ഗ്യാൻവാപി; ജസ്റ്റിസ്‌ ചന്ദ്രചൂഡിന്റെ ഉത്തരവ് കോടതിയലക്ഷ്യം: ജസ്റ്റിസ് കോൽസെ പാട്ടീൽ സംസാരിക്കുന്നു

സുപ്രീംകോടതി ജഡ്ജിമാരുടെ മനസ്സിൽ എന്താണുള്ളതെന്ന് ആർക്കാണ് പറയാൻ സാധിക്കുക? ഗ്യാൻവാപി പള്ളി വിഷയം ഉയർന്നുവന്ന ആദ്യ ദിവസം തന്നെ, പ്ളേസസ് ഓഫ് വർഷിപ്പ് ആക്ട് ഇവിടെയുണ്ട്, അതുകൊണ്ട് ഈ അസംബന്ധം അവസാനിപ്പിക്കൂ എന്ന് സുപ്രീംകോടതിക്ക് പറയാമായിരുന്നു. ഇൻഡ്യൻ ജുഡീഷ്യറി ശക്തമായി നിലനിൽക്കുന്ന കാലത്തോളമാണ് ഇൻഡ്യയുടെ ക്ഷേമം ഉറപ്പുവരിക. നിർഭാഗ്യവശാൽ അത് പലപ്പോഴും സംഭവിക്കുന്നില്ല. ജസ്റ്റിസ് കോൽസേ പാട്ടീൽ സംസാരിക്കുന്നു.

വിവരണാതീതമായ ദാരിദ്രത്തിലാണ് മുൻ ജഡ്ജി ബി.ജി കോൽസെ പാട്ടീൽ ജനിച്ചു വളർന്നത്. ഒരേ കൂരക്കു കീഴെ അവരുടെ ആടും കോഴിയും വളർന്നു. അദ്ദേഹം ജോലിയെടുത്ത് പഠിച്ച് ബോംബെ ഹൈകോടതിയിൽ ജഡ്ജിയായി. 1990കളിൽ, വലതുപക്ഷ വർഗീയ കക്ഷികൾ ശക്തിപ്രാപിക്കുകയും സംഹാരാത്മകമായ രാഷ്ട്രീയ സ്വരൂപം പുൽകുകയും ചെയ്ത സാഹചര്യത്തിലാണ് പാട്ടീൽ ബോംബെ ഹൈകോടതിയിൽ നിന്ന് രാജിവെക്കുന്നത്. ജുഡീഷ്യറിയെക്കാൾ സാമൂഹിക ആക്ക്റ്റിവിസത്തിലൂടെയാണ് ഇൻഡ്യയെ തനിക്കു സേവിക്കാൻ കഴിയുക എന്നദ്ദേഹം കരുതി. ജ്യോതിറാവു ഫുലെ, ഷാഹു മഹാരാജ്, ഡോ. ബി.ആർ അംബേഡ്കർ മുതലായവരുടെ ആശയങ്ങളാൽ പ്രചോദിതനായ അദ്ദേഹം, നീതിക്കു വേണ്ടിയും അരികുവത്കരണത്തിന് എതിരെയുമുള്ള സമരങ്ങളിൽ സ്ഥിരമായി അധസ്ഥിതരുടെ പക്ഷംചേർന്നു. അദ്ദേഹത്തിന്റെ പൊതു പരിപാടികൾ ആയിരങ്ങളെ ആകർഷിക്കുമായിരുന്നു.

ഗ്യാൻവാപി വിഷയത്തിൽ അജാസ് അഷ്‌റഫ്‌ ജസ്റ്റിസ് ബി.ജി കോൽസെ പാട്ടീലുമായി നടത്തിയ അഭിമുഖം.

വാരണാസിയിലെ ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ വന്ന സുപ്രീംകോടതി ഉത്തരവ് താങ്കൾ എങ്ങനെ നോക്കിക്കാണുന്നു?

