂടത്തിന് അസ്തിത്വം ഇല്ലാ എന്നതാണ് ഒരുത്തരം. അൾജീരിയയിലെ ഫ്രാൻസിന്റെ അടിച്ചമർത്തലുക്കൾക്കെതിരെ നടന്ന സമരങ്ങളുടെ പശ്ചാത്തലത്തിൽ ഫ്രാന്റ്സ് ഫാനൻ ഇത് ചർച്ച ചെയ്യുന്നുണ്ട്. ബ്ലാക്ക് സ്കിൻ അൻഡ് വൈറ്റ് മാസ്ക് (1963) എന്ന തന്റെ കൃതിയിൽ ‘കോളനി ജനതകളുടെ ഹൃദയങ്ങളിൽ ഹിംസയുടെ വിത്ത് വിതച്ചത് സാമ്രാജ്യത്വമാണ്’ എന്ന സിദ്ധാന്തമാണ് ഫാനൻ മുന്നോട്ടു വെക്കുന്നത്. അടിച്ചമർത്തപ്പെട്ട ജനതകളെ പിന്നോക്കക്കാരായി ചിത്രീകരിച്ചുകൊണ്ടാണ് അത് സാധ്യമാക്കിയത് എന്നും ഫാനൻ വിശദീകരിക്കുന്നു. കോളനിവൽക്കരിക്കപ്പെട്ട രാജ്യങ്ങളിലുള്ള ജനങ്ങൾക്ക് ഹിംസ എന്നത് ഒരേ സമയം രാഷ്ട്രീയപരവും വിവേചനപരവുമാണ്. സാമ്രാജ്യത്വ കാലത്ത് ഫാനൻ പറയുന്ന ഈ പ്രശ്നം വർത്തമാന കാലത്തും നമ്മളനുഭവിക്കുന്നുണ്ട്. ഉദാഹരണമായി ലോകത്തിലെ ഏറ്റവും വലിയ ലിബറൽ ജനസമൂഹമായ അമേരിക്കൻ ജനാധിപത്യത്തിലേക്ക് നോക്കുമ്പോൾ, ജനസംഖ്യക്ക് ആനുപാതികമായിട്ടല്ല അവിടെത്തെ ജയിലുകളിൽ തടവുകാരുള്ളത്. കൂടുതലും കറുത്ത വർഗക്കാരാണ്. ഇതിനെ ന്യായീകരിച്ചുകൊണ്ട് ഭരണകൂട പക്ഷത്തുനിന്നുള്ള സ്റ്റീവെൻ പിങ്കെറിനെ പോലുള്ള സൈദ്ധാന്തികർ പറയുന്നത് ജയിലിൽ കഴിയുന്ന അത്തരം ജനവിഭാഗങ്ങൾ സ്വാഭാവികമായും കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധ്യത ഉള്ളവരാണെന്നാണ്. ലിബറൽ സാംസ്കാരത്തിന്റെ തന്നെ ഭാഗമായിട്ടുള്ള ഇത്തരം വിവേചന മാനദണ്ഡങ്ങൾ ഉപയോഗിച്ചു കൊണ്ടാണ് മതേതര ജനാധിപത്യ ഭരണകൂടങ്ങൾ എല്ലാ രാജ്യങ്ങളിലും പ്രവർത്തിക്കുന്നത്.
മനുഷ്യാവകാശ പ്രശ്നങ്ങളെ കുറിച്ച് സജീവമായി ചർച്ച ചെയ്യുന്ന സന്ദർഭത്തിലാണ് ഭരണകൂടങ്ങളുടെ ഇരട്ടത്താപ്പ് നമ്മൾ മനസിലാക്കേണ്ടത്. മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ ചട്ടക്കൂട് ഒരുതരം മെമ്മോറാണ്ടം ആക്റ്റിവിസ്റ്റുകളുടെ രീതിയിൽ മാത്രം നിലനിൽക്കുകയും. ഇതിന്റെ ഫലമായി പരോക്ഷമായി ഭരണകൂടത്തിന്റെ അവകാശത്തെ ഭരണഘടനാപരമായ ബലപ്രയോഗത്തിന്റെ ഫ്രെയിംവർക്കിൽ നിന്നുകൊണ്ട് എല്ലാവരും അംഗീകരിക്കുന്നുണ്ട് എന്നതാണ് ഭരണകൂട ഹിംസക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രചോദനവും അവേശവും.
ഹിംസയില്ലാതെ ഭരണകൂടങ്ങൾക്ക് നിലനിൽപ്പില്ല. അതുകൊണ്ട് ഒരു പരിധി വരെയെങ്കിലും ഭരണകൂടത്തിന് ജനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ നിയമവിധേയമായ ഒരു കൺസപ്റ്റിന്റെ ഉള്ളിൽ നിന്നുകൊണ്ട് അനുവദിക്കണമെന്ന നിർബന്ധം ലിബറൽ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ് എന്ന ധാരണ ജനങ്ങളിൽ അടിച്ചേൽപ്പിക്കപ്പെട്ടിട്ടുണ്ട്.
