തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ പാഠങ്ങൾ

കോവിഡിനെ നേരിടുന്നതിൽ തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയിൽ സർക്കാർ ഏറെക്കുറെ പരാജയപ്പെട്ടപ്പോൾ, തലസ്ഥാന ജില്ലയുടെ തെക്കേ അറ്റത്തോട് ചേർന്ന് തമിഴ്നാടിന്റെ ഭാഗമായ ‘തൂത്തൂർ’ എന്ന തീരദേശ ഗ്രാമത്തിൽ ഒരു ലത്തീൻ പുരോഹിതന്റെ നേതൃത്വത്തിൽ നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എത്ര പേർ അറിഞ്ഞിട്ടുണ്ടാവുമെന്ന് ഉറപ്പില്ല. ജനസാന്ദ്രത ഏറെയുള്ള കേരളത്തിലെ മറ്റ് തീരദേശ ഗ്രാമങ്ങൾക്കും കണ്ടുപഠിക്കാവുന്ന പ്രവർത്തനങ്ങളാണ് യുവ വൈദികനായ ഫാ. ജോൺ ഡാലിന്റെ നേതൃത്വത്തിൽ തൂത്തൂരിൽ നടപ്പാക്കിയത്. സിന്ധു മരിയ നെപ്പോളിയൻ എഴുതുന്നു.

കോവിഡ്-19ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ നിന്ന് കേട്ട വാർത്തകളിലേറെയും തീരദേശ മേഖലയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. രാജ്യത്താദ്യമായി കോവിഡിന്റെ സാമൂഹിക വ്യാപനം സ്ഥിതീകരിച്ച തിരുവനന്തപുരം ജില്ലയിലെ പൂന്തുറ, പുല്ലുവിള എന്നീ മത്സ്യബന്ധന ഗ്രാമങ്ങൾ ‘ഹോട്ട്സ്പോട്ടും’ ‘ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററും’ പോലുള്ള ഘട്ടങ്ങൾ അതിവേഗം കടന്നാണ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയുണ്ടാക്കിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പും ബന്ധപ്പെട്ട വിഭാഗങ്ങളും പലപ്പോഴും ആശങ്ക ഉയർത്തിയ മേഖല കൂടിയാണ് തീരദേശം. ഉയർന്ന ജനസാന്ദ്രതാ നിരക്കും സവിശേഷ ജീവിത സാഹചര്യങ്ങളും ഈ പ്രദേശങ്ങളെ തുടക്കം മുതൽ മുൻഗണനാ പട്ടികയിൽ പെടുത്താൻ പോന്നവയാക്കിയിരുന്നു. എന്നാൽ അത്തരമൊരു മുൻഗണന അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നതാണ് യാഥാർഥ്യം. കേരളത്തിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത് 2020 ജനുവരി മുപ്പതിനായിരുന്നു. അഥവാ ഇക്കഴിഞ്ഞ ജൂലൈ 30ന് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആറാം മാസത്തിലേക്ക് കടന്നു. ഇതിനിടെ സംസ്ഥാനത്തിന്റെ ‘കോവിഡ് ഗ്രാഫിൽ’ പല വ്യതിയാനങ്ങളുമുണ്ടായിട്ടുണ്ട്. പ്രവാസികളിലൂടെയും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തിയവരിലൂടെയും രോഗപ്പകർച്ചയുണ്ടായിട്ടുണ്ട്. വാളയാറും കാസർകോടും പോലുള്ള അതിർത്തികൾ ഒരു ഘട്ടത്തിൽ നമ്മുടെ ചങ്കിടിപ്പ് കൂട്ടി. മുംബൈ, ചെന്നൈ പോലുള്ള നഗരങ്ങളിൽ നിന്നെത്തിയവരിലൂടെയും ഒരു ഘട്ടത്തിൽ രോഗവ്യാപനം പേടിപ്പെടുത്തുംവിധം വർധിച്ചിരുന്നു. എന്നാൽ ഇവയെല്ലാം താരതമ്യേന ചെറിയ സമയത്തേക്ക് മാത്രമേ അധികൃതരെ പരിഭ്രാന്തിപ്പെടുത്തിയുള്ളൂ. രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞ സാഹചര്യത്തിൽ, രോഗവ്യാപനം കുറക്കാനാവാത്ത വിധം തുടർച്ചയായി കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേരളത്തിലെ പ്രദേശങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിച്ചാൽ അവയിലേറെയും തീരപ്രദേശങ്ങളോ തീരത്തോട് ചേർന്നുകിടക്കുന്ന അയൽപ്രദേശങ്ങളോ ആണെന്ന് മനസ്സിലാക്കാനാവും. സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ നിരവധി കാരണങ്ങൾ തീരദേശ മേഖലയെ കോവിഡ് വ്യാപനത്തിലേക്ക് തള്ളിവിടുന്നുണ്ട്.

