ലിംഗ രാഷ്ട്രീയം, ട്രാൻസ്ജെൻഡർ അഭിനേതാവ്, ജാതി: പാ രഞ്ജിത്ത് സംസാരിക്കുന്നു

ഒരിക്കൽ, സ്മൈലി എന്നു പേരുള്ള എന്റെ സുഹൃത്ത്, അവരൊരു ട്രാൻസ് സ്ത്രീയാണ്, എന്റെ സിനിമകളിൽ നായികയായി അവർക്ക് എപ്പോഴെങ്കിലും ഒരു വേഷം നൽകാൻ കഴിയുമോ എന്ന് എന്നോട് ചോദിച്ചു. ആ ചോദ്യത്തിൽ ഞാൻ സ്തബ്ധനായി. അന്നുമുതൽ ആ ചോദ്യം എന്റെ തലക്ക് മുകളിൽ തൂങ്ങിനിൽപ്പുണ്ട്. അത്ര സുപ്രധാനമായ ചോദ്യമായിരുന്നു അത്. അതിനെക്കുറിച്ച് പലപ്പോഴും ചിന്തിക്കുകയും, എങ്ങനെ എനിക്കത് ചെയ്യാൻ സാധിക്കുമെന്ന് ആലോചിക്കുകയും ചെയ്തിട്ടുണ്ട്. ലിംഗ രാഷ്ട്രീയം, ട്രാൻസ്ജെൻഡർ അഭിനേതാവ്, ജാതി എന്നിവയെ കുറിച്ച് പാ രഞ്ജിത്ത് സംസാരിക്കുന്നു.

ചലച്ചിത്ര സംവിധായകൻ പാ രഞ്ജിത്ത് 2012ൽ ‘ആട്ടക്കത്തി’ എന്ന ചിത്രവുമായാണ് തമിഴ് ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചത്. അതിനുശേഷം അദ്ദേഹം മൂന്ന് ജനപ്രിയ സിനിമകൾ കൂടി നിർമിക്കുകയും തന്റെ ആദ്യ ഹിന്ദി സിനിമയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ലിംഗഭേദം, ലൈംഗികത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഏതാനും ഡോക്യുമെന്ററികളും അദ്ദേഹം നിർമിച്ചിട്ടുണ്ട്. ഇതിനെല്ലാമിടയിൽ, നീലം പ്രൊഡക്ഷൻ ഹൗസ്, നീലം കൾച്ചറൽ സെന്റർ എന്നിവയും അദ്ദേഹം സ്ഥാപിച്ചു. നീലം കൾച്ചറൽ സെന്ററിന്റെ കീഴിൽ ‘ദി കാസ്റ്റ്ലെസ് കളക്ടീവ്’ എന്ന സ്വതന്ത്ര ബാൻഡ്, പ്രസിദ്ധീകരണാലയം, ലൈബ്രറി/സ്റ്റഡി സെന്റർ, നീലംസ് അംബേഡ്കർ സ്കൂൾ ഓഫ് പൊളിറ്റിക്സ്, ലോ ക്ലിനിക്ക്, സ്പോർട്സ് ക്ലിനിക്ക് എന്നിവയും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.

ഇതിനുപുറമെ, സംഗീതോത്സവങ്ങൾ, ശിൽപ്പശാലകൾ എന്നിവ സംഘടിപ്പിക്കുകയും ജാതി, മറ്റു സാമൂഹിക വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സംവാദങ്ങൾ തുടരുന്നതിന് വിവിധ പരിപാടികൾ നടത്തുകയും ചെയ്തു. ഈ ആഴ്ച ആദ്യത്തിൽ, അദ്ദേഹം മറ്റൊരു പദ്ധതി ഏറ്റെടുക്കുകയുണ്ടായി-പാർശ്വവത്കരിക്കപ്പെട്ട സ്ത്രീകൾക്കും ട്രാൻസ് വ്യക്തികൾക്കും, നിലവിൽ വളരെ അപൂർവമായ, ചലച്ചിത്ര നിർമാണത്തിന് അവസരം നൽകുന്ന ഒരു വേദി. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും ട്രാൻസ് വ്യക്തികൾക്കും എഴുത്ത്, സംവിധാനം, ഛായാഗ്രഹണം, ചിത്രസംയോജനം എന്നിവ പഠിക്കാനുള്ള അവസരം പ്രസ്തുത വേദി നൽകും, അവർക്ക് ശിൽപ്പശാലകളിൽ പങ്കെടുക്കാനും ‘നീലം പ്രൊഡക്ഷൻ ഹൗസി’നോടൊപ്പം പ്രവർത്തിക്കാനും അവസരമുണ്ടാകും.

