അമീർ അലി: ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വ്യത്യസ്തമായൊരു ഓർമ

കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിൽ ദീർഘകാലം പ്രവർത്തിക്കുകയും, അതിന്റെ നേതൃപദവിയിലെത്തുകയും ചെയ്ത വ്യക്തിയാണ് അമീർ അലി എന്ന ബാവ. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് വലിയ പിന്തുണ നൽകിയ കേരളത്തിലെ മർദിത ജനവിഭാഗങ്ങളും മധ്യവർഗവും നക്സലൈറ്റുകൾക്കൊപ്പം ചേർന്നുനിന്നില്ലെങ്കിലും, പ്രസ്ഥാനമുപേക്ഷിച്ച മുൻ നേതാക്കൾക്ക് കാര്യമായ സ്വീകാര്യത നൽകിയിട്ടുണ്ട്. എന്നാൽ അമീർ അലിക്ക് എന്തുകൊണ്ടാണ് അത്തരമൊരു സ്വീകാര്യത ലഭിക്കാതിരുന്നത്? ‘മാർക്സ്, മാവോ, മലബാർ’ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട അമീർ അലിയുടെ ഓർമക്കുറിപ്പുകളെ കുറിച്ച് സി.കെ അബ്ദുൽ അസീസ് എഴുതുന്നു.

ആത്മകഥകളെല്ലാം ചരിത്രരേഖകളാണ്. എന്നാൽ ചരിത്രകാരനിൽ നിന്നും തികച്ചും വ്യത്യസ്തനാണ് ആത്മകഥാകൃത്ത്. മൺമറഞ്ഞുപോയ യാഥാർഥ്യങ്ങളെ അന്വേഷിച്ചു കണ്ടെത്തുകയും അവയുടെ സ്ഥിരീകരണത്തിനാവശ്യമായ തെളിവുകൾ ശേഖരിക്കുകയും ചെയ്തുകൊണ്ട്, സംഭവങ്ങളെയും അതിലുൾപ്പെട്ട സവിശേഷ സന്ദർഭങ്ങളെയും കഥാപാത്രങ്ങളെയും സംബന്ധിച്ച വിശദമായ വിവരണങ്ങൾ നടത്തുന്ന രീതിയാണ് പൊതുവിൽ ചരിത്രകാരന്മാർ അവലംബിച്ചുപോരുന്നത്. അതുകൊണ്ടുതന്നെ, ചരിത്രരചനയിൽ ചരിത്രകാരന്റെ ഭാവനക്ക് സുപ്രധാന പങ്കുവഹിക്കാനുണ്ട്.

ചരിത്രരചനയിൽ നിന്ന് വ്യത്യസ്തമായി ആത്മകഥയിൽ പ്രഥമപുരുഷൻ രചയിതാവ് തന്നെയാണ്. തന്റെ ജീവിതകാലത്ത് അഭിമുഖീകരിക്കേണ്ടിവന്ന ജീവനുള്ള യാഥാർഥ്യങ്ങളെ പുനർവായനക്ക് വിധേയമാക്കുന്ന പ്രക്രിയയാണ് ആത്മകഥാകൃത്ത് നിർവഹിക്കുന്നത്. അദ്ദേഹം ആത്മകഥയിൽ രേഖപ്പെടുത്തുന്നത് തന്റെ ബോധപരമായ അസ്ഥിത്വത്തിൽ നിന്നും അടർത്തിമാറ്റാനാവാത്ത ജീവനുള്ള യാഥാർഥ്യങ്ങളെയാണ്. അങ്ങനെയൊരു ചരിത്രരേഖയെ മുന്നിൽവെച്ചുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്.

മൂന്നുവർഷം മുൻപ് ചരമമടഞ്ഞ മുൻ നക്സലൈറ്റ് നേതാവ് അമീർ അലി, രോഗാതുരമായ തന്റെ ജീവിത സായാഹ്നത്തിൽ എഴുതിവെച്ചതാണ് ഈ ആത്മകഥ. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ഇത് വെളിച്ചം കാണുകയുണ്ടായില്ല. അതിൽതന്നെ ഒരു അസാധാരണത്വമുണ്ട്. മരണാനന്തരമാണ് ഈ ആത്മകഥ പ്രസിദ്ധീകരിക്കുന്നത് എങ്കിലും, ഇതിൽ പരാമർശിക്കപ്പെടുന്ന മുഖ്യ കഥാപാത്രങ്ങളെല്ലാം ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്, ബാവാക്കയൊഴികെ. അമീർ അലി, സുഹൃദ് വൃന്ദങ്ങളിലും പാർട്ടി വൃത്തങ്ങളിലും അറിയപ്പെട്ടിരുന്നത് ബാവയെന്ന പേരിലാണ്. മരണാനന്തരം ബാവാക്ക എഴുതുന്ന ആത്മകഥയെന്ന് വിശേഷിപ്പിക്കാൻ തക്കവണ്ണം അദ്ദേഹത്തിന്റെ തീക്ഷ്ണജീവിതത്തിന്റെ ചൂടും തുടിപ്പുകളും ഇതിന്റെ ഓരോ വരികളിലും ഇഴചേർന്നു നിൽക്കുന്നതുകൊണ്ട് ബാവാക്കയിപ്പോൾ ജീവിച്ചിരിപ്പില്ലെന്ന യാഥാർഥ്യം ഇതു വായിക്കുന്ന സുഹൃത്തുക്കൾ മറന്നുപോവാനിടയുണ്ട്. അത്രത്തോളം സചേതനമാണ് ഇതിലെ ഓരോ അധ്യായങ്ങളും.

നമ്മൾ ഇതുവരെ വായിച്ച ആത്മകഥകൾക്കില്ലാത്ത പല സവിശേഷതകളും ഈ ഗ്രന്ഥത്തിനുണ്ട് എന്നാണ് ഞാൻ വിചാരിക്കുന്നത്. ഒരു തൊഴിലാളിയുടെ ആത്മകഥയാണിത്. ഒരു സാധാരണ മുസ്‌ലിം കുടുംബത്തിൽ ജനിച്ചുവളർന്ന്, ഉപജീവനാർഥം നാടും വീടുമെല്ലാം ഉപേക്ഷിച്ച് അന്യസംസ്ഥാനങ്ങളിലെ വൻനഗരങ്ങളിലേക്ക് വണ്ടികയറിയ ചെറുപ്പക്കാരന്റെ ജീവിതയാത്രയാണ് ഇതിലെ പ്രതിപാദ്യ വിഷയം. അമീർ അലി എന്ന ആ ചെറുപ്പക്കാരൻ ഒരു സാധാരണ തൊഴിലാളിയായിരുന്നില്ല. ചെറുപ്പം മുതൽക്കേ ഇൻഡ്യയിലൊരു കമ്യൂണിസ്റ്റ് വിപ്ലവം സ്വപ്നംകാണുകയും, ആ വിപ്ലവത്തിൽ ഭാഗഭാക്കാവണമെന്ന ഉൽക്കടമായ ആഗ്രഹം സദാസമയം മനസ്സിൽ കൊണ്ടുനടക്കുകയും ചെയ്ത ഒരാളെ എങ്ങനെ സാധാരണ തൊഴിലാളിയായി കണക്കാക്കാനാവും? സാധാരണ തൊഴിലാളികൾക്ക് വിപ്ലവത്തെക്കാൾ വലിയ കാര്യം ജീവിതമാണ്. വർഗബോധം കരുപ്പിടിപ്പിക്കാൻ അനുയോജ്യമായ ഭൗതിക സാഹചര്യങ്ങൾ പ്രദാനംചെയ്യുന്ന വൻകിട ഫാക്ടറി തൊഴിലാളികളുടെയും അവസ്ഥയിതാണ്. പണിമുടക്ക് സമരങ്ങളിൽപോലും ഒരു പരിധിയിലപ്പുറം പിടിച്ചുനിൽക്കാൻ തൊഴിലാളികൾക്കാവില്ല. സാമ്പത്തിക സമരങ്ങളിലൂടെ താത്കാലിക നേട്ടങ്ങൾ കൈവരിക്കുന്നതിലും ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിലുമാണ് തൊഴിലാളികൾക്ക് താൽപര്യം. ഇപ്രകാരം, മുതലാളിവർഗത്തിന്റെ ചൂഷണ വ്യവസ്ഥിതി അടിച്ചേൽപ്പിച്ച ജീവിതാവസ്ഥയുടെ ഏറ്റിറക്കങ്ങളിൽ അഭിരമിച്ചുകഴിയുന്ന തൊഴിലാളികളെ വിപ്ലവം നടത്താൻ കെൽപുള്ള വർഗശക്തിയാക്കി ഉയർത്തുക എന്നതാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രദൗത്യം.

