പൗരത്വനിഷേധം; പുതു ആഖ്യാനങ്ങളുടെ വ്യാകരണം

പൗരത്വത്തെ പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള നിയമങ്ങളും തുടർനടപടികളും പ്രാഥമികമായും ഇൻഡ്യയിലെ മുസ്‌ലിം ജനതയെ ‘ഒറ്റ തിരിക്കുക’, ‘പുറം തള്ളുക’, ‘വംശീയമായ ഉന്മൂലനത്തിന് വിധേയമാക്കുക’ എന്ന നാസി-ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന മുന്നറിവാണ് ഇവിടത്തെ മുസ്‌ലിം സമുദായത്തിൽ ആകമാനവും രൂപപ്പെട്ടിട്ടുള്ളത്. അതനുസരിച്ചുള്ള അതിശക്തമായ പ്രതിരോധവും രാഷ്ട്രീയ പ്രക്ഷോഭങ്ങളും ഇൻഡ്യയൊട്ടാകെ പടർന്നുപിടിച്ചിരിക്കുകയാണ്.

“പറയുക എന്നത് വീണ്ടും പറയുക എന്നതല്ല, മറിച്ച് മുന്നറിവു നൽകുക കൂടിയാണ്”

-ആൽബർട്ട് മുറേ

(റാൽഫ് എലിസണിന്റെ ‘ഇൻവിസിബിൾ മാൻ’ എന്ന നോവലിന് എഴുതിയ ആമുഖത്തിൽ നിന്ന്)

 

സിഗ്മണ്ട് ഫ്രോയ്ഡ് കുട്ടിയായിരുന്നപ്പോൾ അടുത്തുള്ള ചന്തയിൽ അമ്മ അദ്ദേഹത്തെയും കൂട്ടിക്കൊണ്ടുപോയി. സാധനങ്ങൾ വാങ്ങുന്നതിനിടയിൽ വിലയുടെ കാര്യത്തിൽ കച്ചവടക്കാരനുമായി ചെറിയ തർക്കം നടന്നു. സംസാരത്തിനിടയിൽ അയാൾ പറഞ്ഞു: “എടീ, നീയൊക്കെ ഇപ്പോൾ തർക്കിച്ചോ. നിന്നെയും നിന്റെ ആൾക്കാരെയും ഈ നാട്ടിൽ നിന്നു തുടച്ചു മാറ്റാൻ ഇനി അധിക കാലമില്ല”. 

ഇതു കേട്ടതോടെ അമ്മ അലമുറയിട്ടു നിലവിളിക്കുകയും ബോധരഹിതയായി വീഴുകയും ചെയ്തു.

ജർമനിയുടെ പൊതുബോധത്തിൽ നിറഞ്ഞുനിന്നിരുന്ന ജൂതന്മാരോടുള്ള വെറുപ്പ് വംശീയമായ ഉന്മൂലനങ്ങളിലേക്ക് എത്തിച്ചേർന്നതിന്റെ മുന്നറിവായിട്ടാണു ഫ്രോയ്ഡ് ഇത് ഉൾക്കൊണ്ടതെന്നു സാൻഡർ ഗിൽമാൻ വിശദീകരിച്ചിട്ടുണ്ട്.

രണ്ടാം മോദി സർക്കാർ, ഭരണഘടനയുടെ പതിനാലാം വകുപ്പിനു വിപരീതമായി, പൗരത്വഭേദഗതി നിയമം (സിഎഎ) എന്ന പൗരത്വവിവേചന നിയമം പാസാക്കിയിരിക്കുകയാണല്ലോ. തുടർന്ന് അതിനേക്കാൾ ഭീകരമായ ദേശീയ പൗരത്വ പട്ടിക (എൻആർസി)യും ജനസംഖ്യാ പട്ടിക (എൻപിആർ)യും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.