580 കിലോമീറ്റർ നീളമുള്ളതാണ് കേരളത്തിന്റെ തീരപ്രദേശം. കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളൊഴികെ ബാക്കി ഒൻപത് ജില്ലകളും അറബിക്കടലിനെ തൊട്ടുകിടക്കുന്നവയാണ്. 2011ലെ സെൻസസ് പ്രകാരം 3.34 കോടി ജനങ്ങളാണ് സംസ്ഥാനത്തുള്ളത്. കേരളത്തിന്റെ ശരാശരി ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിൽ 810 ആണെന്നിരിക്കെ, സംസ്ഥാനത്തെ തീരദേശ മേഖലയിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 2168 ആണെന്നാണ് കണക്ക്. ഇപ്പോൾ സാമൂഹിക വ്യാപനം സ്ഥിതീകരിച്ച പുല്ലുവിള ഉൾപ്പെടുന്ന കരുംകുളം ഗ്രാമപഞ്ചായത്തിലെ ശരാശരി ജനസാന്ദ്രത ഇതിന്റെ പതിന്മടങ്ങാണെന്ന വസ്തുത എത്ര പേർക്കറിയാം? തീരദേശത്തെ കോവിഡ് വ്യാപനത്തെപ്പറ്റി ആശ്ചര്യപ്പെട്ട് കണ്ണ് മിഴിക്കുന്നവർ കേൾക്കേണ്ട കണക്കാണിത്. ഇത്രയേറെ പേർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ കോവിഡ് സാന്നിധ്യമുണ്ടായാൽ അതിനെ എങ്ങനെ നേരിടണമെന്നതിനെപ്പറ്റി യാതൊരു മുൻകരുതലുകളോ ആസൂത്രണങ്ങളോ നമ്മുടെ സർക്കാർ സംവിധാനങ്ങൾക്കില്ലായിരുന്നു. തീരദേശ ഗ്രാമങ്ങളിൽ ആദ്യ കോവിഡ് കേസുകൾ ഗൾഫിൽ നിന്നുൾപ്പെടെ നാട്ടിലെത്തിയ പ്രവാസികളിലൂടെയും മറ്റും റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷവും, അവിടുത്തെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക പ്രതിരോധ നടപടികൾ ആസൂത്രണം ചെയ്യാനോ പ്രാദേശിക സംവിധാനങ്ങളെ ഏകോപിപ്പിക്കാനോ ആരും തുനിഞ്ഞില്ല. അതുകൊണ്ട് തന്നെയാണ് സംസ്ഥാനത്താദ്യമായി സാമൂഹിക വ്യാപനം സ്ഥിതീകരിച്ചത് രണ്ട് തീരദേശ ഗ്രാമങ്ങളിലാണെന്ന് അറിഞ്ഞപ്പോഴും വലിയ ഞെട്ടലൊന്നും വ്യക്തിപരമായി തോന്നാതിരുന്നത്.