1992ലെ ബാബരി മസ്ജിദ് ധ്വംസനം വർഗീയ കക്ഷികളെ ഏറെ നിർഭയരാക്കി, രാജ്യത്തിന്റെ നിയമങ്ങളെ കാറ്റിൽ പറത്തിയാലും കുറ്റമോചിതരായി നടക്കാമെന്ന വിശ്വാസം അതവരുടെ മനസ്സുകളിൽ ഉറപ്പിച്ചു. രാമ ജന്മഭൂമി പ്രസ്ഥാനത്തിന്റെ സമയത്തു പോലും അവരുടെ പക്കൽ ഈ മുദ്രാവാക്യമുണ്ടായിരുന്നു: “അയോധ്യാ തോ സിർഫ് ജാൻകി ഹെ, കാശി-മധുര ബാക്കി ഹെ” (അയോധ്യ വെറും തുടക്കം മാത്രമാണ്, കാശിയും മധുരയും ഇപ്പോഴും ബാക്കിയാണ്). അമ്പലം പൊളിച്ചു പണിത പള്ളികളുടെ നീണ്ട നിര തന്നെയുണ്ടെന്ന് അവർ വാദിച്ചേക്കും. രാജ്യത്തിന്റെ തന്നെ തകർച്ചക്കു കാരണമായേക്കുന്ന ഒരു രാഷ്ട്രീയത്തിന്റെ തുടക്കമായിരുന്നു ബാബരി ധ്വംസനം. നമ്മുടെ ശ്രദ്ധ പാവപ്പെട്ടവർക്ക് ഭക്ഷണവും, വസ്ത്രവും, പാർപ്പിടവും, വിദ്യാഭ്യാസവും കൊടുക്കുന്നതിലായിരിക്കണം.

എന്റെ മാതാപിതാക്കളെ പോലെ ഞാനും ജുഡീഷ്യറിയെ ബഹുമാനിക്കുന്നുണ്ട്. ജുഡീഷ്യറിയില്ലെങ്കിൽ നമുക്ക് മറ്റു മാർഗങ്ങളോ പ്രതീക്ഷയോ ഇല്ല. ജുഡീഷ്യറി ശക്തമായിരുന്നെങ്കിൽ രാജ്യം ഇത്ര ദയനീയമായ അവസ്ഥയിലാവുമായിരുന്നില്ല. ജുഡീഷ്യറി വിധിയാണ് നൽകുന്നത്, നീതിയല്ല എന്ന് ഞാൻ പലയാവൃത്തി പറഞ്ഞിട്ടുള്ളതാണ്.

ജസ്റ്റിസ്‌ ബി.ജി കോൽസെ പാട്ടീൽ

സുപ്രീംകോടതിയുടെ ഗ്യാൻവാപി ഉത്തരവ് നീതിയുക്തമല്ല എന്നാണോ താങ്കൾ പറയാൻ ശ്രമിക്കുന്നത്?

സുപ്രീംകോടതി ഉത്തരവ് എഴുതി നൽകുകയല്ല ചെയ്തിട്ടുള്ളത്. മറിച്ച് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കോടതിയിൽ പറഞ്ഞ കാര്യങ്ങൾ (അതായത്, 1991ലെ പ്ളേസസ് ഓഫ് വർഷിപ്പ് (സ്‌പെഷ്യൽ പ്രൊവിഷ്യൻസ്) ആക്ട്, ഒരു ആരാധനാ സ്ഥലത്തിന്റെ മതസ്വഭാവത്തെ അന്വേഷിച്ചറിയുന്നതിനെ (ascertainment) തടയുന്നില്ല എന്ന പ്രസ്താവന), പള്ളിയിൽ കണ്ടെത്തിയ രൂപം ശിവലിംഗം തന്നെയാണെന്ന സന്ദേശമാണ് രാജ്യത്തുടനീളം പ്രചരിപ്പിച്ചിട്ടുള്ളത്.

രണ്ടാമതായി, ഗ്യാൻവാപി പള്ളി സമുച്ചയം സർവേ നടത്താൻ നിയമിതരായ കമ്മീഷന്റെ കണ്ടെത്തലുകൾ ചോർന്നു എന്ന കാര്യം. ഈ വിരോധാഭാസം കാണുക, ഗ്യാൻവാപി പള്ളിയുടെ മേൽ കെട്ടിയുണ്ടാക്കിയ പ്രശ്നത്തിനു മേലുള്ള ജുഡീഷ്യറി വ്യവഹാരങ്ങളിൽ നിന്ന് (അത് കീഴ് കോടതികളോ സുപ്രീംകോടതികളോ ആവട്ടെ) ജുഡീഷ്യറിയെ തന്നെ വേർപ്പെടുത്തുകയാണ് ഇവിടെ. ഇതുകൊണ്ട് ഞാനുദ്ദേശിക്കുന്നത്, പ്രശ്നപരിഹാരം ഇപ്പോൾ ‘ജനങ്ങളുടെ കോടതിയിലേക്ക്’ മാറ്റിസ്ഥാപിക്കപ്പെട്ടിരിക്കുകയാണ് എന്നതാണ്. കാര്യങ്ങൾ ഇപ്പോൾ ജുഡീഷ്യറിയുടെ കൈകളിലല്ല.

