തുർക്കിഷ് ടി.വി സീരീസ്‌: എ.കെ പാർട്ടിയുടെ സോഫ്റ്റ്‌ പവർ ഡിപ്ലോമസി

തുർക്കിയുടെ സാംസ്കാരിക കേന്ദ്രങ്ങൾ വിവിധ തലങ്ങളിലൂടെ രാജ്യത്തിൻ്റെ ‘സാംസ്‌കാരിക നയതന്ത്രം’ നടപ്പിലാക്കുന്നു. തുർക്കി ഭാഷാ വ്യാപനം, സ്കോളർഷിപ്പോടുകൂടി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ക്ഷണം എന്നിവ കൂടാതെ തുർക്കിയുടെ കല, സംഗീതം എന്നിവയും, മുസ്‌ലിം കുടുംബ സദസ്സുകളെ ലക്ഷ്യംവെച്ചുള്ള ടി.വി സീരീസുകളുമടക്കം, തുർക്കിയുടെ നാനാ വിധ സാംസ്കാരിക പൈതൃകങ്ങളെ ഫലപ്രദമായി സോഫ്റ്റ് പവർ നയതന്ത്രത്തിൽ ഉപയോഗപ്പെടുത്തപ്പെടുന്നു.

ലോകശ്രദ്ധയാകർഷിക്കുന്ന തുർക്കിഷ് ടി.വി സീരീസുകൾ ആഭ്യന്തര-പ്രാദേശിക രാഷ്ട്രീയ സമവാക്യങ്ങളിലും സ്വാധീനം ചെലുത്തുന്നു. എ.കെ പാർട്ടിയുടെ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്ന ഈ സീരീസുകൾ തുർക്കി ഭരണകൂടത്തിൻ്റെ ‘സോഫ്റ്റ് പവർ ഡിപ്ലോമസിയുടെ’ സുപ്രധാന ഭാഗധേയം വഹിക്കുന്നു. തുർക്കിഷ് ടി.വി സീരീസുകൾ നൂറിലധികം രാജ്യങ്ങളിൽ സംപ്രേഷണം ചെയ്യപ്പെടുന്നുണ്ട്. ‘ബാൽക്കൻ പ്രദേശങ്ങൾ’ മുതൽ ‘ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ’ വരെ തുർക്കിഷ് സീരീസുകളുടെ സ്വീകാര്യത ദൃശ്യമാണ്. ഈ ജനകീയത തുർക്കിയുടെ സോഫ്റ്റ് പവർ നയതന്ത്രത്തെ എളുപ്പമാക്കിത്തീർക്കുന്നു. ‘ഗോർ ജാൻസു ഗുലെചിൻ്റെ’ ആഗോളീകരണ കാലത്തെ തുർക്കിയുടെ സാംസ്‌കാരിക നയതന്ത്രത്തെ കുറിച്ച പഠനത്തിൽ ടി.വി സീരീസുകളുടെ പ്രാധാന്യത്തെ വിശകലനം ചെയ്യുന്നുണ്ട്. ടി.വി സീരീസുകളുടെ സ്വീകാര്യതയിലൂടെ ഇതര രാജ്യങ്ങളുമായി സാമ്പത്തിക-രാഷ്ട്രീയ ബന്ധങ്ങൾ പോലും രൂപപ്പെടുത്താൻ സഹായിക്കാറുണ്ടെന്ന് ‘ഗോർ ജാൻസു ഗുലെച്’ എഴുതുന്നു. അന്താരാഷ്ട്ര തലത്തിൽ ഒരു രാഷ്ട്രത്തിൻ്റെ നിലപാടു വ്യക്തമാക്കാൻ ദേശീയ-സാംസ്കാരിക പൈതൃകം ഉപകാരപ്രദമായി മാറുന്നു.