തീരദേശ മേഖലയിലെ കോവിഡ് വ്യാപനത്തെ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിന് പറ്റിയ വീഴ്ച്ചകളുടെ പേരിൽ വിമർശനങ്ങൾ ഉയരുന്നതിനിടെ പലരും ശ്രദ്ധിക്കാതെ പോയ മറ്റൊരു കൂട്ടരാണ് ഇവിടുത്തെ ‘ലത്തീൻ കത്തോലിക്കാ സഭ’. കോവിഡ് കേസുകൾ ഏറെ റിപ്പോർട്ട് ചെയ്യപ്പെട്ട തിരുവനന്തപുരം, എറണാകുളം, കൊല്ലം പോലുള്ള ജില്ലകളിലെ തീരപ്രദേശത്ത് താമസിക്കുന്ന മുക്കുവ സമുദായക്കാരായ മത്സ്യത്തൊഴിലാളികളുടെ ആത്മീയ നേതൃത്വം എന്ന നിലയിൽ തന്നെയാണ് കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ ലത്തീൻസഭയുടെ പ്രസക്തി. എന്നാൽ മറ്റ് ക്രിസ്ത്യൻ റീത്തുകളിൽ നിന്ന് വ്യത്യസ്തമായി ലത്തീൻ കത്തോലിക്കാ സഭ വിശ്വാസികളുടെ മതജീവിതത്തിൽ മാത്രമല്ല, തൊഴിൽപരവും സാമൂഹികപരവുമായ ജീവിതത്തിലും നിർണായക സ്വാധീനം ചെലുത്തുന്നവരാണ്. സഭ എപ്രകാരമാണ് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ശബ്ദമാവുന്നതെന്ന് ഓഖി പോലുള്ള ദുരന്തങ്ങളുടെ സമയത്ത് പൊതുസമൂഹം കണ്ടറിഞ്ഞതുമാണ്. കോവിഡിനെ നേരിടുന്നതിൽ തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയിൽ സർക്കാർ ഏറെക്കുറെ പരാജയപ്പെട്ടപ്പോൾ, തലസ്ഥാന ജില്ലയുടെ തെക്കേ അറ്റത്തോട് ചേർന്ന് തമിഴ്നാടിന്റെ ഭാഗമായ ‘തൂത്തൂർ’ എന്ന തീരദേശ ഗ്രാമത്തിൽ ഒരു ലത്തീൻ പുരോഹിതന്റെ നേതൃത്വത്തിൽ നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എത്ര പേർ അറിഞ്ഞിട്ടുണ്ടാവുമെന്ന് ഉറപ്പില്ല. ജനസാന്ദ്രത ഏറെയുള്ള കേരളത്തിലെ മറ്റ് തീരദേശ ഗ്രാമങ്ങൾക്കും കണ്ടുപഠിക്കാവുന്ന പ്രവർത്തനങ്ങളാണ് യുവ വൈദികനായ ഫാ. ജോൺ ഡാലിന്റെ നേതൃത്വത്തിൽ തൂത്തൂരിൽ നടപ്പാക്കിയത്. തമിഴ്നാടിന്റെ ഭാഗമാണെങ്കിലും തിരുവനന്തപുരം ലത്തീൻ അതിരൂപതക്ക് കീഴിൽ വരുന്ന പ്രദേശമാണ് വള്ളവിളയും മാർത്താണ്ഡൻതുറയുമെല്ലാം ഉൾപ്പെടുന്ന തൂത്തൂർ ഫെറോന.