ഗ്യാൻവാപി പള്ളിയുടെ വിഷയത്തിൽ സുപ്രീംകോടതി മേൽപറഞ്ഞ ഉത്തരവ് പുറപ്പെടുവിച്ചത് തെറ്റായിപ്പോയി എന്നാണോ താങ്കൾ പറയുന്നത്?

തീർച്ചയായും, സുപ്രീംകോടതി ആ ഉത്തരവ് പുറപ്പെടുവിച്ചത് പൂർണമായും തെറ്റായിപ്പോയി. ജസ്റ്റിസ് ചന്ദ്രചൂഡ് ഒരുപക്ഷേ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലായിരിക്കാം, പക്ഷേ, ഹിന്ദു വർഗീയ കക്ഷികൾക്ക് പള്ളിയുടെ മേൽ അവകാശം ഉന്നയിക്കാമെന്നും, അത് തികച്ചും നിയമപരമാണെന്നുമുള്ള സന്ദേശമാണ് പള്ളി പരിശോധിച്ചറിയുന്നതിനെ കുറിച്ച് അദ്ദേഹം നടത്തിയ ഈ പ്രസ്താവനയിൽ തെളിയുന്നത്. നവംബർ 2019ൽ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച അയോധ്യ വിധിയുടെ നേർ വിരുദ്ധമാണിത്. ആ അഞ്ചംഗങ്ങളിൽ ഒരാളായിരുന്നു ജസ്റ്റിസ്‌ ചന്ദ്രചൂഡ് എന്നതും ഓർക്കണം.

ജസ്റ്റിസ്‌ ഡി.വൈ ചന്ദ്രചൂഡ്

സെക്കുലറിസം ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയാണ് എന്നാണ് 2019ലെ അയോധ്യ വിധിയിൽ പറയുന്നത്. അതായത്, പ്ളേസസ് ഓഫ് വർഷിപ്പ് ആക്ട് മതേതരത്വം എന്ന തത്വത്തെ ഉയർത്തിപ്പിടിക്കണം എന്നും, നമ്മുടെ ഭരണഘടന അതുവഴി non-retrogressionനെ (അഥവാ, ഒരിക്കൽ നൽകപ്പെട്ട അവകാശം തിരിച്ചെടുക്കപ്പെടുകയോ ലംഘിക്കപ്പെടുകയോ ചെയ്യാതിരിക്കുക) അംഗീകരിക്കുകയും ചെയ്യുന്നു.

പള്ളി പരിശോധിച്ചറിയുന്നതിനെ കുറിച്ചുള്ള ജസ്റ്റിസ്‌ ചന്ദ്രചൂഡിന്റെ പ്രസ്താവന തെറ്റാണെന്നു മാത്രമല്ല, അത് 2019ലെ അയോധ്യ വിധിയോടുള്ള കോടതിയലക്ഷ്യം കൂടിയാണ്.

താങ്കൾ പറഞ്ഞത് ഞാൻ ഒന്നുകൂടി ആവർത്തിക്കട്ടെ: ജസ്റ്റിസ്‌ ചന്ദ്രചൂഡിന്റെ പ്രസ്താവന 2019ലെ അയോധ്യ വിധിയെ തൊട്ടുള്ള കോടതിയലക്ഷ്യം കൂടിയാണ്, ശരിയല്ലേ?