പൗരത്വത്തെ പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള ഈ നിയമവും തുടർനടപടികളും, പ്രാഥമികമായും ഇൻഡ്യയിലെ മുസ്‌ലിം ജനതയെ, ‘ഒറ്റ തിരിക്കാനും’ ‘പുറം തള്ളാനും’ ‘വംശീയമായ ഉന്മൂലനത്തിനു വിധേയമാക്കാനും’ ഉള്ള നാസി-ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി നടപ്പാക്കുന്നതാണെന്ന മുന്നറിവ് ഇവിടത്തെ മുസ്‌ലിം സമുദായത്തിൽ ആകമാനം രൂപപ്പെട്ടിട്ടുണ്ട്. അതനുസരിച്ചുള്ള അതിശക്തമായ പ്രതിരോധവും രാഷ്ട്രീയ പ്രക്ഷോഭങ്ങളും ഇൻഡ്യയൊട്ടാകെ പടർന്നുപിടിച്ചിരിക്കുകയാണ്. ഒന്നാം വാജ്‌പേയി സർക്കാരിന്റെ കാലത്ത് രൂപപ്പെടുത്തിയതാണു മേൽപ്പറഞ്ഞ പ്രഖ്യാപിത അജണ്ടയെങ്കിലും അന്നത്തെ രാഷ്ട്രീയ സാഹചര്യം മൂലം അവർക്കതു പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇപ്പോഴത്തെ സർക്കാർ അഭൂതപൂർവമായ തിരഞ്ഞെടുപ്പു വിജയം നേടുകയും തുടർന്ന് സുപ്രിം കോടതി, തിരഞ്ഞെടുപ്പ് കമ്മീഷൻ മുതലായ ഭരണഘടനാ സ്ഥാപനങ്ങളെ നിർവീര്യമാക്കുകയും പ്രതിപക്ഷ കക്ഷികളെ ശിഥിലീകരിക്കുകയും ചെയ്തതോടെ, തങ്ങളുടെ വംശീയ അജണ്ട പുറത്തെടുക്കാൻ സംഘ് പരിവാറിനു സാധിച്ചിരിക്കയാണ്. മുത്വലാഖ്‌ ക്രിമിനൽ കുറ്റമാക്കിയും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞും ബാബരി മസ്ജിദ് വിധിയിൽ ഒത്താശ ചെയ്തും അതിനു പറ്റിയ സാഹചര്യവും അവരൊരുക്കി. മാത്രമല്ല, ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും ദേശീയ ന്യൂനപക്ഷാവകാശ കമ്മീഷൻ പിരിച്ചു വിടുമെന്നും അവർ പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം തന്നെ, മുസ്‌ലിം ജനതയിൽ നിന്നുള്ള പ്രതിരോധത്തെ മുൻകൂട്ടി കണ്ടുകൊണ്ടു യുഎപിഎ  നിയമത്തിൽ ഭേദഗതി വരുത്താനും അവർക്കായി.

 ഹിന്ദുത്വത്തിന്റെ ഈ നടപടികൾ, നാസികളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടതും വി.ഡി. സവർക്കർ, എം.എസ്. ഗോൾവാൾക്കർ മുതലായ ബ്രാഹ്മണ വംശീയവാദികളുടെ രാഷ്ട്രീയ പദ്ധതികളുടെ ഭാഗവുമാണ്. എന്നാൽ, നിയമനിർമാണത്തിലൂടെയും ഭരണകൂട നടപടികളിലൂടെയും രൂപപ്പെടുത്തുന്ന ഈ പ്രക്രിയയിലെ വംശീയതയേയും മുസ്‌ലിം വിരുദ്ധതയേയും തിരിച്ചറിയുന്നതിനു പൊതുവേ നമ്മുടെ ലിബറൽ ഭാവുകത്വം തയ്യാറായിട്ടില്ലെന്നതാണു ഖേദകരം.

