തുർക്കി: ജനാധിപത്യ വ്യവസ്ഥയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ

തുർക്കിയിലെ പ്രസിദ്ധ മൂസിക് ബാൻഡായ ‘ഗ്രുപ്പ് യോറു’മിലെ ഹെലിൻ ബോലെക്, ഇബ്റാഹീം ഗോക്ചെക്, അവരുടെ സുഹൃത്ത് മുസ്തഫാ കോജക് എന്നിവരുടെ മരണം, തുർക്കിയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ നിലപാടുകളെയും വിവിധ ചരിത്ര ഘട്ടങ്ങളിലൂടെ അവരിൽ വന്ന പരിവർത്തനങ്ങളെയും പുനർവായിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ആധുനിക തുർക്കിയുടെ സോവിയറ്റ് യൂണിയനുമായുള്ള രാഷ്ട്രീയ ബന്ധം മുതൽ സമകാലിക രാഷ്ട്രീയത്തിലെ സ്വാധീനം വരെയുള്ള ഏകദേശം ഒരു നൂറ്റാണ്ടിൻ്റെ ചരിത്രമാണ് തുർക്കിയിലെ ലെഫ്റ്റിസ്റ്റുകൾക്കുള്ളത്. ഡോ.സൈഫുദ്ദീൻ കുഞ്ഞു എഴുതുന്നു.

ആധുനിക തുർക്കിയുടെ നേതൃത്വവും സോവിയറ്റു റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം  വ്യത്യസ്തമാർന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ജന്മം നൽകിയിരുന്നു. ഒന്നാം ലോകയുദ്ധ ശേഷം തുർക്കി ദേശീയ പ്രസ്ഥാനവും റഷ്യൻ ബോൾഷെവിക്കുകളും ഒരേ രാഷ്ട്രീയ നിലപാടാണ് സ്വീകരിച്ചത്. പ്രാദേശിക ഐക്യദാർഢ്യം അനതോളിയ പോലുള്ള തുർക്കി പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പടരാൻ സാധ്യതയൊരുക്കി. 1920ൽ അനതോളിയിൽ രൂപം കൊണ്ട ഗ്രീൻ ആർമി അസോസിയേഷൻ (യെശിൽ ഒർദു ജംഇയ്യതി) റഷ്യൻ വിപ്ലവ മാതൃകയിൽ ഇസ്‌ലാമിക ലോകത്തു, മുതലാളിത്ത-സാമ്രാജ്യത്ത വിരുദ്ധ സോഷ്യലിസ്റ്റു യൂനിയൻ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിൽ രൂപീകരിക്കപ്പെട്ട പാൻ-ഇസ്‌ലാമിക് വീക്ഷണവും പുലർത്തിയിരുന്ന ഇസ്‌ലാമിക-സോഷ്യലിസ്റ്റ്  സംഘടനയാണ്. ആദ്യഘട്ടങ്ങളിൽ അനുഭാവം പ്രകടിപ്പിച്ച കമാൽ പാഷ ഈ സംഘടനയുടെ നേതൃത്വത്തിനു ലഭിക്കുന്ന ജനകീയത അദ്ദേഹത്തിൻ്റെ അധികാരത്തിനു  വെല്ലുവിളി സൃഷ്ടിക്കുമെന്നു വിശ്വസിച്ചു. ഇതിനെ നേരിടാനായി 1920 ഒക്ടോബർ 18നു കമാൽ പാഷ തന്നെ ഔദ്യോഗിക കമ്യൂണിസ്റ്റ് പാർട്ടി (TKF) രൂപീകരിക്കാൻ ചില സഹപ്രവർത്തകരെ ചുമതലപ്പെടുത്തി. കമ്മ്യൂണിസ്റ്റു ആശയധാരയിൽ നിന്നും വ്യത്യസ്തമായി ദരിദ്രരും ധനികരും ഒരുപോലെ സംഘടിച്ചു വൈദേശികാക്രമണത്തെ നേരിടുക എന്ന ചിന്തയാണ് മുന്നോട്ടു വെച്ചത്. ‘കമ്മ്യൂണിസ്റ്റ് ‘ എന്നു പേരിനോടു ചേർത്തതു തന്നെ സോവിയറ്റ് യൂണിയൻ്റെ ശ്രദ്ധ പിടിച്ചുപറ്റാനായിരുന്നു. കമ്മ്യൂണിസ്റ്റ് ആശയത്തെ കമാൽ പാഷ മുഖവിലക്കെടുത്തിരുന്നില്ല. അതേവർഷം ഒക്ടോബർ 31നു സഹപ്രവർത്തകൻ അലി ഫുആദ് പാഷക്കയച്ച കത്തിൽ കമ്മ്യൂണിസം തുർക്കിക്ക് അനുഗുണമല്ലെന്നും അടവുനയമെന്ന നിലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപപ്പെടുത്തേണ്ട ആവശ്യവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