പൂന്തുറയിൽ കമാൻഡോ സേനയെ വിന്യസിച്ചപ്പോൾ

മെയ് അവസാനത്തോടെയാണ് കേരള-തമിഴ്നാട് തീരദേശ അതിർത്തി പ്രദേശങ്ങളിൽ കോവിഡ് പിടിമുറുക്കി തുടങ്ങിയത്. തൂത്തൂർ ഇടവക വികാരിയായ തന്നെ അന്വേഷിച്ച് ഇടവക കാര്യാലയത്തിലെത്തിയ ഡോക്ടർ ദമ്പതികളാണ് വരാനിരിക്കുന്ന ദിവസങ്ങളിലെ കോവിഡ് വ്യാപന സാധ്യതയെപ്പറ്റി ആദ്യമായി തനിക്ക് മുന്നറിയിപ്പ് നൽകിയതെന്ന് ഫാ. ജോൺ ഡാൽ ഓർമിക്കുന്നു: “മാർച്ച് മാസം മുതൽ ഞങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം കൂടുന്നത് മനസ്സിലാക്കി എന്തെങ്കിലും ചെയ്തുതുടങ്ങണമെന്ന് എന്നോട് ആവശ്യപ്പെട്ടത് പ്രദേശവാസികളായ ഡോക്ടർ ദമ്പതികളായിരുന്നു. പരമാവധി പേരിലേക്ക് കോവിഡിനെതിരായ സന്ദേശങ്ങൾ എത്തിക്കാൻ സഹായകരമായ ഒരു വാട്സപ്പ് ഗ്രൂപ്പാണ് ആദ്യം ഞങ്ങൾ ഉണ്ടാക്കിയത്. വിവിധ രാഷ്ട്രീയ പാർട്ടികളിലുള്ളവർ, പ്രദേശത്തെ ഡോക്ടർമാർ, പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, അധ്യാപകർ, ഡോക്ടറേറ്റ് നേടിയവർ, മത്സ്യത്തൊഴിലാളികൾ എന്നുതുടങ്ങി നാട്ടിലെ എല്ലാ മേഖലകളിൽ നിന്നുള്ളവരും ഈ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. ഇടവകയിലെ കുടുംബ യൂണിറ്റുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി മറ്റൊരു ഗ്രൂപ്പും ഉണ്ടാക്കി (ഒരു പ്രദേശത്തെ ക്രിസ്തീയ ചട്ടക്കൂടിന്റെ പ്രാഥമിക സംഘമാണ് കുടുംബ യൂണിറ്റുകൾ. പത്തോ ഇരുപതോ കുടുംബങ്ങൾ ചേർന്നാണ് യൂണിറ്റുകളാവുന്നത്. കത്തോലിക്കരുടെ ആസ്ഥാനമായ റോമിൽ നിന്ന് രൂപതകളിലേക്കും, രൂപതകളിൽ നിന്ന് ഇടവകകളിലേക്കും, അവിടെ നിന്ന് കുടുംബ യൂണിറ്റ് പ്രതിനിധികൾ വഴി കുടുംബങ്ങളിലേക്കുമാണ് വിവരങ്ങൾ കൈമാറുന്നത്).”

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവരെപ്പറ്റിയുള്ള വിവരങ്ങൾ യൂണിറ്റ് പ്രതിനിധികൾ വഴി അതാത് സമയത്ത് അറിയുന്ന മുറക്ക്, ആരോഗ്യ പ്രവർത്തകരുമായെത്തി ഇവരെ നിർബന്ധമായും ക്വാറന്റൈനിലാക്കുകയാണ് ചെയ്തതെന്ന് ഫാ. ജോൺ പറയുന്നു. കേരളത്തിലേത് പോലുള്ള കൃത്യമായ ട്രാക്കിങ് സംവിധാനങ്ങൾ രോഗവ്യാപനത്തിന്റെ പ്രാരംഭ ഘട്ടത്തിൽപ്പോലും ലഭ്യമല്ലാതിരുന്ന തമിഴ്നാട്ടിൽ, ഈ വൈദികനും സംഘവും തങ്ങളുടേതായ ബദൽ മാർഗങ്ങൾ സ്വീകരിച്ചാണ് പ്രവാസികൾ ക്വാറന്റൈൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയത്.

