അൾജീരിയയിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങൾ

അൾജീരിയൻ ജനതയുടെ ശക്തമായ പ്രക്ഷോഭത്തിൽ പിടിച്ചുനിൽക്കാനാവാതെ പ്രസിഡന്റ്‌ അബ്ദുൽ അസീസ് ബൂതഫ്ലീക്കക്കു രാജി വെക്കേണ്ടി വന്ന സംഭവം അറബ് രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ്. അബ്ദുൽ അസീസ് ബൂതഫ്ലീക്ക ഏപ്രിൽ രണ്ടിന് ശക്തമായ ജനകീയ പ്രക്ഷോഭം കാരണം  രാജിവെച്ചെങ്കിലും ഇതുവരെ  കാര്യക്ഷമമായ  രാഷ്ട്രീയ പരിഹാരം കാണാൻ സാധിച്ചിട്ടില്ല. മിലിറ്ററിയുടെ നേതൃത്വത്തിലുള്ള  കോൺസ്റ്റിറ്റുഷണൽ കൗൺസിൽ ജൂലൈ ഏഴാം തിയതി പ്രസിഡെൻഷ്യൻ തെരഞ്ഞെടുപ്പു നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടക്കാല ഭരണകൂടത്തിന്റെ പ്രസിഡന്റ്‌ അബ്ദുൽ ഖാദിർ ബിൻ സലാഹും പ്രധാന മന്ത്രി നൂറുദ്ധീൻ ബദ് വിയും ബൂതഫ് ലീക്കയുടെ സിൽബന്തികളായതിനാൽ സ്ഥാനമൊഴിയണമെന്നാണ് പ്രതിഷേധകരുടെ ആവശ്യം.

അറബ് വസന്തകാലത്ത് താരതമ്യേന ശാന്തമായിരുന്ന അൾജീരിയൻ സമൂഹം ഇരുപത് വർഷമായി ഭരിക്കുന്ന 82 വയസ്സുള്ള പ്രസിഡന്റ് അബ്ദുൽഅസീസ് ബൂതഫ്ലീക്ക അഞ്ചാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തുനിഞ്ഞതോടെയാണ്‌
തെരുവിലിറങ്ങിയത്.

അബ്ദുൽഅസീസ് ബൂതഫ്ലീക്ക

2013-ൽ പക്ഷാഘാതത്തിന് വിധേയനായ അബ്ദുൽഅസീസ് ബൂതഫ്ലീക്ക പൊതു പരിപാടികളിൽ പങ്കെടുക്കാതിരുന്നതും മിക്ക രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളിലും അദ്ദേഹത്തിന്റെ അഭാവം പ്രകടമായതും പ്രതിഷേധ പ്രകടനങ്ങൾക്ക് ഹേതുവായി. നോർത്ത് ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ വലിയ സൈനിക ശക്തിയായ അൽജീരിയയുടെ രാഷ്ട്രീയത്തിൽ മിലിട്ടറിയുടെ അപ്രമാദിത്തവും മുൻകാല ചരിത്രത്തിലെ ക്രൂരതകളും അറബ് വസന്തകാലത്ത് അൽജീരിയൻ സമൂഹത്തെ പ്രതിഷേധ പ്രകടനങ്ങളിൽ നിന്ന് പിറകിലോട്ട് വലിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് വേണം കരുതാൻ.

