കാസര്‍കോട് “ഇച്ച”: സംഘപരിവാർ ഭീകരതയും പൊതുബോധവും
മാറിയ രാഷ്ട്രീയ സാഹചര്യത്തിന്റെ സൂചനകള്‍ എന്നോണം തെക്കു പടിഞ്ഞാറൻ കർണാടകയിലെ സംഘപരിവാർ സംഘടനകൾ വളരെ തീവ്രസ്വഭാവത്തിൽ പ്രവർത്തിച്ചു കൊണ്ട് കാസർകോടിനെ കയ്യടക്കി വെക്കാൻ ശ്രമിക്കുന്നുണ്ട്. മഞ്ചേശ്വരം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കർണാടകയിലെ ബിജെപിയുടെ നേതാവ് നളിൻ കുമാർ കട്ടീലിന്റെ മഞ്ചേശ്വരം കേരളത്തിലെ കശ്മീരാകുമെന്ന പ്രസ്‌താവന കൂട്ടിച്ചേർത്ത് വായിക്കുമ്പോൾ, എങ്ങനെയാണ് കാസർഗോഡ് അപനിർമിക്കപ്പെടുന്നത് എന്ന് മനസിലാകും. മുഹമ്മദ് ഫർഹാൻ എഴുതുന്നു.
മഞ്ചേശ്വരം എംഎൽഎ ആയിരുന്ന പി.ബി.അബ്ദുർറസാഖിന്റെ ദേഹവിയോഗം കാരണം കാസര്‍കോട് മറ്റൊരു ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. 2016ൽ നടന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ കേവലം 89 വോട്ടിനാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായിരുന്ന പി.ബി.അബ്ദുർറസാഖ് ബിജെപിയുടെ കെ.സുരേന്ദ്രനോട് ജയിച്ചത്. കള്ളവോട്ട് നടന്നത് കൊണ്ടാണ് ബിജെപി തോറ്റതെന്നും പറഞ്ഞു ഹൈക്കോടതിയിൽ കെ.സുരേന്ദ്രൻ കേസ് ഫയൽ ചെയ്യുകയും അതിന്റെ സാക്ഷിവിസ്താരങ്ങൾ നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിലാണ് പി.ബി.അബ്ദുർറസാഖ് മരണപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിൽ ഒരു സീറ്റ് പിടിച്ചെടുക്കാൻ പറ്റുമെന്ന ഉറച്ചുവിശ്വസിച്ചു അതിനുവേണ്ടി സാധ്യമാകുന്ന എല്ലാ വഴികളിൽ കൂടിയും പണിയെടുത്ത് കൊണ്ടിരിക്കുകയാണ് സംഘപരിവാരം.
കേരളത്തിന്റെ അത്യുത്തര ദേശത്താണ് കാസര്‍കോട് ജില്ല സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ വടക്കൻ പ്രദേശങ്ങൾ പ്രത്യേകിച്ചും ചന്ദ്രഗിരിപ്പുഴയുടെ വടക്കൻ പ്രദേശങ്ങൾ കേരളത്തിലെ പൊതുമണ്ഡലത്തിനു എല്ലാ അര്‍ഥത്തിലും അന്യമാണ്. പല നിഗൂഢതകൾ നിറഞ്ഞ അദൃശ്യപ്രദേശം എന്നതാണ് പൊതുബോധത്തിലുറച്ച ചിത്രം. മീഡിയ വിസിബിലിറ്റി തീരെ ഇല്ലാത്ത പ്രദേശമാണത്. എന്നാലും സിനിമയിലും സാഹിത്യത്തിലും ദേശീയ മാധ്യമങ്ങളിലും വരെ കൃത്യമായ അപരവൽക്കരണത്തിന്റെ ഭാഗമായി ചില പൊതുബോധ സൃഷ്ടികള്‍ പ്രസ്തുത പ്രദേശത്തെപ്പറ്റി നിർമിക്കപ്പെട്ടിട്ടുണ്ട്.