കേരളത്തിലെ ആശാപ്രവർത്തകരുടെ മാതൃകയിൽ പ്രവാസികളെ ദിവസവും വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിക്കാനും അവർ ക്വാറന്റൈൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമായി തൂത്തൂർ സ്വദേശികളായ രണ്ട് സ്ത്രീകളെ ഉത്തരവാദിത്വം ഏൽപിച്ചു. ഒറ്റദിവസം 120 കോളുകൾ വരെ ഇവർക്ക് വിളിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഫാ. ഡാൽ ഓർക്കുന്നു. അതുകൊണ്ടുതന്നെ തന്റെ ഇടവകയിലേക്ക് എത്തുന്ന ഓരോ ആളുടെയും വിവരങ്ങൾ ഈ വൈദികന് മനപാഠമായിരുന്നു. താനറിയാതെ നാട്ടിൽ വന്നുപോയ മീൻ മൊത്തവ്യാപാരിയായ ചെന്നൈ സ്വദേശിയിൽ നിന്നാണ് പ്രദേശത്ത് കോവിഡ് സമ്പർക്കവ്യാപനം ആദ്യമായി റിപ്പോർട്ട് ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. അദ്ദേഹം പറയുന്നു: “രോഗബാധിതനായ ചെന്നൈ സ്വദേശിയുമായി അടുത്തിടപെട്ട തൂത്തൂർ സ്വദേശിയായ മത്സ്യത്തൊഴിലാളിയിലൂടെയാണ് കോവിഡ് വ്യാപനം തുടങ്ങിയത്. കടപ്പുറത്ത് സ്ഥിരമായി ചീട്ടുകളിക്കാൻ എത്താറുണ്ടായിരുന്ന ഇദ്ദേഹത്തിൽ നിന്ന് ചീട്ടുകളി സംഘത്തിലുണ്ടായിരുന്ന പലർക്കും രോഗം ബാധിച്ചു. ഇതോടെയാണ് തൂത്തൂർ മേഖലയിലെ തീരപ്രദേശത്ത് കോവിഡ് നിയന്ത്രണാതീതമായി പടർന്നത്.”