(ചിരിക്കുന്നു) അതേ, 1991ലെ ആക്റ്റിനെ കേവലമായി വ്യാഖ്യാനിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെങ്കിലും, അദ്ദേഹം അദ്ദേഹത്തിന്റെ തന്നെ വിധിയോട് അലക്ഷ്യമായി പെരുമാറുകയാണ്. ജുഡീഷ്യറി നമ്മുടെ മാതാപിതാക്കളെ പോലെയാണ് എന്നാണ് ഞാൻ പറയാറ്. പക്ഷേ, തെറ്റു സംഭവിക്കുമ്പോൾ അതിനെതിരെ സംസാരിക്കേണ്ടതുണ്ട്. 2019ലെ വിധി വന്നപ്പോൾ ഞാൻ ടിവിയിൽ ചെന്നു പറഞ്ഞത് അയോധ്യയിലെ തർക്കഭൂമി ഒരു ദേശീയ സ്മാരകമാക്കാൻ ഉപയോഗിക്കണം എന്നാണ്. തർക്കഭൂമി ഹിന്ദുക്കൾക്കോ മുസ്‌ലിംകൾക്കോ നൽകരുത്. സുപ്രീംകോടതി അപ്രകാരം ചെയ്യും എന്ന് വിശ്വസിച്ചിരുന്നത് കൊണ്ടാണ് ഞാൻ ഇതു ടിവിയിൽ പറഞ്ഞത്.

പക്ഷേ ആർക്കാണ് സുപ്രീംകോടതി അയോധ്യയിലെ തർക്കഭൂമി നൽകിയത്. കോടതിയെ പുച്ഛിച്ചവർക്ക്, നിയമലംഘനം നടത്തിയവർക്ക്, രാജ്യത്തിന്റെ ഭരണഘടനക്ക് തുരങ്കംവെക്കുകയും അതിനെ വലിച്ചു കീറുകയും ചെയ്തവർക്കാൻ ആ ഭൂമി കൊടുത്തത്. ആർട്ടിക്കിൾ 51എ’യിലെ ആദ്യ വാക്യം കാണുക: “ഭരണഘടനയെ അനുസരിക്കുക എന്നതും, അതിന്റെ ആശയങ്ങളെയും സ്ഥാപനങ്ങളെയും, ദേശീയ പതാക, ദേശീയ ഗാനം എന്നിവയെയും ബഹുമാനിക്കുകയും ചെയ്യുക എന്നതും ഓരോ ഇൻഡ്യൻ പൗരന്റെയും കടമയായിരിക്കും”.

യഥാർഥത്തിൽ ആർക്കാണ് നിങ്ങൾ നീതി കൊടുക്കേണ്ടത്? കറപുരളാത്ത കൈകളുമായി കോടതിയിൽ വരുന്നവർക്കാണ് നിങ്ങൾ അപ്രകാരം നീതി കൊടുക്കേണ്ടത്. അയോധ്യ വിഷയത്തിൽ സുപ്രീംകോടതിയിൽ നിന്ന് നീതി ആവശ്യപ്പെട്ടുകൊണ്ടിരുന്നവർ (ഹിന്ദുത്വർ) ഒരുപാട് അക്രമങ്ങൾ പ്രവർത്തിച്ചതിനു ശേഷമാണ് അതിനെ തേടിയെത്തിയത്. ഏതുവിധത്തിൽ നോക്കിയാലും അവർ കോടതിയലക്ഷ്യത്തിന്റെ പേരിൽ കുറ്റക്കാരാണ്.

1992ൽ സുപ്രീംകോടതി ഒരു പ്രതീകാത്മക പൂജ മാത്രമാണ് അനുവദിച്ചിരുന്നത്, പക്ഷേ ആർഎസ്എസുകാർ കൊണ്ടുവന്ന കർസേവകർ കടന്നുകയറുകയും ബാബരി മസ്ജിദ് പൊളിച്ചുകളയുകയും ചെയ്തു, അതുകൊണ്ടല്ലേ കോടതിയലക്ഷ്യം എന്നു താങ്കൾ പറഞ്ഞത്?

