കുർദ് പ്രശ്നവും തുർക്കിയുടെ ദേശീയ പ്രതിസന്ധികളും
യുഎൻ സുരക്ഷാ സമിതി പ്രമേയങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തിൽ രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടിയുള്ള പ്രതിരോധ പ്രക്രിയയാണ് ഇപ്പോൾ നടത്തുന്ന സൈനിക നീക്കമെന്നാണ് തുർക്കി അവകാശപ്പെടുന്നത്. വൈപിജിയുടെ നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോർസസ് (SDF) നിയന്ത്രിക്കുന്ന യൂഫ്രട്ടീസ് നദിയുടെ കിഴക്കൻ പ്രദേശങ്ങളിൽ സുരക്ഷാ മേഖല സൃഷ്ടിക്കാനാണ് തുർക്കി പ്രധാനമായും സിറിയൻ ഇടപെടൽ നടത്തിയത്. ഡോ.സൈഫുദ്ദീൻ കുഞ്ഞ് എഴുതുന്നു.
തുർക്കിയുടെ സിറിയൻ സൈനികാക്രമണം ലോകതലത്തിൽ തന്നെ വിമർശന വിധേയമായി. കുർദ് ജനതയുടെ അവകാശവാദങ്ങളോട് ചരിത്രപരമായി വിവാദപരമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ച തുർക്കിയുടെ സിറിയൻ സൈനിക ഇടപെടലിനെ കുർദുകൾക്കെതിരായ വംശീയ ഉന്മൂലനം എന്നും സിറിയക്ക് മേലുള്ള കടന്നുകയറ്റമെന്നും വിലയിരുത്തപ്പെട്ടു. തുർക്കിയുടെ ദേശീയ/ആഭ്യന്തര സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളും ദേശീയ സുരക്ഷയെക്കുറിച്ച വിഹ്വലതകളുമാണ് ഈ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്.
തുർക്കി നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് സിറിയൻ അഭയാർഥി പ്രതിസന്ധി. 3.6 മില്യൻ സിറിയൻ അഭയാർഥികളാണ് തുർക്കിയിൽ അഭയം തേടിയിരിക്കുന്നത്. അന്താരാഷ്ട്ര മര്യാദകൾ അനുസരിച്ച് തുർക്കി ഭരണകൂടം അഭയാർഥികൾക്ക് അവശ്യ സൗകര്യങ്ങൾ ചെയ്തുകൊടുത്തിട്ടുണ്ട്. തിരികെ അവരുടെ നാട്ടിലേക്ക് സുരക്ഷയോടെ എത്തിക്കാനുള്ള നടപടികളും തുർക്കി നടത്തിക്കൊണ്ടിരിക്കുന്നു. ഐസിസിൽ നിന്നും തിരിച്ചെടുത്ത പ്രദേശങ്ങളിൽ തുർക്കി താമസ സൗകര്യങ്ങൾ ഒരുക്കുകയും സ്കൂൾ, ആശുപത്രികൾ തുടങ്ങിയ അവശ്യ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തുർക്കിയുടെയും മറ്റു പ്രാദേശിക സഖ്യകക്ഷികളുടെയും സഹായ സഹകരണത്തോടെ സിറിയൻ അഭയാർഥികളുടെ പുനരധിവാസത്തിനുള്ള പ്രക്രിയകൾ തുടർന്നു കൊണ്ടിരിക്കുന്നു.