പാ രഞ്ജിത്ത്

സ്വന്തം സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിൽ മാത്രം ഒതുങ്ങാതെ, മറ്റുള്ളവർക്കു കൂടി കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് മുൻഗണന നൽകുന്ന പാ രഞ്ജിത്തിനെ പോലുള്ള ആളുകൾ വളരെ ചുരുക്കമായിരിക്കും. ഒന്നാമതായി, അംബേഡ്കറൈറ്റ് ചിന്തയെയും സമത്വത്തെയും കുറിച്ച് ചർച്ച സാധ്യമാക്കുന്ന ഒരിടം സൃഷ്ടിക്കാൻ പാ രഞ്ജിത്തിന് കഴിഞ്ഞു. രണ്ടാമതായി, സിനിമകളിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നവർക്കു മാത്രമല്ല, അനീതിയും അസമത്വവും വാഴുന്ന ഒരു ലോകത്ത് സ്വന്തം വഴി വെട്ടിത്തെളിച്ച് മുന്നേറുന്നവർക്കും അദ്ദേഹം പ്രതീക്ഷകൾ നൽകി. തന്റെ പരിശ്രമത്തിൽ, ആരും സഞ്ചരിക്കാത്ത വഴിയിലൂടെ അതിലേറെ ആത്മവിശ്വാസത്തോടെ സംവിധായകൻ സഞ്ചരിച്ചു. അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും അവസരങ്ങൾ സൃഷ്ടിക്കാൻ തനിക്ക് ലഭ്യമായ എല്ലാ വിഭവങ്ങളും അദ്ദേഹം ഉപയോഗപ്പെടുത്തി. അടിച്ചമർത്തപ്പെട്ടവരുടെ ശാക്തീകരണത്തിനായി കലയെ ഉപയോഗപ്പെടുത്തുമ്പോൾ അതൊരു വിപ്ലവമായി കണക്കാക്കപ്പെടുന്നു. കല ഉൾവഹിക്കുന്ന ശക്തി കാരണം, കലയിൽ രാഷ്ട്രീയവും ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. നിങ്ങൾക്ക് കലാപരമായ കഴിവുകൾ ഉണ്ടെങ്കിൽ, ലോകത്തെ മികച്ച ഒരിടമാക്കി മാറ്റാൻ എന്തുകൊണ്ടത് ഉപയോഗിക്കുന്നില്ല. പാർശ്വവത്കരിക്കപ്പെട്ട സ്ത്രീകൾക്കും ട്രാൻസ് വ്യക്തികൾക്കും ചലച്ചിത്ര നിർമാണത്തിന് പ്രോത്സാഹനം നൽകുന്നതിനായി അദ്ദേഹം ആരംഭിച്ച ഏറ്റവും പുതിയ വേദി, സിനിമയിലെ സ്ത്രീകൾ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കുറത്ത വർഗക്കാരായ സംവിധായകർ, ഒരേയൊരു ബിയോൺസെയുടെ വലിയൊരു ആരാധകനായത് എങ്ങനെ (അതെ, നിങ്ങൾ വായിച്ചത് ശരി തന്നെയാണ്) തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അദ്ദേഹവുമായുള്ള ഈ അഭിമുഖ സംഭാഷണത്തിൽ ചർച്ച ചെയ്യുന്നു.

നിങ്ങൾ തുടക്കം കുറിച്ച ഈ പുതിയ വേദിയെക്കുറിച്ചും അത് എങ്ങനെ ഉണ്ടായി എന്നതിനെ കുറിച്ചും പറയാമോ?