തീർച്ചയായും, ശരിയാണ്. യഥാർഥത്തിൽ അടൽ ബിഹാരി വാജ്പേയിയാണ് ആദ്യമായി കോടതിയലക്ഷ്യകുറ്റം ചെയ്തയാൾ. സുപ്രീംകോടതി നമുക്കൊരു പ്രതീകാത്മക പൂജ നടത്താൻ അനുവാദം തന്നിരിക്കുന്നു എന്ന് 1992 ഡിസംബർ 5ന് അയാൾ പറഞ്ഞത് ഞാനോർക്കുന്നു. എന്നാൽ, പള്ളിയുടെ കല്ലും പാറയും മിനാരങ്ങളുമുള്ള സ്ഥലത്ത് പൂജ നടത്താൻ കഴിയില്ല എന്നും അതേ ശ്വാസത്തിൽ അയാൾ മുഴുമിപ്പിച്ചിരുന്നു. പള്ളി തകർക്കണമെന്നും ആ സ്ഥലം നിരപ്പാക്കിയെടുക്കണം എന്നുമുള്ള സൂചനയാണ് അയാളപ്പോൾ കൊടുത്തുകൊണ്ടിരുന്നത്.

എന്തുതന്നെയായാലും, സുപ്രീംകോടതി എല്ലാ വശങ്ങളും ഒരിക്കലും കണക്കിലെടുത്തില്ല. രാമൻ ജനിച്ചത് എവിടെയാണെന്ന് അതിന് തീരുമാനിക്കാൻ കഴിഞ്ഞില്ല എന്ന് സുപ്രീംകോടതി 2019ൽ പറഞ്ഞു. ബാബരി മസ്ജിദ് നിർമിക്കാൻ ഒരു ഹിന്ദു സമുച്ചയം പൊളിച്ചു എന്നതിന് യാതൊരു തെളിവുകളുമില്ല എന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. നാലു നൂറ്റാണ്ടുകളായി ബാബരി മസ്ജിദ് അവിടെയുണ്ടെന്ന് ഓർക്കണം! എന്നിട്ടും ബാബരി മസ്ജിദിന്റെ ഭൂമി ഹിന്ദുക്കൾക്ക് കൊടുക്കുകയാണ് ചെയ്തത്.

ബാബരി മസ്ജിദ് തങ്ങളുടെ ആരാധനാ കേന്ദ്രമാണെന്ന് ബുദ്ധിസ്റ്റുകൾ വാദിക്കുന്നുണ്ട്. അവരുടെ സ്തൂപങ്ങളും ആശ്രമങ്ങളും പൊളിക്കപ്പെട്ടു എന്ന് അവരും വാദിക്കുന്നു…

ബ്രാഹ്മണിസവും ബുദ്ധിസവും തമ്മിലെ രൂക്ഷമായ പോരാട്ടങ്ങളാണ് ഇൻഡ്യാ ചരിത്രത്തിലുള്ളതെന്ന് ഡോ. അംബേഡ്കർ പറയുന്നുണ്ട്. ഹിന്ദു ക്ഷേത്രങ്ങൾ നിർമിക്കാൻ ബുദ്ധിസ്റ്റ് ആരാധനാ കേന്ദ്രങ്ങൾ ഒരുപാട് പൊളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാൽ, എല്ലാറ്റിനുമുപരി, മുസ്‌ലിംകൾ ഇൻഡ്യയിലേക്കു വന്നത് ഇൻഡ്യയെ മുസ്‌ലിം രാഷ്ട്രമാക്കാനല്ല. അങ്ങനെയായിരുന്നെങ്കിൽ, ഇന്ന് ഇൻഡ്യയിൽ ഹിന്ദുക്കൾ 80% ഉണ്ടാകുമായിരുന്നില്ല. അവർ ഭരിക്കാനാണ് ഇൻഡ്യയിലേക്കുള്ള വന്നത്. മുഗളന്മാരുടെ കീഴിൽ ഇൻഡ്യ വൻശക്തിയായിരുന്നു. ജിഡിപി ഏറെ ഉയരത്തിലായിരുന്നു. പിന്നെയും, എന്തുകൊണ്ടാണ് മുസ്‌ലിംകളോട് നമ്മൾ പോരടിക്കുന്നത്?

ഗ്യാൻവാപി മസ്ജിദ്

താങ്കൾക്ക് തന്നെ അതിന് ഉത്തരം നൽകാവുന്നതാണ്.