രാഷ്ട്രീയ ചരിത്രം

1962-ൽ ഫ്രഞ്ച് അധിനിവേശത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ശേഷവും ആഭ്യന്തര രാഷ്ട്രീയ രംഗം സംഘർഷ ഭരിതമായിരുന്നു. സ്വാതന്ത്ര്യസമരത്തിന് ചുക്കാൻ പിടിച്ച നാഷനൽ ലിബറേഷൻ ഫ്രണ്ട് (എഫ് എൽ എൻ) സോഷ്യലിസ്റ്റ് ജനാധിപത്യമാണ് അൽജീരിയയിൽ നടപ്പിലാക്കാൻ ശ്രമിച്ചത്. ദേശീയത, ഇസ്‌ലാം, ബെർബർ സമൂഹത്തിന്റെ പൈതൃകം എന്നിവയെല്ലാം ഇഴുകിച്ചേർന്നതാണ് അൽജീരിയൻ രാഷ്ട്രീയം. 1963-ലെ ഭരണഘടനയിൽ സോഷ്യലിസ്റ്റ്‌ ഡെമോക്രസി നടപ്പിലാക്കുകയും മനുഷ്യനെ ചൂഷണം ചെയ്യുന്നതിൽ നിന്ന് ചെറുക്കുക എന്നത്‌ മൗലിക ലക്ഷ്യങ്ങളിൽ ഒന്നായി എഴുതിച്ചേര്‍ക്കുകയും ചെയ്തു.
1967-ലെ ഭരണഘടനയിൽ സോഷ്യലിസ്റ്റ് വ്യവസ്ഥ നടപ്പിലാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാനായി സാമൂഹിക- സാമ്പത്തിക വികസനത്തിൽ പൊതുജനത്തെ സജ്ജരാക്കുക എന്നും ചേർത്തിരുന്നു.

അൽജീരിയൻ സ്വാതന്ത്ര്യസമരങ്ങളിൽ ഇസ്‌ലാമിക വിശ്വാസവും പ്രധാന പ്രചോദനമായിരുന്നതിനാൽ നാഷനൽ ലിബറേഷൻ ഫ്രണ്ടിന് മുസ്‌ലിംകളുടെ വികാരത്തെ തിരസ്ക്കരിക്കാൻ കഴിഞ്ഞില്ല. പക്ഷേ, അൽജീരിയയുടെ ആദ്യ പ്രസിഡന്റായ അഹ്മദ്‌ ബിൻ ബല്ലക്ക് (ഭരണം 1963-1965) ശക്തമായ പ്രതിഷേധം നേരിടേണ്ടി വന്നിട്ടുണ്ട്. ബെർബർ പൈതൃകത്തിനും ഇസ്‌ലാമിക സംസ്കാരത്തിനുമെതിരെയുള്ള രാഷ്ട്രീയ തീരുമാനങ്ങൾ ട്രിപ്പൊളി പ്രോഗ്രാം എന്ന പേരിൽ എഫ്. എൽ. എൻ നേതൃത്വം നടപ്പിലാക്കാൻ ശ്രമിച്ചത് പ്രതിഷേധം വിളിച്ചുവരുത്തി. ആ രാഷ്ട്രീയ- സാമൂഹിക സാഹചര്യം അഹമ്മദ്ബിൻ ബല്ലയെ സമ്മർദത്തിലാക്കുകയും മുസ്‌ലിം സമൂഹത്തോട് കൂടുതൽ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. മാർക്സിസ്റ്റ് സാമ്പത്തിക വിശകലനം സ്വീകരിക്കുന്നു എങ്കിലും പ്രത്യയശാസ്ത്രമായി മാർക്സിസത്തെ ഉൾക്കൊള്ളാൻ സാധിക്കുകയില്ല. കാരണം ഞങ്ങൾ അറബ് വംശജരും മുസ്‌ലിംകളുമാണെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. ഇതേകാലത്തുതന്നെ അറബി ഭാഷയ്ക്ക് കൂടുതൽ പ്രചാരണം നൽകാൻ അദ്ദേഹം തയ്യാറായത് ശ്രദ്ധേയമായ ചുവടുവെപ്പായിരുന്നു.

ഫ്രഞ്ച് ഭാഷയുടെയും സംസ്കാരത്തിന്റെയും ശക്തമായ സ്വാധീനം നിലനിന്നിരുന്ന അൽജീരിയൻ സമൂഹത്തിൽ അറബി ഭാഷയുടെ പ്രധാന്യവും പൈതൃകവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ‘അൽജെയ്ഷ്’ എന്ന ദേശീയപത്രം ആരംഭിക്കുകയും ചെയ്തു.

