മരണത്തിന്റെ (നിശബ്ദമായ) ഉയിര്‍പ്പുകൾ

ചുരുങ്ങിപ്പോയ ആണത്വവും ഉള്ളിൽ കലമ്പല്‍ കൂട്ടുന്ന പ്രണയാഭിലാഷങ്ങളും തമ്മിലുള്ള പരിഹരിക്കാനാവാത്ത കൊമ്പുകോര്‍ക്കലാണ് സി.അയ്യപ്പന്റെ കഥകളെ സംഗ്രഹിച്ചാല്‍ നമുക്ക് കിട്ടുക. ചത്തവനെ കൊല്ലാനാകില്ലെന്ന തിരിച്ചറിവില്‍നിന്നും ഉയിർ തേടുന്ന കഥാപാത്രങ്ങളെയാണ് അദ്ദേഹം സൃഷ്ടിച്ചത്. ഡോ.ഒ.കെ.സന്തോഷ് എഴുതുന്നു.

എഴുതിയ കാലത്ത് വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധ കിട്ടാതെ പില്‍ക്കാലത്തു സവിശേഷമായ സാംസ്ക്കാരിക സന്ദര്‍ഭത്തിന്റെയും സംവാദങ്ങളുടെയും ഭാഗമായി വീണ്ടെടുക്കപ്പെട്ട കഥാകാരനാണ് സി.അയ്യപ്പന്‍. അതിസങ്കീര്‍ണങ്ങളായ ജീവിതലോകങ്ങളെ വ്യത്യസ്തവും വിചിത്രവുമായ രചനാ രീതിയിലൂടെ വരച്ചിട്ട ഒരെഴുത്തുകാരന്‍ കാരണങ്ങളൊന്നുമില്ലാതെ തിരസ്ക്കരിക്കപ്പെട്ടു എന്ന് കരുതാനാവില്ല. ആധുനികതാവാദത്തിന്റെ (modernism) പിന്മടക്കവും ആധുനികോത്തരതയുടെ കടന്നുവരവിന്റെ സൂചനകളും പങ്കിട്ട എൺപതുകളുടെ മധ്യത്തിലാണ് അയ്യപ്പന്‍റെ രചനകള്‍ മലയാളിയുടെ വായനാ ലോകത്തോട് സംവദിച്ചത് എന്നുള്ളത് ശ്രദ്ധിക്കേണ്ടതുണ്ട്. പില്‍ക്കാലത്ത് ഫിക്ഷനെഴുത്തിൽ പിളര്‍പ്പുണ്ടാക്കിയ ഒരുപിടി എഴുത്തുകാർ തങ്ങളുടെ സാന്നിധ്യത്തിലൂടെ കഥപറച്ചിലിന്റെ കരുത്തു തെളിയിച്ചതും അക്കാലത്തുതന്നെ അവർ അംഗീകരിക്കപ്പെട്ടതും സി.അയ്യപ്പന്‍റെ ആദ്യ കഥാസമാഹാരം (ഉച്ചയുറക്കത്തിലെ സ്വപ്‌നങ്ങൾ, 1986) പുറത്തു വന്ന ദശകത്തിലാണെന്നതും കൂടി ചേർത്തുവായിക്കുക. സി.വി.ബാലകൃഷ്ണന്‍, ടി.വി.കൊച്ചുബാവ, വി.ആര്‍.സുധീഷ്‌, എന്‍.പ്രഭാകരന്‍, സാറാ ജോസഫ്, അക്ബര്‍ കക്കട്ടിൽ എന്നിവരൊക്കെയായിരുന്നു ആ കഥാകൃത്തുക്കളില്‍ ചിലർ. ഇവരുടെയൊക്കെ രചനാ രീതികളെയും ഇതിവൃത്തത്തിലെ പുതുമകളെയും എന്തുകൊണ്ടും മറികടക്കുന്ന ഭാവനാ ഭൂപടമാണ് സി.അയ്യപ്പന്‍ സൃഷ്ടിച്ചതെന്നത് ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, നമ്മുടെ വ്യവസ്ഥാപിത സാഹിത്യ ചരിത്രങ്ങള്‍ അദ്ദേഹത്തെ കണ്ടില്ലെന്നു കരുതാവുന്ന തരത്തിലാണ് അദൃശ്യത രൂപപ്പെട്ടത്. മലയാളകഥ നൂറുവര്‍ഷം പിന്നിട്ടതിന്റെ അടയാളമായ 100 വര്‍ഷം 100 കഥയെന്ന ഗ്രന്ഥത്തിലും ‘പ്രാമാണികരായ’ നിരൂപകരുടെ പരാമര്‍ശങ്ങളിലും സി.അയ്യപ്പന്‍ കടന്നുവന്നില്ലായെന്നുള്ളത് തെല്ല് അത്ഭുതത്തോടെയും അതിലേറെ സംശയത്തോടെയുമേ ഇന്ന് കാണാന്‍ കഴിയൂ.

