പ്ലാസ്റ്റിക് സൂപ്പ്

കഴിഞ്ഞ കാലങ്ങളിൽ നാം വിശ്വസിച്ചത് പ്ലാസ്റ്റിക് നിരുപദ്രവകാരിയാണ്, മറ്റു പാരിസ്ഥിതിക ഘടകങ്ങളമായി പ്രതിപ്രവർത്തനത്തിൽ ഏർപ്പെടില്ല എന്നൊക്കെയാണ്. നമ്മുടെയൊക്കെ വിശ്വാസത്തെ തകിടംമറിച്ചു കൊണ്ടാണ് പ്ലാസ്റ്റിക് മനുഷ്യനും ലോകത്തിനു തന്നെയും ഭീഷണിയായി തീരുന്നത്. വായുവിലൂടെയും വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും നാം ഇടപഴകുന്ന വസ്തുക്കളിലൂടെയും മൈക്രോപ്ലാസ്റ്റിക്, നാനോപ്ലാസ്റ്റിക് കണങ്ങൾ നമ്മുടെ ശരീരത്തെയും കടന്നാക്രമിക്കുകയാണ്. മുഹമ്മദ് ഫർഹാൻ എഴുതുന്നു.

ഇന്ന് ഭൂമി നിറയെ പ്ലാസ്റ്റിക്കാണ്. പ്ലാസ്റ്റിക്കിന്റെ  സാന്നിധ്യമില്ലാത്ത ഒരിടം പോലും സത്യത്തിൽ ഭൂമിയിലില്ല. കുളങ്ങളും തോടുകളും നദികളും സമുദ്രങ്ങളും അടക്കം കരയിലും വായുവിലുമൊക്കെ പ്ലാസ്റ്റിക്കിന്റെ അംശങ്ങൾ ഉണ്ട്. പല തരത്തിലും വലുപ്പത്തിലും ഉള്ള പ്ലാസ്റ്റിക് കൊണ്ട് നമ്മുടെ സമുദ്രങ്ങൾ ഒക്കെ ഒരു സൂപ്പ് ആയിരിക്കുകയാണ്, പ്ലാസ്റ്റിക് സൂപ്പ്. ഭൂമി നിറയെ പ്ലാസ്റ്റിക് നാൾക്കുനാൾ  കുമിഞ്ഞുകൂടുകയാണ്. പ്ലാസ്റ്റിക്കിന്റെ ഗുണഗണങ്ങളേക്കാൾ പ്ലാസ്റ്റിക്കിന്റെ ദുരന്തങ്ങൾ ഭൂമി നിറയെ മുഴച്ചു നിൽക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. മനുഷ്യർക്കും മറ്റ് ആയിരക്കണക്കിന് ജീവജാലങ്ങൾക്കും മാരകമായ പരിക്കുകളാണ്  ഇത് വരുത്തിവെക്കുന്നത്. ഒരു വലിയ വിഭാഗം പ്ലാസ്റ്റിക് ഭക്ഷിക്കുകയും അത് മാരകമായ പരിക്കുകൾ അവയുടെ ശരീരത്തിൽ ഉണ്ടാക്കുകയും അതിന്റെ പേരിൽ മാത്രം കൊല്ലപ്പെടുകയും ചെയ്യുന്ന അവസ്ഥയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഈ പ്ലാസ്റ്റിക് സൂപ്പ് ഭൂമിയെ, അതിലെ മനുഷ്യനടക്കം മുഴുവൻ ജീവിവർഗങ്ങളെയും രോഗികളാക്കി കൊണ്ടിരിക്കുകയാണ്.

എന്താണ് പ്ലാസ്റ്റിക്? 

നിത്യേന നൂറുകണക്കിന് പ്ലാസ്റ്റിക് സാധനങ്ങളാണ് നമ്മുടെ കൈകളിലൂടെ കടന്നു പോകുന്നത്. “ഡിസ്പോസിബിൾ” എന്ന ലാഘവത്തോടെ എത്രയേറെ പ്ലാസ്റ്റിക് സാധനങ്ങൾ ആണ്  ഈ ഭൂമിയിലേക്ക് വലിച്ചെറിയുന്നത്! കുപ്പി, ഗ്ലാസ്, പത്രങ്ങൾ, കവറുകൾ, സ്ട്രോ, ബഡ്‌സ്.. എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്തത്രയും. ലോകചരിത്രത്തിൽ ഇന്നേവരെയും ഇത്രയും സാധനങ്ങൾ വളരെ തുച്ചമായ വിലക്ക് ലഭ്യമായ നാളുകൾ ഉണ്ടായിട്ടില്ല. പ്ലാസ്റ്റിക് ഒരു അത്ഭുത വസ്തുവാണ്. പ്ലാസ്റ്റിക്കിന്റെ ഗുണമേന്മകളാണ് വിപ്ലവാത്മകമായ മാറ്റം ലോകത്ത് കൊണ്ടുവന്നത്. ഏറ്റവും ഭാരം കുറഞ്ഞ, എളുപ്പത്തിൽ രൂപമാറ്റം വരുത്താൻ സാധിക്കുന്ന, വളരെ ബലമേറിയ, വിവിധ വർണങ്ങൾ നൽകാൻ കഴിയുന്ന, വെള്ളം കയറാത്ത പദാർത്ഥം. മറ്റു പദാർഥങ്ങളുമായി പ്രതിപ്രവർത്തിക്കാനുള്ള ശേഷി വളരെ കുറവാണ്. അതുകൊണ്ട് തന്നെ പ്ലാസ്റ്റിക്കിന്റെ ഉപയോഗ സാധ്യതകൾ എണ്ണിത്തിട്ടപ്പെടുത്താൻ സാധ്യമല്ല. പ്ലാസ്റ്റിക് ഉപയോഗിച്ച് ഏതു വസ്തുവിന്റെയും വളരെ വൻതോതിലുള്ള ഉൽപാദനം തുച്ഛമായ വിലക്ക് സാധ്യമാണ്. അതുകൊണ്ട് തന്നെ എത്ര കാലം എത്ര തവണ ഉപയോഗിക്കുന്നു എന്നതോ,  മെയ്ന്റനൻസ്, റിപ്പയർ എന്നതോ സംഭവിക്കാറില്ല.

ഇന്നത്തെ അതേ തോതിൽ പ്ലാസ്റ്റിക് ഉൽപാദനം  നടക്കുകയാണെങ്കിൽ 2050ഓട് കൂടി പ്ലാസ്റ്റിക് ഉൽപാദനം 30 ബില്യൺ ടണ്ണായിരിക്കും. അമേരിക്കയിൽ മാത്രം ഇരുപത്തിയഞ്ച് ലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകളാണ് ഇന്ന് ഓരോ മണിക്കൂറിലും വലിച്ചെറിയപ്പെടുന്നത്. ഓരോ അമേരിക്കക്കാരനും ശരാശരി എൺപത്തിയഞ്ച് കിലോ പ്ലാസ്റ്റിക് മാലിന്യമാണ് ഓരോ വർഷവും സൃഷ്ടിക്കുന്നത്. ശരാശരി ഓരോ പന്ത്രണ്ട് മിനുട്ടിലും ഒരു പ്ലാസ്റ്റിക് ബാഗെങ്കിലും ഉപയോഗിച്ചു വലിച്ചെറിയുന്നുണ്ട് എന്നതാണ് ഭീകരമായ സത്യം. എന്നിട്ടും ഓരോ വർഷവും പ്ലാസ്റ്റിക്കിന്റെ ഉപയോഗം അമേരിക്കയിൽ ക്രമാതീതമായി വർധിക്കുകയാണ്. ക്രൂഡ് ഓയിലിന് പകരം വളരെ വില കുറഞ്ഞ ഷെയ്ൽ ഗ്യാസ് ഉപയോഗിക്കാൻ തുടങ്ങിയത് പ്ലാസ്റ്റിക്കിന്റെ വില വീണ്ടും കുത്തനെ കുറക്കാൻ പറ്റി. അമേരിക്കൻ കെമിക്കൽ ഇൻഡസ്ട്രി ബില്ല്യൺ  കണക്കിന് ഡോളറുകൾ ആണ് പ്ലാസ്റ്റിക് നിർമാണത്തിന്റെ ചെലവ് കുറക്കാനും പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കാനും മറ്റും മാത്രമായി ചിലവഴിക്കുന്നത്.

ഗുണവും ദോഷവും 

മറ്റു വസ്തുക്കളെ വെച്ച് നോക്കുമ്പോൾ ചില പാരിസ്ഥിതിക ഗുണങ്ങൾ പ്ലാസ്റ്റിക്കിനുണ്ടെന്ന് തോന്നും. ഉദാഹരണമായി പറഞ്ഞാൽ ഒരു കിലോഗ്രാം പേപ്പർ നിർമാണവുമായി താരതമ്യം ചെയ്യുമ്പോൾ, ഒരു കിലോഗ്രാം പ്ലാസ്റ്റിക് നിർമിക്കുമ്പോൾ വളരെ കുറച്ചു  ഹരിതഗൃഹ വാതകങ്ങൾ മാത്രമേ പുറംതള്ളുന്നുള്ളൂ, കൂടാതെ വളരെ കുറച്ച്‌ ജലവും ഊർജവും മാത്രമേ ഉപയോഗിക്കുന്നുള്ളൂ. മാത്രമല്ല, താരതമ്യേന ഭാരം കൂടിയ പേപ്പർ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ഊർജം വളരെ കൂടുതലുമാണ് . ഇതിന്റെയൊക്കെ അർഥം പേപ്പർ ബാഗിനേക്കാൾ മെച്ചമാണ് പ്ലാസ്റ്റിക് ബാഗ്‌ എന്നാണോ? ഓരോ വസ്തുവും പലതരത്തിലാണ്  പരിസ്ഥിതിയുമായി പ്രവർത്തിക്കുന്നത്, അതിനാൽ തന്നെ ഓരോന്നും അതിന്റെ ജീവിതചക്രത്തിലെ ഓരോ ഘട്ടങ്ങളിലും എങ്ങനെ പരിസ്ഥിതിയുമായി പ്രതിപ്രവർത്തിക്കുന്നു എന്ന് നോക്കി മാത്രമേ അത് എത്രത്തോളം മാരകമാണ് എന്ന പറയാൻ സാധിക്കുകയുള്ളു. 