1965-ൽ അഹ്മദ് ബിൻ ബല്ലയെ സ്ഥാനഭ്രഷ്ടനാക്കി അധികാരത്തിലെത്തിയ ഹുരി ബൂമദീനി (ഭരണകാലം 1966-78) ഇടതുപക്ഷ വീക്ഷണം ശക്തമായി നടപ്പിലാക്കാൻ ശ്രമിച്ച ഭരണാധികാരിയാണ്. എങ്കിലും അൽജീരിയൻ സാമൂഹിക പശ്ചാത്തലത്തിൽ ബെർബർ പൈതൃകവും ഇസ്‌ലാമിക സാന്നിധ്യവും അനിഷേധ്യമാണ് എന്ന് ബൂമദീനിയും മനസ്സിലാക്കിയിരുന്നു. നാഷണൽ ലിബറേഷൻ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഒറ്റപ്പാർട്ടി ഭരണകൂടം വിമത രാഷ്ട്രീയസ്വരങ്ങൾ ഉയരുന്നത് തടഞ്ഞിരുന്നു. അൽജീരിയയിൽ ബഹുകക്ഷിഭരണം സാധ്യമാവുന്നത് ഷാദുലി ബിൻ ജദീദിന്റെ (ഭരണം 1979-92) കാലത്താണ്.

രാഷ്ട്രീയ സാമൂഹിക അസമത്വത്തിനെതിരെ 1988-ൽ നടന്ന ആഭ്യന്തര കലാപത്തെ സൈന്യം ക്രൂരമായി അടിച്ചമർത്തുകയും നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും ചെയ്തത് അൽജീരിയൻ രാഷ്ട്രീയത്തിലെ പ്രധാന വഴിത്തിരിവായിരുന്നു.

ആഭ്യന്തര സമ്മർദത്തിനു വിധേയനായ ഷാദുലി ബിൻജദീദ് ബഹുകക്ഷി ഭരണവ്യവസ്ഥ നടപ്പിലാക്കാൻ തയ്യാറായി. നാഷനൽ ലിബറേഷൻ ഫ്രണ്ടിന്റെ അധികാര പ്രമത്തത, കെടുകാര്യസ്ഥത, അഴിമതി, സ്വജനപക്ഷപാതിത്വം, ഉദ്യോഗസ്ഥ വൃന്ദത്തിന്റെ മേധാവിത്വം, പട്ടാളത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലുള്ള മേൽകൈ എന്നിവയെല്ലാം അൽജീരിയൻ രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇസ്‌ലാമിസ്റ്റ്‌ പാർട്ടികളുടെ രംഗപ്രവേശം. 1989 ഫെബ്രുവരി 19-ന് ഇസ്‌ലാമിക സംഘടനകളുടെ നേതൃത്വത്തിൽ ഇസ്‌ലാമിക് സാൽവേഷൻ ഫ്രണ്ട് (എഫ്. ഐ. എസ്‌) സ്ഥാപിതമാവുകയും 1990-ൽ നടന്ന തെരഞ്ഞെടുപ്പിൽ 4.5 മില്യൻ വേട്ടു നേടി വിജയിക്കുകയും ചെയ്തു. എന്നാൽ എഫ്. ഐ. എസ്സിന്റെ വിജയത്തിൽ പട്ടാളം അതൃപ്തരാവുകയും 1992-ലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനു മുമ്പേ തന്നെ പട്ടാളം അധികാരം കയ്യിലെടുക്കുകയും ചെയ്തു. ഇത് അല്‍ജീരിയയില്‍ സ്വാതന്ത്ര്യത്തിനു ശേഷമുള്ള വലിയ ആഭ്യന്തര കലാപത്തിലേക്ക് നയിച്ചു. 1992 മുതൽ 2002 വരെ നീണ്ടുനിന്ന ഈ രക്തരൂഷിത കലാപത്തിൽ ഒരു ലക്ഷത്തിലധികം പേർ കൊല്ലപ്പെടുകയും അൻപതിനായിരത്തിലധികം പേർ അഭയാർഥികളാവുകയും ചെയ്തു.

