ഫലസ്തീനിൽ തുടരുന്ന ഇസ്രയേൽ അധിനിവേശം

ഗസക്കെതിരെ പതിനൊന്നു വർഷമായി തുടരുന്ന ഉപരോധത്തെ ഹ്യുമാനിറ്റേറിയൻ പ്രവർത്തനങ്ങളിലൂടെ മാത്രം നേരിടാൻ സാധിക്കുകയില്ല. ഫലസ്തീൻ സമൂഹം നേരിടുന്ന അവഗണനയും ക്രൂരതയും രാഷ്ട്രീയമായി നേരിടേണ്ടത് അനിവാര്യമാണെന്ന് അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.സൈഫുദീൻ കുഞ്ഞ് എഴുതുന്ന ലേഖനം.

നവംബറിൽ ഇസ്രായേൽ ഗസയിൽ നടത്തിയ ആക്രമണത്തോടു കൂടി ഇസ്രായേൽ–ഫലസ്തീൻ വിഷയം വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. ഖാൻയൂനുസ് പ്രദേശത്ത് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ഇസ്രായേൽ സ്പെഷ്യല്‍ കമാന്റോകളെ ഹമാസ് ചെറുത്തതാണു പുതിയ അക്രമത്തിനു കാരണം. ഈജിപ്ത്, നോർവ്വെ, സ്വിറ്റ്‌സർലാന്റ്, യു.എൻ എന്നിവരുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ഹമാസ് സ്വാഗതം ചെയ്യുകയും തങ്ങളുടെ വിജയമായി ആഘോഷിക്കുകയും ചെയ്തു. നെതന്യാഹുവിന്റെ ഈ തീരുമാനത്തിനെതിരെ ഇസ്രായേലിൽ വലതുപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കുകയും പ്രതിരോധമന്ത്രി അവിഗ്‌ദോർ ലിബർമാൻ രാജിവെക്കുകയും ചെയ്തു. ഖത്തറിൽ നിന്നുള്ള പതിനഞ്ച് മില്ല്യൺ ഡോളറുമായെത്തിയ സന്നദ്ധസംഘത്തെ ഗസയിലേക്കു പോകാൻ അനുവദിച്ചതും ലിബർമാനെ ചൊടിപ്പിച്ചിരുന്നു. ഫലസ്തീൻ പോരാട്ട സംഘടനകളുമായി നടത്തുന്ന ഏതൊരു ചർച്ചയും ഇസ്രായേലിന്റെ നയതന്ത്ര പരാജയമായാണു വലതുപക്ഷ വിഭാഗങ്ങൾ കരുതുന്നത്.

ബെഞ്ചമിൻ നെതന്യാഹു
ബെഞ്ചമിൻ നെതന്യാഹു

വെടിനിർത്തൽ കരാറുകളോടുള്ള ഇസ്രായേലിന്റെ മുൻനിലപാടുകൾ വ്യക്തമായി അറിയുന്ന ഹമാസ്, പുതിയ കരാറിന്‍റെ ഭാവി ഇസ്രായേലിന്റെ കരാർ പാലിക്കാനുള്ള സന്നദ്ധത അനുസരിച്ചായിരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. നാലുമാസം നീണ്ടുനിന്ന വെടിനിർത്തൽ കരാർ ലംഘിച്ചു കൊണ്ടു യഹൂദ് ബാറാക്കിന്റെ നേതൃത്വത്തിൽ നടത്തിയ ‘Cast lead’ ഓപ്പറേഷനിൽ 1400-ലധികം ഫലസ്തീനികളാണു കൊലചെയ്യപ്പെട്ടത്. 2012–ലെ operation pillar of defense, 2014-ലെ Operation protective edge എന്നീ അക്രമനടപടികളിലും ധാരാളം പേർ കൊലചെയ്യപ്പെട്ടിരുന്നു. വെടിനിർത്തൽ കരാർ പാലിക്കുന്നതിൽ ഹമാസ് അടക്കമുള്ള പോരാട്ട സംഘടനകളുടെ സന്നദ്ധതയെ നോം ചോംസ്‌കി അടക്കമുള്ള സാമൂഹ്യനിരീക്ഷകർ പ്രശംസിക്കുകയുണ്ടായി.

ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലാണു ഗസ. രണ്ടു മില്ല്യണിലധികം ഫലസ്തീനികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് 90 ശതമാനത്തിലധികം ജലവും കൃഷിയാവശ്യത്തിനു പോലും ഉപയോഗിക്കാൻ പറ്റില്ല. 2014നു ശേഷം 1300 ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. അതിൽ അഞ്ഞൂറിലധികവും ചെറിയ കുട്ടികളായിരുന്നു. ഇസ്രായേൽ ജയിലുകളിൽ 900-ലധികം കുട്ടികൾ ഉണ്ടെന്ന് Defence for Children International (DCI) എന്ന എൻ.ജി.ഒ-യുടെ റിപ്പോർട്ടിൽ പറയുന്നു. എങ്കിലും ശാക്തിക സന്തുലനത്തിൽ ഇസ്രായേൽ പരാജയപ്പെടാറാണുള്ളത്. സാങ്കേതിക സൈനിക ആധിപത്യമുണ്ടെങ്കിലും ഫലസ്തീനികളുടെ മനോവീര്യത്തെ ഇസ്രായേലിനു തകർക്കാനായിട്ടില്ല. ചരിത്രപരമായി പോരാട്ടവും പ്രതിരോധവും ഫലസ്തീനിയൻ ജീവിതത്തിന്റെ ഭാഗമാണ്. അധിനിവേശം നിലനിൽക്കുന്ന കാലത്തോളം പ്രതിരോധവും പോരാട്ടവും തുടരുമെന്നു തന്നെയാണു ഫലസ്തീനികളുടെ നിലപാട്. സ്വാതന്ത്ര്യസമര പോരാളികളായിട്ടാണു ഫലസ്തീനികൾ സ്വയം മനസ്സിലാക്കുന്നതെന്ന് അഹദ് തമീമി പരാമർശിച്ചതും ശ്രദ്ധേയമാണ്. ഇസ്രായേൽ-ഫലസ്തീൻ സംഘർഷം ഒരു മനഃശാസ്ത്ര യുദ്ധത്തിനു കൂടി കാരണമാകുന്നുണ്ട്. രക്തസാക്ഷിത്വം പ്രതീക്ഷിച്ചു കൊണ്ടു പോരാടുന്ന ഫലസ്തീനികൾക്കു മുന്നിൽ, ജീവിക്കാനായി ലോകത്തിന്റെ പല കോണുകളിൽ നിന്നെത്തിയ ഇസ്രായേലികൾക്കു മാനസിക സംഘർഷം ഉണ്ടാവുക സ്വാഭാവികമാണ്.

1982-ലെ യു.എൻ പ്രമേയപ്രകാരം ഫലസ്തീൻ ജനതക്കു സ്വാതന്ത്ര്യസമര പോരാട്ടത്തിനും ചെറുത്തുനിൽപ്പിനുമുള്ള അവകാശം ഉണ്ടെങ്കിലും ഈ സമൂഹത്തിന് അർഹമായ പിന്തുണ ലോകജനതയിൽ നിന്നു ലഭിക്കുന്നില്ല എന്നതു നിരാശാജനകമാണ്. ‘ഭൂരഹിത ജനതക്ക്, ജനരഹിതമായ ഭൂമി’ എന്ന സയണിസ്റ്റ് ആശയം ഫലസ്തീൻ ജനതയുടെ നിലനിൽപ്പിനോടുള്ള വെല്ലുവിളി ആയിരുന്നു. ഈ പദ്ധതി നടപ്പിലാക്കുവാനായി ഫലസ്തീനികളെ കൊന്നൊടുക്കുകയും അവരുടെ പ്രദേശങ്ങളിൽ നിന്ന് ആട്ടിപ്പുറത്താക്കുകയും ചെയ്തുകൊണ്ട്, വാഗ്ദത്ത ഭൂമിയാണ് എന്ന ആശയത്തിൽ ലോകത്തിന്റെ നാനാഭാഗത്തുമുള്ള ജൂതവിശ്വാസികളെ ഫലസ്തീനിൽ അധിവസിപ്പിക്കുന്ന നടപടി ഇസ്രായേൽ ഇന്നും തുടരുന്നുണ്ട്. ഹോം റെന്‍റിങ് കമ്പനിയായ Air bnb വെസ്റ്റ് ബാങ്കിലെ അധിനിവിഷ്ട പ്രദേശങ്ങളിൽ ഇസ്രായേലുമായി നടത്തിയ കരാറിൽ നിന്നു പിൻവാങ്ങിയതു വിവാദമായി തീർന്നിരിക്കുകയാണ്. ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തിന്റെ പ്രധാനകാരണങ്ങളിൽ ഒന്നാണ് ഈ പ്രദേശം എന്നാണ് Air bnb കാരണമായി പറയുന്നത്. എന്നാൽ ഈ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഇസ്രായേൽ. കോക്കേഴ്‌സ് എന്ന ക്രിസ്ത്യൻ സംഘടനയും ഫലസ്തീൻ അധിവിഷ്ട പ്രദേശങ്ങളിൽ നിന്നു ലാഭം കൊയ്യുന്ന ഒരു കമ്പനിയിലും നിക്ഷേപം ഇറക്കുകയില്ല എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തിലെ വിവിധഭാഗത്തു നിന്നും ഫലസ്തീൻ സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്ന B.D.S (The Boycott Divestment & Sanction movement) പോലുള്ള നിരവധി മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ രംഗത്തു വന്നിട്ടുണ്ടെങ്കിലും അറബ്-മുസ്‌ലിം രാജ്യങ്ങളിൽ ഫലസ്തീനിനോടുള്ള മമത കുറഞ്ഞു വരുന്നു എന്നതാണ് അനുഭവം.