നോക്കൂ, കല ഒരു ആയുധമാണെന്ന് ഞാൻ വിശ്വസിക്കുന്നു. യുദ്ധത്തെയും വീരനായകന്മാരെയും വാഴ്ത്തിപ്പാടുന്ന കഥകളായാലും, പ്രോപഗണ്ട സിനിമകളായാലും ശരി, നമ്മുടെ രാജ്യത്ത് പോലും അത്തരത്തിലുള്ള ഒരുപാട് സിനിമകൾ നിർമിക്കപ്പെടുന്നുണ്ട്. ഈ സിനിമകൾ വലിയൊരു വിഭാഗം പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. അതിനാൽ സൂക്ഷ്‌മസംവേദിയായ കഥകൾക്ക് (sensitive stories) എത്രത്തോളം സ്വാധീനശക്തിയുണ്ടെന്ന് സങ്കൽപ്പിച്ചു നോക്കുക. അതുകൊണ്ട് ആളുകളുടെ മാനസികാവസ്ഥയെ സ്വാധീനിക്കാനുള്ള അവസരം ലഭിക്കുമ്പോൾ, ഏതു രൂപത്തിലുള്ള കലയും ശക്തിയുള്ളതാണ്. കുറച്ചുകാലമായി ഞാൻ ഈ ആശയം മനസ്സിൽ കൊണ്ടുനടക്കുന്നു. സഹപ്രവർത്തകനായ പ്രശാന്ത് ഈ ആശയവുമായി മുന്നോട്ടുവന്നപ്പോൾ, ഒന്ന് ശ്രമിച്ചുനോക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. സ്ത്രീകൾക്കും ട്രാൻസ് വ്യക്തികൾക്കും വേണ്ടി നാമൊരു ഇടം സൃഷ്ടിക്കേണ്ടതുണ്ട്. ജാതി, വർഗം, ലിംഗം,  ബോഡി ഷേമിംഗ് പോലെയുള്ള എല്ലാ വിഷയങ്ങളിലും സിനിമകൾ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ആളുകൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമായാൽ മാത്രമേ അതു സംഭവിക്കൂ.

കാസ്റ്റ്ലസ് കളക്ടീവ് പുരസ്‌കാര വേദിയിൽ

ശിൽപ്പശാലകൾ സംഘടിപ്പിക്കുന്നതിനോടൊപ്പം ‘നീല’ത്തിൽ ജോലി ചെയ്യാനുള്ള അവസരങ്ങളും ഈ വേദി നൽകുന്നുണ്ടോ?

ചലച്ചിത്ര നിർമാണത്തിൽ താൽപര്യമുള്ള എല്ലാവർക്കുമുള്ള വേദിയാണിത്. താൽപര്യമുണ്ട്, പക്ഷേ ഒരുതരത്തിലുള്ള പരിശീലനവും ലഭിച്ചിട്ടില്ല, എന്നാൽ പരിശീലനം നേടാൻ ആഗ്രഹമുണ്ട്, അങ്ങനെയെങ്കിൽ അവർക്ക് ശിൽപ്പശാലകളിൽ പങ്കെടുക്കാം. അവർ അതിൽ പങ്കെടുത്തതിനു ശേഷം, ഞങ്ങളോടൊപ്പം ഒരു അവസരത്തിനായി ആഗ്രഹിക്കുന്നുവെങ്കിൽ, അവരെ സ്വാഗതം ചെയ്യുന്നു. പരിശീലനം നേടാൻ ആഗ്രഹിക്കുകയും മറ്റു അവസരങ്ങൾ തേടാനുമാണ് ആഗ്രഹിക്കുന്നതെങ്കിൽ, അവർക്ക് അതും ചെയ്യാം.

കറുത്ത വർഗക്കാരായ സംവിധായകർ നിർമിച്ച സിനിമകൾ വളരെ അടുത്ത് നിന്ന് വീക്ഷിക്കുകയും, ഹോളിവുഡിൽ അവർ അവരുടേതായ ഇടം സൃഷ്ടിച്ച രീതിയിൽ നിന്നും, അവരുടെ സിനിമകളിൽ നിന്നും പ്രചോദനമുൾക്കൊള്ളുകയും ചെയ്യുന്ന ഒരാളാണ് താങ്കൾ. നിരവധി കറുത്ത സ്ത്രീ സംവിധായകരും മികച്ച സിനിമകൾ ഉണ്ടാക്കുകയും പുതിയ കാഴ്ചപ്പാടുകൾ കൊണ്ടുവരികയും ചെയ്യുന്നുണ്ട്. തീർച്ചയായും, ഇവിടെ നാം നമ്മുടെ സ്ത്രീകൾക്ക് അത്തരം ആവശ്യമായ അവസരങ്ങൾ നൽകുന്നതിൽ നിന്ന് പോലും വളരെ അകലെയാണ്…