അൽജീരിയയിലെ ഇസ്‌ലാമിക് പാർട്ടികൾ

അബ്ബാസ് മദനിയും അലിബെൽഹാജും നേതൃത്വം കൊടുത്ത ഇസ്‌ലാമിക് സാൽവേഷൻ ഫ്രന്റ്, അൾജീരിയയിൽ അറബ് സ്പെഷലിസ്റ്റുകളായ നാഷണൽ സാൽവേഷൻ ഫ്രന്റ് സൃഷ്ടിച്ച സാമൂഹിക സാമ്പത്തിക രാഷ്ട്രീയ അരക്ഷിതാവസ്ഥയെയും അസമത്വത്തെയും അഭിമുഖീകരിക്കുകയും ശോഭനാജനകമായ ഭാവി വാഗ്ദത്തം ചെയ്യുകയും ചെയ്തിരുന്നു. 1962 മുതൽ 1988 വരെ അൽജീരിയൻ സമൂഹത്തിലെ ഒറ്റപ്പാർട്ടി ഭരണകൂടം സൃഷ്ടിച്ച എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി ജനങ്ങൾ തെരഞ്ഞെടുത്തത് എഫ്. ഐ. എസ്സിനെ ആയിരുന്നു. അബ്ബാസ് മദനിയും അലിബെൽഹാജും രാഷ്ട്രത്തിലെ സാമൂഹിക അസമത്വത്തെ ഉയർത്തിക്കാട്ടി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. അൽജീരിയൻ രാഷ്ട്രീയത്തിലെ ഇസ്‌ലാമിന്റെ സ്ഥാനവും ശരീഅത്തിന്റെ നടപ്പിലാക്കലും പോലുള്ള വിഷയങ്ങളിൽ അബ്ബാസ് മദനിയും അലിബെൽഹാജും വ്യത്യസ്ത വീക്ഷണഗതി ഉള്ളവരായിരുന്നു.

അലിബൽഹാജ്

അബ്ബാസ് മദനി

ദ്രുതഗതിയിൽ അൽജീരിയൻ സമൂഹത്തിലും ഭരണക്രമത്തിലും ഇസ്‌ലാമികവത്കരണം നടപ്പിലാക്കണമെന്ന് അലിബൽഹാജ് വാദിച്ചപ്പോൾ ജനാധിപത്യക്രമത്തിലൂടെയും അവധാനതയോടെയും ക്രമാനുഗതമായും സമീപിക്കേണ്ടതാണ് ഇസ്‌ലാമിക രാഷ്ട്രീയം എന്ന് അബ്ബാസ് മദനി അഭിപ്രായപ്പെട്ടു. അൾജീരിയൻ ആഭ്യന്തര കലാപത്തോടെ എഫ്. ഐ. എസ്സിന്റെ രാഷ്ട്രീയ പ്രാധാന്യം നഷ്ടപ്പെടുകയും അബ്ബാസ് മദനി ഖത്തറിലേക്ക് അഭയാർഥിയായി പോവുകയും ചെയ്തു. എഫ്. ഐ. എസ്സിന്റെ സ്വീകാര്യത ഇസ്‌ലാമിക രാഷ്ട്രീയ പാർട്ടികളുടെ പ്രാധാന്യത്തെക്കുറിച്ച് അൾജീരിയയിൽ കൂടുതൽ സംവാദത്തിന് കാരണമായി. ഇസ്‌ലാമിക പണ്ഡിതരുടെ നേതൃത്വം, വിശ്വസ്തത, മതമൂല്യങ്ങളോടുള്ള സമർപ്പണം, സുതാര്യത, പൊതുജനങ്ങൾക്കിടയിലെ സ്വീകാര്യത, സോഷ്യലിസ്റ്റ്, നാഷണലിസ്റ്റ് മൂല്യങ്ങളോടുള്ള എതിർപ്പ്, അൾജീരിയൻ ചരിത്രവും പൈതൃകവുമായുള്ള ഈ സംഘടനകളുടെ ബന്ധം എന്നിവയെല്ലാം എഫ്. ഐ. എസ്സിന്റെ പൊതുസ്വീകാര്യതയ്ക്ക് ആക്കംകൂട്ടിയിരുന്നു. എഫ്. ഐ. എസ്സിനു പുറമെ ഹമാസ്, അന്നഹ്ദ എന്നീ ഇസ്‌ലാമിസ്റ്റ് പാർട്ടികൾക്കും അൾജീരിയൻ സമൂഹത്തിൽ വ്യക്തമായ സ്വാധീനം ഉണ്ടായിരുന്നു.