ഈ പ്രശ്നം കേരളത്തിന്റെ പശ്ചാത്തലത്തിലേക്ക് വരുമ്പോൾ അതിനൊരു പ്രത്യേകതയുണ്ട്, കേരള സംസ്ഥാന രൂപീകരണ ശേഷം ആദ്യമായി അധികാരത്തിൽ വന്നത് കമ്യൂണിസ്റ്റ് ഭരണകൂടമാണ് എന്നതാണത്. കമ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിൽ വരുമ്പോൾ എങ്ങനെയാണ് മുതലാളിത്ത ഭരണകൂടവും ഗവൺന്മെന്റും തമ്മിലുള്ള ഇടപഴകലിൽ വ്യത്യാസം വരുന്നതെന്ന് മനസിലാക്കണം.
ഭരണകൂടം എന്ന് പറയുമ്പോൾ തിരഞ്ഞെടുത്ത ഗവൺമെന്റല്ല. മറിച്ച് തിരഞ്ഞെടുക്കപ്പെടാത്ത അധികാര ശക്തിയാണ്. പ്രാതിനിധ്യ ജനാധിപത്യ വോട്ടവകാശത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റ് ഈ ഭരണകൂടത്തിന്റെ കൈകാര്യ കർത്താവ് മാത്രമാണ് അല്ലെങ്കിൽ ഭരണകൂടത്തിന് വേണ്ടി ഭരിക്കുന്നവരാണ്. ഇതാണ് ഭരണകൂടത്തെ കുറിച്ച് ഇരുപതാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന പ്രധാനപ്പെട്ട സങ്കൽപം.
ഇടതുപക്ഷം എന്ന് പറയുമ്പോൾ ഭരണകൂടത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ-മനുഷ്യാവകാശ/ധാർമിക കൈയ്യേറ്റ ശ്രമങ്ങളെ ജനങ്ങളുടെ ഭാഗത്തുനിന്ന് ചെറുക്കാൻ ബോധപൂർവമായ ശ്രമം നടത്തുന്ന ഒരു ഗവൺമെന്റ് എന്ന സങ്കൽപം കൂടി അതിൽ അടങ്ങിയിരിക്കുന്നു. അത് മനുഷ്യാവകാശത്തിന്റെ കാര്യത്തിലും പോലീസ് അതിക്രമങ്ങളുടെ കാര്യത്തിലും സാധാരണ നിലയിൽ ചർച്ച ചെയ്യാറില്ല. ചർച്ച ചെയ്യാറുള്ളത് സമ്പദ് വിഭവ വിതരണങ്ങളൂടെ കാര്യത്തിലും എങ്ങനെയാണ് സമ്പത്തിന്റെ നേട്ടങ്ങൾ മുഴുവൻ ആളുകളിലേക്ക് എത്തിക്കേണ്ടത്, അതിന്റെ വിതരണം എങ്ങനെയാണ് കൂടുതൽ ജനകീയമാക്കേണ്ടത് എന്ന കാര്യത്തിലൊക്കെയാണ് ഇടതുപക്ഷത്തിന്റെ രാഷട്രീയം ചർച്ച ചെയ്യപ്പെടാറുള്ളത്. എങ്കിലും വലതുപക്ഷ രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷ രാഷ്ട്രീയമുള്ള ഗവൺമെന്റ് അധികാരത്തിലുണ്ടാകുമ്പോൾ ഭരണകൂടത്തെ സ്വമേധയാ കെട്ടഴിച്ചു വിടാതെ അതിനെ ജനങ്ങളുടെ നിയന്ത്രണത്തിന് വിധേയമാക്കുക എന്നതാണ് ഭരണകൂടവും ഇടതുപക്ഷവും തമ്മിലുള്ള ബന്ധത്തെ നിർവചിക്കുന്ന ഒരു പ്രധാനപ്പെട്ട ഘടകം.
ആദ്യത്തെ കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ കാലത്ത് 1959ൽ ഉണ്ടായ വിമോചന സമരങ്ങളുടെ ഭാഗമായി അങ്കമാലിയിൽ വെടിവെപ്പുണ്ടായി. ഐക്യകേരളം ഉണ്ടായതിന് ശേഷം ജനങ്ങൾക്ക് നേരെ ഉണ്ടായ ആദ്യത്തെ പ്രത്യക്ഷ ആക്രമണമാണിത്. പിന്നീട് വലിയ തുറയിലും പോലീസ് വെടിവെപ്പുണ്ടായി. വിമോചന സമരം അക്രമാസക്തമായതോടെ ഇൻഡ്യൻ പ്രസിഡന്റ് കേരള ഗവണ്മെന്റ് പിരിച്ചു വിട്ടു.
അങ്കമാലി പ്രശ്നത്തിൽ, ജനങ്ങൾ പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ വന്നു എന്നതാണ് പോലീസ് ഭാഷ്യം. പോലീസ് ഒരിക്കലും ജനങ്ങളുടെ ഭാഗത്തു നിന്നുകൊണ്ടോ നിഷ്പക്ഷമായോ സംസാരിക്കാറില്ല. പക്ഷേ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പോലീസ് വെടിവെച്ചതിന് വിശദീകരണം നൽകിക്കൊണ്ട് പൊതുയോഗങ്ങ ൾ നടത്തേണ്ടി വന്നു എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ ഗതികേട്. ജനങ്ങളോട് മറുപടി പറയേണ്ടത് ഭരിക്കുന്ന ഗവണ്മെന്റിന്റെ ധാർമികമായ ഉത്തരവാദിത്വമാണ് എന്ന ചിന്ത അന്നത്തെ ഗവൺമെന്റിന് ഉണ്ടായിരുന്നു.