മുസ്തഫ കമാൽ പാഷ

1920ൽ തന്നെ സോവിയറ്റിൻ്റെ ആദ്യ ഔദ്യോഗിക പ്രതിനിധിയായ ശെരീഫ് മനാതോവിൻ്റെ നേതൃത്വത്തിൽ ദി ഈല്ലീഗൽ തുർക്കിഷ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടു. ബോൾഷെവിക് ആശയാടിസ്ഥാനത്തിലുള്ള ഈ പാർട്ടി പെട്ടെന്ന് ജനപ്രീതിയാർജിക്കുകയും ഡിസംബർ ഏഴോടെ പീപ്പിൾസ് കമ്മിറ്റ്മെൻ്റ് പാർട്ടി (THIF) എന്ന പേരിൽ ഔദ്യോഗിക അംഗീകാരം നേടുകയും ചെയ്തു. തൊഴിലാളി വർഗസമരത്തിനൊപ്പം സമൂഹത്തിൽ ഇസ്‌ലാം ചെലുത്തുന്ന സ്വാധീനത്തെയും അവർ എടുത്തു പറഞ്ഞിരുന്നു.1918ൽ പത്രപ്രവർത്തകനായ മുസ്തഫാ സുബ്ഹിയുടെ നേതൃത്വത്തിൽ രൂപീകൃതമായ കമ്മ്യൂണിസ്റ്റു പാർട്ടി ഓഫ് തുർക്കിയാണ് ആധുനിക തുർക്കിയിലെ സുപ്രധാന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. റഷ്യൻ വിപ്ലവത്താൽ ആകർഷിക്കപ്പെട്ട അദ്ദേഹം  മോസ്കോയിലെത്തി യെനി ദുനിയാ (പുതു ലോകം) എന്ന പേരിൽ ദിനപത്രം തുടങ്ങി. റഷ്യയിൽ പല ഭാഗങ്ങളിലായി ചിതറിക്കിടന്ന തുർക്കിഷ് അഭയാർഥികളിലെ സമാനമനസ്ക്കരെ 1918ൽ മോസ്കോയിൽ സംഘടിപ്പിച്ചു പാർട്ടി രൂപീകരിച്ചു. അലി ഫുആദ് പാഷക്കെഴുതിയ മറ്റൊരു കത്തിൽ, തുർക്കിയിൽ സാമൂഹിക വിപ്ലവം അവശ്യമാണ് എന്ന ആശയത്തിൽ  കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംഘടിപ്പിക്കുന്ന ബോൾഷെവികുകളുടെ നിലപാടിനെ കമാൽ പാഷ ശക്തമായി എതിർക്കുന്നുണ്ട്. തുർക്കി ദേശീയ പ്രസ്ഥാനത്തിൻ്റെ താൽപര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്നതിനാൽ ഇവരെ നിലയ്ക്കു നിർത്തേണ്ടതു അനിവാര്യമാണെന്നു അദ്ദേഹം ആ കത്തിലെഴുതുന്നുണ്ട്. എങ്കിലും സോവിയറ്റ് യൂണിയനിൻ്റെ പിന്തുണ അനിവാര്യമായതിനാൽ വളരെ കരുതലോടെയാണ് കമാൽ പാഷ കരുക്കൾ നീക്കിയത്. ഒരിക്കലും ബോൾഷെവിക് മാതൃകയിൽ തുർക്കിയിൽ വിപ്ലവം ഉണ്ടാവുകയില്ല എന്നു തന്നെ അദ്ദേഹം വിശ്വസിച്ചിരുന്നുവെന്നു ആധുനിക തുർക്കിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളെക്കുറിച്ച പഠനത്തിൽ ബുലെന്ദ് ഗോക്കായി എഴുതുന്നു.