അബ്ദുല്ല ജബല്ലയും അന്നഹ്ദയും

അബ്ദുല്ല ജബല്ലയുടെ നേതൃത്വത്തിലുള്ള അന്നഹ്ദ ഈജിപ്തിലെ ഇഖ് വാനുല്‍ മുസ്‌ലിമൂന്റെ
പ്രത്യയശാസ്ത്ര പശ്ചാത്തലമുള്ള സംഘടനയാണ്. അൽജീരിയൻ സമൂഹത്തിൽ ഇസ്‌ലാമിക മൂല്യങ്ങളുടെ പുനസ്ഥാപനമാണ് അന്നഹ്ദ ലക്ഷ്യമായി സ്വീകരിച്ചത്. Political Pluralism (രാഷ്ട്രീയ ബഹുസ്വരത),Popular Political Sovereignty (ജനകീയ രാഷ്ട്രീയ പരമാധികാരം), Rule of Law (നിയമ വാഴ്ച) എന്നിവയിലൂടെ സെക്യുലറിസ്റ്റിക് അസഹിഷ്ണുതക്കെതിരെ പൊരുതുക എന്നതാണ് അന്നഹ്ദ രീതിശാസ്ത്രമായി സ്വീകരിച്ചത്. 1989-ൽ എഫ്. ഐ. എസ്സിന്റെ രൂപീകരണത്തിൽ അന്നഹ്ദയുടെ നേതാക്കളായ അബ്ദുൽഖാദർ ഹശാനി, അലി ജിദ്ദി തുടങ്ങി പല പ്രമുഖരും പങ്കുചേർന്നെങ്കിലും അബ്ദുല്ല ജബല്ല വിട്ടുനില്ക്കുകയാണ് ചെയ്തത്. എഫ്. ഐ. എസ്സിന്റെ അനുയായിവൃന്ദത്തിൽ ഇസ്‌ലാമികാശയങ്ങളും പ്രായോഗികമായ അവബോധവും കുറവാണ് എന്നതിനാൽ എഫ്. ഐ. എസ്സിന്റെ ആശയങ്ങൾ നടപ്പിലാക്കാൻ പ്രയാസകരമാണ് എന്നാണ് അബ്ദുല്ല ജബല്ല നിരീക്ഷിച്ചത്.