കോവിഡ് കേസുകൾ വർധിക്കാൻ തുടങ്ങിയതോടെ ഒരു മൈക്ക് സെറ്റും സ്പീക്കറുമായി ബീച്ച് റോഡിലേക്കും പ്രധാന റോഡിലേക്കും എത്തുന്ന ഡാലച്ചന്റെ രൂപം തൂത്തൂർ നിവാസികൾക്ക് സ്ഥിരം കാഴ്ച്ചയാവുകയായിരുന്നു. വൈദികർ ഏറിയ പങ്കും ഔദ്യോഗിക വസതികളിലിരുന്നാണ് എല്ലാത്തരം പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകാറുള്ളത്. അതുകൊണ്ടുതന്നെയാണ് ജനങ്ങൾ കൂട്ടംകൂടാറുള്ള കടപ്പുറത്തേക്കും ചന്തകളിലേക്കും കട വരാന്തകളിലേക്കും ഓടിയെത്തുന്ന ളോഹാധാരികളായ ഡാലച്ചന്മാരെപ്പോലുള്ള ചുരുക്കം ചില വൈദികർ വ്യത്യസ്തരാവുന്നതും. ജനങ്ങളെ വീട്ടിലിരുത്താൻ വൈദികൻ നേരിട്ടെത്തുന്നത് പലപ്പോഴും വൈകാരിക പ്രതികരണം ഉണ്ടാക്കാറുണ്ട്. വൈദികർക്ക് ആത്മീയ നേതൃത്വത്തിനപ്പുറമുള്ള സ്ഥാനം തിരുവനന്തപുരത്തെ തീരദേശത്തുണ്ടെന്നതാണ് ഇതിന് കാരണം. കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ, അതിർത്തി തർക്കം, വള്ളവും വലയും പോലുള്ള ഏറ്റിനങ്ങളുമായി (മത്സ്യബന്ധന ഉപകരണങ്ങൾ) ബന്ധപ്പട്ടുള്ള വ്യവഹാരങ്ങൾ, വിവാഹം, മരണം പോലുള്ള ചടങ്ങുകൾ എന്നു തുടങ്ങി നിത്യജീവിതത്തിന്റെ സകല മേഖലകളിലും ഈ സമുദായത്തിനുള്ളിൽ ദൃശ്യവും അദൃശ്യവുമായ സാന്നിധ്യമായി വൈദികരും കത്തോലിക്കാ സഭയും പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് കൂട്ടംകൂടരുതെന്നും മാസ്ക്ക് ധരിക്കണമെന്നും പൊലീസുകാരോ ആരോഗ്യപ്രവർത്തകരോ പറയുമ്പോൾ ഉണ്ടാകാത്ത സ്വീകരണം വൈദികർ പറയുന്നതിലൂടെ ലഭിക്കുന്നത്. അവരെ അനുസരിക്കാനും ജനങ്ങൾ തയ്യാറാവുന്നുണ്ട്. വിവാഹവും മരണവും പോലുള്ള സംഗതികൾക്കപ്പുറം മതപരമായ ബിംബങ്ങൾക്ക് മനുഷ്യരുടെ ദൈനംദിന വ്യവഹാരങ്ങളിൽ ഇത്രയേറെ സ്വാധീനം ചെലുത്താൻ കഴിയുമോ എന്ന് ചിലപ്പോൾ അത്ഭുതം തോന്നിയേക്കാം. പക്ഷേ തെക്കൻ കേരളത്തിലെ മുക്കുവ സമുദായത്തിന്റെ കാര്യത്തിലെങ്കിലും അത് വാസ്തവമാണ്. മുക്കുവ സമൂഹത്തിന്റെ അടിത്തറയായ സമുദായം+സഭ+സ്റ്റേറ്റ് എന്ന അപൂർവ സമവാക്യം രൂപപ്പെടുന്നതും ഇത് മൂലമാണ്.