കേരളത്തിലെ ഭരണകൂട അക്രമങ്ങളെ കുറിച്ച് പരിശോധിക്കുമ്പോൾ എടുത്ത് പറയേണ്ട മറ്റൊന്ന് 1986 ഒക്ടോബർ 22ന് കെ.കരുണാകരൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ നടന്ന ‘തങ്കമണി ഓപറേഷൻ’ ആണ്. വൈദ്യുതിയോ ഗതാഗത സൗകര്യമോ ഇല്ലാത്ത, കൃത്യമായും ഭരണകൂട വിവേചനം അനുഭവിക്കുന്ന ആയിരത്തോളം കുടുംബങ്ങൾ അടങ്ങുന്ന ഒരു പ്രദേശത്തേക്ക് ബസ് സൗകര്യം ഏർപ്പെടുത്തുന്നതിനെ കുറിച്ച് ബസ് ജീവനക്കാരും പ്രദേശത്തുള്ള വിദ്യാർഥികളും തമ്മിലുണ്ടായ ഒരു തർക്കം പോലീസ് സ്റ്റേഷനിൽ എത്തി. ബസ് ജീവനക്കാരൻ പരസ്യമായി മാപ്പു പറയണം എന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. പക്ഷേ അടുത്ത ദിവസം നൂറുകണക്കിന് പോലീസുകാരാണ് ബസ് പിടിച്ചെടുക്കാൻ തങ്കമണിയിൽ പോയത്. പ്രശ്നം പരിഹരിക്കാനല്ല, മൂർഛിപ്പിക്കാനായിരുന്നു പോലീസിന് താൽപര്യം. പിന്നീടുണ്ടായ പോലീസ് വെടിവെപ്പിൽ ഒരാൾ മരണപ്പെട്ടു. തുടർന്ന് 1986 ഒക്റ്റോബർ 22ന് പുലർച്ചെ തങ്കമണി ഗ്രാമത്തെ മുഴുവൻ പോലീസ് അക്രമിക്കുകയുണ്ടായി. പരിക്കു പറ്റിയ ആളുകൾക്ക് ആശുപത്രിയിൽ പോലും പോകാൻ പറ്റാത്ത സാഹചര്യം അവിടെ ഉണ്ടായി. ഇത് ചൂണ്ടികാണിക്കുന്നത്, ഏറ്റവും പാവപ്പെട്ട ജനവിഭാഗങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളുടെ കാരണം അവർ അവരുടെ അവകാശങ്ങൾക്കായി സമരങ്ങളിലേർപ്പെട്ടു എന്നതാണ്. അവരുടെ സമരോത്സുകതയെ അടിച്ചമർത്തുക എന്ന ഉദ്ദേശത്തോടെ ഭരണകൂടത്തിന്റെ സമ്മതത്തോടെയാണ് ഈ പോലീസ് അക്രമങ്ങൾ അരങ്ങേറുന്നത്.
മുത്തങ്ങ, ബീമാപള്ളി പോലുള്ള പോലീസ് അക്രമങ്ങളെ ഭീകരവാദവും മാവോയിസ്റ്റ് ബന്ധവുമൊക്കെ ആരോപിച്ച് ന്യായീകരിക്കുക എന്നത് ഭരണകൂടങ്ങളുടെ സഹജമായ പ്രക്രിയയാണ്. ബീമാപള്ളി പോലീസ് അക്രമത്തിൽ ഭരണകൂട ആഖ്യാനങ്ങളെയെല്ലാം ജസ്റ്റിസ് രാമകൃഷ്ണൻ കമ്മീഷൻ നിരാകരിക്കുന്നുണ്ട്. ഇങ്ങനെയുള്ള ഭരണകൂട വേട്ടകൾ നടത്താൻ തങ്ങൾക്ക് അവകാശമുണ്ട് എന്ന് സ്ഥാപിക്കുന്ന ന്യായീകരണം പല ഗവർണമെന്റുകളും നടത്തുന്നത് കേരളത്തിന്റെ ചരിത്രത്തിൽ കാണാൻ സാധിക്കും.