കമ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്‌ടനായി തൊഴിലാളിവർഗ വിപ്ലവത്തിന്റെ പക്ഷംചേർന്ന് ചിന്തിക്കാൻ തുടങ്ങിയതോടെയാണ് അമീർ അലി എന്ന സാധാരണക്കാരൻ തന്റെ ജീവിതരേഖ മാറ്റിവരക്കുന്നത്. സിപിഎമ്മിന്റെ പാർലമെന്ററി പാതയും തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് വേണ്ടിയുള്ള ഐക്യമുന്നണി രാഷ്ട്രീയവും ഇൻഡ്യൻ വിപ്ലവം എന്ന ലക്ഷ്യത്തിലേക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കൊണ്ടെത്തിക്കാൻ പോവുന്നില്ല എന്ന ചിന്തകൾ അഖിലേന്ത്യാടിസ്ഥാനത്തിൽ കമ്യൂണിസ്റ്റുകാർക്കിടയിൽ നിലനിന്നിരുന്ന കാലത്താണ് അമീർ അലിയുടെ രാഷ്ട്രീയ ചിന്തകളിൽ മാറ്റങ്ങളുണ്ടാവുന്നത്. 1964ൽ കമ്യൂണിസ്റ്റു പാർട്ടി പിളരുന്നതിന് മുൻപായി പാർട്ടിക്കുള്ളിലെ ‘ചൈനീസ് പാതക്കാർ’ ആന്ധ്രയിലെ ‘തെനാലിയിൽ’ (Thenali) പ്രത്യേക സമ്മേളനം നടത്തുകയുണ്ടായി. ഈ സമ്മേളനമാണ് പിൽക്കാലത്ത് സിപിഐ (എം) ആയി രൂപാന്തരപ്പെട്ടത്. മാവോ സേതുങ്ങിന്റെ വലിയ ഒരുപടം സ്റ്റേജിൽ തൂക്കിക്കൊണ്ടാണ് തെനാലി സമ്മേളനം നടന്നത്. തെലങ്കാന സമരത്തിന്റെ വീരസ്മരണകൾ വീണുടഞ്ഞു പോവുന്നതിനു മുൻപ് ഇങ്ങനെ ഒരന്തരീക്ഷം അണികളിൽ സൃഷ്‌ടിച്ച ആവേശവും പ്രതീക്ഷയുമാണ് തുടർന്നുള്ള വർഷങ്ങളിൽ സിപിഐ (എം)ന്റെ ശാക്തീകരണത്തിന് ആവശ്യമായ ഊർജം നൽകിയത്.

1967ൽ മുന്നണി രാഷ്ട്രീയത്തിന് മുൻകൈയ്യെടുത്തുകൊണ്ട് സിപിഐ (എം) പാർലമെന്ററി പാതയിൽ ഉറച്ചുനിൽക്കാൻ ശ്രമം നടത്തിയതോടെ ചൈനീസ് പാതക്കാർ പാർട്ടിയുമായി ഇടഞ്ഞു. ചാരു മജുംദാറുടെ നേതൃത്വത്തിൽ നക്സൽബാരി സമരവും മറ്റു സായുധ സമരരീതികളുമൊക്കെ ആവിർഭവിക്കുന്നതിന്റെ രാഷ്ട്രീയ പശ്ചാത്തലമിതാണ്. നക്സൽബാരിയുടെ ആശയപരമായ സ്വാധീനം അളവറ്റതായിരുന്നു. ‘ഇൻഡ്യൻ ചക്രവാളത്തിൽ വസന്തത്തിന്റെ ഇടിമുഴക്കമെന്ന ‘പെകിങ് റിവ്യൂ’ (peking review) മുഖപ്രസംഗത്തിലൂടെ നക്സൽബാരി സമരത്തിന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നൽകിയ പിന്തുണ അതിലേറെ ആവേശജനകവും വിപ്ലവ ചിന്താഗതിക്കാരായ ആളുകൾക്കെല്ലാം ശുഭപ്രതീക്ഷകൾ പ്രദാനം ചെയ്യുന്നതുമായിരുന്നു. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ 1964ലെ പിളർപ്പിനുശേഷം, വീണ്ടും രണ്ടു പാതകൾ തമ്മിലുള്ള സമരം രൂക്ഷമായി. സിപിഐ (എം)ന്റെ ജർമൻ പാതയും നക്സലൈറ്റുകളുടെ ചൈനീസ് പാതയും.

ചാരു മജുംദാർ

ചൈനീസ് പാതയോടും ചാരു മജുംദാറിനോടും ഐക്യദാർഢ്യം പ്രഖ്യപിച്ച്‌, ഹോട്ടൽ തൊഴിലാളിയായ അമീർ അലി തന്റെ ജീവിതത്തെക്കുറിച്ച ഉറച്ച ഒരു തീരുമാനമെടുക്കാൻ നിർബന്ധിതനായി. ഇങ്ങനെയൊരു ആത്മകഥ ഉണ്ടാകാൻതന്നെ കാരണമതാണ്. ഇതിനെക്കുറിച്ച്‌ ബാവാക്ക എഴുതിയത് ഇവിടെ കുറിക്കട്ടെ: “പലവട്ടം ഞാൻ ചോദിച്ചു, ഒരു വിപ്ലവ പാർട്ടിയിൽ പ്രവർത്തിക്കുക എന്നുപറഞ്ഞാൽ അത് സാധാരണ ജീവിതമല്ല. ഒന്നുകിൽ വിജയം, അല്ലെങ്കിൽ മരണം. അതുമല്ലെങ്കിൽ ത്യാഗപൂർണമായ ദുരിതജീവിതം. ഇത്തരമൊരു ജീവിതത്തിന് തയ്യാറുണ്ടോ? അല്ല, ഇപ്പോൾ ജീവിക്കുന്നതുപോലെ സാധാരണ ജീവിതം തുടർന്നാൽ മതിയോ? അന്തിമ തീരുമാനമാവാതെ ചോദ്യങ്ങൾ ആവർത്തിച്ച് ഒന്നുരണ്ടു വർഷക്കാലം കടന്നുപോയി. വിപ്ലവ പ്രസിദ്ധീകരണങ്ങളും റിപ്പോർട്ടുകളും വായിക്കുന്നത് തുടരുമ്പോഴും അവസാന തീരുമാനമായില്ല”. ഈ അനിശ്ചിതാവസ്ഥക്ക് മാറ്റംവരുന്നത് അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ തലശ്ശേരി-പുൽപള്ളി നക്സലൈറ്റ് ആക്ഷനുകളിൽ പങ്കെടുത്ത് അറസ്റ്റു ചെയ്യപ്പെടുന്നതോടെയാണ്.

1969 മെയ്‌ ഒന്നിന്, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) എന്ന പേരിൽ അഖിലേന്ത്യാ തലത്തിലുള്ള നക്‌സലൈറ്റുകൾ ഏകോപിച്ച്‌ പാർട്ടി പ്രഖ്യാപനം നടത്തിയതോടെ ബാവാക്കയുടെ അനിശ്ചിതാവസ്ഥക്ക് തീരുമാനമായി. കൊൽക്കത്ത പാർട്ടി കേന്ദ്രത്തിൽ നിന്നുള്ള ഉപദേശപ്രകാരമാണ് അദ്ദേഹം ബോംബെ വിട്ട് നാട്ടിലെത്തുന്നത്. കേരളത്തിൽ എത്തിച്ചേർന്നതിനു ശേഷം സംസ്ഥാനത്തെ നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധം സ്ഥാപിക്കാൻ അദ്ദേഹം നടത്തുന്ന പരിശ്രമങ്ങളെക്കുറിച്ച് ഈ പുസ്തകത്തിൽ വളരെ രസാവഹമായി അദ്ദേഹം വിവരിക്കുന്നുണ്ട്. വിപ്ലവ പ്രസ്ഥാനത്തിന്റെ സംഘർഷ ഭൂമിയിലേക്ക് കടന്നുചെല്ലുന്ന ഓരോരുത്തർക്കും ഇത്തരത്തിലുള്ള സംഭവങ്ങൾ ആകാശത്തുനിന്നും പൊട്ടിവീഴുന്ന യാദൃശ്ചിക സംഭവങ്ങളല്ല എന്ന് ഓർക്കണം. മനുഷ്യനെ, അല്ലെങ്കിൽ മനുഷ്യരിൽ ചിലരെയെങ്കിലും വിപ്ലവകാരികളാക്കി മാറ്റിത്തീർക്കുന്ന ഭൗതിക സാഹചര്യം നിലനിൽക്കുമ്പോൾ മാത്രമേ ഇത്തരം യാദൃശ്ചിക സംഭവങ്ങൾ മനുഷ്യ മനസ്സിന്റെ വിപ്ലവകരമായ പരിവർത്തനത്തിന് കാരണമാകൂ. വിപ്ലവ കാലഘട്ടത്തിൽ മനുഷ്യരുടെ ബോധത്തിന് പ്രകാശത്തെക്കാൾ വേഗം കൂടുമെന്ന് പറഞ്ഞുകൊണ്ടാണ് മാവോ സേതുങ് ഈ പ്രക്രിയയെ വിലയിരുത്തുന്നത്. പ്രകാശത്തെക്കാൾ വേഗത്തിലുള്ള ബോധ പരിണാമത്തിന് ബാവാക്കയും വിധേയനായി. ഒരു സാധാരണ ഹോട്ടൽ തൊഴിലാളിയിൽ നിന്നും വിപ്ലവ മാർഗത്തിൽ സർവം ത്യജിക്കാൻ തയ്യാറായി വിപ്ലവത്തിന്റെ കർതൃത്വശക്തിയായി അദ്ദേഹം മാറി. ഇത്‌ ബാവാക്കയുടെ മാത്രം കഥയല്ല. വിപ്ലവ പ്രസ്ഥാനത്തിൽ ചേർന്ന സാധാരണക്കാരായ മുഴുവൻ തൊഴിലാളികളെയും ബാവാക്കയുടെ ആത്മസംഘർഷങ്ങളും ധർമസങ്കടങ്ങളും പ്രതിനിധീകരിക്കുന്നു എന്നാണ് ഞാൻ വിചാരിക്കുന്നത്.