അറബ് രാജ്യങ്ങളുടെ നയമാറ്റം

അറബ് രാഷ്ട്രങ്ങൾ ഇസ്രായേലിനോടു മൃദുസമീപനം സ്വീകരിക്കുകയും നയതന്ത്രബന്ധങ്ങൾ തുടങ്ങുവാനുള്ള ചർച്ചകള്‍ ആരംഭിക്കുകയും ചെയ്തത് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങളാണ്. ഫലസ്തീനില്‍ അനധികൃതമായി ഇസ്രായേൽ സ്ഥാപിക്കപ്പെട്ടതിനു ശേഷം അറബ് രാഷ്ട്രങ്ങളുമായി യുദ്ധങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ മാറിയ രാഷ്ട്രീയ സമവാക്യങ്ങൾക്കനുസരിച്ചു യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ അടക്കമുള്ള അറബ് മുസ്‌ലിം രാഷ്ട്രങ്ങൾ ഇസ്രായേൽ അനുകൂല നിലപാടു സ്വീകരിക്കുന്നത് ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യ ദാഹത്തെ നിരാകരിക്കുന്നതിനു തുല്ല്യമാണ്. 2002-ൽ സൗദിഅറേബ്യയുടെ ഭരണാധികാരി ആയിരുന്ന അബ്ദുല്ല രാജാവ് തുടങ്ങിവെച്ച അറബ് സമാധാന പദ്ധതി (Arab peace initiative) ആണ് ഇസ്രായേലുമായുള്ള നയനിലപാടുകളിൽ അയവു വരുത്തുന്നതിനു പ്രധാന പങ്കുവഹിച്ചത്.

ഖാലിദ് മിഷാൽ
ഖാലിദ് മിഷാൽ

ജമാൽ ഖശോഗ്ജിയുടെ വധവുമായി ബന്ധപ്പെട്ടു സമ്മർദ്ദത്തിലായ സൗദി അറേബ്യ പ്രാദേശിക-ശാക്തിക സന്തുലനത്തിനായി അമേരിക്കയും ഇസ്രായേലുമായിട്ടുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഖശോഗ്ജി വധത്തിൽ നിന്നു ഡൊണാൾഡ് ട്രംപിന്റെ ശ്രദ്ധതിരിക്കാനായി സൗദി യുവരാജാവ് മുഹമ്മദ് ബിന്‍ സൽമാന്റെ ഒത്താശയോടു കൂടി ഇസ്രായേൽ നടത്തിയ ആക്രമണമാണു ഗസയിൽ നടന്നത് എന്ന Middle East Eye-യുടെ റിപ്പോർട്ട് ഈ പശ്ചാത്തലത്തിൽ പ്രാധാന്യമർഹിക്കുന്നു. സൗദി അറേബ്യയുടെ സാന്നിധ്യം ഇസ്രായേലുമായുള്ള യു.എസ് ബന്ധത്തിൽ നിർണായക സ്ഥാനം വഹിക്കുന്നുണ്ടെന്ന ട്രംപിന്റെ പ്രസ്താവനയും ശ്രദ്ധേയമാണ്. മുൻ ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഖാലിദ് ബിന്‍ അഹ്മദ് ബിൻ ഖലീഫ, ഇസ്രായേൽ-ഇറാൻ സംഘർഷം നടന്ന സാഹചര്യത്തിൽ ഇസ്രായേലിനു സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ട് എന്ന തരത്തിൽ നടത്തിയ അഭിപ്രായ പ്രകടനം ബഹ്‌റൈന്റെ പുതിയ നയതന്ത്ര നീക്കമായിട്ടാണു നിരീക്ഷിക്കപ്പെടുന്നത്. നെതന്യാഹുവിന്റെ ഒമാൻ, ബഹ്‌റൈൻ, യു.എ.ഇ സന്ദർശനത്തെ ഹമാസ് ശക്തമായി അപലപിക്കുകയുണ്ടായി. 2019 അവസാനത്തോടു കൂടി ഈ അറബ് രാഷ്ട്രങ്ങളുമായുള്ള ഇസ്രായേലിന്റെ നയതന്ത്ര ബന്ധം നിലവിൽ വരുമെന്നാണു മിഡിൽ ഈസ്റ്റ് മോണിറ്റർ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രായേലുമായുള്ള ഏതു തരത്തിലുമുള്ള അനുഭാവ പ്രകടനങ്ങളും ഫലസ്തീൻ ജനതയോടുള്ള വഞ്ചനയാണെന്നാണു ഹമാസ് പ്രഖ്യാപിച്ചത്. ഈയിടെ തുർക്കിയിൽ നടന്ന അന്താരാഷ്ട്ര
മുസ്‌ലിം പണ്ഡിതസഭയുടെ സമ്മേളനത്തിൽ ഇസ്രായേലുമായിട്ടുള്ള എല്ലാ സഹകരണങ്ങളെയും വിമർശിച്ചു കൊണ്ട് പ്രമേയം ഇറക്കിയിരുന്നു.