അവർ ഹിന്ദുത്വത്തെ ‘മതരാഷ്ട്ര’മെന്നു വ്യാഖ്യാനിക്കുകയും അതിനു തൂക്കമൊപ്പിച്ചുകൊണ്ടു മുസ്‌ലിം സമുദായത്തിൽ നിന്നുള്ള പ്രതിരോധ സമരങ്ങളെ ഇസ്‌ലാമിക മതരാഷ്ട്രത്തിനു വേണ്ടിയുള്ള ഇടപാടുകൾ എന്നു  പ്രചരിപ്പിക്കുകയുമാണു ചെയ്യുന്നത്.

ഹിന്ദു മതം നിലനിൽക്കുന്നില്ലെന്നും അതു ജാതികളുടെ കൂട്ടമാണെന്നും മുസ്‌ലിം വിരുദ്ധ കടന്നാക്രമണങ്ങളുടെ കാലത്തു മാത്രമാണു ഹൈന്ദവ പൊതുബോധം രൂപപ്പെടുന്നതെന്നും ഡോ. ബി.ആർ. അംബേഡ്കർ നിരീക്ഷിച്ചിട്ടുണ്ട്. ഹിന്ദുക്കളിൽ ഒരു മതാധികാരകേന്ദ്രമോ ഏകീകൃതമായ വിശ്വാസപ്രമാണമോ ഇല്ലാത്തതുമൂലം മതരാഷ്ട്രം അല്ലെങ്കിൽ തിയോളജിക്കൽ സ്റ്റേറ്റ് രൂപവത്കരിക്കുക എന്നത് അസാധ്യമാണ്. അതിനാലാണ് അവർ സാംസ്കാരിക ദേശീയവാദത്തിൽ നിന്നും അഖണ്ഡഭാരത സങ്കൽപ്പത്തിൽ നിന്നും ഏകാത്മക മാനവികവാദത്തിൽ നിന്നുമെല്ലാം ഊർജം സംഭരിക്കുന്നത്; ഹിന്ദു ഇതിഹാസ കഥാപാത്രങ്ങളെയും മനുസ്‌മൃതി അടക്കമുള്ള ബ്രാഹ്മണ്യ ഗ്രന്ഥങ്ങളെയും ആധാരമാക്കുന്നത്. ഇതെല്ലാം, ‘ദേശം’ (Nation) എന്ന പരികൽപനയിലേക്കാണു കൂട്ടിച്ചേർക്കുന്നത്. ഇതിനർഥം, ബ്രാഹ്മണ്യ വംശീയ ഉന്മൂലനത്തെ അടിസ്ഥാനപ്പെടുത്തിയ, അതിന്റെ സർവാധികാരത്തിനു വിധേയമായ, വംശീയ ഭരണകൂടം അഥവാ റേസിസ്റ്റ് സ്റ്റേറ്റ് രൂപവത്കരിക്കാനാണു ഹിന്ദുത്വവാദികൾ ശ്രമിക്കുന്നത് എന്നാണ്. അതിനു വേണ്ടി പൗരത്വത്തെ പുനർനിർണയിക്കാനാണ് അവർ ഉദ്യമിക്കുന്നത്. ഇതിനെ, ഭരണഘടനയിൽ നിന്നുള്ള കേവല വ്യതിയാനമെന്നോ മതേതരത്വത്തിന്റെ ദുർബലപ്പെടുത്തലെന്നോ മതരാഷ്ട്ര സ്ഥാപനമെന്നോ ചുരുക്കാൻ കഴിയില്ല.

ആഗോളവത്കരണത്തിലൂടെ ദേശരാഷ്ട്രങ്ങൾ ദുർബലമായെന്നും ഇനിമുതൽ വ്യക്തികളുടെയും സമുദായങ്ങളുടെയും സ്വതന്ത്ര വിനിമയം ആയിരിക്കും ഉണ്ടാവുക എന്നെല്ലാമുള്ള ലിബറൽ ഭാവനകൾ ചിതറിപ്പോയ ലോകസാഹചര്യമാണ് ഇന്നുള്ളത്. അതിർത്തികൾ തുറക്കുകയല്ല, മറിച്ച് അടച്ചുപൂട്ടുകയാണു ദേശരാഷ്ട്രങ്ങൾ ചെയ്യുന്നത്. അഭയാർഥികൾ, കുടിയേറ്റക്കാർ, തൊഴിൽ അന്വേഷകർ മുതലായ വിഭാഗങ്ങളെ രാജ്യാന്തരീയമായി ഉൾക്കൊള്ളുന്നതിനു പകരം അവരെ അപരരും ശത്രുക്കളുമായി കാണുന്ന വിധത്തിൽ ദേശീയ ബോധം മാറുകയാണുണ്ടായത്.