വാര്‍പ്പുമാതൃകകള്‍
മുസ്‌ലിം ലീഗിന് സ്വാധീനമുള്ള മുസ്‌ലിം ഭൂരിപക്ഷ പ്രദേശം, സാമ്പത്തികമായി മുസ്‌ലിം സമുദായം ശക്തിയാർജ്ജിച്ച പ്രദേശം എന്നതാണ് കാസര്‍കോടെന്ന അത്യുത്തര ദേശത്തിന്റെ സാമൂഹിക ഘടന. അതുകൊണ്ടു തന്നെ കാസര്‍കോട് ഇച്ച എന്ന പ്രയോഗം എന്നത് അതിന്റെ സാമുദായിക ബിംബവൽക്കരണമാണ്. മാത്രമല്ല പുത്തൻ പണവും, കള്ളക്കടത്തും, പിടിച്ചുപറിയും, ദേശദ്രോഹവും, ദേശവിരുദ്ധ പ്രവർത്തനവും അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളും ഒക്കെയായാണ് കാസര്‍കോട് ഇച്ചയുടെ ആധിപത്യ പ്രതിനിധാനം.
വ്യക്തിപരമായ ഉദാഹരണം പറയുകയാണെങ്കില്‍ ഈയിടെ അബൂദബിയിൽ നടന്ന ഒരു കായിക മത്സരത്തിൽ നടന്ന അനൗണ്സ്മെന്റിൽ പോലും കാസര്‍കോടിനെ താരതമ്യം ചെയ്തത് ദാവൂദ് ഇബ്‌റാഹീമിന്റെ സാമ്രാജ്യത്തോടാണ്. പ്രവാസത്തിനു മുമ്പ് തൃശ്ശൂരിൽ പഠിക്കുന്ന കാലത്തും ഇത്തരം വാര്‍പ്പുമാതൃകകള്‍ ഞാന്‍ പരിചയിച്ചിട്ടുണ്ട്, നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ എസ്.പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനുമായി ഒരു പൊതുപരിപാടിയിൽ സംവദിക്കേണ്ടി വന്നപ്പോൾ, എന്റെ സ്ഥലം ചോദിക്കുകയും ആ പൊതുപരിപാടിയിൽ വെച്ചുതന്നെ പിന്നീട് “ദേശവിരുദ്ധരുടെ നാട്” എന്ന് അദ്ദേഹത്തിന്റെ വായില്‍ നിന്ന് ഞാന്‍ കേൾക്കുകയും ചെയ്തു. എയർപോർട്ടിലായാലും പോലീസ് സ്റ്റേഷനിലായാലും ഈ പൊതുബോധം പ്രവർത്തിക്കുന്നത് കൊണ്ട് ഓരോ കാസര്‍കോടന്‍ “ഇച്ച”യും നേരിടുന്ന ചോദ്യങ്ങളും പ്രയാസങ്ങളും ചെറുതല്ല.
കേരളത്തിലെ രാഷ്രീയ സാമൂഹിക പ്രസ്ഥാനങ്ങൾ ഒരു യാത്രയോ ജാഥയോ തുടങ്ങുന്നത് കാസര്‍കോടിന്റെ അത്യുത്തര ദേശത്തു നിന്നാണ് എന്നതിനപ്പുറം അവരിൽ മറ്റൊരു പ്രതിബദ്ധതയും കാണാറില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അങ്ങേയറ്റത്തെ അവഗണനയാണ് ഈ ദേശത്തോട് കാണിക്കുന്നത്. വികസനമായാലും ഇവിടത്തെ ഒരു സാമൂഹിക പ്രശ്നത്തെ അഭിമുഖീകരിക്കുന്നത് ആയാലും ഈ ദേശം അവഗണന നേരിടുന്നു. സിനിമകള്‍ പറയുന്ന പോലെ കേരളത്തിലെ ബ്യൂറോക്രസിയുടെ ദുർഗുണ പരിഹാര പാഠശാലയാണ് കാസര്‍കോട്. പോലീസായാലും മറ്റു സര്‍ക്കാര്‍ വകുപ്പായാലും കാസര്‍കോട്ടേക്ക് ആളുകളെ “തട്ടാറാണ്” പതിവ്. അങ്ങനെ സ്ഥലംമാറ്റപ്പെടുന്ന ബ്യൂറോക്രാറ്റുകൾ എന്താണ് ഇവിടെ ചെയ്യുന്നത്? അതിന്റെ ദുരനുഭവങ്ങൾ ആ ദേശവും അവിടത്തെ പൗരന്മാരും അനുഭവിക്കുക മാത്രമാണ് അതിലെ അനീതി. ഈ അർഥത്തില്‍ ഭരണകൂടം തന്നെ ഒരു ദേശത്തെ കാണുന്ന രീതിയാണ് ഇവിടെ വ്യക്തമാകുന്നത്.