ദിരിലിഷ് എർതുഗ്രുൽ (2014-2019)

പതിമൂന്നാം നൂറ്റാണ്ടിലെ തുർക്ക് വംശജരുടെ കഥ പറയുന്ന ‘ദിരിലിഷ് എർതുഗ്രുൽ’ കാലികമായ മുസ്‌ലിം രാജവംശങ്ങളുടെ രാഷ്ട്രീയത്തകർച്ചയും അഭ്യന്തര ശൈഥില്യവും അനാവരണം ചെയ്യുന്നുണ്ട്. ‘അബ്ബാസി ഖിലാഫത്തിൻ്റെ’ ദുർബലാവസ്ഥയോടെ ‘ഏഷ്യാമൈനർ-തുർക്കി’ പ്രദേശങ്ങളിലെ അധികാര ശക്തിയായ ‘സൽജൂക് രാജവംശവും’ അവർക്കിടയിലെ അധികാര വടംവലികളും ഈ സീരീസ് ചിത്രീകരിക്കുന്നുണ്ട്. തകർന്നടിയുന്ന മുസ്‌ലിം രാഷ്ട്രീയ കക്ഷികൾക്ക് ഒരു ബദൽ എന്ന നിലയിൽ ‘തുർക്കുകളുടെ’ സൈനിക-രാഷ്ട്രീയ വിജയങ്ങളെ ഈ സീരീസ് അവതരിപ്പിക്കുന്നുണ്ട്. കൂടാതെ സമീപ ഭാവിയിൽ മുസ്‌ലിം ലോകത്തിൻ്റെ നേതൃത്വത്തിലേക്കുയരുന്ന പുതിയ വിഭാഗമെന്ന നിലയിൽ ധാർമികമായ അവകാശവും തങ്ങൾക്കുണ്ട് എന്നു സ്ഥാപിക്കുന്ന തരത്തിൽ ഇസ്‌ലാമിക ലോകത്തിൻ്റെ വിജയം, നീതിയുടെ സ്ഥാപനം, അക്രമികളിൽ നിന്നു വിമോചനം എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ ഈ സീരീസിൽ ഇടക്കിടെ പരാമർശിക്കപ്പെടുന്നു. തുർക്ക് വംശജർക്കിടയിൽ ‘കയ് ഗോത്രത്തിൻ്റെ’ സ്വീകാര്യതയും, അവർക്കിടയിൽ ‘ബെയ്ലിക്’ (ഗോത്രത്തലവനുള്ള സ്ഥാനം) പദവിക്കു വേണ്ടിയുള്ള അധികാര മത്സരങ്ങളും ഈ സീരീസിൽ വിശദമായി കാണിക്കുന്നുണ്ട്. ‘എർതുഗ്രുൽ’ സീരിസിൻ്റെ സ്വീകാര്യത അത്ഭുതകരമായിരുന്നു. മുസ്‌ലിം ലോകത്തു പ്രത്യേകിച്ചും ‘എർതുഗ്രുലിനു’ നായക പരിവേഷം ലഭിച്ചു. ഉഥ്മാനീ ചരിത്ര ഗ്രന്ഥങ്ങളിൽ ‘സുലൈമാൻ ഷാഹ്’, മകൻ ‘എർതുഗ്രുൽ’ എന്നിവരുടെ വ്യക്തിജീവിതത്തെകുറിച്ച് വിശദവിവരണങ്ങൾ ലഭ്യമല്ല. അവരുടെ യാത്രകളും പടയോട്ടങ്ങളും പ്രധാന കഥാപാത്രങ്ങളും സ്ഥലങ്ങളും മാത്രമാണ് പ്രധാനമായും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. സീരിസിൻ്റെ നിർമാതാവും കഥാകൃത്തുമായ ‘മെഹ്‌മെത് ബോസ്ദാഗ്’ ആണ് എർതുഗ്രുലിൻ്റെ ജീവിതത്തെ സുന്ദരമായി ആവിഷ്കരിച്ചത്.