മറ്റൊരു വാദം കൂടി നോക്കിയാൽ, ഓരോ സൂപ്പർമാർക്കറ്റും പരിശോധിച്ചാൽ ഓരോ ഭക്ഷണ പദാർഥവും പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞിരിക്കുന്നത് കാണാൻ കഴിയും. അതുവഴി അതിന്റെ ഷെൽഫ് ലൈഫ് കൂട്ടാൻ സാധിക്കുന്നുണ്ട്. പ്ലാസ്റ്റിക് ഉപയോഗിച്ചില്ലായിരുന്നെങ്കിൽ കൂടുതൽ ഭക്ഷണം പദാർഥങ്ങൾ വേസ്റ്റായി പോകും, അങ്ങനെയുണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ പ്ലാസ്റ്റിക് നിർമിക്കുമ്പോൾ ഉണ്ടാകുന്ന ഹരിതഗൃഹ വാതക പുറംതള്ളലിനേക്കാൾ പതിന്മടങ്ങാണ്.  

പക്ഷേ ഇവിടെ ഒന്നും ശ്രദ്ധിക്കാതെ പോകുന്നത് അവസാന ഉപയോഗം കഴിഞ്ഞാൽ പിന്നീട് പ്ലാസ്റ്റിക്കിന് എന്ത് സംഭവിക്കുന്നു എന്നതാണ്. അങ്ങനെയുള്ളതിനെ അളക്കാനോ അടയാളപ്പെടുത്തതാണോ ഇതുവരെ കഴിഞ്ഞില്ല എന്നതാണ് വസ്തുത. സത്യത്തിൽ അത് വളരെ എളുപ്പവുമല്ല. വളരെ ചെറിയ അളവിലാണെങ്കിൽ പോലും വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് നൂറ്റാണ്ടുകളോളം ഭൂമിയിൽ മാലിന്യമായി കിടക്കും. പലതുള്ളി പെരുവെള്ളം പോലെ പ്ലാസ്റ്റിക് ഭൂമി മുഴുവൻ കുന്നുകൂടും. കേവലം അഞ്ചോ പത്തോ മിനുട്ട് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ, സ്ട്രോകൾ, ബഡ്‌സ് തുടങ്ങിയ ഓരോ വസ്തുവും മാലിന്യമായി ഭൂമിയിൽ കിടക്കുക നൂറ്റാണ്ടുകളോളമാണ്. പ്രധാനമായും ധാരാളം പ്രയോജനങ്ങൾ വളരെ വിലകുറഞ്ഞ പ്ലാസ്റ്റിക് ഉത്പന്നങ്ങളിൽ നിന്ന് ലഭ്യമാകുന്നു എന്ന മാത്രമേ ഉപഭോക്താവ് ചിന്തിക്കുന്നുള്ളു. മറിച്ച്, ഓരോ പർച്ചേസും എത്രത്തോളം പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കുന്നു എന്നത് ചിന്തിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ല.

1980നു ശേഷം ഇന്നുവരെ ലോകത്താകമാനമുള്ള പ്ലാസ്റ്റിക്കിന്റെ നിർമാണം ആറു മടങ്ങ് വർധിച്ചിട്ടുണ്ട്. അതിന്റെ വളരെ പ്രധാനപ്പെട്ട കാരണം വളരെ ചുരുങ്ങിയ സമയം മാത്രം  ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ക്രമാതീതമായ വർധനവാണ്. ഏതാണ്ടെല്ലാ ഉല്‍‌പന്നങ്ങളും പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞു വിൽക്കാൻ തുടങ്ങി അഥവാ ഒരു പാക്കേജിങ് മെറ്റീരിയലായി ഉപയോഗിക്കാൻ തുടങ്ങി എന്നത് തന്നെയാണ് പ്രധാന കാരണം.

ലോകത്തെ പ്ലാസ്റ്റിക് ഉല്‍‌പാദനത്തിൽ നാൽപത് ശതമാനം പാക്കേജിങ് മെറ്റീരിയലാണ്. ഇന്ന് ഓരോ ചെറിയ വസ്തുവും, അത് ഒരു ആപ്പിളായാൽ പോലും പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞാണ് ലഭ്യമാകുന്നത്. നമ്മുടെ നാട്ടിലെ ഷോപ്പുകളിൽ തൂക്കിയിട്ടിരിക്കുന്ന ചെറിയ പാക്കറ്റ് സോപ്പുപൊടിയും ഷാംപൂവും ഒക്കെ ഇതിന് ഉദാഹരണമാണ്.  80 മുതൽ 120 ബില്ല്യൺ കോടി ഡോളറിന്റെ പ്ലാസ്റ്റിക് പാക്കേജിങ് മെറ്റീരിയൽ (ഉൽപാദനത്തിന്റെ 95 ശതമാനവും) മാലിന്യമായി പോവുകയാണ്, കേവലം അഞ്ച് ശതമാനം മാത്രമാണ് വീണ്ടും ഉപയോഗിക്കപെടുന്നുള്ളു. യുഎൻഇപിയുടെ കണക്ക് പ്രകാരം ലോകത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഇരുപത്തിരണ്ട് ശതമാനം മുതൽ നാല്‍പത്തി മൂന്ന് ശതമാനം വരെ മാലിന്യമായി ലാൻഡ്‌ഫിൽ ചെയ്യപ്പെട്ടുകയാണ്. വലിച്ചെറിയപ്പെടുന്ന ഓരോ പ്ലാസ്റ്റിക് വേസ്റ്റും അവസാനം ചെന്നെത്തുന്നത് സമുദ്രങ്ങളിലാണ്. ഇത് ഭീമമായ അളവിൽ പ്ലാസ്റ്റിക് സൂപ്പിലേക്ക് സംഭാവന ചെയ്യുന്നുണ്ട്.

പ്ലാസ്റ്റിക് ഒരിക്കലും പ്രകൃതിയിൽ ഉണ്ടാവുന്നതോ, പ്രകൃതിയിൽ ലയിച്ചു ചേരുന്നതോ ആയ ഒരു പദാർഥമല്ല. എന്നാൽ എല്ലാ പ്ലാസ്റ്റിക് ഉല്‍‌പന്നങ്ങളും നിർമിച്ചിരിക്കുന്നത് അവസാനം മാലിന്യമായി മാറുന്ന തരത്തിലാണ്. ഉൽപാദകരെ  സംബന്ധിച്ചെടുത്തോളം പ്രധാനമായും ഉല്‍പാദന ചെലവ് കുറക്കുക, കൂടുതൽ ലാഭം കൊയ്യുക എന്നത് മാത്രമാണ്  ലക്ഷ്യം. അതുകൊണ്ട് പ്ലാസ്റ്റിക് കൊണ്ടുണ്ടാകുന്ന എല്ലാ പാരിസ്ഥിതിക പ്രശ്നങ്ങളും ഉൽപാദകർ ഉപഭോക്താവിന്റെ തലയിൽ കൊണ്ട് വെക്കുന്നതായിട്ടാണ് കണ്ടു വരുന്നത്.

പ്ലാസ്റ്റിക് സൂപ്പ് എന്ത്? അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ:

2016  സെപ്തംബറിൽ ബ്രിട്ടനിലെ ഒരു ബീച്ച് വൃത്തിയാക്കുമ്പോൾ പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ ശരാശരി 24 കോട്ടൺ ബഡ് സ്റ്റിക്കുകൾ ഓരോ നൂറുമീറ്ററിലും കണ്ടുകിട്ടുകയുണ്ടായി. ഈ പ്ലാസ്റ്റിക് സ്റ്റിക് ലോകത്താകമാനം കാണുന്ന ബീച്ച് മാലിന്യങ്ങളിൽ പ്ലാസ്റ്റിക് സൂപ്പിലേക്ക് സംഭാവന ചെയ്യുന്നതിൽ ആറാം സ്ഥാനത്താണ്. ഇത് ഒരു തവണ മാത്രമേ ഉപയോഗിക്കുകയുള്ളുവെന്നും പിന്നീട് ഇത് എത്തിപ്പെടുന്നത് മാലിന്യമായി പ്ലാസ്റ്റിക് സൂപ്പിലേക്ക് ആണെന്നും ഉൽപാദകർക്ക് കൃത്യമായി അറിയാം, എന്നാൽ പോലും പേപ്പർ കൊണ്ടോ കാർഡ്ബോർഡ് കൊണ്ടോ മറ്റു ബയോ ഡിഗ്രേഡബിൾ വസ്തുക്കൾ കൊണ്ടോ  നിർമിക്കപ്പെടുകയില്ല. പ്ലാസ്റ്റിക് വളരെ വിലകുറവ് ആണെന്നത് കൊണ്ടും, ഉൽപാദന ചെലവ് കുറക്കാനും ലാഭം വർധിപ്പിക്കാനും വേണ്ടിയുമാണ് ഇത്. എന്നാൽ ലോകത്ത് മിക്കയിടത്തും അതിനെ നിയന്ത്രിക്കുന്ന നിയമം ഇല്ല. 