ഈ ചോദ്യത്തിന് ഉത്തരം നൽകാൻ സംഘ് പ്രത്യയശാസ്ത്രത്തെ വ്യവകലനം ചെയ്യേണ്ടതുണ്ട്. നിങ്ങൾ അവരുടെ പ്രത്യയശാസ്ത്ര ഗുരുക്കന്മാരെ വായിക്കുമ്പോൾ (തിലക്, സവർക്കർ, ഗോൾവാൾക്കർ) പ്രതിലോമകാരികളായ ബ്രാഹ്മണരുടെ ചിന്തകളെ നിങ്ങൾക്ക് മനസ്സിലാകും. രാജ്യത്തിന്റെ ഉടമസ്ഥർ തങ്ങളാണ് എന്നാണ് അവരുടെ തോന്നൽ. ബാക്കി നമ്മളെല്ലാവരും ദിവസം രണ്ടു നേരം മാത്രം ഊണു കഴിച്ചു കഴിയേണ്ടവരും.

ഇതിൽ എവിടെയാണ് ഗ്യാൻവാപി മസ്ജിദ് പ്രശ്നം കടന്നുവരുന്നത്?

ഞാൻ പറയുന്നത്, ജുഡീഷ്യറിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ്. സുപ്രീംകോടതിയുടെ ഉത്തരവ് നേരിട്ടല്ലെങ്കിലും ആളുകളുടെ വികാരത്തെ ആളിക്കത്തിച്ചിട്ടുണ്ട്.

ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പ്രസ്താവന മസ്ജിദിനു മേൽ വാദമുന്നയിക്കാൻ ഹിന്ദുക്കളെ പ്രചോദിപ്പിച്ചു എന്നാണോ താങ്കൾ പറയുന്നത്?

ഓപ്പൺ കോടതിയിൽ സംസാരിച്ചപ്പോൾ അദ്ദേഹം ഒരുപക്ഷേ അങ്ങനെ ഉദ്ദേശിച്ചിട്ടുണ്ടാവില്ല, പക്ഷേ ഗ്യാൻവാപി പള്ളിയുള്ളിടത്ത് മഹാദേവിന്റെ ക്ഷേത്രമുണ്ടായിരുന്നു എന്ന അനുമാനത്തിലേക്ക് ഏറെക്കുറെ ആളുകൾ എത്തിയിട്ടുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവ് ഇല്ലെങ്കിലും ആളുകൾ അവരവരുടെ അനുമാനം കണ്ടെത്തും. എന്നാൽ, ഇപ്പോഴിത് സംഭവിച്ചപ്പോൾ, രാഷ്ട്രീയ കക്ഷികൾക്ക് വിഷയം ആളിക്കത്തിക്കാൻ പ്രയാസമില്ലാതായി.

എല്ലാ പള്ളിയിലും ശിവലിംഗം തിരയേണ്ടതില്ലെന്നാണ് ആർഎസ്എസ് മുഖ്യൻ മോഹൻ ഭഗവത് പറയുന്നത്…

(ചിരിക്കുന്നു) സംഘികൾ എപ്പോഴും ഇരട്ടഭാഷ സംസാരിച്ചിട്ടുണ്ട്. അവർ വഞ്ചനാപരമായി സംസാരിക്കും. ഇരട്ടത്താപ്പിന്റെ ആശാന്മാരാണ് അവർ. ആരാധനാ കേന്ദ്രങ്ങളുടെ പേരിൽ ഇൻഡ്യയിൽ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത് ആരാണ്? ഉത്തരം ആർഎസ്എസ് എന്നാണ്.

പ്ളേസസ് ഓഫ് വർഷിപ്പ് ആക്ടിന്റെ അസന്ദിഗ്ദ്ധമായ വ്യവസ്ഥകളെ പോലും അവഗണിക്കാൻ മാത്രം സുപ്രീംകോടതിക്ക് എന്താണ് സംഭവിച്ചത്?