സി.അയ്യപ്പന്‍ വീണ്ടെടുക്കപ്പെട്ട സന്ദര്‍ഭം കഴിഞ്ഞ രണ്ടു ദശകങ്ങളിലായി മലയാളിയുടെ അഭിരുചിയിലും സാംസ്ക്കാരിക ബോധ്യങ്ങളിലും സംഭവിച്ച വലിയ പൊളിച്ചെഴുതാണെന്ന് പറയാം. സാഹിതീയമായ ശുദ്ധിവാദവും സ്വാഭാവികവും നിര്‍ദോഷവുമായ ചരിത്രരചനാ രീതികളും അവിശ്വസിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. കഥ, കവിത, സാംസ്ക്കാരിക വിമര്‍ശനം, ചരിത്രാന്വേഷണം തുടങ്ങിയ സാഹിത്യ മണ്ഡലങ്ങള്‍ പുതിയ വാക്കുകളും വഴികളും തേടുകയും അതേറെക്കുറേ മലയാളിയുടെ പൊതുമണ്ഡലത്തില്‍ സ്വീകരിക്കപ്പെടുകയും ചെയ്തു.

ദലിതെഴുത്ത് (dalit writing) അക്കാദമികമായും ബഹുജനാവബോധത്തിലും പുതിയ സംവാദങ്ങള്‍ തീര്‍ക്കുകയും കേരളീയ പൊതുജീവിതത്തിൽ പാര്‍ശ്വവല്‍കൃത സമൂഹങ്ങൾ ഉന്നയിക്കുന്ന വിമര്‍ശനങ്ങൾ ഗൗരവമുള്ളതായി കരുതുന്ന സാഹചര്യവുമുണ്ടായി. ചരിത്രപരമായ ഈ സന്ദര്‍ഭത്തിലാണ് സി.അയ്യപ്പന്റെ കഥകള്‍ക്ക് പുതിയ വായനയും സംവാദങ്ങളും ഉണ്ടാകുന്നത്. ഉച്ചയുറക്കത്തിലെ സ്വപ്‌നങ്ങൾ പ്രസിദ്ധീകരിച്ച കാലത്തുതന്നെ അതേക്കുറിചുള്ള ചര്‍ച്ചകൾ ചില സൗഹൃദ സദസുകളിലും ഒറ്റപ്പെട്ട കൂടിചേരലുകളിലും ഉണ്ടായിട്ടുണ്ട് എന്ന് കെ.കെ.കൊച്ച് ദളിതൻ എന്ന ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിപുലമായ അര്‍ഥത്തിൽ എഴുത്തുകാരനെന്ന നിലയ്ക്ക് സി.അയ്യപ്പന്‍ പരാമര്‍ശിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്തത് രണ്ടായിരത്തിന്റെ ആദ്യ ദശകത്തിലാണെന്ന് കാണാം.