പതിനായിരക്കണക്കിന് സൂക്ഷ്മമായ പ്ലാസ്റ്റിക് കണങ്ങളാണ് (beads) ഓരോ ചെറിയ കുപ്പി പേഴ്സണൽ കെയർ / സൗന്ദര്യവർധക ഉൽപന്നങ്ങളിലും അടങ്ങിയിരിക്കുന്നത്. ഈ ഓരോ പ്ലാസ്റ്റിക് കണങ്ങളും മലിനജലത്തിലൂടെ അവസാനം എത്തിച്ചേരുന്നത് സമുദ്രത്തിലേക്കാണ്. ഏകദേശം പതിനാറു മുതൽ 86 ടൺ വരെ ഇത്തരത്തിലുള്ള മാലിന്യം ഓരോ വർഷവും പ്ലാസ്റ്റിക് സൂപ്പിലേക്ക് പങ്കുചേർക്കുന്നുണ്ട്, ഈ വിഷയവുമായി ബന്ധപ്പെട്ട്  ഉൽപാദകരുടെ മുകളിൽ സമ്മർദ്ദം ഉണ്ടായപ്പോൾ പൊതുജനത്തിന് മുന്നിൽ അവരുടെ മുഖം രക്ഷിക്കുന്നതിനായി മേൽപറഞ്ഞ ഉൽപനത്തെ മോഡിഫൈ ചെയ്യാൻ മാത്രമാണ് തയ്യാറായത്. അതു തന്നെ സാധ്യമായത് ലോകത്താകമാനം നടന്ന “ബീറ്റ് ദി മൈക്രോബീഡ്” ക്യാമ്പയിന്റെ ഫലമാണ്. ചില മൾട്ടി നാഷണൽ കമ്പനികൾ പരുക്കൻ പ്ലാസ്റ്റിക് കണികകൾ മാറ്റി മറ്റൊരു തരത്തിലുള്ള പ്ലാസ്റ്റിക് കണികകൾ സൗന്ദര്യവർധക വസ്തുക്കളിൽ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഉപഭോക്താക്കൾക്കിടയിൽ പ്ലാസ്റ്റിക് കണികകളുടെ പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന തോന്നൽ ഉണ്ടാക്കുക മാത്രമാണ് ലക്ഷ്യം. കൃത്യമായ നിയമ നിർമാണത്തോടെ / നിയന്ത്രണത്തോടെ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയുള്ളു. 2015ൽ അമേരിക്ക നിയമം മൂലം പ്ലാസ്റ്റിക് മൈക്രോ ബഡ്‌സ് പേഴ്സണൽ കെയർ ഉൽപന്നങ്ങളിൽ ഉപയോഗിക്കുന്നത് നിരോധിച്ചു.

അഞ്ച് പ്രധാന സമുദ്ര ചുഴികളാണുള്ളത് (gyres). ഇത്തരം ചുഴികളിൽ പോലും ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് കഷണങ്ങൾ കാണുന്നു എന്നത് ശാസ്ത്ര ലോകത്തിനു അത്ഭുതമാണ്. ചില പ്ലാസ്റ്റിക് ജലത്തേക്കാൾ ഭാരം കൂടിയതാണ്. അതുകൊണ്ട് തന്നെ ഇത് പെട്ടെന്ന് ജലത്തിൽ താഴ്ന്ന് പോകും. PET (polyethylene terephthalate) ഇതിനൊരു ഉദാഹരണമാണ്. നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളോക്കെ PET കൊണ്ട് നിർമിക്കപ്പെട്ടവയാണ്. പക്ഷേ വായു നിറഞ്ഞ കുപ്പികൾ വെള്ളത്തിൽ പൊങ്ങി കിടക്കും, ഇത്തരം കുപ്പികൾ പെട്ടെന്നു തന്നെ ചുഴികളുടെ മധ്യത്തിൽ എത്തിപ്പെടും. ആരെങ്കിലും കരകളിൽ നിന്നും വളരെ ദൂരം ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ കണ്ടാൽ അസ്വാഭാവികത തോന്നും.

1997ൽ ചാൾസ് മൂർ എന്ന മറൈൻ ക്യാപ്റ്റൻ ഹവായിയിൽ നിന്ന് കാലിഫോർണിയയിലേക്ക് സഞ്ചരിക്കവേ പസഫിക് മഹാസമുദ്രത്തിൽ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ കണ്ട് ഞെട്ടിയത്. അദ്ദേഹം അതിനെക്കുറിച്ചു അന്വേഷിക്കുകയും ഈ വിഷയം അന്താരാഷ്ട്ര സമൂഹത്തിന്റെ മുൻപിൽ ഒരജണ്ടയായി കൊണ്ടുവരികയും ചെയ്തു. അദ്ദേഹമാണ് ‘പ്ലാസ്റ്റിക് സൂപ്പ്’ എന്ന പദം സംഭാവന ചെയ്തത്. 

മറ്റൊരു തരം പ്ലാസ്റ്റിക് ജലത്തേക്കാൾ ഭാരം കുറഞ്ഞതാണ്. അതുകൊണ്ട് തന്നെ ഇത് ജലത്തിൽ പൊങ്ങി കിടക്കും. കാലം കഴിയുംതോറും ഇത് പൊടിഞ്ഞു ചെറിയ ചെറിയ കഷണങ്ങൾ ആയി മാറും, സമുദ്രങ്ങളിൽ കാണുന്ന ആൽഗകൾ അതിൽ ഒട്ടിപ്പിടിച്ചു വളരാൻ തുടങ്ങുമ്പോൾ അതിനു ഭാരമേറുകയും അവസാനം ജലത്തിനടിയിലേക്ക് താഴ്ന്നു പോകുകയും ചെയ്യുന്നു. ഇത്തരം പ്ലാസ്റ്റിക്കിനു ഉദാഹരണമാണ് HDPE പ്ലാസ്റ്റിക്. പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പ് നിർമിച്ചിരിക്കുന്നത് ഇത്തരം പ്ലാസ്റ്റിക് കൊണ്ടാണ്. 

കോടിക്കണക്കിനു പ്ലാസ്റ്റിക് കുപ്പികളാണ് ഓരോ വർഷവും സമുദ്രത്തിലേക്ക് മാലിന്യമായി എത്തിച്ചേരുന്നത്. പ്ലാസ്റ്റിക് സൂപ്പിൽ പ്രധാന സംഭാവന ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യമാണ് പ്ലാസ്റ്റിക് വെള്ള കുപ്പികൾ. 

ലോകത്ത് പ്രധാനമായും കണ്ടുവരുന്ന പരിസ്ഥിതി – സാമൂഹിക പ്രവർത്തനമാണ് ബീച്ച് ക്ലീനിങ്. സമുദ്രങ്ങളിലെ ഓളങ്ങളും തിരമാലകളും ധാരാളക്കണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കരയിലേക്ക് അടിച്ചു കയറ്റുന്നത്. ബീച്ചുകളിലെ വെള്ള മണൽതരികൾ മിക്കവാറും പലനിറത്തിലുള്ളതായിട്ടുണ്ട്. പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമില്ലാത്ത ഒരു ബീച്ചും ലോകത്തില്ല. വിവിധ തരത്തിലും നിറത്തിലുമുള്ള വൈവിധ്യമാർന്ന പലതരം  പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കണ്ടു വരുന്നത്. വലിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രമാണ് പലപ്പോഴും ബീച്ചിൽ നിന്നും വൃത്തിയാക്കുന്നത്. മണൽതരികളുടെ വലുപ്പത്തിലുള്ള പ്ലാസ്റ്റിക് അവിടെ തന്നെ കിടക്കും. പ്രധാന പ്രശ്നം ഒരു തവണ ബീച്ച് വൃത്തിയാക്കിയാൽ വളരെ പെട്ടെന്ന് തന്നെ വീണ്ടും മാലിന്യം അടിഞ്ഞുകൂടുകയും വീണ്ടും വൃത്തിയാക്കേണ്ടിയും വരുന്നു എന്നതാണ്. ഇതിങ്ങനെ വളരെ കാലം മുന്നോട്ട് കൊണ്ട് പോകുക എന്നത് വളരെ പ്രയാസമാണ്. ഇത്തരം പ്ലാസ്റ്റിക് ബീച്ചിനുള്ള പ്രധാന ഉദാഹരണമാണ്,  ഹവായ് ദ്വീപിന്റെ തെക്കൻ കിഴക്ക് തീരത്തുള്ള കാമിലോ ബീച്ച്, ഓരോ തിരമാലകളും ഓരോ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് ബീച്ചിലേക്ക് തള്ളുന്നത് എന്നാണ് പറയുന്നത്. സൂര്യപ്രകാശവും തിരമാലകളും കാരണം കാലങ്ങളായി ബീച്ചിൽ അടിഞ്ഞുകൂടി കിടക്കുന്ന പ്ലാസ്റ്റിക് പൊടിഞ്ഞു ചെറുതും മണൽതരിയോളം പോന്ന രൂപത്തിലും ആയിത്തീർന്നിട്ടുണ്ട്. ഏകദേശം പത്ത് സെന്റീമീറ്റർ കനത്തിൽ പ്ലാസ്റ്റിക് പാളി ബീച്ചിലുണ്ട്. 

ഫൽമാർ പക്ഷി

എല്ലാ തരത്തിലുള്ള ആഘോഷ പരിപാടികളിലും ബലൂൺ പറത്തുക എന്നത് ഒരു പ്രധാന ചടങ്ങായി തീർന്നിട്ടുണ്ട്. ഇങ്ങനെ പറത്തിവിടുന്ന പലനിറത്തിലുള്ള ബലൂണുകൾക്ക് പിന്നെ എന്ത് സംഭവിക്കുന്നു എന്ന് ആരും ശ്രദ്ധിക്കാറില്ല. കണ്ണിൽ നിന്ന് മറയുന്നതോടെ നാം ആ സന്തോഷത്തിൽ നിന്ന് പിൻവാങ്ങിയിട്ടുണ്ടാകും. കേവലം പത്തു മിനുട്ടിൽ താഴെയുള്ള ഒരു പരിപാടി മാത്രമാണ് നമുക്കത്.

ബെർലിൻ മതിൽ തകർന്നതിന്റെ നൂറാം വാർഷികത്തിൽ അതിന്റെ ഓർമ്മയ്ക്കായി വിളക്ക് വെച്ച ധാരാളം ബലൂണുകൾ പറത്തുകയുണ്ടായി. അതിൽ ഒരു ബലൂണ്‍ കണ്ടെത്തിയത് എണ്ണൂറ് കിലോമീറ്റർ കിഴക്ക് മാറി റിഗ്ഗ എന്ന സ്ഥലത്ത് വെച്ചാണ്. ഇത്തരം ലാറ്റക്സ് പാർട്ടി ബലൂണുകൾ മറ്റു ജീവജാലങ്ങൾക്ക് ഭീഷണിയാണ്.  പല കടൽപക്ഷികളും ഭക്ഷണ പദാർഥം എന്ന് തെറ്റിദ്ധരിച്ചു ഇത് ഭക്ഷിക്കുന്നുണ്ട്. ഡച്ച് ശാസ്ത്രജ്ഞനായ ജാൻ ആൻഡ്രിസിന്റെ പഠനത്തിൽ അൻപതിൽ ഓരോ ഫൽമാർ പക്ഷികളുടെ (fulmar) വയറിലും ബലൂണ്‍ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കടലാമകൾ അവരുടെ പ്രിയപ്പെട്ട ഭക്ഷണമായ ജെല്ലി ഫിഷ് എന്നും തെറ്റിദ്ധരിച്ച് ഭക്ഷിക്കുന്നതായും കണ്ടിട്ടുണ്ട്. ഇത്തരം ബലൂണുകളും പ്ലാസ്റ്റിക് സൂപ്പിലേക്ക് വലിയ തോതിൽ സംഭാവന ചെയ്യുന്നുണ്ട്.