അബ്ദുല്ല ജബല്ല

എഫ്. ഐ. എസ് അൽജീരിയയിലെ ഇസ്‌ലാമിക പ്രചാരണങ്ങൾക്ക് നേതൃത്വം നൽകാൻ ആരംഭിച്ചതും വിമതസ്വരങ്ങളെ അരികുവത്ക്കരിക്കാൻ ശ്രമിച്ചതും അബ്ദുല്ല ജബല്ല ശക്തമായി വിമർശിച്ചു. അബ്ദുല്ല ജബല്ല ഹറകത്തുൽ ഇസ്ലാഹി അൽവതനി എന്ന സംഘടനയും 2011-ൽ “ജസ്റ്റിസ് ആന്റ് ഡവലപ്മെന്റ് ഫ്രണ്ട്’ എന്ന മറ്റൊരു രാഷ്ട്രീയപാർട്ടിയും രൂപീകരിച്ചിരുന്നു. അൾജീരിയയിൽ രാഷ്ട്രീയത്തിൽ സ്വന്തമായ രാഷ്ട്രീയ ആവിഷ്ക്കാരം ആഗ്രഹിക്കുന്ന വ്യക്തി എന്ന നിലയിൽ അദ്ദേഹം തന്നെ നേതൃത്വം കൊടുത്ത പാർട്ടികളെ വിഭജിക്കാനും വിഘടിപ്പിക്കാനും മടിച്ചിരുന്നില്ല. 1999-ലും 2004-ലും പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം മത്സരിച്ചിരുന്നു.

മഹ്ഫൂസ് നഹ്നാഹിന്റെ നേതൃത്വത്തിലുള്ള ഹമാസ് അബ്ദുല്ല ജബല്ലയുടെ അന്നഹ്ദയെ പോലെ തന്നെ ഇഖ് വാനുല്‍ മുസ്‌ലിമൂനിന്റെ ആശയം സ്വീകരിച്ച സംഘടനയാണ്. ജനാധിപത്യ ക്രമത്തെ അംഗീകരിക്കുകയും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഹമാസ് കരുതുന്നു. പല തവണയായി അൾജീരിയൻ ഭരണക്രമത്തിൽ ചെറിയ തോതിലെങ്കിലും പ്രാതിനിധ്യം ഹമാസിനു ലഭിച്ചിട്ടുണ്ട്. നിലവിൽ ഹറകത്തുൽ മുജ്തമഉൽ സിൽമി എന്ന പേരിലാണ് ഹമാസ് അറിയപ്പെടുന്നത്. 2012-ൽ ഹമാസ് നേതാവ് അബൂജർറ സുൽത്താനിയുടെ നേതൃത്വത്തിൽ അന്നഹ്ദ, അൽഇസ്ലാഹ് എന്നീ പാർട്ടികളുമായി സഹകരിച്ചുകൊണ്ട് ഗ്രീൻ അൾജീരിയൻ അലയൻസ് എന്ന സഖ്യകക്ഷി രൂപീകരിക്കുകയും 2012-ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു. 262 സീറ്റുകളുള്ള അൾജീരിയൻ പാർലമെന്റിൽ 49 സീറ്റുകൾ മാത്രമേ ഇവർക്ക് നേടാൻ കഴിഞ്ഞുള്ളൂ. 2017-ൽ ഉൾപ്പാർട്ടി ഭിന്നതയുടെ പേരിൽ “ഗ്രീൻ അൾജീരിയൻ അലയൻസ്’ പിരിച്ചുവിടുകയാണുണ്ടായത്. ഹമാസും അന്നഹ്ദയും മുസ്‌ലിം ബ്രദർഹുഡിന്റെ രാഷ്ട്രീയ പശ്ചാത്തലം സ്വീകരിച്ചിട്ടുണ്ടെങ്കിലും വ്യത്യസ്ത രാഷ്ട്രീയ വീക്ഷണവും നയപരിപാടികളുമാണ് ഇരുപാർട്ടികളും കൈക്കൊള്ളുന്നത്.

അൾജീരിയയിലെ സമകാലിക പ്രക്ഷോഭങ്ങൾ ഭരണമാറ്റം ലക്ഷ്യംവെച്ചുകൊണ്ടാണ് നടക്കുന്നതെങ്കിലും നിലവിൽ പ്രതിപക്ഷ സ്ഥാനത്തുള്ള ഇസ്‌ലാമിക പാര്‍ട്ടികള്‍ക്ക്‌
പ്രക്ഷോഭകാരികളുടെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമോ എന്നുള്ളതാണ് പ്രധാനചോദ്യം.