ആത്മാഭിമാനത്തിന് വേണ്ടിയുള്ള കരച്ചിലും പല്ലുകടിയും 

ജാതി, ലിംഗം, സാമ്പത്തികാവസ്ഥ, തുടങ്ങിയ ഘടകങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്ന സാമൂഹിക ജീവിതത്തിന്റെ വൈരുധ്യങ്ങള്‍ പറയാനാണ് സി.അയ്യപ്പന്‍ തന്റെ രചനകളിലൂടെ ശ്രമിച്ചത്. ഈ ഘടകങ്ങളില്‍ ഒളിച്ചിരിക്കുന്ന മരവിപ്പും അപകര്‍ഷതയും പരാജയ ഭീതിയും നിരന്തരം അഭിമുഖീകരിക്കുന്ന വഞ്ചനയുമെല്ലാം ചേര്‍ന്ന ലോകത്തില്‍ നിന്നും കുതറിമാറാനുള്ള ആഗ്രഹങ്ങളാണ് അദേഹത്തിന്റെ രചനകളെ മുന്നോട്ടു നയിക്കുന്നത്. ആത്മാഭിമാനത്തിന് വേണ്ടിയുള്ള കരച്ചിലും പല്ലുകടിയുമാണ്‌ തന്റെ രചനകളെല്ലാമെന്ന് തുറന്നു സമ്മതിച്ച എഴുത്തുകാരനാണ് സി.അയ്യപ്പന്‍. ഒരുപക്ഷേ, തന്റെ രചനകളില്‍ ആവര്‍ത്തിക്കുന്ന പ്രണയ നഷ്ടങ്ങളും പ്രതികാരങ്ങളും അദ്ദേഹത്തിന്റെ ജീവിത ബോധ്യങ്ങളുമായി നടത്തിയ തീപാറുന്ന സംഘര്‍ഷങ്ങളുടെ ഭാഗമാണെന്നും പറയാം. സി.അയ്യപ്പന്റെ വാക്കുകള്‍ ഇപ്രകാരമാണ്: “ജീവിതത്തെ സഹിക്കത്തക്കതാക്കുന്ന മൂല്യങ്ങളിലൊന്നാണ് പ്രണയം. പ്രണയ തിരസ്ക്കാരത്തിനു തുല്യമായിട്ടുള്ള പാപങ്ങള്‍ കുറവാണെന്നാണ് അനുഭവം എന്നെ പഠിപ്പിച്ചിട്ടുള്ളത്‌. സാധാരണ പോലെ  പ്രേമത്തിലാവുക, പ്രേമമായി വളരെ ഒഴുകുക, എന്നിട്ട് ഒട്ടും പ്രേമോചിതമല്ലാത്ത കാരണങ്ങളാല്‍ ഏതോ ഊഷരതയിൽ തൂവിക്കളയുക – ഞാൻ പലപ്പോഴും ആവിഷ്ക്കരിക്കാൻ ശ്രമിച്ചിട്ടുള്ള പ്രമേയങ്ങളില്‍ ഒന്നാണിത്” (2003ലെ ഞണ്ടുകള്‍ എന്ന കഥാ സമാഹാരത്തില്‍ ചേര്‍ത്തിട്ടുള്ള അഭിമുഖം.)

സി. അയ്യപ്പൻ

വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ സാംസ്ക്കാരികമായ അനന്യതയാണ് ലോകമെമ്പാടുമുള്ള അരികെഴുത്തില്‍ പ്രധാനപ്പെട്ട പ്രമേയമായി വരുന്നത്. വിചിത്രവും ഭാവനാതീതവുമായ ജീവിതാനുഭവങ്ങളാണ് കറുത്തവരും പീഡിതരും സ്ത്രീകളുമൊക്കെ ആവിഷ്ക്കരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. സി.അയ്യപ്പന്‍ തന്റെ പ്രിയപ്പെട്ട എഴുത്തുകാരനായി പറയുന്ന നൈജീരിയന്‍ നോവലിസ്റ്റ്‌ ആമോസ് ടുട്ടുവോളയുടെ പനങ്കള്ള് കുടികാരന്‍ എന്ന കൃതിയാണ് ഈ സന്ദര്‍ഭത്തിൽ ഓര്‍മ്മ വരുന്നത്. കാടുകളും അരുവികളും വലിയ പാറക്കൂട്ടങ്ങളും യക്ഷികളും മരണത്തിന്റെ മനുഷ്യരൂപങ്ങളും കാമുകിമാരും തുടങ്ങിയ ബഹുലമായ ഭൂമിശാസ്ത്രവും ഓടുകയും പറക്കുകയും മരിച്ചു കഴിഞ്ഞ് നെടുനാളിനു ശേഷം ജീവിക്കുകയുമൊക്കെ ചെയ്യുന്ന അതിഭൗതിക ലോകവും മനുഷ്യരുമാണ് ആമോസ് ടുട്ടുവോള ആവിഷ്ക്കരിക്കുന്നത്.