1992  ജനുവരി 10നു പസഫിക് മഹാസമുദ്രത്തിൽ  വെച്ച്  കൊടുങ്കാറ്റിൽ പെട്ട് ഒരു ചരക്ക് കപ്പലിൽ നിന്ന്  വലിയ കണ്ടയിനർ സമുദ്രത്തിൽ നഷ്ടപ്പെടുകയുണ്ടായി. ആ കണ്ടെയ്നർ നിറയെ മുഷ്ടിയുടെ വലുപ്പത്തിലുള്ള ബാത്ത് ടബ്ബിൽ ഉപയോഗിക്കുന്ന 28800 പ്ലാസ്റ്റിക് മൃഗങ്ങൾ ആയിരുന്നു. മഞ്ഞ താറാവുകളും, ചുവന്ന ബീവറുകൾ, നീല ആമകൾ, പച്ച തവളകൾ ആയിരുന്നു അതിൽ ഉണ്ടായിരുന്നത്. വിളിക്കാനുള്ള എളുപ്പത്തിന് ഈ പ്ലാസ്റ്റിക് കളിപ്പാട്ട മൃഗങ്ങളെ റബ്ബർ താറാവുകൾ എന്ന് വിളിക്കുന്നു. പതിനഞ്ച് വർഷത്തിനിപ്പുറവും ലോകത്തിലെ പല ബീച്ചുകളിൽ നിന്നും ഇതിനെ കണ്ടെത്തിയിട്ടുണ്ട്. നോർത്ത് പസഫിക് ചുഴിയുടെ അടുത്ത് വെച്ചുണ്ടായ ദുരന്തത്തിൽ കടലിലേക്ക് വീണ ഈ റബ്ബർ താറാവുകൾ സബ് പോളാർ ചുഴികളിൽ പോലും കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 7000 മൈൽ സഞ്ചരിച്ച റബ്ബർ താറാവുകൾ വരെ ഉണ്ട്. അലാസ്കയുടെ തീരങ്ങളിൽ, ഗ്രീൻലാൻഡിന്റെ തീരങ്ങളിലെ പോളാർ ഐസുകളിൽ, ആഗസ്ത്  2003ൽ സ്കോട്ട്ലാൻഡിന്റെ തീരത്ത് ഇന്തോനേഷ്യയുടെയും ആസ്‌ത്രേലിയയുടെയും തീരത്ത്, സൗത്ത് അമേരിക്കൻ രാജ്യങ്ങളുടെ തീരത്തൊക്കെ ഇത് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്ലാസ്റ്റിക് സൂപ്പിനെ കുറിച്ചും കടലിന്റെ ഒഴുക്കിനെ പറ്റിയുള്ള പഠനങ്ങൾക്കും വിവരങ്ങൾക്കും ഒരു വലിയ മുതൽക്കൂട്ടായിരുന്നു ഇത്. അതിനാൽ തന്നെ മഞ്ഞ റബ്ബർ താറാവ് പ്ലാസ്റ്റിക് സൂപ്പിന്റെ സിമ്പൽ ആയി ഉപയോഗിച്ച് വരുന്നു. ഇതുപോലെ 2017 ജനുവരിയിൽ ജർമൻ തീരത്ത് വെച്ച് നടന്ന അപകടത്തിൽ പ്ലാസ്റ്റിക് മുട്ടകൾ സമുദ്രത്തിൽ എത്തിപ്പെടുകയുണ്ടതായി.

RIP ( Rest In Plastic)

കടലിൽ ഉപേക്ഷിക്കപ്പെടുന്ന വലകളുടെ എണ്ണം നാൾക്കുനാൾ വളർന്നു വരികയാണ് ഈ പ്രേതവലകൾ കടൽ ജീവികൾക്കും കപ്പലുകൾക്കും വലിയ ഭീഷണിയാണ് വരുത്തി വെക്കുന്നത്. 1960 മുതലാണ് പ്ലാസ്റ്റിക് വലകൾ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. വിവിധ തരത്തിലും വലിപ്പത്തിലുമുള്ള മത്സ്യങ്ങളെ പിടിക്കാൻ പ്രത്യേക തരം വലകൾ ലഭ്യമാണ്. കിലോമീറ്ററുകളോളം നീളമുള്ള വളകളാണ് ഇന്ന് ഉപയോഗിച്ചു വരുന്നത്. ഇത്തരം മൂന്നു ടൺ പ്രേതവലകളാണ് വടക്കൻ ആസ്ത്രേലിയയുടെ  തീരത്ത് ഓരോ കിലോമീറ്ററിലും ഓരോ വർഷവും വന്നടിയുന്നത്. ഇവിടെയാണ് ലോകത്ത് അറിയപ്പെടുന്ന കടലാമകളിൽ ഏഴിൽ ആറും ജീവിക്കുന്നത്. ഇത്തരം പ്രേതവലകളിൽ കുടുങ്ങുന്ന കടൽ ജീവികളിൽ നാലിൽ മൂന്ന് ഭാഗവും കടലാമകളാണ്. ആഴക്കടൽ മൽസ്യബന്ധനത്തിനു വടക്കൻ യൂറോപ്പിൽ വലകളോടൊപ്പം ഉപയോഗിച്ചു വരുന്ന ഡോളി റോപ്പ് ആണ് അവിടങ്ങളിലെ ബീച്ചുകളിൽ കണ്ടുവരുന്ന പ്രധാന മാലിന്യം. ഡച്ച് മത്സ്യബന്ധന മേഖല മാത്രം ഏകദേശം നാൽപതിനായിരം കിലോ ഡോളി റോപ്പ് വാങ്ങിക്കുന്നുണ്ട്.

കടൽപക്ഷികൾ കൂടു വെക്കാൻ പറ്റുന്ന മെറ്റീരിയൽ എന്ന തെറ്റിദ്ധാരണയിൽ ഇങ്ങനെ ഒഴുകിനടക്കുന്ന ഡോളി റോപ്പുകൾ ഉപയോഗപ്പെടുത്താൻ ശ്രമിക്കാറുണ്ട്. അങ്ങനെ  വലയിൽ കെണിയാറുണ്ട്. ഇങ്ങനെ പല വിധത്തിൽ കെണിയിൽ അകപ്പെടുന്ന കടൽ ജീവികൾ രക്ഷപ്പെടാനാവാത്ത വിധം അതിൽ അകപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു.  ചില ജീവികൾക്ക് മാരകമായ മുറിവുകൾ ഏൽക്കുന്നു. ചിലത് അതിൽ പെട്ട ജീവിതം മുഴുവൻ വേദന തിന്ന് ജീവിക്കുന്നു. കൂടാതെ കപ്പലുകളുടെ പ്രോപ്പലുകൾക്കും ഇത് വ്യാപകമായി കേടു വരുത്തുന്നുണ്ട്.

പസഫിക് സമുദ്രത്തിന്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളാണ് മിഡ്‌വേ. വളരെ വിദൂരതയിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപുകളുടെ തീരങ്ങൾ നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്.  നാലായിരം കിലോമീറ്റർ അപ്പുറത്തുള്ള ജപ്പാനിൽ നിന്നുള്ള സിഗരറ്റു ലൈറ്റർ വരെ കൂടുതൽ അളവിൽ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 

ഈ മിഡ്‌വേ ദ്വീപിലാണ് ലയ്സൻ ആൽബട്രോസ് എന്ന കടൽപക്ഷിയുടെ ലോകത്തിലെ ഏറ്റവും വലിയ കോളനി ഉള്ളത്. ഏകദേശം നാലുലക്ഷത്തിലധികം ജോഡികൾ അവിടെ പ്രജനനത്തിന് എത്താറുണ്ട്. അതിന്റെ കുഞ്ഞുങ്ങൾക്ക് ചെറിയ കടൽമത്സ്യങ്ങളും പറക്കും മത്സ്യത്തിന്റെ മുട്ടകളും ഒക്കെയാണ് തീറ്റയായി നൽകാറുള്ളത്. വിവിധ നിറത്തിലുള്ള ലൈറ്ററുകൾ അവരുടെ ഇഷ്ടഭക്ഷണമായ കണവകളാണെന്ന് കരുതി എടുത്ത് കൊണ്ടുപോയി കുഞ്ഞുങ്ങളെ തീറ്റിക്കുന്നുണ്ട്. ഇങ്ങനെ ലൈറ്ററുകളും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണമാണെന്ന് കരുതി ഭക്ഷിക്കുന്ന ആൽബട്രോസ്  കുഞ്ഞുങ്ങളുടെ ആമാശയങ്ങളിൽ ദഹിക്കാതെ കിടക്കുകയും , എന്നാൽ വിശപ്പിന്റെ കാഠിന്യം കൊണ്ട്, വേറെ ഒന്നും കഴിക്കാൻ പറ്റാതെ ദാരുണമായി കൊല്ലപ്പെടുകയും ചെയ്യുന്നു.