മെഹ്മെത് ബോസ്ദാഗ്

ഉഥ്മാനി ഖിലാഫത്തിൻ്റെ ഔദ്യോഗിക ആത്മീയ നേതാവായി പരിഗണിക്കപ്പെട്ട വിശ്രുത സൂഫിവര്യൻ ‘ശൈഖ് ഇബ്നു അറബിയെ’ ദിരിലിഷ് ഏർതുഗ്രുലിൽ എമ്പാടും അവതരിപ്പിക്കുന്നുണ്ട്. ‘ശൈഖ് ഇബ്നു അറബിയുടെ’ ചരിത്രത്തിൽ രണ്ടു ഘട്ടങ്ങളിൽ (1205, 1216-1220) മാത്രമേ തുർക്ക് ഗോത്രവുമായി സന്ധിക്കുന്നുള്ളൂ. ‘ശൈഖ് ഇബ്നു അറബിയുടെ’ പേരിലറിയപ്പെടുന്ന ‘ശജറ: നുഉമാനിയ്യ: ഫി ദൗല ഉഥ്മാനിയ’ എന്ന കൃതിയിൽ ഉഥ്മാനികളുടെ ഉയർച്ചയെയും വികാസത്തെയും കുറിച്ച പ്രവചനങ്ങളുണ്ട്. കൂടാതെ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ചിന്തകൾ ഉഥ്മാനികളുടെ ഭരണത്തിന് ഇസ്‌ലാമിക നിയമസാധുത ഒരുക്കുകയും ചെയ്തിരുന്നു. ശൈഖ് ഇബ്നു അറബിയെ സീരീസിലെ പ്രമുഖ കഥാപാത്രങ്ങളിൽ ഒന്നാക്കിയത് ഈയൊരു ചരിത്ര പശ്ചാത്തലമുള്ളതുകൊണ്ടാണ്. സീരീസിലുടനീളം നിറഞ്ഞുനിൽക്കുന്ന മുഹമ്മദ് നബിയെയും അനുചരന്മാരെയും കുറിച്ചുള്ള ഇസ്‌ലാമിക പാഠങ്ങൾ, സഭ്യമായ ദൃശ്യാവിഷ്ക്കാരങ്ങൾ എന്നിവയെല്ലാം മുസ്‌ലിം ലോകത്ത് കൂടുതൽ ജനപ്രീതി ലഭിക്കുവാൻ ഇടവരുത്തി.

ഇബ്നു അറബി- ദിരിലിഷ് എർതുഗ്രുലിൽ നിന്നും

ഉഥ്മാനികളുടെ ചരിത്രം വിശദീകരിക്കുന്ന മാഗ്‌നിഫിസന്റ് സെൻചുറി, മുഹ്‌തെസിം യൂസീൽ കോഷൈം’ (Magnificent century, Muhteşem Yüzyıl: Kösem) സീരീസ്‌ അവതരണ ശൈലിയുടെ പേരിൽ വിമർശിക്കപ്പെട്ടിരുന്നു. തുർക്കിഷ് മുസ്‌ലിം പാരമ്പര്യത്തെക്കുറിച്ച് ഇസ്‌ലാമിക ലോകത്ത് അപ്രീതിയുണ്ടാക്കുന്ന രീതിയിൽ ചിത്രീകരിക്കപ്പെട്ട ഈ സീരീസുകളെ ‘എ.കെ പാർട്ടി’ നേതാക്കൾ പോലും വിമർശിച്ചിരുന്നു. ‘മാഗ്‌നിഫിസന്റ് സെൻചുറിയെ’ ഗാർഡിയൻ പത്രം ‘ഓട്ടോമൻ എറ സെക്സ് ആൻഡ് സിറ്റി’ (ottoman era Sex and the City) എന്നാണു വിശേഷിപ്പിച്ചത്. ഈ പശ്ചാത്തലത്തിൽ തുർക്കിയുടെ ചരിത്ര പൈതൃകത്തെ ധാർമികമായി ഉയർത്തിക്കാണിക്കുക എന്ന ലക്ഷ്യവും ഈ സീരിസുകളുടെ നിർമാണത്തിലടങ്ങിയിരിക്കുന്നു. കുരിശുയുദ്ധ പശ്ചാത്തലവും അബ്ബാസി ഖിലാഫത്തിനെ തകർത്ത മംഗോൾ അധിനിവേശവും മുസ്‌ലിം ലോകത്തിൻ്റെ അനൈക്യവും കൊണ്ട് സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തിൽ മുസ്‌ലിംകളുടെ വിജയവും ഐക്യവും സ്വപ്നം കാണുന്ന തുർക്കുകളുടെ മനസ്ഥിതിയെ ഈ സീരിസിൽ ചിത്രീകരിക്കുന്നുണ്ട്. സമകാലിക മുസ്‌ലിം സമൂഹം നേരിടുന്ന രാഷ്ട്രീയ പ്രശ്നങ്ങളിൽ ഭരണകൂടങ്ങളെ വിമർശിക്കാനും ജനങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കാനുമുള്ള തുർക്കിയുടെ പരിശ്രമങ്ങളെ ഇതിനോടു ചേർത്തു വായിക്കാൻ സാധിക്കും.

അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെ എതിർക്കൽ, ഇസ്രായേൽ തുടരുന്ന ഫലസ്തീൻ അധിനിവേശത്തെ തുറന്നുകാട്ടൽ, റോഹിങ്ക്യൻ-കാശ്മീർ മുസ്‌ലിംകളോടുള്ള ഐക്യദാർഡ്യം, ലോക രാഷ്ട്രങ്ങൾക്കുള്ള ഹുമാനിറ്റേറിയൻ സഹായ സഹകരണങ്ങൾ, അറബു വസന്ത പ്രക്ഷോഭകാലത്ത് അറബ് ജനതയുടെ സ്വാതന്ത്ര്യ മോഹങ്ങളോടുള്ള പിൻതുണ, മുസ്‌ലിം ബ്രദർഹുഡ്, ഹമാസ്, അന്നഹ്ദ, ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള ലോക മുസ്‌ലിം പ്രസ്ഥാനങ്ങൾക്കുള്ള പിന്തുണ, തുടങ്ങി നിരവധി വിഷയങ്ങളിൽ സജീവ സാന്നിധ്യമറിയുക്കുന്ന തുർക്കിയുടെ സോഫ്റ്റ് പവർ നയതന്ത്രത്തിന്റെ ഭാഗമാണ് ഈ സീരീസുകളും.

ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലെ മുസ്‌ലിം ചരിത്രങ്ങളെകുറിച്ച ‘ഇസ്‌ലാം ഭീതിയെയും’ ഓറിയൻ്റലിസ്റ്റ് കാഴ്ചപ്പാടിനെയും മെഹ്മെത് ബോസ്ദാഗ്’ തിരസ്ക്കരിക്കുന്നു. ഈ സീരിസിൽ ആകൃഷ്ടരായി ഇസ്‌ലാമാശ്ശേഷിച്ചവരുടെ അനുഭവങ്ങൾ വിവരിച്ച അദ്ദേഹം ഇസ്‌ലാമിന്റെ മനോഹാരിതയെ ലോകത്തോടു വിളിച്ചു പറയണം എന്നു ‘ഡെയ്ലി സബാഹ്’ പത്രം നടത്തിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. “സിംഹങ്ങൾ സ്വന്തം കഥയെഴുതുന്നതു വരെ വേട്ടക്കാരായിരിക്കും ഹീറോകൾ”, എർതുഗ്രുൽ സീരിസിനെക്കുറിച്ച് എർദോഗാൻ ഇങ്ങനെയാണ് പ്രതികരിച്ചത്.

തുർക്കിഷ് സീരീസുകളുടെ ആഗോള സ്വാധീനം

2010-11 കാലങ്ങളിൽ അറബ് തെരുവുകളെ ഇളക്കിമറിച്ച അറബ് വസന്തത്തിന്റെ പശ്ചാത്തലത്തിലാണ് എർതുഗ്രുൽ സീരീസ് നിർമിക്കപ്പെടുന്നത്. ഈ സവിശേഷ സാഹചര്യത്തിൽ മുസ്‌ലിം ലോകത്തിൻ്റെ ഐക്യം ഉത്ഘോഷിക്കുന്ന ദിരിലിഷ് എർതുഗ്രുൽ കാലിക പ്രസക്തമായി മാറുന്നുവെന്നു ‘ഖദീജ അലി റജബ്’ നിരീക്ഷിക്കുന്നുണ്ട്. അറബ് ലോകത്ത് തുർക്കിഷ് ടി.വി സീരീസുകൾക്ക് വമ്പിച്ച ജനപ്രീതിയാണുള്ളത്. തുർക്കി ടൂറിസത്തിൻ്റെ ത്വരിതഗതിയിലുള്ള വളർച്ചക്കും ഇവ കാരണമായിട്ടുണ്ട്. തുർകിഷ് സത്വം, സംസ്കാരം, മൂല്യങ്ങൾ എന്നിവയോടുള്ള അന്വേഷണ ത്വരയും അഭിനിവേശവും അറബ് ലോകത്ത്‌ അധികരിക്കുന്നതായി ‘പോൾ സാലിം’ തുർക്കിഷ് ഇമേജ് ഇൻ ദി അറബ് വേൾഡിൽ’ (Turkey’s image in the Arab world) വിശദീകരിക്കുന്നുണ്ട്. തുർക്കുകളുടെ നേട്ടങ്ങളെ വാഴ്ത്തുന്നു എന്നു വാദിച്ചുകൊണ്ട് പ്രാദേശിക രാഷ്ട്രീയ ഭിന്നചേരിയായ ഈജിപ്തും സൗദി അറേബ്യയും യുഎഇയും എർതുഗ്രുൽ സീരിസിനെ നിരോധിച്ചിരുന്നു. തുർക്കുകൾ അറബ് നാടിൻ്റെ ശത്രുവാണ് എന്നു സമർഥിക്കാനായി ഈജിപ്ഷ്യൻ മംലൂക് ഭരണകൂടവും ഉഥ്മാനീ സുൽത്താൻ സലീമും  തമ്മിലുള്ള യുദ്ധം ചിത്രീകരിക്കുന്ന ‘മമാലികുന്നാർ’ എന്ന സിനിമക്കുവേണ്ടി നാൽപതു മില്യൻ ഡോളറാണ് യുഎഇ നിക്ഷേപമിറക്കിയത്. ഉഥ്‌മാനികളുടെ അക്രമ ചരിത്രം ചിത്രീകരിക്കുന്ന സീരീസ് നിർമിക്കാൻ സൗദി അറേബ്യയുടെ എംബിസി ചാനലും തയ്യാറാകുന്നുവെന്നാണ് വാർത്ത. പ്രാദേശികമായ തുർക്കിയുടെ ‘ദുരുദ്ദേശ്യം’ പരാമർശിക്കുന്ന, ഈജിപ്തിലെ ഉന്നത മതസ്ഥാപനം ‘ദാറുൽ ഇഫ്താഇൻ്റെ’ മതവിധിയുടെ സഹായത്തോടെയാണ് ‘അബ്ദുൽ ഫത്താഹ് സീസിയും’ എർതുഗ്രുൽ സീരീസ് നിരോധിച്ചത്.