ഇസ്രായേലിന്റെ വംശവിവേചന നയങ്ങൾ

ഇസ്രായേലിന്റെ വംശവിവേചന (അപാര്‍ത്തിഡ്) നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരുന്നില്ല എന്നതു യാഥാർഥ്യമാണ്. റോബർട്ട് ഫാന്റിന ഇസ്രായേലിന്റെ അപാർത്തിഡ് നയങ്ങളെക്കുറിച്ചുള്ള പഠനത്തിൽ 1948 മുതൽ ഇന്നു വരെ ഭരണകൂടം നടത്തിയ വിവേചനങ്ങളെ വിശദീകരിക്കുന്നുണ്ട്. ഇസ്രായേലിൽ തന്നെയുള്ള ഫലസ്തീൻ വംശജരോടുള്ള നിയമപരമായ വിവേചനം, വംശീയ ഉന്മൂലനം എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം വിശകലനം ചെയ്യുന്നു. 2007-ൽ നടപ്പിലാക്കിയ ജൂതസ്വത്വത്തിന്റെ അടിസ്ഥാനത്തിലുള്ള Nation state law ഇസ്രായേലിന്റെ വംശീയ നയങ്ങളുടെ പുതിയ മുഖമാണ്. ഈ പോളിസി പ്രധാനമായും ഫലസ്തീനികളുടെ അഞ്ചു മൗലികാവകാശങ്ങളെ നിഷേധിക്കുന്നുണ്ട് എന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

അഹദ് തമീമി
അഹദ് തമീമി

ഇസ്രായേൽ സ്ഥാപനത്തോടനുബന്ധിച്ചു നടന്ന കൂട്ടക്കൊലകളെയും ദുരന്തങ്ങളെയും സ്മരിക്കുക എന്ന അർഥത്തിൽ ഫലസ്തീനികൾ നടത്തി വരുന്ന നഖ്ബ ദിനാചരണത്തെ നിരോധിച്ചതാണ് ഇതിലാദ്യത്തേത്. 2000ൽ തുടങ്ങിയ രണ്ടാം ഇൻതിഫാദക്ക് ശേഷം വിഘടിക്കപ്പെട്ട ഫലസ്തീൻ കുടുംബങ്ങളുടെ ഏകീകരണം തടഞ്ഞതാണു രണ്ടാമത്തെ അവകാശലംഘനം. മൂന്നാമതായി ഇസ്രായേൽ രാഷ്ട്രത്തോടു കീഴ്വഴക്കം പ്രകടിപ്പിക്കാത്തവരുടെ താമസിക്കാനുള്ള അവകാശം ഈ പുതിയ നിയമം എടുത്തു കളഞ്ഞിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറക്കിടക്കുന്ന ഫലസ്തീനികൾക്കു ജന്മനാട്ടിലേക്കു തിരിച്ചുവരാനുള്ള അവകാശം നിഷേധിച്ചു എന്നതാണു നാലാമത്തേത്. എന്നാൽ 1950ലെ നിയമപ്രകാരം ലോകത്തെങ്ങുമുള്ള ജൂതന്മാർക്ക് ഇസ്രായേലിൽ സ്ഥിരതാമസത്തിനുള്ള അവകാശം ഉറപ്പിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഭൂമി സ്വന്തമാക്കുന്നതിൽ നിന്നും പാട്ടത്തിനെടുക്കുന്നതിൽ നിന്നും ഈ നിയമം ഫലസ്തീനികളെ തടയുന്നുണ്ട്. പ്രസ്തുത നിയമം അനുസരിച്ച് ഇസ്രായേൽ രാഷ്ട്രം, ഡിപ്പാര്‍ട്ട്മെന്‍റ് അതോറിറ്റി, ജ്യൂയിഷ് നാഷണല്‍ ഫണ്ട് എന്നിങ്ങനെ മൂന്നു ഘടകങ്ങൾക്കാണു ഇസ്രായേലിൽ ഭൂമി ഇടപാടുകൾക്ക് അധികാരമുള്ളത്. അതിനാൽ 80 ശതമാനത്തോളം വരുന്ന ഫലസ്തീനികൾക്കു തങ്ങളുടെ ഭൂമിയിലെ സാമ്പത്തിക ഇടപാടുകൾക്ക് ഇസ്രായേൽ രാഷ്ട്രത്തെ അധികമായി ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