തുർക്കിയുടെ ദേശീയ പ്രതിസന്ധി
സിറിയൻ അഭയാർഥി പ്രശ്‌നം തുർക്കിയുടെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്. സിറിയൻ അഭയാർഥികൾക്കെതിരെ പ്രചാരണം ശക്തിയാർജിക്കുന്നു. 2019 ജൂണിലെ തെരഞ്ഞെടുപ്പുകളിൽ പ്രമുഖ നഗരങ്ങളായ അങ്കാറയിലും ഇസ്താംബൂളിലും എകെ പാർട്ടി പരാജയപ്പെടാനുള്ള കാരണങ്ങളിലൊന്നു സിറിയൻ അഭയാർഥികളുടെ സാന്നിദ്ധ്യമാണ്. സിഎച്ച്പി പോലുള്ള സെക്കുലർ പ്രതിപക്ഷ പാർട്ടിയും അഭയാർഥി വിരുദ്ധ നിലപാട് സ്വീകരിച്ചതും ആഭ്യന്തര രാഷ്ട്രീയ സാഹചര്യത്തിൽ വ്യക്തമായ മാറ്റങ്ങൾക്ക് കാരണമായി. പൊതുവേ അഭയാർഥികളോടു അനുകൂല സമീപനം സ്വീകരിച്ച എകെ പാർട്ടിയെയും മാറ്റി ചിന്തിപ്പിക്കാൻ ഈ സംഭവ വികാസങ്ങൾ പ്രേരിപ്പിച്ചു. പാർട്ടി പ്രവർത്തകർക്കിടയിൽ പോലും സിറിയൻ അഭയാർഥികളോടുള്ള നിലപാടിൽ വമ്പിച്ച മാറ്റമാണ് സംഭവിക്കുന്നതെന്നു അന്ന ഗെത് മാൻസ്കി, തോൽഗ സിൻമസ്ദെമിർ, തോമസ് സെയ്ത്സോഫ് എന്നിവർ നടത്തിയ പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്. 2019 ജൂണിലെ തെരഞ്ഞെടുപ്പ് പരാജയം അഭയാർഥി പ്രശ്നത്തെ ഗൗരവപൂർവം സമീപിക്കാൻ എകെ പാർട്ടിയെ നിർബന്ധിച്ചു. ഖദിർഹാസ് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സർവേയിൽ 51% പേരും തുർക്കിയുടെ സിറിയൻ ഇടപെടലിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുകയാണുണ്ടായതെന്നു ഈ പഠനം ചൂണ്ടിക്കാണിക്കുന്നു.
സിറിയൻ സൈനിക നടപടിയെ അധിനിവേശമായി ചിത്രീകരിക്കുകയാണെങ്കിൽ 3.6 മില്യൻ അഭയാർഥികൾക്കായി യൂറോപ്പിന്റെ വാതിൽ തുറന്നുകൊടുക്കുമെന്ന തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് എർദൊഗാന്റെ ഭീഷണി തന്നെ അഭയാർഥി പ്രശ്നം തുർക്കി രാഷ്ട്രീയത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി വ്യക്തമാക്കുന്നുണ്ട്. കുർദ് പ്രശ്നം സംവാദത്തിലൂടെയും സമവായത്തിലൂടെയും പരിഹരിക്കണമെന്ന ഇസ്‌ലാമിസ്റ്റ് നിലപാടിൽ നിന്ന് എകെ പാർട്ടി പിന്നോട്ടു പോവുന്നതിന്റെ കാരണം ദേശീയ രാഷ്ട്രീയത്തിലെ തെരഞ്ഞെടുപ്പ് യുക്തിയാണ്.
സിറിയൻ ആഭ്യന്തര കലാപം തുർക്കിയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇത് തുർക്കിയുടെ ആഭ്യന്തര രാഷ്ട്രീയ ചലനത്തിൽ കാതലായ മാറ്റം വരുത്തി. എർദൊഗാൻ തുടർന്നു കൊണ്ടിരുന്ന കുർദുകളുമായുള്ള സമാധാന ചർച്ച നിർത്തിവെക്കുക, ആഭ്യന്തര സുരക്ഷാ ശക്തമാക്കുക, റഷ്യയുമായുള്ള സൗഹൃദ ബന്ധം സുദൃഢമാക്കുക, വിശിഷ്യാ സിറിയയിൽ സൈനിക നടപടിക്ക് തീരുമാനം എടുക്കുക എന്നതിലേക്കൊക്കെ തുർക്കിയെ നയിച്ചതിനെ കുറിച്ച് Violent Non-state Actors and the Syrian Civil War: The ISIS and YPG Cases (2017) എന്ന ഗ്രന്ഥത്തിൽ എമെൽ പർലാർ ദാൽ എഴുതുന്നുണ്ട്.