സുപ്രീംകോടതി ജഡ്ജിമാരുടെ മനസ്സിൽ എന്താനുള്ളതെന്ന് ആർക്കാണ് പറയാൻ സാധിക്കുക? ഗ്യാൻവാപി പള്ളി വിഷയം ഉയർന്നുവന്ന ആദ്യ ദിവസം തന്നെ, പ്ളേസസ് ഓഫ് വർഷിപ്പ് ആക്ട് ഇവിടെയുണ്ട്, അതുകൊണ്ട് ഈ അസംബന്ധം അവസാനിപ്പിക്കൂ എന്ന് സുപ്രീംകോടതിക്ക് പറയാമായിരുന്നു. ലോകത്തിലെ ഏറ്റവും ശക്തിമത്തായ ജുഡീഷ്യറിയായി മാറാനുള്ള അധികാരം ഇൻഡ്യൻ ജുഡീഷ്യറിക്കുണ്ട്. ഇൻഡ്യൻ ജുഡീഷ്യറി ശക്തമായി നിലനിൽക്കുന്ന കാലത്തോളമാണ് ഇൻഡ്യയുടെ ക്ഷേമം ഉറപ്പുവരിക. നിർഭാഗ്യവശാൽ അത് പലപ്പോഴും സംഭവിക്കുന്നില്ല.

എന്തുകൊണ്ട്?

ഒരു ചീഫ് ജസ്റ്റിസ് മീ-ടൂ ആരോപിതനാവുമ്പോൾ, 2018ൽ ബാഹ്യ ഇടപെടൽ ആരോപിച്ചുകൊണ്ട് നാലു സീനിയർ ജഡ്ജിമാർ പത്രസമ്മേളനം വിളിക്കുമ്പോൾ, ബാഹ്യ ശക്തികൾ സുപ്രീംകോടതിയെ നിയന്ത്രിക്കുന്നു എന്ന സംശയത്തിൽ സത്യമുള്ളതായി തോന്നും. ജഡ്ജിമാർ പത്രസമ്മേളനം വിളിച്ച സന്ദർഭത്തിൽ, ചീഫ് ജസ്റ്റിസിന് ഒരു അംശമെങ്കിലും നാണമുണ്ടെങ്കിൽ അദ്ദേഹം രാജിവെക്കണം എന്നു ഞാൻ പറഞ്ഞിരുന്നു.

രണ്ടാമതായി, ഇൻഡ്യയിലെ ജനങ്ങളെ വിദ്യ അഭ്യസിപ്പിക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടിരിക്കുന്നു. ആരാണ് മുസ്‌ലിംകൾ? ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും രക്തം സമമാണ്. സ്വാമി വിവേകാനന്ദൻ പോലും ഇതു പറഞ്ഞിട്ടുണ്ട്. നമ്മളുടെ രക്തവും പാകിസ്ഥാനികളുടെ രക്തവും സമമാണെന്ന് ഞാൻ പറയും. അതാണ് സത്യം, ഇതാണ് സുപ്രീംകോടതി ഉയർത്തിപ്പിടിക്കേണ്ടിയിരുന്നതും. തീർച്ചയായും രാഷ്ട്രീയക്കാർ അത് ചെയ്യില്ല. ആരാധനാ കേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയുള്ള വിദ്വേഷ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കേണ്ടത് സുപ്രീംകോടതിയുടെ ബാധ്യതയാണ്.

ഗ്യാൻവാപി മസ്ജിദിന്റെ മേലുള്ള രാഷ്ട്രീയത്തിന് അന്ത്യം കുറിക്കേണ്ട ബാധ്യത സുപ്രീംകോടതിക്കുണ്ടെന്ന് താങ്കൾ കരുതുന്നുണ്ടോ?

തീർച്ചയായും, 2019ൽ തുറന്നുവെച്ച പാണ്ടോറപ്പെട്ടി 2022ൽ അടക്കേണ്ടിയിരിക്കുന്നു. ഓർക്കുക, ഞാൻ ആർക്കും എതിരല്ല, ജുഡീഷ്യറിക്കോ ബ്രാഹ്മണർക്കോ ഞാൻ എതിരല്ല (അങ്ങനെയാണ് പലപ്പോഴും ആരോപിക്കപ്പെടാറുള്ളത് എങ്കിലും). ഞാൻ മനുഷ്യത്വത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്, ഇൻഡ്യയുടെ നന്മക്കു വേണ്ടിയും. ഗ്യാൻവാപി വിഷയത്തിലുള്ള സുപ്രീംകോടതിയുടെ ഉത്തരവ് വഴി ഇൻഡ്യക്ക് നന്മയല്ല ഉണ്ടായിട്ടുള്ളത്.

കടപ്പാട്: ന്യൂസ്ക്ലിക്ക്.ഇൻ

മൊഴിമാറ്റം: അഫ്സൽ ഹുസൈൻ

Top