മുസ്‌ലിം തിരോധാനവും പൗര രാഷ്ട്രീയവും

മുസ്‌ലിമായ നജീബിന്റെ തിരോധാനം ഒരു മുസ്‌ലിം പ്രശ്നം മാത്രമാകുകയും സാമൂഹിക പ്രശ്നത്തിന്റെ പരിധിയിൽ നിന്നും പുറത്താക്കുകയും ചെയ്യുന്നതാണ് യാഥാർഥ്യം. ഇനി ഈ വിഷയം മുസ്‌ലിം സംഘടനകൾ ഏറ്റെടുക്കുന്നതോടെ ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഈ സംഘടനകൾ ‘മുഖ്യധാരാ’ രാഷ്ട്രീയ വ്യവഹാരത്തിൽ നിന്നും പുറത്താവുകയും ചെയ്യും. ഡോ. എസ്.മുഹമ്മദ് ഇർഷാദ് എഴുതുന്നു.

നജീബ് അഹമ്മദ് എന്ന വിദ്യാർഥിയുടെ തിരോധാനം തുടക്കത്തിൽ ഒരു വാർത്തയായിരുന്നു. ക്രമേണ അതൊരു മുസ്‌ലിം വിദ്യാർഥിയുടെ ഒറ്റപ്പെട്ട തിരോധാനമായി ചുരുക്കപ്പെട്ടു. തുടക്കത്തിൽ വിദ്യാർഥി സംഘടനകൾ ഈ പ്രശ്നത്തിൽ പ്രതിഷേധ റാലികളും മറ്റും സംഘടിപ്പിച്ചുവെങ്കിലും ക്രമേണ അവർ പിന്നോക്കം വലിയുകയും ആ സ്ഥാനത്തേക്ക് മുസ്‌ലിം സംഘടനകൾ കടന്നുവരുകയും ചെയ്തു. പിന്നീട് ഈ തിരോധാനം മുസ്‌ലിം സംഘടനകളുടെ പ്രശ്നമായി മാത്രം ചുരുക്കപ്പെടുന്നിടത്താണ് ഈ പ്രശ്നത്തിന്റെ രാഷ്ട്രീയം. മുസ്‌ലിം സംഘടനകൾക്ക് ഈ പ്രശ്‌നത്തില്‍ എത്രത്തോളം മുന്നോട്ട് പോകാൻ കഴിയുമെന്നതും ഗൗരവമായി തന്നെ കാണേണ്ട വിഷയമാണ്. കാരണം നജീബ് വിഷയത്തിൽ ഇടപെടുന്നതും അഭിപ്രായം പറയുന്നതോ ഒക്കെ തന്നെ ദേശീയതയും, മുസ്‌ലിം തീവ്രവാദവും സ്വത്വരാഷ്ട്രീയവും ഒക്കെയായി ബന്ധപ്പെടുത്തി കാണുന്നിടത്താണ് ഈ പ്രശ്നത്തിന്റെ സങ്കീർണത. നജീബിന്റെ മതം ജനാധിപത്യം ഒരു പൗരന് നൽകുന്ന  എല്ലാ അവകാശങ്ങളെയും തള്ളികളയാൻ കാരണമാകുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്.

നജീബ് അഹമ്മദ്

അപ്രത്യക്ഷമാകുന്ന മുസ്‌ലിംകൾ എല്ലാം തന്നെ ദേശം എന്ന നിർമിതിക്ക് പുറത്താകുകയും, അതുൽപാദിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ എതിർചേരിയിൽ കണ്ണിചേർക്കപ്പെടുന്ന പുത്തൻ ‘ദേശ-മത’ നിർവചനത്തെ അതേപടി നമ്മുടെ പൊതു രാഷ്‌ടീയം അംഗീകരിച്ചു എന്നതിന്റെ തെളിവാണ് ഈ വിഷയത്തിൽ ഇടതുപക്ഷം പോലും സ്വീകരിച്ച നിലപാടിനു പിന്നിലുള്ളത്.

മുസ്‌ലിമായ ഒരാളുടെ തിരോധാനം ഒരു മുസ്‌ലിം പ്രശ്നം മാത്രമാകുകയും സാമൂഹിക പ്രശ്നത്തിന്റെ പരിധിയിൽ നിന്നും പുറത്താക്കുകയും ചെയ്യുന്നതാണ് യാഥാർഥ്യം. ഇനി ഈ വിഷയം മുസ്‌ലിം സംഘടനകൾ ഏറ്റെടുക്കുന്നതോടെ ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഈ സംഘടനകൾ ‘മുഖ്യധാരാ’ രാഷ്ട്രീയ വ്യവഹാരത്തിൽ നിന്നും പുറത്താവുകയും ചെയ്യും. ക്രമേണ ഇത്തരം പ്രശ്നങ്ങളിൽ മുഖ്യധാരാ രാഷ്ട്രീയം ഇടതുപക്ഷം ഉൾപ്പെടെ പിൻവലിയുകയും ചെയ്യും.