ഏഷ്യൻ രാഷ്ട്രങ്ങളിൽ പാകിസ്ഥാൻ തുർക്കിഷ് സീരീസുകൾ ആവേശപൂർവ്വം സ്വീകരിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നു. എർതുഗ്രുൽ സീരീസിൻ്റെ മുൻപു തന്നെ ധാരാളം ടി.വി സീരീസുകൾ ഉർദുവിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം പാകിസ്താൻ പ്രധാനമന്ത്രി ‘ഇമ്രാൻ ഖാന്റെ’ ഉത്തരവു പ്രകാരം ദിരിലിഷ് എർതുഗ്രുൽ ഉറുദുവിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രക്ഷേപണം ചെയ്തിരുന്നു. ഈ സീരീസിൻ്റെ ഉർദു മൊഴിമാറ്റത്തിലൂടെ ഇൻഡ്യയിലും ഇതിനു ജനകീയത വർദ്ധിക്കാൻ കാരണമായിരുന്നു.

മലയാളം സബ്ടൈറ്റിൽ ഒരുക്കി കേരളത്തിലും ‘എർതുഗ്രുൽ മാനിയ’ പടരുകയും സോഷ്യൽ മീഡിയയിൽ വിവിധ ഫാൻ ക്ലബ്ബുകൾ എർതുഗ്രുൽ സീരീസിനെ ആധാരമാക്കി അക്കാദമിക പരിപാടികൾ പോലും സംഘടിപ്പിച്ചുവരുന്നു. ഈ പ്രതിഭാസങ്ങളിലൂടെ തുർക്കിയുടെ സോഫ്റ്റ് പവർ നയതന്ത്രം വിവിധ സമൂഹങ്ങളിലുളവാക്കിയ സ്വാധീനം ദൃശ്യമാകുന്നു.

തുർക്കിഷ് ചരിത്രവും ടി.വി സീരീസുകളും

ദിരിലിഷ് എർതുഗ്രുലിനുശേഷം ‘ബോസ്ദാഗ്’ നിർമിക്കുന്ന ‘കുരുലുഷ് ഒസ്മാനിലും’ ഒരേ ചരിത്ര പശ്ചാത്തലമാണുള്ളത്. എർതുഗ്രുലിൻ്റെ പുത്രനും ഉഥ്മാനീ ഖിലാഫതിൻ്റെ സ്ഥാപകനുമായ ഉസ്മാൻ ബെയിൻ്റ ചരിത്രം വിശദീകരിക്കുന്ന ‘കുരുലുഷ് ഒസ്മാൻ’ ജനസ്വീകാര്യതയിൽ ഒട്ടും പിറകിലല്ല. പിൻഗാമികളുടെ വികാസം സ്വപ്നം കാണുന്ന ഒസ്മാൻ ബെയ്, ഗുരുവര്യൻ ശൈഖ് ‘എദബലിയുടെ’ മാർഗനിർദേശങ്ങൾ പിന്തുടർന്നു ജൈത്രയാത്രകൾക്ക് തുടക്കമിടുന്നതാണ് ഈ സീരീസിൻ്റെ ഇതിവൃത്തം.