ഫാ. ജോൺ ഡാൽ

തൂത്തൂരിൽ ഈ വൈദികന്റെ നേതൃത്വത്തിൽ നടന്ന പ്രതിരോധ പ്രവർത്തനങ്ങൾ കയ്യടി അർഹിക്കുന്നത് തന്നെയാണ്. കോവിഡ് സംബന്ധമായ അറിയിപ്പുകൾ നൽകാനും വീടിന് വെളിയിൽ അനാവശ്യമായി ഇറങ്ങിനടക്കുന്നവരെ അകത്തിരുത്താനുമായി 28 അധിക ഹോണുകളാണ് ഇടവക ഫണ്ടിലെ കാശുപയോഗിച്ച് തൂത്തൂരിൽ വാടകക്ക് വാങ്ങിവെച്ചത്. ഇതിന് മാത്രം രണ്ട് ലക്ഷം രൂപ വാടകയിനത്തിൽ ചെലവുണ്ടായി. കൂടാതെ കോട്ടൺ തുണിയിൽ നിർമിച്ച ഏഴായിരത്തോളം മാസ്ക്കുകൾ വിതരണം ചെയ്തു. ബാങ്ക്, ചന്ത, പലചരക്ക് കടകൾ എന്നിവിടങ്ങളിൽ ജനങ്ങൾക്ക് അകലം പാലിച്ച് നിൽക്കാൻ സഹായിക്കുന്ന വിധത്തിൽ കളങ്ങൾ വരച്ച് സജ്ജീകരിച്ചു. ജനങ്ങൾ ഏറ്റവും കൂടുതൽ വീടിന് പുറത്തേക്കിറങ്ങുന്നത് മരുന്ന് വാങ്ങാനും മെഡിക്കൽ ഷോപ്പുകളിലേക്ക് പോവാനുമാണെന്ന് മനസ്സിലായതോടെ, അത്തരം സേവനങ്ങൾ എത്തിച്ചുനൽകാനായി ഒരു സംഘം യുവാക്കളെ നിയോഗിച്ചു. മത്സ്യബന്ധനം നിലച്ചതോടെ ഉണ്ടായ സാമ്പത്തിക ഞെരുക്കം മനസ്സിലാക്കി, ആശുപത്രികളിൽ പോവാനും മരുന്ന് വാങ്ങാനും കുഞ്ഞുങ്ങൾക്കാവശ്യമായ ബേബിഫുഡ് വാങ്ങാനും കെൽപ്പില്ലാത്തവർക്ക് വേണ്ട സാമ്പത്തിക സഹായം കണ്ടറിഞ്ഞ് ചെയ്യാനും സാധിച്ചു. ഇടവകക്ക് പുറത്തുള്ള പ്രവാസികളിൽ നിന്നും, സാമ്പത്തികമായി മുൻനിരയിൽ ഉള്ളവരിൽ നിന്നും ചാരിറ്റിയായി ലഭിച്ച പത്ത് ലക്ഷത്തോളം രൂപ ഇത്തരത്തിൽ അത്യാവശ്യക്കാർക്കും പാവപ്പെട്ട കുടുംബങ്ങൾക്കും നൽകാനായി. അരിയും അത്യാവശ്യ സാധനങ്ങളും അടങ്ങുന്ന ഭക്ഷണക്കിറ്റ് കൃത്യമായി എല്ലാവരിലും എത്തിച്ചു. കൂടാതെ ഒറ്റപ്പെട്ട അവസ്ഥയിൽ ജീവിക്കുന്നവർക്കും വൃദ്ധർക്കും ഇടവകയിലെ ‘വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെയും’ കന്യാസ്ത്രീ മഠത്തിന്റെയും സഹായത്തോടെ പാകംചെയ്ത ഭക്ഷണം മൂന്ന് നേരവും എത്തിക്കാനുള്ള ഏർപ്പാടുമുണ്ടാക്കി. ഇതെല്ലാം ഉറപ്പാക്കുക വഴി തന്റെ ഇടവക പരിധിയിൽ ഒരാൾ പോലും ലോക്ഡൗൺ മൂലം പട്ടിണിയിലാവുകയോ, വേണ്ട സഹായം ലഭിക്കാതിരിക്കുകയോ ഇല്ലെന്ന് ഉറപ്പാക്കുകയാണ് ഫാ. ജോണിന്റെ നേതൃത്വത്തിൽ ശ്രമിച്ചത്.

കോവിഡ് രൂക്ഷമായതോടെ പരമാവധി പേരെ ടെസ്റ്റിന് പ്രേരിപ്പിക്കാൻ ഫാദറും സംഘവും മറന്നില്ല. രോഗം ആദ്യമായി സ്ഥിതീകരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ ഏതാണ്ട് എഴുന്നൂറ് പേരെയാണ് ടെസ്റ്റിന് വിധേയരാക്കിയത്. നൂറിനടുത്ത് പോസിറ്റീവ് കേസുകളാണ് ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. ടെസ്റ്റിനെതിരായ ചില പ്രചാരണങ്ങൾ കാരണം ടെസ്റ്റിന് വിധേയരാകാൻ ആളുകൾ വിമുഖത കാട്ടിയെങ്കിലും, ആകെ 192 പേർക്കാണ് ഇവിടെ കോവിഡ് പോസിറ്റീവായത്.