വൈപിജിയും ദേശിയ സുരക്ഷയും
യുഎസ്, യൂറോപ്യൻ യൂണിയൻ, തുർക്കി എന്നിവർ നിരോധിച്ച സംഘടനയാണ് പാർത്തിയ കാർകെറെൻ കുർദിസ്താനെ (പികെകെ അഥവാ കുർദിസ്താൻ വർക്കേഴ്സ് പാർട്ടി). അതിന്റെ സിറിയൻ ശാഖയാണ് യെകിനെയെൻ പാറാസ്തിന ഗേൽ (വൈപിജി അഥവാ പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റ്സ്). പികെകെയെ പോലെ തീവ്ര മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം പേറുന്ന ഗ്രൂപ്പാണ് വൈപിജി. 2012 ഓടെയാണ് വൈപിജി സിറിയൻ ആഭ്യന്തര യുദ്ധത്തിൽ പ്രധാന കക്ഷികളിലൊരാളായി മാറിയത്.
സാമ്രാജ്യത്വ വിരുദ്ധ നിലപാട് മാത്രമല്ല, ഐസിസിനെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന ആക്രമണമാണ് സിറിയയുടെ വടക്കുകിഴക്കൻ പ്രദേശങ്ങൾ നിയന്ത്രിക്കാനുള്ള സൗകര്യം വൈപിജിക്ക് ലഭിച്ചത്. കൂടാതെ ഒബാമയുടെ കാലത്ത് അമേരിക്കയുടെ ആയുധവും ട്രെയിനിങും ആണ് ഈ മിലിറ്റന്റ് ഗ്രൂപ്പിനെ പ്രാദേശികമായി അധികാരം നിലനിർത്താൻ സഹായിച്ചത്. കൊബേനയിൽ നടന്ന ആക്രമണവും ഐസിസിന്റെ പരാജയവും വൈപിജിയുടെ അന്താരാഷ്ട്ര സ്വീകര്യതയും നിയമ സാധുതയും വർധിപ്പിക്കാൻ കാരണമായി. ലോക മാധ്യമങ്ങളിൽ വനിതാ പോരാളികളുടെ വ്യാപകമായ കവറേജ് വൈപിജിയുടെ സ്വീകാര്യത വർധിപ്പിക്കുന്നതിൽ സഹായിച്ചിട്ടുണ്ടെന്നു എമൽ പർലാർ ദാൽ നിരീക്ഷിക്കുന്നു.
വൈപിജി, പികെകെയുടെ സിറിയൻ ശാഖയാണെന്നു യുഎസ് സ്റ്റേറ്റ് ഡിപാർട്മെന്റ് തന്നെ അംഗീകരിക്കുന്നുണ്ട്. ഈ സംഘടനക്ക് ജനകീയ മുഖം നൽകാനാണ് വൈപിജിയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് സിറിയൻ ഡെമോക്രാറ്റിക് ഫോർസസ് എന്നു നാമകരണം ചെയ്തത്. വൈപിജി, പികെകെയുടെ പോഷക വിഭാഗമായതിനാൽ തുർക്കി ദേശീയ സുരക്ഷക്ക് ഭീഷണി ആണെന്നാണ് തുർക്കിയിലെ ദേശീയവാദികൾ വീക്ഷിക്കുന്നത്. അതിനാൽ ഈ ഗ്രൂപ്പിനു സിറിയയിലും അന്താരാഷ്ട്ര തലത്തിലും കൂടുതൽ ശാക്തിക പിൻബലം ലഭിക്കാതിരിക്കാനുള്ള പദ്ധതികളാണ് തുർക്കി തയ്യാറാക്കുന്നത്. പികെകെയുടെ സഹായ സഹകരണത്തോടെ പ്രവർത്തിക്കുന്നതിനാൽ സിറിയയുടെ ഭാവിയെക്കുറിച്ച രാഷ്ട്രീയ ചർച്ചകളിൽ നിന്നും ഈ ഗ്രൂപ്പിനെ ഒഴിവാക്കാൻ യുഎസ്എ, റഷ്യ തുടങ്ങിയ അന്താരാഷ്ട്ര കക്ഷികളോടും തുർക്കി ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ജനീവ, അസ്താന ചർച്ചകളിൽ നിന്നും വൈപിജിയെ മാറ്റി നിർത്താൻ സാധിച്ചെങ്കിലും പ്രാദേശിക കുർദ് പ്രാദേശിക രാഷ്ട്രീയത്തിലെ സ്വാധീനവും അമേരിക്കയുടെ നയതന്ത്രപരമായ പിന്തുണ ഉള്ളതിനാലും സിറിയയുടെ ആഭ്യന്തര സുസ്ഥിരതയിൽ ഇവരുടെ സാന്നിധ്യം പ്രാധാന്യമുള്ളവയാണ്. വൈപിജിയോടുള്ള അമേരിക്കയുടെ സമീപനത്തിൽ തുർക്കി എതിർത്തെങ്കിലും അമേരിക്ക അവഗണിക്കുകയാണ് ചെയ്തത്. റഷ്യയും വൈപിജിയെ ഐസിസിനെതിരായ സൈനിക നടപടിയിൽ പ്രാദേശിക പങ്കാളിയായി പരിഗണിച്ചു.