ഇനി പോലീസ് മർദനങ്ങൾ, കസ്റ്റഡി മരണങ്ങൾ എന്നിവയുടെ കാര്യമെടുത്താൽ. കേരളത്തിലേറ്റവും കുപ്രസിദ്ധമായ കസ്റ്റഡി മരണം അടിയന്തരാവസ്ഥ കാലത്ത് രാജനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവമാണ്. അടിയന്തരാവസ്ഥ കാലത്ത് മാത്രമല്ല അതിനുശേഷവും ധാരാളം കസ്റ്റഡി മരണങ്ങൾ നടന്നു. അതിനു ഉദാഹരണമാണ് 2005ൽ നടന്ന ഉദയകുമാർ കേസ്. അമ്മക്ക് തുണി വാങ്ങാൻ സൂക്ഷിച്ച 4000 രൂപ മോഷ്ടിച്ചതാണെന്ന് സമ്മതിപ്പിക്കാൻ വേണ്ടിയാണ് പോലീസ് അയാളെ നിഷ്ഠൂരമായി മർദിച്ചു കൊലപ്പെടുത്തിയത്. വരാപ്പുഴയിൽ എസ്.ആർ.ശ്രീജിത്ത് എന്ന യുവാവിനെ ആളുമാറി കസ്റ്റഡിയിൽ എടുത്തിട്ടാണ് മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇതുപോലെ ധാരളം കേസുകൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അതിൽ എടുത്തു പറയേണ്ടത് 2017ൽ തൃശൂരിലെ വിനായകനെന്ന ദലിത് യുവാവിന്റെ കേസാണ്. തന്റെ പെൺസുഹൃത്തുമായി സംസാരിച്ചിരിക്കുകയായിരുന്ന വിനായകനെ മഫ്ടിയിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ വിളിക്കുകയും അവന്റെ നീട്ടിവളർത്തിയ മുടിയുടെ കാര്യം പറഞ്ഞ് ആക്രമിക്കുകയുമായിരുന്നു. സ്റ്റേഷനിൽ കൊണ്ടുപ്പോയി നിഷ്ഠൂരമായി മർദിക്കുകയും തല മൊട്ടയടിപ്പിക്കുകയും ചെയ്തിട്ടാണ് അവനെ വിട്ടയക്കുന്നത്. വീട്ടിലെത്തിയ വിനായകൻ ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇങ്ങനെ മർദിക്കപ്പെടുന്നവരോടുള്ള പോലീസിന്റെ സമീപനം ഞങ്ങൾക്ക് ഇങ്ങനെയൊക്കെ ചെയ്യാനുള്ള അധികാരമുണ്ട് എന്നതാണ്. ഈ അധികാരം ആരാണ് പ്രദാനം ചെയ്യുന്നത്? ഭരണകൂടത്തിന്റെ പ്രതിനിധിയായിട്ടാണ് ഇവർ ഇതൊക്കെ ചെയ്യുന്നത്. ഇങ്ങനെയുള്ള അതിക്രമങ്ങളെ തടയാൻ ഭരണകൂടത്തിന് സാധിക്കുമോ എന്നാണ് ജനാധിപത്യത്തിലെ ഏറ്റവും വലിയ ചോദ്യം. ഭരണകൂടം അതിന്റെ അധികാര പ്രയോഗങ്ങളും ഭ്രഷ്ടാചാരങ്ങളും അനിയന്ത്രിതമായി നടത്തിക്കൊണ്ടിരിക്കുമ്പോൾ അതിനെ തടയിടാൻ തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റുകൾക്ക് സാധിക്കുമോ?
മുൻകാലങ്ങളിൽ ഇങ്ങനൊരു സാധ്യത നിലനിന്നിരുന്നത് കൊണ്ടാണ് ജനാധിപത്യത്തിന് ഇത്രത്തോളം ജനപിന്തുണയുണ്ടായത്. ഇപ്പോഴാണെങ്കിൽ മുമ്പുണ്ടായിരുന്ന സാധ്യതകളും ദുർബലമായിരിക്കുകയാണ്. ആഗോളവൽക്കരണാനന്തര കാലത്ത് ഭരണകൂടവും ഗവൺമെന്റും തമ്മിൽ ഉണ്ടായിട്ടുള്ള ഒരു പ്രത്യേക തരം ഉൾചേർച്ചയുടെ ഭാഗമായിട്ടാണത് സംഭവിച്ചത്.
പ്രസ്തുത കാലത്തിന്റെ ഏറ്റവും വലിയ പ്രത്യേക എന്താണെന്ന് വെച്ചാൽ സുരക്ഷാ ഗവണ്മെന്റുകൾ നിലവിൽ വന്നു എന്നതാണ്. മുഴുവൻ ജനങ്ങളേയും സംശയത്തോടെ നോക്കുന്നു എന്നാണ് ഇതിന്റെ സവിശേഷത. കഴിയുമെങ്കിൽ എല്ലാ പൗരന്മാരുടെയും വീട്ടിൽ സിസിടിവി വെച്ച് അതിനെ പോലിസ് ഡിപ്പാർട്ട്മെന്റിന്റെ നിരീക്ഷണത്തിലാക്കാൻ പറ്റുമോ എന്നും ഇത് നോക്കും. ഇതൊന്നുമില്ലാതെ തന്നെ സുരക്ഷാ ഗവണ്മെന്റുകൾക്ക് ജനങ്ങളെ കുറിച്ച് ഭരണകൂടങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്ന ശത്രുക്കളുടെ ഗൂഢ സംഘങ്ങൾ എന്ന മുൻവിധിയുമുണ്ട്. ഇത് കൂടുതൽ വ്യക്തമാകുന്നത് അതുവരെ നിലനിന്നിരുന്ന എല്ലാ വിവേചനങ്ങളും എല്ലാ മുൻവിധികളും പ്രവർത്തിച്ചു തുടങ്ങുമ്പോഴാണ്. അത്തരത്തിൽ ചില സാംസ്കാരിക ചിഹ്നങ്ങൾ ഉപയോഗിച്ച് കൊണ്ട് ആളുകളെ സംശയിക്കാനും കസ്റ്റഡിയിൽ എടുക്കാനും തുടങ്ങും.