കശ്മീരിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കാണാതായ ആൺമക്കളെ കണ്ടെത്താൻ വേണ്ടി സമരം ചെയ്യുന്ന അമ്മമാരുണ്ട്. 1989 മുതൽ 2006 വരെ ഏകദേശം പതിനായിരത്തോളം മനുഷ്യരെ കാണാതായി എന്നാണ് കണക്ക്. വര്‍ഷങ്ങളായി പലതരം പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്, എന്നാൽ മുഖ്യധാരയിൽ നിന്നും മാറിനിൽക്കുന്ന ഇടതു രാഷ്ട്രീയ വേദികളിലും മുസ്‌ലിം സംഘടനകളുടെ വേദികളിലും മാത്രമേ ഈ സമരക്കാർക്ക് ഇടം കിട്ടാറുള്ളു. ഈ അടുത്ത കാലത്തായി ഈ സമരക്കാരെ പങ്കെടുപ്പിക്കുന്ന പൊതു ജനാധിപത്യ വേദികൾ തീരെ ഇല്ല എന്ന് തന്നെ പറയാം. തികച്ചും ഒറ്റപ്പെട്ട ഇത്തരം സമരങ്ങളുടെ ഗണത്തിലേക്കാണ് നജീബ് എന്ന വിദ്യാർഥിയുടെ കാണാതാകലും. ഈ കേസിൽ ഒരു അന്വേഷണത്തിന് ഇനി സര്‍ക്കാർ തയ്യാറാവില്ല. കാരണം അത്തരത്തിൽ ഒരു സമ്മർദ്ദം സർക്കാരിന് മുകളിൽ ചെലുത്താൻ കഴിയുന്ന തരത്തിൽ വിദ്യാർഥി രാഷ്ട്രീയം പോലും മാറുന്നില്ല. സംഘപരിവാർ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വിജയം മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്നും മുസ്‌ലിം സാമൂഹിക പ്രശ്നങ്ങളെ മാറ്റിനിർത്തുക എന്നതാണ്. ഇതിനെ ഭയമെന്നോ, ഇസ്ലാം പേടി എന്നോ, അപരവൽക്കരണമെന്നോ ഒക്കെ വിശേഷിപ്പിക്കാം.

ആത്യന്തികമായി നമ്മുടെ ജനാധിപത്യത്തെ നിലനിർത്തുന്ന പൗരവാകാശ ബോധത്തെയാണ് ഇത്തരം ഒഴിവാക്കലുകൾ ഇല്ലാതാകുന്നത്. ജനാധിപത്യത്തെ തകർക്കുന്ന ഇത്തരം രാഷ്ട്രീയത്തെ എതിർക്കേണ്ടത് പാർലമെന്ററി പാർട്ടികളുടെ ഉത്തരവാദിത്തമാണ്, എന്നാൽ ഈ ഉത്തരവാദിത്തിന്റെ പരിധിയിൽ നിന്ന് മുസ്‌ലിം പ്രശ്നം ഒഴിവാക്കപ്പെടുന്നിടത്താണ് മുസ്‌ലിം സംഘടനകളുടെ പ്രാധാന്യം രേഖപ്പെടുത്തുന്നത്.

ഫാത്തിമാ നഫീസ്

പാർലമെന്ററി വ്യവഹാരങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ട് നിലനിൽക്കുന്ന ഇടതുപക്ഷത്തിന് ഈ വിഷയം ഏറ്റെടുക്കാൻ കഴിയില്ല. പിന്നെ പൗരാവകാശ സംഘടനകളാണ് ആശ്രയം. നജീബിന്റെ തിരോധാനവും കശ്മീരിലെ പതിനായിരത്തോളം തിരോധാനങ്ങളും വർത്തമാന ഇൻഡ്യയിൽ മുഖ്യധാരയിൽ ഇല്ലാത്ത ഒരു വിഭാഗത്തിന്റെ പ്രശ്നമാണ്. അതുകൊണ്ട് തന്നെ മുസ്‌ലിം സംഘടനകളുടെ ഒറ്റപ്പെട്ട പ്രതിഷേധങ്ങളിലും ലേഖനങ്ങളിലുമായി ഇതെല്ലാം ചുരുക്കപ്പെടും. മുസ്‌ലിം സംഘടനകളിലും രാഷ്ട്രീയത്തിലും ഇതുണ്ടാക്കുന്ന മാറ്റങ്ങളും ഗൗരവമായി തന്നെ കാണണം. പൊതുപൗരാവകാശവുമായി ബന്ധപ്പെടുന്ന എല്ലാ പ്രശ്നത്തിലും മുസ്‌ലിം ഇടപെടൽ റദ്ദ് ചെയ്യപ്പെടുന്നു  എന്നതാണ് ഇതിന്റെ മറുവശം. ഒരുപക്ഷേ നമ്മുടെ ജനാതിപത്യത്തിൽ ഇത്രത്തോളം ഭീഷണി ഉയർത്തുന്ന മറ്റൊരു പ്രശ്‌നവും ഇല്ലാ എന്നതും നാം തിരിച്ചറിയേണ്ടതുണ്ട്. 

Top