എല്ലാ വർഷവും പതിനായിരം ആൽബട്രോസ് കുഞ്ഞുങ്ങൾ ഇത്തരത്തിൽ കൊല്ലുപ്പെടുന്നുണ്ടെന്നാണ് കണക്ക്. ലൈറ്റർ കൂടാതെ പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പ്, ചെറിയ കളിപ്പാട്ടങ്ങൾ, ടൂത്ത് ബ്രഷ്, ഗോൾഫ് ബോള്‍, അറിയപ്പെടാത്ത മറ്റു പ്ലാസ്റ്റിക് ഭാഗങ്ങൾ ഒക്കെ ആൽബട്രോസിന്റെ പക്ഷികളുടെ ജഡങ്ങളിൽ നിന്ന് കണ്ടുകെട്ടിയിട്ടുണ്ട്. ഒരു പക്ഷിയുടെ ജഡത്തിൽ നിന്ന് മാത്രം എണ്ണിയപ്പോൾ 558ൽ കൂടുതൽ പ്ലാസ്റ്റിക് കഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 

ആൽബട്രോസ് പക്ഷി

ഓരോ വർഷവും എത്ര അളവിൽ പ്ലാസ്റ്റിക് മാലിന്യമാണ് സമുദ്രങ്ങളിൽ എത്തിച്ചേരുന്നുണ്ടെന്ന് കണക്കാക്കൽ വളരെ പ്രയാസം നിറഞ്ഞതാണ്.  2010ൽ 192 തീരദേശ രാഷ്ട്രങ്ങൾ മൊത്തത്തിൽ എട്ട് ലക്ഷംടൺ മാലിന്യങ്ങൾ ആണ് കടലിൽ തള്ളുന്നതായി കണക്കാക്കിയത്. അഥവാ ഓരോ മിനുട്ടിലും ഒരു ട്രക്ക് മാലിന്യങ്ങൾ കടലിൽ തള്ളുന്നുണ്ടെന്നാണ് കണക്ക്. ഇത് 2030ഓടു കൂടി ഒരു മിനുട്ടിൽ രണ്ട് ട്രക്കായി ഉയരും. 2050ൽ നാല് ട്രക്ക് ലോഡും. ഓരോ രാജ്യങ്ങളുടെയും പ്ലാസ്റ്റിക് സൂപ്പിലേക്കുള്ള പങ്ക് കണക്കാക്കിയത് ജനസംഖ്യയും മാലിന്യ നിർമാർജനത്തിനുള്ള സാങ്കേതിക വിദ്യയുടെ സാന്നിധ്യവും പരിഗണിച്ചാണ്. ക്രമേണ സമുദ്രത്തിൽ മത്സ്യങ്ങളെക്കാൾ പ്ലാസ്റ്റിക് ഉണ്ടാകുന്ന ഭീകരാവസ്ഥ സംജാതമാകും. പ്ലാസ്റ്റിക് സൂപ്പിലേക്ക് ശരാശരി 80 ശതമാനം എത്തിച്ചേരുന്നത് കരയിൽ നിന്നാണ്.  ബാക്കി 20 ശതമാനം വരുന്നത് മത്സ്യബന്ധനം, കപ്പൽ തുടങ്ങിയ ഇടങ്ങളിൽ നിന്നാണ്. ബ്ലാക്ക് സീ & റെഡ് സീ എന്നീ കരകളാൽ ചുറ്റപ്പെട്ട കടലുകളും ഏറ്റവും വലിയ മാലിന്യ കൂമ്പാരങ്ങൾ തന്നെയാണ്. കടൽതീരത്തുള്ള രാജ്യങ്ങൾ കടലിലേക്ക് തള്ളുന്ന മാലിന്യങ്ങൾ രണ്ട് മുതൽ അഞ്ച് വര്‍ഷം വരെ യാത്ര ചെയ്തു മനുഷ്യവാസം ഇല്ലാത്ത കരകളിൽ അടിയുന്നു. യുകെയിൽ നിന്ന് പുറംതള്ളുന്ന മാലിന്യങ്ങൾ മനുഷ്യവാസമില്ലാത്ത ആർട്ടിക് ധ്രുവങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ലോകത്ത് ഓരോ വർഷവും ഉൽപാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ മൂന്ന് ശതമാനം ഓരോ വർഷവും കടലിൽ എത്തിച്ചേരുന്നുണ്ട്. ഏകദേശം ഒരു ലക്ഷം ടണ്ണിനും മൂന്ന് ലക്ഷം ടണ്ണിനും ഇടയിൽ മാത്രം സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ സമുദ്ര നിരപ്പിൽ ഉണ്ടെന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ഇരുന്നൂറ് മീറ്ററിനിടയിൽ കടലിൽ ജീവിക്കുന്ന ജീവികൾ മാത്രം പന്ത്രണ്ടായിരം മുതൽ ഇരുപത്തിനാലായിരം വരെ ടൺ പ്ലാസ്റ്റിക് ഓരോ വർഷവും ഭക്ഷിക്കുന്നുണ്ടെന്നാണ് കണക്ക്.

പ്ലാസ്റ്റിക് രാസപ്രക്രിയക്ക് വിധേയമാകുകയോ വിഘടിക്കുകയോ ചെയ്യില്ല പക്ഷേ സൂര്യപ്രകാശം, ഓക്സിജൻ, സമുദ്രത്തിലെ തിര എന്നിവയൊക്കെ കാരണം വലിയ പ്ലാസ്റ്റിക് വിഘടിക്കുകയും ചെറിയ മൈക്രോ പ്ലാസ്റ്റിക്കായി മാറുകയും പിന്നെയും വിഘടിച്ച് നാനോ പ്ലാസ്റ്റിക്കായി തീരുകയും ചെയ്യുന്നു. ഈ പ്രക്രിയ മൊത്തം പ്ലാസ്റ്റിക്കിന്റെ അളവിനെ കുറക്കുന്നില്ല, മറിച്ച് പ്ലാസ്റ്റിക് സൂപ്പിന്റെ ഘടനയ്ക്ക് മാറ്റം വരുത്തുക മാത്രമാണ് ചെയ്യുന്നത്.

കണ്ണുകൊണ്ട് കാണാൻ പറ്റാത്ത മൈക്രോ പ്ലാസ്റ്റിക്കിന്റെയും നാനോ പ്ലാസ്റ്റിക്കിന്റെയും അളവ് ക്രമാതീതമായി  വർധിക്കുകയാണ്. ക്രമേണ പ്ലാസ്റ്റിക് സൂപ്പ് എന്നത് പ്ലാസ്റ്റിക് ബ്രോത്ത് ആയി മാറും. ഇതിൽ നിന്ന് പ്ലാസ്റ്റിക് കണങ്ങൾ വേർതിരിച്ച് എടുക്കൽ അപ്രാപ്യം എന്നുതന്നെ പറയാം. അതിനെ വേർതിരിക്കാൻ ശ്രമിക്കുമ്പോൾ വളരെ ചെറു കടൽ ജീവികൾ കൂടി അതിന്റെ കൂടെ പോരും.  കൂടാതെ ഇത്തരം കണങ്ങൾ എളുപ്പത്തിൽ ജീവികളുടെ ബ്ലഡിലും അവയവങ്ങളിൽ വരെയും എത്തിച്ചേരുന്നു.

വിവിധ വലിപ്പത്തിലുള്ള മൈക്രോ, നാനോ  പ്ലാസ്റ്റിക്കുകൾ അടങ്ങിയതാണ് പ്ലാസ്റ്റിക് സൂപ്പ്.  മിക്കവാറും എല്ലാ കടൽ ജീവികളും ഏതോ ഒരർഥത്തിൽ പ്ലാസ്റ്റിക് സൂപ്പിൽ നിന്ന് ഒഴിഞ്ഞു നിൽകാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്.  മത്സ്യങ്ങളും പക്ഷികളും ആമകളും ഒക്കെ ഭക്ഷണപദാർഥമാണെന്ന് തെറ്റിദ്ധരിച്ചു പ്ലാസ്റ്റിക് ഭക്ഷിക്കുന്നു. കാരണം ജെല്ലി ഫിഷ് പോലെയും കണവ പോലെയും മത്സ്യമുട്ടകൾ പോലെയുമാണ് അവ തോന്നിപ്പിക്കുന്നത്. ചില ജീവികൾ പ്ലാസ്റ്റിക് ഭക്ഷിച്ച ചെറു ജീവികളെ ഭക്ഷിക്കുന്നത് വഴി പ്ലാസ്റ്റിക് ശരീരത്തിന് അകത്തേയ്ക്ക് എത്തിച്ചേരുന്നു. ചില ജീവികൾ കടലിൽ നിന്ന് ഭക്ഷണം അരിച്ചെടുക്കുമ്പോൾ അകത്തേയ്ക്ക് പ്ലാസ്റ്റിക് കൂടെ ചേരുന്നു.  

2012 മാർച്ചിൽ സ്പെയിൻ തീരത്തണഞ്ഞ ആൺ തിമിംഗലത്തിന്റെ വയറ്റിൽ നിന്ന് കണ്ടെടുത്ത പ്ലാസ്റ്റികിൽ 26 എണ്ണം ഗ്രാനഡ തീരത്ത് കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളായിരുന്നു. ഇതിൽ പ്ലാസ്റ്റിക് പൂച്ചട്ടി മുതൽ 30 ചതുരശ്ര മീറ്റർ പ്ലാസ്റ്റിക് ഷീറ്റ് വരെ ഉണ്ടായിരുന്നു. പ്ലാസ്റ്റിക് ആമാശയത്തിൽ കുടുങ്ങിയത് കാരണം തീറ്റയെടുക്കാൻ പറ്റാതെ പട്ടിണി കിടന്നായിരുന്നു ആ തിമിംഗലത്തിന്റെ മരണം. എല്ലാ കടലാമകളും പ്ലാസ്റ്റിക് ഭക്ഷിക്കുന്നുണ്ട്. പ്ലാസ്റ്റിക് ബാഗ് ജെല്ലി ഫിഷ് ആണെന്നാണ് ധാരണ. 2010 ജൂലൈയിൽ ബ്രസീലിയൻ തീരത്തടിഞ്ഞ കടലാമയുടെ ജഡത്തിൽ നിന്ന് കണ്ടെത്തിയത് അഞ്ചു മില്ലിമീറ്ററോ അതിലധികമോ വലിപ്പമുള്ള 3267 പ്ലാസ്റ്റിക് കഷണങ്ങളായിരുന്നു. 2017ലെ കണക്കു പ്രകാരം അതുവരെ പ്ലാസ്റ്റിക് ദുരന്തം ബാധിച്ച ജീവിവർഗങ്ങളുടെ എണ്ണം 1220 ആയിരുന്നു. ഇതിൽ മൂന്നിലൊരു ഭാഗം കടൽപക്ഷികളും മത്സ്യങ്ങളും ആയിരുന്നു.