തുർക്കിയെന്ന നാറ്റോ അംഗത്തിന്റെ ആവശ്യം പരിഗണിക്കാതെ വൈപിജിക്കു ആയുധവും സൈനിക പരിശീലവും നൽകുന്ന അമേരിക്കൻ നിലപാടും അവർക്ക് ലോക സ്വീകാര്യത ലഭിച്ചതും തുർക്കിയെ സിറിയയിലെ സൈനിക നടപടിക്ക് പ്രേരിപ്പിക്കുകയുണ്ടായി. പികെകെയുമായുള്ള വർഷങ്ങളായുള്ള യുദ്ധം കാരണം തുർക്കി മാത്രമാണ് വൈപിജിയെ പ്രാദേശിക ഭീഷണിയായി കാണുന്നുള്ളൂ എന്നതും പ്രസ്താവ്യമാണ്.
യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങളുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും അടിസ്ഥാനത്തിൽ രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടിയുള്ള പ്രതിരോധ പ്രക്രിയയാണിതെന്നാണ് തുർക്കി അവകാശപ്പെടുന്നത്. വൈപിജിയുടെ നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോർസസ് (SDF) നിയന്ത്രിക്കുന്ന യൂഫ്രട്ടീസ് നദിയുടെ കിഴക്കൻ പ്രദേശങ്ങളിൽ സുരക്ഷാ മേഖല സൃഷ്ടിക്കാനാണ് തുർക്കി പ്രധാനമായും സിറിയൻ ഇടപെടൽ നടത്തിയത്. സെപ്റ്റംബറിൽ അങ്കാറയിൽ നടന്ന റഷ്യ, ഇറാൻ, തുർക്കി സമ്മിറ്റിൽ സിറിയയുടെ ഭാവി സുരക്ഷിതമാക്കുക എന്നർഥത്തിൽ ഒരു കോൺസ്റ്റിറ്റ്യൂഷണൽ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു.