വംശവുമായി ബന്ധപ്പെട്ട കാര്യം, നിങ്ങൾക്ക് ആളുകളെ എളുപ്പത്തിൽ വേർതിരിച്ചറിയാൻ കഴിയും എന്നതാണ്. വെളുത്തവരും കറുത്തവരുമുണ്ട്. അതുപോലെ പുരുഷന്മാരും സ്ത്രീകളുമുണ്ട്. കറുത്ത സ്ത്രീകളും വെളുത്ത സ്ത്രീകളും ഒരുപോലെയാണെന്ന് നമുക്ക് പറയാൻ സാധിക്കില്ല. അവർക്ക് വ്യത്യസ്തമായ ജീവിതാനുഭവങ്ങളാണുള്ളത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി, ഇവിടുത്തെ ആളുകളെ തമ്മിൽ വേർതിരിച്ചറിയാൻ നമുക്ക് കഴിയില്ല. എന്നാൽ വിശേഷാധികാരങ്ങൾ കയ്യാളുന്ന (privilaged) സ്ത്രീകളും അടിച്ചമർത്തപ്പെടുന്ന സ്ത്രീകളും നേരിടുന്ന അനുഭവങ്ങൾ തമ്മിൽ തീർച്ചയായും വ്യത്യാസമുണ്ട്.

ഒരു തൊഴിലിടത്തിൽ, പ്രിവിലേജുള്ള സ്ത്രീകൾ തീർച്ചയായും വിവേചനങ്ങൾ നേരിടുന്നുണ്ട്. എന്നാൽ, അടിച്ചമർത്തപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾക്ക് ജാതിയുടെ പേരിലുളള വിവേചനവും നേരിടേണ്ടി വരും. കൂടാതെ, പ്രിവിലേജുള്ള സ്ത്രീകൾക്ക് വിദ്യാഭ്യാസം നേടാൻ കൂടുതൽ മാർഗങ്ങളും സ്വയം ശാക്തീകരണത്തിനുള്ള അവസരങ്ങളുമുണ്ട്. അതിനാൽ വിവേചനം കാണുമ്പോൾ തന്നെ അവർ ശബ്ദമുയർത്തും. അടിച്ചമർത്തപ്പെട്ട സ്ത്രീകൾക്ക് സമാനമായ പ്രിവിലേജ് ഇല്ല. പ്രിവിലേജുള്ള സ്ത്രീകളും അടിച്ചമർത്തപ്പെട്ട ജാതിയിലുള്ള സ്ത്രീകളും പോരാടുന്നത് വ്യത്യസ്തങ്ങളായ രണ്ട് തരം സ്വാതന്ത്ര്യങ്ങൾക്കു വേണ്ടിയാണ്.

ഉദാഹരണത്തിന്, ഒരു വിധവയുടെ ജീവിതമെടുക്കാം. ഇപ്പോൾ പോലും, ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകൾ വെളുത്ത സാരി ധരിക്കുന്നത് ഞാൻ കാണാറുണ്ട്. അവർ സിന്ദൂരമിടില്ല. കൂടാതെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായാണ് അവരെ പരിഗണിക്കുക. എന്നാൽ എന്റെ ഗ്രാമത്തിൽ, ഭർത്താക്കന്മാർ മരണപ്പെട്ടതിന് ശേഷം സ്ത്രീകൾ വെളുത്ത സാരി ധരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. 55 വയസ്സുള്ള ഒരാൾ അടുത്ത ഗ്രാമത്തിൽ പോയി ഒരു വിധവയെ വിവാഹം കഴിച്ചത് ഞാൻ ഓർക്കുന്നു. അവർ ഇപ്പോഴും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുന്നു. വിധവാ പുനർവിവാഹം അസാധാരണമല്ല. അതിനാൽ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് വ്യത്യസ്ത അനുഭവങ്ങളാണുള്ളത്. ഈ അനുഭവങ്ങളെ നിങ്ങൾക്ക് എല്ലായ്പ്പോഴും വർഗീകരിക്കാനാവില്ല.

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ, സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് തമിഴ് സിനിമയിൽ പ്രേക്ഷകരെ നേടാൻ കഴിഞ്ഞിട്ടുണ്ട്. പുരുഷ കേന്ദ്രീകൃത സിനിമകളെ അപേക്ഷിച്ച്, ഈ സിനിമകൾ വലിയ ബജറ്റിൽ നിർമിച്ചവയല്ല. രണ്ടിനും ഒരേ പ്രാധാന്യം നൽകാൻ എത്ര കാലമെടുക്കുമെന്നാണ് താങ്കൾ കരുതുന്നത്?