‘അയാസോഫിയ’ വിവാദത്തിനു ഹേതുവായ കോൻസ്റ്റാൻറിനോപ്പിൾ കീഴടക്കൽ ചിത്രീകരിക്കുന്ന ‘ഫെതിഹ് 1453’ ( 2012) ആ വർഷത്തെ ബിഗ്ബജറ്റ് സിനിമയായിരുന്നു. പതിനാലാം നൂറ്റാണ്ടിലെ പ്രമുഖ സൂഫീ വര്യൻ ‘യൂനുസ് എംറെയുടെ’ ജീവിതയാത്ര ആവിഷ്ക്കരിച്ച ‘യൂനുസ് എംറെ’യും (Yunus Emre: Aşkin Yolculuğu, 2015) ‘ബോസ്ദാഗ്’ തന്നെയാണ് നിർമിച്ചത്.

1960നു ശേഷം തുർക്കിയിലെ സാമൂഹിക-രാഷ്ട്രീയ പരിവർത്തനങ്ങളുടെ കഥ പറയുന്ന ‘സെവ്ദ കുശുൻ കനദിന്ദ’ (2016-17), രാഷ്ട്രത്തിലെ മുസ്‌ലിം ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു നേതൃത്വം നൽകിയ പ്രമുഖ വ്യക്തിത്വങ്ങളുടെ സംഭാവനകളെ വിശദമായി അവതരിപ്പിക്കുന്നു. 1950കൾക്കു ശേഷം തുർക്കി മുസ്‌ലിം രാഷ്ട്രീയ അവബോധം പുനർജീവിപ്പിക്കുന്നതിൽ നേതൃസ്ഥാനം വഹിച്ച ‘നഖ്ശബന്ദീ’ സൂഫീ ധാരയുടെ നേതാവ് ‘ശൈഖ് സാഹിദ് കോത്കു’, അദ്ദേഹത്തിൻ്റെ നിർദേശപ്രകാരം മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനമായ ‘നാഷണൽ ഔട്ട്ലുക് മൂവ്മെൻ്റ്’ സ്ഥാപിക്കുകയും പിന്നീട് പ്രധാനമന്ത്രിയുമായ ‘നജ്മുദ്ദീൻ അർബകാൻ’, കമാലിസ്റ്റ് പരിഷ്ക്കാരങ്ങളുടെ ഭാഗമായി ശിരോവസ്ത്രം നിരോധിക്കപ്പെട്ടപ്പോൾ അതിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുകയും, ശിരോവസ്ത്രങ്ങളുടെ പുതിയ ഫാഷൻ അവതരിപ്പിച്ച പ്രമുഖ നോവലിസ്റ്റും ആക്ടിവിസ്റ്റുമായ ‘ശുലെ യുക്സെൽ ശെൻലർ’, കമാലിസ്റ്റ് ആശയങ്ങളെ നേരിട്ട പ്രമുഖ ഇസ്‌ലാമിക ചിന്തകൻ ‘നജീബ് ഫസിൽ കിസാകുറെക്’ തുടങ്ങി നിരവധി പ്രമുഖരുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകൾ ഈ സീരീസിൻ്റെ വിഷയങ്ങളാണ്. തുർക്കിയിലെ മുസ്‌ലിം ജീവിതം നേരിട്ട പ്രതിസന്ധികളെയും, വിവിധ ചരിത്ര ഘട്ടങ്ങളിലൂടെ അവർ നടത്തിയ അവകാശ പോരാട്ടങ്ങളുടെ കഥ ആവിഷ്ക്കരിക്കുന്ന ‘സെവ്ദ കുശുൻ കനദിന്ദ’, തീവ്ര മതേതര വീക്ഷണം ആ രാഷ്ട്രത്തിൽ സൃഷ്ടിച്ച ആഘാതം വ്യക്തമാക്കുന്നുണ്ട്.