ഉദാഹരണത്തിന്, യുഎപിഎ നിയമത്തിന് അതിന്റെ എല്ലാ ഭാഷാർഥങ്ങളെയും ഉപയോഗിച്ചുകൊണ്ട് ഭരണഘടനയെ മറികടക്കാൻ കഴിയും. അങ്ങനെ മറികടക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞാലും മറികടക്കാനാവും എന്നതിന് തെളിവാണ് കേരളത്തിലും പുറത്തും സംഭവിച്ചിട്ടുള്ള യുഎപിഎ കേസുകൾ. അതിന് ഉദാഹരണമാണ് സംശയത്തിന്റെ പേരിൽ യുഎപിഎ ചുമത്തി രണ്ട് വിദ്യാർഥികളെ ജയിലിൽ അടച്ചിരിക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചതിന്റെ പേരിൽ ഒരാളുടെ മേലെ യുഎപിഎ ചുമത്താൻ പറ്റും എന്ന് ദുർവ്യാഖ്യാനിക്കാൻ പാടില്ലാ എന്ന് സുപ്രീംകോടതി പറയുന്ന സാഹചര്യത്തിൽ തന്നെയാണ് ഇതൊക്കെ സംഭവിക്കുന്നത്. ഇന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഗവൺമെന്റുകൾ ഇത്തരത്തിലുള്ള നടത്തിപ്പ് ഉപകരണങ്ങളുടെ വഴിവിട്ട പോക്കിൽ ഇടപ്പെടാൻ കഴിയാത്തവിധം ദുർബലമായിരിക്കുന്നു. അഥവാ, തെരഞ്ഞെടുത്ത ഗവൺമെന്റ് ഭരണകൂടത്തിന്റെ കൈകാര്യകർത്താവ് എന്ന ചരിത്രപരമായ പദവിയിൽ നിന്നും/നിയന്ത്രിക്കുന്ന കാര്യത്തിൽ ദുർബലമായിട്ടുണ്ട് എന്നു വേണം കരുതാൻ. ഇതിൽ നിന്ന് വിപരീതമായി തിരഞ്ഞെടുത്ത ഗവൺമെന്റിനെ ഭരണകൂടം അതിന്റെ ഇച്ഛകൾക്കനുസരിച്ച് ഉപയോഗിക്കുന്ന ഒരു സാഹചര്യം നിലവിൽ വന്നിട്ടുണ്ട് എന്നാണ് ഈ ആഗോളവൽക്കരണാനന്തര കാലത്ത് ആഗോളതലത്തിൽ തന്നെ കാണാൻ കഴിയുന്നത്.
ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങൾ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള അതിക്രമങ്ങളെ അത് ഞങ്ങളുടെ ഗവൺമെന്റിന്റെ ഭാഗത്തു നിന്നാണോ എന്ന് നോക്കിയിട്ടല്ല സമീപനം സ്വീകരിക്കേണ്ടത്. പക്ഷേ അതിനപ്പുറം ചെയ്യാനവർക്ക് സാധിക്കുന്നില്ല. അപ്പോൾ ഇവിടെ പുതിയ ഒരു രാഷ്ട്രീയ ഘടകം കടന്നു വരുന്നുണ്ട്. അത് വളരെ പ്രധാനപ്പെട്ടതാണ്.
പ്രാതിനിധ്യ ജനാധിപത്യത്തിൽ വോട്ടവകാശ സമ്പ്രദായത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭരണപക്ഷവും പ്രതിപക്ഷവും (രണ്ടും ഗവൺമെന്റിന്റെ ഭാഗം തന്നെയാണ്; ഒന്ന് നേരിട്ടുള്ളതും മറ്റൊന്ന് പരോക്ഷമായിട്ടുള്ളതും) പോലീസ് അതിക്രമങ്ങളോട് നിസ്സംഗമായ സമീപനമാണ് സ്വീകരിക്കാറുള്ളത്. ഇത് എന്തുകൊണ്ട് എന്നതിനെ കുറിച്ച് കേരളാ പോലീസിന്റെ ലീഗൽ അഡ്വൈസർ ആയിരുന്ന ഡോ. എച്ച്.അബ്ദുൽ അസീസിന്റെ വളരെ പ്രശസ്തമായ ഒരു ഒരന്വേഷണമാണ് വയലേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ബൈ പോലീസ് ഇൻ കേരള (2014). കുറ്റകൃത്യങ്ങളോട് കടുത്ത സമീപനം സ്വീകരിക്കുന്നവരാണ് ഞങ്ങൾ എന്നുള്ള നിലപാട് ഉയർത്തി പിടിക്കേണ്ടത് രാഷ്ട്രീയ കക്ഷികളുടെ ജനാധിപത്യ പ്രതിബദ്ധതയുടെ ആവശ്യകതയാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. പോലീസ് സാമൂഹിക മൈത്രി നിലനിർത്തുന്ന ഒരു ഉപാധിയായിട്ട് മാറുന്നുണ്ട്. അതുകൊണ്ട് ഞങ്ങൾ പോലീസിനൊപ്പമാണെന്ന് എല്ലായ്പ്പോഴും അവർക്ക് സ്ഥാപിക്കേണ്ടി വരുന്നു. രണ്ടാമതായി, പോലീസിനെ അവർക്ക് എപ്പോഴും ആവശ്യമാണെന്നതാണ്. അത് ഭരണപക്ഷമായാലും പ്രതിപക്ഷമായാലും. പോലീസിനെ അവരുടെ രാഷ്ട്രീയ പ്രവർത്തനത്തിന് വേണ്ടി ഉപയോഗിക്കുക എന്നത് രാഷ്ട്രീയ കക്ഷികളെ സംബന്ധിച്ച് വളരെ ആവശ്യമായി വരുന്ന ഒരു കാര്യമാണ് എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
അദ്ദേഹം നടത്തിയ അന്വേഷണത്തിൽ പൊലീസ് മർദനങ്ങളെ കുറിച്ച് പറയുന്ന ഭാഗത്ത് എന്തിനൊക്കെയാണ് പോലീസ് നിങ്ങളെ മർദിച്ചത് എന്ന ചോദ്യത്തിന് 17.2% ആളുകൾ പറയുന്നത് കുറ്റകൃത്യങ്ങൾക്ക് വേണ്ടിയുള്ള വിവരങ്ങൾ കിട്ടാൻ വേണ്ടിയാണെന്നാണ്. 5.8% ആളുകൾ പറയുന്നത് പോലീസിന്റെ അതിക്രമങ്ങൾക്കെതിരെ പ്രതികരിച്ചതിനാണെന്നും 8.8% ആളുകൾ പറയുന്നത് എതിർകക്ഷിയുടെ രാഷ്ട്രീയ സ്വാധീനത്താലാണ് തങ്ങളെ മർദ്ദിച്ചത് എന്നും 8% ആളുകൾ എതിർകക്ഷി പണം കൊടുത്ത് മർദിച്ചതാണ് എന്നുമാണ്.