അത് സാവധാനത്തിലായിരിക്കും സംഭവിക്കുക. ഇതിനകം തന്നെ വിജയകരമായ ഒരു മാതൃക നിലവിലുണ്ടായിരുന്നുവെങ്കിൽ നിർമാതാക്കൾ അത്തരം വിഷയങ്ങൾ എടുക്കുമായിരുന്നു. ഒരു സിനിമ നിർമിക്കുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, എന്തിനെ കുറിച്ചാണോ സിനിമ നിർമിക്കുന്നത്, അതുമായി ബന്ധപ്പെട്ട ഒരു പ്രത്യയശാസ്ത്രമോ ബോധ്യമോ നിർമാതാക്കൾക്ക് ഉണ്ടായിരിക്കും. സാമ്പത്തിക ലാഭമാണ് രണ്ടാമത്തെ കാരണം. നിലവിൽ വിജയകരമായ ഒരു മാതൃക പിന്തുടരാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കാരണം അതൊരു മികച്ച കച്ചവട മാതൃകയാണ്. ഇപ്പോൾ, ഒരു സിനിമ നിർമിക്കാൻ ആരെങ്കിലും പണം കടം വാങ്ങുകയാണെങ്കിൽ, അവർ അധിക സാഹസങ്ങൾക്ക് മുതിരില്ല. അതുകൊണ്ട് തന്നെ അവർ ഇതുവരെ വിജയകരമായ മാതൃകയുടെ പിന്നാലെ പോകുന്നു. ഒരു പ്രത്യേക സാമൂഹിക പ്രശ്നത്തെ കുറിച്ചുള്ള സിനിമക്കും ധാരാളം പണം സമ്പാദിക്കാൻ കഴിയുമെങ്കിൽ, അവർ അത് ഏറ്റെടുക്കും. പക്ഷേ അതു സംഭവിക്കണമെങ്കിൽ, സിനിമയുടെ കാര്യത്തിൽ കൂടുതൽ ആളുകൾ കൂടുതൽ സാഹസങ്ങൾക്ക് മുതിരേണ്ടതുണ്ട്. എന്തു തന്നെയായാലും, ഒരു സിനിമ പണം സമ്പാദിക്കേണ്ടതുണ്ട്.

കൂടാതെ, ഇപ്പോൾ പുറത്തുവരുന്ന മിക്ക സ്ത്രീ കേന്ദ്രീകൃത സിനിമകളും ‘പരീക്ഷണ സിനിമകളായാണ്’ (experimental) ഇപ്പോഴും വീക്ഷിക്കപ്പെടുന്നത്. അവയെല്ലാം ഏതാണ്ട് ഒരേ രൂപത്തിൽ (genre) ഉള്ളവയാണ്. സസ്പെൻസ്, ത്രില്ലർ, സസ്പെൻസ് ത്രില്ലർ, ഫീൽ ഗുഡ് അല്ലെങ്കിൽ ഹൊറർ കോമഡി. പ്രസ്തുത സിനിമകൾ കഥാപാത്രങ്ങളാൽ നയിക്കപ്പെടുന്നവയല്ല, മറിച്ച് കേവലം ഇതിവൃത്തങ്ങളാൽ നയിക്കപ്പെടുന്നവയാണ്. മാത്രമല്ല അവ സ്ത്രീകളുടെ രാഷ്ട്രീയത്തെ കുറിച്ച് യഥാർഥത്തിൽ സംസാരിക്കുന്നുമില്ല. നടി വിജയ് ശാന്തിയുടെ പോലീസ് സിനിമകൾ വലിയ വാണിജ്യ വിജയമായി മാറിയ ഒരു കാലമുണ്ടായിരുന്നു. എന്നാൽ അതിനുശേഷം ഇന്നുവരെ, വലിയൊരു വിടവ് അവക്കിടയിൽ ഉണ്ടായിട്ടുണ്ട്.

എന്നാൽ എല്ലാത്തിനും മുമ്പായി, കഥകൾ ആദ്യം എഴുതേണ്ടത് പ്രധാനമാണ്. നമ്മുടെ എഴുത്തുകാർക്ക് സ്ത്രീകളെ കുറിച്ചുള്ള കഥകൾ എഴുതാൻ ഉൾപ്രചോദനം ഉണ്ടാകേണ്ടതുണ്ട്. ഒപ്പം ഈ സ്ത്രീ കഥാപാത്രങ്ങൾക്ക് സിനിമയിൽ ഉണ്ടാകാൻ പോകുന്ന വിജയത്തെ സംബന്ധിച്ച് എഴുത്തുകാർക്ക് ആത്മവിശ്വാസവും ഉണ്ടായിരിക്കണം. അതു സാധ്യമാക്കാൻ മുഴുവൻ ടീമും ഒരുമിച്ചുനിൽക്കണം. അഭിനേതാക്കൾക്കും നിർമാതാക്കൾക്കും മറ്റെല്ലാവർക്കും വിഷയത്തെ സംബന്ധിച്ച് വലിയ ബോധ്യമുണ്ടായിരിക്കണം. അത് സംഭവിക്കണമെങ്കിൽ, അത്തരം സിനിമകൾ നിർമിക്കുന്നത് ഉറപ്പാക്കാൻ സിനിമാ മേഖലയിലെ ആളുകൾ ശക്തമായ ഒരു രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടതായുമുണ്ട്.