ഈയൊരു ലോകസാഹചര്യത്തെ ഉൾക്കൊണ്ട് ഇൻഡ്യയിൽ നടക്കുന്ന പൗരത്വഭേദഗതി വിരുദ്ധ സമരങ്ങളെയും അതിന്റ പശ്ചാത്തലങ്ങളെയും പ്രതിപാദിക്കുന്ന പതിമൂന്നോളം ലേഖനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ആഗോളവത്കരണത്തിനും അതിനു ശേഷമുള്ള എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം നവഗാന്ധിസമോ നവമാർക്‌സിസമോ ആണെന്ന ലിബറൽ ഭാവനകളിൽനിന്നു വേർപെട്ടുകൊണ്ടുള്ള നിരീക്ഷണങ്ങളാണ് കെ. അഷ്‌റഫ് മുന്നോട്ടുവെക്കുന്നത് എന്നതാണ് എടുത്തു പറയേണ്ട സംഗതി. ലോകത്തിലെ അപര ജനതകളുടെ, പുറന്തള്ളപ്പെടുന്നവരുടെ, ഭരണകൂടം ‘നഗ്‌നജീവിതങ്ങളായി’ മാറ്റിത്തീർത്തവരുടെ വർത്തമാനാവസ്ഥയെ ഉൾക്കൊള്ളാനുള്ള ശ്രമമാണ് ഇതിലുള്ളത്. ഒപ്പം, ഇൻഡ്യയിലെ കീഴാള/ദലിത്/ബഹുജനങ്ങളുടെയും വിവിധതരം ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും വിദ്യാർഥി/യുവജനങ്ങളുടെയും ദൈനംദിന രാഷ്ട്രീയ പ്രയോഗങ്ങളെ പഴയ പ്രത്യയശാസ്ത്ര മേൽപ്പുരകളിൽ നിന്നുമാറി കാണാനുള്ള ശ്രമവുമുണ്ട്. ഇതാകട്ടെ, ഹിന്ദുത്വത്തെയും അതിന്റെ ഭരണകൂട മർദക സ്വഭാവത്തെയും തുറന്നുകാട്ടുന്നതിനൊപ്പം കീഴാള ജനാധിപത്യ ധാരകളെയും അതിന്റെ സംവാദ തലങ്ങളെയും ഉയർത്തിപ്പിടിച്ചാണു ചെയ്യുന്നത്.