ഒക്ടോബർ 17ന് യുഎസ് വൈസ് പ്രസിഡന്റ് മൈക് പെൻസുമായി അങ്കാറയിൽ നടന്ന ചർച്ചയിൽ വടക്കുകിഴക്കൻ സിറിയയുടെ കാര്യത്തിൽ 13 ഇന കരാറിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിശ്ചിത പ്രദേശത്തിൽ നിന്നും വൈപിജി പിൻവലിയാനായി അഞ്ചു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഈ വെടിനിർത്തൽ കരാർ വൈപിജി തന്നെ ലംഘിച്ചു തുർക്കി സൈന്യത്തിനു നേരെ ആക്രമണം അഴിച്ചു വിട്ടിരുന്നു. റഷ്യൻ സൈന്യവും സിറിയൻ അതിർത്തി ഗാർഡുകളും വൈപിജിയെ തുർക്കിയുടെ അതിർത്തി പ്രദേശങ്ങളിൽ നിന്നും നീക്കം ചെയ്യാൻ സഹായിക്കുന്നുണ്ട്. സിറിയൻ വിഷയത്തിൽ ഇടപെടുന്ന അന്താരാഷ്ട്ര ശക്തികളുടെ സഹായത്തോടെ രൂപപ്പെടുത്തുന്ന ഈ സുരക്ഷാ മേഖല വളരെ വേഗത്തിൽ തന്നെ സജ്ജമാകുമെന്നാണ് എർദൊഗാൻ പ്രസതാവിച്ചത്. റഷ്യയും തുർക്കിയും വടക്കൻ സിറിയയിൽ സുരക്ഷാ മേഖല സ്ഥാപിക്കുന്ന വിഷയത്തിൽ തീരുമാനമെടുത്തു കഴിഞ്ഞു. വൈപിജി മിലിഷ്യ തുർക്കി അതിർത്തി കടന്നു മുപ്പതു കിലോമീറ്ററിൽ നിന്നും പിൻവാങ്ങണമെന്നാണ് പുതിയ തീരുമാനം. ഒക്ടോബർ 27നു എസ്ഡിഎഫ് സിറിയ-തുർക്കി അതിർത്തിയിൽ നിന്നും പിൻവാങ്ങുമെന്നു സമ്മതിച്ചിട്ടുണ്ട്. ഈ അടിസ്ഥാനത്തിൽ ഏകദേശം ഒരു മില്യൻ സിറിയൻ അഭയാർഥികളെ സുരക്ഷാ മേഖലയിൽ പുനരധിവസിപ്പിക്കാൻ സാധിക്കുമെന്നാണ് തുർക്കി കണക്കുകൂട്ടുന്നത്. റഖാ, ദായിറുൽ-സൗർ പ്രവിശ്യകളും ചേർത്ത് രണ്ടു മില്യൻ സിറിയക്കാരെ തിരികെ സ്വദേശത്തെത്തിക്കാമെന്നാണ് എർദൊഗാൻ കരുതുന്നത്. തുർക്കിയുമായുണ്ടാക്കിയ കരാറിൽ നിന്നും അമേരിക്കയോ റഷ്യയോ പിന്മാറിയാൽ പോലും വൈപിജിക്കെതിരായ സൈനിക നീക്കം ഉപേക്ഷിക്കില്ലെന്ന എർദൊഗാന്റെ തീരുമാനം ഗൗരവതരമാണ്.
അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുള്ള ഡൊനാൾഡ് ട്രംപിന്റെ തീരുമാനത്തെ വൈപിജി വഞ്ചനയായാണ് കണ്ടത്. അമേരിക്കൻ സൈന്യത്തെ തിരികെ നാട്ടിലെത്തിക്കും എന്ന തരത്തിൽ പോപുലിസ്റ്റ് വാഗ്ദാനങ്ങൾ ട്രംപിന്റെ സ്വീകാര്യത വർദ്ധിപ്പിക്കാൻ ഉപയോഗിക്കപ്പെട്ടിരുന്നു. സിറിയൻ എണ്ണപ്പാടങ്ങളിൽ സൈനിക വിന്യാസം ഉറപ്പു വരുത്തിയതിനു ശേഷമാണ് മറ്റ് സൈനികരെ പിൻവലിക്കുന്നത്. സൈനികരിൽ ഭുരിപക്ഷത്തെയും ഇറാഖിലേക്കാണ് വിന്യസിക്കുന്നത്. രാഷ്ട്ര താത്പര്യം സംരക്ഷിക്കുക എന്നതല്ലാതെ മറ്റൊരു ഉദ്ദേശവും അമേരിക്കയ്ക്കില്ല എന്ന ചരിത്ര യാഥാർഥ്യം അമേരിക്കൻ നീക്കത്തെ വിമർശിക്കുന്നവർ ഗൗനിക്കുന്നില്ല എന്നത് കൗതുകകരമാണ്.