1921 ജനുവരി 28ൽ തുർക്കി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (TKP) സ്ഥാപക നേതാവായ മുസ്തഫാ സുബ്ഹിയും സഹപ്രവർത്തകരും ത്രാബ്സൻ തീരത്ത് കൊല ചെയ്യപ്പെട്ടു. പുതിയ സോവിയറ്റ് യൂണിയനും കമാൽ പാഷയുടെ നേതൃത്വത്തിലെ ആധുനിക തുർക്കിയും തമ്മിൽ ആശയപ്പൊരുത്തം രൂപപ്പെടുത്താൻ ആവേശപൂർവ്വം മുന്നിട്ടിറങ്ങിയ ടികെപിയുടെ പ്രത്യാശ തുടക്കത്തിൽ തന്നെ പിഴുതെറിയപ്പെടുകയാണ് ഉണ്ടായത്. കടൽഭാഗത്തെ സാധാരണ സംഭവമാണിതെന്നാണ് തുർക്കി ഔദ്യോഗിക ഭാഷ്യം.

ഈ അരുംകൊല, ആധുനിക തുർക്കിയിൽ കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള രാഷ്ട്രീയ-സാംസ്കാരിക ഘടനകൾക്ക് ഇക്കാലം വരെയും നീണ്ടു നിൽക്കുന്ന ദൗർഭാഗ്യമായ രാഷ്ട്രീയ സാഹചര്യത്തിന്നു  കാരണമായി. എങ്കിലും സോവിയറ്റ് യൂണിയന്റെ തുർക്കിയുമായുള്ള നയതന്ത്ര ബന്ധത്തിനു ഈ സംഭവം തടസം സൃഷ്ടിച്ചില്ല. കമ്മ്യൂണിസ്റ്റുകൾക്കെതിരെ കർക്കശ നിലപാടു സ്വീകരിച്ച തുർക്കി ദേശീയ പ്രസ്ഥാനവുമായി ലോകത്തെ ആദ്യ സോഷ്യലിസ്റ്റ് രാഷ്ട്രം നയതന്ത്ര ബന്ധം ദൃഢമാക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. 1920 ആഗസ്റ്റ് എട്ടിനു നടന്ന സെവ്റസ് സന്ധിക്കുശേഷം തുർക്കി ദേശീയ പ്രസ്ഥാനവും സോവിയറ്റും തമ്മിൽ രാഷ്ട്രീയ ബന്ധം ബലപ്പെടുത്തിയിരുന്നു. സോവിയറ്റിനെതിരെ അന്താരാഷ്ട്ര തലത്തിൽ രൂപപ്പെട്ടുന്ന സഖ്യ കക്ഷികളെ നേരിടാൻ പ്രാദേശിക പിന്തുണ അനിവാര്യമായ പശ്ചാത്തലമായിരുന്നു അത്. ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ പിന്തുണയോടെ ഗ്രീക്ക് സൈന്യം തുർക്കിയെ ആക്രമിക്കാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ തുർക്കിക്കും സോവിയറ്റ് യൂണിയൻ്റെ പിന്തുണയും അനിവാര്യമായിരുന്നു. ഈ രാഷ്ട്രീയ പശ്ചാത്തലമായിരുന്നു തുർക്കിയുടെ ആഭ്യന്തര കമ്മ്യൂണിസ്റ്റ് വിരുദ്ധ നയത്തെ അവഗണിക്കാൻ സോവിയറ്റിനെ പ്രേരിപ്പിച്ചത്. കൂടാതെ സോവിയറ്റു റഷ്യ തുർക്കിയിലൂടെ പശ്ചിമേഷ്യയിൽ കമ്മ്യൂണിസത്തിന്റെ വ്യാപനവും ലക്ഷ്യം വെച്ചിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്നെതിരെ പൊതുവികാരം ഏകോപിപ്പിക്കാൻ ഈ ആശയ പ്രചരണത്തിന്നു സാധിക്കുമെന്നു അവർ കണക്കുകൂട്ടി.