ഹന്നാ ആരന്റ്, തിയോഡോർ അഡോണോ, ജോർജിയോ അഗമ്പൻ മുതലായ ചിന്തകർ, ദേശരാഷ്ട്രവും ഭരണകൂടവും തമ്മിലും മനുഷ്യാവകാശവും പൗരത്വവും തമ്മിലും കണ്ടെത്തിയിട്ടുള്ള സൂക്ഷ്മ നിരീക്ഷണങ്ങൾക്കൊപ്പം യാനിസ് സ്റ്റവ്രകാകിസ്‌, സൽമാൻ സയ്യിദ്, സൗൾ ന്യൂമാൻ, ഷെർമൻ ജാക്സൻ, ഹൂറിയ ബൂതൽജ, ജെയിംസ് സ്കോട്ട് തുടങ്ങിയ പുതുകാല ചിന്തകരെയും അഷ്‌റഫ് പരിചയപ്പെടുത്തുന്നുണ്ട്. അപ്പോൾ തന്നെ ഇൻഡ്യയിലെ ദേശരാഷ്ട്ര രൂപവത്കരണത്തിലേക്കു നയിച്ച ഭരണഘടനാ നിർമാണസഭയിലെ ചർച്ചകളും ഇതര ന്യൂനപക്ഷ പ്രതിനിധാനങ്ങൾ നടത്തിയ ഇടപെടലുകളും നീക്കുപോക്കുകളും  വിലയിരുത്തപ്പെടുന്നുണ്ട്. നാനാത്വത്തിൽ ഏകത്വത്തിന് ഉപരിയായി, വ്യത്യസ്തതകളുടെ സഹവർത്തിത്വത്തിനു കാരണമായ നിരവധി ഉടമ്പടികളെയും സാമൂഹികമായ കരാറുകളെയും പറ്റി എഴുത്തുകാരൻ ബോധവാനാണ്. ചുരുക്കിപ്പറഞ്ഞാൽ, ഒരു സമഗ്രാധിപത്യ രാഷ്ട്രീയ വ്യവസ്ഥയിൽ, രാഷ്ട്രത്തിനു മേൽ ദേശത്തെ സ്ഥാപിക്കുന്ന ശക്തികൾ മേൽക്കൈ നേടുന്നതിനെപ്പറ്റി പ്രതിപാദിക്കുന്നതിൽ സാമൂഹിക കരാറുകളുടെ അട്ടിമറിയും പുതിയ വംശീയ നിയമങ്ങൾ ഉണ്ടാവുന്നതിന്റെ ചരിത്രപശ്ചാത്തലവും പ്രധാനമായി ഈ പുസ്തകം കാണുന്നു.

ഇൻഡ്യയിൽ നടന്നു കൊണ്ടിരിക്കുന്ന പൗരത്വഭേദഗതി വിരുദ്ധ സമരത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ‘ഹോളോകോസ്റ്റിനു’ വിധേയമായ ജൂതജനതയുടെ അനുഭവങ്ങൾ. സമാനമായ അനുഭവത്തിലേക്കാണ് ഇൻഡ്യയിലെ മുസ്‌ലിംകളും അവർക്കു ശേഷം ഇവിടത്തെ ദലിതരും ആദിവാസികളും മറ്റു പാർശ്വവൽകൃത ജനതയും കടന്നുപോകുന്നതെന്നു പലരും നിരീക്ഷിക്കുന്നു.

എന്നാൽ, ജൂതന്മാർ, ഒറ്റപ്പെട്ട/പുറന്തള്ളപ്പെട്ട ജനതയായി മാറിയത്, യൂറോപ്പിലാകമാനം വ്യാപിച്ച, ക്രൈസ്തവ ആന്തരികതയുള്ള  മതേതരവത്കരണ പ്രക്രിയയിൽ ഉൾപ്പെടാൻ ‘യോഗ്യര’ല്ലാത്തവിധം അവരുടെ മേൽ വംശീയ മുൻവിധികൾ അടിച്ചേൽപ്പിച്ചതു മൂലമാണെന്നു ഹന്ന ആരന്റ് നിരീക്ഷിക്കുന്നു. അപ്രകാരം ഒറ്റതിരിക്കപ്പെട്ട ജൂതർ, ദേശത്തിന്റെ അപരരും അധികപ്പറ്റുകളുമായി മാറിയതിലൂടെ അതു ‘ഹോളോകോസ്റ്റിനുള്ള’ സാധൂകരണമായി മാറുകയായിരുന്നു. 