കേരളാ സംസ്ഥാനത്ത് നക്സലൈറ്റുകളുടെ രാഷ്ട്രീയ സാന്നിധ്യം വിളംബരം ചെയ്ത തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്ത സഖാക്കളിൽ പലരും സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും ഇനിയൊരു തിരിച്ചുപോക്കില്ല എന്നുറപ്പിച്ചാണ് തലശ്ശേരിയിൽ എത്തിയതെന്ന് അതിൽ പങ്കെടുത്ത ചിലരിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു. തലശ്ശേരിയിൽ പോലീസ് സ്റ്റേഷൻ ആക്രമണം നടത്തി നേരെ വയനാട്ടിലേക്ക് പോകാമെന്നും, അവിടെ വർഗീസിന്റെയും അജിതയുടെയും നേതൃത്വത്തിൽ രൂപപ്പെടാൻ പോകുന്ന വിമോചിത മേഖലയിൽ എത്തിച്ചേരാമെന്നും ആയിരുന്നുവത്രെ കണക്കുകൂട്ടൽ. അടിയന്തരാവസ്ഥ കാലത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ എന്നോടൊപ്പം കഴിഞ്ഞിരുന്ന അവരിൽ ചിലരിൽ നിന്ന് കേട്ടറിഞ്ഞതാണിത്. ഇവർക്കെല്ലാം വല്ല ബുദ്ധിഭ്രമവും ബാധിച്ചിരുന്നുവോ എന്നാണ് കേട്ടാൽ തോന്നുക. തലശ്ശേരിയിൽ നിന്ന് കുറെ 302 തോക്കുകളും ഡൈനാമിറ്റുകളുമായി വയനാട്ടിലേക്ക് മാർച്ചുചെയ്ത്, അവിടെ വിമോചന മേഖല സൃഷ്ടിക്കാനൊരുമ്പെടുന്ന ഒരു കൂട്ടം മനുഷ്യരുടെ മനോഘടനയെന്താവും? അവരുടെ അടുത്തു നിൽക്കുന്നവർക്കേ ഉള്ളിലെരിയുന്ന തീയുടെ ചൂടറിയാനാകൂ. തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമിച്ച നക്സലൈറ്റുകളും അതിന് നേതൃത്വം നൽകിയ കുന്നിക്കൽ നാരായണനും ഈ സാഹസങ്ങൾക്കെല്ലാം ഒരുമ്പെട്ടത് വയനാട് കേന്ദ്രീകരിച്ചുകൊണ്ട് ഇൻഡ്യൻ വിപ്ലവം വിജയിപ്പിക്കാമെന്ന വ്യാമോഹത്തള്ളിച്ചകൊണ്ടാവാൻ സാധ്യതയില്ല. തങ്ങളെക്കാൾ ആയിരം മടങ്ങ് ശക്തിയുള്ള ഭരണകൂടത്തെ കുറിച്ചും, അതിന്റെ സൈനിക സന്നാഹങ്ങളെ കുറിച്ചും അവർ തികച്ചും ബോധവാന്മാരായിരിക്കണം. ഇവയോടെല്ലാം ഏറ്റുമുട്ടേണ്ടിവരുമെന്നും, ഈ പോരാട്ടത്തിൽ ജീവൻ വെടിയേണ്ടിവന്നാലും വിപ്ലവത്തിനു വേണ്ടിയുള്ള ആത്മത്യാഗങ്ങൾ ഒരിക്കലും പാഴായിപ്പോവില്ലെന്നും ഉറച്ചുവിശ്വസിക്കുന്നവർക്ക് മാത്രമേ ഇത്തരം സാഹസങ്ങളിൽ പങ്കെടുക്കാനാവൂ.

എ. വർഗീസ്

കുന്നിക്കലിന്റെ നേതൃത്വത്തിൽ നടന്ന വിപ്ലവ പദ്ധതികളെക്കുറിച്ച വിമർശനങ്ങളും വിശകലനങ്ങളും ബാവാക്കയുടെ ഈ കൃതിയിൽ ഇടംപിടിച്ചിട്ടുണ്ട്. അതിൽ ഇടപെടാനുള്ള ഉദ്ദേശ്യത്തിലല്ല തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തവരെക്കുറിച്ച്‌ ഇവിടെ സൂചിപ്പിക്കുന്നത്. മാവോയുടെയും മജുംദാറിന്റെയും ചിന്തകൾ സാധാരണ മനുഷ്യരുടെ ബോധതലത്തെ എപ്രകാരം മാറ്റിമറിച്ചു എന്നും, അമർന്നുകിടന്നിരുന്ന വിപ്ലവ സ്വപ്നങ്ങളെ അതെങ്ങനെയാണ് കുത്തിയിളക്കിയതെന്നും മനസ്സിലാക്കുമ്പോൾ, ബാവാക്കയെ പോലുള്ള ഒരു സാധാരണ ഹോട്ടൽ തൊഴിലാളി വിപ്ലവ പാർട്ടിയിൽ ചേരാൻ ഓടിനടന്നതിന്റെ കാരണം കണ്ടെത്താൻ എളുപ്പമാണ്. അങ്ങനെയും ഒരു കാലമുണ്ടായിരുന്നു. മനുഷ്യസഹജമായ ദൗർബല്യങ്ങളെയെല്ലാം ചെറുത്തുനിന്നുകൊണ്ട്, വ്യക്തികൾ സ്വയം ശക്തികേന്ദ്രങ്ങളായി പരിവർത്തിപ്പിക്കപ്പെട്ട ഒരു കാലം. ആ കാലത്തിന്റെ പ്രതിനിധിയും പ്രതീകവുമായിട്ടാണ് ബാവാക്കയെ മനസ്സിലാക്കേണ്ടത്.

വിപ്ലവത്തിനു വേണ്ടി ജീവിതം സമർപ്പിച്ചതിനു ശേഷവും ജീവിതത്തെ അദ്ദേഹം അതിരറ്റ് സ്നേഹിച്ചിരുന്നുവെന്ന് ഈ ഗ്രന്ഥത്തിന്റെ താളുകൾ സാക്ഷ്യപ്പെടുത്തുന്നു. പ്രണയം, കുടുബം, കുട്ടികൾ, അവരുടെ സംരക്ഷണം എന്നിവയെല്ലാം ബാവാക്കയെ സംബന്ധിച്ചിടത്തോളം വിപ്ലവത്തെ പോലെ സുപ്രധാനമായ വിഷയങ്ങളായിരുന്നു. ഉമ്മ, ഉപ്പ, സഹോദരങ്ങൾ, കുടുംബ ബന്ധങ്ങൾ എന്നിവയൊന്നും വിപ്ലവത്തിന്റെ പേരിൽ ചെറുതാക്കിക്കാണാനും അദ്ദേഹം തയ്യാറായില്ല. കുടുംബമാണോ വിപ്ലവമാണോ ജീവിതത്തിൽ സുപ്രധാന വിഷയം എന്ന വിഷമപ്രശ്നത്തിന് മുൻപിൽ അടിപതറാതെ, അവ രണ്ടിനെയും ചേർത്തുവെച്ചുകൊണ്ട് മുന്നോട്ടുപോകാൻ സാധിച്ചത്, ആജീവനാന്തം അദ്ദേഹം നിലനിർത്തിപ്പോന്ന സാധാരണ തൊഴിലാളിയുടെ സാംസ്‌കാരിക സവിശേഷതയായിട്ടാണ് ഞാൻ വീക്ഷിക്കുന്നത്.

ബാവാക്കയെ ഞാൻ ആദ്യമായി കാണുന്നത് കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ചാണ്. അടിയന്തരാവസ്ഥയുടെ അവസാന ഘട്ടത്തിലാണ് അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടത് എന്നതാണ് എന്റെ ഓർമ. നക്സലൈറ്റുകളെ മാത്രം പൂട്ടിയിരുന്ന സി.പി ബ്ലോക്കിലേക്ക് (closed prison block) തന്നെയാണ് അദ്ദേഹത്തെയും കൊണ്ടുവന്നത്. ഞങ്ങളാകട്ടെ ‘മിസാ’ തടവുകാരുടെ (MISA- maintenance of internal security act അഥവാ അടിയന്തരാവസ്ഥാ കാലത്തെ ആഭ്യന്തര സുരക്ഷാ നിയമം) കൂട്ടത്തിലല്ല.