ശീതയുദ്ധ കാലഘട്ടത്തിൽ അമേരിക്കയുടെ പാളയത്തിലായിരുന്ന തുർക്കി സോവിയറ്റ് യൂണിയനിൻ്റെ എക്സ്പാൻശനിസ്റ്റ് പ്രവണതക്കെതിരായിരുന്നു. കമ്മ്യൂണിസ്റ്റ് വ്യാപനത്തെ ചെറുക്കാൻ തുർക്കിയെ അമേരിക്ക പ്രാദേശികമായി ഉപയോഗപ്പെടുത്തിയിരുന്നു. പട്ടാള ഭരണകൂടം കുർദിഷ് ജനതയുടെ രാഷ്ട്രീയ സ്വാതന്ത്യത്തിന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന പശ്ചാത്തലമായിരുന്നു അത്. ഈ രാഷ്ട്രീയ സാഹചര്യത്തിൽ രൂപംകൊണ്ട ഒട്ടുമിക്ക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും കുർദിഷ് ദേശീയതയെ പിന്തുണച്ചത് തുർക്കി ഭരണകൂടത്തിൻ്റെ ആഭ്യന്തര നയം കൂടുതൽ പരുഷമാക്കാൻ പ്രേരിപ്പിച്ചു. 1970കളിൽ തുർക്കിഷ് ലെഫ്റ്റിസ്റ്റുകളിൽ മാവോയിസത്തിനാണ് കൂടുതൽ പ്രചാരം ലഭിച്ചത്. ദോഗു പെരിൻചെകിൻ്റെ നേതൃത്വത്തിൽ രൂപം കൊണ്ട മാവോയിസ്റ്റു സംഘടനയാണ് പ്രൊലിറ്റേറിയൻ റെവല്യൂഷനറി എൻലൈറ്റ്മെന്റ് (Proletarian Revolutionary Enlightenment – PDA). 1960കളിൽ സജീവമായിരുന്ന ഇടത് സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് റെവല്യൂഷനിൽ (National Democratic Revolution – MDD) നിന്നും പിരിഞ്ഞ് ഉണ്ടായതാണ് പിഡിഎ. കമാലിസത്തത്തിൻ്റെ അടിസ്ഥാനത്തിൽ സോഷ്യലിസ്റ്റ് സമരം രൂപപ്പെടുത്തണം എന്നു വാദിച്ചവരാണ് എംഡിഡി. കെമാലിസ്റ്റ് കാഴ്ചപ്പാടുകൾ ഉപേക്ഷിച്ച പിഡിഎ ബീജിങ് കേന്ദ്രീകൃത സോഷ്യലിസമാണ് തിരഞ്ഞെടുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രചനകൾക്കാണ് അവർ പ്രാമുഖ്യം കൽപ്പിച്ചത്.