settlement എന്ന പദം ഉപയോഗിച്ച് അധിനിവേശത്തെയും അനധികൃത കുടിയേറ്റത്തെയും ന്യായീകരിക്കുന്ന ഇസ്രായേലിന്റെ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നില്ല എന്നതൊരു വസ്തുതയാണ്. ഫലസ്തീൻ പ്രതിഷേധകർക്കെതിരെ shot and kill policy വേണമെന്നു വാദിക്കുന്ന വിദ്യാഭ്യാസ മന്ത്രി നെഫ്താലി ബെനറ്റും ഫലസ്തീൻ വനിതകൾക്കും കുട്ടികൾക്കും നേരെ നിരന്തരം വംശീയ വിദ്വേഷം ചൊരിയുന്ന ജസ്റ്റിസ് മിനിസ്റ്റർ അയലെത്ത് ശാകെത്തും ഇസ്രായേൽ രാഷ്ട്രത്തിന്റെ വംശീയതയുടെ മികച്ച ഉദാഹരണങ്ങളാണ്. 1950ൽ ജോർദാനിന്റെ നിയന്ത്രണത്തിൽ നിന്ന് ഇസ്രായേൽ പിടിച്ചെടുത്ത ഖാൻ അൽഅഹ്മർ ഗ്രാമം തകർക്കുകയും അവിടെ ജൂത കുടിയേറ്റം നടത്തുമെന്നുമുള്ള നെതന്യാഹുവിന്റെ മുന്നറിയിപ്പും വംശീയ ഉന്മൂലനത്തിന് ആക്കംകൂട്ടുന്നു. തീവ്രവാദികളെന്നു മുദ്രകുത്തി പിടിക്കപ്പെടുന്നവർക്കും, എന്തിനധികം പറയുന്നു ഇസ്രായേൽ സൈന്യത്തിനെതിരെ കല്ലെറിയുന്നവർക്കു പോലും വധശിക്ഷ നൽകാനുള്ള നിയമ രൂപീകരണത്തിനാണ് ഇസ്രായേൽ തയ്യാറായിക്കൊണ്ടിരിക്കുന്നത്.

ഏതൊരു ഇസ്രായേൽ വിമർശനത്തെയും സെമിറ്റിക്ക് വിരുദ്ധതയായി ചിത്രീകരിക്കുന്നത് ഇസ്രായേലിന്റെ പ്രധാന നയങ്ങളിലൊന്നാണ്. ഹോളോകോസ്റ്റ് അടക്കമുള്ള ജൂതവിരുദ്ധ ഓർമകളെ ദുരുപയോഗപ്പെടുത്തി തങ്ങളുടെ അധിനിവേശത്തിനും ക്രൂരതക്കും ന്യായീകരണം കണ്ടെത്താൻ ശ്രമിക്കുകയാണ് ഇസ്രായേൽ. 

നഫ്റ്റാലി ബെന്നറ്റ്
നഫ്റ്റാലി ബെന്നറ്റ്

ഏതൊരു ഇസ്രായേൽ വിമർശനത്തെയും സെമിറ്റിക്ക് വിരുദ്ധതയായി ചിത്രീകരിക്കുന്നത് ഇസ്രായേലിന്റെ പ്രധാന നയങ്ങളിലൊന്നാണ്. ഹോളോകോസ്റ്റ് അടക്കമുള്ള ജൂതവിരുദ്ധ ഓർമകളെ ദുരുപയോഗപ്പെടുത്തി തങ്ങളുടെ അധിനിവേശത്തിനും ക്രൂരതക്കും ന്യായീകരണം കണ്ടെത്താൻ ശ്രമിക്കുകയാണ് ഇസ്രായേൽ. പശ്ചിമേഷ്യയിലെ ഏക ജനാധിപത്യ രാജ്യം എന്നു വിളിപ്പേരുള്ള ഇസ്രായേൽ, വിമർശന സ്വരങ്ങളെ അടിച്ചൊതുക്കുന്നതിൽ ഫാസിസ്റ്റുകളെക്കാൾ മുന്നിലാണ്. ജൂതപണ്ഡിതനായ യശയാഹു ലൈബോവിറ്റ്‌സിനെ ഉദ്ധരിച്ചു കൊണ്ട് നോം ചോംസ്‌കി ഇസ്രായേലിന്റെ അക്രമണങ്ങളെ ജൂദോ-നാസി പ്രവണത (Judeo – Nazi tendencies) എന്നു വിശേഷിപ്പിക്കുന്നു. 1953-ൽ ഫലസ്തീനിലെ ബാഖിയ് ഗ്രാമത്തിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയെ ഉദ്ദേശിച്ചാണു ജൂദോ-നാസി പ്രവണത എന്നു പറഞ്ഞത്. ഇസ്രായേൽ അധിനിവേശത്തെയും ക്രൂരതയെയും ചോദ്യം ചെയ്യുന്നവരെ ചതിയന്മാർ, അറബ് പ്രേമികൾ എന്നൊക്കെ വിശേഷിപ്പിക്കുകയാണ് പതിവെന്ന് നോംചോംസ്‌കി പറയുന്നു. സയണിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളെ സെമിറ്റിക് വിരുദ്ധതയായി കണക്കുകൂട്ടണമെന്നാവശ്യപ്പെട്ട് 38 ജൂതപണ്ഡിതന്മാർ പ്രസ്താവന ഇറക്കിയതായി ഹാരെറ്റ്‌സിൽ വന്ന റിപ്പോർട്ട് ഈയൊരു ഘട്ടത്തിൽ പ്രസ്താവ്യമാണ്. നാഗരികർ, അപരിഷ്‌കൃതർ എന്ന ബൈനറി സൃഷ്ടിക്കാനായി ഇസ്രായേൽ ശ്രമിക്കുന്നതായി ഫലസ്തീനിയൻ ചിത്രകാരൻ ജോണി മൻസൂർ നിരീക്ഷിക്കുന്നുണ്ട്.