തുർക്കിയുടെ അന്താരാഷ്ട്ര നയനിലപാടുകളോടു വിയോജിപ്പുള്ള എല്ലാ രാജ്യങ്ങളും ഈ രാഷ്ട്രീയ സാഹചര്യം മുതലെടുത്തു എന്നത് ശ്രദ്ധേയമാണ്. സിറിയൻ സൈനിക നടപടിയെ വിമർശിച്ച അറബ് ലീഗിനെതിരെ കഠിന വിമർശമാണ് എർദൊഗാൻ നടത്തിയത്. സിറിയയിലെ ആഭ്യന്തര സംഘർഷ കാലത്ത് അനുയോജ്യമായ നയതന്ത്ര നിലപാട് സ്വീകരിക്കാൻ കഴിയാതിരുന്ന അറബ് രാഷ്ട്രങ്ങൾക്കു തുർക്കിക്കെതിരെ ഒന്നും പറയാൻ സാധിക്കില്ലെന്ന് തുർക്കി പ്രസിഡന്റ് വാദിച്ചു. അറബ്-മുസ്‌ലിം രാജ്യങ്ങളിൽ നിലനിൽക്കുന്ന വിഭാഗീയത ഇസ്രായേലിനും ഉപകാരപ്പെടുന്നതിനാൽ കുർദിസ്താൻ വിഘടനവാദത്തെ അവർ പിന്തുണച്ചു പോരുന്നുണ്ട്. അറബ്-ഇറാൻ പ്രാദേശിക പ്രതിസന്ധിയും ശീഈ-സുന്നി സംഘർഷവും മേഖലാ താൽപര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന സിയോണിസ്റ്റ് രാഷ്ട്രം കുർദിഷ് പ്രശ്നത്തിലും അമിത താൽപര്യം പ്രകടിപ്പിക്കുന്നു. കുർദുകൾക്കു നേരെയുള്ള തുർക്കിയുടെ വംശീയ ഉന്മൂലന പദ്ധതിയാണ് സിറിയൻ ആക്രമണമെന്ന ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവന ഇസ്രായേലിന്റെ താൽപര്യം പ്രകടമാക്കുന്നുണ്ട്.
തുർക്കിയും കുർദ് പ്രശ്നവും
കുർദിഷ് മിലിഷ്യയെ മുഴുവൻ കുർദുകളായി താരതമ്യം ചെയ്യുന്നതു ശരിയല്ല. മുപ്പതു വർഷത്തിലധികമായി പികെകെ തുർക്കിയിൽ നടത്തിയ അക്രമണത്തിൽ 40,000 അധികം തുർക്കി പൗരന്മാരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഈ രക്തരൂക്ഷിത പശ്ചാത്തലം കാരണമാണ് കുർദിഷ് മിലിഷ്യകൾക്കെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിൽ തുർക്കി അമാന്തം കാണിക്കാത്തത്. തുർക്കിയുടെ പ്രത്യാക്രമങ്ങളിൽ പികെകെയോ സഹോദര സംഘങ്ങളിലെ അംഗങ്ങളെക്കൂടാതെ പതിനായിരക്കണക്കിനു കുർദിഷ് വംശജരും കൊല ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് വാസ്തവമാണ്.
കുർദ് പ്രശ്നം തുർക്കിയിൽ തുടങ്ങിയത് ഈയടുത്തല്ല. എകെ പാർട്ടി അധികാരത്തിൽ വരുന്നതിനു മുൻപു വരെ തുർക്കി രാഷ്ട്രീയത്തിൽ കെമാലിസ്റ്റ്-സെക്കുലരിസ്റ്റ് ഭരണവ്യവസ്ഥയും തുർക്കി ഭരണഘടനയുടെ സംരക്ഷകർ എന്നു സ്വയം വാദിച്ച മിലിട്ടറി മേധാവിത്വവും കുർദ് വംശജരെ അടിച്ചമർത്തുകയാണ് ചെയ്തത്. 1980കളോടെ പികെകെ ആരംഭിച്ച ആക്രമണങ്ങൾ കൂടുതൽ കർക്കശ നിലപാടു സ്വീകരിക്കുന്നതിലേക്ക് തുർക്കിയെ നയിച്ചുവെന്നായിരിക്കാം കെമാലിസ്റ്റ് ദേശീയവാദികൾ കരുതിയത്. 1995ൽ അധികാരത്തിലേറിയ നജ്മുദ്ദീൻ അർബകാനിന്റെ വെൽഫയർ പാർട്ടിയുടെ ഭരണകൂടത്തിനു പോലും കുർദുകളുടെ അവകാശത്തിനായി ഒന്നും ചെയ്യാൻ സാധിച്ചില്ല. എന്നാൽ തുർക്കി സമൂഹത്തിൽ പുതിയ മാറ്റങ്ങൾ ഏറെ കൊണ്ടുവന്ന എകെ പാർട്ടിയുടെ ഭരണകാലത്താണ് കുർദുകൾക്ക് അവകാശങ്ങൾ ലഭിച്ചത്.