അബ്ദുല്ല ജബല്ലയുടെ നേതൃത്വത്തിൽ മുഖ്യ പ്രതിപക്ഷ പാർട്ടികളുമായി സഹകരിച്ചു എഫ് എൽ എന്നിനെ നേരിടുമെന്ന് അബ്ദുൽ അസീസ് ബൂതഫ്ലീക്കയുടെ രാജിക്കു മുൻപ് പ്രഖ്യാപിച്ചിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഈ പാർട്ടികളെല്ലാം സ്വതന്ത്രമായ തീരുമാനങ്ങളാകും സ്വീകരിക്കുക. മിലിറ്ററി, സുരക്ഷ സംവിധാനം, വ്യവസായ ഗ്രൂപ്പുകൾ എന്നിവരടങ്ങുന്ന ഡീപ് സ്റ്റേറ്റ് ആണ് ബൂതഫ്ലീക്കയെ ഇക്കാലമത്രയും നിലനിർത്തിയത് എന്നതിനാല്‍ അൾജീരിയയുടെ സമാധാനപരമായ രാഷ്ട്രീയ മാറ്റം സംശയാസ്പദമാണ്. അൾജീരിയൻ പ്രസിഡന്റിന്റെ  രാജി യഥാർത്ഥത്തിൽ മിലിട്ടറിയുടെ രാഷ്ട്രത്തിലൂടെ ശക്തി തെളിയിക്കുന്നതാണ്. ജനാധിപത്യ  മാറ്റങ്ങൾക്ക് അത് കൂടുതൽ വിലങ്ങുതടിയായി  മാറും. എഫ് എൽ എൻ പാർട്ടി മൂന്നു മാസകാലത്തെ പുതിയ ഇടക്കാല രാഷ്ട്രപതിയായി തെരെഞ്ഞെടുത്തത് ബൂതഫ് ലീ ക്കയുടെ സുഹൃത്തും പാർലിമെന്റ് ഉപരിസഭ നേതാവുമായ അബ്ദുൽ ഖാദിർ ഇബ്ൻ സലാഹി നെയാണ്. ശേഷമുള്ള തെരഞ്ഞെടുപ്പിൽ ഇബ്ൻ സലാഹിന് മത്സരിക്കാൻ സാധിക്കില്ല. എന്നാൽ ഈ രാഷ്ട്രീയ നീക്കത്തിനെതിരെയും ശക്തമായ പ്രതിഷേധം രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. മർവാൻ ബിശാറ അഭിപ്രായപ്പെട്ടതുപോലെ അറബ് വസന്തത്തിന്റെ പ്രതിഫലനങ്ങൾ ദൃശ്യമായ അൾജീരിയയിൽ പ്രക്ഷോഭകാരികൾ മുൻ അറബ് രാഷ്ട്രങ്ങളെ അപേക്ഷിച്ചു വ്യക്തമായ രാഷ്ട്രീയ സൂക്ഷ്മത പ്രകടിപ്പിക്കുന്നുണ്ട്. അൾജീരിയയിൽ ആഭ്യന്തര കലാപവും പ്രതിവിപ്ലവവും ഒഴിവാക്കാൻ ഈ സമീപനം സഹായിക്കും. മിലിറ്ററിക്ക് രാഷ്ട്രീയ സ്വാധീനം ഉള്ള അൾജീരിയയിൽ പ്രക്ഷോഭകാരികൾ ഭരണകൂടനിർമിതിയിലും നയരൂപീകരണത്തിലും സൈന്യത്തിന്റെ സ്ഥാനം അംഗീകരിക്കുന്നു എന്നത് ഈജിപ്തിൽ സംഭവിച്ചതു പോലുള്ള രാഷ്ട്രീയ ദുരന്തങ്ങളിൽ നിന്നും രക്ഷപെടാൻ സാഹചര്യമൊരുക്കുമെന്നു പ്രതീക്ഷിക്കാം.

Top