അന്താരാഷ്ട്ര തലത്തിൽ നിരോധിച്ച ആയുധങ്ങളാണ് ഇസ്രായേൽ ഫലസ്തീൻ പ്രതിഷേധത്തിനെതിരെ ഉപയോഗിക്കുന്നത്. ശരീരാവയവങ്ങൾ മുഴുവൻ തകർത്തു കളയുകയും ചികിത്സിക്കാൻ പറ്റാത്ത തരത്തിലാക്കി മാറ്റുകയും ചെയ്യുന്ന ബുള്ളറ്റുകളാണ് ഇസ്രായേൽ സൈന്യം ഉപയോഗിക്കുന്നത്. 2018 മാർച്ച് 30-നു ഫലസ്തീനിൽ ആരംഭിച്ച Great march of return എന്ന പ്രതിരോധ മാര്‍ച്ചിനു ശേഷം 220-ലധികം ഫലസ്തീനികൾ വധിക്കപ്പെടുകയും രണ്ടായിരത്തി നാൽപതിലധികം ആളുകൾക്കു സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഗസൻ നിവാസികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ചികിത്സാ സഹായത്തിനു തയ്യാറായ ഇസ്രായേലിലെ ഡോക്ടർമാരുടെ സംഘടനകളെ ഇസ്രായേൽ എതിർക്കുകയാണു ചെയ്തത്. ഗസക്കെതിരെ പതിനൊന്നു വർഷമായി തുടരുന്ന ഉപരോധത്തെ ഹ്യുമാനിറ്റേറിയൻ പ്രവർത്തനങ്ങളിലൂടെ മാത്രം നേരിടാൻ സാധിക്കുകയില്ല. ഫലസ്തീൻ സമൂഹം നേരിടുന്ന അവഗണനയും ക്രൂരതയും രാഷ്ട്രീയമായി നേരിടേണ്ടത് അനിവാര്യമാണെന്ന് അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഇസ്രായേൽ ലോബിയും ഫലസ്തീൻ പ്രശ്‌നവും

അന്താരാഷ്ട്ര ചലനങ്ങളിലും വിശിഷ്യാ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലും നിർണായക സ്വാധീനം ചെലുത്തുന്ന അമേരിക്കയിലെ ഇസ്രായേൽ ലോബിയാണ് ഫലസ്തീൻ വിരുദ്ധ ആക്ടിവിസത്തിനു നേതൃത്വം കൊടുക്കുന്നത്. ഇസ്രായേൽ ലോബിയെക്കുറിച്ചുള്ള പഠനത്തിൽ ലിഡിയ അവെർബുക് അമേരിക്കയിലും പശ്ചിമേഷ്യയിലും ഇസ്രായേൽ ലോബിയുടെ സ്വാധീനത്തിന്റെ കാരണങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഇസ്രായേലിനെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ജൂതന്മാർ അമേരിക്കയിലാണ് അധിവസിക്കുന്നത്. ലോകജനതയുടെ 40% (5-6 മില്ല്യൺ) അമേരിക്കയില്‍ വസിക്കുന്നുണ്ട്. അമേരിക്കയുടെ പശ്ചിമേഷ്യയിലുള്ള ആധിപത്യം ഇസ്രായേൽ ലോബിക്കു കൂടുതൽ സഹായകരമാണ്. ഇസ്രായേൽ ലോബിയെക്കുറിച്ചുള്ള അൽജസീറ പുറത്തിറക്കിയ ‘The lobby’ എന്ന ഡോക്യുമെന്ററി അമേരിക്കയിലും ബ്രിട്ടനിലും ഇസ്രായേൽ ലോബിയുടെ സ്വാധീനം വെളിവാക്കുന്നു. ഫലസ്തീൻ അനുകൂല നിലപാടു സ്വീകരിക്കുന്ന BDS, Students for justice in Palestine തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങളെ ലക്ഷ്യം വെക്കുകയും ഇസ്‌ലാമോഫോബിക്ക് ചർച്ചകൾക്കും അവര്‍ നേതൃത്വം നല്‍കുന്നുണ്ട്.