ഇന്നും സിനിമാ മേഖലയിൽ വളരെ കുറച്ച് വനിതാ സംവിധായകർ മാത്രമേയുള്ളൂ. എന്നാൽ, ഈ സ്ത്രീകൾക്കിടയിൽ പോലും അവർ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടവരാണെന്ന ധാരണയുണ്ട്. മറ്റേതൊരു വ്യവസായ മേഖലയിലും ഉള്ളതുപോലെ, അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ പ്രാതിനിധ്യം വേണ്ടത്ര ഉണ്ടെന്ന് തോന്നുന്നില്ല. ഈ അവസ്ഥക്ക് എങ്ങനെയാണ് നാം മാറ്റം വരുത്തുക?

ഫെമിനിസത്തെ കുറിച്ചുള്ള ആളുകളുടെ ധാരണ വ്യത്യസ്തമാണ്. ഇപ്പോൾ, പ്രിവിലേജ്ഡ് ആയ സ്ത്രീകൾ ശാക്തീകരിക്കപ്പെടുകയും, തങ്ങൾക്കുവേണ്ടി സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, പാർശ്വവത്കരിക്കപ്പെട്ട സ്ത്രീകൾക്ക് അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കാനുള്ള മാർഗങ്ങളില്ല. പ്രിവിലേജ്ഡ് ആയ സ്ത്രീകളുടെ ഇടങ്ങൾ പാർശ്വവത്കൃത വിഭാഗങ്ങളിലെ സ്ത്രീകളിൽ അന്യതാബോധം ഉണ്ടാക്കുന്നു. അത്തരം ഇടങ്ങളിലെ തങ്ങളുടെ സാന്നിധ്യത്തെ സംബന്ധിച്ച് അവർ മുൻകൂട്ടി ഊഹിക്കുക വരെ ചെയ്തേക്കും. പ്രസ്തുത ഇടങ്ങൾ അവരെ ഭയപ്പെടുത്തും. എന്നാൽ അവരെ പിന്നോട്ടുവലിക്കുന്ന ഈ ധാരണകളെ തകർക്കേണ്ട സമയമാണിത്. ഉദാഹരണത്തിന്, ഒരു പ്രിവിലേജ്ഡ് സ്ത്രീ താൻ ഒരു ഫെമിനിസ്റ്റാണെന്ന് തുറന്നുപറയുന്നതിനൊപ്പം, താൻ ഏത് ജാതിയിൽ നിന്നാണ് വരുന്നത് എന്നതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തേക്കാം. പാർശ്വവത്കരിക്കപ്പെട്ട സ്ത്രീകൾ അവരുടെ ജാതിയെ കുറിച്ച് അതേ രീതിയിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ പാർശ്വവത്കൃത വിഭാഗങ്ങളിൽ നിന്നുള്ള നിരവധി സ്ത്രീകൾ ഇതിനകം മുന്നോട്ടുവരികയും, അവർ നേരിടുന്ന അടിച്ചമർത്തലിനെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്. മുന്നിലുള്ള തടസ്സങ്ങളെ തകർക്കുമ്പോൾ സമൂഹത്തിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ് തങ്ങൾ അവ തകർക്കുന്നതെന്ന് പാർശ്വവത്കരിക്കപ്പെട്ട സ്ത്രീകൾ അറിഞ്ഞിരിക്കണം. അവർ ജയിക്കുമ്പോൾ എല്ലാവരും വിജയിക്കും.

സിനിമകളിൽ ട്രാൻസ് വ്യക്തികളെ അവതരിപ്പിക്കുന്ന രീതി എല്ലായ്പ്പോഴും ധാരാളം വിമർശിക്കപ്പെട്ടിട്ടുണ്ട്. ട്രാൻസ് റോളുകൾ ട്രാൻസ് വ്യക്തികൾക്ക് നൽകുന്നില്ല എന്നതാണ് ആളുകൾ ഉന്നയിക്കുന്ന മറ്റൊരു വിമർശനം. ‘സൂപ്പർ ഡീലക്സിൽ’ വിജയ് സേതുപതി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിൽ പോലും, ഒരു ട്രാൻസ് സ്ത്രീക്ക് ആ വേഷം ചെയ്യാൻ കഴിയുമായിരുന്നുവെന്ന് ആളുകൾ പറയുകയുണ്ടായി. ഇന്ന്, ഹോളിവുഡിൽ സ്ട്രൈറ്റ് അഭിനേതാക്കൾ ട്രാൻസ് വേഷങ്ങൾ നിരസിക്കുന്നുണ്ട്. ഇതിനെ കുറിച്ച് താങ്കൾ എന്തു കരുതുന്നു?