ഇൻഡ്യയെ സംബന്ധിച്ചിടത്തോളം ‘മതേതരവത്കരണ പ്രക്രിയ’ എന്നത് ഹൈന്ദവ പുനരുത്ഥാനമോ ഹൈന്ദവവൽക്കരണമോ എന്നതിനപ്പുറം കടന്നിട്ടില്ലെന്നതു വസ്തുതയാണ്. ഈ പ്രക്രിയയുടെ സ്വാഭാവിക അപരരാണു മുസ്‌ലിംകളും ഹിന്ദുക്കളിലെ പുറംജാതിക്കാർ എന്നറിയപ്പെടുന്ന കീഴാള ബഹുജനങ്ങളും. അതിനാൽത്തന്നെ, ദേശരാഷ്ട്രം അപരരോടു കണക്കു തീർക്കുന്ന പ്രശ്നസന്ധിയിൽ, ഈ ജനത തന്നെയാവും ഉന്മൂലനത്തിനു വിധേയരാവുക എന്നതു വസ്തുതയാണ്. 

ബ്രാഹ്മണ്യ വംശീയവാദികളും അവർ നയിക്കുന്ന വരേണ്യ ഭരണകൂട സ്ഥാപനങ്ങളും മുസ്‌ലിംകളുടെ ‘വ്യത്യാസത്തെ’ ദേശത്തിന്റെ അഖണ്ഡതക്കു തടസ്സമായി കാണുന്നു എന്നതാണ് ഇവിടെ സവിശേഷം ശ്രദ്ധിക്കേണ്ട കാര്യം. അതേസമയം ഹിന്ദു പുരോഗമനകാരികളാവട്ടെ, ഈ ജനതയെ പൂർവാധുനിക അവസ്ഥയിൽ നിലകൊള്ളുന്നവരായും കാണുന്നു.

ഈ കാഴ്ച/കാഴ്ചപ്പാട് ഒഴിവാക്കണമെങ്കിൽ മുസ്‌ലിം ജനതയുടെ കർതൃത്വം അംഗീകരിക്കപ്പെടണം. ജാതിവ്യവസ്ഥിതിക്ക് എതിരെയുള്ള അബ്രാഹ്മണിക സമരധാരകളെയും ഡോ. ബി.ആർ. അംബേഡ്കറിനെ പോലുള്ളവരുടെ ഇടപെടലുകളെയും വീണ്ടെടുത്തതിലൂടെ ഇൻഡ്യയിലെ കീഴാളർക്ക് ഒരു പരിധി വരെയെങ്കിലും സ്വന്തം കർതൃത്വം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ മുസ്‌ലിം ജനതയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ വിഷയീസ്ഥാനത്തെ ‘മതമൗലികവാദമോ”വർഗീയതയോ’ ‘തീവ്രവാദമോ’ ആയി വ്യാഖ്യാനിച്ചു കൊണ്ട് അതിനെ അലസിപ്പിച്ചു കളയുകയോ വിദൂരമാക്കി മാറ്റുകയോ ആണ് ഇപ്പോഴും നടക്കുന്നത്. 

കെ. അഷ്റഫ്

മുസ്‌ലിം ജനതയെ പ്രതിനിധാന ഹിംസക്കു വിധേയമാക്കുന്ന ലിബറൽ ആഖ്യാനങ്ങളിൽ നിന്നു കുതറിമാറാൻ കെ. അഷ്റഫിനു കഴിഞ്ഞിട്ടുണ്ട്. ജാമിഅ മില്ലിയയിലെയും അലിഗഢിലെയും മുസ്‌ലിം വിദ്യാർഥി പങ്കാളിത്തത്തെയും ഷഹീൻബാഗിലെ രാഷ്ട്രീയത്തെയും, അതിന്റെ മുസ്‌ലിം സ്ത്രീ പങ്കാളിത്തത്തിൽ ഊന്നിക്കൊണ്ടു പ്രതിപാദിക്കുന്നതിലൂടെ, കേവലം ‘വിദ്യാർഥികൾ/കുട്ടികൾ/ജനസഞ്ചയം’ മുതലായ മതനിരപേക്ഷ പാഠങ്ങളുടെ വ്യാകരണത്തെയാണു ഗ്രന്ഥകാരൻ നിഷേധിക്കുന്നത്. അതേസമയം, പൗരത്വനിയമ വിരുദ്ധ സമരത്തിനു പൗരസമൂഹവുമായുള്ള ദൃഢബന്ധത്തെക്കുറിച്ചും ചന്ദ്രശേഖർ ആസാദിനെപ്പോലുള്ള പുതുകാല ദലിത് നേതൃത്വത്തെ ഉൾക്കൊള്ളാൻ കഴിയുന്നതിനെ സംബന്ധിച്ചും, കേവല മതേതര വിശകലനങ്ങളെ മറികടന്നുള്ള നിരീക്ഷണങ്ങൾ അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട് .