ജയിൽ ശിക്ഷ അനുഭവിക്കുന്ന മറ്റു നക്സലൈറ്റുകളുടെ വിങ്ങിലാണ് ബാവാക്കയെ പൂട്ടിയിട്ടത്. അതുകൊണ്ട് നേരിട്ടുള്ള സംഭാഷണങ്ങളുടെ സാധ്യത വിരളമായിരുന്നു. മാത്രവുമല്ല, ആദ്യമായാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. മുൻപുതന്നെ ബാവക്കയെ കുറിച്ച് ധാരാളം പറഞ്ഞുകേട്ടിരുന്നു. എന്റെ സെല്ലിലുണ്ടായ ശിവപ്രസാദ് മാസ്റ്ററാണ് (താവം കേസിലെ ഒന്നാം പ്രതിയായിരുന്നു ശിവപ്രസാദ് മാസ്റ്റർ) ഈ ഗ്രന്ഥത്തിൽ പ്രസ്താവിച്ചിട്ടുള്ള തോക്കിന്റെ കഥയെല്ലാം പറഞ്ഞുതന്നത്. ബാവാക്കയുടെ ജ്യേഷ്‌ഠൻ യൂസുഫ് അന്ന് ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. പിന്നീട് ബാവാക്കയെ ഞാൻ കാണുന്നത് 1994ലാണ്. അന്ന് ഞാൻ പിഡിപിയുടെ ജനറൽ സെക്രട്ടറി സ്ഥാനംവഹിച്ചിരുന്ന കാലമാണ്. അതിനുമുൻപ്, 1989ൽ അദ്ദേഹം എന്നെ കാണാൻ ശ്രമം നടത്തുകയുണ്ടായി. പ്രവാസി ജീവിതത്തിൽ നിന്ന് അൽപം വിട്ടുനിൽക്കാൻ തീരുമാനിച്ച്‌, മഞ്ചേരിയിൽ ഒരു പാരലൽ കോളേജ് നടത്തിക്കൊണ്ടിരുന്ന കാലത്താണ് എന്നെ വീണ്ടും പാർട്ടിയോട് അടുപ്പിക്കാൻ ബാവാക്ക ശ്രമംനടത്തുന്നത്. അതിനൊരു കാരണവുമുണ്ടായിരുന്നു.

നിലമ്പൂർ അകമ്പാടത്തെ പ്രധാന ജന്മിയും മുസ്‌ലിം ലീഗ് നേതാവുമായ നാലകത്ത് ബീരാൻ ഹാജിക്കെതിരെ അക്കാലത്ത് ഒരു സമരം നടക്കുകയുണ്ടായി. അദ്ദേഹത്തിന്റെ റബർ എസ്റ്റേറ്റിൽ നിന്ന് അകാരണമായി പിരിച്ചുവിടപ്പെട്ട രണ്ട് തൊഴിലാളികളെ തിരിച്ചെടുക്കുക എന്നതായിരുന്നു ആവശ്യം. ബീരാൻ ഹാജിക്കെതിരെ അകമ്പാടത്ത് രംഗത്തിറങ്ങാൻ ആർക്കും ധൈര്യമുണ്ടായില്ല. സ്വന്തം കാര്യങ്ങളിൽ അത്യാവശ്യം ബലാൽക്കാരവും ഗുണ്ടായിസവും പ്രയോഗിക്കുന്ന ആളായിരുന്നു ബീരാൻ ഹാജി. ആ പ്രദേശത്തെ പൊതുപ്രവർത്തകനും മുൻ ഐഎൻടിയുസി നേതാവുമായിരുന്ന എടവണ്ണക്കാരൻ അബുവാണ് ഈ പ്രശ്നത്തെ അകമ്പാടത്ത് നിന്നും പുറത്തെത്തിച്ചത്. അബു അക്കാലത്ത് ഐഎൻടിയുസി വിട്ട് വാസുവേട്ടന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ‘ഗ്രോ’ (GROW) യൂണിയനുമായി സഹകരിച്ചു പ്രവർത്തിക്കുകയായിരുന്നു. വാസുവേട്ടനാണ് എന്നെ ഈ പ്രശ്നവുമായി ബന്ധിപ്പിക്കുന്നത്. അന്ന് അകമ്പാടത്തേക്ക് പാലമില്ല. കടവ് കടന്നുവേണം അക്കരെയെത്താൻ. അക്കാലത്ത്, ഞാനും മഞ്ചേരിയിൽ അഭിഭാഷകനും മാവൂർ സമര സഹായസമിതിയിൽ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്ന അഡ്വ. പി.എസ്.ആർ പിള്ളയും അവസാനത്തെ തോണിക്ക് അക്കരെപ്പോയി രാത്രി അവിടെ തങ്ങി സമരത്തിന് ആളെക്കൂട്ടൽ പതിവായിരുന്നു.

ഗ്രോ വാസു

ചുരുക്കിപ്പറഞ്ഞാൽ, പതിനെട്ടു പേരെ വെച്ച് അകമ്പാടത്ത് ഞങ്ങൾ ഒരു കാൽനടയാത്ര സംഘടിപ്പിച്ചു. എരഞ്ഞിമങ്ങാട്, എടവണ്ണ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കോർണർ യോഗങ്ങൾ നടത്തുവാനും ഞങ്ങൾക്ക് സാധിച്ചു. നിലമ്പൂർ ചന്തപ്പാടത്തുവെച്ച് സമാപന സമ്മേളനവും നടത്തി. വാസുവേട്ടൻ ആയിരുന്നു ഉദ്ഘാടകൻ. നാലകത്ത് ബീരാൻ ഹാജി പണ്ടേ ഞങ്ങളുടെ ലിസ്റ്റിൽ ഉണ്ടായിരുന്ന ആളാണെന്ന വാസുവേട്ടന്റെ പ്രഖ്യാപനം ഉച്ചഭാഷിണിയിലൂടെ മുഴങ്ങുന്നത് ബീരാൻ ഹാജി അദ്ദേഹത്തിന്റെ ഹോട്ടലിലിരുന്ന് കേൾക്കുന്നുണ്ടായിരുന്നു എന്നാണ് പിന്നീട് അബു പറഞ്ഞത്. ഏതായാലും പൊതുസമ്മേളനം കഴിഞ്ഞതോടെ പരിഹാരത്തിന്റെ വാതിൽ ബീരാൻ ഹാജി തന്നെ തുറന്നുതന്നു. ഈ സംഭവത്തിലുള്ള എന്റെ പങ്കാളിത്തം കേട്ടറിഞ്ഞത് കൊണ്ടാവാം, ഒരുപക്ഷേ ഞാൻ കേരളത്തിൽ വീണ്ടും സജീവമാവുകയാണോ എന്ന് മലപ്പുറം ജില്ലയിലെ എന്റെ പഴയ സഖാക്കൾ പലരും സംശയിച്ചിരുന്നു. അങ്ങനെ ബാവാക്കയുടെ ദൂതനായി ഒരാൾ എന്നെ കാണാൻ പാരലൽ കോളേജിൽ വന്നു.