സംഘപരിവാറിന്റെ വളര്‍ച്ച
മാറിയ രാഷ്ട്രീയ സാഹചര്യത്തിന്റെ സൂചനകള്‍ എന്നോണം തെക്ക് – പടിഞ്ഞാറൻ കർണാടകയിലെ സംഘപരിവാർ സംഘടനകൾ വളരെ തീവ്രസ്വഭാവത്തിൽ കയ്യടക്കി വെക്കാൻ ശ്രമിക്കുന്നുണ്ട്. ദേശീയ നേതാക്കളൊക്കെ നിരന്തരം ജില്ല സന്ദർശിച്ചും ആൾക്കൂട്ട അക്രമങ്ങളും കൊലപാതകങ്ങളും നടത്തിയും പ്രകോപനപരമായ പ്രസ്താവനകളിറക്കിയും തീവ്രവർഗീയ വിഷം വമിക്കുന്ന സംഘപരിവാർ ഈ പ്രദേശത്തു മുന്നോട്ട് പോകുന്നുണ്ട്. ഒരു അദൃശ്യ പ്രദേശം എന്ന നിലയിലും ദേശദ്രോഹികളായ കാസര്‍കോട് ഇച്ചമാരുടെ ഇടം എന്ന നിലയിലും ഇവിടുന്നുള്ള ശരിയായ വാർത്തകൾ പുറംലോകത്തേക്ക് എത്താറില്ല. മഞ്ചേശ്വരം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കർണാടകയിലെ ബിജെപിയുടെ നേതാവ് നളിൻ കുമാർ കട്ടീലിന്റെ മഞ്ചേശ്വരം കേരളത്തിലെ കശ്മീരാകുമെന്ന പ്രസ്‌താവന കൂട്ടിച്ചേർത്ത് വായിക്കുമ്പോൾ, എങ്ങനെയാണ് കാസർഗോഡ് അപനിർമിക്കപ്പെടുന്നത് എന്ന് മനസിലാകും. മുസ്‌ലിമായ കാസര്‍കോട് ഇച്ചമാർ എങ്ങനെ ടാർഗറ്റ് ചെയ്യപ്പെടുന്നു എന്നത് ഇതിനോട് കൂട്ടിവായിച്ചാൽ മതി.
സംഘപരിവാരം കാസര്‍കോട് ജില്ലയിലെ മുസ്ലിംകള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്ന്, കാസര്‍കോട്ടെ മുസ്ലിംകൾ രാജ്യദ്രോഹികളാണെന്നതാണ്. കള്ളക്കടത്ത്, കള്ളനോട്ടടി, തീവ്രവാദം, സ്വര്‍ണ്ണക്കടത്ത്, കാസര്‍കോട് എംബസി തുടങ്ങിയ എലെമെന്‍റുകള്‍ ഉയര്‍ത്തി മൊത്തം മുസ്ലിംകളെ രാജ്യദ്രോഹികളായി ചാപ്പകുത്തുന്ന പരിപാടി നേരത്തെയുണ്ട്. ഈ പൊതുബോധം വ്യാപകമാക്കുന്നതില്‍ അവർ വിജയിച്ചിട്ടുമുണ്ട്. മുസ്ലിംകളുടെ സാമ്പത്തിക ഉന്നമനത്തെ കുറിച്ച ഭീതിയുണ്ടാക്കലാണ് രണ്ടാമത്തേത്. രാജ്യദ്രോഹത്തിലൂടെയാണ് ഇവിടുത്തെ മുസ്ലിംകൾ സമ്പത്ത് ഉണ്ടാക്കിയിട്ടുള്ളതെന്നും അതിനാല്‍ തന്നെ അവരുടെ സമ്പത്ത് കൊള്ളയടിക്കപ്പെടേണ്ടതാണെന്നുമുള്ള വ്യാപക പ്രചാരണമാണ് അഴിച്ചുവിടുന്നത്.