അന്താരാഷ്ട്ര തിമിംഗല വേട്ട കമ്മീഷന്റെ (International Whaling Commision) കണക്കു പ്രകാരം ഓരോ വർഷവും 308000 തിമിംഗലങ്ങളും ഡോൾഫിനുകളും പ്ലാസ്റ്റിക് വലകളിലും  കയറുകളിലും കവറുകളിലും ഒക്കെയായി കുടുങ്ങി പോകുന്നുണ്ട്. സീ ലയൺ, ഡോൾഫിൻ, സീൽസ് ഒക്കെ പ്ലാസ്റ്റിക് വസ്തുക്കൾ കാണുമ്പോൾ കൗതുകത്തിനും അല്ലാതെയും അതിനടുത്ത് ചെന്ന് അതുമായി കളിക്കുമ്പോൾ അതിന്റെ കുരുക്കിൽ പെടുന്നു അങ്ങനെ കുരുക്കിൽ പെട്ടാൽ പിന്നെ സ്വയം രക്ഷപ്പെടൽ പ്രയാസമാണ്. കുരുക്കിൽ പെട്ട ജീവികൾ വീണ്ടും വളരുകയാണെങ്കിൽ ഈ പ്ലാസ്റ്റിക് കുരുക്കുകൾ ശരീരത്തിൽ വലിയ മുറിവുകളുണ്ടാക്കും.  പതുക്കെ പതുക്കെ മരണത്തിലേക്ക് തള്ളിവിടും. അയർലണ്ടിലെ കോർക്കിൽ 2014ൽ കൊല്ലപ്പെട്ട ഒരു ഡോൾഫിനെ ചുണ്ടുകൾ ബിയർ കുപ്പികൾ പൊതിഞ്ഞു വരുന്ന പ്ലാസ്റ്റിക് റിങ് കൊണ്ട് വായ തുറക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. അങ്ങനെ പട്ടിണികൊണ്ട് ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. ഇങ്ങനെ കുരുക്കിൽ അകപ്പെടുന്ന അവസ്ഥ ഭീകരമാണ്. ചലനങ്ങളെ തടസപ്പെടുത്തൽ, പട്ടിണി, വ്രണം, അംഗ വിച്ഛേദനം തുടങ്ങിയ കാരണങ്ങളാൽ ക്രമേണ ആ ജീവി ക്ഷയിക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഗ്രാസ്‌ഹോം ദ്വീപുകൾ പ്രധാനമായും ജാനെറ്റ് കടൽപക്ഷികൾ (gannet) പ്രജനനത്തിനായി എത്തിച്ചേരുന്ന ഇടമാണ്. ഇവ കൂടുകെട്ടാൻ ഇന്ന് പ്രധാനമായും ഉപയോഗിക്കുന്നത് വല കഷണങ്ങൾ,  ബലൂൺ പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. നിർഭാഗ്യവശാൽ നിരവധി ജാനെറ്റ് പക്ഷികളും കുഞ്ഞുങ്ങളും അതിന്റെ കുരുക്കിൽ പെട്ടുപോകുന്നുണ്ട്. ഈ സമയങ്ങളിൽ കുറച്ചു സന്നദ്ധ പ്രവർത്തകർ അവിടെ ചെല്ലുകയും ഏകദേശം അൻപതോളം കുരുങ്ങിയ പക്ഷികളെ എല്ലാ വർഷവും സ്വാതന്ത്രമാക്കാറുമുണ്ട്.

പ്ലാസ്റ്റിക് സൂപ്പ് ജീവികളുടെ ജീവിത ചുറ്റുപാടിൽ വലിയ മാറ്റങ്ങൾ ആണ് ഉണ്ടാക്കുന്നത്.  സമുദ്രങ്ങൾക്കടിയിലെ ഏറ്റവും സമ്പുഷ്ടമായ ജൈവവൈവിധ്യം കാണുന്നത് പവിഴപ്പുറ്റുകളിലാണ്. മാലിന്യങ്ങൾ നിറഞ്ഞ് സൂര്യപ്രകാശം എത്തിച്ചേരാത്തത് മൂലം കോറൽ ലീഫ് നശിക്കുന്നതായാണ് കാണുന്നത്, മാർഷൽ ദ്വീപിനടുത്തുള്ള പവിഴപ്പുറ്റ് ഇതിനുള്ള ഒരു പ്രധാന ഉദാഹരണമാണ്. വിവിധ തരം ചെറുചെടികളും സസ്യങ്ങളും സമുദ്രത്തിന്റെ അടിത്തട്ടിൽ വളരുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിനടിയിൽ എത്തിച്ചേരുന്നതോടെ ന്യൂട്രിയന്റ്സും ഓക്സിജനും തടയപ്പെടുകയും അവ കൂട്ടത്തോടെ നശിക്കപ്പെടുകയും ചെയ്യുന്നു. സീ സ്‌കേറ്റർ എന്നറിയപ്പെടുന്ന കടൽ പ്രാണി മുട്ടയിടുന്നത് ഒഴുകി നടക്കുന്ന പക്ഷിതൂവലുകളുടെയും മറകഷണങ്ങളുടെയും മുകളിലാണ്. പക്ഷെ ഇന്ന് ഇത് മുട്ടയിടുന്നത് പ്ലാസ്റ്റിക് മെറ്റീരിയൽസിട്ട മുകളിലാണ്, ഇതാണെങ്കിൽ ധാരാളം ലഭ്യമാണ്. അതുകൊണ്ട് തന്നെ അവയുടെ എണ്ണം ക്രമാതീതമായി  വർധിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക്കിന്റെ പുതിയ ലോകം 

മനുഷ്യന് ആധിപത്യമുള്ള ആന്ത്രോപോസീൻ (anthropocene) കാലഘട്ടത്തിൽ കൂടിയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പ്ലാസ്റ്റിക് എന്നത് മനുഷ്യ നിർമ്മിതമാണ്, അതുകൊണ്ട് തന്നെ ആന്ത്രോപോജെനിക്കാണ്.

2014ൽ ഒരു കൂട്ടം ജിയോളജിസ്റ്റുകൾ ഹവായ് ദ്വീപിലെ കാമിലോ ബീച്ചിൽ ഒരു പുതിയ തരാം  കല്ല് കണ്ടെത്തുകയുണ്ടതായി, പ്ലാസ്റ്റിഗ്ലോമറൈറ്റ് (plastiglomerate). പ്ലാസ്റ്റിക്കും കോഗ്ലോമറൈറ്റും കൂടിക്കലർന്ന് രൂപപ്പെട്ട പുതിയ പാറ. പ്ലാസ്റ്റിക് കോറൽ, ലാവാ, മണൽ എന്നിവയൊക്കെ പരസ്പരം കൂടിക്കലർന്ന് രൂപപ്പെട്ട ശില. അങ്ങനെ പ്ലാസ്റ്റിക് പുതിയ തരം പാറകൾ വരെ രൂപപ്പെടാൻ കാരണമാകുന്നു.

ബയോസ്‌ഫിയർ പോലെ പ്ലാസ്റ്റിസ്ഫിയർ (plastisphere) കൂടി രൂപപ്പെട്ടു കഴിഞ്ഞു. ഭൂമിക്ക് പുറത്തുള്ള നേർത്ത പാളിയാണ് ബയോസ്‌ഫിയർ. ഇവിടെയാണ് എല്ലാ ജീവികളും   ജീവിക്കുന്നത്. ഇതുപോലെ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് മെറ്റീരിയൽസിന്റെ മുകളിലും ബാക്റ്റീരിയ ഉൾപ്പെടെയുള്ള ജീവികൾ ജീവിക്കുന്ന നേർത്ത പാളി കാണാം. ഇതിനെ പ്ലാസ്റ്റിസ്ഫിയർ എന്ന് വിളിക്കുന്നു. ഇതിൽ മാരക രോഗകാരികൾ വരെയുണ്ട്. ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത് ഒരുകൂട്ടം അമേരിക്കൻ ശാസ്ത്രജ്ഞരാണ്. അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ നിന്ന് കണ്ടെത്തിയ ചില പ്ലാസ്റ്റിക്കിന്റെ മുകളിൽ ആണ് വിബ്രിയോ ബാക്ടീരിയകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നീട് ഒരു കൂട്ടം ജർമൻ ശാസ്ത്രജ്ഞർ ഇത് ശരിവെക്കുകയും ചെയ്തു. പ്ലാസ്റ്റിക് സൂപ്പ് കടൽ ആവാസവ്യവസ്ഥക്ക് കടുത്ത ആഘാതം  സൃഷ്ടിക്കുന്നുണ്ടെങ്കിൽ മറ്റൊരു ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ എന്തുതരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാവുക എന്നത് പ്രവചനാതീതമാണ്.

പാസ്റ്റിക് തിന്നുന്ന ബാക്റ്റീരിയകൾ

മനുഷ്യ ശരീരത്തിൽ 

ബിസ്‌ഫീനോൾ (Bisphenol, BPA) വിവിധതരം പ്ലാസ്റ്റിക്കുകളുടെ ഉൽപാദനത്തിൽ ഉപയോഗിക്കുന്ന കെമിക്കലാണ്. ഇത് ഹോർമോൺ പോലെ മനുഷ്യശരീരത്തിൽ പ്രവർത്തിക്കുന്നു. മനുഷ്യന്റെ രക്ത, മൂത്ര സാമ്പിളുകളിൽ ഇതിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഫുഡ് പാക്കേജിങ് മെറ്റീരിയൽ മുതൽ മെഡിക്കൽ ഉപകരണങ്ങളിൽ വരെ ബിപിഎയുടെ സാന്നിധ്യം ഉണ്ട്. നമ്മുടെ ഭക്ഷണത്തിൽ കൂടിയും തൊലിയിൽ കൂടിയും ശ്വസനത്തിൽ കൂടിയും നമ്മുടെ ശരീരത്തിൽ ഇത് എത്തിച്ചേരുന്നുണ്ട്. ഇത്  പ്രധാനമായും വന്ധ്യതക്ക് കാരണമാകുന്നു. അതുപോലെ PVC നിർമ്മിക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്നർ, ഇലക്ട്രോണിക് മെറ്റീരിയൽ നിർമ്മിക്കുമ്പോൾ ചേർക്കുന്ന ഫയർ റിട്ടാർഡെന്റ് ഒക്കെ വിഷ പദാർഥമാണ്. ഇതൊക്കെയാണ് കാലക്രമേണ ജലത്തിലേക്ക് കൂടിച്ചേരുന്നത്‌. ഇത് വളരെ വലിയ ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ക്രമാതീതമായ വർധനവ് സമുദ്രത്തിന്റെ  നിലനിൽപിന് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. അതുപോലെ മനുഷ്യന്റെ ജീവിതത്തിനും നിലനില്‍പിനും കടുത്ത ഭീഷണിയാണ് ഈ പ്ലാസ്റ്റിക്. ഭക്ഷണശൃംഖലയുടെ മുകളിൽ നിൽക്കുന്ന മനുഷ്യനിലേക്ക് കടൽ മൽസ്യങ്ങൾ, ചെമ്മീൻ, ഓയിസ്റ്റർ എന്നിവ ഭക്ഷിക്കുന്നതിലൂടെയും, പ്ലാസ്റ്റിക് മലീമസമാക്കിയ ഭൂമിയിൽ കൃഷിചെയ്യുമ്പോഴും പ്ലാസ്റ്റിക് മനുഷ്യനിലേക്ക് എത്തിച്ചെരുന്നു. പ്ലാസ്റ്റിക് കൊണ്ട് ഭക്ഷണങ്ങൾ പൊതിയുമ്പോളും പ്ലാസ്റ്റിക് അംശങ്ങൾ അടങ്ങിയ വായു ശ്വസിക്കുമ്പോഴുമൊക്കെ ഏതൊക്കെയോ അർഥത്തിൽ പ്ലാസ്റ്റിക് കണങ്ങൾ നമ്മുടെ അകത്ത് എത്തുന്നുണ്ട്.