പിഡിഎയുടെ രാഷ്ട്രീയ ഘടനയായ റെവല്യൂഷനറി വർക്കേഴ്സ് ആൻഡ് പെസന്റ്സ് പാർട്ടി (Revolutionary Workers and Peasants’ Party – TIKP). 1970കളിലെ തുടക്കത്തിൽ പിഡിഎ അമേരിക്കയെപ്പോലെ ക്രൂഷ്ചേവ് ഭരണകൂടത്തെയും സാമ്രാജ്യത്വ ശക്തിയായാണ് കണ്ടത്. എന്നാൽ പിൽക്കാലത്ത് അമേരിക്കയെക്കാൾ വലിയ സാമ്രാജ്യത്വശക്തിയായി യുഎസ്എസ്ആർ മാറിയെന്നാണ് പിഡിഎ നിരീക്ഷിച്ചതെന്ന് തുർകിഷ് ലെഫ്റ്റിസ്റ്റുകളുടെ സോവിയറ്റ് വിരുദ്ധതയെക്കുറിച്ച ലേഖനത്തിൽ ഇഹ്സാൻ ഒമെർ അതാഗെഞ്ച് വിശദീകരിക്കുന്നുണ്ട്. യുഎസ്എസ്ആറിനെതിരെ പോരാടിയ അഫ്ഗാൻ മുജാഹിദീനുകളോടു ഐക്യദാർഡ്യം പ്രഖ്യാപിക്കുകയാണ് അവർ ചെയ്തത്.

ഡിഎച്ച്കെപി-സി മിലീഷ്യകൾ

1960-1980 കാലഘട്ടങ്ങളിൽ തുർക്കിഷ് ലെഫ്റ്റ് സംഘടനകളിലധികവും ഭരണകൂടവുമായി സായുധ സംഘടനങ്ങളിലേർപ്പെട്ടു. ദെവ്രിംജി യോൽ (Revolutionary Way), ദി റെവല്യൂഷനറി കോൺഫെഡറേഷൻ ഓഫ് വർക്കേഴ്സ് യൂണിയൻസ് (The Revolutionary Confederation of Workers Unions – DISK), ദി റെവല്യൂഷനറി പീപ്പിൾസ് ലിബറേഷൻ പാർട്ടി (The Revolutionary People’s Liberation Party – DHKP-C)  എന്നീ സോവിയറ്റു അനുകൂല വിഭാഗങ്ങളായായിരുന്നു സ്റ്റേറ്റ് വിരുദ്ധ മിലിറ്റൻസിക്കു നേതൃത്വം നൽകിയത്.

ദെവ്രിംജി യോൽ തുർക്കിയിലെ വലതുപക്ഷ കക്ഷികളുമായും മറ്റു ലെഫ്റ്റു വിഭാഗങ്ങളുമായും സംഘട്ടനത്തിൽ ഏർപ്പിട്ടുട്ടുണ്ട്. അയ്യായിരത്തിലധികം മനുഷ്യജീവനുകളാണ് ഈ ആഭ്യന്തര കലാപങ്ങളിൽ പൊലിഞ്ഞത്. തുർക്കിഷ് ലെഫ്റ്റിസ്റ്റുകളിൽ അധികവും മിലിറ്റന്റ് വിഭാഗങ്ങളായി മാറിയതു പൊതുജനത്തിനിടയിൽ അപ്രീതി വർദ്ധിക്കാൻ ഇടയാക്കി.