അതുകൊണ്ട് തന്നെ കാസര്‍കോട് നടക്കുന്ന ആക്രമണങ്ങളിലൊക്കെയും വ്യാപാരസ്ഥാപനങ്ങളും വീടുകളും വ്യാപകമായി നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്യുക എന്നത് സര്‍വ്വസാധാരണമാണ്. മുസ്‌ലിംകളുടെ ആഘോഷ പരിപാടികളിലും സ്ഥാപനങ്ങളിലേക്കും കല്ലെറിഞ്ഞും പ്രകോപിച്ചും അരാജകത്വവും ഭയവും അവർ സൃഷ്ടിക്കാറുണ്ട്.
ഈയടുത്തായി കാസര്‍കോട് നടന്ന സംഭവങ്ങൾ മാത്രം പരിശോധിച്ചാൽ സംഘപരിവാർ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് മനസിലാക്കാം. മുസ്‌ലിം വ്യക്തികളെയും സ്ഥാപനങ്ങളെയും കൃത്യമായി ടാർഗറ്റ് ചെയ്ത് അരാജകത്വവും ഭയവും സൃഷ്ടിച്ച് നിയമവ്യവസ്ഥകളെ ഒക്കെ നോക്കുകുത്തിയാക്കി ആക്രമിക്കുകയാണ്. മുള്ളേരിയയിൽ വെച്ച് വഴിയിൽ നിൽക്കുകയായിരുന്ന ജാഫർ എന്ന യുവാവിനോട് മതം ചോദിച്ചു, മുസ്‌ലിം ആണെന്നതിന്റെ പേരിൽ ക്രൂരമായി മർദിക്കുകയുണ്ടായി. ഹെൽമെറ്റ് കൊണ്ട് തലയിൽ മാരകമായ പരിക്കാണ് ഉണ്ടാക്കിയത്. നാൽപതും അൻപതും വരുന്ന വലിയ ആൾക്കൂട്ടങ്ങളായി കൊണ്ടാണ് ആക്രമണങ്ങൾ നടത്തുന്നത്. പോലീസിനെയും നിയമസംവിധാനങ്ങളെയും നോക്കുകുത്തിയാക്കിയാണ് പ്രതികൾ രക്ഷപ്പെടുന്നത്. നിസ്സാരമായ കാരണങ്ങളുണ്ടാക്കിയാണ് ആക്രമണങ്ങൾ ഒക്കെയും നടത്തുന്നത്. ഈയടുത്ത് കെയർവെൽ ഹോസ്പിറ്റലിൽ ആക്രമണം നടത്തിയതും മുസ്‌ലിം ലേബൽ കൊണ്ട് മാത്രമാണ്.