വിലക്ഷണമായ ലോകത്തെ സുന്ദരമാക്കാനുള്ള വിചിത്രമായ ഉപാധികള്‍ മാത്രമാണ് ആഖ്യാനത്തിലെ യുക്തിരാഹിത്യമെന്ന് കാണാം.  ആധുനിക യുക്തിയും വിചാരവും അകറ്റി നിര്‍ത്തുന്ന മനുഷ്യാനുഭവങ്ങളെ വിശദീകരിക്കുവാന്‍ ഇവ പര്യാപ്തമാണെന്ന തിരിച്ചറിവാണ് ഇത്തരം ലോകങ്ങൾ സൃഷ്ടിക്കാൻ എഴുത്തുകാരെ പ്രേരിപ്പിക്കുന്നത്. സി.അയ്യപ്പന്റെ കഥാലോകം മലയാളത്തിൽ അതുവരെ അപരിചിതമായ ലോകമായിരുന്നുവെന്ന് പറയാൻ കാരണമിതാണ്.

 കീഴാള ലോകത്തിന്റെ സന്നിഗ്ധതകൾ

മനുഷ്യ പദവിക്കും ആത്മബോധത്തിലൂന്നി ജീവിക്കുവാനും നടത്തുന്ന ബഹുവിധ ശ്രമങ്ങൾ സി.അയ്യപ്പന്റെ കഥകളെ ചൂഴ്ന്നു നില്‍ക്കുന്നുണ്ട്. എന്നാല്‍ ഗ്രാമ ജീവിതത്തിലെ വ്യത്യസ്ത രൂപങ്ങളിലുള്ള സവര്‍ണ ഹിംസകൾ കീഴാളരുടെ ജീവിത വികാസത്തെ ഫലപ്രദമായി തടയുന്നു. സ്ത്രീ ജീവിതത്തില്‍ പ്രണയത്തിന്റെ മധുരം പുരട്ടിയ വഞ്ചനയായും ഉപയോഗിച്ച ശേഷം വലിച്ചെറിയാവുന്ന ഭോഗവസ്തുവായും രൂപമാറ്റം സംഭവിക്കുന്നു. അഗമ്യഗമനം (incest) സാധാരണമായ ഒരു കാര്യമായി അയ്യപ്പന്റെ കഥകളില്‍ മാറുന്നു. കാവല്‍ ഭൂതം, പ്രേതഭാഷണം, അരുന്ധതി ദര്‍ശനന്യായം, ഭ്രാന്ത്, ഭൂതബലി തുടങ്ങിയ കഥകളിലെല്ലാം സ്വാഭാവിക നീതിയായി മരണമാണ് ആവിഷ്ക്കരിക്കപ്പെടുന്നത്. കേരളീയ ജീവിതത്തിന്റെ ഭൂതകാലക്കുളിർ  നിശബ്ദരാവുകയും പ്രതിരോധശ്രമങ്ങളിൽ പതറിപ്പോവുകയും ചെയ്തവരുടെത് കൂടിയാണെന്ന ബോധ്യത്തില്‍ നിന്നാണ് ഇത്തരം ആഖ്യാനങ്ങളുണ്ടാകുന്നതെന്ന സൂചന നല്‍കുവാന്‍ കഴിയുന്നുണ്ടിവയ്ക്ക്. മറ്റൊരു തരത്തിൽ പറഞ്ഞാൽ മരണത്തില്‍ നിന്നും ഉയിര്‍കൊള്ളുന്ന മനുഷ്യ സമുദായത്തെ ഭാവനയിലേയ്ക്ക് അടുപ്പിക്കുകയാണിവിടെ.