ഭരണഘടന ഉറപ്പുനൽകുന്ന ധാരാളം അവകാശങ്ങൾ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തികൾക്കുണ്ട്. അറസ്റ്റ് ചെയ്താൽ വക്കീലിനെ വിളിക്കാനുള്ള സൗകര്യമൊരുക്കണം, അറസ്റ്റ് ചെയ്ത് 6 മണിക്കൂറിനുള്ളിൽ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കണം, 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കണം എന്നിങ്ങനെ. ഇവ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിൽ കേരളത്തിൽ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കാത്ത കേസുകൾ 60.87% ആണ്. വക്കീലുമായി ആലോചിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചില്ലാ എന്ന് 97% ആളുകൾ പറയുന്നു. അറസ്റ്റ് ചെയ്ത് 6 മണിക്കൂറിനുള്ളിൽ ഡോക്ടറെ കാണിക്കാത്ത കേസുകൾ 56% ആണ്. കസ്റ്റഡിയിലിരിക്കുന്ന സ്ഥലം ബന്ധപ്പെട്ടവരെ അറിക്കാത്തവരുടെ എണ്ണം 78.67% ആണ്. അറസ്റ്റ് ചെയ്തതിന്റെ കാരണം വ്യക്തമാക്കാത്ത കേസുകൾ 83% ആണ്. അറസ്റ്റ് ചെയ്യുന്നതിന് മുൻപേ നോട്ടീസ് നൽകണം. അങ്ങനെ നൽകാത്ത കേസുകൾ 86% ആണ്.
മർദ്ദനത്തെ കുറിച്ച് പോലീസുകാരുടെ അഭിപ്രായമെന്താണ് എന്നതിനെ കുറിച്ച ഡോ.അസീസിന്റെ ഗവേഷണത്തിൽ പറയുന്നത് 68.08% പോലീസുകാർ പറയുന്നത് കടുത്ത കുറ്റകൃത്യവാസന ഉള്ളവരിൽ മൂന്നാംമുറ പ്രയോഗിക്കാതെ നിവർത്തിയില്ലാ എന്നാണ്. അതിന് അവരുടെ ന്യായീകരണം 24 മണിക്കൂറിനുള്ളിൽ പ്രതികളെ കൊടതിയിൽ ഹാജരാക്കുന്നതിന് മുൻപ് വിവരങ്ങൾ ശേഖരിക്കണമെങ്കിൽ മർദ്ദനമുറ പ്രയോഗിക്കണം എന്നാണ്. നിഷ്ഠൂരമായ കുറ്റകൃത്യങ്ങളിൽ കടുത്ത മർദ്ദനം കൊടുക്കണം എന്ന് പറയുന്നവർ 46% ആണ്. അഭിപ്രായമില്ലാ എന്ന് പറയുന്നവർ 36% ശതമാനമാണ്.
ഇതിനവർ പറയുന്ന മറ്റൊരു ന്യായം കോടതിയിൽ എത്തിയാൽ ചിലപ്പോൾ കോടതി ഇവരെ വെറുതെ വിടും, അതുകൊണ്ട് അവർക്കുള്ള ശിക്ഷ ഞങ്ങൾ നൽകുന്നു എന്നാണ്. എന്നുവെച്ചാൽ പോലീസ് ലോക്കപ്പിൽ വെച്ചു തന്നെ വിധി നടപ്പാക്കുന്ന സാഹചര്യം ഉണ്ടാകുന്നു. ഈ ബോധതലത്തിൽ നിന്നു കൊണ്ടാണ് കേരളാ പോലീസ് പ്രവർത്തിക്കുന്നത് എന്നറിയുമ്പോൾ നമ്മുടെ ബ്യൂറോക്രസിയിൽ ജനാധിപത്യത്തിന് എത്രത്തോളം ആഴമുണ്ട് എന്ന് നമുക്ക് മനസിലാക്കാൻ കഴിയും.