കരീം ഉസ്താദ് വധശ്രമം
ജനുവരി 4ന് സംസ്ഥാനത്ത് ശബരിമല വിഷയത്തില്‍ നടന്ന ഹര്‍ത്താലില്‍ കാസര്‍കോട് ജില്ലയിലെ ബായാറില്‍ വെച്ച് കരീം ഉസ്താദ് മാരകമായി ആക്രമിക്കപ്പെടുകയുണ്ടായി. ബൈക്കില്‍ പോകുകയായിരുന്ന കരീം ഉസ്താദിനെ സംഘപരിവാര ആള്‍ക്കൂട്ടം അടിച്ചുവീഴ്ത്തുകയും ആണിവെച്ച പട്ടിക കൊണ്ട് തലക്ക് മാരകമായ മുറിവേൽപിക്കുകയും മൃതപ്രായനാക്കി തെരുവില്‍ ഉപേക്ഷിക്കുകയും ചെയ്തു. തീര്‍ത്തും നിരപരാധിയായ, ഹര്‍ത്താലുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും ഭാഗഭാക്കാകാത്ത അദ്ദേഹം സംഘപരിവാരത്തിന്‍റെ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാകുന്നത് മുസ്ലിം എന്ന ഒറ്റക്കാരണം കൊണ്ട് തന്നെയാണെന്ന് മനസിലാക്കാന്‍ സാധിക്കും. കാസര്‍കോട് ജില്ലയിലെ ആക്രമണ രീതി വെച്ച് മനസിലാക്കിയാല്‍ അത് വളരെ കൃത്യവുമാണ്.
ശ്രദ്ധേയമായ മറ്റൊരു കൊലപാതകം ആണ് 2017 മാര്‍ച്ച് മാസത്തില്‍ കാസര്‍കോട്ടെ മുഹിയുദ്ദീന്‍ മസ്ജിദില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസ് മൗലവിയെ സംഘപരിവാരം മുസ്ലിം ആണെന്നതിന്‍റെ പേരില്‍ മാത്രം കൊല ചെയ്യപ്പെടുന്നത്. അതിനു മുമ്പ് എട്ട് വയസ്സു മാത്രം പ്രായമുള്ള ഫഹദ് മോനെ കൊലപ്പെടുത്തുന്നത് ശശികലയുടെ വിഷ പ്രസംഗങ്ങള്‍ക്ക് അടിമപ്പെട്ട സംഘപരിവാറുകാരൻ വിജയനാണ്. ഇതൊക്കെ മാധ്യമശ്രദ്ധ നേടിയതാണെങ്കിൽ, ശ്രദ്ധിക്കപ്പെടാത്ത ചെറുതും വലുതുമായ നിരവധി ആക്രമണങ്ങള്‍ നിരന്തരം കാസര്‍ഗോഡ് ഉണ്ടാകുന്നുണ്ട്.
ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ മുസ്ലിം ഉന്മൂലനത്തിന് ഉപയോഗിക്കുന്ന എല്ലാ ഘടകങ്ങളും കാസര്‍കോട്ടെ ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കാറുണ്ട്. പശുക്കടത്ത്, ലൗ ജിഹാദ് ആരോപണങ്ങൾ, മുസ്ലിം മതചിഹ്നങ്ങളോടുള്ള ഭീതിയും വെറുപ്പും സൃഷ്ടിക്കൽ, ആള്‍കൂട്ട ആക്രമണങ്ങള്‍ ഒക്കെ കാസര്‍കോട് റ്റൂളായി ഉപയോഗിച്ചിട്ടുണ്ട്. ശ്രീരാമസേന പോലുള്ള മംഗലാപുരം ആസ്ഥാനമാക്കിയുള്ള സംഘങ്ങളെ ഉപയോഗപ്പെടുത്തിയായിരുന്നു ആക്രമണങ്ങളൊക്കെയും.