കുർദിഷ് ദേശീയതയെയും നജ്മുദ്ദീൻ അർബകാനിൻ്റെ നേതൃത്വത്തിലുള്ള നാഷണൽ ഔട്ട്ലുക് മൂവ്മെൻ്റ് എന്ന മുസ്‌ലിം രാഷ്ട്രീയ ധാരയെയും തുർക്കി സെക്കുലരിസത്തിൻ്റെ ശത്രുക്കളായാണ് പട്ടാള നേതൃത്വം കണ്ടത്. എന്നാൽ ഈ പ്രതികൂല രാഷ്ട്രീയ സാഹചര്യത്തോടു രണ്ടു വിഭാഗവും വ്യത്യസ്തമായാണ് പ്രതികരിച്ചത്. കുർദുകൾക്കിടയിൽ സ്വാധീനമുണ്ടായിരുന്ന പികെകെ പോലുള്ള വിവിധ ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ അധികവും സായുധ പോരാട്ടം തെരഞ്ഞെടുത്തപ്പോൾ മുസ്‌ലിം രാഷ്ട്രീയ പാർട്ടി ജനാധിപത്യക്രമത്തിലൂടെയുള്ള രാഷ്ട്രീയ പ്രവർത്തനത്തിനാണ് മുൻഗണന നൽകിയത്.

സ്വതന്ത്ര കമ്മ്യൂണിസ്റ്റ് പാർട്ടി, മാവോയിസ്റ്റുകൾ, സോവിയറ്റു അനുകൂലികൾ എന്നിങ്ങനെ വിഘടിച്ചു നിന്ന തുർക്കിഷ് കമ്മ്യൂണിസ്റ്റുകൾക്കൾക്കു നിരന്തരം  അട്ടിമറികളിലൂടെ അധികാരം പിടിച്ചടക്കിയിരുന്ന പട്ടാള നേതൃത്വത്തെ ജനാധിപത്യ രീതിയിൽ നേരിടാൻ സാധിച്ചില്ല. ആയുധം താഴെവെച്ചു ജനാധിപത്യ ക്രമത്തിൽ  സമാധാനപരമായി പ്രവർത്തിക്കാൻ തയ്യാറായെങ്കിലും രക്തരൂക്ഷിത ഭൂതകാലം അവരുടെ രാഷ്ട്രീയ ഭാവിയുടെ സാധ്യതക്ക് മങ്ങലേൽപ്പിച്ചു.

സമകാലിക തുർക്കി രാഷ്ട്രീയത്തിൽ ചെറിയ തോതിലാണെങ്കിലും ലെഫ്റ്റിസ്റ്റ് പാർട്ടികൾ  ജനാധിപത്യക്രമത്തിൽ സജീവമായി ഇടപെടുന്നുണ്ട്. 1970-1990 കാലഘട്ടങ്ങളിൽ മാവോയിസ്റ്റു കാഴ്ചപ്പാടു സ്വീകരിച്ചിരുന്ന വർക്കേഴ്സ് പാർട്ടി 2000ങ്ങളിൽ തീവ്ര ദേശീയവാദ നിലപാടു സ്വീകരിക്കുകയും 2015ൽ വതൻ (Patriotic) എന്ന പേരിൽ ലെഫ്റ്റിസ്റ്റ്-സെക്കുലരിസ്റ്റ് സമീപനം അവകാശപ്പെട്ടുകൊണ്ട് പ്രവർത്തിച്ചു വരുന്നു. അമേരിക്കൻ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന വതൻ പാർട്ടി തീവ്ര ദേശീയ നിലപാടു സ്വീകരിക്കുന്നതിനാൽ എകെ പാർട്ടിയുടെ യൂറോപ്യൻ യൂണിയൻ അംഗത്വ ശ്രമങ്ങളെ വിമർശിക്കുന്നു. 2015ലെ പൊതു തെരഞ്ഞെടുപ്പിൽ 0.25 ശതമാനം വോട്ടു മാത്രമാണ് അവർക്കു ലഭിച്ചത്.