പരിഷ്കരിച്ച പാർട്ടി രീതികളെ കുറിച്ചൊക്കെ സഖാവ് എന്നോട് സംസാരിച്ചു. വിപ്ലവത്തെ സംബന്ധിച്ചിടത്തോളം അടിസ്ഥാന വർഗമെന്നത് തൊഴിലാളി വർഗമല്ല, മറിച്ച് മധ്യവർഗമാണ് എന്നതാണ് എന്റെ നിലപാട് എന്ന് വെറുതെ തട്ടിവിട്ടതോടെ ആ സഖാവ് മടങ്ങിപ്പോയി. ഈ സംഭവത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് 1994ൽ ബാവാക്ക എന്നെ വന്നുകണ്ടപ്പോൾ ഞങ്ങൾ സംഭാഷണം ആരംഭിച്ചത്. ഒരു നിമിഷം കണ്ണടച്ച് ഹൃദ്യമായി ചിരിച്ചുവെന്നല്ലാതെ അതിനെക്കുറിച്ച്‌ ഒരക്ഷരം പറയാൻ അദ്ദേഹം കൂട്ടാക്കിയില്ല. “പിഡിപിയിൽ എന്താണുള്ളത്, വിത്തിട്ടാൽ മുളക്കുന്ന സ്ഥലമാണോ, എങ്കിൽ ഞാനും കൂടാം, തൊഴിലാളി സംഘടനയുണ്ടാക്കാം” എന്നൊക്കെയായി പിന്നീടുള്ള സംസാരം. ഞാനും പിഡിപിയും തമ്മിലെന്ത് എന്നു മനസ്സിലാക്കലാണ് ഉദ്ദേശ്യമെന്ന് എനിക്ക് പിടികിട്ടി. എന്നെ വന്നുകണ്ടത് രാഷ്ട്രീയം പറയാനല്ല. ഹോട്ടൽ കച്ചവടം നടത്താൻ ഒരു ‘ഇൻവെസ്റ്റിംഗ് പാർട്ണറെ’ വേണം. കച്ചവടമായാലും ജോലിയായാലും ഹോട്ടലായിരുന്നു ബാവാക്കയുടെ ആദ്യ ചോയ്‌സ്. മിക്കവാറും കച്ചവടങ്ങളൊക്കെ നഷ്‌ടത്തിൽ കലാശിക്കുകയും, അതിന്റെ ബാക്കിപത്രമെന്നോണം ബാവാക്ക ഹോട്ടൽ പണിക്കാരനായി തുടരുകയും ചെയ്തതിന്റെ അനുഭവങ്ങൾ അദ്ദേഹം തന്നെ പറയാറുണ്ട്. ഈ കച്ചവട വർത്തമാനങ്ങൾക്കിടയിലും ബാവാക്ക രാഷ്ട്രീയം പറയും. പറയാൻ വേണ്ടി പറയുന്നതല്ല. പറഞ്ഞുപോവുന്നതാണ്. വളരെ ചുരുക്കിയേ പറയൂ. അന്ന് കേട്ട പലതിന്റെയും വിശദ വിവരങ്ങൾ ഈ ഗ്രന്ഥത്തിൽ കാണാനുണ്ട്. രണ്ടോ മൂന്നോ വർഷം ഞങ്ങൾ തമ്മിൽ ഈ ‘കച്ചവട ബന്ധം’ തുടർന്നു എന്നാണോർമ. അതിനുശേഷം പരസ്പരം കണ്ടുമുട്ടാൻ അവസരം ലഭിക്കാതെ ഞങ്ങൾ പിരിഞ്ഞു. ജീവിതം അങ്ങനെയാണ്. ഒരു പായക്കപ്പലുപോലെ. വെള്ളത്തിലായാലും കരയിലായാലും നമ്മളാഗ്രഹിക്കുന്ന വഴി അത് സഞ്ചരിച്ചുകൊള്ളണമെന്നില്ല. ഹൃസ്വകാലത്തെ വ്യക്തിബന്ധം മാത്രമേ ഞങ്ങൾക്കിടയിൽ നിലനിന്നിട്ടുള്ളുവെങ്കിലും, ബാവാക്കയെ മനസ്സിലാക്കാൻ അതുതന്നെ ധാരാളമാണ്.

ഞാൻ മനസ്സിലാക്കിയിടത്തോളം ബാവാക്ക ഒരു മുസ്‌ലിം കമ്യൂണിസ്റ്റായിരുന്നു. ‘മുസ്‌ലിം കമ്യൂണിസ്റ്റ്’ എന്ന പ്രയോഗത്തിന്റെ പേറ്റന്റ് അവകാശം ഇ.എം.എസിന്റേതാണ്. (മലബാറിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അതുല്യമായ സംഭാവനകൾ നൽകിയ ഇ.കെ ഇമ്പിച്ചി ബാവ മരണമടഞ്ഞ സമയത്ത് ‘കമ്യൂണിസ്റ്റ് തറവാട്ടിലെ മുസ്‌ലിം കാരണവർ’ എന്ന് ഇഎംഎസ് അദ്ദേഹത്തെ വിശേഷിപ്പിച്ചതോർക്കുക).

ഇൻഡ്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ മുസ്‌ലിം സമുദായത്തിൽ നിന്നുള്ള അസംഖ്യം പേർ അണിചേർന്നിട്ടുണ്ട്. ഇൻഡ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽപ്പെടുന്ന മുസഫർ അഹമദ്, ബാഗായിലെ മുസ്‌ലിം മധ്യവർഗ കുടുംബത്തിൽ ജനിച്ച മഹദ് വ്യക്തിത്വമാണ്. മൗലാനാ ഹസ്രത് മൊഹാനി, ഷൗക്കത്ത് ഉസ്മാനി തുടങ്ങിയ നിരവധി പേർ മുസ്‌ലിം സമുദായത്തിൽ നിന്നും കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ സംഘാടകരായിട്ടുണ്ട്. മുസഫർ അഹമദിനെ മുസ്‌ലിം കമ്യൂണിസ്റ്റ് എന്ന രീതിയിൽ കമ്യൂണിസ്റ്റ് പാർട്ടി വിശേഷിപ്പിക്കുന്നത് കേട്ടിട്ടില്ല. ഇഎംഎസിന്റെ വിശേഷണത്തിൽ എന്തെങ്കിലും തരത്തിലുള്ള വിവേചനമോ മുൻവിധിയോ ഉള്ളടങ്ങിയിട്ടുണ്ട് എന്നല്ല അർഥമാക്കുന്നത്. ഒരുപക്ഷേ, മുസ്‌ലിംകളും കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള ഗാഢബന്ധം ഉയർത്തിക്കാണിക്കാൻ വേണ്ടിയാവണം അദ്ദേഹം അങ്ങനെയൊരു വിശേഷണം ഇമ്പിച്ചി ബാവക്ക് നൽകിയത്. അമീർ അലി മുസ്‌ലിം കമ്യൂണിസ്റ്റായിരുന്നുവെന്ന് പറയാൻ കാരണം, അദ്ദേഹം തന്റെ ജീവിതത്തിൽ താനുൾപ്പെടുന്ന മുസ്‌ലിം സമുദായത്തോടും അവരുടെ മതവിശ്വാസത്തോടും സ്വീകരിച്ച സമീപനങ്ങളാണ്.

ആദ്യകാല ഇൻഡ്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കൾ (ബ്രിട്ടീഷ് ആർക്കൈവ്സിൽ നിന്ന്)

ഉറച്ച വൈരുധ്യാധിഷ്‌ഠിത ഭൗതികവാദിയായിരുന്നു ബാവാക്ക. അതുകൊണ്ടുതന്നെ, മനുഷ്യനും മതവിശ്വാസവും തമ്മിലുള്ള ബന്ധത്തെ വിപ്ലവ മുന്നേറ്റത്തിന് വിഘാതമായി അദ്ദേഹം കണക്കാക്കിയിരുന്നില്ല. ഇൻഡ്യൻ കമ്യൂണിസ്റ്റുകളെ ആസകലം ബാധിച്ചിരുന്ന ബൂർഷ്വാ ലിബറലിസത്തിന് അദ്ദേഹത്തെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. വർഗ രാഷ്ട്രീയത്തിൽ ബൂർഷ്വാ ലിബറലിസം കൂടിക്കലരുമ്പോൾ, മതത്തിന്റെ രൂപത്തിൽ പൊട്ടിപ്പുറപ്പെടുന്ന വർഗപ്രശ്നങ്ങളുടെ രാഷ്ട്രീയ സ്വഭാവത്തെ കൃത്യമായി മനസ്സിലാക്കുന്നതിൽ കമ്യൂണിസ്റ്റുകാർ പരാജയപ്പെട്ടതിന്റെ തെളിവുകൾ ഇൻഡ്യൻ കമ്യൂണിസത്തിന്റെ നാളിതുവരെയുള്ള ചരിത്രത്തിൽ നിന്നുതന്നെ വ്യക്തമാണ്. ബാവാക്ക മാത്രമല്ല, സി.ആർ.സി സി.പി.ഐ (എംഎൽ)ഉം ഇതിൽ നിന്ന് മുക്തമായിരുന്നു എന്ന് അനുമാനിക്കാവുന്നതാണ്. ബാബരി പ്രശ്നം കത്തിനിൽക്കുന്ന സമയത്ത്, ബാബരി മുസ്‌ലിംകളുടേതാണ് എന്ന മുദ്രാവാക്യമുയർത്താൻ അവർക്ക് സാധിച്ചതും അതുകൊണ്ടു തന്നെയാണ്. സാമൂഹിക ജീവിതത്തിലും വ്യക്തിജീവിതത്തിലും മുസ്‌ലിം സമുദായവുമായി ബന്ധം പുലർത്തിക്കൊണ്ടാണ് ബാവാക്ക ജീവിച്ചിരുന്നതെന്ന് ഈ ഓർമക്കുറിപ്പിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ്. മുസ്‌ലിം സമുദായത്തിൽ പെട്ടയാൾ എന്ന നിലക്കുള്ള അസ്ഥിത്വത്തെ പ്രത്യക്ഷമായോ പരോക്ഷമായോ നിഷേധിക്കാൻ അദ്ദേഹം തയ്യാറായില്ല. ഇപ്രകാരം വീക്ഷിക്കുമ്പോൾ ആത്മകഥയിലെ പ്രഥമപുരുഷൻ തൊഴിലാളി സഖാവ് മാത്രമല്ല, മുസ്‌ലിം കമ്യൂണിസ്റ്റ് കൂടിയാണ്. മുസഫർ അഹമദിനെ മാറ്റിനിർത്തിയാൽ, ഇൻഡ്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പങ്കെടുത്ത മറ്റേതെങ്കിലും മുസ്‌ലിം സഖാക്കൾ ഇങ്ങനെയൊരു ഗ്രന്ഥം രചിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടോ എന്നത് സംശയമാണ്.