ഈ പ്രതിഷേധത്തിനു സഹായകമാവുന്ന പുരാവൃത്തങ്ങളും നാട്ടിന്‍പുറത്തിന്റെ ജീവിതസങ്കല്‍പങ്ങളും നിരവത്ത് കയ്യാണി പോലുള്ള കഥകളിൽ കൂടുതല്‍ മിഴിവോടെ വരച്ചിടുന്നുണ്ട്. അവികസിതവും ആധുനികപൂര്‍വവും മാത്രമായെന്തേ സി.അയ്യപ്പന്റെ കഥകളിലെ ദലിത് – സ്ത്രീ ജീവിതമെന്ന് സംശയം തോന്നിപ്പിക്കുന്ന വിധത്തിലാണ് അതിന്റെ വ്യാപ്തി. പുരാവൃത്ത സൂചനകള്‍ ധാരാളമുണ്ടെങ്കിലും ചരിത്രവും സാമൂഹിക വിശകലനങ്ങളും അദ്ദേഹത്തിന്റെ കഥകളില്‍ നിന്നും മനപ്പൂർവം  അകന്നു നില്‍ക്കുന്നു. നഗരത്തിൽ ആദ്യമായി ബസ്സിറങ്ങുന്നവന്റെ പരിഭ്രമം തന്നെ ഒരിക്കലും വിട്ടുപിരിഞ്ഞില്ലായെന്നു സി.അയ്യപ്പന്‍ ഓര്‍ക്കുന്നുണ്ട്. വിദ്യാഭ്യാസത്തിലൂടെ ആധുനികവൽക്കരിക്കപ്പെട്ട ദലിത് സാമൂഹിക ജീവിതം സൂചനയായി ചില കഥകളിൽ വരുന്നുണ്ടെങ്കിലും അവയും അപൂര്‍ണമായി പിന്തുടരുന്നത് ദലിതത്വത്തിന്റെ ഭൂതകാല പരിസരങ്ങളിൽ തന്നെയാണ്. അതിന്റെ ഒരു കാരണം കേരളീയ നവോഥാനത്തെക്കുറിച്ചുള്ള അയ്യപ്പന്റെ വിമര്‍ശനവും വിശകലനവുമാകാം. ഈഴവ സമൂഹത്തിന്റെ സവര്‍ണവൽക്കരണവും പ്രാഗ് ദ്രാവിഡ ദൈവങ്ങളുടെ ഒഴിവാക്കലുമാണ് നവോഥാന വ്യവഹാരങ്ങള്‍ കൊണ്ട് ഉണ്ടായ മെച്ചമെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. നിത്യജീവിതത്തില്‍ ജാതിശ്രേണിയും അധികാരവും തമ്മിൽ നടക്കുന്ന കൊടുക്കല്‍ വാങ്ങലുകൾ തന്റെ കഥകളുടെ പ്രമേയമാക്കാനുള്ള കാരണവും മറ്റൊന്നല്ല. അതുകൊണ്ടു തന്നെ ഭാഷയുടെയും അനുഭവങ്ങളുടെയും സൂക്ഷ്മപ്രയോഗത്തോടൊപ്പം കീഴാള    ജീവിതത്തിന്റെ പല വിധത്തിലുള്ള സങ്കീര്‍ണതകളും ഉള്‍ക്കൊള്ളുന്നവയായിരുന്നു അദ്ദേഹത്തിന്റെ രചനകളെന്ന് പറയാം. എലുമ്പൻ കൊച്ചാത്താൻ , ഒരു കഷണം ജീവിതം പോലുള്ള കഥകൾ ഉദാഹരണം.