അത്തരം സംഭാഷണങ്ങൾ ഇതുവരെ ഇവിടെ നടന്നിട്ടില്ല. ഒരിക്കൽ, സ്മൈലി എന്നു പേരുള്ള എന്റെ സുഹൃത്ത്, അവരൊരു ട്രാൻസ് സ്ത്രീയാണ്, എന്റെ സിനിമകളിൽ നായികയായി അവർക്ക് എപ്പോഴെങ്കിലും ഒരു വേഷം നൽകാൻ കഴിയുമോ എന്ന് എന്നോട് ചോദിച്ചു. ആ ചോദ്യത്തിൽ ഞാൻ സ്തബ്ധനായി. അന്നുമുതൽ ആ ചോദ്യം എന്റെ തലക്ക് മുകളിൽ തൂങ്ങിനിൽപ്പുണ്ട്. അത്ര സുപ്രധാനമായ ചോദ്യമായിരുന്നു അത്. അതിനെക്കുറിച്ച് പലപ്പോഴും ചിന്തിക്കുകയും, എങ്ങനെ എനിക്കത് ചെയ്യാൻ സാധിക്കുമെന്ന് ആലോചിക്കുകയും ചെയ്തിട്ടുണ്ട്. ട്രാൻസ് വ്യക്തികളായ കഥാപാത്രങ്ങളെ എഴുതുന്നത് പോലും ഇവിടെ അപൂർവമാണ്. ‘മിഷ്കിനെ’ പോലെയുള്ള ചില എഴുത്തുകാർ നല്ല കഥാപാത്രങ്ങൾ എഴുതിയിട്ടുണ്ട്. ‘വാനം’ എന്ന സിനിമയിൽ നല്ലൊരു കഥാപാത്രമുണ്ട്. ഈ വേഷങ്ങൾ അഭിനയിച്ചത് ട്രാൻസ് സ്ത്രീകളാണ്. എന്നാൽ നാം ഇനിയും നന്നായി ചെയ്യേണ്ടതുണ്ട്. കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്.

വിജയ് സേതുപതി ‘സൂപ്പർ ഡീലക്സിൽ’

നമ്മെ മാത്രം ബാധിക്കുന്ന വിഷയങ്ങളെ കുറിച്ചാണ് നാം സിനിമകൾ നിർമിക്കുന്നത്. എന്നാൽ അതിനപ്പുറം പോയി കൂടുതൽ ചർച്ചകൾക്കും സംഭാഷണങ്ങൾക്കും തുടക്കമിടേണ്ടതുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം അവയെ കുറിച്ചുള്ള തർക്കത്തിലാണ് നാമിപ്പോഴും. ആദ്യമായി നാം സംസാരിച്ച് തുടങ്ങുകയാണ് വേണ്ടത്. നമുക്ക് സംസാരിക്കാൻ നിരവധി കാര്യങ്ങളുണ്ട്. നാം സംസാരിച്ച് തുടങ്ങേണ്ട സമയമാണിത്.

ഏതൊക്കെ സ്ത്രീ സംവിധായകരെയാണ് താങ്കൾ കൂടുതൽ ഇഷ്ടപ്പെടുന്നത്?

ഹലിത ഷമീമിന്റെ ‘സില്ലു കരുപ്പട്ടി’ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതൊരു പ്രധാനപ്പെട്ട സിനിമയായിരുന്നു. കൂടാതെ, ഉഷാ കൃഷ്ണന്റെ ‘രാജ മന്തിരി’, സുധ കൊങ്കരയുടെ ‘സൂരറൈ പോട്ര്’ എന്നിവയും പ്രതീക്ഷ നൽകുന്നവയാണ്.

പാശ്ചാത്യ ലോകത്തെ ആർട്ടിസ്റ്റുകളിൽ ആരുടെയൊക്കെ ആരാധകനാണ് താങ്കൾ?