അതിനെക്കാളുപരി, മറ്റൊരു പ്രത്യേകത കൂടി ഈ ഗ്രന്ഥത്തിനുണ്ട്. ഇതിന്റെ രചനാരീതിയിലാണ് ആ പ്രത്യേകതയുള്ളത്. ഓട്ടോ-എത്തനോഗ്രഫി (auto-ethnography) എന്ന ഗണത്തിൽ പെടുത്താവുന്ന രചനാരീതിയാണ് ബാവാക്ക സ്വന്തം കഥപറയാൻ സ്വീകരിച്ചിരിക്കുന്നത്. താൻ സ്ഥിതിചെയ്യുന്ന സാംസ്‌കാരിക പരിസരത്തെ തന്റെതന്നെ സാംസ്‌കാരിക-രാഷ്ട്രീയ വ്യവഹാരങ്ങളിലൂടെ വിശകലനം ചെയ്യുകയും നിരൂപണം നടത്തുകയും ചെയ്യുന്ന രീതിയാണത്. അദ്ദേഹം തെരഞ്ഞെടുത്ത കാലഘട്ടവും കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ‘കെ. വേണുവിന്റെ കാലം’ എന്ന് വിശേഷിപ്പിക്കാവുന്ന കാലഘട്ടത്തെ കുറിച്ചുള്ള വിവരണം മാത്രമല്ല, നിരൂപണവും അടങ്ങിയതാണ് ബാവാക്കയുടെ ഓർമക്കുറിപ്പ്.

കെ.വിയുടെ കാലത്തിന് ഒരുപാട് സവിശേഷതകളുണ്ട്. നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് അഭ്യസ്ഥവിദ്യരായ മധ്യവർഗം ഇരച്ചുകയറാൻ തുടങ്ങിയത് അക്കാലത്താണ്. പലയിടങ്ങളിലും ചെറുപ്പക്കാർ സ്വമേധയാ നക്സലൈറ്റ് യൂണിറ്റുകൾ ഉണ്ടാക്കുന്നതിനെക്കുറിച്ച്‌ ബാവാക്ക സൂചിപ്പിക്കുന്നുണ്ട്. കെ.വിയുടെ വ്യക്തിപ്രഭാവം ചിലപ്പോൾ അതിന് കാരണമായിരുന്നിട്ടുണ്ടാവാം. ‘പ്രപഞ്ചവും മനുഷ്യനും’ എന്ന ശാസ്ത്ര ഗ്രന്ഥത്തിന്റെ കർത്താവ്, വിപ്ലവത്തിനുവേണ്ടി ജീവിതത്തിൽ എത്തിപ്പെടാൻ കഴിയുന്നതിൽ ഏറ്റവും വലിയ സാധ്യതകളെ ഉപയോഗിച്ച വ്യക്തിത്വം തുടങ്ങി, കെ.വിയുടെ വ്യക്തിത്വത്തിന് മോടിപിടിപ്പിക്കുന്ന പലതും അന്ന് പ്രചാരത്തിലുണ്ടായിരുന്നു. ഇതൊന്നും അവാസ്തവമായിരുന്നില്ല താനും.

കെ. വേണു

ബുദ്ധിജീവികൾക്കും സാഹിത്യകാരന്മാർക്കുമിടയിൽ നക്സലൈറ്റ് പ്രസ്ഥാനത്തിന് വലിയ തോതിൽ പിന്തുണയാർജിക്കാൻ സാധിച്ചതും അക്കാലത്താണ്. അതിനാൽ തൊട്ടുമുൻപുണ്ടായിരുന്ന നക്സലൈറ്റുകൾക്ക് സാധ്യമാവാതിരുന്ന സാംസ്‌കാരിക ഇടപെടലുകൾ കെ.വിയുടെ കാലത്ത് സജീവമായി. രഹസ്യ പ്രവർത്തന കാലത്തുതന്നെ ഈ സാംസ്‌കാരിക ഇടപെടലുകൾ ആരംഭിച്ചിരുന്നു. അതാണ് പിന്നീട് ജനകീയ സാംസ്‌കാരിക വേദിയിലേക്ക് വളർന്നത്. സച്ചിദാനന്ദൻ, യു.പി ജയരാജ്, വി.കെ നാണു, ബി. രാജീവൻ, സിവിക് ചന്ദ്രൻ, ഉദയഭാനു, വി.സി ശ്രീജൻ, പട്ടത്തുവിള കരുണാകരൻ തുടങ്ങിയ അനവധി സാഹിത്യകാരന്മാർ അക്കാലത്ത് ഈ സാംസ്‌കാരിക പ്രക്ഷോഭങ്ങളിൽ പങ്കാളികളായിരുന്നു.

സാംസ്‌കാരിക ഇടപെടലിന്റെ ഒരു പുതിയ രാഷ്ട്രീയത്തിന് കെ. വേണുവിന്റെ കാലത്ത് നാന്ദികുറിച്ചു എന്നു മാത്രമല്ല, സാംസ്കാരിക ഇടപെടലുകൾ നടത്തിക്കൊണ്ട് നടപ്പുസംസ്കാരത്തിന്റെ നേർക്ക് വിമർശനാത്മകവും അക്രമണോത്സുകവുമായ ഒരു സമീപനത്തിലേക്കും അത് ചെന്നെത്തുകയുണ്ടായി. യുവജന വേദിയും അധസ്ഥിത നവോഥാന പ്രസ്ഥാനവും മനുസ്മൃതി കത്തിക്കലുമൊക്കെ ഉയർന്നുവന്നത് സംസ്കാരത്തിൽ സക്രിയമായി ഇടപെടുന്നതിന്റെ ഭാഗമായിട്ടാണ്. ഈ സാംസ്‌കാരിക മുന്നേറ്റങ്ങളെ ചരിത്രരേഖയാക്കുവാൻ അർഹതയുള്ള വ്യക്തികളിൽ പ്രമുഖനാണ് ബാവാക്കയെന്നതിൽ സംശയമില്ല.

കെ. വേണുവായിരുന്നു ബാവാക്കയുടെ ഗുരുവും ‘ആത്മീയ നേതാവും’ എന്നു തോന്നുന്നു. അത്രത്തോളം ആത്മബന്ധം ബാവാക്കക്ക് കെ.വിയോടുണ്ടായിരുന്നു എന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നുണ്ട്. തൊഴിലാളിവർഗ ജനാധിപത്യത്തിന്റെ ഉപജ്ഞാതാവായ കെ.വി അതുപേക്ഷിച്ചിട്ടും ബാവാക്ക അവസാന ശ്വാസം വരെ അത് മുറുകെപ്പിടിച്ചു. അങ്ങനെയൊരു ശുഭപ്രതീക്ഷയോടെയാണ് ഓർമകുറിപ്പുകൾ അവസാനിപ്പിക്കുന്നത്. ജീവിതത്തിന് ഒരു രാഷ്ട്രീയ ബുദ്ധിവേണമെന്ന നിർബന്ധമായിരിക്കാം ഇതിനു കാരണം.

ഈ ഗ്രന്ഥം ഒറ്റയിരിപ്പിനു വായിച്ചുതീർത്തതിന് ശേഷം അൽപനേരം ബാവാക്കയെക്കുറിച്ചുതന്നെ ആലോചനാ നിമഗ്നനായിരിക്കുമ്പോൾ, എന്റെയുള്ളിൽ ഉയർന്നുവന്ന അസ്വസ്ഥതകളും നൊമ്പരങ്ങളും മുഴുവനായി ഇവിടെ കുറിച്ചുവെക്കാൻ ഉദ്ദേശിക്കുന്നില്ല. എങ്കിലും അതിൽപ്പെട്ട ചില കാര്യങ്ങൾ പറയാതെ വയ്യ. ഇപ്പോഴെങ്കിലും പറഞ്ഞിട്ടില്ലെങ്കിൽ ബാവാക്കയുടെ ജീവിതത്തോടു ചെയ്യുന്ന കൊടിയ അനീതിയായിരിക്കും അത്.

കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിൽ ദീർഘകാലം പ്രവർത്തിക്കുകയും, അതിന്റെ നേതൃപദവിയിലെത്തുകയും ചെയ്ത വ്യക്തിയാണ് അമീർ അലി എന്ന ബാവ. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് വലിയ പിന്തുണ നൽകിയ കേരളത്തിലെ മർദിത  ജനവിഭാഗങ്ങളും മധ്യവർഗവും നക്സലൈറ്റുകൾക്കൊപ്പം സഞ്ചരിക്കാൻ വേണ്ടത്ര താൽപര്യം കാണിച്ചിട്ടില്ലെങ്കിലും, പ്രസ്ഥാനമുപേക്ഷിച്ച മുൻ നക്സലൈറ്റുകൾക്ക് കേരളത്തിന്റെ പൊതുമണ്ഡലത്തിൽ കാര്യമായ സ്വീകാര്യത നൽകിയിട്ടുണ്ട്. അമീർ ബാവക്ക് എന്തുകൊണ്ടാണ് അത്തരമൊരു സ്വീകാര്യത ലഭിക്കാതിരുന്നത്?

‘ബുദ്ധിജീവി’ എന്ന സംവർഗത്തിലൂടെ വിശേഷിപ്പിക്കാവുന്ന ബൗദ്ധിക കൃത്യങ്ങളൊന്നും ബാവാക്ക നടത്തിയിട്ടില്ല. അദ്ദേഹത്തിന്റേതായി ലേഖനങ്ങളോ കഥകളോ കവിതകളോ എന്റെ അറിവിൽ മുഖ്യധാരാ മാധ്യമങ്ങളിൽ അച്ചടിച്ചുവന്നിട്ടില്ല. അതുകൊണ്ടാണോ പൊതുമണ്ഡലത്തിൽ നക്സലൈറ്റുകൾക്ക് പരിമിതമായെങ്കിലും ലഭ്യമായിരുന്ന ‘സാമൂഹിക യോഗ്യത അദ്ദേഹത്തിന് അനുവദിക്കപ്പെടാതിരുന്നത്? അതോ അദ്ദേഹം സ്വയം ഉൾവലിയുകയായിരുന്നോ? പൊതുമണ്ഡലത്തിൽ നിന്നുള്ള തിരസ്കരണവും വ്യക്തിപരമായ ഉൾവലിയലും ബാവാക്കയുടെ ജീവിതത്തിൽ അനുപൂരകമായ പ്രതിഭാസമായിരുന്നു എന്നാണ് അദ്ദേഹവുമായി ഇടപഴകിയ സന്ദർഭങ്ങളും അന്നത്തെ സംഭാഷണങ്ങളുമെല്ലാം ഓർത്തെടുക്കുമ്പോൾ ബോധ്യമാവുന്നത്.

കുടുംബത്തിന്റെയും കുട്ടികളുടെയും സംരക്ഷണമാണ് പാർട്ടിയിൽ നിന്നും പടിപടിയായി ഉൾവലിഞ്ഞതിന്റെ കാരണമായി അദ്ദേഹം പറഞ്ഞുവെക്കുന്നത്. എന്നാൽ, അതിനെക്കാളേറെ പാർട്ടിക്കുള്ളിലെ ‘ബുദ്ധിജീവി വർഗവുമായി’ നിരന്തരം സംഘർഷത്തിൽ ഏർപ്പെടേണ്ടിവന്നതിന്റെ ചരിത്രവും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഇതിൽ കെ.വിയുടെ പിറകോട്ടടിയെ പരാമർശിക്കുമ്പോൾ ഇത്തരം അനാരോഗ്യകരമായ പ്രവണതകളെ പ്രധാന കാരണമായി ബാവാക്ക വീക്ഷിക്കുന്നുണ്ട്. എങ്കിലും തന്റെ കാര്യത്തിൽ അത് ഹാസ്യാത്മകമായ വിവരണങ്ങളിലൂടെ മൂടിവെക്കാൻ അദ്ദേഹം ശ്രമിക്കുന്നു. ഇത്തരം വിവരണങ്ങളിൽ നിന്ന്, ഒരു സാധാരണ തൊഴിലാളിയായ പാർട്ടി നേതാവിനും പഠിച്ചുപാസായി വന്ന ബുദ്ധിജീവി നേതാക്കൾക്കുമിടയിൽ രൂപമെടുത്തുകൊണ്ടിരുന്ന വൈരുധ്യങ്ങളുടെ ഏകദേശ രൂപം വായിച്ചെടുക്കാൻ സാധിക്കും. ലോകത്തുള്ള കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള തൊഴിലാളി-മധ്യവർഗ വൈരുധ്യത്തിന്റെ പകർപ്പുതന്നെയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് വിപ്ലവ പാർട്ടികൾക്കുള്ളിലും മറ്റൊരു രൂപത്തിൽ നിലനിന്നിരുന്നത്.

തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ ഭാഗമാണ് വിപ്ലവം. മധ്യവർഗത്തിന്റെ കാര്യത്തിൽ തിരിച്ചാണ്. വിപ്ലവത്തിന്റെ ഭാഗമാണ് ജീവിതം. ജീവിതത്തെ സംബന്ധിച്ച സാമാന്യബോധത്തിന് വഴിപ്പെട്ടുകൊണ്ടാണ് തൊഴിലാളികൾ നിത്യജീവിതം തള്ളിനീക്കുന്നത്. സാമൂഹിക ഉൽപാദന പ്രക്രിയയിലെ സംസർഗ രൂപങ്ങളുടെയും സാംസ്കാരിക പിന്തുടർച്ചകളുടെയും ഭരണകൂടം അടിച്ചേൽപ്പിക്കുന്ന സാമൂഹിക-സാംസ്കാരിക ആശയങ്ങളുടെയും സങ്കലനത്തിൽ നിന്ന് ഉടലെടുക്കുന്നതാണ് ഈ സാമാന്യബോധം. ജീവിതം വേണോ വിപ്ലവം വേണോ എന്ന് തൊഴിലാളിയോട് ചോദിച്ചാൽ ജീവിതം മതിയെന്നാവും ആദ്യ ഉത്തരം. മധ്യവർഗത്തിന്റെ ജീവിതാവസ്ഥയും ബോധപശ്ചാത്തലവും ഇതിൽ നിന്നും വ്യത്യസ്തമാണ്. ചരിത്രപരമായി വീക്ഷിക്കുമ്പോൾ മധ്യവർഗം ആവിർഭവിക്കുന്നത് അധികാരത്തിന്റെ പക്ഷത്തുനിന്നാണ്. സാമ്പത്തിക-രാഷ്ട്രീയാധികാര കിടമത്സരത്തിന്റെ ഏണിപ്പടികളിൽ നിന്ന് പിന്തള്ളപ്പെട്ടവരുടെയും ചവിട്ടിത്താഴ്ത്തപ്പെട്ടവരുടെയും വർഗമാണത്. ചരിത്രബോധമാണ് അവരെ വിപ്ലവത്തോട് അടുപ്പിക്കുന്നത്. ഉച്ചനീചത്വങ്ങളുടെ ഉത്തുംഗതയിലേക്കുള്ള ഏണിപ്പടികൾ അനിവാര്യമായും തകർക്കപ്പെടുമെന്നും, അതിനു കരുത്തുള്ള തൊഴിലാളി വർഗം താഴെയുണ്ടെന്നുമുള്ള ബോധ്യമാണ് അവരെ അധികാരമില്ലാത്തവരുടെ പക്ഷത്തെത്തിക്കുന്നത്. വിപ്ലവത്തെ വിജയത്തിലെത്തിക്കാൻ ചരിത്രപരമായി യോഗ്യരായ തൊഴിലാളി വർഗത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് കരുത്തുപകരുക എന്നത് ചരിത്രദൗത്യമായി മധ്യവർഗം ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. തൊഴിലാളി വർഗവിപ്ലവത്തോടുള്ള മധ്യവർഗ വിപ്ലവകാരികളുടെ പ്രതിജ്ഞാബദ്ധത ഈയർഥത്തിൽ ആശയപരമാണ്. മുതലാളിത്ത ഭരണകൂടത്തെ ഉടച്ചുവാർത്ത് തൊഴിലാളി വർഗം സ്ഥാപിക്കുക  എന്നതാണ് ആശയം. 

ആധുനിക ചരിത്രത്തിൽ എല്ലാ കാലത്തും ആശയങ്ങളുടെ ആവിഷ്കർത്താക്കളും ഉടമസ്ഥരും അധിപരും മധ്യവർഗ ബുദ്ധിജീവികളാണ്. ആശയങ്ങളുടെ ഉടമസ്ഥാവകാശം മധ്യവർഗത്തെ ഭരണകൂടത്തിന് സമാന്തരമായി നിലനിൽക്കുന്ന അധികാര ശക്തിയാക്കി മാറ്റുന്നുണ്ട്.