കാസര്‍കോടിലൂടെ സഞ്ചരിക്കുന്ന ആര്‍ക്കും എളുപ്പം മനസിലാകുന്ന തരത്തിൽ പ്രകടമാണ് സംഘപരിവാരത്തിന്‍റെ ആസൂത്രണം. കൃത്യമായ വര്‍ഗീയ വിഷം നാടെങ്ങും കുത്തിവെക്കാന്‍ ശ്രമിക്കുന്നതായി കാണാം. മഞ്ചേശ്വരം ഭാഗങ്ങളിലെ ഗവണ്മെന്റ് സ്കൂളുകൾ പോലും ആ അര്‍ഥത്തില്‍ അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. പി.റ്റി പിരിയഡില്‍ കളിക്കാന്‍ ടീം തയ്യാറാക്കുന്നത് പോലും മുസ്ലിം ടീം – ഹിന്ദു ടീം എന്ന നിലയിലാണ്. സംഘപരിവാര്‍ അവരുടെ ബാലവേദിയുടെ സ്ഥിരം ക്യാമ്പിലേക്ക് കുട്ടികളെ എത്തിക്കുന്നതും അവര്‍ക്കു നല്‍കുന്ന ക്ലാസുകളും ഒക്കെ സുപരിചിതമാണ്. ഈയിടെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു, മഞ്ചേശ്വരത്ത് നടന്ന ഒരു ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റില്‍ നിന്ന് ഒരു സമുദായത്തില്‍ നിന്നുള്ള കളിക്കാര്‍ ഉണ്ടാകാന്‍ പാടില്ല എന്ന് തീരുമാനിക്കപ്പെട്ടത്. അങ്ങനെ ഹിന്ദു ഗല്ലികള്‍ നിര്‍മിച്ചെടുക്കുന്നുണ്ട്.
വിഷലിപ്തമായ വംശീയബോധം വളർത്തൽ, കൃത്യമായ ഹിന്ദു – മുസ്ലിം വേര്‍തിരിവ് സൃഷ്ടിക്കൽ, പശുക്കടത്ത്, ലൗ ജിഹാദ്, തീവ്രവാദം പോലുള്ള അവര്‍ സൃഷടിച്ച് മാധ്യമങ്ങള്‍ ആഘോഷിച്ച ആരോപണങ്ങൾ ഉപയോഗപ്പെടുത്തല്‍, ആസൂത്രിതമായ ആക്രമണം – ഇതൊക്കെയാണ് സംഘപരിവാര്‍ കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്നത്. അതൊരു ദക്ഷിണേന്ത്യയിലെ സംഘ് പരീക്ഷണശാല തന്നെയാണ്. ആക്രമികളൊക്കെയും കേസില്‍ കുടുങ്ങാതെ എങ്ങനെ ആക്രമണം നടത്തണം എന്നതില്‍ അതീവ നിപുണരാണെന്നതിനു പുറമെ, ശ്രീധരന്‍ പിള്ള പോലുള്ള ബിജെപിയുടെ ഉന്നത ക്രിമിനല്‍ വക്കീലന്മാര്‍ വക്കാലത്തുമായി കോടതികളില്‍ ഉണ്ടാവുകയും ചെയ്യും. ശശികല, പ്രവീണ്‍ തെഗാഡിയ, നളിന്‍ കുമാര്‍ കട്ടീല്‍, അമിത് ഷാ, നരേന്ദ്ര മോദി, യോഗി അങ്ങനെ പോകുന്ന സംഘപരിവാരത്തിന്‍റെ നേതാക്കള്‍ നിരന്തരം ജില്ല സന്ദര്‍ശിച്ച് ആവേശവും ഊര്‍ജ്ജവും നല്‍കുന്നത് കൃത്യമായ അജണ്ടകളുടെ ഭാഗമായാണ്.
89 വോട്ടിനു സുരേന്ദ്രൻ തോറ്റിടത്തു നിന്ന് സംഘപരിവാരത്തിനു വിജയിക്കണം. അങ്ങനെ രാഷ്ട്രീയ അധികാരം കൂടി കയ്യാളണം. അതിനു പതിനായിരക്കണക്കിന് കർണാടകയിൽ നിന്നുള്ള സംഘപരിവാരത്തിനെ വോട്ടേഴ്‌സ് ലിസ്റ്റിൽ കയറ്റുന്നുണ്ട്. മത്സരിക്കുന്ന യുഡിഎഫ്, എൽഡിഎഫ് കക്ഷികൾ, സംഘ ഫാസിസത്തെക്കുറിച്ചും കാസര്‍കോടും മഞ്ചേശ്വരത്തും അവർ ചെയ്തുകൊണ്ടിരിക്കുന്ന ആക്രമണങ്ങളെക്കുറിച്ചും വളരെ വിദഗ്ധമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെ കുറിച്ചും മൗനം പുലർത്തുകയാണ്.