ഇതിൽ രണ്ട് പേർ ഗുരുതരാവസ്ഥയിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും അവരെയും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിച്ചു. ഇക്കൂട്ടത്തിൽ മറ്റൊന്നുകൂടി സംഭവിച്ചു, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ജനങ്ങളിലേക്കിറങ്ങിയ ഫാ. ജോൺ ഡാലിനും കോവിഡ് സ്ഥിതീകരിച്ചു. ആശുപത്രി കിടക്കയിൽ ഐസൊലേഷനിൽ ആയിരുന്നപ്പോഴും തന്റെ നാട്ടിലുള്ളവരെ കോവിഡിന് വിട്ടുകൊടുക്കാതിരിക്കാനുള്ള ശ്രമങ്ങൾ അദ്ദേഹം തുടർന്നുകൊണ്ടേയിരുന്നു. ഇന്ന് കോവിഡ് ഭേദമായി തിരികെ നാട്ടിലെത്തിയ അദ്ദേഹം ജനങ്ങൾക്കിടയിൽ തന്റെ പ്രവർത്തനങ്ങൾ തുടരുകയാണ്.

മഹാമാരിക്കാലത്ത് നേതൃത്വങ്ങളിലിരിക്കുന്നവർക്ക് എത്രത്തോളം ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനാവുമെന്നതിന്റെ വലിയ ഉദാഹരണമാണ് ഫാ.ജോൺ ഡാൽ നൽകുന്നത്. തിരുവനന്തപുരത്തെ തീരദേശത്തുള്ളവർക്ക് (പ്രത്യേകിച്ച് ഇടവകകളുടെ ഉത്തരവാദിത്വമുള്ള വൈദികർക്കും സഭാ നേതൃത്വത്തിനും) മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് തൂത്തൂർ കേന്ദ്രീകരിച്ച് ഉണ്ടായിട്ടുള്ളത്. തമിഴ്നാടിന്റെ ഭാഗമായ തൂത്തൂർ ഫെറോനയെയും അവിടുത്തെ ആഴക്കടൽ മത്സ്യത്തൊഴിലാളി സമൂഹത്തെയും രണ്ടാം തരക്കാരായി മാത്രം പലപ്പോഴും കാണാറുള്ള സഭാ സംവിധാനങ്ങൾക്ക് അവരെ കണ്ടുപഠിക്കാൻ ഇനിയും സമയം ബാക്കിയുണ്ട്. തൂത്തൂരിന് പിന്നാലെ പൂവാർ എന്ന മത്സ്യബന്ധന ഗ്രാമത്തിലും ഇടവക വികാരി ഫാ. ഷാബിൻ ലീനിന്റെ നേതൃത്വത്തിൽ കോവിഡിനെതിരെ യുവാക്കളെ സംഘടിപ്പിച്ചുകൊണ്ടുള്ള മികച്ച പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ സാധിക്കുന്നുണ്ട്. കടപ്പുറം ഒഴിപ്പിക്കുക, കോവിഡ് പോസിറ്റീവ് ആകുന്നവർക്കും അവരുടെ വീട്ടിലുള്ളവർക്കും വേണ്ട സഹായങ്ങൾ എത്തിക്കുക, പ്രദേശം മുഴുവൻ അണുനശീകരണം ചെയ്യുക എന്നിങ്ങനെ പല പ്രവർത്തനങ്ങളും പൂവാറിൽ ഷാബിനച്ചന്റെ നേതൃത്വത്തിൽ ചെയ്തുവരുന്നുണ്ട്. അരികുവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തെ മഹാമാരിക്ക് വിട്ടുകൊടുക്കാതിരിക്കാനും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും സഹായകരമായ ഇതുപോലുള്ള കൂടുതൽ മെച്ചപ്പെട്ട മാതൃകകൾ എല്ലാ തീരദേശ ഗ്രാമങ്ങളിൽ നിന്നും ഉണ്ടായിവന്നാലേ അതിജീവനം സാധ്യമാവുകയുള്ളൂ. സമുദായത്തിനിടയിൽ സർക്കാരിനൊപ്പമോ അതിനെക്കാളധികമോ സ്ഥാനമുള്ള സഭക്ക് നാളെ സ്റ്റേറ്റുമായി സംവദിക്കാനും ഇത്തരം ക്രിയാത്മക ഇടപെടലുകൾ സഹായകമാവും എന്ന് തിരിച്ചറിയണം.

Top