ബിയോൺസെയെ എനിക്ക് ഇഷ്ടമാണ്. അവരൊരു വിപ്ലവകാരിയാണ്. ഒരുപാടു കാലം ആളുകൾ നിന്ദയോടെ കണ്ട കറുത്ത ശരീരം. ആ കറുത്ത ശരീരത്തെ തന്നെ തന്റെ രാഷ്ട്രീയം പറയാൻ അവർ ഉപയോഗിച്ചു. തന്റെ വരികൾ, ശൈലി, മനോഭാവം എന്നിവയാൽ അവർ സ്വന്തത്തെ ആവിഷ്കരിച്ചു. അവർ എനിക്ക് വലിയ പ്രചോദനമാണ്. അവരെ പിന്തുടരാൻ ഞാൻ എല്ലാവരോടും പറയാറുണ്ട്. അടുത്തിടെ നടന്ന ഒരു ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ റാലിയിൽ, അത്തരമൊരു ശക്തമായ പ്രസംഗം അവർ നടത്തിയിരുന്നു. തന്റെ സ്വന്തം ഉൽപന്നം (അവരുടെ സംഗീതം) എങ്ങനെ വിൽക്കാമെന്ന് അവർ എങ്ങനെ പഠിച്ചുവെന്നും, ഒരു ബിസിനസ്സ് സ്ഥാപിച്ച് തനിക്കും മറ്റുള്ളവർക്കും പിന്തുണ നൽകുക എന്നത് അവരെ സംബന്ധിച്ച് എത്രമാത്രം പ്രധാനമായിരുന്നു എന്നതിനെ കുറിച്ചും അവർ സംസാരിച്ചു. അതുപോലെ ഒരുപാട് ഫിലിം മേക്കേഴ്സിനെ ഞാൻ പിന്തുടരുന്നുണ്ട്.

ബിയോൺസെ

എവ ഡുവേണേയുടെ ‘When They See Us’ എന്ന പരമ്പര ഗംഭീരമെന്ന് പറയാവുന്ന ഒന്നാണ്. അതേ കഥ നമ്മുടെ സ്വന്തം രാജ്യത്തെ അവസ്ഥയിൽ കൊണ്ടുവെക്കാൻ കഴിയും. സ്പൈക്ക് ലീ ഉണ്ട്. പുരുഷനാണ്, പക്ഷേ സിനിമകളിൽ സ്ത്രീകളെ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ രീതിയെ ഞാൻ അഭിനന്ദിക്കുന്നു. കറുത്ത സ്ത്രീകളെ കുറിച്ചുള്ള വാർപ്പുമാതൃകകളെ അദ്ദേഹം തകർത്തുകളഞ്ഞു. അദ്ദേഹത്തിന്റെ സിനിമകളിൽ മനോഹരമായ കറുത്ത സ്ത്രീ കഥാപാത്രങ്ങളെ കാണാൻ കഴിയും.

സ്ത്രീ കഥാപാത്രങ്ങളെ നല്ല രീതിയിൽ അവതരിപ്പിക്കാൻ ഇവിടെയുള്ള പുരുഷ സംവിധായകർക്ക് കഴിയുന്നുണ്ടോ?

ഇവിടെയും ബാലു മഹേന്ദ്രയെ പോലെയുള്ള സംവിധായകർ സ്ത്രീ കഥാപാത്രങ്ങളെ നന്നായി എഴുതിയിട്ടുണ്ട്. പക്ഷേ ഇവിടെ ഒരു പ്രസ്ഥാനമൊന്നും ഇല്ല. പാശ്ചാത്യ ലോകത്ത്, ആളുകൾ ഇത്തരം രാഷ്ട്രീയ സിനിമകൾ നിർമിക്കാൻ തുടങ്ങി. ആ സിനിമകളുടെ വിജയത്തെത്തുടർന്ന് കൂടുതൽ ആളുകൾ സമാനമായ സിനിമകൾ നിർമിക്കാൻ തുടങ്ങി. അതൊരു പ്രസ്ഥാനമായി മാറി. ബോധപൂർവമായ ശ്രമങ്ങളില്ലാതെ അത്തരമൊന്ന് ഇവിടെ സംഭവിക്കില്ല. നമ്മുടെ സിനിമാ വ്യവസായത്തിൽ കലാപരമായ വശങ്ങളിൽ മാത്രമാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഥകളുടെ രാഷ്ട്രീയത്തിൽ നാം കൂടുതൽ ശ്രദ്ധ ചെലുത്തുന്നില്ല.

കടപ്പാട്: എഡെക്സ് ലൈവ്

വിവർത്തനം: ഇർഷാദ് കാളാച്ചാൽ

  • https://www.edexlive.com/people/2020/jul/25/pa-ranjith-interview-on-women-empowerment-transgender-actors-question-that-haunts-him-and-being-beyo-13479.html
Top