മാധ്യമങ്ങളും പൊതുസമൂഹവും നടത്തുന്ന കണ്ണടക്കലാണ് സംഘപരിവാരങ്ങള്‍ക്ക് വംശീയമായ ആക്രമണങ്ങളുമായി മുന്നോട്ട് പോകാന്‍ കരുത്ത് നല്‍കുന്നത്. കാസര്‍കോടിന്‍റെ വടക്കന്‍ ഭാഗങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളും ഉന്മൂലനങ്ങളും നേത്രാവതി പാലത്തിന്റെ വടക്കും ഒളവറ പാലത്തിന്റെ തെക്കിനപ്പുറത്തേക്കും പോകാറില്ല. കാസര്‍കോട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ ഒരു സംഘപരിവാറുകാരന്‍ രാഷ്ട്രീയമായി കൊല്ലപ്പെടുമ്പോള്‍ പാര്‍ലമെന്‍റ് വരെ പ്രക്ഷുബ്ധമാകും. അതിനാല്‍ തന്നെ പശുക്കടത്തിന്‍റെ പേരില്‍ ജീവച്ഛവമാക്കിയ സമീര്‍ മഗല്‍പടിക്കോ ജാഫറിനോ ഒന്നും മാധ്യമശ്രദ്ധയോ രാഷ്ട്രീയ പിന്തുണയോ ലഭ്യമാകില്ല.
സംഘപരിവാരം അതിന്‍റെ അജണ്ടകള്‍ നടപ്പിലാക്കുന്ന ദക്ഷിണേന്ത്യയിലെ പരീക്ഷണശാലയാണ് കാസര്‍കോട് എന്നു തന്നെ പറയാം. കേരളീയ പൊതുസമൂഹം, സ്വതന്ത്ര മാധ്യമങ്ങള്‍ മറ്റു രാഷ്ട്രീയ പാർട്ടികൾ – ഇവയെയൊക്കെ നിശബ്ദമാകുന്നതിലാണ് അവരുടെ ശക്തി. എല്ലാ ഇടങ്ങളിലും അക്രമവും ഭയവും സൃഷ്ടിച്ച് ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ അജണ്ടകള്‍ മനസിലാക്കാതെ, ശത്രുവിനെ തിരിച്ചറിയാതെയാണ് കേരളീയ പൊതുസമൂഹം മുന്നോട്ടു പോകുന്നത്. അതിനാൽ തന്നെ കാസര്‍കോടന്‍ മണ്ണില്‍ നടക്കുന്ന എല്ലാ പ്രതിഷേധങ്ങളെയും ക്രിയാത്മകമായ പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ കാണിക്കുന്ന അക്രമങ്ങളെ അളക്കുന്ന അതേ അളവുകോലില്‍ ഇവിടത്തെ സംഭവവികാസങ്ങളെ അളക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.
കാസര്‍കോടൻ “ഇച്ച” സംഘപരിവാറിനും മുകളിൽ നിൽക്കുന്ന ഭീകരർ ആക്കിത്തീർക്കുന്നത് ജനപ്രിയ കലകളും മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മൗനവും ഇസ്‌ലാമോഫോബിക്കായ അന്തരീക്ഷവും ഒക്കെയാണ്. അയാഥാർഥ്യങ്ങൾ പ്രചരിപ്പിച്ച് യാഥാർഥ്യങ്ങളെ മൂടിവെച്ചു കൊണ്ടുള്ള നിർമിതികളാണ് ഒക്കെയും. തെരെഞ്ഞെടുപ്പ് സമയത്ത് പോലും നിശബ്ദത തുടരുന്ന ഫാസിസ്റ്റു വിരുദ്ധത സ്വന്ത്വം ശരീരത്തിൽ പച്ചകുത്തിയ ഇടത് – വലത് മുന്നണികൾ സംഘപരിവാർ അജണ്ടകൾ അറിയുന്നതേയില്ല.