നാനോപ്ലാസ്റ്റിക് ഒക്കെ എങ്ങനെയാണ് നമ്മുടെ ശരീരത്തെ ബാധിക്കുന്നത് എന്നതിനെക്കുറിച്ച് ഇനിയും പഠനം നടക്കേണ്ടതുണ്ട്. നമ്മുടെ ഹോർമോൺ സംവിധാനം, പ്രതിരോധശേഷി എന്നിവയൊക്കെ തകിടംമറിക്കാനുള്ള ശേഷി ഇത്തരം കണികകൾക്കുണ്ട് കൂടാതെ പ്ലാസ്റ്റിക്കിൽ വളരുന്ന വിബ്രിയോ പോലുള്ള രോഗകാരികളായ ബാക്റ്റീരിയകളൊക്കെ വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

കഴിഞ്ഞ കാലങ്ങളിൽ നാം വിശ്വസിച്ചത് പ്ലാസ്റ്റിക് നിരുപദ്രവകാരിയാണ്, മറ്റു പാരിസ്ഥിതിക ഘടകങ്ങളമായി പ്രതിപ്രവർത്തനത്തിൽ ഏർപ്പെടില്ല എന്നൊക്കെയാണ്. നമ്മുടെയൊക്കെ വിശ്വാസത്തെ തകിടംമറിച്ചു കൊണ്ടാണ് പ്ലാസ്റ്റിക് മനുഷ്യനും ലോകത്തിനു തന്നെയും ഭീഷണിയായി തീരുന്നത്. നാം ശ്വസിക്കുന്ന വായുവിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും നാം ഇടപഴകുന്ന വസ്തുക്കളിലൂടെയും മൈക്രോപ്ലാസ്റ്റിക്, നാനോപ്ലാസ്റ്റിക് കണങ്ങൾ നമ്മുടെ ശരീരത്തെയും കടന്നാക്രമിക്കുകയാണ്. മനുഷ്യവംശം മാത്രമാണ് പ്ലാസ്റ്റിക്കിന്റെ ഗുണഭോക്താക്കൾ ആയി ഉണ്ടായിരുന്നത്. പക്ഷേ ഇന്ന് മനുഷ്യർ പോലും അതിന്റെ ദുരന്തത്തിന് ഇരയായി കൊണ്ടിരിക്കുകയാണ്. വലിയ പാരിസ്ഥിതിക ഭീഷണികളാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉയർത്തുന്നത്.

എന്താണ് പ്രതിവിധി?

പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുക എന്നതാണ് അതിന്റെ ഏറ്റവും ശരിയായ പ്രതിവിധിയെങ്കിലും അത് അപ്രായോഗികമാണ്. പ്ലാസ്റ്റിക്കിനെ ഭൂമിയിൽ നിന്ന് ഒഴിച്ചുനിർത്താൻ സാധ്യമല്ല.  അതുകൊണ്ട് തന്നെ അതുണ്ടാക്കുന്ന ദുരന്തങ്ങൾ ഇല്ലാതാക്കാൻ പറ്റുന്ന മറ്റു സംവിധാനങ്ങൾ വികസിപ്പിച്ച് കൊണ്ടുവരേണ്ടതുണ്ട്. നിർമാതാക്കൾ, ഉപഭോക്താക്കൾ, ഭരണഘടനാ സംവിധാനങ്ങൾ, രാഷ്ട്രം, പൊതുജനങ്ങൾ,  വിദ്യാഭ്യാസ സംവിധാനങ്ങൾ എന്നിവയൊക്കെ കൈകോർത്ത് പിടിച്ചാൽ മാത്രമേ പ്ലാസ്റ്റിക് സൂപ്പ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ സാധിക്കുകയുള്ളു. ലോകത്ത് വിവിധങ്ങളായ പല സംവിധാനങ്ങളും പ്ലാസ്റ്റിക്  മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടു രൂപപ്പെട്ടിട്ടുണ്ട്.

പ്ലാസ്റ്റിക് മാലിന്യ സംസകരണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സാങ്കേതിക സംവിധാനമാണ് “റീസൈക്ലിംഗ്” അഥവാ പുനഃചംക്രമണം. ഇന്ന് ലോകത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ വളരെ ചെറിയ ശതമാനം മാത്രമാണ് റീസൈക്കിൾ ചെയ്യപ്പെടുന്നത്. കൂടാതെ ഏറ്റവും ഫലപ്രദമായ സാങ്കേതികതയുടെ അഭാവം കൂടിയുണ്ട്. അമേരിക്കയിൽ പോലും തൊണ്ണൂറ് ശതമാനവും പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യപ്പെടുന്നില്ല. ഉപയോഗിച്ച പ്ലാസ്റ്റിക് വീണ്ടും അസംസ്‌കൃത വസ്തുവായി പരിണമിക്കുമ്പോൾ പോലും അതിന്റെ ഗുണമേന്മ പലതരത്തിലായിരിക്കും, അതിനനുസരിച്ചു തരംതിരിക്കൽ ഒക്കെ വളരെ പ്രയാസമാണ്. പ്രത്യേകിച്ച് പാക്കേജിങ് മെറ്റീരിയൽ റീസൈക്കിൾ ചെയ്യുകയെന്നത് വളരെ സങ്കീർണമാണ്. അതുകൊണ്ട് തന്നെ ഡൗൺ സൈക്ലിങാണ് സാധ്യമാവുക. വളരെ ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ് ഇതിലൂടെ നിർമിക്കാൻ സാധിക്കുക. അതുപോലെത്തന്നെ റീസൈക്ലിങ് ചെയ്യുന്നവർക്ക് ലഭിക്കുന്ന പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളെ കുറിച്ച് ഒരു വിവരവും ലഭ്യമല്ല. ഉദാഹരണമായി പറഞ്ഞാൽ, ഇലക്ട്രോണിക്സ് മെറ്റീരിയലിൽ തീ പിടിക്കാതിരിക്കാനുള്ള രാസഘടകങ്ങൾ ചേർത്തിരിക്കും. അതുപയോഗിച്ച് കളിപ്പാട്ടങ്ങൾ നിർമ്മിക്കാൻ സാധ്യമല്ല. കാരണം അത് വിഷമാണ്. റീസൈക്ലിങ്  കാര്യക്ഷമമാകുന്നതോടു കൂടി പ്രകൃതിയിലേക്ക് തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് കുറഞ്ഞു വരുന്നതാണ്.

പ്ലാസ്റ്റിക് ഉണ്ടാക്കുന്നത് പെട്രോളിൽ നിന്നാണ്. അതുപോലെ തിരിച്ചു പ്ലാസ്റ്റിക്കിൽ നിന്ന് ഓയിൽ ഉണ്ടാകുന്ന സാങ്കേതിക വിദ്യയുണ്ട്. അതു പക്ഷേ പ്രാഥമിക അവസ്ഥയിലാണ് ഉള്ളത്. പൂനയിലെ രുദ്ര എൺവിറോണ്മെന്റൽ സൊല്യൂഷൻസ്, മേധാ തദപത്രിക്കാർ എന്നിവയൊക്കെ അത്തരം സാങ്കേതിക വിദ്യ ഉപയോഗിച്ചു ഏകദേശം പതിനായിരത്തോളം വീടുകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിച്ചു ഓയിൽ ഉണ്ടാക്കി 122 ഗ്രാമങ്ങളിൽ വിൽപന നടത്തുന്നുണ്ട്.

ഇത്തരത്തിൽ ചെറിയ പ്രദേശങ്ങളെ ഫോക്കസ് ചെയ്തു ഇത്തരം സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചാൽ ഒരു പരിധിവരെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് രക്ഷനേടാം. ഏത് സാങ്കേതിക വിദ്യ ആയാലും അതിനു അതിന്റേതായ ഗുണദോഷങ്ങൾ ഉണ്ടാകും അതു കൃത്യമായി മനസിലാക്കി ഉപയോഗപ്പെടുത്തണം. ചിലവ് കുറഞ്ഞ ചെറിയ രീതിയിലുള്ള എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയൊക്കെ ഇന്ന് ലഭ്യമാണ്. കാലിഫോർണിയയിൽ ഉള്ള ക്ലീൻ ഓഷ്യൻ ഇന്റർനാഷണലും ഇക്കോഫുൾ ടെക്നോളജിയും കൂടിച്ചേർന്ന് നിർമിച്ച സാങ്കേതിക വിദ്യ നല്ലൊരു ഉദാഹരണമാണ്.

കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളെ അസംസ്‌കൃത പദാർഥമാക്കി പുതിയ പുതിയ ഗുണമേന്മയേറിയ ഉത്പന്നങ്ങൾ നിർമിക്കുക എന്നത് പുതിയ വിപ്ലവാത്മകമായ മാറ്റമാണ്. ഫിലിപ്പീൻസിലെ ഗ്വിണ്ടാക്പാൻ (Guindacpan) ദ്വീപിലെ മീൻപിടുത്തക്കാർ കടലിൽ മുങ്ങി പഴയ നൈലോൺ വലകൾ ശേഖരിച്ചു സ്ലോവേനിയയിലെ കാർപെറ്റ് ടൈൽ നിർമാണശാലയിലേക്ക് അയക്കുന്നു. അങ്ങനെ കമ്പനി നൂറുശതമാനം റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ നിന്ന് ഗുണമേന്മയേറിയ ടൈലുകൾ നിർമിക്കുന്നു. അതിനു മീൻപിടുത്തക്കാർക്ക് സാമ്പത്തിക മെച്ചം ഉണ്ടാകുന്നതോടൊപ്പം അവിടെ പവിഴപ്പുറ്റിനുണ്ടായ പ്രത്യാഘാതങ്ങൾ കുറക്കാനും മത്സ്യസമ്പത്ത് വർധിപ്പിക്കാനും സാധിച്ചിട്ടുണ്ട്. അതുപോലെ ജർമൻ കായികോപകരണ നിർമാതാക്കളായ അഡിഡാസ് കടലിലെ പ്ലാസ്റ്റിക് ബോട്ടിലുകളിൽ നിന്ന് ഗുണമേന്മയേറിയ സ്പോർട്സ് ഷൂസ് നിർമിക്കുകയുണ്ടായി. പതിനൊന്നു പ്ലാസ്റ്റിക് കുപ്പികളാണ് ഓരോ ജോഡി ഷൂസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. വ്യാവസായിക അടിസ്ഥാനത്തിൽ നിർമിച്ചു വ്യാപകമായി മാർക്കറ്റിൽ എത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇതുവരെ കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് നിർമിച്ച 250 മില്യൺ സ്പോർട്സ് ഷർട്ടുകൾ ആണ് കമ്പനി മാർക്കറ്റിൽ ഇറക്കിയിരിക്കുന്നത്. കൂടാതെ സ്വീഡിഷ് ഫാഷൻ കമ്പനി ആയ എച് & എം വിവിധ തരം വസ്ത്രങ്ങൾ മാർക്കറ്റിൽ ഇറക്കുകയുണ്ടായി.

പ്ലാസ്റ്റിക് നിർമാണം വളരെ വില കുറഞ്ഞതായതു കൊണ്ട് ലോകം മുഴുവൻ ധാരാളം പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കാണാം. അതിനാൽ തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് മാർക്കറ്റിൽ ഒരു വിലയുമില്ല. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ മുൻനിർത്തി, സാമൂഹ്യ പാരിസ്ഥിതിക മൂല്യങ്ങൾ പരിഗണിച്ചു അതിനൊരു വില കാണുകയാണെങ്കിൽ തന്നെ അതൊരു വരുമാന മാർഗമായിക്കണ്ടു കൂടുതൽ മാലിന്യങ്ങൾ സൃഷ്ടിക്കപ്പെടില്ല. എന്നാൽ അത്തരത്തിൽ നാലൊരു ഉദാഹരണമാണ് ഡച്ചുകാരനായ ദേവ്‌ ഹാക്കെൻസ് ആരംഭിച്ച പ്രെസിസ് പ്ലാസ്റ്റിക് സംരംഭം. എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന വളരെ ചെറിയ ഒരു പ്ലാസ്റ്റിക് റീസൈക്ലിങ് മെഷീൻ അദ്ദേഹം നിർമിക്കുകയുണ്ടായി. അതുപയോഗിച്ച് പ്ലാസ്റ്റിക് ചെറിയ കഷണങ്ങളാക്കി മാറ്റുകയും പിന്നീട് ദ്രവ രൂപത്തിൽ ആക്കി മാറ്റുകയും ചെയ്യുന്നു. ഇതിൽ നിന്ന് മറ്റു പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമിച്ചെടുക്കുന്നു, അല്ലെങ്കിൽ ത്രി-ഡി പ്രിന്റിനുള്ള കാട്രിഡ്ജ് നിർമിക്കുന്നു.  ഇത്തരത്തിൽ ത്രിഡി പ്രിന്റിനുള്ള കാട്രിഡ്ജ് നിർമിക്കുന്ന ഒരു സാമൂഹിക സംരംഭം പൂനയിൽ സുഷ്മിതയും ജയന്റ് പൈയും ചേർന്ന് ആരംഭിക്കുകയുണ്ടായി. ഇതു പ്ലാസ്റ്റിക് ശേഖരിക്കുന്നവർക്ക് കൂടുതൽ വരുമാനം ലഭ്യമാകാൻ കാരണമായി. ശേഖരണം, സൂക്ഷിപ്പ്, ഫാക്ടറിയിലേക്കുള്ള കടത്ത് എന്നീ കാര്യങ്ങൾ പരിഗണിക്കുമ്പോൾ ചെറിയ റീസൈക്ലിങ് പ്ലാന്റുകളാണ് വൻകിട പ്ലാന്റുകളെക്കാൾ കൂടുതൽ കാര്യക്ഷമം.

ചില പുതിയ കണ്ടുപിടിത്തങ്ങൾ വലിയ അളവിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്ലാസ്റ്റിക് സൂപ്പിലേക്ക് ചേരുന്നത് തടയുന്നുണ്ട്. അതിൽ വളരെ പ്രധാനപ്പെട്ടതാണ് ഓരോ പച്ചക്കറിക്കും പഴത്തിനും മുകളിൽ ഒട്ടിക്കുന്ന സ്റ്റിക്കറിന് പകരം ലേസർ കൊണ്ട് അതിന്റെ തൊലിപ്പുറത്തുള്ള പിഗ്മെന്റ് കരിച്ചുകൊണ്ട് അടയാളപ്പെടുത്തുന്ന രീതി.  ഇതുവഴി ഇയോസ്റ്റ (Eosta) എന്ന ഡച്ച് കമ്പനിക്ക് മാത്രം പാക്കേജിങ് മെറ്റീരിയൽസ് ഉപയോഗം വളരെയധികം കുറക്കാൻ സാധിച്ചിട്ടുണ്ട്. കൂടാതെ സാമ്പത്തിക ലാഭവും. ഇതിനുപുറമേ ബയോ പ്ലാസ്റ്റിക്കിന്റെ ഉപയോഗം, നെതർലാന്റ്സിലെ ബോയൻ സ്ലാറ്റ് കമ്പനി വികസിപ്പിച്ച ദി ഓഷ്യൻ ക്ലീനപ്പ്‌ ടെക്‌നോളജി, പ്ലാസ്റ്റിക് ഡെപോസിറ്റ് മെഷീൻ എന്നിവയൊക്കെ വലിയൊരളവിൽ പ്ലാസ്റ്റിക് സൂപ്പിന് പ്രതിവിധികളാണ്.

സൗത്ത് കൊറിയ, നെതർലാൻഡ് പോലുള്ള രാജ്യങ്ങൾ മത്സ്യബന്ധനത്തിനു പോകുന്നവരുമായി ചേർന്ന് മത്സ്യബന്ധനത്തിന് പോകുമ്പോൾ ലഭ്യമാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച് റീസൈക്ലിങ് ചെയ്യുന്ന രീതി വലിയ വിജയമാണ്. അതുപോലെ പ്ലാസ്റ്റിക് ഫ്രീ ജൂലൈ എന്ന മൂവ്മെന്റ് വളരെ വേഗത്തിലാണ് ലോകത്ത് വ്യാപകമാകുന്നത്. ജൂലൈ മാസത്തിൽ എല്ലാ തരത്തിലുമുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുന്ന രീതിയാണിത്. 2011ൽ കേവലം 40 ആളുകൾ ആസ്‌ത്രേലിയയിൽ തുടങ്ങിയ മൂവ്മെന്റിൽ 2017ഓടെ ലോകത്താകമാനം രണ്ട്  മില്ല്യൺ ജനങ്ങൾ പങ്കാളികളായി. ഒരു മാസത്തെ ബഹിഷ്‌കരണ രീതി ക്രമേണ അവരുടെ ജീവിതത്തിന്റെ ഭാഗമായി തീരുന്നതായിട്ടാണ് കാണുന്നത്. ഡച്ച് സൂപ്പർമാർക്കറ്റ് ചെയിനായ എകോപ്ലാസ (Ekoplaza) ആരംഭിച്ച പ്ലാസ്റ്റിക് ഫ്രീ സൂപ്പർമാർക്കറ്റുകളൊക്കെ പുതിയ കാലത്ത് വലിയ പ്രതിവിധികൾ തന്നെയാണ്.

വ്യാപകമായ ബോധവത്കരണം / വിദ്യാഭ്യാസ പരിപാടികൾ, നിയമനിർമാണം, അന്താരാഷ്ട്ര നിയമങ്ങൾ പിന്തുടരൽ, ഭരണ സംവിധാനങ്ങളുടെ ഇടപെടൽ, സുസ്ഥിരവികസന കാഴ്ചപ്പാടുകൾ നയങ്ങൾ തുടങ്ങിയ സംവിധാനങ്ങൾ കൂടി  കാര്യക്ഷമമായി പ്രവർത്തിക്കുമ്പോൾ  മാത്രമേ പ്ലാസ്റ്റിക് സൂപ്പ് എന്ന പ്രശ്നം ഒരു പരിധി വരെയെങ്കിലും തടഞ്ഞു നിർത്താൻ കഴിയുകയുള്ളൂ. ഇനിയും വൈകിയാൽ പ്രശ്നം വളരെ ഗുരുതരമായിരിക്കും. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പോലുള്ള ഉല്‍പന്നങ്ങളുടെ നിരോധനം കമ്പനികളുടെയും വ്യക്തികളുടെയും  പ്ലാസ്റ്റിക് ഫുട്ട്പ്രിൻറ് അടയാളപ്പെടുത്തൽ എന്നീ കാര്യങ്ങളൊക്കെ പരിഗണനയിൽ വരേണ്ടതുണ്ട്. പ്ലാസ്റ്റിക്കിന്റെ ഉപഭോഗം കുറക്കുക, വീണ്ടും ഉപയോഗിക്കുക, കൃത്യമായ റീസൈക്ലിങ് എന്നിവയാണ് അടിസ്ഥാനമായി വർത്തിക്കേണ്ടത്.

മുഹമ്മദ് ഫർഹാൻ

(അബുദാബിയിൽ എൺവിറോൺമെന്റൽ എഞ്ചിനീയറാണ് ലേഖകൻ. കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി)

Top