കേരളത്തിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ ആദ്യത്തേതായി കണക്കാക്കിയിരുന്നത് 1970ൽ നെക്സലൈറ്റ് നേതാവായിരുന്ന വർഗീസിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവമാണ്. വർഗീസിനെ പിടിച്ച് മർദിച്ചതിനു ശേഷമാണ് അദ്ദേഹത്തെ വെടിവെച്ച് കൊന്ന് അതൊരു എൻകൗണ്ടർ മരണമായി മാറ്റിതീർക്കാൻ ശ്രമിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് അത് ഏറ്റുമുട്ടൽ കൊലപാതകമായിരുന്നില്ല എന്ന വെളിപ്പെടുത്തൽ രാമേന്ദ്രൻ നായർ നടത്തുന്നത്. അതിനു ശേഷവും ധാരാളം ഏറ്റുമുട്ടൽ കൊലപാതകങ്ങൾ കേരളത്തിൽ നടന്നു. ഈയടുത്ത വർഷങ്ങളിലായി മാവോയിസ്റ്റുകളായ കുപ്പു ദേവരാജ്, അജിത, സി.പി.ജലീൽ, മണിവസകം എന്നിവരെല്ലാം ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു എന്നു പറയുന്നു. ഈ ഏറ്റുമുട്ടൽ കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കാനുള്ള അവസരം എന്തുകൊണ്ടാണ് ജനങ്ങൾക്ക് കൊടുക്കാത്തത്? സ്വാഭാവികമായിട്ടും ഇൻഡ്യയിൽ നടന്നിട്ടുള്ള ഏറ്റുമുട്ടലുകളെ കുറിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ സുപ്രീംകോടതിയിൽ പോയി പുനരന്വേഷണം നടത്തിയപ്പോൾ ഏറ്റുമുട്ടലുകളിൽ 90% വ്യാജമായിരുന്നു എന്ന് കോടതിക്കും ജനങ്ങൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും വ്യക്തമായതാണ്.
ഒരു ജനാധിപത്യ ബോധമുള്ള ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം പോലീസിന്റെ വാദങ്ങളാണ് ശരി, അതിനെയാണ് ജനങ്ങൾ വിശ്വസിക്കേണ്ടത് എന്നുള്ള സമീപനത്തിലേക്ക് ഒരു ജനാധിപത്യ ഗവൺമെന്റ് പോകുകയാണെങ്കിൽ അത് പ്രശ്നമാണ്. കുറ്റത്തോടും ശിക്ഷയോടും അടുത്തുപോലും നിൽക്കാത്ത ചിന്താഗതിയുള്ള ആളുകൾ പോലീസ് സംവിധാനത്തിൽ നിലനിൽക്കുമ്പോൾ എങ്ങനെയാണ് ഇത്തരം തീർപ്പുകളിലേക്ക് നിരുപാധികമായി ഒരു ജനാധിപത്യ ഗവൺമെന്റിന് പ്രവേശിക്കാൻ കഴിയുക? ഇന്നത്തെ സാഹചര്യത്തിൽ അതിനു മാത്രമേ കഴിയൂ എന്നതാണ് കാരണം. തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റുകളുടെ അധികാര പരിധി ഭരണകൂടം വെട്ടിച്ചുരുക്കിയിരിക്കുന്നു. അതിന് കാരണമായി പറയുന്നത് ഇന്ന് രാജ്യത്ത് ഭീകരവാദ പ്രവർത്തനങ്ങൾ അമിതമായി വളർന്നു വരുന്നു എന്നതാണ്. ആ ന്യായീകരണം പറഞ്ഞുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റുകളുടെ അധികാര വിനിയോഗത്തിൽ ഇടപ്പെടുകയെന്നാൽ അവരെ തിരഞ്ഞെടുത്ത ജനങ്ങളുടെ അധികാരത്തിനു നേരെ ധ്വംസനം നടത്തുക എന്നതാണ് അർഥമാക്കുന്നത്.
പൊതുവെ കേരളത്തിൽ ഒരു പോലീസ് അതിക്രമം സംഭവിച്ചാൽ അതിന് ഭരിക്കുന്ന ഗവൺമെന്റിന്റെയും മുഖ്യമന്ത്രിയുടെയും പേരുവെച്ച് രാഷ്ട്രീയ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും രാഷ്ട്രീയ കളിയിൽ ഉപയോഗിക്കും. ഇത് ജനാധിപത്യ രാഷ്ട്രീയത്തിലെ കക്ഷി രാഷ്ട്രീയ ഉടമ്പടികളുടെ ഭാഗമായിട്ടാണ് സംഭവിക്കുന്നത്. ഭരണകൂടം ജനങ്ങളെ അക്രമിക്കുന്നത് എങ്ങനെയാണെന്നോ അതിനവർ ഉപയോഗിക്കുന്ന സൈദ്ധാന്തിക ഉപാധികളെയോ ആ ബലപ്രയോഗത്തിന്റെ ആശയ സംഹിതകളെയോ ഇവരൊക്കെ മനസിലാക്കാതെ പോകുന്നു. ഒരേസമയം മനുഷ്യ സ്നേഹവും ഹിംസയും പരസ്പര പൂരകമായി നിലനിൽക്കും എന്നാണ് ലിബറൽ സ്മൃതി. മനുഷ്യ നന്മക്ക് വേണ്ടി ഒരു വിഭാഗം മനുഷ്യർക്കുനേരെ ഹിംസ നടത്താം എന്നുള്ള ഒരു സിദ്ധാന്തം ആഗോള വ്യാപകമായി നിലനിൽക്കുകയാണ്. തിരഞ്ഞെടുക്കുന്ന ഗവൺമെന്റുകൾ സ്വമേധയാ കാര്യങ്ങൾ ഒക്കെ കൈകാര്യം ചെയ്യുമെന്ന അന്ധവിശ്വാസത്തിൽ നിന്നും മാറി, ജനാധിപത്യം സമൂഹത്തിലെ ജനങ്ങൾക്ക് നേരിട്ട് ഇടപെടേണ്ട സാഹചര്യമാണ് മനുഷ്യാവകാശത്തിന്റെ കാര്യത്തിലും ഭരണകൂടങ്ങൾ നടത്തുന്ന ഹിംസയുടെ കാര്യത്തിലും നിലനിൽക്കുന്നത്. ഈയൊരു സാഹചര്യത്തിൽ ജനങ്ങളുടെ ആത്മനിഷ്ഠ ശക്തികളെ ബലപ്പെടുത്തേണ്ടതിന് എന്ത് പ്രവർത്തന രീതിയാണ് സ്വീകരിക്കേണ്ടത് എന്നുള്ള നിലക്ക് ചിന്തയും പ്രവർത്തനവും വ്യാപിപ്പിക്കേണ്ടതുണ്ട്.