1993ൽ സ്ഥാപിതമായ സോഷ്യലിസ്റ്റ് പവർ പാർട്ടി (SIP) 2001ൽ ആധുനിക തുർക്കിയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പാർട്ടിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് തുർക്കി എന്ന പേരിൽ പ്രവർത്തനം പുനരാരംഭിച്ചു. എകെപി, എച്ച്ഡിപി, സിഎച്ച്പി, എംഎച്ച്പി എന്നീ പാർട്ടികളെയെല്ലാം ബൂർഷ്വാ പാർട്ടികളെന്നാണ് അവർ വിളിക്കുന്നത്. 2002-2014 കാലയളവിൽ പ്രവർത്തിച്ചിരുന്ന ഇടതുപക്ഷ പാർട്ടി പീസ് ആൻഡ് ഡെമോക്രസി പാർട്ടിയുടെ (BDP) പിൻഗാമിയാണ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (HDP). കുർദിഷ് വംശജർക്കിടയിൽ വ്യക്തമായ സ്വാധീനമുള്ള എച്ച്ഡിപി 2015ലെ പൊതു തെരഞ്ഞെടുപ്പിൽ പത്തു ശതമാനം വോട്ടോടുകൂടി പാർലമെൻ്റിൽ പ്രവേശിച്ചിരുന്നു. ആദ്യമായാണ് ഇടതുപക്ഷ കാഴ്ചപ്പാടുള്ള ഒരു പാർട്ടി  തുർക്കി പൊതു തെരെഞ്ഞടുപ്പിൽ ഇത്രയധികം ജനസമ്മിതി നേടുന്നത്. എച്ച്ഡിപിയുടെ പ്രധാന എതിരാളികളിലൊണ് കുർദു വംശജർ ഭൂരിപക്ഷമുള്ള ഹുദാ-പാർ പാർട്ടി. ഇറാഖി കുർദുകളുടെ സമാന്തര ഭരണകൂടമായ കുർദിസ്താൻ റീജ്യണൽ ഗവർമെൻ്റിന്റെ രാഷ്ട്രീയ സ്വാതന്ത്യത്തെ അംഗീകരിക്കുന്ന ഹുദാ-പാർ പാർട്ടി പക്ഷേ എച്ച്ഡിപിയുടെ കുർദിഷ് വംശാടിസ്ഥാനത്തിലുള്ള അപകേന്ദ്രീകരണത്തെ അംഗീകരിക്കുന്നില്ല. കുർദിഷ് അസ്തിത്വം ദുരുപയോഗപ്പെടുത്തി കുർദ് ഭൂരിപക്ഷ പ്രദേശങ്ങളിൽ കമ്മ്യൂണിസം നടപ്പിലാക്കാനാണ്‌ പികെകെ ശ്രമിക്കുന്നതെന്നാണ് ഹുദാ-പാർ പാർട്ടിയുടെ വീക്ഷണം. തെരെഞ്ഞെടുപ്പുകളിൽ എകെ പാർട്ടിയെയാണ് ഇവർ പിന്തുണക്കാറുള്ളത്.

ഗ്രുപ്പ് യോറും

ഗൗരവമാർന്ന ഈ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിലാണ് 1985ൽ സ്ഥാപിതമായ ഗ്രൂപ് യോറും എന്ന പ്രസിദ്ധ മ്യൂസിക് ബാൻഡിനെക്കുറിച്ച ചർച്ച പ്രസക്തമാകുന്നത്. പ്രൊട്ടസ്റ്റ് മൂസിക് എന്ന നിലയിൽ പേരെടുത്ത ബാൻഡുകളിലൊന്നാണ് യോറും ഗ്രൂപ്പ്. കുർദിഷ് നാഷണലിസ്റ്റ് ചായ്‌വ് പ്രകടിപ്പിക്കുന്ന ലെഫ്റ്റിസ്റ്റുകളായ ഇവർ കുർദിഷ് ഭാഷകളിലും ഗാനങ്ങളെഴുതി ചിട്ടപ്പെടുത്തിയിട്ടുണ്ട്.