അപരങ്ങളോടുള്ള ഹിംസാപരത, അക്രമണോത്സുകമായ ദേശീയവാദം, സർവാധിപത്യ രാഷ്ട്രം, രഹസ്യപൊലീസ് സംവിധാനം, കുത്തകാധിപത്യം, പ്രചാരണ തന്ത്രങ്ങൾ, പൊതുബോധത്തിനു കീഴ്പ്പെടുന്ന രാഷ്ട്രീയ നേതൃത്വം, പാപ്പരായ ബൗദ്ധിക സമൂഹം മുതലായവയാണു ഫാഷിസത്തിന്റെ സൂചനകൾ. ഇതെല്ലാം ഇൻഡ്യയിൽ രൂപപ്പെട്ടുകഴിഞ്ഞു. എന്നല്ല, സ്ഥാപനവൽക്കരിച്ചു എന്നുതന്നെ പറയാം. ഇതിനർത്ഥം അപര ഹിംസകൾ അനുഷ്‌ഠാനപരമായി മാറുന്നു എന്നതാണ്. ഈ അവസ്ഥയിൽ പ്രതിരോധങ്ങളെ, ഒറ്റപ്പെട്ട തുരുത്തുകൾ എന്നതിനപ്പുറം, കീഴാള-ബഹുജനങ്ങളുടെ അടിയുറച്ച സാഹോദര്യത്തിലും സഹവർത്തിത്വത്തിലും പുതുക്കി നിർണയിക്കേണ്ടതുണ്ട്. ഈ ദിശയിലുള്ള സാമൂഹിക ചലനങ്ങൾ നടക്കുന്നുണ്ട് എന്നതുതന്നെയാണ് ഈ പ്രക്ഷോഭകാലത്തെ പ്രത്യാശാഭരിതമാക്കുന്നത്.

എല്ലാ പറച്ചിലുകളും പറച്ചിലുകളല്ല. എല്ലാ വായനകളും വായനകളല്ല. അതിൽ മുന്നറിവുകളുണ്ട്; തിരുത്തലുകളും കൂട്ടിച്ചേർക്കലുകളുമുണ്ട്. പലർക്കും പലതരത്തിൽ ഒരു പുസ്തകത്തെ സമീപിക്കാനാവും. ചിലപ്പോൾ വായനയിലൂടെ ആവണമെന്നില്ല, പുനർവായനകളിലൂടെയാവും ഒരു പുസ്തകം വായനക്കാരിൽ എത്തുന്നത്. എന്തുതന്നെയായാലും ഈ പുസ്തകം നമ്മുടെ വ്യവസ്ഥാപിത ധാരണകളെ കുറെയെങ്കിലും മാറ്റിമറിക്കുന്നുണ്ട് എന്നുതന്നെയാണു കരുതുന്നത്.

യുവചിന്തകനും നമ്മുടെ കാലഘട്ടത്തിലെ പ്രധാനപ്പെട്ട സ്കോളർ-ആക്ടിവിസ്റ്റുകളിൽ ഒരാളുമായിട്ടാണു ഞാൻ കെ. അഷ്‌റഫിനെ മനസ്സിലാക്കുന്നത്. സമയത്തെ ദിശാസൂചകമായി കാണുന്ന ആർക്കും അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങളെയെങ്കിലും അവഗണിക്കാൻ കഴിയില്ലെന്നു വിചാരിക്കുന്നു.

Top