ജനാധിപത്യത്തിന്റെ ബലതന്ത്രം സാഹചര്യങ്ങൾക്കനുസരിച്ച് മാറാവുന്നതാണ്. ഇതെല്ലാം സ്വാധീനം ചെലുത്തുമെങ്കിലും ഭരണകൂടം മാറുന്നില്ല. പക്ഷേ അതിന്റെ സ്വാധീനം അപ്രധാനമാകുകയും ഭരണകൂടം അതിനെ രൂക്ഷമായി എതിർക്കുകയും അതിന്റെ ആഗോള യജമാനന്മാരുടെ ആജ്ഞാനുവർത്തകരായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ ഭരണകൂടത്തിന്റെ അക്രമങ്ങൾ വർധിക്കുകയും അത് കൂടുതൽ വിവേചനപരമായി ദലിത്-മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പ്രക്ഷോഭങ്ങളെ ശാരീരികമായും ആശയപരമായും അടിച്ചമർത്തുക എന്ന നിലയിലേക്കെത്തുകയും ചെയ്യുന്നു. മർദനങ്ങളുടെ കാര്യത്തിൽ അത് പ്രകടമാണ്. മർദനം ഒരു ശാരീക പ്രശ്നം മാത്രമല്ല, മറിച്ച് അത് ഒരു മാനസിക പ്രശ്നം കൂടിയാണ്. കസ്റ്റഡി മരണങ്ങൾ പോലീസ് സ്റ്റേഷനിൽ മാത്രം നടക്കുന്നതല്ല, അത് ജയിലുകളിൽ കൂടി നടക്കുന്നതാണ്. 2001 മുതൽ 2011 വരെയുള്ള കണക്കുകൾ പ്രകാരം നാന്നൂറിൽ പരം ആളുകൾ കേരളത്തിലെ ജയിലുകളിൽ മരണപ്പെട്ടിട്ടുണ്ട്. അതിക്രൂരമായ മർദനങ്ങൾ ഏൽക്കുകയും (എന്നാൽ മരിക്കാതിരിക്കുകയും) അത് കാരണം അവർ ജീവിതകാലം മുഴുവൻ അനുഭവിക്കുന്ന കഷ്ടതകളെയും പ്രശ്നങ്ങളെയും കുറിച്ച് ആരും പറയാറില്ല. ഇതിനെ കുറിച്ച് പോലീസ് മർദ്ദനങ്ങൾ അതിന്റെ ഇരകളെ മാത്രമല്ല ബാധിക്കുന്നത്, ഇത് മർദകരായ പോലീസുകാർക്ക് അവരുടെ കുടുംബത്തെ പോലും മനുഷ്യരായി കാണാനുള്ള മാനസികാവസ്ഥയില്ലാതാക്കുന്നു എന്ന് ഫ്രാൻസ് ഫാനൻ തന്റെ ബ്ലാക്ക് സ്കിൻ ആൻഡ് വൈറ്റ് മാസ്ക് എന്ന ഗ്രന്ഥത്തിൽ നീരീക്ഷിക്കുന്നുണ്ട്. എന്നുവെച്ചാൽ മനുഷ്യനു നേരെ അധികാര ശക്തികൾ നടത്തുന്ന മർദനങ്ങളും അതിക്രമങ്ങളും ഇരയെ മാത്രമല്ല, അക്രമത്തിന് ഉപയോഗപ്പെടുത്തുന്ന ഉദ്യോഗസ്ഥരേയും അവരുടെ കുടുംബത്തേയുമെല്ലാം ബാധിക്കുന്നു. മാനവികതയും മനുഷ്യാവകാശവും മനുഷ്യന് അവന്റെ മേലുള്ള ഭൗതിക അവകാശവും സ്വാത്രന്ത്ര്യവും എല്ലാം അവിഭാജ്യ ഘടകമാണ് എന്ന് മനസിലാക്കി കൊണ്ട് വലിയൊരു സാമൂഹിക രോഗമായി മാറാവുന്ന അപമാനവികമായ ഈ ലിബറൽ സംസ്കാരത്തിന്റെ ഹിംസയെ സർവശക്തിയും ഉപയോഗിച്ച് ചെറുക്കാൻ ജനങ്ങൾ രംഗത്തിറങ്ങേണ്ടതുണ്ട്.
ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള 2020 ജൂലൈ 16ന് സംഘടിപ്പിച്ച ഓൺലൈൻ രാഷ്ട്രീയ പഠന ക്ലാസിൽ നടത്തിയ പ്രഭാഷണം.
തയ്യാറാക്കിയത്: അൻഷദ് വണ്ടൂർ