ചുരുങ്ങിപ്പോയ ആണത്വവും ഉള്ളിൽ കലമ്പല്‍ കൂട്ടുന്ന പ്രണയാഭിലാഷങ്ങളും തമ്മിലുള്ള പരിഹരിക്കാനാവാത്ത കൊമ്പുകോര്‍ക്കലാണ് സി.അയ്യപ്പന്റെ കഥകളെ സംഗ്രഹിച്ചാല്‍ നമുക്ക് കിട്ടുക. ചത്തവനെ കൊല്ലാനാകില്ലെന്ന തിരിച്ചറിവില്‍നിന്നും ഉയിർ തേടുന്ന കഥാപാത്രങ്ങളെയാണ് അദ്ദേഹം സൃഷ്ടിച്ചത്.

കീഴാളരും സ്ത്രീകളും ആത്മകഥ പറയുന്നതോ മരണത്തിനുശേഷം യക്ഷികളും ഭൂതങ്ങളും പിറവിയെടുത്ത് സാമ്പ്രദായിക സ്ഥലകാലങ്ങളെ അട്ടിമറിക്കുന്ന ആഖ്യാന സവിശേഷതയാണ് സി.അയ്യപ്പന്റെ കഥകളുടെ പൊതുസ്വഭാവമെന്ന് സാംസ്ക്കാരിക വിമര്‍ശകനും എഴുത്തുകാരനുമായ കെ.കെ.ബാബുരാജ് സൂചിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ, തിരസ്ക്കരിക്കാനാവാത്ത വിധത്തില്‍ സി.അയ്യപ്പനെ വീണ്ടെടുക്കുവാൻ പുതിയ സംവാദങ്ങൾ യത്നിക്കുന്നതിനു പിന്നിൽ ഈ അട്ടിമറിയുടെ പ്രഹരശേഷിയുണ്ടെന്നു കാണാം.

തിരസ്ക്കാരത്തിന്റെ പ്രണയഭൂമികയും കാമനകളുടെ വിഹാരസ്ഥലങ്ങളും അപമാനവീകരിക്കപ്പെട്ട കീഴാളസ്വത്വത്തോട് ചേര്‍ത്ത് ആവിഷ്ക്കരിച്ചു സി.അയ്യപ്പന്‍. കാമനകളെ ഉദ്ദീപിപ്പിക്കുന്ന വസ്തുവായി മാത്രം കീഴാള സ്ത്രീശരീരങ്ങളെ കണ്ട സവര്‍ണ പുരുഷ നോട്ടങ്ങളെ ഒളിഞ്ഞിരിക്കുന്ന ദംഷ്ട്രകൾ ഉണ്ടെന്നു ഓര്‍മ്മപ്പെടുത്തുന്നവയാണ് ഭൂതബലി പോലുള്ള കഥ. ചരിത്രത്തില്‍ നിരന്തരമായി സംഭവിക്കുന്ന ലൈംഗിക ചൂഷണത്തിന്റെ ഇരകൾ നിശബ്ദരാക്കപ്പെടുന്നത് മരണത്തിൽ മാത്രമാണെന്നും കുഞ്ഞാക്കോവിന്റെയും ഐസക്കിന്റെയും ബേബിയുടെയും മുഖമുള്ള ദൈവത്തോട് ‘കൃസ്ത്യാനിക്കെങ്ങനാ മൂപ്പീന്നെ പെലക്കള്ളി പെങ്ങളാകണത്’ എന്ന് നടുനിവര്‍ത്തി ചോദിക്കാനും അയ്യപ്പന്റെ രചനകൾ ചങ്കൂറ്റം കാണിച്ചു. ആത്മാഭിമാനത്തിന് വേണ്ടിയുള്ള കരച്ചിലും പല്ലുകടിയും മാത്രമല്ല അധീശവ്യവസ്ഥയോടുള്ള ദലിതരുടെ കലാപത്തെയും കൂടി ഇത് അടയാളപ്പെടുത്തുന്നു. അതുകൊണ്ടാവാം സവര്‍ണതയുടെ ആധികാരികതയെ ചോദ്യം ചെയ്ത  എഴുത്തുകാരനും എഴുത്തുകളും കുറേക്കാലത്തെയ്ക്കെങ്കിലും തിരസ്ക്കരിക്കപ്പെട്ടത്.

Top