കുർദു ഭാഷ ദേശീയമായി അംഗീകരിക്കപ്പെട്ടതും വിദ്യാഭ്യാസ-രാഷ്ട്രീയ മേഖലകളിൽ കൂടുതൽ അവകാശങ്ങൾ ലഭിച്ചതും എകെ പാർട്ടിയുടെ ഭരണ പരിഷ്കാരങ്ങളിലൂടെയാണ്. ഇക്കാരണത്താൽ വൈപിജി മിലിഷ്യയെ കുർദ് എന്നു പൊതുവായി അഭിസംബോധന ചെയ്യുന്ന യുഎസ്, റഷ്യൻ സമീപനത്തെ ശക്തമായ ഭാഷയിലാണ് എർദൊഗാൻ വിമർശിക്കുന്നത്.
ഇറാഖി കുർദുകളുടെ സമാന്തര ഭരണകൂടം കുർദിസ്താൻ റീജ്യണൽ ഗവർമെന്റ് (KRG) പോലും പികെകെക്കെതിരെയുള്ള യുദ്ധത്തിൽ തുർക്കിക്കൊപ്പമാണ് നിലകൊള്ളുന്നത്. ജയിൽവാസമനുഭവിക്കുന്ന പികെകെ സ്ഥാപക നേതാവ് അബ്ദുല്ലാ ഒജലാൻ പോലും തുർക്കിയുമായി സന്ധി ചർച്ചകൾക്ക് പ്രാമുഖ്യം നൽകണം എന്ന അഭിപ്രായം സ്വീകരിച്ചിരിക്കുകയാണിപ്പോൾ.
സിറിയൻ പ്രശ്നം അറബ് വസന്താനന്തര തുർക്കിയുടെ വിദേശനയത്തിലെ പ്രധാന മാറ്റങ്ങളിലൊന്നാണ്. ‘അയൽ രാഷ്ട്രങ്ങളുമായി പ്രശ്നരഹിത സാഹചര്യം’ എന്ന നയത്തിൽ നിന്നും ദേശീയ സുരക്ഷക്കായി വിദേശ ഇടപെടലുകൾക്ക് മുന്നിട്ടിറങ്ങുന്ന തുർക്കിയുടെ മാറ്റം ശ്രദ്ധേയമാണ്. മാറി വരുന്ന ആഭ്യന്തര സാമൂഹിക-രാഷ്ട്രിയ പരിതസ്ഥിതികൾ, സിറിയൻ അഭയാർഥി പ്രശ്നം, തുർക്കി-സിറിയൻ അതിർത്തി പ്രദേശങ്ങളിൽ തുർക്കിയുടെ ബദ്ധവൈരിയായ പികെകെയുടെ സിറിയൻ വിഭാഗം വൈപിജിയുടെ സാന്നിധ്യം എന്നിവയെല്ലാം തുർക്കിയെ സിറിയയിലേക്കുള്ള സൈനിക നടപടിക്ക് നിർബന്ധിതയാക്കി എന്നതാണ് വസ്തുത. ഈ സാഹചര്യം മേഖലയിൽ ഉണ്ടാക്കുന്ന പ്രതിസന്ധിയുടെ ഭാവി കാത്തിരുന്നു കാണേണ്ടതാണ്.