തുർക്കിയിലുടെ നഗര പ്രദേശങ്ങളിലും കുർദ് ഭൂരിപക്ഷ മേഖലകളിലും ആരാധകരുള്ള ബാൻഡാണിത്. പക്ഷേ അവരുടെ രാഷ്ട്രീയ വീക്ഷണങ്ങളോടു വേണ്ടത്ര യോജിപ്പില്ല എന്നതു വ്യക്തമാണ്. തുർക്കിക്കുള്ളിൽ നിരവധി രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തിയതിനാൽ നിരോധിക്കപ്പെട്ട  രാഷ്ട്രീയ പാർട്ടിയായ ഡിഎച്ച്കെപി-സിയോടുള്ള ഐക്യദാർഡ്യവും അവർക്കുവേണ്ടിയുള്ള പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തതുമാണ് ഗ്രുപ്പ് യോറുമിനെതിരെ നടപടിയെടുക്കാൻ ഭരണകൂടത്തെ പ്രേരിപ്പിച്ചത്.

ഗ്രുപ്പ് യോറും ബാൻഡിൻ്റ നിരാഹാര സമരത്തോടും ഹെലിൻ ബോലെക്, ഇബ്റാഹീം ഗോക്ചെക് തുടങ്ങിയവരുടെ മരണത്തോടും തുർക്കിയിലെ ദൃശ്യ- അച്ചടി മാധ്യമങ്ങളിൽ ഭൂരിപക്ഷവും  നിസ്സംഗ നിലപാടാണ് സ്വീകരിച്ചത്. രാഷ്ട്രത്തിലെ സാമൂഹിക മാധ്യമങ്ങളിലൂടെയുമാണ് ഈ വാർത്ത കൂടുതൽ പരന്നത്. ഭരണകൂടാനുകൂല മാധ്യമങ്ങളും കെമാലിസ്റ്റ്-നാഷനലിസ്റ്റ് പശ്ചാത്തലമുള്ള ഒട്ടുമിക്ക മാധ്യമങ്ങളും ഈ മരണത്തിനു മതിയായ കവറേജു നൽകിയില്ല. ലെഫ്റ്റിസ്റ്റ് മിലിറ്റൻ്റുകളോടുള്ള തുര്‍ക്കിയിലെ ഭൂരിപക്ഷ ജനസമൂഹത്തിൻ്റെ സമീപനം ഇതിൽനിന്ന് വ്യക്തമാണ്. വിദേശ മാധ്യമങ്ങളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും എകെ പാർട്ടിയുടെ ഭരണകൂട നിലപാടിനെ വിമർശിക്കാനാണ് ഈ സാഹചര്യം ഉപയോഗപ്പെടുത്തിയത്.

കഴിഞ്ഞകാല ചരിത്രത്തിൽ രക്തരൂക്ഷിതമായ രാഷ്ട്രീയ പശ്ചാത്തലമുള്ള ഡിഎച്ച്കെപി-സിയോടു ബാൻഡ് രാഷ്ട്രീയ പിന്തുണ പ്രകടിപ്പിക്കുന്നു എന്നത് ശരിയാവാം. ആയിരക്കണക്കിനു തുർക്കി പൗരന്മാരെ വധിച്ച തീവ്ര ഇടതു സംഘടനയായ പികെകയുമായി പോലും സന്ധി സംഭാഷണത്തിനു തയ്യാറായ ചരിത്രമാണ് എകെ പാർട്ടിക്കുള്ളത്. ഈ പരിതസ്ഥിതിയിൽ തുർക്കിയിലെ വിമത ശബ്ദങ്ങളെ മുഖവിലക്കെടുക്കുവാനും  അവരുമായും സമാധാന ചർച്ചകൾ നടത്തുവാനും ഗ്രുപ്പ് യോറും ബാൻഡിൻ്റെ ആവശ്യങ്ങൾ ചർച്ചക്കെടുക്കാനും എകെ പാർട്ടിയുടെ  ഭരണകൂടത്തിനു സാധിക്കേണ്ടതുണ്ട്. നിലവിൽ ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന എകെ പാർട്ടിയുടെ സ്വീകാര്യത വർദ്ധിക്കാൻ ഈ നയതന്ത്ര സമീപനം സഹായിക്കുന്നതാണ്.

Top