മറ്റാരുടെയും ഉപദേശം കൂടാതെ പ്രവർത്തിക്കാൻ തക്ക കഴിവുള്ള ബൗദ്ധികവും ധാർമികവുമായ വളർച്ചനേടിയവർ എന്ന് ലിബറൽ വ്യക്തിക്ക് ‘ഇമ്മാനുവൽ കാന്റ് നൽകുന്ന വിശേഷണം വാസ്തവത്തിൽ ഏറ്റവും അനുയോജ്യമായത് മധ്യവർഗത്തിനാണ്. മധ്യവർഗം പ്രതിവിപ്ലവകാരിയാകുമ്പോൾ മുതലാളിവർഗ ഭരണകൂടത്തെ തകർക്കാനല്ല, ഭരണകൂടത്തിൽ സ്വയം സ്ഥാനമുറപ്പിക്കാനാണ് ശ്രമിക്കുക. അതിനുവേണ്ടി ഭരണവർഗങ്ങൾക്കും ജനങ്ങൾക്കുമിടയിലെ വൈരുധ്യങ്ങളെ അവർ ദുരുപയോഗം ചെയ്യും. ആശയങ്ങളുടെ ആവിഷ്കർത്താവാണ് മധ്യവർഗ ബുദ്ധിജീവി. ഇന്നുവരെ ഉണ്ടായിട്ടുള്ള സാമൂഹിക വിപ്ലവങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ഇത് വ്യക്ത്യമാണ്. വർഗസമൂഹ വ്യവസ്ഥയിൽ ഭരണവർഗങ്ങളിൽ നിന്നോ, അതുമായി ബന്ധമുള്ളവരിൽ നിന്നോ ഉയർന്നുവരുന്ന വ്യക്തികൾക്കുമാത്രമേ ‘വ്യക്തി സ്വാതന്ത്ര്യം’ (personal freedom) ലഭ്യമാവുകയുള്ളൂ എന്ന് ‘കാറൽ മാർക്സ്’ നിരീക്ഷിക്കുന്നുണ്ട്. ചുരുക്കത്തിൽ, ആശയങ്ങളുടെ/അറിവിന്റെ ഉടമസ്ഥൻ എന്ന നിലക്കുള്ള അധികാരവും വ്യക്തി സ്വാതന്ത്ര്യവുമാണ് ‘ഭരണകൂടത്തെ അനുസരിക്കുക’ എന്ന സാമാന്യബോധത്തിന് നിരുപാധികം കീഴൊതുങ്ങുന്നവരിൽ നിന്നും മധ്യവർഗ ബുദ്ധിജീവികളെ വ്യത്യസ്തമാക്കുന്നത്. സാമൂഹിക വിപ്ലവങ്ങളിൽ ഈ വർഗം നിർവഹിച്ച രചനാത്മക പങ്കാളിത്തത്തിൽ നിന്നും നിരൂപിക്കാവുന്ന യാഥാർഥ്യമാണിത്. അറിവിന്റെ ഉടമാവകാശവും ആ നിലക്കുള്ള സ്വയാധികാരവും, സ്വന്തം ജീവിതത്തെയും ശരീരത്തെയും നിർണയിക്കാനുള്ള അധികാരമായി വളരുമ്പോളാണ് വർഗ ബന്ധമുപേക്ഷിച്ചുകൊണ്ട് മധ്യവർഗ ബുദ്ധിജീവി വിപ്ലവത്തിന്റെ പക്ഷം ചേരുന്നത്. ഈ ധൈഷണിക പരിസരത്തു നിന്നാണ് വിപ്ലവകാരിയായ മധ്യവർഗ ബുദ്ധിജീവികളുടെ ജീവിതവീക്ഷണം രൂപപ്പെടുന്നത്. ഭരണകൂട അധികാരത്തിനെതിരെ സ്വയാധികാരം ഉപയോഗിക്കുന്നതിന്റെ തലത്തിലേക്ക് അത് എത്തിച്ചേർന്നു. 

ഇമ്മാനുവൽ കാന്റ്

ലൗകിക ജീവിതത്തെക്കാൾ അവർ ആശയങ്ങളെ സ്നേഹിക്കുകയും അവയോട് പ്രതിബദ്ധത പുലർത്തുകയും ചെയ്യും. ഈ പ്രതിബദ്ധത കുറെയൊക്കെ ആത്മനിഷ്ഠവുമാണ്. ഇതിൽ ആത്മനിഷ്ഠാപരമായ തീർപ്പുകളിൽ ചെന്നെത്തുന്ന സന്ദർഭങ്ങളും ഉണ്ടാവാറുണ്ട്. ഇൻഡ്യയിലെ തൊഴിലാളിവർഗം, വിപ്ലവം നടത്താൻ പ്രാപ്തരായിരിക്കുന്നുവെന്ന് 1920കളുടെ മധ്യത്തിൽ എം.എൻ റോയ് തീർപ്പുകൽപ്പിച്ചത് ഓർക്കുക. ഇതേ റോയ് 1950ലോ മറ്റോ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗത്വം എടുത്തതും സ്മരണീയമാണ്. ആശയങ്ങളുടെ ആവിഷ്കർത്താവ് എന്ന ആത്മനിഷ്ഠാബോധം മധ്യവർഗ ബുദ്ധിജീവിയുടെ ആശയങ്ങളോടുള്ള പ്രതിബദ്ധതയിൽ മാത്രം ഒതുങ്ങുന്നതല്ല. ഈ പ്രതിബദ്ധത ആശയങ്ങളോടുള്ളതുപോലെ, അതിന്റെ സൃഷ്ടാവായ തന്നിലേക്കും വ്യാപിക്കുന്ന സന്ദർഭങ്ങളും വിരളമല്ല. ആശയങ്ങളുടെ ലോകത്തെ ബൗദ്ധിക സഞ്ചാരികളായും, ആശയങ്ങളുടെ വിജയത്തിന് വേണ്ടി ആത്മത്യാഗം നടത്തുന്നവരായും മധ്യവർഗ ബുദ്ധിജീവിയുടെ വ്യത്യസ്ത രൂപങ്ങൾ ലോക വിപ്ലവചരിത്രത്തിൽ രംഗപ്രവേശം ചെയ്തിട്ടുണ്ട്.

എം.എൻ റോയ്

മധ്യവർഗ ബുദ്ധിജീവികൾ സാഹസികവും തീവ്രവുമായ പ്രവർത്തനങ്ങളോട് കൂടുതൽ ആഭിമുഖ്യം പുലർത്തുന്നതിൽ വിപ്ലവത്തെ സംബന്ധിച്ച കാഴ്ചപ്പാടു മാത്രമല്ല, ജീവിതത്തെ സംബന്ധിച്ച കാഴ്ചപ്പാടിനും നിർണായക പങ്കുണ്ടെന്ന് തോന്നുന്നു. പാർട്ടിക്കുള്ളിൽ നിലനിന്നിരുന്ന ഈ തൊഴിലാളി-മധ്യവർഗ വൈരുധ്യം, സാമൂഹിക തലത്തിലും രാഷ്ട്രീയ മണ്ഡലത്തിലും പൊതുമണ്ഡലത്തിലുമെല്ലാം സജീവമായി നിലനിൽക്കുന്ന ഒന്നാണ്. കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ബാവാക്കയെ പോലുള്ള ഒരു മുൻ നക്സലൈറ്റിനെ അസ്വീകാര്യനാക്കിയതിൽ ഇത്തരം ഘടകങ്ങൾക്കുള്ള സ്വാധീനത്തെ തീർത്തും തള്ളിക്കളയാനാവില്ല. ആ തടവുകൾ തകർക്കാൻ അദ്ദേഹം ശ്രമിച്ചതുമില്ല. അമീർ എന്ന ബാവ സായുധ വിപ്ലവത്തിനുവേണ്ടി ഉന്നതപഠനമോ സുഖസൗകര്യങ്ങളോ ഉപേക്ഷിച്ചുവന്ന ഒരാളായിരുന്നുവെങ്കിൽ കേരളത്തിലെ പത്രമാധ്യമങ്ങളുടെയും പുസ്തക പ്രസാധകരുടെയും സമീപനം ഇതാകുമായിരുന്നോ? ഇപ്പോൾ വെളിച്ചംകാണാൻ പോകുന്ന ഈ ആത്മകഥ അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ കേരളത്തിലെ ഏതെങ്കിലും മുഖ്യധാരാ മാധ്യമം ഖണ്ഡഃശ്ശ പ്രസിദ്ധീകരിക്കാൻ തയ്യാറാവുമായിരുന്നില്ലേ? ഇങ്ങനെയൊന്നും സംഭവിക്കില്ല എന്ന പൂർണ ബോധ്യമുണ്ടായിട്ടും തന്റെ ജീവിതാനുഭവങ്ങളെ അനാഥമാക്കാൻ അനുവദിക്കാതെ, ശാരീരികമായ അവശതകളെ തെല്ലും വകവെക്കാതെ, അദ്ദേഹം എഴുതിത്തീർത്ത ഈ ആത്മകഥ ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടി കൂടിയാണ്. സരളവും സരസവുമായ പ്രതിപാദനത്തിലൂടെ ഒരു സാധാരണ തൊഴിലാളിയുടെ ജീവിത രാഷ്ട്രീയം പറയുന്ന ഈ കൃതി അമീർ അലിയുടെ ഏറ്റവും അവസാനത്തെ വിപ്ലവ പ്രവർത്തനമാണെന്നാണ് ഞാൻ വിചാരിക്കുന്നത്.

 

Top