ഇസ്രയേലും ഇന്ത്യയും തമ്മിൽ നിരവധി സാദൃശ്യങ്ങളുണ്ട്. ഭരണകൂടങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ, ഭരണകൂട ഭീകരത, ഇസ്‌ലാം ഭീതിയും വെറുപ്പും മാത്രം പ്രകടിപ്പിക്കുന്ന ഭരണ നേതൃത്വങ്ങൾ; ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്നു വാദിക്കുന്ന ഇന്ത്യയും പശ്ചിമേഷ്യയിലെ ഏക ജനാതിപത്യരാജ്യമെന്നു സ്വയം വിശേഷിപ്പിക്കുന്ന ഇസ്രായേലും അധഃസ്ഥിത ജനതയോടു ക്രൂരത മാത്രമേ ചെയ്തിട്ടുള്ളൂ. എത്യോപ്യൻ ജൂതന്മാരോടുള്ള വിവേചനവും അധീശത്വ പ്രദേശങ്ങളിൽ താമസിക്കുന്ന മുസ്‌ലിംകളോടുള്ള സമീപനവും ഇന്ത്യയിലെ ദലിത്-ന്യൂനപക്ഷ വിരുദ്ധതക്കു തുല്യമാണ്. ഫലസ്തീനികളെ സ്വന്തം പ്രദേശങ്ങളിൽ നിന്നു ആട്ടിയോടിച്ച് അവരുടെ സാമ്പത്തിക സാമൂഹിക ജീവിതത്തിൽ അസ്ഥിരത സൃഷ്ടിക്കുന്നതു പോലെതന്നെയാണു നിലവിൽ ഇന്ത്യയിലും സംഭവിക്കുന്നത്. ഭരണകൂടത്തിന്റെ ഒത്താശയോടെ ദിനംപ്രതി നടക്കുന്ന മോബ് ലിഞ്ചിങ്ങും കൊലപാതകങ്ങളും ഇരു രാഷ്ട്രങ്ങളുടെയും ഫാസിസ്റ്റു നയങ്ങൾ വ്യക്തമാക്കിതരുന്നു. സിയോണിസവും ഹിന്ദുത്വ ഫാസിസവും തമ്മിലുള്ള ബന്ധം ഇരു രാഷ്ട്രങ്ങളിലെയും നേതാക്കൾ പലകുറി വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യൻ നെതന്യാഹുവെന്നും ഇസ്രായേൽ മോദിയെന്നും വ്യക്തമായി വിശേഷിക്കപ്പെടാൻ അർഹതയുള്ള രാഷ്ട്ര നേതാക്കളാണിരുവരും.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്നു വാദിക്കുന്ന ഇന്ത്യയും പശ്ചിമേഷ്യയിലെ ഏക ജനാതിപത്യരാജ്യമെന്നു സ്വയം വിശേഷിപ്പിക്കുന്ന ഇസ്രായേലും അധഃസ്ഥിത ജനതയോടു ക്രൂരത മാത്രമേ ചെയ്തിട്ടുള്ളൂ. എത്യോപ്യൻ ജൂതന്മാരോടുള്ള വിവേചനവും അധീശത്വ പ്രദേശങ്ങളിൽ താമസിക്കുന്ന മുസ്‌ലിംകളോടുള്ള സമീപനവും ഇന്ത്യയിലെ ദലിത്-ന്യൂനപക്ഷ വിരുദ്ധതക്കു തുല്യമാണ്. 