ഒന്നാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടുന്ന ഉഥ്മാനീ ഖിലാഫത്തിൽ പെട്ട ഒരു ബറ്റാലിയന്റെ കഥ വിവരിക്കുന്ന ‘മെഹ്‌മെദ്ചിക് കുത്ലു സഫർ’ (2018-19) എന്ന സീരീസും മെഹ്മെത് ബോസ്ദാഗ് ആണ് നിർമിച്ചിരിക്കുന്നത്. ശക്തനായ അവസാന ഉഥ്മാനി ഖലീഫ ‘സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ്റെ’ ജീവിതം ആസ്പദമാക്കിയ ‘പായ് തഹ്ത്’ (2017) കൂടുതൽ ജനശ്രദ്ധയാകർഷിക്കുന്ന സീരീസാണ്. ഖിലാഫത്തിൻ്റെ അധീന പ്രദേശങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ബ്രിട്ടീഷ് സാമ്രാജ്യം, ‘തിയോഡർ ഹെർഡ്സലിൻ്റെ’ നേതൃത്വത്തിലുള്ള സിയോണിസം, റഷ്യ, ഫ്രാൻസ്, ജർമനി തുടങ്ങി വിവിധ യൂറോപ്യൻ  രാജ്യങ്ങളുമായുള്ള രാഷ്ട്രീയ തർക്കങ്ങൾ, അർമീനിയൻ പ്രശ്നം, അറബ് ലോകത്തെ അസ്വാരസ്യങ്ങൾ, ഖിലാഫത്തിനെതിരെയുള്ള ഗൂഡാലോചനകൾ, ഇൻഡ്യൻ മുസ്‌ലിംകളുമായുള്ള ബന്ധം തുടങ്ങി നിരവധി ചരിത്ര സംഭവങ്ങൾ ഈ സീരീസിൽ ഉൾകൊള്ളിച്ചിരിക്കുന്നു. ഉഥ്മാനീ ഖിലാഫത്ത് ലോക മുസ്‌ലിം യശസ്സ് സംരക്ഷിക്കാൻ ചുമതലപ്പെട്ടതാണെന്നതിനാൽ, അത് ഭദ്രതയോടെ നിലനിൽകേണ്ടതാണെന്ന വാദം ‘പായ് തഹ്ത്’ സമർഥിക്കുന്നു.

തുർക്കിയുടെ സാംസ്കാരിക കേന്ദ്രങ്ങൾ വിവിധ തലങ്ങളിലൂടെ രാജ്യത്തിൻ്റെ സാംസ്‌കാരിക നയതന്ത്രം നടപ്പിലാക്കുന്നു. തുർക്കി ഭാഷാ വ്യാപനം, സ്കോളർഷിപ്പോടുകൂടി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ക്ഷണം എന്നിവ കൂടാതെ തുർക്കിയുടെ കല, സംഗീതം എന്നിവയും, മുസ്‌ലിം കുടുംബ സദസ്സുകളെ ലക്ഷ്യംവെച്ചുള്ള ടി.വി സീരീസുകളുമടക്കം, തുർക്കിയുടെ നാനാ വിധ സാംസ്കാരിക പൈതൃകങ്ങളെ ഫലപ്രദമായി സോഫ്റ്റ് പവർ നയതന്ത്രത്തിൽ ഉപയോഗപ്പെടുത്തപ്പെടുന്നു. തുർക്കിഷ് ഭാഷാ പ്രേമം, നവജാത ശിശുക്കൾക്ക് തുർക്കിഷ് നാമം സ്വീകരിക്കൽ എന്നിവയും വ്യാപകമായി മാറി.

2023ഓടെ ഈ മേഖലയിലൂടെ ഒരു ബില്യൻ ഡോളർ വരുമാനമുണ്ടാകുമെന്നാണ് തുർക്കി പ്രതീക്ഷിക്കുന്നത്. വിവിധ ചരിത്രഘട്ടങ്ങളിലൂടെ തുർക്കിഷ് സമൂഹം അഭിമുഖീകരിച്ച പ്രതിസന്ധികളെ ചിത്രീകരിക്കുന്ന ഈ ടി.വി സീരീസുകളിൽ ദേശീയ-രാഷ്ട്രീയ ഗതിമാറ്റങ്ങളുടെ കാരണങ്ങൾ കണ്ടെത്താൻ സാധിക്കും.

Top