ഫലസ്തീൻ ജനതക്കെതിരായ അധിനിവേശത്തിനപ്പുറം ലോകത്തിലെ മറ്റു അക്രമരാഷ്ട്രങ്ങളുമായി ആയുധക്കച്ചവടവും നടത്തുന്നുണ്ട് ഇസ്രായേൽ. റിച്ചാർഡ് സിൽവേർസ്‌റ്റൈൻ ഇസ്രായേലിന്റെ വിവിധ രാഷ്ട്രങ്ങളുമായുള്ള ആയുധ ഇടപാടിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ, സെർബിയ, റുവാണ്ട എന്നീ രാഷ്ട്രങ്ങളുമായി ഇസ്രായേല്‍ ആയുധവിനിമയം ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ ഇസ്രായേൽ സാമൂഹിക പ്രവർത്തകനായ ഐതായി മാർജിന്റെ നേതൃത്വത്തിൽ ഒരു സംഘം ഇസ്രായേലിന്റെ ആയുധക്കച്ചവടത്തിക്കുറിച്ചുള്ള കൂടുതൽ വിവരത്തിനായി ഭരണകൂടത്തെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും രാഷ്ട്രസുരക്ഷയുടെ പേരിൽ നിരസിക്കുകയാണുണ്ടായത്. ഐസിസുമായിപ്പോലും ഇസ്രായേൽ ആയുധക്കച്ചവടം നടത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം എഴുതുന്നത്. Friends of Israeli Defense force എന്ന പേരിൽ നൂറ്റി ഇരുപതോളം സെലിബ്രറ്റികളുടെ കൂട്ടായ്മ നടത്തിയ പരിപാടിയിൽ 600 മില്ല്യൺ ഡോളറാണ് ഇസ്രായേൽ സേനക്കായി ശേഖരിക്കപ്പെട്ടത്. അമേരിക്കയുടെ പുതിയ ആഭ്യന്തര നയങ്ങളെ ശക്തമായി വിമർശിക്കുന്നവരായിരുന്നു ഈ സെലിബ്രറ്റികളിൽ പലരും എന്നതു വിരോധാഭാസമാണ്. ബോളിവുഡ് സിനിമാ മേഖലയെ ലക്ഷ്യം വെച്ചു കൊണ്ട് ഇസ്രായേൽ പ്രതിനിധികൾ ഇന്ത്യ സന്ദർശിക്കുകയും ഇസ്രായേലിലേക്കു ക്ഷണിക്കപ്പെടുകയും ചെയ്തതു വിവാദത്തിന് വഴിവെച്ചിരുന്നു. ഇസ്രായേൽ അധിനിവേശത്തെ മറച്ചുപിടിക്കുകയും ലോകജനതയുടെ അനുഭാവം പിടിച്ചുപറ്റാനുമുള്ള ഈ ശ്രമത്തിനെതിരെ BDS മൂവ്‌മെന്റ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ നവംബർ 23-ന് ഇറാനിൽ നടന്ന അന്താരാഷ്ട്ര ഇസ്‌ലാമിക ഐക്യസമ്മേളനത്തില്‍ (International Islamic Unity Conference) ഇറാനിയൻ പ്രസിഡണ്ട് ഇസ്രായേലിനെ കാൻസർ എന്നു വിശേഷിപ്പിച്ചതും ഇസ്രായേലിനെതിരെ ഇസ്‌ലാമിക ലോകത്തിന്റെ ഐക്യം ആവശ്യപ്പെട്ട ഇസ്മായിൽ ഹനിയ്യയുടെ പ്രഭാഷണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2017-ൽ ഹമാസ് പുറത്തിറക്കിയ Document of general principles and policy-യിൽ അവരുടെ പുതിയ രാഷ്ട്രീയ നയങ്ങള്‍ വിശദീകരിക്കുന്നുണ്ട്. തത്വത്തിൽ ഇസ്രായേൽ രാഷ്ട്രത്തെ അംഗീകരിക്കുന്നില്ലെങ്കിലും പ്രായോഗിക രാഷ്ട്രീയത്തിന്റെ ഭാഗമായി 1967നു ശേഷമുള്ള ഫലസ്തീൻ പ്രദേശത്തെക്കുറിച്ച് ഹമാസ് നേതാവ് ഖാലിദ് മിശ്അൽ അനുകൂലമായാണ് അഭിപ്രായപ്പെട്ടത്. തങ്ങളുടെ പോരാട്ടം ജൂതജനതയോടല്ലെന്നും, മറിച്ച് ഫലസ്തീനിൽ സമാധാനപൂർവം ജീവിച്ച ജനങ്ങൾക്കെതിരെ അധിനിവേശവും അക്രമവും തുടരുന്ന സിയോണിസ്റ്റ് രാഷ്ട്രത്തോടാണു തങ്ങളുടെ പോരാട്ടം എന്നാണ് ഹമാസ് പ്രഖ്യാപിച്ചത്. ഫലസ്തീൻ വിഷയത്തിൽ കൂടുതൽ അനുഭാവപൂർവ്വ നിലപാടു പ്രഖ്യാപിച്ചിട്ടുള്ളത് തുർക്കി, ഇറാൻ, ഖത്തർ എന്നീ രാഷ്ട്രങ്ങളാണ്. അറബ്-മുസ്‌ലിം രാഷ്ട്രങ്ങൾക്കിടയിലെ വിഭാഗീയത, അധിനിവേശത്തിന്റെ കാര്യത്തിൽ ചർച്ചക്കു തയ്യാറാകാത്ത ഇസ്രായേലിന്റെ കർക്കശമായ നിലപാട്, ഇസ്രായേൽ-ഫലസ്തീൻ ചർച്ചകളിൽ ഫലസ്തീനികളുടെ സാന്നിധ്യമില്ലായ്മ എന്നീ ഘടകങ്ങൾ ഫലസ്തീനികളുടെ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ പ്രധാന തടസ്സങ്ങളാണ്.

Top